കര്‍ണാടക രാഷ്ട്രീയ ചരിത്രം
വിജയ് ചൗക്ക്
സുധീര്‍ നാഥ്
ദേശീയ രാഷ്ട്രീയത്തില്‍ കര്‍ണാടകയ്ക്ക് വലിയ ചരിത്രമുണ്ട്. തെക്കന്‍ ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളോടും അതിര്‍ത്തി പങ്കിടുന്ന സംസ്ഥാനമാണ് കര്‍ണാടക. അതുകൊണ്ട് തന്നെ അയല്‍ സംസ്ഥാനങ്ങളുടെ രാഷ്ട്രീയവും കര്‍ണാടക രാഷ്ട്രീയത്തിന് പ്രേരക ശക്തിയാകാറുണ്ട്. ഇന്ത്യയിലെ ഏറ്റവും വലിയ ആറാമത്തെ സംസ്ഥാനവും, തെക്കന്‍ ഇന്ത്യയിലെ വലിയ സംസ്ഥാനവുമാണ് കര്‍ണാടക. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വ്യത്യസ്തമായ രാഷ്ട്രീയ മലക്കം മറിച്ചിലുകളുടെ കേന്ദ്രമാണ് കര്‍ണാടക. ഇന്ത്യന്‍ രാഷ്ട്രീയത്തിലെ പല വഴിത്തിരുവുകള്‍ക്കും തുടക്കം കര്‍ണാടകയില്‍ നിന്നാണെന്ന് ചരിത്രം സാക്ഷിയാണ്. അഞ്ച് തവണയാണ് കര്‍ണാടകയില്‍ രാഷ്ട്രപതി ഭരണം ഉണ്ടായത് എന്നത് തന്നെ അവിടുത്തെ രാഷ്ട്രീയ അവസ്ഥ ഊഹിക്കാവുന്നതാണ്.
കോണ്‍ഗ്രസ് പാര്‍ട്ടിക്ക് ഏറ്റവും കൂടുതല്‍ ശക്തമുള്ള ഒരു പ്രദേശമാണ് കര്‍ണാടക. അതിന് കാലങ്ങളുടെ പഴക്കമുണ്ട്. അതുകൊണ്ടാണ് 16 ാം നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ഒരു തിരിച്ചു വരവിന് വഴി വെച്ചത്. രാജ്യത്തെ ഏറ്റവും വലിയ പാര്‍ട്ടിയായിരുന്ന കോണ്‍ഗ്രസിന് എല്ലായിടത്തും വേരുകളുണ്ട്. പക്ഷെ, രാഷ്ട്രീയ പാപ്പരത്തം കാരണം അവര്‍ക്ക് നഷ്ട കണക്കുകളാണ് എല്ലാ തിരഞ്ഞെടുപ്പിലും ലഭിച്ചു വരന്നിരുന്നത്. കോണ്‍ഗ്രസിന്‍റെ വേരുകള്‍ക്ക് ഉണര്‍വ്വ് പകരുന്ന വെള്ളവും വളവും ഇട്ടാല്‍ അത് വീണ്ടും തളിക്കുമെന്നാണ് കര്‍ണാടക തിരഞ്ഞെടുപ്പ് ഫലം നമുക്ക് നല്‍കുന്ന രാഷ്ട്രീയ പാഠം.
