മലയാളി മറക്കുമോ, താളം, മേളം, പൂരം...

മലയാളി മറക്കുമോ, താളം, മേളം, പൂരം...

വിജയ് ചൗക്ക്

സുധീര്‍ നാഥ് 


പൂരങ്ങളുടെ പൂരമാണ് തൃശ്ശൂര്‍ പൂരം. മലയാളക്കരയിലെ ഓരോ ഗ്രാമങ്ങളിലും ചെറു ക്ഷേത്രങ്ങളും പള്ളികളും ഉണ്ട്. അവിടെയെല്ലാം പൂരങ്ങളും ഉത്സവങ്ങളും ഉണ്ട്. ഈ പ്രദേശത്തു നിന്നുള്ളവര്‍ക്ക് ലോകത്തിന്‍റെ ഏത് കോണിലാണെങ്കിലും ഗ്രഹാതുരത്വം ഉണര്‍ത്തുന്ന ഓര്‍മ്മകള്‍ സ്വന്തം ഗ്രാമങ്ങളിലെ പൂരങ്ങളിലും, ഉത്സവങ്ങളിലും നിന്ന് ലഭിച്ചിട്ടുണ്ടാകും. താളവും മേളവും നിറഞ്ഞ ഉത്സവകാലം ഏതൊരു മലയാളികളുടെയും മനസ്സില്‍ നിറഞ്ഞിട്ടുണ്ടാകും എന്ന് ചുരുക്കം. സ്വന്തം ഗ്രാമത്തിന്‍റെ ചെറിയ ക്ഷേത്രങ്ങളിലോ, പള്ളിയിലോ ഉത്സവങ്ങള്‍ കാണാത്ത ഒരു ചെറുപ്പകാലം പോലും ഒരു മലയാളിക്കും ഉണ്ടാകില്ല. അതുകൊണ്ടുതന്നെ താളവും മേളവും ഉത്സവവും എല്ലാം മലയാളി ഇവിടെ ചെന്നാലും ഗൃഹാതുരത്വം ഉണ്ടാക്കുന്ന ഒന്നാണ്. അവര്‍ക്ക് തൃശ്ശൂര്‍ പൂരം പോലെ തന്നെ വിശേഷപ്പെട്ടതാണ് സ്വന്തം ഗ്രാമത്തിലെ പൂരം. കേരളത്തിനകത്തും പുറത്തും ഏറ്റവും ജനശ്രദ്ധയാകര്‍ഷിക്കുന്ന ഉത്സവങ്ങളില്‍ ഒന്നാണ് തൃശ്ശൂര്‍ പൂരം. കൊച്ചിരാജാവായിരുന്ന ശക്തന്‍ തമ്പുരാന്‍ തുടക്കം കുറിച്ച തൃശ്ശൂര്‍ പൂരത്തിന് എകദേശം 200 വര്‍ഷത്തെ ചരിത്ര പാരമ്പര്യമുണ്ട്. പൂരം കാണുവാനായി വിദേശ സഞ്ചാരികളടക്കം ധാരാളം ആളുകള്‍ വര്‍ഷം തോറും തൃശ്ശൂരില്‍ എത്താറുണ്ട്. മേടമാസത്തിലെ പൂരം നക്ഷത്രത്തിലാണ് തൃശ്ശൂര്‍ പൂരം ആഘോഷിക്കുന്നത്. കുറച്ചുകൂടി കൃത്യമായി പറഞ്ഞാല്‍ മേടമാസത്തില്‍ അര്‍ദ്ധരാത്രിക്ക് ഉത്രം നക്ഷത്രം വരുന്നതിന്‍റെ തലേന്നാണ് പൂരം ആഘോഷിക്കുന്നത്

