തമ്പൊഴിഞ്ഞ ജെമിനി ശങ്കരേട്ടന്‍...
വിജയ് ചൗക്ക്
സുധീര്‍ നാഥ്
ജീനാ യഹാം മര്‍നാ യഹാം,
ഇസ്കാ ജഗാ ജാനേ കഹാം...
മേരാ നാം ജോക്കറിലെ ഈ ഗാനം ഏറെ പ്രശസ്തവും അര്‍ത്ഥവത്തും ചിന്തിക്കാന്‍ കേള്‍വിക്കാരനെ പ്രേരിപ്പിക്കുന്ന ഒന്നുമാണ്. സര്‍ക്കസ് കലാകാരന്‍റെ കഥപറയുന്ന മേരാ നാം ജോക്കര്‍ എന്ന ഹിറ്റ് ഹിന്ദി സിനിമ 1970ല്‍ രാജ്കപൂര്‍ നിര്‍മ്മാണം നടത്തി സംവിധാനം ചെയ്തത സിനിമയുടെ നല്ലൊരു ഭാഗവും മുംബെയിലെ ക്രോസ് മൈതാനിയിലെയും, ദില്ലിയിലെ ഫിറോസ്ഷാ കോട്ലയിലെയും ജെമിനി സര്‍ക്കസ് കൂടാരങ്ങളില്‍ ആയിരുന്നു ചിത്രീകരിച്ചത്. അന്ന് മുതല്‍ രാജ് കപൂറും, മകന്‍ ഋഷി കപൂറും തമ്മില്‍ ഉണ്ടായ വ്യക്തി ബന്ധം മരണം വരെ തുടര്‍ന്നു. ഇന്ത്യന്‍ സര്‍ക്കസിന്‍റെ കാരണവരുമായ ജെമിനി ശങ്കരന്‍റെ ജീവിതം മേരാ നാം ജോക്കര്‍ എന്ന സര്‍ക്കസ് പ്രമേയമാക്കിയ സിനിമയിലെ ഗാനത്തിലെ വരികള്‍ പോലെ തന്നെ അന്വര്‍ഥമായിരുന്നു. അദ്ദേഹം ചെറുപ്പം മുതലേ കളരി അഭ്യാസിയായിരുന്നു. പത്താംവയസില്‍ കിട്ടുണ്ണി സര്‍ക്കസ് കാണാന്‍ പോയി. ആളെ വിളിക്കുന്നതും ടിക്കറ്റ് കൊടുക്കുന്നതും സര്‍ക്കസ് കളിക്കുന്നതുമെല്ലാം കിട്ടുണ്ണി. ഒന്നിലേറെ കാര്യം ഒറ്റയ്ക്കുചെയ്യുന്നതിനെ അക്കാലത്ത് മലബാറില്‍ കിട്ടുണ്ണി സര്‍ക്കസ് എന്നു കളിയാക്കുമായിരുന്നു. ഇരുമ്പു ഗോളം ശരീരത്തില്‍ ഉരുട്ടിയും ബോണ്‍ലെസ് സിംഗിള്‍ ട്രപ്പീസ് കാണിച്ചും കണാരന്‍ എന്ന അഭ്യാസിയുടെ സര്‍ക്കസും തലശേരിയില്‍ വന്നു. അദ്ദേഹത്തിന്‍റെ പ്രകടത്തില്‍ ശങ്കരന്‍ ആക്യഷ്ടനായി. സര്‍ക്കസ് ജ്വരവുമായി നടന്ന അവനെ അച്ഛന്‍ കളരിയില്‍ ചേര്‍ത്തു. പിന്നീട് കീലേരി കുഞ്ഞിക്കണ്ണന്‍റെയും എം കെ രാമന്‍റെയും കീഴില്‍ സര്‍ക്കസ് അഭ്യസിച്ചു. രണ്ടാംലോക യുദ്ധകാലത്ത് പട്ടാളത്തില്‍ വയര്‍ലസ് ഓപ്പറേറ്ററായി. നാലുവര്‍ഷം ആ ജോലി. പിന്നെ സര്‍ക്കസ് ലോകത്തേക്ക് മടക്കം. നൂറാം വയസിന്‍റെ പടിവാതില്‍ക്കല്‍ വെച്ച് ലോകത്തോട് മടക്കം.