1950ല്‍ ഇന്ത്യ റിപ്പബ്ലിക്കായി. 1956 നവംബര്‍ ഒന്നാം തീയതി ഭാഷയുടെ അടിസ്ഥാനത്തില്‍ സംസ്ഥാനങ്ങള്‍ രൂപീകരിച്ചപ്പോള്‍ മൈസൂര്‍ എന്നായിരുന്നു കര്‍ണാടകയുടെ എന്ന സംസ്ഥാനത്തിന്‍റെ ആദ്യ പേര്. 1973 നവംബര്‍ ഒന്നു വരെ മൈസൂര്‍ സംസ്ഥാനം എന്ന പേരില്‍ തന്നെയാണ് ഈ പ്രദേശം അറിഞ്ഞിരുന്നത്. 1973 നവംബര്‍ ഒന്നിന് കര്‍ണാടക എന്ന് പുനര്‍നാമീകരണം ചെയ്യുകയാണ് ഉണ്ടായത്. ഒട്ടേറെ വിവാദങ്ങള്‍ക്കും, തര്‍ക്കങ്ങള്‍ക്കും ശേഷമാണ് മൈസൂരു സംസ്സ്ഥാനത്തിന് കര്‍ണാടക എന്ന പേര് നല്‍കുന്നത്. അന്ന് കോണ്‍ഗ്രസ് നേതാവായിരുന്ന ദേവരാജ് അരശ് ആയിരുന്നു കര്‍ണാടക മുഖ്യമന്ത്രി. കേരളപ്പിറവി നവംബര്‍ 1 ന് മലയാളികള്‍ ആചരിക്കുന്നത് പോലെ തന്നെ നവംബര്‍ ഒന്നിന് കര്‍ണാടക പിറവി ദിനം വലിയ രീതിയില്‍ ആഘോഷിക്കുന്നു. കര്‍ണാടക രാജോത്സവ് എന്ന പേരിലാണ് കര്‍ണാടക സ്വദേശികള്‍ സംസ്ഥാന രൂപീകരണ ദിവസം ആചരിക്കുന്നത്.
കര്‍ണാടക രാഷ്ട്രീയത്തില്‍ ജാതി മത ശക്തികള്‍ വളരെ ശക്തമാണ്. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ഇത് കണ്ടുകൊണ്ട് തന്നെയാണ് എല്ലാ രാഷ്ട്രീയ കരു നീക്കങ്ങളും, തീരുമാനങ്ങളും എടുക്കുന്നത്. അതില്‍ ഏറ്റവും പ്രധാനപ്പെട്ടത് ഹിന്ദു മതത്തിലെ തന്നെ രണ്ട് പ്രബല വിഭാഗങ്ങളാണ്. ലിഗായത്ത വിഭാഗവും, വൊക്കലിംഗ വിഭാഗത്തിലുള്ളവരും. മൈസൂര്‍ സംസ്ഥാനം വേണമെന്ന് ശാഠ്യം പിടിക്കുകയും അതിനു വേണ്ടി ശക്തിയുക്തം വാദിക്കുകയും ചെയ്ത ഒരു വ്യക്തിയാണ് എസ്. നിജലിംഗപ്പ. പഴയ മൈസൂരിലെ ചിത്രദുര്‍ഗയില്‍ നിന്നുള്ള നേതാവാണ് നിജലിംഗപ്പ. 1973ല്‍ മൈസൂര്‍ സംസ്ഥാനം കര്‍ണാടകമായി മാറിയത് ലിംഗായത് സമുദായത്തെ ചൊടിപ്പിച്ചിട്ടുണ്ട് എന്നുള്ള കാര്യത്തില്‍ സംശയം വേണ്ട. വര്‍ണ്ണ വ്യവസ്ഥയില്‍ ജാതിയിലും ലിംഗായത് സമുദായം വിശ്വസിച്ചിരുന്നില്ല. ക്ഷേത്രങ്ങളില്‍ ബ്രാഹ്മണ പൂജാരികള്‍ വേണ്ടെന്നും അവര്‍ തീരുമാനിച്ച വിഭാഗമാണ് ലിംഗായത്. 12 ാം നൂറ്റാണ്ടില്‍ ജീവിച്ച ബാസവേശ്വരന്‍ എന്ന പണ്ഡിതനാണ് ലിംഗായത്ത് സമുദായം രൂപീകരിക്കുന്നത്. ഇന്ന് കര്‍ണാടകയില്‍ ഇരുപത് ശതമാനത്തോളം ലിംഗായത്ത് സമുദായ അംഗങ്ങള്‍ ഉണ്ട് എന്നാണ് പറയപ്പെടുന്നത്. ഇവര്‍ രാഷ്ട്രീയത്തില്‍ വലിയ സ്വാധീനം ചെലുത്തുന്നുമുണ്ട്. ലിംഗായത്ത് സമുദായത്തെ ചൊടിപ്പിക്കുന്ന ഒട്ടേറെ തീരുമാനങ്ങള്‍ അടുത്തകാലത്ത് കേന്ദ്രസര്‍ക്കാരില്‍ നിന്നുണ്ടായതാണ് ഇപ്പോള്‍ കോണ്‍ഗ്രസിന് അനുകൂലമായി ലിംഗായത്ത് വിഭാഗം നില്‍ക്കുവാന്‍ കാരണമായത് എന്ന് രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്.
