പുത്തൻ പാർലമെന്റ് മന്ദിരം

പുത്തൻ പാർലമെന്റ് മന്ദിരം

വിജയ് ചൗക്ക്

സുധീർ നാഥ് 


ഇനി പാർലമെൻറ് സമ്മേളനം നടക്കുക പുതിയ കെട്ടിടത്തിലാണ്. അത്യാധുനിക സൗകര്യങ്ങളോടുകൂടിയ ഈ കെട്ടിടം 2023 മെയ് മാസം 28 ഞായറാഴ്ച രാഷ്ട്രത്തിന് സമർപ്പിക്കം . ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി തറക്കല്ലിട്ട് നിർമ്മാണ സമയത്ത് നേരിട്ട് നിരീക്ഷണം നടത്തി അദ്ദേഹം തന്നെയാണ് പുതിയ മന്ദിരം ഉദ്ഘാടനം ചെയ്യുന്നത്. 
രാഷ്ട്രപതിയെ മാറ്റി നിർത്തി പ്രധാനമന്ത്രി തന്നെ പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം നടത്തുന്നതിനെതിരെ വിവാദം ഉണ്ടായി. പക്ഷെ, അതൊന്നും ചടങ്ങിന്റെ മാറ്റ് കുറയ്ക്കില്ല എന്നാണ് സർക്കാർ വൃത്തങ്ങൾ പറയുന്നത്. രാജ്യത്തെ 19 പ്രതിപക്ഷ കക്ഷികൾ ചടങ്ങ് ബഹിഷ്ക്കരിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.

മുൻപുണ്ടായിരുന്ന പാർലമെൻറ് മന്ദിരം നിലനിർത്തിക്കൊണ്ടു തന്നെയാണ് പുതിയ മന്ദിരം പ്രവർത്തിക്കുക. ലോകത്തിലെ തന്നെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയുടെ ചരിത്രത്തിന്റെ ഭാഗമായി മാറാൻ പോകുകയാണ് പുതിയ പാർലമെന്റ് മന്ദിരം. പഴയ പാർലമെന്റ് മന്ദിരത്തെക്കാൾ മികച്ച സൗകര്യങ്ങളോടുകൂടിയ മന്ദിരമാണ് നിർമ്മിക്കപ്പെട്ടിട്ടുള്ളത്. പുതിയ മന്ദിരത്തിന് ഒട്ടേറെ വിശേഷണങ്ങളുണ്ട്.  പുതിയ മന്ദിരം രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിൽ നിന്നുള്ള ഉരുപ്പടികൾ ചേർത്താണ് നിർമ്മിച്ചിട്ടുള്ളത്.  ഉത്തർപ്രദേശിലെ മിർസാപൂരിൽ നിന്നാണ് പുതിയ പാർലമെന്റ് മന്ദിരത്തിലെ കാർപെറ്റുകൾ നിർമ്മിച്ച് എത്തിച്ചിട്ടുള്ളത്. അതേസമയം ത്രിപുരയിലെ മുളകൾ പാർലമെന്റ് മന്ദിരത്തിലെ പലയിടങ്ങളിലും കാണുവാൻ സാധിക്കും. ഈ മന്ദിരത്തിന്റെ നിർമ്മാണത്തിനായി മുഖ്യമായും ഉപയോഗിച്ചിട്ടുള്ളത് രാജസ്ഥാനിൽ നിർമ്മിച്ച കൊത്തുപണികൾ ചെയ്ത കല്ലുകളാണ്. പുതിയ പാർലമെന്റ് മന്ദിരത്തിൽ അലങ്കാരമായി മാറിയിട്ടുണ്ട്. രാജസ്ഥാനിലെ തന്നെ സര്‍മ്മാതുര എന്ന സ്ഥലത്ത് നിന്നുള്ള വെള്ളയും ചുവപ്പും കല്ലുകളാണ് പുതിയ പാർലമെന്റ് മന്ദിരത്തിന്റെ നിർമ്മാണത്തിനായി ഉപയോഗിച്ചിരിക്കുന്നത്. ഡൽഹിയിലെ പ്രശസ്തമായ ചെങ്കോട്ടയും ഹുമയൂൺ ടോമ്പും സർമ്മാതുരയിൽ നിന്നുള്ള കല്ലുകൾ കൊണ്ടുതന്നെയാണ് നിർമ്മിച്ചത് എന്നുള്ളത് ചരിത്രപരമായ സാമ്യമാണ്. ഉദയ്പൂരിൽ നിന്നുള്ള പച്ച നിറത്തിലുള്ള കെഷോറിയ കല്ലുകൾ പുതിയ പാർലമെന്റ് മന്ദിരത്തിൽ കാണുവാൻ സാധിക്കും. ഹരിയാനയിൽ നിന്ന് കൊണ്ടുവന്നിട്ടുള്ള എം സാൻഡ് ആണ് നിർമ്മാണത്തിൽ ഉടനീളം ഉപയോഗിച്ചിരിക്കുന്ന മണ്ണ് . ഇങ്ങനെ സാംസ്കാരിക സമുച്ചയം സാംസ്കാരിക കൂട്ടായ്മ തന്നെയാണ് നിർമ്മാണ രംഗത്ത് അവലംബിച്ചിരിക്കുന്നത് എന്ന് കാണാം. മനോഹരമായ ഒട്ടേറെ പെയിന്റിങ്ങുകൾ ശില്പങ്ങൾ എല്ലാം പുതിയ മന്ദിരത്തിന്റെ പ്രത്യേകതകളാണ്.