2023 ഏപ്രില്‍ 24. ഇന്ത്യയുടെ സര്‍ക്കസിന്‍റെ കുലപതി ജെമിനി ശങ്കരന്‍ അന്തരിച്ചു. ഇതായിരുന്നു എല്ലാ ദൃശ്യ മാധ്യമങ്ങളിലും ബ്രേക്കിംഗ് ന്യൂസായി തെളിഞ്ഞുവന്നത്. 23 രാത്രിയില്‍ അദ്ദേഹം യാത്രയായി. പത്രങ്ങളില്‍ അത് ആദ്യ പേജില്‍ ഇടം പിടിച്ചു. നൂറാം വയസിലെത്തിയ മരണം പലരേയും ഞെട്ടിച്ചു. ശങ്കരേട്ടന് മരണമുണ്ടാകരുതെന്ന് അവര്‍ കരുതിയിരിക്കും. പക്ഷെ ചിലര്‍ക്ക് മരണമില്ല. അവര്‍ ജനഹ്യദയങ്ങളില്‍ ജീവിക്കും. അതിലൊന്നായിരുന്നു ശങ്കരേട്ടന്‍. ആഘോഷങ്ങള്‍ക്കും സല്‍ക്കാരങ്ങള്‍ക്കും എന്നും വലിയ പ്രാധാന്യം നല്‍കിയിരുന്ന ശങ്കരേട്ടന്‍ തന്‍റെ നൂറാം പിറന്നാള്‍ വലിയ രീതിയില്‍ നടത്തണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. അതിനായി അദ്ദേഹം മക്കളോട് പറഞ്ഞത് അടുപ്പമുള്ള 1500 പേരുടെ പേരുകള്‍ തയ്യാറാക്കണമെന്നാണ്. മലയാളികളുടെ പ്രിയപ്പെട്ട എഴുത്തുകാരന്‍ എം. മുകുന്ദനുമായി ലേഖകന്‍ കഴിഞ്ഞ മാര്‍ച്ച് മാസം അവസാനം ശങ്കരേട്ടനെ കാണാന്‍ പോയപ്പോള്‍ അദ്ദേഹത്തിന്‍റെ മക്കള്‍ പറഞ്ഞത് നൂറാം പിറന്നാളിന് ക്ഷണിക്കപ്പെടുന്ന ആളുകളുടെ പേര് വായിച്ചു കേള്‍പ്പിക്കണം എന്ന് അച്ഛന്‍ പറഞ്ഞു എന്നാണ.് ശാരീരികമായി അവശതയില്‍ കിടക്കുമ്പോഴും തന്‍റെ നൂറാം പിറന്നാളിന്‍റെ ആഘോഷങ്ങളെക്കുറിച്ച് മാത്രമായിരുന്നു അദ്ദേഹം ചിന്തിച്ചിരുന്നത്. വരുന്ന ജൂണ്‍ 13ന് തന്‍റെ നൂറാം പിറന്നാള്‍ ഗംഭീരമായി ആഘോഷിക്കുന്നതില്‍ പങ്കെടുക്കാതെയാണ് ശങ്കരേട്ടന്‍ യാത്രയായത്. മടക്കമില്ലാത്ത യാത്ര. ശങ്കരേട്ടന്‍റെ ആഗ്രഹം പൂര്‍ത്തീകരിക്കേണ്ടത് അദ്ദേഹത്തിന്‍റെ ആരാധകരാണ്. നമ്മളാണ്. മലയാളി സമൂഹമാണ്.
