പാര്‍ലമെന്‍റ് സ്ട്രീറ്റ്

പാര്‍ലമെന്‍റ് സ്ട്രീറ്റ്

സുധീര്‍ നാഥ്

2023 മെയ് 30 


ഡല്‍ഹിയില്‍ ചൂട് പിടിക്കുന്ന രാഷ്ട്രയ ഗുസ്തി

റെസ്ലിങ് ഫെഡറേഷന്‍ പ്രസിഡന്‍റും ബി.ജെ.പി. എം.പി.യുമായ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങിനെതിരായ ലൈംഗികപീഡന പരാതിയില്‍ ഡല്‍ഹി പോലീസ് മൗനമാണ്. കേന്ദ്ര സര്‍ക്കാര്‍ പ്രതിയായ ബി.ജെ.പി. നേതാവിനൊപ്പവും. ഇന്ത്യയ്ക്ക് ഏറെ അഭിമാനമായ വിജയങ്ങള്‍ സമ്മാനിച്ച വനിതാ ഗുസ്തി താരങ്ങളാണ് ആരോപണവുമായി വന്നിരിക്കുന്നത്. ഡല്‍ഹി പോലീസ് പരാതിയില്‍ ഒരു നടപടിയും സ്വീകരിച്ചില്ലെന്നു കാട്ടി ഗുസ്തിതാരങ്ങള്‍ ഡല്‍ഹിയിലെ ജന്തര്‍ മന്ദിറില്‍ രണ്ടാം ഘട്ടമായി തുടങ്ങിയ സമരം ശക്തി പ്രാപിക്കുകയാണ്. ഒരു മാസത്തിലേറെയായ സമരം ഇപ്പോള്‍ രാജ്യത്താകമാനം ചര്‍ച്ചയാക്കുകയും വളരെ ശക്തമായ രാഷ്ട്രീയ ഇടപെടലായി മാറിയിരിക്കുന്നു.  ബേട്ടീ ബച്ചാവോ ബേട്ടീ ബലാത്ക്കാരി ബഗാവോ ... ( പെണ്‍ കുട്ടികളെ രക്ഷിക്കൂ, പെണ്‍ കുട്ടികളെ ബലാത്ക്കാരം ചെയ്യുന്നവനെ ഓടിക്കൂ... ) എന്ന് എഴുതിയ വലിയ ബാനര്‍ സമര പന്തലിന് മുന്നിലുണ്ട്. പക്ഷെ, സ്ഥിതി മറിച്ചാണ് . ബലാത്സംഗ വീരന് പോലീസ് സംരക്ഷണം. നിയമ സംരക്ഷണം ... തുടങ്ങിയവ നമ്മുടെ രാജ്യത്ത് ഇപ്പോള്‍ ലഭിക്കുന്നു. ആരോപണം ഉന്നയിച്ച ഗുസ്തി താരങ്ങളായ പെണ്‍ കുട്ടികള്‍ ഇപ്പോഴും സമരത്തില്‍ തന്നെ...   ഡല്‍ഹിയിലെ ജന്‍ന്തര്‍ മന്ദിര്‍ റോഡിലെ കേരള ഹൗസിനോട് ചേര്‍ന്ന് കിടക്കുന്ന 21- അശോക റോഡിലെ ബംഗ്ലാവിലാണ് ബലാത്സംഗ ആരോപണം നേരിടുന്ന ബി.ജെ.പി പാര്‍ലമെന്‍റ് അംഗവും റസലിങ്ങ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ ചീഫായ ബ്രിഡ്ജ് ദൂഷന്‍ ശരണ്‍ സിംഗ് താമസിക്കുന്നത്. സമരം നടക്കുന്നിടത്ത് നിന്ന് വിളിപ്പാടകലെ... സമരക്കാരുടെ മുദ്രാവാക്യം വിളികള്‍ ഇവിടിരുന്നാല്‍ കേള്‍ക്കുമായിരിക്കും. 2023 ജനുവരി മാസമാണ് വനിതാ സ്പോര്‍ട്സ് താരങ്ങള്‍ ആദ്യമായി പരാതി ഉന്നയിക്കുന്നത്. വനിതാ താരങ്ങള്‍ക്ക് നേരെ ലൈംഗീകാക്രമണം ഉണ്ടായത് അന്വേഷിക്കണമെന്ന ആവശ്യവുമായി സ്പോര്‍ട്സ് താരങ്ങള്‍ സമരം തുടങ്ങി. താരങ്ങളുടെ പരാതി അന്വേഷിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഉന്നതതല സമിതിയെ നിയോഗിച്ചതിലൂടെ സമരം അവസാനിപ്പിച്ചു. ഒരു നടപടിയും ഉണ്ടാകാത്തതിനാല്‍ 2023 ഏപ്രില്‍ 21-നാണ് ഏഴ് വനിതാ താരങ്ങള്‍ ബ്രിജ് ഭൂഷണെതിരേ പോലീസില്‍ പരാതി വീണ്ടും നല്‍കിയത്. രാജ്യത്തെ പരമോനത നീതിപീഠമായ സുപ്രീം കോടതി ഇടപെട്ട് രണ്ട് എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്തു എന്നത് മാത്രമാണ് ഉണ്ടായത്.   