തൃശ്ശൂര്‍ പൂരം തുടക്കം കുറിക്കുന്നതിന്‍റെ ചരിത്രം കൂടി പരാമര്‍ശിക്കേണ്ടതുണ്ട്. ശക്തന്‍ തമ്പുരാന്‍റെ കാലത്ത് കേരളത്തില്‍ ആറാട്ടുപുഴ പൂരമായിരുന്നു ഏറെ പ്രശസ്തം. ആറാട്ടുപുഴ പൂരത്തിനു പല ദേശങ്ങളിലെ ക്ഷേത്രങ്ങളില്‍നിന്നും ഘോഷയാത്രകളെത്തുമായിരുന്നു. ലോകത്തെ എല്ലാ ദേവതകളും ആറാട്ടുപുഴ പൂരത്തില്‍ പങ്കെടുക്കാന്‍ എത്തുമെന്നാണ് വിശ്വാസം. 1796-ലെ പൂരത്തിനു ശക്തമായ കാറ്റും പേമാരിയും നിമിത്തം പാറമേക്കാവ്, തിരുവമ്പാടി, ചെമ്പൂക്കാവ്, കാരമുക്ക്, ലാലൂര്‍, അയ്യന്തോള്‍, ചൂരക്കാട്ടുകാവ്, നെയ്തലക്കാവ്, കണിമംഗലം എന്നീ ക്ഷേത്രങ്ങളിലെ സംഘങ്ങള്‍ക്ക് ആറാട്ടുപുഴയിലെത്താന്‍ സാധിച്ചില്ല. പൂരത്തിനെത്താതിരുന്നതുകൊണ്ട് ഈ സംഘങ്ങള്‍ക്ക് ഭ്രഷ്ട് കല്‍പ്പിച്ചെന്ന് പറയപ്പെടുന്നു. അന്ന് ശക്തന്‍ തമ്പുരാന്‍റെ ഭരണമായിരുന്നു. സംഭവമറിഞ്ഞ് കോപിഷ്ടനായ തമ്പുരാന്‍ വടക്കുംനാഥനെ ആസ്ഥാനമാക്കി അടുത്ത പൂരം നാളില്‍ (1796 മേയില്‍ - 971 മേടം) തൃശ്ശൂര്‍ പൂരം ആരംഭിച്ചു. പൂരത്തിലെ പ്രധാന പങ്കാളികള്‍ നഗരത്തിലെ പ്രധാന ക്ഷേത്രങ്ങളായ പാറമേക്കാവ് ഭഗവതീ ക്ഷേത്രവും തിരുവമ്പാടി ശ്രീകൃഷ്ണസ്വാമി ക്ഷേത്രവുമാണ്. അങ്ങിനെ തുടക്കം കുറിച്ച തൃശ്ശൂര്‍ പൂരം ഇന്ന് ലോക പ്രശസ്തമാണ്.

തൃശ്ശര്‍ പൂരം പോലെ കേമമായിട്ടാണ് ആറാട്ടുപുഴ പൂരം ഇന്നും നടക്കുന്നത്. മഹത്തായ പാരമ്പര്യത്തിന്‍റെ ഒരുബാക്കിപത്രമായി പെരുവനം - ആറാട്ടുപുഴ പൂരങ്ങള്‍ ഇന്ന് വിലയിരുത്തപ്പെടുന്നു. തൃപ്രയാര്‍ തേവരുടെയും, ചേര്‍പ്പ് ഭഗവതിയുടെയും, ഊരകം അമ്മതിരുവടിയുടെയും മീന മകീരത്തിലെ പൂരം പുറപ്പാടോട് കൂടി തുടങ്ങുന്ന പത്തു ദിവസത്തെ പൂരക്കാലം ആയി പഴയ പെരുവനം പൂരം ചുരുങ്ങി എങ്കിലും അത് പഴയകാല പ്രൗഡിയോടെ തന്നെ നില്‍ക്കുന്നു. തൃപ്രയാര്‍ തേവരുടെ കൂട്ടിയെഴുന്നെള്ളിപ്പാണ് ദേവമേള എന്ന സങ്കല്‍പ്പത്തിലുള്ള   ആറാട്ടുപുഴ പൂരം. ഭൂലോകവൈകുണ്ഡദര്‍ശനം എന്നാണു ഈ കൂട്ടിയെഴുന്നെള്ളിപ്പ് അറിയപ്പെടുന്നത്. ആറാട്ടുപുഴ പൂരം ചരിത്ര പ്രസിദ്ധം ആയത് തന്നെ ഇതുകൊണ്ടാണ. തൃപ്രയാര്‍ തേവര്‍ക്ക് ആണ് ദേവമേളയുടെ നെടുനായകത്വം. മീന മാസത്തിലെ മകീരം നാളില്‍ ആണ് പൂരത്തിനുള്ള തേവരുടെ പുറപ്പാട്. അതും കര്‍ക്കടകം രാശിയില്‍, വേണ്ടപെട്ടവര്‍ എല്ലാവരും എത്തിയോ, ആരെങ്കിലും പട്ടിണി കിടക്കുന്നുണ്ടോ, സങ്കടക്കാര് ആരെങ്കിലും ഉണ്ടോ എന്നൊക്കെ വിളിച്ചു ചോദിച്ചിട്ടാണ് പാണി കൊട്ടുക. അതുണ്ടെങ്കില്‍ അത് മാറ്റിയിട്ടേ പാണി കൊട്ടുള്ളൂ എന്നാണ് പറയുന്നത്. 

