നദികളില്‍ സുന്ദരി മരിക്കുന്നു


 നദികളില്‍ സുന്ദരി മരിക്കുന്നു

വായു മലിനീകരണം പോലെ അതിരൂക്ഷമാണ് രാജ്യ തലസ്ഥാനമായ ഡല്‍ഹിയിലെ നദികളുടെ സ്ഥിതിയും സുന്ദരിയായ നദിയാണ് യമുന എന്ന് സാഹിത്യകാരന്മാര്‍ പലരും ആവര്‍ത്തിച്ചു പറഞ്ഞിട്ടുണ്ട്. അത് ഒരു പഴങ്കഥയായി മാറിയിരിക്കുന്നു. ഇന്ന് യമുനയുടെ പരിസരത്തൂടെ മൂക്കുപൊത്താതെ യാത്ര ചെയ്യാന്‍ സാധിക്കുകയില്ല. അത്രമാത്രം മലിനമായി മാറിയിരിക്കുകയാണ് പുണ്യനദിയായ യമുന. രാജ്യ തലസ്ഥാനമായ ഡല്‍ഹിയിലൂടെ ഒഴുകുന്ന യമുനയുടെ ദയനീയ അവസ്ഥ കാലങ്ങളായി പരിസ്ഥിതി പ്രവര്‍ത്തകര്‍ പറയുന്നുണ്ട്. യമുന ശുദ്ധീകരിക്കുന്നതിനുള്ള നടപടികള്‍ക്കായി കോടിക്കണക്കിന് രൂപ ചെലവാക്കി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ പല പദ്ധതികളും നടത്തുന്നുണ്ട്. അതൊന്നും വ്യക്തമായി ഫലം പ്രതിഫലിക്കുന്നില്ല എന്നത് ഒരു യാഥാര്‍ത്ഥ്യമാണ്. ദേശീയ ഹരിത ട്രിബ്യൂണലിന്‍റെ കണക്ക് പ്രകാരം ഡല്‍ഹിയിലെക്ക് പ്രവേശിക്കുന്ന യമുനയുടെ മാലിന്യം ഡല്‍ഹിയിലെ മധ്യഭാഗത്ത് എത്തുമ്പോള്‍ അതിരൂക്ഷമായി മാറിക്കൊണ്ടിരിക്കുകയാണ്. ഓരോ മാസവും ഇതിന്‍റെ അളവ് വര്‍ധിക്കുകയല്ലാതെ കുറയുകയോ നിലനിര്‍ത്തുകയോ ചെയ്യുന്നില്ല. ഇത് അതിഭീകരമായ അവസ്ഥയായി തന്നെ നമ്മുടെ സമൂഹം കാണേണ്ടതുണ്ട്. യമുനയുടെ മാലിന്യം കുറയ്ക്കുന്നതിനും ശുദ്ധീകരിക്കുന്നതിനും കോടിക്കണക്കിന് രൂപയാണ് എല്ലാ മാസവും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ചെലവഴിക്കുന്നത് എന്നുള്ള യാഥാര്‍ത്ഥ്യം നിലനില്‍ക്കെ തന്നെ അത് കൂടുതല്‍ ശക്തി പ്രാപിക്കുന്നതിന് വേണ്ടി ഒരു കമ്മറ്റി തന്നെ കേന്ദ്ര ഹരിത ട്രിബ്യൂണല്‍ അടുത്തകാലത്ത് രൂപീകരിക്കുക ഉണ്ടായിട്ടുണ്ട്. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ശക്തമായ ഇടപെടലുകള്‍ ഉണ്ടായിട്ടുപോലും യമുനയിലെ മാലിന്യ തോത് നിയന്ത്രിക്കപ്പെടുന്നില്ല. യമുനയിലേക്ക് മാലിന്യങ്ങള്‍ വ്യാപകമായി എത്തുന്നു എന്നുള്ളത് അപകടകരമായ ഒരു അവസ്ഥയാണ്. രാജ്യ തലസ്ഥാനത്തെ മനുഷ്യജീവന് പോലും അപകടം വരുത്തുന്ന അവസ്ഥയിലേക്ക് യമുനയിലെ ജല മാലിന്യം എത്തിനില്‍ക്കുന്നു എന്നുള്ളത് വളരെ ഗൗരവമായി കാണേണ്ട ഒരു കാര്യമാണ്. യമുനാ നദി മരിക്കുകയാണ്. അതിന്‍റെ പ്രത്യാഘാതം മനുഷ്യരിലും ഉണ്ടാകും. ഡല്‍ഹിയുടെ പരിസ്ഥിതി സന്തുലിതാവസ്ഥ തകിടം മറിയും. സ്ഥിതി ഈ കണക്കിന് മുന്നോട്ട് പോവുകയാണെങ്കില്‍ അതിരൂക്ഷമായ ജലദൗര്‍ബല്യം നമ്മുടെ രാജ്യ തലസ്ഥാനത്ത് ഉണ്ടാകും എന്നുള്ള മുന്നറിയിപ്പും ദേശീയ ഹരിത ട്രിബ്യൂണല്‍ നല്‍കുന്നുണ്ട്.