പാര്‍ലമെന്‍റ് സ്ട്രീറ്റ്
സുധീര്‍ നാഥ്
2023 ഏപ്രില്‍ 30
കണ്ടം ചെയ്യാന്‍ വല വീശി തുടങ്ങി
രാജ്യ തലസ്ഥാനമായ ഡല്‍ഹിയില്‍ മാലിന്യത്തിന്‍റെ തോത് നാള്‍ക്കുനാള്‍ വര്‍ദ്ധിക്കുകയാണ്. കോവിഡ് കാലത്താണ് മാലിന്യനില താഴുകയും ശുദ്ധവായു രാജ്യ തലസ്ഥാനവാസികള്‍ ശ്വസിക്കുകയും ചെയ്തത്. മാലിന്യ തോത് വര്‍ദ്ധിക്കുന്നത് തടയുന്നതിനായി പത്തുവര്‍ഷത്തില്‍ കൂടുതലുള്ള ഡീസല്‍ വാഹനങ്ങള്‍ക്കും, പതിനഞ്ച് വര്‍ഷത്തില്‍ കൂടുതലുല്‍ പെട്രോള്‍ വാഹനങ്ങള്‍ക്കും ഡല്‍ഹിയില്‍ നിരോധനം ഡല്‍ഹി ട്രാന്‍സ്പോര്‍ട്ട് ഡിപ്പാര്‍ട്ട്മെന്‍റ് ഏര്‍പ്പെടുത്തിയിരിക്കുകയാണ്. നിരോധിത വാഹനങ്ങളുടെ രജിസ്ട്രേഷന്‍ റദ്ദാക്കുന്ന നടപടി അതിശക്തമായാണ് ഡല്‍ഹി സര്‍ക്കാര്‍ നീങ്ങുന്നത്. രജിസ്ട്രേഷന്‍ റദ്ദാക്കിയ വാഹനങ്ങള്‍ സ്ക്രാപ്പ് ചെയ്യുന്നതിന് വലിയ പദ്ധതികള്‍ ഡല്‍ഹി സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. രജിസ്ട്രേഷന്‍ നഷ്ടപ്പെട്ട വാഹനങ്ങള്‍ ഓടിക്കുന്നത് വലിയ കുറ്റകൃത്യമായി കാണുകയും വന്‍ തുക പിഴയീടാക്കുകയും ചെയ്യുന്നത് ഇപ്പോള്‍ വ്യാപകമായി നടക്കുന്നു. ഇതിനിടയിലാണ് ഡല്‍ഹിയിലെ ഓരോ കോളനികളില്‍ നിന്നും രജിസ്ട്രേഷന്‍ റദ്ദാക്കപ്പെട്ട വാഹനങ്ങള്‍ ട്രാന്‍സ്പോര്‍ട്ട് ഡിപ്പാര്‍ട്ട്മെന്‍റിന്‍റെ നേതൃത്വത്തില്‍ പിടിച്ചെടുത്ത് സ്ക്രാപ്പ് ചെയ്യുവാനായി നല്‍കുന്നത്. ഇങ്ങനെ ചെയ്യുമ്പോള്‍ പഴയ വാഹനങ്ങളുടെ ഉടമയ്ക്ക് പണം ലഭിക്കില്ല എന്നുള്ളത് മാത്രമല്ല എടുത്തു കൊണ്ടുപോകുന്നതിന് ചെലവും കൊടുക്കേണ്ടി വരുന്നു. ഡല്‍ഹിയില്‍ വ്യാപകമായി ഇത്തരത്തില്‍ ഇരുചക്ര വാഹനങ്ങളും കാറുകളും ബസുകളും മറ്റും ഡല്‍ഹി ട്രാന്‍സ്പോര്‍ട്ട് ഡിപ്പാര്‍ട്ട്മെന്‍റ് പിടിച്ചെടുക്കുന്നത് നിത്യ കാഴ്ചയായി മാറിയിരിക്കുന്നു. പഴയ വാഹനങ്ങളുടെ വലിയ മാര്‍ക്കറ്റായി ഡല്‍ഹി ഇപ്പോള്‍ മാറിയിരിക്കുന്നു. പത്തുവര്‍ഷം പൂര്‍ത്തിയാക്കുന്ന