സന്ധ്യ മുതല്‍ പാടത്ത്പഞ്ചാരിയോടെയാണ് ആറാട്ടുപുഴ ശാസ്താവിന്‍റെ പൂരം. തേവര്‍ കൈതവളപ്പില്‍ എത്തിയാല്‍ ആയിരത്തിയൊന്നു കതിനാവെടികള്‍ മുഴങ്ങും. അത് കഴിഞ്ഞാല്‍ കൂട്ടിയെഴുന്നെള്ളിപ്പിനുളള ഒരുക്കങ്ങള്‍ തുടങ്ങുകയായി. ആറാട്ടുപുഴപൂരം നാളില്‍ അര്‍ദ്ധരരത്രി ദേവമേളയ്ക്ക് നെടുനായകത്വം വഹിക്കുന്ന തൃപ്രയാര്‍ തേവര്‍ കൈതവളപ്പിലെത്തുന്നു. തൃപ്രയാര്‍ തേവരെ മദ്ധ്യസ്ഥാനത്ത് നിര്‍ത്തി ആനകളെ അണിനിരത്തുന്നു. മുത്തു കുടകള്‍ നിവര്‍ത്തി വെഞ്ചാമരവും ആലവട്ടവും വീശി പാണ്ടി മേളത്തിന്‍റെ നാദധാരയില്‍, എണ്‍പതോളം ആനകള്‍ നിരന്നു നില്‍ക്കുന്ന കാഴ്ച്ച പ്രശസ്തമാണ്. കേരളത്തില്‍ നടക്കുന്ന ഏറ്റവും വലിയ പൂരമായി ഇത് മാറുന്നത് അപ്പോഴാണ്. ആറാട്ടുപുഴ പൂരത്തോളം വലിയ പൂരം കേരളത്തില്‍ ഇല്ല എന്ന് തന്നെ ഉറപ്പിച്ച് പറയാം. 108 ക്ഷേത്രങ്ങളില്‍ നിന്നുള്ള പൂരം പങ്കെടുത്തിരുന്ന കാലത്ത് അത് കേരളത്തിലെ ഏറ്റവും വലിയ ആഘോഷമായിരുന്നു. 'ആറാട്ടുപുഴ പൂരത്തിന്‍റെ വെളിച്ചെണ്ണയുണ്ടെങ്കില്‍ നൂറ് തൃശ്ശൂര്‍ പൂരം നടത്താം' എന്ന് ഒരു പഴഞ്ചൊല്ല് തന്നെ ഉണ്ട്. ആറാട്ടുപുഴ ക്ഷേത്രത്തിലെ മീനമാസത്തില്‍ വച്ച് നടക്കുന്ന ഉത്സവത്തിന്‍റെ വലിയ വിളക്കാണ് ആറാട്ടുപുഴ പൂരം.

പൂരവും, ഉത്സവവും ഒരു വലിയ വിശേഷമായി തന്നെ ലോകമെമ്പാടുമുള്ള മലയാളികള്‍ കൊണ്ടാടുന്നുണ്ട.് സ്വന്തം നാട്ടിലെ ഉത്സവത്തില്‍ പങ്കെടുക്കുവാന്‍ വ്യഗ്രത കാണിക്കുന്ന എത്രയോ പേര്‍ പ്രവാസ ലോകത്തുണ്ട്. മുന്‍ പ്രസ്താവിച്ച തൃശ്ശൂര്‍ പൂരത്തിന്‍റെയും ആറാട്ടുപുഴ പൂരത്തിന്‍റേയും വലിപ്പമില്ലെങ്കിലും ഓരോ ഗ്രാമത്തിലെ പൂരവും പ്രശസ്തം തന്നെ. പൂരം കാണുവാനും അതില്‍ പങ്കെടുക്കുവാനും നാട്ടിലെ കൂട്ടുകാരുമായി ഒത്തുചേരുവാനും പ്രവാസികളായ എല്ലാവരും ആഗ്രഹിക്കുക സ്വാഭാവികമാണ്. എല്ലാവര്‍ക്കും എല്ലാ ഉത്സവ കാലങ്ങളിലും സ്വന്തം നാട്ടില്‍ തിരിച്ചെത്തുവാന്‍ സാധിക്കണമെന്നില്ല. അതുകൊണ്ടുതന്നെ അടുത്ത കാലത്ത് ലോകത്തിന്‍റെ എല്ലാ ഭാഗങ്ങളിലും ഗൃഹാതുരത്വം ഉണര്‍ത്തുന്ന ചെറുപൂരങ്ങള്‍ നടക്കാറുണ്ട്. പ്രവാസികളായ മലയാളികള്‍ പൂരം സംഘടിപ്പിക്കുന്നതിന് വലിയ താത്പര്യത്തോടെ മുന്നിലുണ്ടാകും. പ്രവാസ ലോകത്തുള്ള പള്ളികളിലും അമ്പലങ്ങളിലും വളരെ വിശേഷപ്പെട്ട ഉത്സവങ്ങള്‍ അതിഗംഭീരമായി തന്നെയാണ് സംഘടിപ്പിക്കുന്നത.് അതിനെ എന്തൊരാവേശത്തിലാണ് മലയാളികള്‍ ഒത്തുചേരുന്നത് എന്നത് ആവേശത്തിന്‍റെ നേര്‍കാഴ്ച്ചയാണ്. കേരളത്തേക്കാള്‍ ആവേശത്തോടുകൂടി തന്നെ അവര്‍ ഇവിടങ്ങളില്‍ ഉത്സവങ്ങള്‍ അല്ലെങ്കില്‍ പൂരങ്ങള്‍ നടത്തുന്നു. 