ലിംഗായത്ത് സമുദായം പോലെ വളരെ പ്രബലമായ കര്‍ണാടകയിലെ മറ്റൊരു സമുദായമാണ് വൊക്കലിഗ എന്ന വിഭാഗവും. രാഷ്ട്രീയത്തില്‍ അതിശക്തമായ ഇടപെടലുകള്‍ നടത്തുന്ന മതവിഭാഗമാണ് ഇവര്‍. കര്‍ണാടക സംസ്ഥാനത്ത്, പ്രധാനമായും പഴയ മൈസൂര്‍ നാട്ടുരാജ്യ പ്രദേശങ്ങളിലും ദക്ഷിണ കന്നഡയിലും അധിവസിക്കുന്നതും പരമ്പരാഗതമായി കാര്‍ഷിക വൃത്തി മുഖ്യതൊഴിലായി സ്വീകരിച്ചിരുന്നതുമായ പൊതുപൈതൃകമുള്ള വിവിധ സമുദായങ്ങളെ പൊതുവായി അറിയപ്പെടുന്ന നാമമാണ് വൊക്കലിഗ എന്നത്. കാര്‍ഷിക വൃത്തിയില്‍ ഏര്‍പ്പെടുന്ന ആളുകളാണ് കൂടുതലായും വൊക്കലിംഗ വിഭാഗത്തില്‍ ഉള്ളത്. വൊക്കലിംഗ വിഭാഗത്തിലുള്ളവര്‍ കര്‍ഷകര്‍ മാത്രമായിരുന്നില്ല. നല്ല പോരാളികള്‍ കൂടിയായിരുന്നു ഇവര്‍. അതിശക്തമായ രീതിയില്‍ മൈസൂര്‍ ഭാഗങ്ങളില്‍ രാഷ്ട്രീയ ഗതി നിര്‍ണയിച്ച വിഭാഗമാണ് എന്നുള്ളതാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍. ഈ വിഭാഗത്തില്‍ നിന്ന് ഒട്ടേറെ പ്രമുഖര്‍ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ വരെ എത്തിയിട്ടുണ്ട്. ഇതില്‍ വളരെ പ്രമുഖനാണ് ബാംഗ്ലൂര്‍ നഗരം സ്ഥാപിച്ച നാട്ടുപ്രഭുവായ കെംപേ ഗൗഡ. എച്ച്. ഡി. ദേവഗൗഡയും, എസ്. എം. കൃഷ്ണയും, കുമാരസ്വാമിയും, സദാനന്ദഗൗഡയും എല്ലാം ഈ വിഭാഗത്തില്‍ നിന്നുള്ള നേതാക്കളാണ്. വൊക്കലിഗ സമുദായ അംഗങ്ങള്‍ പേരിനൊപ്പം തങ്ങളുടെ ഉപജാതി നാമങ്ങളും ഉപയോഗിക്കാറുണ്ട്. ഇതില്‍ ഏറ്റവും പ്രമുഖമായതാണ് ഗൗഡ എന്നത്. ഭാഷാടിസ്ഥാനത്തിലും മറ്റനേകം ഉപജാതി നാമങ്ങളുണ്ടെങ്കിലും സാധാരണ രീതിയില്‍ ഗൗഡ, വൊക്കലിഗ എന്നിവ പര്യായ പദങ്ങളായി ഉപയോഗിക്കാറുണ്ട്. എന്നാല്‍ മറ്റ് സമുദായങ്ങളിലും ഗൗഡ എന്ന പേര് സ്ഥാനനാമം ആയി സ്വീകരിച്ചിട്ടുണ്ട്.