ചരിത്ര പുരുഷന്‍മാരെ കണ്ടവര്‍ നമുക്കിടയില്‍ നിന്ന് ഇല്ലാതാകുന്നു. ജനിച്ചാല്‍ മരിക്കണമെന്നത് പ്രക്യതി നിയമമാണല്ലോ. എത്രനാള്‍ ജീവിക്കുന്നു എന്നതും പ്രധാനമാണ്. ജെമിനി ശങ്കരന്‍ എന്ന ശങ്കരേട്ടന്‍റെ കണ്ണുകളിലേയ്ക്ക് ഞാന്‍ എത്രയോ തവണയാണ് നോക്കി ഇരുന്നിട്ടുള്ളത്. എന്ത് തിളക്കമുള്ളതാണ് അദ്ദേഹത്തിന്‍റെ കണ്ണുകള്‍ എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. ആ കണ്ണുകള്‍ എത്രയോ ചരിത്ര പുരുഷന്മാരെ നേരില്‍ കണ്ടിട്ടുണ്ട്. ജവഹര്‍ലാല്‍ നെഹ്റു, ഇന്ദിര ഗാന്ധി, രാജീവ് ഗാന്ധി, വി. കെ. ക്യഷ്ണമേനോന്‍, എ.കെ.ജി, ഇ.എം.എസ്, കാമരാജ്, എം.ജി.ആര്‍, എന്‍.ടി.ആര്‍, ജ്യോതിബസു, മൊറാര്‍ജി ദേശായി, ലാല്‍ ബഹദൂര്‍ ശാസ്ത്രി, സി. അച്യുതമേനോന്‍ തുടങ്ങി എത്രയെത്ര ദേശിയ നേതാക്കള്‍... ഇന്ത്യയുടെ ആദ്യത്തെ രാഷ്ട്രപതി രാജേന്ദ്രപ്രസാദ്, ഡോക്ടര്‍ എസ് രാധാകൃഷ്ണന്‍, സക്കീര്‍ ഹുസൈന്‍ തുടങ്ങിയവരുടെ നീണ്ട നിര തന്നെ ശങ്കരേട്ടനുമായി വലിയ സൗഹൃദം ഉണ്ടായിരുന്നു. ദേശിയ നേതാക്കള്‍ മാത്രമല്ല അന്തര്‍ദേശിയ നേതാക്കള്‍ വരെ ശങ്കരേട്ടന്‍റെ സൗഹ്യദ വലയത്തിലുണ്ട്. ചരിത്രത്തിന്‍റെ ഭാഗമായ അവരോട് ശങ്കരേട്ടന്‍ സംസാരിച്ചിട്ടുണ്ട്. ഹസ്തദാനം ചെയ്തിട്ടുണ്ട്. അതുകൊണ്ട് തന്നെ ശങ്കരേട്ടന്‍റെ അനുഭവ സാക്ഷ്യങ്ങള്‍ക്ക് ചരിത്ര പ്രാധാന്യമുണ്ട്. അങ്ങനെ ചരിത്ര പ്രാധാന്യമുള്ള സംഭാഷണങ്ങള്‍ എത്രയോ കേള്‍ക്കാന്‍ ഭാഗ്യം ലഭിച്ച വ്യക്തിയാണ് ലേഖകന്‍.
വളരെ ചെറുപ്പകാലം മുതല്‍ തന്നെ ഇടതുപക്ഷത്തോട് വലിയ അനുഭാവം കാണിച്ച ഒരു വ്യക്തിയായിരുന്നു ജെമിനി ശങ്കരന്‍. പക്ഷേ അദ്ദേഹം ഒരിക്കല്‍ പോലും മറ്റു രാഷ്ട്രീയ പാര്‍ട്ടിയിലെ നേതാക്കന്മാരെ അകറ്റിനിര്‍ത്തിയിരുന്നില്ല. ശങ്കരേട്ടന് പുതുതലമുറയിലുള്ളവരോടും വലിയ അടുപ്പമായിരുന്നു. ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ വളര്‍ച്ചയ്ക്ക് സാമ്പത്തിക സഹായം വലിയ രീതിയില്‍ നല്‍കിയിരുന്ന വ്യക്തിയാണ് ജെമിനി ശങ്കരന്‍. അത് ചെറുപ്പക്കാലത്ത് അനുഭവിച്ചവരാണ് ഇന്ന് കേരളം ഭരിക്കുന്നത്. അതിന്‍റെ എല്ലാ ആനുകൂല്യങ്ങളും അനുഭാവവും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. കോണ്‍ഗ്രസ്സും, ബി.ജെ.പിയും, ലീഖും എല്ലാം ശങ്കരേട്ടന്‍റെ സാമ്പത്തിക പിന്തുണ സ്വീകരിച്ചവരാണ്. സര്‍ക്കസ് എന്നത് ആദ്യ കാലങ്ങളില്‍ വലിയ സ്വീകാര്യതയും, ഇന്നത്തെ സിനിമാ മേഖലയിലേതു പോലെ അംഗീകാരവും നേടിയിരുന്നു. സര്‍ക്കസ് താരങ്ങള്‍ക്ക് താരപരിവേഷം ഉണ്ടായിരുന്ന കാലമായിരുന്നു അത്. അതുകൊണ്ട് തന്നെ എല്ലാവരും ശങ്കരേട്ടനെ ഒരു മടിയും കൂടാതെ അവരുടെ വേദികളിലേയ്ക്ക് ക്ഷണിക്കുമായിരുന്നു. ഒരു മടിയോ എതിര്‍പ്പോ കൂടാതെ ശങ്കരേട്ടന്‍ എല്ലാ വേദികളിലും എത്തുമായിരുന്നു.
