കൂ കൂ കൂ കൂ തീവണ്ടി, കൂകിപ്പായും തീവണ്ടി
വിജയ് ചൗക്ക്
സുധീര്‍ നാഥ്
ഇന്ത്യയുടെ ഞരമ്പുകളാണ് റെയില്‍വേ എന്നാണ് പരക്കെ അറിയുന്നതും പറയപ്പെടുന്നതും. ഇന്ത്യ എന്ന രാജ്യത്ത് വ്യാപിച്ചു കിടക്കുകയാണ് തീവണ്ടി പാതകള്‍ എന്നുള്ളതാണ് യാഥാര്‍ത്ഥ്യം. ലോകത്ത് റെയില്‍ ഭൂപടത്തില്‍ ഇന്ന് ഇന്ത്യ നാലാം സ്ഥാനത്താണ്. 1853 ഏപ്രില്‍ 16നാണ് ഇന്ത്യയില്‍ ആദ്യമായി ഒരു പാസഞ്ചര്‍ തീവണ്ടി ഓടി തുടങ്ങിയത്. ഇംഗ്ലണ്ടില്‍ യാത്രാ തീവണ്ടി ആദ്യമായി ഓടിയതിനു ശേഷം 28 വര്‍ഷം കൊണ്ടുതന്നെ ഇന്ത്യയിലും യാത്രാ തീവണ്ടി ഓടി തുടങ്ങി. ബോംബെയിലെ ബോറീബന്ദര്‍ തീവണ്ടി സ്റ്റേഷനില്‍നിന്ന് മഹാരാഷ്ട്രയിലെ താനയിലേയ്ക്ക് 34 കിലോമീറ്റര്‍ ദൂരമാണ് ആദ്യ യാത്ര. ബോറീബന്ദര്‍ തീവണ്ടി സ്റ്റേഷനാണ് ഇന്ത്യയിലെ ആദ്യത്തെ തീവണ്ടി സ്റ്റേഷന്‍ എന്ന വിശേഷണവും ഉണ്ട്. 1888ല്‍ ഈ സ്റ്റേഷന്‍ വികസിപ്പിച്ചാണ് വിക്ടോറിയ റെയില്‍വെ സ്റ്റഷനായി മാറിയത്. ഇന്ത്യന്‍ റെയില്‍വേ യാത്രയുടെ ചരിത്രം അവിടെയാണ് ആരംഭിക്കുന്നത്. 400 ഓളം യാത്രക്കാര്‍ അന്ന് ആദ്യ തീവണ്ടിയാത്രയില്‍ ഉണ്ടായിരുന്നു. സാഹിബ്, സിന്ദ്, സുല്‍ത്താന്‍ എന്ന് പേരിട്ട മൂന്ന് ആവി എന്‍ജിനുകളാണ് 14 കാരേജുകളുള്ള തീവണ്ടിയെ വലിച്ചു കൊണ്ടു പോയത്. അന്ന് തീവണ്ടി കാണുവാനായി ആയിരങ്ങളാണ് തീവണ്ടി പാതയ്ക്ക് ഇരുവശവും ഓടി കൂടിയത്.
1832 ല്‍ ആദ്യമായി ഇന്ത്യയില്‍ റെയില്‍വേ കൊണ്ടുവരണം എന്ന ആശയം മുന്നോട്ടുവയ്ക്കപ്പെട്ടു. ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയാണ് ഇങ്ങനെ ഒരാശയം മുന്നോട്ട് വെച്ചത്. അക്കാലത്ത് ബ്രിട്ടനില്‍ പോലും റെയില്‍വേയെ കുറിച്ച് ചര്‍ച്ച നടക്കുന്ന കാലമാണ് എന്നോര്‍ക്കണം. ലോഡ് ഡെല്‍ഹൗസിയായിരുന്നു അന്ന് ഇന്ത്യയുടെ ഗവര്‍ണര്‍ ജനറല്‍. അദ്ദേഹം എടുത്ത താത്പര്യമാണ് ഇന്ത്യയിലെ റെയില്‍വേ വികസനത്തിന് തുടക്കം കുറിച്ചത്. അതുകൊണ്ട് ഇന്ത്യന്‍ റെയില്‍വെയുടെ പിതാവായി ലോഡ് ഡല്‍ഹൗസി അറിയപ്പെടുന്നു. ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി ഇന്ത്യയില്‍ ഇത്തരം ഒരു റെയില്‍വേ ഉണ്ടാക്കിയത് ചരക്ക് നീക്കത്തിനു വേണ്ടിയാണ്. 1845ല്‍ ഇന്ത്യയില്‍ ആദ്യമായി മദ്രാസ് റെയില്‍വെ രൂപീകരിച്ചു. റെയില്‍വേ വികസനത്തിന് ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ നേത്യത്ത്വത്തില്‍ റെയില്‍വേ കമ്പനികള്‍ രൂപീകരിച്ചു. ആദ്യം ഈസ്റ്റ് ഇന്ത്യ റെയില്‍വേ ആണ് നിലവില്‍ വന്നത്. 1845 മേയ് 8 നായിരുന്നു അത്. 1849 ആഗസ്റ്റ് 1 ന് ഗ്രേറ്റ് ഇന്ത്യന്‍ പെനിന്‍സുലാര്‍ റെയില്‍വേ രൂപം കൊണ്ടു. ഇന്ത്യന്‍ റെയില്‍വേയുടെ വികസനത്തിന്‍റെ തുടക്കമായിരുന്നു അത്. 1901 ലാണ് ഇന്ത്യന്‍ റെയില്‍വേ ബോഡ് രൂപം കൊടുക്കുന്നത്.
1852 ല്‍ മദ്രാസ് ഗ്യാരണ്ടീഡ് റെയില്‍വേ കമ്പനി രൂപം കൊടുത്തു. 1856ല്‍ മദിരാശിയില്‍ റോയപുരത്തുനിന്ന് ചിന്നാമപ്പേട്ട വരെയുള്ള 35 മൈല്‍ റെയില്‍ ലൈനാണ് മദ്രാസ് റെയില്‍വേയ്സ് ആദ്യം നിര്‍മ്മിച്ചത്. റോയപുരത്തുനിന്നാണ് മദിരാശിയില്‍ നിന്നുള്ള എല്ലാ വണ്ടികളും ആദ്യകാലത്ത് പുറപ്പെട്ടിരുന്നത്. 1873- ലാണ് മദിരാശിയിലെ സെന്‍റ്രല്‍ സ്റ്റേഷന്‍ നിര്‍മ്മിക്കുന്നത്. ആര്‍ക്കോട്ട് നവാബ് സ്വര്‍ണ്ണക്കൈക്കോട്ടു കൊണ്ട് മണ്ണ് കോരിയിട്ടുകൊണ്ടാണ് റോയപുരം സ്റ്റേഷന്‍റെ നിര്‍മ്മാണ ഉദ്ഘാടനം നടത്തിയത് എന്നാണ് ചരിത്ര രേഖകളില്‍ കാണുന്നത്. 