1969 വരെ കോണ്‍ഗ്രസും ലിംഗായത്ത വിഭാഗവും, വൊക്കലിംഗ വിഭാഗവും ഒരു പ്രശ്നവുമില്ലാതെ മുന്നോട്ട് പോയി. 1969 കോണ്‍ഗ്രസ് ദേശീയതലത്തില്‍ തന്നെ രണ്ടാകുന്നു. ഈ രണ്ടാകല്‍ രാജ്യത്തിന്‍റെ എല്ലാ ഭാഗങ്ങളില്‍ ഉള്ള കോണ്‍ഗ്രസിന്‍റെ ഭാവിയെ തുലാശലാക്കുന്നുണ്ട്. കര്‍ണാടകയിലും കോണ്‍ഗ്രസ് രണ്ടായി. ഇന്ദിര ഗാന്ധി നേതൃത്വം കൊടുക്കുന്ന കോണ്‍ഗ്രസ് ആറും സിന്‍ഡിക്കേറ്റ് വിഭാഗത്തിന്‍റെ കോണ്‍ഗ്രസ് സിന്‍റിക്കേറ്റ് എന്ന പേരിലാണ് രണ്ടാകല്‍. ഇന്ദിരാ വിഭാഗത്തെ എതിര്‍ത്ത കോണ്‍ഗ്രസ് സിന്‍ഡിക്കേറ്റ് വിഭാഗത്തെ നയിച്ചിരുന്നത് നിജലിംഗപ്പ ആയിരുന്നു. ഇന്ദിരാഗാന്ധിയെ പിന്തുണച്ച് കോണ്‍ഗ്രസ് ആറിന്‍റെ നേതൃത്വത്തില്‍ ഉണ്ടായത് ദേവരാജ അരസ് ആയിരുന്നു. അന്ന അത്ര പ്രശസ്തനല്ലാതിരുന്ന ഒരു നേതാവ് രംഗപ്രവേശനം ചെയ്യുന്നത് കര്‍ണാടകയിലെ കോണ്‍ഗ്രസ് ചരിത്രത്തിന്‍റെ ഒരു പ്രധാന ഭാഗമാണ്. ന്യൂനപക്ഷ വിഭാഗത്തില്‍ നിന്നുള്ള ദേവരാജ അരശ് വളരെ സ്വാധീനമുള്ള കോണ്‍ഗ്രസ് നേതാവായി വളരുകയാണ്. കോണ്‍ഗ്രസിന്‍റെ തലപ്പത്ത് എത്തുന്ന ദേവരാജ അരശ് ഒരു വലിയ ചര്‍ച്ചാവിഷയം തന്നെയായി മാറുകയാണ്. 1972 കര്‍ണാടകയിലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇന്ദിരാ ഗാന്ധിയുടെ കോണ്‍ഗ്രസ് ആര്‍ വന്‍ ഭൂരിപക്ഷത്തില്‍ ജയിക്കുന്നു. കോണ്‍ഗ്രസ് ആറിന്‍റെ ആരംഭ സമയത്ത് ഇന്ദിരാ ഗാന്ധിയോടൊപ്പം നിന്ന ദേവരാജ അരശ് കര്‍ണാടകയുടെ മുഖ്യമന്ത്രിയാകുന്നു.
