പാര്‍ലമെന്‍റ് സ്ട്രീറ്റ്

പാര്‍ലമെന്‍റ് സ്ട്രീറ്റ്

സുധീര്‍ നാഥ്

2023 മെയ് 15 


ഡല്‍ഹി മലയാളം മിഷന്‍ പഠനോത്സവം നടത്തി

പ്രവാസികളായ മലയാളികളിലും അവരുടെ പിന്‍ തലമുറക്കാര്‍ക്കും മലയാള ഭാഷ സ്വായത്തമാക്കുക എന്ന ലക്ഷ്യത്തോടെ തുടക്കം കുറിച്ച മലയാളം മിഷന്‍റെ ഡല്‍ഹി ചാപ്റ്റര്‍ പഠനോത്സവം നടത്തി. ഡല്‍ഹി കാനിങ്ങ് റോഡ് കേരള സ്കൂളില്‍ നടന്ന ചടങ്ങില്‍ അക്ഷരമാലകളും മിഠായും പഠിതാക്കള്‍ക്ക് നല്‍കി മലയാളം മിഷന്‍ വന്‍ സ്വീകരണമാണ് ഒരുക്കിയത്. മലയാളം മിഷന്‍ ഡല്‍ഹി ചാപ്റ്റര്‍ സെക്രട്ടറി ശ്രീനിവാസന്‍, അംബിക ടീച്ചര്‍, ടോണി, രാധാ ചന്ദ്രോത്ത് തുടങ്ങിയവര്‍ പഠനോത്സവത്തിന് നേതൃത്ത്വം നല്‍കി. അജികുമാര്‍ മേടയിലിന്‍റെ നേതൃത്ത്വത്തില്‍ മലയാളം മിഷന്‍ അദ്ധ്യാപരും ഒപ്പം ചേര്‍ന്ന് അക്ഷര പാട്ട് പാടി. പഠിതാക്കള്‍ അത് ഏറ്റ് ചൊല്ലി. മലയാളം മിഷന്‍ ഭരണസമിതി അംഗവും കാര്‍ട്ടൂണിസ്റ്റുമായ സുധീര്‍ നാഥ് മലയാള അക്ഷരങ്ങള്‍ കൊണ്ട് ചിത്രങ്ങള്‍ വരയ്ക്കുന്ന രീതി കുട്ടികളുമായി പങ്കുവെച്ചു. മലയാളത്തിലെ ഓരോ അക്ഷരങ്ങളും ചിത്രങ്ങളായി മാറിയതിന്‍റെ ഒപ്പം പഠിതാക്കളും പങ്കുചേര്‍ന്നു. പത്തു ലക്ഷത്തിലേറെ മലയാളികള്‍ ഉണ്ടായിരുന്ന ഡല്‍ഹിയിലാണ് മലയാളഭാഷ അറ്റു പോകാതിരിക്കാന്‍ മലയാള പഠനകേന്ദ്രങ്ങള്‍ ആദ്യം ആരംഭിക്കുന്നത്. അതിന് തുടക്കം കുറിച്ചത് മൂന്ന് പേര്‍ ചേര്‍ന്നും. പ്രമുഖ മാധ്യമപ്രവര്‍ത്തകനായ വി. കെ. മാധവന്‍കുട്ടി, യുക്തിവാദിയും സാഹിത്യകാരനും മാധ്യമ പ്രവര്‍ത്തകനായ ജോസഫ് ഇടമുറക്, നാടകാചാര്യനും മാധ്യമ പ്രവര്‍ത്തകനും സാഹിത്യകാരനുമായ പ്രൊഫസര്‍ ഓംചേരി എന്‍. എന്‍. പിള്ള എന്നിവര്‍ ചേര്‍ന്നാണ് പ്രവാസികളായ മലയാളികളുടെ മക്കള്‍ക്ക് മലയാളം പറഞ്ഞു കൊടുക്കുവാനായി മലയാള ഭാഷാ പഠനകേന്ദ്രങ്ങള്‍ തുടങ്ങണമെന്ന് ആശയം ആദ്യം മുന്നോട്ടുവച്ചത്. വിവിധ മലയാളി സംഘടനകളും ഇവര്‍ക്ക് പിന്തുണയേകി. അവര്‍ രൂപം കൊടുത്ത മലയാള ഭാഷാ പഠനകേന്ദ്രങ്ങള്‍ ഡല്‍ഹിയിലെ പല കോളനികളിലും ആരംഭിച്ചു. ഇന്ന് രാജ്യത്ത് മാത്രമല്ല ലോകത്തിന്‍റെ എല്ലാ കോണുകളിലും മലയാളികള്‍ എത്തപ്പെട്ടിരിക്കുന്നു. മലയാളി ഇല്ലാത്ത ഒരു രാജ്യം ഈ ഭൂമിയില്‍ ഉണ്ടോ എന്ന് സംശയമാണ്. ഡല്‍ഹിയില്‍ വിജയിച്ച മലയാള ഭാഷാ പഠന കേന്ദ്രങ്ങളെ മാത്യകയാക്കി ലോകം മുഴുവന്‍ വ്യാപിപ്പിക്കാന്‍ കേരള സര്‍ക്കാര്‍ തീരുമാനിച്ചു. ഡല്‍ഹി മലയാള ഭാഷാ പഠന കേന്ദ്രങ്ങളുടെ പരീക്ഷണ ശാലയായിരുന്നു എന്ന് തന്നെ പറയാം. സമാനമായ കേന്ദ്രങ്ങള്‍ മലയാളി ഉള്ളിടത്തെല്ലാം തുടങ്ങുവാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതിന് വലിയ സ്വീകാര്യത ലഭിച്ചു. അങ്ങിനെ മലയാളം മിഷന് തുടക്കം കുറിച്ചു. മലയാളം മിഷന്‍റെ ഔദ്യോഗിക ഉദ്ഘാടനം 2009 ഒക്ടോബര്‍ 22 ന് രാജ്യതലസ്ഥാനമായ ഡല്‍ഹിയിലാണ് നടന്നത്. ഇന്ന് മലയാളം മിഷന്‍ മലയാളി ഉള്ള രാജ്യങ്ങളിലൊക്കെ ഉണ്ട്. 