1862ല്‍ കേരളത്തിലെ കോഴിക്കോടുള്ള ബേപ്പൂരിലേക്കും, 1864-ല്‍ ഇത് ജോലാര്‍പ്പേട്ടയില്‍ നിന്ന് ബാംഗളൂരിലേക്കും തീവണ്ടിപ്പാതകള്‍ നീണ്ടു. കേരളത്തില്‍ സ്ഥാപിക്കപ്പെട്ട ആദ്യത്തെ റെയില്‍പ്പാത ബേപ്പൂര്‍ മുതല്‍ തിരൂര്‍ വരെ 30.5 കി. മീ. നീളത്തില്‍ 1861 മാര്‍ച്ച് 12 ന് ഓടി തുടങ്ങിയിരുന്നു. തിരൂരില്‍ നിന്ന് കുറ്റിപ്പുറത്തേക്ക് ആ വര്‍ഷം മെയ് ഒന്നിനും, കുറ്റിപ്പുറത്തുനിന്ന് പട്ടാമ്പിയിലേക്ക് അടുത്ത വര്‍ഷം സപ്തംബര്‍ 23 നും, പട്ടാമ്പിയില്‍ നിന്നു കോയമ്പത്തൂരിനടുത്തുള്ള പോത്തനൂര്‍ക്ക് 1862-ല്‍ ഏപ്രില്‍ 14 നും തീവണ്ടികള്‍ ഓടിത്തുടങ്ങി. 1892ല്‍ ബേപ്പൂര്‍ മദ്രാസ് പാതകള്‍ സജീവമായത് റെയില്‍വേ ചരിത്രത്തിന്‍റെ ഭാഗമാണ്. 27 വര്‍ഷത്തിന് ശേഷമാണ് ബേപ്പൂരില്‍ നിന്ന് കോഴിക്കോട്ടേയ്ക്ക് തീവണ്ടി ന്നത്. 1888ല്‍ ജനുവരി 2ന് കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ ആദ്യ തീവണ്ടി എത്തി. അന്ന് സ്വകാര്യ കമ്പനിയായിരുന്ന മദ്രാസ് റെയില്‍വേ കമ്പനി അതിന്‍റെ തെക്കുപടിഞ്ഞാറന്‍ ശൃംഖലയുടെ ഭാഗമായാണ് ഈ പണികള്‍ നടത്തിയത്. 1871-ല്‍ റയിച്ചൂര്‍ വരെ എത്തിയിരുന്ന ഈ ശൃംഖലയെ ഗ്രേറ്റ് ഇന്ത്യന്‍ പെനിന്‍സുല റെയില്‍വേയുടെ ബോംബെയിലേക്കുള്ള പാതയുമായും ബന്ധിപ്പിച്ചു. 1908ല്‍ ഈ കമ്പനിയെ സതേണ്‍ മറാട്ട റെയില്‍വേയുമായി ലയിപ്പിച്ചുകൊണ്ട് മദ്രാസ് ആന്‍ഡ് സതേണ്‍ മറാട്ട റെയില്‍വേ നിലവില്‍ വന്നു. സ്വാതന്ത്ര്യാനന്തരം ഈ കമ്പനി ഇന്ത്യന്‍ റെയില്‍വേയിലെ സതേണ്‍ റെയില്‍വേ ആയി മാറി.
1832 ല്‍ ഇന്ത്യയില്‍ മദ്രാസിലാണ് ആദ്യമായി റെയില്‍ നിര്‍മ്മാണ നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കപ്പെട്ടത്. 1837 ല്‍ റെഡ് ഹില്‍ റെയില്‍വേയില്‍ നിന്ന് ഇന്ത്യയിലെ ആദ്യ ട്രെയിന്‍ ഓടിക്കൊണ്ടിരുന്നു. റെഡ് ഹില്‍ റെയില്‍വെ എന്നായിരുന്നു അത് അറിയപ്പെട്ടിരുന്നത്. വില്യം അവെറി നിര്‍മ്മിക്കുന്ന ഒരു റോട്ടറി നീരാവി ലോക്കോമോട്ടിയെ ഉപയോഗിച്ചായിരുന്നു ആദ്യ തീവണ്ടി ഓടിയത്. സര്‍ ആര്‍തര്‍ കോട്ടണിനാല്‍ നിര്‍മ്മിച്ച ഈ റെയില്‍വേ മദ്രാസിലെ റെഡ് ഹില്‍സില്‍ നിന്നും ചിന്ദ്രാദ്രിപ്പേട്ട് ബ്രിഡ്ജ് വരെയായിരുന്നു ഓടിയിരുന്നത്. ഇത് ഒരു ചരക്ക് തീവണ്ടിയായിരുന്നു. ആവി എന്‍ജിന്‍ ഘടിപ്പിച്ച ഈ തീവണ്ടി റെഡ് ഹില്ലില്‍ നിന്നുള്ള കരിങ്കല്ലുകള്‍ കൊണ്ടുവരുന്നതിനു വേണ്ടിയാണ് നിര്‍മ്മിച്ചത്. ആദ്യകാലങ്ങളിലെ തീവണ്ടികള്‍ ഓടിയിരുന്നത് നിര്‍മ്മാണ പ്രവര്‍ത്തികള്‍ക്ക് വേണ്ടിയുള്ള സാമഗ്രികള്‍ എത്തിക്കുന്നതിന് വേണ്ടിയാണ്.