കര്‍ണാടക ചരിത്രത്തില്‍ ആദ്യമായി ഒരു ന്യൂനപക്ഷ വിഭാഗത്തില്‍ നിന്നുള്ള നേതാവ് മുഖ്യമന്ത്രി ആവുകയാണ്. ഇദ്ദേഹമാണ് ലിംഗയത്ത് സമുദായത്തിന്‍റെ കടുംപിടുത്തത്തില്‍ നിന്നിരുന്ന മൈസൂര്‍ സംസ്ഥാനം എന്നുള്ള പേര് നീക്കം ചെയ്യുകയും, കര്‍ണാടക എന്ന സംസ്ഥാന നാമം നിലവില്‍ കൊണ്ടുവരികയും ചെയ്തത്. ഇദ്ദേഹം കൊണ്ടുവന്ന ഭൂപരിഷ്കരണ നിയമപ്രകാരം ഇരുപത്തിമൂന്ന് ഏക്കറില്‍ നിന്ന് പത്തേക്കറായി ഒരു വ്യക്തിക്ക് ചുരുക്കിയത് വിപ്ലവകരമായ ഒരു തീരുമാനമായിരുന്നു. അടിയന്തരാവസ്ഥ കാലമായതിനാല്‍ മുഖ്യമന്ത്രിയായ ദേവരാജ അരശിന് ഒട്ടേറെ രാഷ്ട്രീയ തീരുമാനങ്ങള്‍ ഇത്തരത്തില്‍ നടപ്പിലാക്കിയിട്ടുണ്ട്. അടിയന്തരാവസ്ഥയ്ക്ക് ശേഷം ചിക്കമംഗ്ലൂരില്‍ നിന്ന് ഇന്ത്യയെ ജയിപ്പിച്ചതും ദേവരാജ അരസ് എന്ന ഇന്ദിരാ ഭക്തന്‍ തന്നെയായിരുന്നു. പക്ഷെ ഈ ഭക്തി ഏറെ നാള്‍ നീണ്ടു നിന്നില്ല. ഇന്ദിരാ ഗാന്ധിയുമായി തെറ്റിപ്പിരിഞ്ഞ ദേവരാജ അരശ് കോണ്‍ഗ്രസ് അരശ് വിഭാഗം എന്ന പേരില്‍ കര്‍ണാടകയില്‍ പ്രവര്‍ത്തിച്ചു. ദേവരാജ് അരശിനെതിരെ കോണ്‍ഗ്രസിന്‍റെ ഇന്ദിരാ വിഭാഗം അവിശ്വാസം കൊണ്ടുവന്നെങ്കിലും വിജയിക്കുവാനായില്ല. പക്ഷേ 1980ല്‍ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഇന്ദിരാ കോണ്‍ഗ്രസ് വലിയ രീതിയിലുള്ള വിജയം കൈവരിക്കുകയുണ്ടായി. ഇതിനെ തുടര്‍ന്ന് വീണ്ടും അവിശ്വാസ പ്രമേയം കൊണ്ടുവന്ന് ദേവരാജ അരശിനെതിരെ അവിശ്വാസം കൊണ്ടു വന്ന് വിജയിപ്പിക്കുകയും മുഖ്യമന്ത്രി കസേരയില്‍ നിന്ന് താഴെ ഇറക്കുകയും ഉണ്ടായി.
കര്‍ണാടക രാഷ്ട്രീയത്തിലെ വലിയ ഗതി നിര്‍ണയിക്കുന്ന കാലഘട്ടമാണ് പിന്നീട് ഉണ്ടായത് 1977 ല്‍ ജനസംഘം ജനതാ പാര്‍ട്ടിയുമായി ലയിക്കുന്നത് രാഷ്ട്രീയ ഇന്ത്യയുടെ ചരിത്രത്തിലെ പ്രധാന ഭാഗമാണ്. ആര്‍.എസ്.എസ്. അനുഭാവമുള്ള ജനസംഘക്കാര്‍ ജനതാ പാര്‍ട്ടിയില്‍ നിന്ന് പുറത്ത് വന്ന് 1980ല്‍ എ. ബി. വാജ്പേയുടെ നേത്യത്ത്വത്തില്‍ ഭാരതീയ ജനതാ പാര്‍ട്ടി രൂപീകരിക്കുന്നു. 1983ലെ കര്‍ണാടക നിയമസഭയില്‍ ബി.ജെ.പി. മത്സരിക്കുകയും ചെയ്യുന്നു. 18 സീറ്റാണ് അന്ന് കര്‍ണാടക നിയമസഭയില്‍ ബി.ജെ.പിക്ക് ലഭിച്ചത്. തിരഞ്ഞെടുപ്പിലൂടെ ബി.ജെ.പി ആദ്യമായി ജയിക്കുന്നത് കര്‍ണാടക നിയമസഭയിലേയ്ക്കാണ് എന്നത് ചരിത്രമാണ്. കര്‍ണാടകയില്‍ കോണ്‍ഗ്രസ് ഇതര മന്ത്രിസഭ ആദ്യമായി രൂപം കൊള്ളുന്നതും 1983ലെ തെരഞ്ഞെടുപ്പിനെ തുടര്‍ന്നാണ്. അന്ന് അപ്രതീക്ഷിതമായി മുഖ്യമന്ത്രിയായ വ്യക്തിയാണ് രാമകൃഷ്ണ ഹെഗ്ഡേ എന്ന പില്‍ക്കാലത്ത് ദേശീയ രാഷ്ട്രീയത്തില്‍ പോലും ചര്‍ച്ച ചെയ്ത വ്യക്തി.