എത്രയോ വലിയ വലിയ ലോക നേതാക്കളുമായി സൗഹൃദം പങ്കിട്ട അദ്ദേഹം സാധാരണക്കാരനോട് കൂടി ബഹുമാനത്തോടും ആദരവോടും കൂടി സംസാരിക്കുന്നത് എല്ലാവര്‍ക്കും മാതൃകയാണ്. ശങ്കരേട്ടന്‍റെ വിനയം അദ്ദേഹത്തെ വലിയ മനുഷ്യനാക്കി എന്ന് എടുത്തു പറയുന്നതില്‍ ഒരു അതിശയോക്തിയും ഇല്ല. ജീവിതത്തിലെ ലാളിത്യവും അദ്ദേഹത്തെ വേറിട്ട മനുഷ്യനാക്കി. വെളുത്ത മുണ്ടും ഷര്‍ട്ടും മാത്രമാണ് പതിവായി അദ്ദേഹം അവസാന കാലങ്ങളില്‍ ധരിച്ചിരുന്നത്. താന്‍ ഒരു വലിയ വ്യക്തിയാണെന്നുള്ള ഭാവം ഒരിക്കല്‍ പോലും അദ്ദേഹം പ്രകടിപ്പിച്ചിരുന്നില്ല. തന്‍റെ വ്യക്തി ബന്ധങ്ങള്‍ ഒരിക്കലും അദ്ദേഹം ദുരുപയോഗവും ചെയ്തില്ല. അതു കൊണ്ട് തന്നെ നാള്‍ക്കുനാള്‍ ശങ്കരേട്ടന്‍റെ സൗഹ്യദ വലയത്തിലേയ്ക്ക് ഒട്ടേറെ പേര്‍ എത്തി.
ചലചിത്ര രംഗത്തും ശങ്കരേട്ടന് വലിയ ബന്ധമുണ്ട്. ഹിന്ദി സിനിമയിലെ ഒരു ബദ്ധം ആദ്യമേ സൂചിപ്പിച്ചിരുന്നല്ലോ. പിന്നീടും പല പ്രശസ്ത ഹിന്ദിയിലേയും മറ്റിതര ഭാഷയിലേയും സിനിമാ പ്രവര്‍ത്തകരുമായി ശങ്കരേട്ടന് വലിയ ബന്ധങ്ങള്‍ ഉണ്ടായി. സര്‍ക്കസ് കൂടാരത്തില്‍ സിനിമാ ചിത്രീകരണം വേണ്ട സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ ആദ്യം സമീപിക്കുന്നത് ശങ്കരേട്ടനെയാണ്. അതിന് ഭാഷയുടെ വേലിക്കെട്ടില്ലായിരുന്നു. ഒരിക്കല്‍ എ.കെ.ജി. പറഞ്ഞ പ്രകാരം 1967-ല്‍ പുറത്തിറങ്ങിയ രമണന്‍ എന്ന മലയാള സിനിമ നിര്‍മ്മിക്കാന്‍ പണം നല്‍കി. സിനിമയില്‍ ഡി എം പൊറ്റെക്കാട് രചനയും സംവിധാനവും നിര്‍മ്മാണവും എന്നാണ് എഴുതി കാണിക്കുന്നതെങ്കിലും രേഖകളില്‍ ജെമിനി ശങ്കരനാണ് നിര്‍മ്മാതാവ്. അദ്ദേഹം തന്നെ അതിന്‍റെ രേഖകള്‍ ലേഖകനെ കാണിച്ചു തന്നിട്ടുണ്ട്. മലയാളം-ഭാഷാ റൊമാന്‍റിക് സംഗീത ചിത്രമാണ് രമണന്‍. ചങ്ങമ്പുഴ കൃഷ്ണപിള്ളയുടെ രമണന്‍ (1936) എന്ന കവിതയുടെ ആവിഷ്കാരമാണിത്.