കേരളത്തില്‍ ഉണ്ടായ റെയില്‍വെ വികസനം ഇവിടെ സൂചിപ്പിക്കേണ്ടതുണ്ട്. 1861 മാര്‍ച്ച് 12 മുതല്‍ കേരളത്തില്‍ തീവണ്ടി ഗതാഗതം ആരംഭിച്ചത് മുന്‍പ് സൂചിപ്പിച്ചിരുന്നല്ലോ. 1862ല്‍ മദ്രാസുമായി ബേപ്പൂര്‍ തീവണ്ടി പാത ബന്ധിപ്പിച്ചു. പക്ഷെ ഏറെ വൈകിയാണ് ഇന്നത്തെ കേരളത്തിന്‍റെ വൗവസായ നഗരമായ കൊച്ചിയിലേയ്ക്ക് തീവണ്ടി എത്തുന്നത്. 1902ലാണ് ഷോര്‍ണൂരില്‍ നിന്ന് എറണാകുളത്തേക്ക് ആദ്യമായി തീവണ്ടി ഓടുന്നത്. ആദ്യം ഈ തീവണ്ടിപ്പാത നാരോ ഗേജ് ആയിരുന്നു. 1935 കാലത്താണ് ഇത് ബ്രോഡ്ഗേജ് ആയി മാറുന്നത്. പിന്നീട് അങ്ങോട്ട് കേരളത്തില്‍ തലങ്ങും വിലങ്ങും തീവണ്ടി ഓടി തുടങ്ങി. നിലമ്പൂര്‍ കാടുകളില്‍ നിന്ന് തേക്ക് കടത്താന്‍ വേണ്ടി ഇരുപതാം നൂറ്റാണ്ടിന്‍റെ തുടക്കത്തില്‍ ഷൊര്‍ണ്ണൂര്‍ നിലമ്പൂര്‍ പാത ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി നിര്‍മ്മിച്ചു. ജനങ്ങള്‍ പൊതുവെ കുറവുള്ള പ്രദേശമായിരുന്നു അക്കാലത്ത് നിലമ്പൂര്‍.
തിരുവിതാംകൂറില്‍ റെയില്‍വേ വികസനം ഉണ്ടാകുന്നത് കൊല്ലം ചെങ്കോട്ട റെയില്‍പ്പാത 1890-ല്‍ നിര്‍മ്മിച്ചു തുടങ്ങിയതോടാണ്. 1904-ല്‍ ഇവിടെ നിര്‍മ്മിച്ച മീറ്റര്‍ ഗേജ് പാതയില്‍ തീവണ്ടികള്‍ ഓടിത്തുടങ്ങി. പിന്നീട് 1931 നവംബര്‍ 4-ന് തിരുവനന്തപുരം സ്റ്റേഷന്‍ വരെ ഈ പാത നിലവില്‍ വന്നു. എറണാകുളം കോട്ടയം പാതയില്‍ 1956-ല്‍ ഇന്ത്യന്‍ റെയില്‍വേയുടെ തീവണ്ടികള്‍ കൂകിപ്പാഞ്ഞു. കോട്ടയം കൊല്ലം പാത 1958-ലാണ് നിലവില്‍ വന്നത്. 1976-ല്‍ എറണാകുളം തിരുവനന്തപുരം റെയില്‍പ്പാത ബ്രോഡ്ഗേജ് ആക്കി മാറ്റി. ഏറണാകുളം ആലപ്പുഴ കായംകുളം പാത 1992-ഓടേ ആണ് യാഥാര്‍ത്ഥ്യമായത്. മദ്രാസ് എറണാകുളം പാത 1986-ഓടെ ഇരട്ടിപ്പിച്ചു. തൃശ്ശൂര്‍ ഗുരുവായൂര്‍ റെയില്‍പ്പാത 1994-ല്‍ ആണ് പണിതീര്‍ന്നത്. 2000-ത്തോടെ കായംകുളം- തിരുവനന്തപുരം പാത ഇരട്ടിപ്പിച്ചു.