മാധ്യമ പ്രവര്‍ത്തകര്‍ സൂക്ഷിക്കുക, അടിയന്തിരാവസ്ഥ...?

കേരളത്തെ വിമര്‍ശിച്ച അമീത്ത് ഷായെ വിമര്‍ശിച്ച് ഇന്ത്യന്‍ എക്സ്പ്രസില്‍ ലേഖനമെഴുതിയ പാര്‍ലമെന്‍റ് അംഗം ജോണ്‍ ബ്രിട്ടാസിന് കാരണം കാണിക്കല്‍ നോട്ടീസ്. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബിരുദ സര്‍ട്ടിഫിക്കറ്റിന്‍റെ പകര്‍പ്പ് ചോദിച്ച് റൈറ്റ് റ്റു ഇന്‍ഫര്‍മേഷന്‍ പ്രകാരം ചോദിച്ച ഡല്‍ഹി മുഖ്യമന്ത്രിക്ക് 25,000 രൂപ പിഴ. മോദിയെ വിമര്‍ശിച്ച രാഹുല്‍ ഗാന്ധിയുടെ പാര്‍ലമെന്‍റ് അംഗത്ത്വം റദ്ദാക്കി. മോദിക്കെതിരായ ഡോക്യുമെന്‍ററി 'ഇന്ത്യ: ദി മോദി ക്വസ്റ്റ്യന്‍' സംപ്രേക്ഷണം ചെയ്ത ബിബിസിക്ക് സമന്‍സ്. വിക്കിമീഡിയ ഫൗണ്ടേഷന്‍, ഇന്‍റര്‍നെറ്റ് ആര്‍ക്കൈവ് എന്നിവയ്ക്കും സമന്‍സ് അയച്ചിട്ടുണ്ട്. ബിജെപി നേതാവ് ബിനയ് കുമാര്‍ സിംഗ് ഫയല്‍ ചെയ്ത അപകീര്‍ത്തി കേസിലാണ് കോടതി നടപടി. കഴിഞ്ഞ ജനുവരിയിലാണ് 'ഇന്ത്യ: ദ മോദി ക്വസ്റ്റിയന്‍' എന്ന പേരില്‍ ബി.ബി.സി ഡോക്യുമെന്‍ററി പുറത്തിറക്കിയത്. 2002 ഗുജറാത്ത് കൂട്ടക്കൊലയില്‍ അന്ന് മുഖ്യമന്ത്രിയായിരുന്ന മോദിക്കും പങ്കുണ്ടെന്ന് ഡോക്യുമെന്‍ററിയില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. ബ്രിട്ടീഷ് എംബസി രേഖകളും മുന്‍ ഇന്ത്യന്‍ സ്ഥാനപതി അടക്കമുള്ള ഔദ്യോഗിക വൃത്തങ്ങളെയും ഉദ്ധരിച്ചായിരുന്നു ഡോക്യുമെന്‍ററി. ഡോക്യുമെന്‍ററിക്ക് സമൂഹ മാധ്യമങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തിയിരുന്നു. ഇങ്ങനെ നൂറ് കണക്കിന് സംഭവങ്ങള്‍ നമ്മുടെ രാജ്യത്ത് തുടര്‍ച്ചയായി നടക്കുന്നു. ഇതൊക്കെ കാണിക്കുന്നത് അടിയന്തിരാവസ്ഥയെ രാജ്യത്ത് പറയാതെ പ്രഖ്യാപിക്കാതെ നടപ്പിലാക്കി എന്നാണ്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് കാര്‍ട്ടൂണിസ്റ്റ് ആര്‍. കെ. ലക്ഷമണ്‍ ദി കോമണ്‍ മാന്‍ എന്ന പോക്കറ്റ് കാര്‍ട്ടൂണില്‍ വരച്ച വിഷയം ഇന്നും പ്രസക്തമാണ്. ഒരു പോലീസുകാരന്‍ ഒരാളെ തൂക്കി എടുത്ത് കൊണ്ടു പോകുന്നു. ഇയാള്‍ ചെയ്ത കുറ്റം സത്യം പ്രചരിപ്പിക്കുന്നു എന്നാണെന്ന് പോലീസിന്‍റെ കമന്‍റ്. നമ്മുടെ ക്ലാസിക്കല്‍ ഭാഷകകളുടെ ഉന്നമനത്തിന് സര്‍ക്കാര്‍ ചിലവഴിക്കുന്ന തുക നോക്കൂ. സംസ്ക്യത ഭാഷയ്ക്ക് 640 കോടി രൂപ, 24 കോടി രൂപ തമിഴ് ഭാഷയ്ക്ക്, 3 കോടി രൂപ തെലുങ്കു ഭാഷയ്ക്ക്, 3 കോടി രൂപ കന്നഡ ഭാഷയ്ക്ക്, മലയാളം,  ഒഡിയ ഭാഷകള്‍ക്ക് ഒന്നുമില്ല. 15,000 ജനങ്ങള്‍ മാത്രം സംസാരിക്കുന്ന സംസ്ക്യത ഭാഷയ്ക്കാണ് മോദി സര്‍ക്കാര്‍ ഇത്രയും കോടി ചിലവഴിക്കുന്നത്. സംസ്ക്യതം സംസാരിക്കുന്നത് മേല്‍ ജാതിക്കാരായ ഹിന്ദുക്കള്‍ മാത്രമാണ്. അവരില്‍ ഭൂരി ഭാഗവും പുരോഹിതരാണ്. വിമര്‍ശകരെ കേന്ദ്ര ഏജന്‍സികള്‍ വേട്ടയാടുന്നത് രാജ്യത്ത് നിര്‍ലോഭം തുടരുന്നു. അടിയന്തിരാവസ്തയുടെ കാലമാണ് ഇതൊക്കെ ഓര്‍മ്മിപ്പിക്കുന്നത് എന്ന് മുതിര്‍ന്നവര്‍ പറയുന്നു.