ശങ്കരേട്ടന്‍റെ സല്‍ക്കാരം സ്വീകരിക്കാത്ത ആദ്യകാല രാഷ്ട്രീയക്കാരും സിനിമക്കാരും സാഹിത്യകാരന്മാരും അപൂര്‍വ്വം മാത്രം എന്ന് തന്നെ പറയാം. സമൂഹത്തിലെ എല്ലാ മേഖലകളിലുള്ള ആളുകളുമായി വലിയ ബന്ധം പുലര്‍ത്തിയിരുന്ന ജെമിനി ശങ്കരന്‍ തന്‍റെ ആരോഗ്യം ഉണ്ടായിരുന്ന ഏതാനും മാസങ്ങള്‍ക്കു മുമ്പ് വരെ സ്വന്തം ഉടുപ്പ് സ്വന്തമായി തന്നെ അലക്കുന്ന ശീലം ഉണ്ടായിരുന്നു. അതിന് അദ്ദേഹം പറഞ്ഞ ന്യായീകരണം അതും ഒരു വ്യായാമമാണ് എന്നാണ്. ഒരിക്കല്‍ ശങ്കരേട്ടനോട് ഞാന്‍ ചോദിച്ചു ഈ 99 ആം വയസ്സില്‍ ഇത്ര ആരോഗ്യത്തോടെ ഊര്‍ജ്ജസ്വലതയോടെ നടക്കുന്നതിന്‍റെ രഹസ്യം എന്താണ് എന്ന്. അദ്ദേഹം പറഞ്ഞ മറുപടി തന്‍റെ ചിട്ടയായ ജീവിതരീതി, ചിട്ടയായ ഭക്ഷണം. പിന്നെ അദ്ദേഹം പറഞ്ഞു വൈകുന്നേരം തിളപ്പിക്കാത്ത കറന്നെടുത്ത ഉടനെയുള്ള ആട്ടിന്‍പാല്‍ ഒരു ഗ്ലാസ് കുടിക്കലും, വൈകുന്നേരത്തെ ഒരു പെഗ് സ്കോച്ചിയും ആരോഗ്യത്തിന്‍റെ രഹസ്യമാണെന്ന് പറയാം. 99 ആം വയസ്സിലും അദ്ദേഹം വ്യായാമം ചെയ്യുന്നതില്‍ ഒരു തടസ്സവും ഉണ്ടായില്ല. ജീവിതത്തിന്‍റെ അവസാനത്തെ രണ്ടുമാസം മാത്രമാണ് ശങ്കരേട്ടന്‍ ക്ഷീണിതനായി കിടക്കയില്‍ കിടക്കേണ്ടിവന്നത്.
ഒരു ട്രിപ്പീസ് കളിക്കാരനില്‍ നിന്ന് റിംഗ് മാസ്റ്ററിലേക്കും, അവിടെ നിന്ന് സര്‍ക്കസ് ഉടമയായും വളര്‍ന്ന ജെമിനി ശങ്കരന്‍റെ ജീവിതം പുതു തലമുറയ്ക്ക് തീര്‍ച്ചയായും ഒരു മാതൃകയാണ്. സ്വന്തം അധ്വാനം കൊണ്ടാണ് അദ്ദേഹം ഉയരങ്ങള്‍ കീഴടക്കിയത്. ഇന്ത്യന്‍ സര്‍ക്കസിനെ ലോക നിലവാരത്തില്‍ എത്തിക്കുന്നതിന് അദ്ദേഹത്തിന്‍റെ സംഭാവന വിലമതിക്കാത്തത് കൊണ്ടാണ്, ഇന്ത്യന്‍ സര്‍ക്കസിന്‍റെ കുലവതി എന്നുള്ള സ്ഥാനം സമൂഹം അദ്ദേഹത്തിന് നല്‍കിയിരിക്കുന്നത്. സര്‍ക്കസ് തമ്പുകളില്‍ അദ്ദേഹം ഒരിക്കലും ഒരു സര്‍ക്കസ് മുതലാളി ആയിരുന്നില്ല. സര്‍ക്കസിലെ മറ്റുള്ളവരെ പോലെയുള്ള ഒരു കളിക്കാരന്‍ ആയി തന്നെയാണ് അവസാന കാലം വരെ ജീവിച്ചിരുന്നത്. കൂടാരത്തിലെ കലാകാരന്മാര്‍ ദൈവത്തെ പോലെ തന്നെയാണ് ഇപ്പോഴും ശങ്കരേട്ടനെ കാണുന്നത് എന്നുള്ളത് അത്ഭുതകരമായ ഒരു കാഴ്ചയാണ.് സര്‍ക്കസിന്‍റെ ഇറ്റിലമായ തലശ്ശേരിയിലൂടെ അദ്ദേഹം യാത്ര ചെയ്യുമ്പോള്‍ ഒപ്പം യാത്ര ചെയ്യാന്‍ രേഖകനും സാധിച്ചിട്ടുണ്ട്. അന്ന് അദ്ദേഹത്തിന്‍റെ അടുത്ത് വന്ന് കരം സ്പര്‍ശിച്ച് അനുഗ്രഹം വാങ്ങുന്ന നൂറുകണക്കിന് പഴയകാലത്തേയും, പുതുതലമുറയിലേയും സര്‍ക്കസ് കലാകാരന്മാരെ നേരില്‍ കാണുവാന്‍ സാധിച്ചിട്ടുണ്ട്.