ഇന്ന് കേരളത്തിലെ ഒട്ടുമിക്ക ജില്ലകളിലൂടെ തീവണ്ടി ഓടുന്നുണ്ട്. ഇപ്പോള്‍ ഇടുക്കി ജില്ലയും വയനാട് ജില്ലയുമാണ് തീവണ്ടി ഓടാത്തത് എന്ന് പറയാം. എന്നാല്‍ 1924 വരെ ഇടുക്കിയിലും തീവണ്ടി ഓടിയിരുന്നു എന്നതാണ് ചരിത്രം. മൂന്നാറില്‍ 1909 മുതല്‍ 1924വരെ ഉണ്ടായിരുന്ന റെയില്‍വേ ആണ് മൂന്നാര്‍ റെയില്‍വേ അല്ലെങ്കില്‍ കുണ്ടല വാലി റെയില്‍വേ എന്നറിയപ്പെടുന്നത്. സ്വകാര്യ ഉള്ളതായിരുന്നു ഇത്. ഇന്ത്യയിലെ ആദ്യത്തെ മോണോ റെയില്‍ സിസ്റ്റം ആയിരുന്നു ഇത്. പിന്നീട് ഇത് 2 അടി വീതിയുള്ള നാരോ ഗേജ് ആക്കിമാറ്റി. 1924 വരെ പ്രവര്‍ത്തന ക്ഷമമായിരുന്ന മൂന്നാര്‍ റെയില്‍വേ 1924 ല്‍ കേരളത്തില്‍ ഉണ്ടായ തൊണ്ണൂറ്റിയൊമ്പതിലെ വെള്ളപ്പൊക്കം എന്നറിയപ്പെടുന്ന പ്രളയത്തില്‍ തകര്‍ന്നു.
ഇത്തരത്തില്‍ ചരിത്രത്തിന്‍റെ ഭാഗമായ മറ്റൊരു റെയില്‍പ്പാതയായിരുന്നു ഇന്ത്യയിലെ മണ്ഡപവും, ശ്രീലങ്കയിലെ സിലോണും തമ്മിലുണ്ടായത്. ഇന്ത്യയില്‍ നിന്നും ശ്രീലങ്കയിലേക്ക് ട്രെയിന്‍ ഉണ്ടായിരുന്നു. രാമേശ്വരം, ധനുഷ്കോടി വഴി ശ്രീലങ്കയുടെ തലസ്ഥാനമായ കൊളംബോയിലേക്ക് 1964 വരെ ഇന്ത്യന്‍ റെയില്‍വേയുടെ തീവണ്ടികള്‍ കൂകിപ്പാഞ്ഞിരുന്നു. ബോട്ട് മെയില്‍ എന്നാതായിരുന്നു ആ ട്രെയിനിന്‍റെ പേര്. 1964 ഡിസിംബര്‍ 22 രാത്രി 11.30. മധുര രാമേശ്വരം വഴി ധനുഷ്കോടിയിലേക്കു പോകുന്ന ബോട്ട് മെയിന്‍ എന്ന ട്രയിന്‍ പാമ്പന്‍ പാലത്തിലൂടെ സഞ്ചരിക്കവെ. ശക്തമായ ചുഴലിക്കാറ്റും കൊടുങ്കാറ്റും ഉണ്ടായി. 110 യാത്രക്കാരും അഞ്ചു ജീവനക്കാരുമുള്‍പ്പെടെ ആ തീവണ്ടിയെ കടലിന്നാഗധതയിലേക്ക് ആ കാറ്റ് വലിച്ചെറിഞ്ഞു. 22, 23 തിയതികളില്‍ ഉണ്ടായ കാറ്റില്‍ തീവണ്ടിപ്പാതയും, സ്റ്റഷനും ധനുഷ്കോടി പട്ടണവും നാമാവശേഷമായി.