ഡീസല്‍ വാഹനങ്ങളും പതിനഞ്ച് വര്‍ഷം പൂര്‍ത്തിയാക്കുന്ന പെട്രോള്‍ വാഹനങ്ങളും ഡല്‍ഹി അതിര്‍ത്തി കിടത്തി റീ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. ഇതിന് രജിസ്ട്രേഷന്‍ റദ്ദാക്കുന്നതിന് മുന്‍പ് ഡല്‍ഹി ട്രാന്‍സ്പോര്‍ട്ട് ഡിപ്പാര്‍ട്ട്മെന്‍റ് നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നുണ്ട്. ഡല്‍ഹിക്ക് പുറത്തുള്ള മറ്റ് സംസ്ഥാനങ്ങളിലേയ്ക്ക് ഓരോ ദിവസവും നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റുമായി നൂറ് കണക്കിന് വാഹനങ്ങളാണ് പോകുന്നത്. റീ രജിസ്റ്റര്‍ ചെയ്ത് വാഹനങ്ങള്‍ ഉപയോഗിക്കുവാനുള്ള സാഹചര്യം വളരെയേറെ പേരാണ് ഇപ്പോള്‍ ഉപയോഗിച്ചുവരുന്നത്. ഇത്തരം വാഹനങ്ങള്‍ ഡല്‍ഹിയില്‍ വളരെ കുറച്ചു വിലയ്ക്ക് ലഭിക്കുന്നു. ഡല്‍ഹി വാഹനങ്ങള്‍ മറ്റു സംസ്ഥാനങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത് ഉപയോഗിക്കുവാനുള്ള സാഹചര്യം നമ്മുടെ കേരളത്തിലും ആളുകള്‍ പ്രയോജനപ്പെടുത്തുന്നുണ്ട് എന്നാണ് മനസ്സിലാക്കേണ്ടത്. ഡല്‍ഹിയില്‍ ആദ്യം രജിസ്റ്റര്‍ ചെയ്ത വാഹനങ്ങളുടെ റീ രജിസ്റ്റര്‍ നടത്തിയവ കേരളത്തില്‍ തന്നെ ആയിരകണക്കിനാണ് ഓടുന്നത് എന്നത് എടുത്ത് പറയണം.
നദികളില്‍ സുന്ദരി മരിക്കുന്നു
വായു മലിനീകരണം പോലെ അതിരൂക്ഷമാണ് രാജ്യ തലസ്ഥാനമായ ഡല്‍ഹിയിലെ നദികളുടെ സ്ഥിതിയും സുന്ദരിയായ നദിയാണ് യമുന എന്ന് സാഹിത്യകാരന്മാര്‍ പലരും ആവര്‍ത്തിച്ചു പറഞ്ഞിട്ടുണ്ട്. അത് ഒരു പഴങ്കഥയായി മാറിയിരിക്കുന്നു. ഇന്ന് യമുനയുടെ പരിസരത്തൂടെ മൂക്കുപൊത്താതെ യാത്ര ചെയ്യാന്‍ സാധിക്കുകയില്ല. അത്രമാത്രം മലിനമായി മാറിയിരിക്കുകയാണ് പുണ്യനദിയായ യമുന. രാജ്യ തലസ്ഥാനമായ ഡല്‍ഹിയിലൂടെ ഒഴുകുന്ന യമുനയുടെ ദയനീയ അവസ്ഥ കാലങ്ങളായി പരിസ്ഥിതി പ്രവര്‍ത്തകര്‍ പറയുന്നുണ്ട്. യമുന ശുദ്ധീകരിക്കുന്നതിനുള്ള നടപടികള്‍ക്കായി കോടിക്കണക്കിന് രൂപ ചെലവാക്കി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ പല പദ്ധതികളും നടത്തുന്നുണ്ട്. അതൊന്നും വ്യക്തമായി ഫലം പ്രതിഫലിക്കുന്നില്ല എന്നത് ഒരു യാഥാര്‍ത്ഥ്യമാണ്. ദേശീയ ഹരിത ട്രിബ്യൂണലിന്‍റെ കണക്ക് പ്രകാരം ഡല്‍ഹിയിലെക്ക് പ്രവേശിക്കുന്ന യമുനയുടെ മാലിന്യം ഡല്‍ഹിയിലെ മധ്യഭാഗത്ത് എത്തുമ്പോള്‍ അതിരൂക്ഷമായി മാറിക്കൊണ്ടിരിക്കുകയാണ്. ഓരോ മാസവും ഇതിന്‍റെ അളവ് വര്‍ധിക്കുകയല്ലാതെ കുറയുകയോ നിലനിര്‍ത്തുകയോ ചെയ്യുന്നില്ല. ഇത് അതിഭീകരമായ അവസ്ഥയായി തന്നെ നമ്മുടെ സമൂഹം കാണേണ്ടതുണ്ട്. യമുനയുടെ മാലിന്യം കുറയ്ക്കുന്നതിനും ശുദ്ധീകരിക്കുന്നതിനും കോടിക്കണക്കിന് രൂപയാണ് എല്ലാ മാസവും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ചെലവഴിക്കുന്നത് എന്നുള്ള യാഥാര്‍ത്ഥ്യം നിലനില്‍ക്കെ തന്നെ അത് കൂടുതല്‍ ശക്തി പ്രാപിക്കുന്നതിന് വേണ്ടി ഒരു കമ്മറ്റി തന്നെ കേന്ദ്ര ഹരിത ട്രിബ്യൂണല്‍ അടുത്തകാലത്ത് രൂപീകരിക്കുക ഉണ്ടായിട്ടുണ്ട്. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ശക്തമായ ഇടപെടലുകള്‍ ഉണ്ടായിട്ടുപോലും യമുനയിലെ മാലിന്യ തോത് നിയന്ത്രിക്കപ്പെടുന്നില്ല. യമുനയിലേക്ക് മാലിന്യങ്ങള്‍ വ്യാപകമായി എത്തുന്നു എന്നുള്ളത് അപകടകരമായ ഒരു അവസ്ഥയാണ്. രാജ്യ തലസ്ഥാനത്തെ മനുഷ്യജീവന് പോലും അപകടം വരുത്തുന്ന അവസ്ഥയിലേക്ക് യമുനയിലെ ജല മാലിന്യം എത്തിനില്‍ക്കുന്നു എന്നുള്ളത് വളരെ ഗൗരവമായി കാണേണ്ട ഒരു കാര്യമാണ്. യമുനാ നദി മരിക്കുകയാണ്. അതിന്‍റെ പ്രത്യാഘാതം മനുഷ്യരിലും ഉണ്ടാകും. ഡല്‍ഹിയുടെ പരിസ്ഥിതി സന്തുലിതാവസ്ഥ തകിടം മറിയും. സ്ഥിതി ഈ കണക്കിന് മുന്നോട്ട് പോവുകയാണെങ്കില്‍ അതിരൂക്ഷമായ ജലദൗര്‍ബല്യം നമ്മുടെ രാജ്യ തലസ്ഥാനത്ത് ഉണ്ടാകും എന്നുള്ള മുന്നറിയിപ്പും ദേശീയ ഹരിത ട്രിബ്യൂണല്‍ നല്‍കുന്നുണ്ട്.
ഇന്‍റര്‍നെറ്റ് തട്ടിപ്പ് വ്യാപകം...!