മാധ്യമ വിലക്കിന്‍റെ കഥ പറയുന്ന പുസ്തകം

മീഡിയ വണ്‍ വിലക്കുമായി ബന്ധപ്പെട്ട് സംഭവങ്ങള്‍ കോര്‍ത്തിണക്കിയ മീഡിയവണ്‍ വേഷ്സസ് യൂണിയന്‍ ഓഫ് ഇന്ത്യ എന്ന പുസ്തകം പുറത്തിറക്കി.  പോരാട്ടത്തിന്‍റെ പുസ്തകം പ്രകാശനം ചെയ്തു എന്നു പറയുന്നതാകും കൂടുതല്‍ ഉത്തമം. മുന്‍ മധ്യപ്രദേശ് മുഖ്യമന്ത്രിയും നിലവില്‍ രാജ്യസഭ അംഗവും കൂടിയായ ദിഗ്വിജയ് സിംഗ്, മുന്‍ ഡല്‍ഹി മന്ത്രി രാജേന്ദ്ര പാല്‍ ഗൗതം,ടി.ആരിഫലി എന്നിവര്‍ ചേര്‍ന്നാണ് പ്രകാശനം ചെയ്തത്. ഡല്‍ഹി കോണ്‍സ്റ്റിട്യൂഷന്‍ ക്ലബിലായിരുന്നു പ്രകാശന ചടങ്ങ്. മാധ്യമസ്വാതന്ത്ര്യം,മാധ്യമങ്ങളെ സംബന്ധിച്ച നിയമം എന്നിവയെ സംബന്ധിച്ച് ഒരു പാഠപുസ്തകമാണ്  മീഡിയവണ്‍ വേഴ്സസ് യൂണിയന്‍ ഓഫ് ഇന്ത്യ എന്ന പുസ്തകം. പ്രധാനമായും നാല് ഭാഗങ്ങളായിട്ടാണ് പുസ്തകം തിരിച്ചിരിക്കുന്നത്. മീഡിയ വണിന്‍റെ ലൈസണ്‍സ് 2021 മുതല്‍ പുതുക്കി നല്‍കാതെ കേന്ദ്രസര്‍ക്കാര്‍ വൈകിപ്പിച്ചതും, കേന്ദ്ര നടപടി റദ്ദാക്കിയ സുപ്രീംകോടതി വിധിയുടെ പ്രാധാന്യവും ചര്‍ച്ച ചെയ്യുന്നതാണ് ആദ്യ ഭാഗം. മാധ്യമ അന്തസ് ഉയര്‍ത്തി പിടിച്ചു കൊണ്ട് നിശ്ചയദാര്‍ഢ്യത്തോടെയുള്ള പോരാട്ടവും മുദ്രവച്ച കവറിനെതിരായ കോടതി നിരീക്ഷണമുള്‍പ്പെടെ പുസ്തകം ചര്‍ച്ച ചെയ്യുന്നു. ആദ്യ ഭാഗത്തില്‍ പ്രൊഫ. ഉപേന്ദ്ര ബക്സി, ജസ്റ്റിസ് ദീപക് ഗുപ്ത, എന്‍.റാം , ഗൗതം ഭാട്ടിയ, ദുഷ്യന്ത് ദവെ, പ്രശാന്ത് ഭൂഷണ്‍, കാളീശ്വരം രാജ്, എം.ജി രാധാകൃഷ്ണന്‍, ടി.ടി ശ്രീകുമാര്‍, ഒ.അബ്ദുറഹ്മാന്‍  തുടങ്ങിയവരുടെ ലേഖനങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.  അനിശ്ചിതത്തിന്‍റെ 14 മാസങ്ങളും പൂര്‍ണമായും സാറ്റലെറ്റ് പ്രക്ഷേപണം ഇല്ലാതായ 35 ദിവസങ്ങളും മറികടന്നതിനെ കുറിച്ചു സി.ഇ.ഒ റോഷന്‍ കക്കാട്ട് , എഡിറ്റര്‍ പ്രമോദ് രാമന്‍ തുടങ്ങിയവര്‍ രണ്ടാം ഭാഗത്തില്‍ വിശദമാക്കുന്നു. മന്ത്രാലയവുമായി ബന്ധപ്പെട്ട രേഖകളും, വിവിധ കോടതി വിധികളും മൂന്നാം ഭാഗത്തില്‍ ചേര്‍ത്തിട്ടുണ്ട്. സുപ്രീംകോടതി വിധി പുറത്ത് വന്നതിനു പിന്നാലെ പത്രങ്ങള്‍ എഴുതിയ എഡിറ്റോറിയലുകളും ഉള്‍പ്പെടുത്തി. മീഡിയവണ്‍ അകാദമി പ്രിന്‍സിപ്പാള്‍ ഡോ. പി.കെ സാദിഖാണ് പുസ്തകത്തിന്‍റെ എഡിറ്റര്‍. 600 പേജുള്ള പുസ്തകം ഇംഗ്ലീഷിലാണ് തയ്യാറാക്കിയിരിക്കുന്നത്.