ഇന്ത്യയ്ക്കകത്ത് പല പ്രദേശങ്ങളിലും വലിയ ആര്‍ഭാടമായി പൂരം ആഘോഷിക്കുന്നത് അടുത്തയിടെ കൂടിയിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത.് ഡല്‍ഹി പഞ്ചവാദ്യം ടെസ്റ്റിന്‍റെ നേതൃത്വത്തില്‍ നാലാം തവണയാണ് അതിവിപുലമായ ഒരു ഡല്‍ഹി പൂരം ഏപ്രില്‍ 9 ഞായറാഴ്ച്ച സംഘടിപ്പിക്കുന്നത്. തൃശ്ശൂര്‍ പൂരത്തിന്‍റെ മാതൃകയില്‍ ആനയെയും മറ്റും അണിനിരത്തിയുള്ള ഒരു പൂരമാണ് ആദ്യകാലങ്ങളില്‍ സംഘാടകര്‍ ആഗ്രഹിച്ചിരുന്നുവെങ്കില്‍ ഇന്ന് ഒരാനയെ പോലും എഴുന്നേല്‍ക്കാതെ അവര്‍ പൂരം സംഘടിപ്പിക്കുന്നു. മട്ടന്നൂര്‍ ശങ്കരന്‍കുട്ടി മാരാരുടെ നേത്യത്ത്വത്തില്‍ 51 വാദ്യ കലാകാരന്‍മാര്‍ ഡല്‍ഹി പൂരത്തിന് ഇക്കുറി ദ്യശ്യ താള മേള മികവേകും. ആദ്യ ഡല്‍ഹി പൂരത്തിന് മൂന്നു ആനകള്‍ ഉണ്ടായിരുന്നെങ്കില്‍ ഇന്ന് ഒരു ആനയെ പോലും എഴുന്നള്ളിക്കാന്‍ ഡല്‍ഹിയിലെ സംഘാടകര്‍ക്ക് സാധിക്കുന്നില്ല. അതിനു കാരണം പുതുതായി നിലവില്‍ വന്ന മൃഗസംരക്ഷണ നിയമങ്ങള്‍ തന്നെയാണ്. കേരളത്തില്‍ ഇപ്പോള്‍ പൂരങ്ങളില്‍ നിന്ന് ആനകള്‍ ഒഴിവാക്കപ്പെട്ടു കൊണ്ടിരിക്കുന്നു. അടുത്തകാലത്ത് യന്ത്ര ആനയെ വെച്ച് പൂരം നടത്തിയ വാര്‍ത്തയും മലയാളികള്‍ വായിക്കുവാന്‍ ഇടയായി. നെറ്റിപ്പട്ടം ഒരു ഉത്സവ ചിഹ്നമായി തന്നെ ഇപ്പോള്‍ മാറിയിരിക്കുന്നു. 

ആനകള്‍ ഇല്ലാതെ അംബാരി ഇല്ലാതെ

ആറാട്ട് നടക്കാറുണ്ട് ഇവിടെ...