സാങ്കേതിക വിദ്യ വളര്‍ന്നതോടു കൂടി തട്ടിപ്പുകളും അത്തരത്തില്‍ തന്നെ വളര്‍ന്നു കൊണ്ടിരിക്കുകയാണ് എന്നാണ് മനസ്സിലാക്കേണ്ടത്. രാജ്യവ്യാപകമായി സൈബര്‍ തട്ടിപ്പുകളുടെ എണ്ണം നാള്‍ക്കുനാള്‍ വര്‍ദ്ധിക്കുന്നു എന്നതാണ് അതിന്‍റെ തെളിവായി നമുക്ക് മുന്നിലുള്ളത്. കാന്‍സറിനും മറ്റ് മാരക രോഗങ്ങള്‍ക്കും മരുന്നുകള്‍ ഉണ്ട് എന്ന പ്രചരണം അഴിച്ചുവിട്ട് ഓണ്‍ലൈന്‍ വഴി മരുന്നു വില്‍പ്പന പോലും നടക്കുന്നു. വലിയ വാഹനങ്ങളും, മറ്റ് വിലകൂടിയ ഉത്പ്പനങ്ങളും കുറഞ്ഞ വിലയ്ക്ക് ലഭിക്കും എന്ന പേരിലും മറ്റും സൈബര്‍ ലോകത്ത് വ്യാപകമായ തട്ടിപ്പ് നടക്കുകയാണ്. ഇതുപോലെ തന്നെ ഓരോ വ്യക്തികളുടെയും സാമൂഹ്യ അക്കൗണ്ടുകള്‍ തട്ടിയെടുത്ത് അവരുടെ ബന്ധങ്ങളില്‍ ഉള്ള വ്യക്തികള്‍ക്ക് പണം അഭ്യര്‍ത്ഥിച്ച് സന്ദേശങ്ങള്‍ അയക്കുക ഇപ്പോള്‍ പതിവായി മാറിയിരിക്കുന്നു. സുഹൃത്തുക്കളുടെ ഫോട്ടോ വച്ച് സാമൂഹ്യ മാധ്യമ അക്കൗണ്ടുകളില്‍ നിന്നുള്ള സന്ദേശം ചിലരെ ചതിക്കുഴിയിലേക്ക് വീഴ്ത്തുന്നുണ്ട്. രാജ്യത്താകമാനം ഒട്ടേറെ പേര്‍ക്ക് ഇങ്ങനെ പണം നഷ്ടപ്പെട്ടിട്ടുണ്ട് എന്നുള്ളത് ഇത്തരം ചതിക്കുഴിയില്‍ വിട്ടവരുടെ പരാതികളുടെ എണ്ണം പരിശോധിക്കുമ്പോള്‍ മനസ്സിലാകും. ഈ തട്ടിപ്പ് തിരിച്ചറിഞ്ഞുകൊണ്ട് ജനങ്ങള്‍ ജാഗരൂപരാകണമെന്ന് പോലീസ് വൃത്തങ്ങള്‍ നിരന്തരം സന്ദേശങ്ങള്‍ നല്‍കുന്നുമുണ്ട്. മാധ്യമങ്ങളിലും മറ്റും ഇത്തരം തട്ടിപ്പുകളെ കുറിച്ച് ഒട്ടേറെ വാര്‍ത്തകള്‍ വന്നിട്ടു പോലും അഭ്യസ്തവിദ്യരായ പലരും ഇത്തരം കെണിയില്‍ വീഴുന്നത് വളരെ കഷ്ടമാണ്.
പ്രതിപക്ഷത്തെ നിര്‍വീര്യമാക്കാന്‍ ബി.ജെ.പി. തന്ത്രം
ദേശീയ രാഷ്ട്രീയം ഇപ്പോഴും കലങ്ങിമറിഞ്ഞ് ഒരു ദിശയിലും എത്താതെ നില്‍ക്കുകയാണ്. ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ജയിലില്‍ അകത്താക്കിയതും, കോണ്‍ഗ്രസ് പ്രസിഡണ്ടായ രാഹുല്‍ ഗാന്ധിയെ പാര്‍ലമെന്‍റില്‍ നിന്ന് പുറത്താക്കിയതും, പുല്‍വാമയിലെ വീഴ്ച്ചയുടെ വെളിപ്പെടുത്തലും, പ്രധാനമന്ത്രിയും അദാനിയും തമ്മിലെ ബന്ധവും വലിയ രാഷ്ട്രീയ ചര്‍ച്ചയ്ക്ക് ഇട വെച്ചിരിക്കുകയാണ്. സമൂഹത്തില്‍ ഇതൊക്കെ വലിയ രാഷ്ട്രീയ ചര്‍ച്ചകളിലൂടെ കോളിളക്കം സൃഷ്ടിച്ചിരിക്കുന്നു