ഇന്ത്യന്‍ റെയില്‍വേ നാള്‍ക്കുനാള്‍ വികസിക്കുകയാണ്. ആവി എന്‍ജിനുകളില്‍ നിന്ന് കല്‍ക്കരി തീവണ്ടിയിലേക്കും, കല്‍ക്കരി തീവണ്ടികളില്‍ നിന്ന് വൈദ്യുതി എന്‍ജിനിലേയ്ക്കും വികസിച്ച ഇന്ത്യന്‍ റെയില്‍വേ ഇപ്പോള്‍ വേഗതയുടെ കാര്യത്തിലാണ് ശ്രദ്ധിക്കുന്നത്. ആദ്യകാലങ്ങളില്‍ വളരെ വേഗത കുറഞ്ഞ തീവണ്ടിയാണ് ഉണ്ടായിരുന്നതെങ്കില്‍ അതിന്‍റെ വേഗത നാള്‍ക്ക് നാള്‍ കൂടിക്കൊണ്ടിരിക്കുകയാണ്. ഇന്ത്യയില്‍ ഇന്ന് ഓടുന്ന തീവണ്ടിയില്‍ ഏറ്റവും വേഗതയേറിയത് വന്ദേഭാരത് എക്സ്പ്രസ് ആണ് എന്നുള്ള കാര്യത്തില്‍ ഒരു സംശയവുമില്ല. വന്ദേഭാരത് തീവണ്ടിയുടെ കനക്കുറവാണ് ഈ വേഗതയുടെ മുഖ്യ കാരണം. സാങ്കേതിക വിദ്യയുടെ വളര്‍ച്ചയും മറ്റൊരു കാരണമാണ്. 180 കിലോമീറ്റര്‍ ഒരു മണിക്കൂറില്‍ യാത്ര ചെയ്യുവാന്‍ വന്ദേഭാരത് തീവണ്ടികള്‍ക്ക് സാധിക്കുമെങ്കിലും ഇന്ത്യയിലെ പ്രത്യേക സാഹചര്യത്തില്‍ ഇത്രയും വേഗതയില്‍ സഞ്ചരിക്കാവുന്ന പാതകള്‍ വളരെ കുറവാണ്. മറ്റു തീവണ്ടികളെ അപേക്ഷിച്ച് വന്ദേഭാരതിന് വേഗത കൂടിയിരിക്കുന്നു എന്നുള്ള കാര്യത്തില്‍ സംശയവുമില്ല.