മുഖ്യമന്ത്രിയായ രാമകൃഷ്ണ ഹെഗ്ഡേ ഒട്ടേറെ മാത്യകാപരമായ കാര്യങ്ങള്‍ ചെയ്ത വ്യക്തിയാണ് എന്ന കാര്യത്തില്‍ സംശയമില്ല. ഇന്ന് നാമെല്ലാം പറയുന്ന ലോകായുക്തയ്ക്ക് തുടക്കം കുറിച്ചത് അദ്ദേഹമാണ്. ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി അദ്ദേഹം കൊണ്ടു വന്നതാണ്. പാവങ്ങളായ ജനസമൂഹത്തെ സംരക്ഷിക്കുന്ന പല പദ്ധതികളും അദ്ദേഹം തുടക്കം കുറിച്ചു. ഇതൊക്കെ മറ്റ് സംസ്സ്ഥാനങ്ങളില്‍ പിന്നീട് നടപ്പിലാക്കിയതായി കാണാം. 1984 ല്‍ ഇന്ദിരാഗാന്ധിയുടെ വധത്തിന് ശേഷം ഉണ്ടായ തിരഞ്ഞെടുപ്പില്‍ കര്‍ണാടകയിലെ 28 ലോക്സഭാ മണ്ഡലങ്ങളില്‍ 24 മണ്ഡലങ്ങളിലും കോണ്‍ഗ്രസ് ജയിക്കുകയുണ്ടായി. പരാജയത്തില്‍ ഉത്തരവാദിത്ത്വം ഏറ്റെടുത്ത് രാമകൃഷ്ണ ഹെഗ്ഡെ മുഖ്യമന്ത്രി സ്ഥാനം രാജിവെക്കുകയും മന്ത്രിസഭ പിരിച്ചുവിടുകയും ചെയ്യുന്നു. തുടര്‍ന്ന് 85ല്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ രാമകൃഷ്ണ ഹെഗ്ഡെ വീണ്ടും വിജയിക്കുകയും മുഖ്യമന്ത്രി ആവുകയും ചെയ്യുന്നു. ഈ കാലഘട്ടത്തില്‍ ഒട്ടേറെ ആരോപണങ്ങള്‍ രാമകൃഷ്ണ ഹെഗ്ഡെയ്ക്കെതിരെ ഉണ്ടാവുകയാണ്. എല്ലാതരത്തിലുള്ള അഴിമതി ആരോപണങ്ങളും സര്‍ക്കാരിനെതിരെ ഉയര്‍ന്നുവരുന്നു. ഈ അവസരത്തില്‍ തന്നെയാണ് അയല്‍ സംസ്ഥാനമായ ആന്ധ്രപ്രദേശിലെ മുഖ്യമന്ത്രി എം ടി രാമറാവുവിനെ സഹായിക്കുവാന്‍ ടി.ഡി.പി. എം.എല്‍.എമാരെ റിസോര്‍ട്ടുകളില്‍ താമസിപ്പിക്കുവാന്‍ രാമകൃഷ്ണ ഹെഗ്ഡെ സഹായം ചെയ്യുന്നത്. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ റിസോര്‍ട്ട് രാഷ്ട്രീയത്തിന് തുടക്കം കുറിച്ചത് കര്‍ണാടകയില്‍ രാമകൃഷ്ണ ഹെഗ്ഡെയുടെ കാലത്താണ് എന്നുള്ളത് എടുത്തു പറയേണ്ടതുണ്ട്.