എന്നു തന്നെ വേണം പറയുവാന്‍. മനീഷ് സിസോദിയയെ ജയിലില്‍ ആക്കിയതോടെ ഡല്‍ഹിയില്‍ ആകെ പോസ്റ്ററുകളും മോദി വിരുദ്ധ ട്രോളുകളും വ്യാപകമായി ഇറങ്ങുന്നുണ്ട്. ഇതിനിടയിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഡിഗ്രി വ്യാജമാണോ എന്ന് അന്വേഷിച്ച ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിനോട് ഇരുപത്തി അയ്യായിരം രൂപ പിഴയിടാന്‍ ഗുജറാത്ത് കോടതി ഉത്തരവിട്ടത്. രസകരമായ മറ്റൊരു കാര്യം ഗുജറാത്തിലെ സൂറത്ത് കോടതി കോഴി ഒരു മൃഗമാണെന്ന് പ്രഖ്യാപിച്ചതാണ്. രാജ്യത്താകമാനം ജനങ്ങള്‍ ഈ വിധി കേട്ട് തലയ്ക്ക് കൈവച്ചു എന്നാണ് പറയുന്നത്. ബിജെപിയുടെ തന്ത്രപരമായ ഒരു നീക്കമായി തന്നെ രാഹുലിന്‍റെ പുറത്താക്കലും കോഴിയെ മൃഗമാക്കിയതിലും കാണണമെന്ന് ഒരു കൂട്ടര്‍ പറയുന്നുണ്ട്. അതിന് അവര്‍ ചൂണ്ടിക്കാണിക്കുന്ന ഒരു കാരണം വളരെ ഗൗരവമായി കാണേണ്ടതുമുണ്ട്. ബീഹാര്‍ തെരഞ്ഞെടുപ്പില്‍ നരേന്ദ്രമോഡി പ്രധാനമന്ത്രി എന്ന നിലയ്ക്ക് ആണെങ്കില്‍ പോലും പങ്കെടുത്ത പൊതുയോഗങ്ങളുടെ പകുതി പോലും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പങ്കെടുത്തില്ല എന്നുള്ളത് ഗൗരവകരമായ കണക്കാണ്. മോദിക്ക് മുന്നില്‍ രാഹുല്‍ ഒരു പ്രതിയോഗിയല്ല എന്ന അവരുടെ വാദത്തിന് കഴമ്പുണ്ട്. പാര്‍ലമെന്‍റില്‍ അതിശക്തമായി പ്രസംഗിക്കുകയും വലിയ കയ്യടി വാങ്ങുകയും ചെയ്ത രാഹുല്‍ തിരിച്ച് കസേരയില്‍ വന്നിരുന്നു കണ്ണിറുക്കിയപ്പോള്‍ ഗൗരവകരമായ പ്രസംഗം ഒരു തമാശയായി മാറി. അതുപോലെ തന്നെയാണ് കന്യാകുമാരിയില്‍ നിന്ന് കാശ്മീരിലേക്ക് നടന്നുവന്ന രാഹുല്‍ഗാന്ധി അതിനുശേഷം മുന്നില്‍ കളിച്ചപ്പോള്‍ ഗൗരവകരമായ യാത്രയുടെ ഗൗരവം ഇല്ലാതെയായി. ഇങ്ങനെ ഒരു സാഹചര്യത്തില്‍ രാഹുലിന് പ്രതിപക്ഷ നേത്യത്ത നിരയില്‍ എത്തിക്കുകയാണെങ്കില്‍ ബി.ജെ.പിക്ക് രാഷ്ട്രീയ നേട്ടമാണ്. 2024ലെ തിരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് വിജയിക്കാന്‍ വേണ്ടി രാഷ്ട്രീയമായി നടത്തിയ നീക്കമാണ് രാഹുല്‍ ഗാന്ധിക്ക് നല്‍കിയ അയോഗ്യത. കോടതി വിധി രാഹുലിന് അനുകൂലമായി വന്നാല്‍ അത്ഭുതപെടേണ്ടതില്ല. ബി.ജെ.പി. പ്രതീക്ഷിച്ച രാഷ്ട്രീയ സാഹചര്യം ഉണ്ടായി. അത് ബി.ജെ.പിയുടെ വിജയമാണ്..