ഇന്ത്യയില്‍ ഓടുന്ന രണ്ടാമത് വേഗതയേറിയ തീവണ്ടി തേജസ് എക്സ്പ്രസ്സാണ്. 551 കിലോമീറ്റര്‍ കൊണ്ട് ബോംബെ ഗോവ പാതയില്‍ ഓടിയെത്തുന്ന തേജസ് എക്സ്പ്രസ് ഇന്ത്യന്‍ റെയില്‍വേയുടെ ചരിത്രത്തില്‍ പ്രത്യേക ശ്രദ്ധ നേടിയ ഒന്നാണ്. ലക്നൗവില്‍ നിന്ന് ഡല്‍ഹിയിലെ ആനന്ദ് വിഹാറിലേക്കും, ന്യൂഡല്‍ഹിയില്‍ നിന്ന് ചണ്ഡിഗഡിലേക്കും തേജസ് എക്സ്പ്രസ് സര്‍വീസ് നടത്തുന്നുണ്ട്. മണിക്കൂറില്‍ 110 കിലോമീറ്റര്‍ മുതല്‍ 162 കിലോമീറ്റര്‍ വേഗതയിലാണ് തേജസ് എക്സ്പ്രസ് സഞ്ചരിക്കുന്നത്. ഏറ്റവും വേഗതയേറിയ മൂന്നാമത്തെ തീവണ്ടി ഗെഡിമാന്‍ എക്സ്പ്രസ്സാണ്. 188 കിലോമീറ്റര്‍ ദൂരമുള്ള ന്യൂഡല്‍ഹി ആഗ്ര റൂട്ടിലാണ് ഒരു മണിക്കൂര്‍ 40 മിനിറ്റ് കൊണ്ട് ഗെഡിമാന്‍ എക്സ്പ്രസ് ഓടുന്നത്. 160 കിലോമീറ്റര്‍ ഒരു മണിക്കൂറില്‍ സഞ്ചരിക്കുവാന്‍ ഈ തീവണ്ടിക്ക് സാധിക്കുന്നു എന്നുള്ളത് പ്രത്യേകതയാണ്. ഭോപ്പാല്‍ ശതാബ്ദി എക്സ്പ്രസ് ആണ് നാലാമത് വേഗതയേറിയ ഇന്ത്യയിലെ തീവണ്ടി. ഡല്‍ഹിയില്‍ നിന്നും മുംബൈയിലേക്ക് പോകുന്ന രാജധാനിയും വേഗതയുടെ കാര്യത്തില്‍ ശ്രദ്ധ പിടിച്ചുപറ്റിയ തീവണ്ടിയാണ്. രാജധാനിയും ശതാബ്ദ്ദിയും കഴിഞ്ഞ് നമ്മള്‍ വന്ദേഭാരതിയില്‍ എത്തി നില്‍ക്കുകയാണ.്
ഇന്ന് രാജ്യത്തോടുന്ന ഏറ്റവും വേഗത കൂടിയ തീവണ്ടി വന്ദേഭാരത് എന്നതിന് താമസിയാതെ മാറ്റം വരും. ബുള്ളറ്റ് ട്രെയിനുകള്‍ ഏതാനും വര്‍ഷം കൊണ്ട് ഇന്ത്യയില്‍ ഓടിത്തുടങ്ങും എന്ന് പ്രഖ്യാപിക്കപ്പെട്ടു കഴിഞ്ഞിരിക്കുന്നു. വിമാന വേഗതയില്‍ അല്ലെങ്കില്‍ പോലും സാധാരണ ജനങ്ങള്‍ക്ക് വളരെ കുറഞ്ഞ പണത്തില്‍ യാത്ര നടത്തുവാനുള്ള സൗകര്യമാണ് തീവണ്ടി ഗതാഗതത്തില്‍ ലഭിക്കുക. കേരളത്തില്‍ ആരംഭിക്കുന്ന വന്ദേഭാരത് രാജ്യത്താകമാനമുള്ള പട്ടണങ്ങളില്‍ ഓടി തുടങ്ങിയിരിക്കുന്നു. ഓടുന്നതിനോടൊപ്പം രാജ്യത്തെ എല്ലാ പട്ടണങ്ങളിലും മെട്രോ തീവണ്ടികളും വന്നത് തീവണ്ടി ഗതാഗതത്തിലെ വികസനത്തിന്‍റെ ഒരു നാഴികക്കല്ലായി തന്നെ വേണം കരുതുവാന്‍.