രണ്ട് കേസുകളില്‍ ഒന്ന് പോക്സോ നിയമപ്രകാരമുള്ളതാണ്. ക്രിമിനല്‍ നടപടിച്ചട്ടത്തിലെ 161-ാം വകുപ്പ് പ്രകാരം പരാതിക്കാരായ താരങ്ങളുടെ മൊഴിയെടുക്കാന്‍ പോലും പോലീസ് തയ്യാറായില്ലെന്നത് സംശയങ്ങള്‍ക്ക് കാരണമാണ്. സമരം ശക്തമായപ്പോള്‍ ബിജെ.പിക്കു വേണ്ടി സമരം ചെയ്യുന്നവരെ  വിമര്‍ശിച്ച്  ഒളിമ്പിക് അസോസിയേഷന്‍ പ്രസിഡന്‍റ് പി.ടി. ഉഷ രംഗത്ത് വന്നത് വലിയ ചര്‍ച്ചയായി. അവര്‍ക്കെതിരെ രാജ്യവ്യാപകമായ പ്രതിഷേധമുണ്ടായി. സമരം കൂടുതല്‍ ശക്തിപ്രാപിക്കുക മാത്രമാണ് അവരുടെ നടപടി മൂലം ഉണ്ടായത്. വിഷയം  രൂക്ഷമായപ്പോള്‍ ജന്തര്‍ മന്ദിറില്‍ രാപകല്‍ സമരം നടത്തിവരുന്ന ഗുസ്തി താരങ്ങള്‍ക്ക് പിന്തുണയുമായി  പി.ടി. ഉഷയ്ക്ക് നേരിട്ട്  എത്തിയാണ് തടിതപ്പിയത്. സമരപ്പന്തലിലെത്തി കായിക താരങ്ങള്‍ക്കൊപ്പമിരുന്ന് ഉഷ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. അസോസിയേഷനെ സമീപിക്കാതെ സമരത്തിനിറങ്ങിയത് ശരിയായില്ലെന്ന് പറഞ്ഞ പി.ടി.  ഉഷ മലക്കം മറിഞ്ഞു. ഡല്‍ഹിയില്‍ ശക്തമായ മഴ ഉണ്ടാക്കുകയും, രാപകല്‍ സമരം നടത്തുന്നവരുടെ കിടക്കയും മറ്റും നനയുയും ഉണ്ടായി. പകരം കട്ടിലും കിടക്കകളും ബഞ്ചുകളും മറ്റും സമരക്കാര്‍ കൊണ്ടു വന്നത് സമര സ്ഥലത്ത് കടത്തിവിടാതെ ഡല്‍ഹി പോലീസ് പ്രതിരോധം തീര്‍ത്തത് വലിയ ബഹളത്തിന് ഇടയായി. അവിടേയും ശക്തമായ പ്രതിഷേധത്തേയും ഇടപെടലിനേയും തുടര്‍ന്നാണ് സമരമുഖത്ത് അതൊക്കെ എത്തിക്കാന്‍ സാധിച്ചത്. ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങിനെ അറസ്റ്റു ചെയ്യാതെ സമരത്തില്‍ നിന്ന് പിന്‍വാങ്ങില്ലെന്നും ഗുസ്തിതാരങ്ങള്‍ പ്രഖ്യാപിച്ചിരിക്കുകയാണ്.  ഇതേ ജന്‍ന്തര്‍ മന്ദിറില്‍ നിന്ന് അണ്ണാ ഹസാരയും അരവിന്ദ് കേജരിവാളും തുടങ്ങിയ അഴിമതിക്കെതിരയുള്ള സമരം ശക്തി പ്രാപിച്ചാണ് കോണ്‍ഗ്രസ് സര്‍ക്കാര്‍ തകര്‍ന്നടിഞ്ഞത് എന്നത് ചരിത്രം. ഗുസ്തി താരങ്ങള്‍ക്കൊപ്പം കര്‍ഷകരും സമരത്തിന് എത്തുന്ന കാഴ്ച്ച ദേശീയ രാഷ്ടീയത്തിലെ മാറ്റമായി കാണുന്നതായി രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നുണ്ട്. സമരക്കാര്‍ നടത്തിയ മെഴുക്കു തിരി കത്തിച്ചുള്ള യാത്ര രാഷ്ട്രയമായ വലിയ സന്ദേശമായിരുന്നു. കര്‍ണ്ണാടകയില്‍ അതിശക്തമായ തിരഞ്ഞെടുപ്പ് പ്രചരണത്തിന് നേതൃത്ത്വം കൊടുത്ത് വന്‍ പരാജയം ഏറ്റ് വാങ്ങി പ്രധാനമന്ത്രി നരേന്ദ്രമോദി നില്‍ക്കുകയാണ്. സമരം മൂന്നാം ഘട്ടത്തിലേയ്ക്ക് കടക്കുമ്പോള്‍ വലിയ പ്രത്യാഘാതം ഉണ്ടാകുമെന്ന മുന്നറിയിപ്പ് സമരക്കാര്‍ പറഞ്ഞു കഴിഞ്ഞു.