രാമകൃഷ്ണ ഹെഗ്ഡേയ്ക്കെതിരെ നടന്ന ഒട്ടേറെ ആരോപണങ്ങളെ തുടര്‍ന്ന് 1988 നുശേഷം അദ്ദേഹം സംസ്ഥാന രാഷ്ട്രീയത്തില്‍ പരാജയപ്പെടുകയാണ്. അവിടെ ജനതാ പാര്‍ട്ടിയുടെ എസ്. ആര്‍. ബൊമ്മേ മറ്റു പാര്‍ട്ടികളുടെ സഹായത്താല്‍ കര്‍ണാടകയുടെ മുഖ്യമന്ത്രിയാകുന്നു. കര്‍ണാടകയുടെ മുഖ്യമന്ത്രിയായ എസ്. ആര്‍. ബൊമ്മേ സര്‍ക്കാരിനെ പിന്തുണ പിന്‍വലിക്കുന്നു എന്ന ഒരു കത്ത് ലഭിച്ചതിന്‍റെ പേരില്‍ രാഷ്ട്രപതി അയോഗ്യത കല്‍പ്പിക്കുകയും പിരിച്ചുവിടുകയും ചെയ്തത് വലിയ കോളിളക്കത്തിന് കാരണമായി. സുപ്രീം കോടതിയില്‍ എസ്. ആര്‍. ബൊമ്മേ വേഴ്സസ് രാഷ്ട്രപതി എന്ന ഒരു നിയമ പോരാട്ടം തന്നെ ഉണ്ടായി. ഒരു മന്ത്രിസഭയെ പുറത്താക്കുന്നതിനു മുമ്പ് ആ മന്ത്രിസഭയുടെ ഭൂരിപക്ഷം തെളിയിക്കുവാനുള്ള അവസരം നല്‍കണം എന്നുള്ള നിര്‍ണായക സുപ്രീം കോടതി വിധി ഉണ്ടാകുന്നതും എസ്. ആര്‍. ബൊമ്മേ കേസിലാണ്. അങ്ങനെ കലങ്ങിമറിഞ്ഞ രാഷ്ട്രീയ നാടകങ്ങള്‍ക്ക് എസ് ആര്‍ ബൊമ്മേയ്ക്ക് ശേഷം ഒട്ടേറെ പേര്‍ കര്‍ണാടക മുഖ്യമന്ത്രിമാരാകുന്നുണ്ട്. അതേ ബൊമ്മയുടെ മകനാണ് ടതാ?് മുന്‍പ് ബി.ജെ.പി. മുഖ്യമന്ത്രിയായിരുന്ന ബസവരാജ് ബൊമ്മെ എന്നതും ശ്രദ്ധേയമാണ്. തുടര്‍ന്നുള്ള എല്ലാ തെരഞ്ഞെടുപ്പുകളും കര്‍ണാടകയിലെ രാഷ്ട്രീയ ചരിത്രത്തില്‍ ഏറെ പ്രതിസന്ധികളുടെ കാലം സൃഷ്ടിച്ചതാണ്. ഒരു മന്ത്രിസഭയ്ക്ക് പോലും ശക്തമായ രീതിയില്‍ പ്രവര്‍ത്തിക്കുവാന്‍ കര്‍ണാടകയില്‍ സാധിച്ചിരുന്നോ എന്നുള്ള കാര്യം സംശയമാണ്. ഒരു പാര്‍ട്ടിക്കും കര്‍ണാടകയില്‍ കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി തുടര്‍ ഭരണം ലഭിച്ചിട്ടില്ല. ഇത്തവണയും ചരിത്രം തിരുത്തപ്പെട്ടില്ല. ബി.ജെ.പിക്ക് തുടര്‍ഭരണം ലഭിച്ചില്ല.