മുൻ പാർലമെന്റിലെ സ്പീക്കറുടെ ഇരിപ്പിടത്തേക്കാൾ വളരെ ഉയരത്തിലാണ് പുതിയ മന്ദിരത്തിലെ സ്പീക്കറുടെ കസേര സ്ഥാപിച്ചിരിക്കുന്നത്. പ്രതിപക്ഷ കക്ഷികൾ പ്രതിഷേധവുമായി വരികയും നടുക്കളത്തിൽ ഇറങ്ങി സ്പീക്കറുടെ കാഴ്ച മറക്കുകയും ചെയ്യുന്ന മുൻ നടപടികൾ തടയിടുന്നതിനു വേണ്ടിയാണ് സ്പീക്കറുടെ ഇരിപ്പിടം ഉയരത്തിൽ ആക്കിയിരിക്കുന്നത്. സുരക്ഷയുടെ കാര്യത്തിലും ശക്തമായ ഇടപെടലുകൾ പുതിയ മന്ദിരങ്ങളിൽ ഉണ്ട് എന്ന് കാണുവാൻ സാധിക്കും. പുതിയ പാർലമെന്റ് മന്ദിരത്തിലെ എല്ലാ മൂലകളിലും സിസിടിവി ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട്.

പഴയ പാർലമെന്റ് മന്ദിരം നിർമ്മിച്ചിട്ട് 100 വർഷത്തിലേറെയായി എന്നുള്ള ഒരു ന്യൂനത മുൻപേ പല ചർച്ചകളിലും വന്നിട്ടുള്ളതാണ്. ആധുനിക സൗകര്യങ്ങളോടുകൂടിയ ടച്ചിങ് സ്ക്രീനോടുകൂടിയ മോണിറ്ററുകൾ സ്ഥാപിച്ച പുതിയ മന്ദിരം ഇത്രയും വേഗം യാഥാർത്ഥ്യമാകുമെന്ന് പലരും കരുതിയിരുന്നില്ല എന്നത് സത്യമാണ്. ആധുനിക സുരക്ഷാ സംവിധാനങ്ങളും ആയിരത്തിലേറെ വാഹനങ്ങൾക്ക് പുതിയ പാർലമെന്റ് മന്ദിരത്തി നടയിയിലെ പാർക്കിങ്ങ് ഏരിയയിൽ ഇടാം എന്നതും എടുത്തു പറയണം.