അദ്ദേഹം മനുഷ്യജീവികളോട് കാണിക്കുന്ന അതേ സ്നേഹം തന്നെയാണ് പക്ഷികളോടും മ്യഗങ്ങളോടും കാണിച്ചിരുന്നത് എന്നതിന് നേര്‍സാക്ഷിയാണ് ലേഖകന്‍. ആരോഗ്യമുണ്ടായിരുന്ന കാലത്തോളം അദ്ദേഹം രാവിലെ വീട്ടുമുറ്റത്ത് എത്തി പക്ഷി മൃഗാദികള്‍ക്ക് വിവിധയിനം ഭക്ഷണങ്ങള്‍ കൊടുക്കുന്നത് നേരില്‍ കണ്ടിട്ടുണ്ട്. ശങ്കരേട്ടന്‍ രാവിലെ വീട്ടുമുറ്റത്ത് എത്തിയാല്‍ ഓടിയെടുക്കുന്ന അണ്ണാനുകള്‍, കാക്കകള്‍, കുയിലുകള്‍, തത്തകള്‍, പരുന്തുകള്‍... ഇത് ഒരു അത്ഭുത കാഴ്ച തന്നെയാണ്. ശങ്കരേട്ടന്‍ പ്രകൃതിയുമായി അത്രയേറെ ഇണങ്ങിച്ചേര്‍ന്നു എന്നതിന്‍റെ നേര്‍ ചിത്രം കാണുവാന്‍ ശങ്കരേട്ടന്‍റെ കണ്ണൂര്‍ വാരത്തുള്ള വീട്ടിലേക്ക് കയറിച്ചെന്നാല്‍ മാത്രം മതി. പ്രക്യതി രമണീയമായ വാരത്തെ വീട് എപ്പോഴും പക്ഷികളുടേയും മറ്റും ശബ്ദം കൊണ്ട് സമ്പന്നമാണ്. ശങ്കരേട്ടന്‍റെ വീടിന് ചുറ്റും സ്വതന്ത്രമായി വിചാരിക്കുന്ന പക്ഷികളുടെ സന്തോഷമാണ് കേള്‍ക്കുക. അവര്‍ അവിടെ സുരക്ഷിതരാണല്ലോ...
ജെമിനി ശങ്കരന്‍റെ 99 ാം ജന്മദിനാഘോഷത്തില്‍ പങ്കെടുക്കാന്‍ ലേഖകനും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. രാവിലെ തന്നെ അദ്ദേഹം തന്‍റെ പൊതു പരിപാടികളുമായി മുന്നോട്ടു പോയപ്പോള്‍ ഒപ്പം യാത്ര ചെയ്യുവാന്‍ സാധിച്ചു. കണ്ണൂര്‍ ജില്ലയിലെ പല ഭാഗങ്ങളിലെ പല യോഗങ്ങളിലും അദ്ദേഹം തന്‍റെ പ്രായം വകവയ്ക്കാതെ പങ്കെടുത്തത് ഓര്‍മ്മകളിലേക്ക് ഓടിയെത്തുകയാണ.് കോവിഡ് മഹാമാരിക്ക് ശേഷമാണ് അദ്ദേഹം ഈ സാഹസത്തിന് ഒരുങ്ങിയത്. കോവിഡ് കാലത്ത് സ്വന്തമായി വാക്സിന്‍ എടുക്കുകയും, പ്രായമായവരോടും, ചെറുപ്പക്കാരോടും കോവിഡ് വാക്സിന്‍ എടുക്കുവാന്‍ പ്രേരിപ്പിക്കുകയും ചെയ്തു. വാക്സിന്‍റെ പ്രാധാന്യം അദ്ദേഹം പരിചിതരായ എല്ലാവരോടും പറയുമായിരുന്നു. മഹാമാരി പൂര്‍ണമായി മാറുന്നതിന് മുന്‍പ് തന്നെ കണ്ണൂരിലെ പല പൊതു വേദികളിലും ശങ്കരേട്ടന്‍ എത്തുമായിരുന്നു. കോവിഡ് കാലത്ത് നടന്ന പല വേദികളിലും എത്തിയ ശങ്കരേട്ടന്‍ പലരുമായി അടുത്തിടപഴകിയിരുന്നത് ആശങ്കയോടെ മക്കള്‍ പങ്കുവെച്ചിരുന്നു.