ഇനി ഗ്രീന്‍ ഹൈഡ്രജന്‍ വിപ്ലവം

രാജ്യത്ത് ഗ്രീന്‍ ഹൈഡ്രജന്‍ വിപ്ലവം വരുന്നു. ഏറ്റവും ശക്തവും ചിലവ് കുറഞ്ഞതുമായ ഹൈഡ്രജന്‍ പമ്പുകള്‍ രാജ്യത്ത് വ്യാപകമാക്കാന്‍ പോകുന്നു. വായു മലിനീകരണം ഇല്ല എന്നത് നമ്മുടെ പരിസ്ഥിതി പ്രവര്‍ത്തകര്‍ക്ക് ആശ്വാസമാണ്. നമ്മുടെ ഭൂമിയുടെ നിലനില്‍പ്പിന് വായു മാലിന്യം പൂര്‍ണ്ണമായി ഒഴിവാക്കേണ്ടതുണ്ട്. വരും നാളില്‍ ഇരുചക്ര വാഹനങ്ങള്‍ ബാറ്ററി കൊണ്ട് ഓടുന്ന കാലമാണ് വരുന്നത്. എല്ലാ ഇരു ചക്ര വാഹനങ്ങളും വൈദ്യുതി കൊണ്ട് ബാറ്ററികള്‍ ചാര്‍ജ് ചെയ്യുന്ന കാലമാണ് വരുന്നത്. മറ്റ് വാഹനങ്ങളായ കാറ് മുതല്‍ ബസും ലോറിയും ട്രക്കും മറ്റും ഹൈഡ്രജന്‍ കൊണ്ടായിരിക്കും ഓടുക. ലോകം മുഴുവന്‍ ഗ്രീന്‍ ഹൈഡ്രജന്‍ പ്ലാന്‍റുകള്‍ ഉയര്‍ന്ന് തുടങ്ങി. നമ്മുടെ കൊച്ച് കേരളത്തില്‍ സിങ്കപ്പൂരില്‍ നിന്നുള്ള സ്വകാര്യ കമ്പനി ഗ്രീന്‍ ഹൈഡ്രജന്‍ ഉത്പാദിപ്പിക്കുന്ന പ്ലാന്‍റ് സ്ഥാപിക്കാന്‍ ആവശ്യമായ നടപടികള്‍ തുടങ്ങി കഴിഞ്ഞു എന്നാണ് അറിയുന്നത്. രണ്ട് ഹൈഡ്രജനും ഒരു ഓക്സിജനും ചേര്‍ന്നല്‍ വെള്ളമുണ്ടാകും. എച്ച് 2 ഒ എന്നാണ് ശാസ്ത്രീയമായി പറയുന്നത്. ഇതില്‍ കാര്‍ബണ്‍ കടത്തി ഹൈഡ്രജനേയും ഓക്സിജനേയും വേര്‍ത്തിരിച്ച് കത്തുന്ന ഇന്ദനമായി മാറ്റുന്നു. പെട്രോളും ഡീസലും മറ്റും ഇങ്ങനെ ഉണ്ടാകുന്നു. രണ്ടിനേയും വേര്‍ത്തിരിക്കുന്ന കാര്‍ബണ്‍ ഉള്ളതിനാല്‍ മലിനീകരണം ഉണ്ടാകുന്നു. കാര്‍ബണ്‍ അളവിനെ ആശ്രയിച്ചാണ് മലിനീകരണ തോത് കൂടുന്നത്. കാര്‍ബണിന്‍റെ അളവാണ് പെട്രോളിനേയും ഡീസലിനേയും വ്യത്യസ്ഥ ഇന്ദനമാക്കി മാറ്റുന്നത്.   ഹൈഡ്രജന്‍ കത്തുന്ന പദാര്‍ത്ഥമാണ്. ഓക്സിജന്‍ കത്താന്‍ സഹായിക്കുന്ന പദാര്‍ത്ഥമാണ്. മുന്‍പ് പറഞ്ഞ അളവില്‍ രണ്ടും ചേരുമ്പോള്‍ തീ അണയ്ക്കാന്‍ ഉപയോഗിക്കുന്ന വെള്ളമാകുന്നു എന്നത് പ്രകൃതിയുടെ അത്ഭുതം.