പുതിയ പാർലമെന്റ് മന്ദിരത്തെ കുറിച്ച് 2012 ൽ യു.പി.എ. ഭരണകാലത്ത് ചർച്ച തുടങ്ങിയതാണ്. അന്നത്തെ ലോക്‌സഭാ സ്പീക്കർ മീരാ കുമാറാണ് ഇതിന് നേതൃത്വം കൊടുത്തത്. പുതിയ പാർലമെൻറ് മന്ദിരം സ്ഥാപിക്കുന്നതിനായി ഒരു കമ്മിറ്റിയെയും രൂപീകരിച്ചിരുന്നു. 2014 ൽ അധികാരത്തിലെത്തിയ മോദി സർക്കാർ ആണ് പുതിയ പാർലമെന്റ് മന്ദിരം എന്ന തീരുമാനം നടപ്പിലാക്കിയത്. 2019 ൽ സെൻട്രൽ വിസ്ത പദ്ധതി പ്രധാനമന്ത്രി നരേന്ദ്രമോഡി പ്രഖ്യാപിക്കുകയുണ്ടായി. പുതിയ പാർലമെൻറ് മന്ദിരം സെൻട്രൽ വിസ്ത പദ്ധതിയുടെ ഭാഗമാണ്. ടാറ്റ പ്രൊജക്റ്റിന് നിർമ്മാണ ചുമതല നൽകിയപ്പോൾ 971 കോടി രൂപയായിരുന്നു നിർമ്മാണ തുക. 2022 നവംബർ മാസം പണി പൂർത്തീകരിക്കാനാണ് ആദ്യത്തെ തീരുമാനം. എന്നാൽ കോവിഡ് മഹാമാരി കാരണവും, ലോക് ഡൗൺ നിയന്ത്രണങ്ങളും മൂലം നിർമ്മാണ സമയം നീണ്ടു. എന്നാലും റെക്കോഡ് വേഗത്തിൽ പണി പൂർത്തീകരിച്ചത് അത്ഭുതം തന്നെയാണ്. രൂപരേഖയിൽ പിന്നീട് വന്ന മാറ്റങ്ങൾ മൂലം ഉണ്ടായ അധിക നിർമ്മാണം കാരണം ചിലവായ തുക ഏതാണ്ട് 1200 കോടി രൂപയാണ് എന്നാണ് അറിയുന്നത്.

പഴയ പാർലമെന്റ് മന്ദിരത്തെ പോലെ തന്നെ നാല് നിലകളാണ് പുതിയ മന്ദിരത്തിനും ഉള്ളത്. പഴയ പാർലമെന്റ് മന്ദിരത്തിന് 12 കവാടങ്ങളാണ് ഉണ്ടായിരുന്നതെങ്കിൽ പുതിയ പാർലമെന്റ് മന്ദിരത്തിന് ആറ് കവാടങ്ങൾ മാത്രമാണുള്ളത്. പഴയ പാർലമെന്റ് മന്ദിരത്തിന് 24, 281 ചതുരശ്ര മീറ്റർ വിസ്തൃതിയാണ് ഉണ്ടായിരുന്നെങ്കിൽ ഇപ്പോൾ നിർമ്മിക്കപ്പെട്ടിട്ടുള്ള പാർലമെന്റ് മന്ദിരത്തിന്റെ വിസ്തൃതി 64,500 ചതുരശ്ര മീറ്റർ. വലിപ്പം കൊണ്ടും സൗകര്യങ്ങൾ കൊണ്ടും ആധുനികവൽക്കരിച്ച പുതിയ പാർലമെൻറ് മന്ദിരം ദീർഘ വീക്ഷണത്തോടു കൂടിയുള്ളതാണ് എന്നുള്ള കാര്യത്തിൽ ഒരു സംശയവും ഇല്ല . പഴയ പാർലമെന്റ് മന്ദിരത്തിന്റെ ഉയരം പോലെ തന്നെ പുതിയ പാർലമെന്റ് മന്ദിരത്തിനും ഉയരം 21 മീറ്റർ മാത്രം. പഴയ പാർലമെന്റ് 5 വർഷവും 11 മാസവും 5 ദിവസവും , അതായത് 2166 ദിവസം കൊണ്ടാണ് പൂർത്തീകരിച്ചത്. എന്നാൽ അതിനേക്കാൾ വലിപ്പം കൂടിയ പുതിയ പാർലമെന്റ് മന്ദിരം രണ്ടുവർഷവും അഞ്ചുമാസവും 18 ദിവസവും അതായത് 899 ദിവസങ്ങൾ കൊണ്ടാണ് പൂർത്തീകരിച്ചിരിക്കുന്നത്.

പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ലോക്സഭയിലെ സീറ്റുകൾ 888 ആണ് . പഴയത് 550 ആയിരുന്നു. പുതിയ മന്ദിരത്തിൽ സംയുക്ത പാർലമെന്റ് സമ്മേളനം നടത്തുവാനുള്ള സൗകര്യം ലോക്സഭാ ഹാളിൽ ഉണ്ട്. 1272 സീറ്റുകൾ വരെ നിലവിലെ പുതിയതായി രൂപം കൊടുത്ത പാർലമെന്റ് മന്ദിരത്തിൽ ഉണ്ടാകും. പഴയ മന്ദിരത്തിൽ സംയുക്ത സമ്മേളനം നടത്തുന്നതിന് സെൻട്രൽ ഹാളാണ് ഉപയോഗിച്ചിരുന്നത്. പുതിയ പാർലമെന്റ് മന്ദിരരത്തിൽ സെൻട്രൽ ഹാൾ ഇല്ല. പഴയ പാർലമെന്റ് മന്ദിരത്തിലെ സെൻട്രൽ ഹാളിൽ തിങ്ങിനിറങ്ങിയായിരുന്നു സംയുക്ത സമ്മേളനത്തിൽ അംഗങ്ങൾ ഇരുന്നിരുന്നത്. ഇരുസഭകളുടെയും സമ്മേളനം പുതിയ പാർലമെന്റ് മന്ദിരത്തിൽ ലോക്‌സഭാ ഹാളിൽ നടക്കുന്നത് വിശാലമായ സൗകര്യങ്ങളോടെയാണ്.  പഴയ പാർലമെന്റ് മന്ദിരത്തിൽ രാജ്യസഭയിലെ ആകെ സീറ്റ് 250 ആയിരുന്നു. എന്നാൽ പുതിയ രാജ്യസഭയിലെ സീറ്റുകളുടെ എണ്ണം 384 ആണ് .

​​​ബ്രിട്ടീഷു​​​കാ​​​രു​​​ടെ കാ​​​ല​​​ത്തു നി​​​ർ​​​മി​​​ച്ച 94 വ​​​ർ​​​ഷം പ​​​ഴ​​​ക്ക​​​മു​​​ള്ള തലയെടുപ്പോടെ നിൽക്കുന്ന പഴയ പാ​​​ർ​​​ല​​​മെ​​​ന്‍റാ​​​യ പൈ​​​തൃ​​​ക മ​​​ന്ദി​​​രം ഇനി ച​​​രി​​​ത്ര​​​ത്തി​​​ന്‍റെ ശേ​​​ഷി​​​പ്പാ​​​യി മാ​​​റും. എ​​​ഡ്വി​​​ൻ ലു​​​ട്ട്യ​​​ൻ, ഹെ​​​ർ​​​ബ​​​ർ​​​ട്ട് ബേ​​​ക്ക​​​ർ എ​​​ന്നി​​​വ​​​ർ രൂ​​​പ​​​ക​​​ല്പ​​​ന ചെ​​​യ്ത വൃ​​​ത്താ​​​കൃ​​​തി​​​യി​​​ലു​​​ള്ള പാ​​​ർ​​​ല​​​മെ​​​ന്‍റ് മ​​​ന്ദി​​​രം വൈ​​​കാ​​​തെ പാ​​​ർ​​​ല​​​മെ​​​ന്‍റ് മ്യൂ​​​സി​​​യ​​​മാ​​​യി മാറും എന്നാണ് പ്രഖ്യാപിക്കപ്പെട്ടിട്ടുള്ളത്. മ്യൂസി​​​യ​​​ത്തി​​​ന്‍റെ നിർമ്മാണ നടപടികൾ തുടങ്ങി കഴിഞ്ഞു. ഇതിന്റെ നിർമ്മാണ നടപടികൾ അതിവേഗം പൂർത്തീകരിച്ച് 2023 ൽ തന്നെ ഉദ്ഘാടനം ചെയ്യും.