തന്‍റെ 99 ാം പിറന്നാളിന് എത്തിയവരെ സ്വീകരിച്ചത് ശങ്കരേട്ടന്‍ തന്നെയായിരുന്നു. അന്ന് അവിടെ കേട്ടറിഞ്ഞ് എത്തിയ പ്രമുഖരുടെ പട്ടിക തന്നെ വലുതാണ്. അവര്‍ കേട്ടറിഞ്ഞത് തന്നെ ശങ്കരേട്ടന്‍റെ നേരിട്ടുള്ള ക്ഷണമായി കണക്കാക്കുന്നു. ജാതി മത രാഷ്ട്രീയ വ്യത്യാസമില്ലാതെ പിറന്നാള്‍ ആഘോഷത്തില്‍ എല്ലാവരും ആദ്യാവസാനം പങ്കാളികളായി. അവര്‍ക്കെല്ലാം ശങ്കരേട്ടന്‍ തന്നെ ഭക്ഷണം വിളമ്പി. മധുരം നല്‍കി. ആവശ്യക്കാര്‍ക്ക് ലഹരിയും നല്‍കി. രാത്രി തീവണ്ടിക്ക് യാത്രപറഞ്ഞിറങ്ങിയപ്പോള്‍ ശങ്കരേട്ടന്‍ പറഞ്ഞത് എങ്ങനെ മറക്കും. രണ്ട് വാട്ടീസടിച്ചോ, യാത്രയില്‍ നല്ല ഉറക്കം കിട്ടും...
ഇക്കഴിഞ്ഞ ഇലക്ഷന്‍ കാലത്ത് എല്ലാ പാര്‍ട്ടി നേതാക്കളും ശങ്കരേട്ടന്‍റെ അനുഗ്രഹം വാങ്ങുവാന്‍ വന്നിരുന്നു. എല്ലാവരേയും വിജയാശംസകള്‍ നേര്‍ന്ന് അനുഗ്രഹിച്ചയക്കുന്നത് നേരില്‍ കണ്ടിട്ടുണ്ട്. ആര്‍ക്കും ശങ്കരേട്ടനോട് അകല്‍ച്ചയില്ലായിരുന്നു. തന്നെക്കാള്‍ പ്രായം കുറഞ്ഞവരെയും ചേട്ടാ എന്നും, ജി എന്നും, സാറെന്നും ചേര്‍ത്ത് വിളിക്കുമായിരുന്നു. അവരൊക്കെ രാഷ്ട്രീയം മറന്ന് പിറന്നാള്‍ ആഘോഷത്തില്‍ പങ്കെടുത്തത് ഇന്നലെ എന്നോണം തോന്നിക്കുന്നു. തന്‍റെ സമ്പന്നമായ ജീവിത കാലയളവില്‍ മറ്റുള്ളവര്‍ക്ക് സഹായവും, പ്രചോദനവും നല്‍കുന്ന കാര്യത്തില്‍ ശങ്കരേട്ടന്‍ ശ്രദ്ധിച്ചിരുന്നു. 99 ാം പിറന്നാള്‍ വേദിയില്‍ നിന്ന് തന്നെ അദ്ദേഹം എല്ലാവരോടും നൂറാം പിറന്നാളിന് എത്തണേ എന്ന് പറയുമായിരുന്നു. പക്ഷെ ജെമിനി ശങ്കരേട്ടന്‍ അതിന് കാത്തു നിന്നില്ല. പ്രണാമം.