പഴയ ഒരു സിനിമാ ഗാനമാണ്. 1979ല്‍ ഇറങ്ങിയ തെരുവ് ഗീതം എന്ന സിനിമയ്ക്ക് ബിച്ചു തിരുമല എഴുതി ജയ വിജയന്‍ സംഗീതം നല്‍കി യേശുദാസ് പാടിയ പാട്ടിലെ വരികളാണ്... പക്ഷെ... ഇപ്പോള്‍ കേരളത്തിലും ക്ഷേത്ര ആറാട്ടിന് ആനകള്‍ ഉണ്ടാകില്ല എന്ന സ്ഥിതി വന്നിരിക്കുന്നു. ഈ പഴയ ഗാനം അന്ന് എഴുതിയവരോ, സംഗീതം നല്‍കിയവരോ, പാടിയവരോ, കേട്ടവരോ ഒരിക്കല്‍ പോലും അത് സംഭവിക്കുമെന്ന് വിശ്വസിച്ചിരുന്നില്ല. പക്ഷേ ഇന്ന് ആറാട്ടിന് ആനകള്‍ ഇല്ലാതെയും നടക്കുന്നു എന്നുള്ളത് ഒരു യാഥാര്‍ത്ഥ്യമാണ.് ആനകളില്ലാത്ത അംബാരി ഇല്ലാത്ത ഒരു ഉത്സവവും നമ്മുടെ നാടുകളില്‍ നടക്കുന്നു എന്നുള്ളത് ഒരു ഞെട്ടലോടു കൂടി തന്നെയാണ് പഴയ തലമുറക്കാര്‍ കാണുന്നത.്

മനസില്‍ താളമേളങ്ങള്‍ ഉള്ളത്കൊണ്ടാണ്ടാണ് പ്രവാസികള്‍ പ്രവാസ ലോകത്ത് പൂരങ്ങളും ഉത്സവങ്ങളും വിജയിപ്പിക്കുന്നത്. വടക്കേ ഇന്ത്യയില്‍ വ്യാപകമായി ക്ഷേത്രങ്ങളിലെ ആറാട്ടുകള്‍ക്ക് ആനകള്‍ ഇപ്പോള്‍ ഉണ്ടാകാറില്ല. രാജ്യതലസ്ഥാനത്ത് പൂര്‍ണ്ണമായും ആനയെ നിരോധിച്ചു. പകരം കുതിരയും, കുതിര വണ്ടിയുമാണ് ഉള്ളത്. ഡല്‍ഹിയിലെ രോഹിണിയിലുള്ള അയ്യപ്പ ക്ഷേത്രത്തില്‍ മുന്‍ വര്‍ഷങ്ങളില്‍ നടന്നിരുന്ന പള്ളിവേട്ടയിലും, ആറാട്ടിലും കുതിര വണ്ടി കണ്ടത് മുതല്‍ മറ്റ് ക്ഷേത്രങ്ങളും ഇതേ ശൈലി പിന്തുടരുകയാണ്. ആനകളെ കിട്ടാനുള്ള പ്രയാസം. സര്‍ക്കാരിന്‍റെ അനുമതി എന്ന കടമ കടക്കുവാനുള്ള പ്രയാസം. എല്ലാം കണക്കിലെടുത്താണ് പള്ളിവേട്ടെയ്ക്കും, ആറാട്ടിനും കുതിര വണ്ടി തയ്യാറാക്കിയതെന്നാണ് രോഹിണി ക്ഷേത്ര ഭാരവാഹികള്‍ പറയുന്നത്. പുതിയ വന്യ മ്യഗ സംരക്ഷണ നിയമ പ്രകാരം ആനകളെ പരിപാലിക്കുന്നതിനും വളര്‍ത്തുന്നതിനും, പൊതുസ്ഥലങ്ങളില്‍ പ്രദര്‍ശിപ്പിക്കുന്നതിലും കര്‍ശന നിയന്ത്രണമാണ് ഏര്‍പ്പെുത്തിയിരിക്കുന്നത്. ആറാട്ടിന് ആനകള്‍ ഇല്ലാതെ നടക്കില്ല എന്ന് വിശ്വസിച്ചിരുന്ന കാലത്ത് ബിച്ചു തിരുമല എഴുതിയ വരികള്‍ ഇപ്പോള്‍ യാഥാര്‍ത്ഥ്യമായി. വടക്കേ ഇന്ത്യയില്‍ മാത്രമല്ല, കേരളത്തിലും...

ആനകള്‍ ഇല്ലാതെ

അമ്പാരി ഇല്ലാതെ

ആറാട്ട് നടക്കാറുണ്ടിവിടെ...