പ്രവാസി മലയാളി കുട്ടികള്‍ മലയാളത്തില്‍ തിളങ്ങി....

ഡല്‍ഹി മലയാളം മിഷനും ഡല്‍ഹി മലയാളികള്‍ക്കും കേരള എഡ്യൂക്കേഷന്‍ സൊസൈറ്റിക്കും  ഡല്‍ഹി കേരള സ്കൂളിനും അഭിമാനിക്കാന്‍ പ്രവാസി മലയാളികളായ നാല് കുട്ടികള്‍ മലയാളത്തില്‍ നൂറില്‍ നൂറ് മാര്‍ക്ക് നേടിയിരിക്കുന്നു. നന്ദന അനില്‍കുമാര്‍ , സോന മറിയം ജേക്കബ്  എന്നീ കുട്ടികള്‍ പത്താം ക്ലാസ്സില്‍ സി.ബി. എസ്.സി. പരീക്ഷയില്‍  മലയാളത്തില്‍ 100 റില്‍ 100 മാര്‍ക്ക് നേടിയത് കാനിങ്ങ് റോഡ് കേരള സ്കൂള്‍ വിദ്യാര്‍ഥികളായാണ്.  മയൂര്‍ വിഹാര്‍ ഫേസ് 3ലെ കേരള സ്കൂളിലെ ഹരി നന്ദന്‍, മാന്‍വി എം നായര്‍ എന്നീ കുട്ടികളും മലയാളത്തില്‍ നൂറില്‍ നൂറ് മാര്‍ക്ക് കരസ്ഥമാക്കി.. മയൂര്‍ വിഹാര്‍ 3 ലെ കേരള സ്കൂളിലെ രണ്ട് കുട്ടികള്‍, ശ്രീലക്ഷ്മിയും, ആന്‍ മറിയ ബേബിയും 99 മാര്‍ക്ക് നേടി. ആര്‍.കെ.പുരം കേരള സ്ക്കൂളിലെ ദേവിക എസ്. പിള്ളയ്ക്കും 99 മാര്‍ക്ക് ലഭിച്ചു. വികാസ് പുരി കേരള സ്കൂളിലെ പി. അനുരാഗിന് 98 മാര്‍ക്ക് ലഭിച്ചു. മലയാള ഭാഷയുടെ  അഭിമാന നേട്ടമായി  ഈ വിജയങ്ങള്‍ എന്നത് എടുത്തു പറയണം.