പാര്‍ലമെന്‍റ് സ്ട്രീറ്റ്

പാര്‍ലമെന്‍റ് സ്ട്രീറ്റ്

സുധീര്‍ നാഥ്

2023 ഏപ്രില്‍ 15 


കലയെ പ്രണയിച്ച കമ്മ്യൂണിസ്റ്റ്: സുനീത്ത് ചോപ്ര

കര്‍ഷക സംഘം നേതാവ്, കമ്മ്യൂണിസ്റ്റ് നേതാവ്, എഴുത്തുകാരനും, കലാസ്വാദകനും എന്ന നിലകളിലെല്ലാം അറിയപ്പെടുന്ന വ്യത്യസ്ഥനായ വ്യക്തിയായിരുന്നു അടുത്തിടെ അഅന്തരിച്ച സുനീത്ത് ചോപ്ര. രാജ്യ തലസ്ഥാനമായ ഡല്‍ഹിയിലെ രാംലീല മൈതാനിയില്‍ മസ്ദൂര്‍-കിസാന്‍ റാലി നടക്കുമ്പോള്‍ സി.പി.എം. കേന്ദ്ര ആസ്ഥാനമായ എ.കെ.ജി. ഭവനില്‍ അവസാനയാത്രയ്ക്ക് സുനീത്ത് ചോപ്രയുടെ ശരീരം എത്തിയിരുന്നു. രാജ്യത്തിന്‍റെ എല്ലാ ഭാഗത്തു നിന്നും റാലിക്ക് എത്തിയ കര്‍ഷക നേതാക്കള്‍ ചോപ്രയ്ക്ക് അവസാന യാത്രാ മൊഴി നല്‍കാന്‍ എ.കെ.ജി. ഭവനില്‍ എത്തി. ഡല്‍ഹിയിലെന്നല്ല രാജ്യത്തെ മിക്ക പ്രധാന കലാ പ്രദര്‍ശന കേന്ദ്രങ്ങളിലും സുനീത്ത് ചോപ്ര എത്തുമായിരുന്നു. പ്രദര്‍ശനം കാണുക മാത്രമല്ല, തന്‍റെ അഭിപ്രായങ്ങള്‍ വെട്ടിതുറന്ന് പറയും. ഓരോ ചിത്രങ്ങളും കണ്ട് തന്‍റെ നിലപാടും, താന്‍ മനസിലാക്കിയതും വിവരിക്കും. തന്‍റെ ഡയറിയില്‍ കുറിക്കും. അതുകൊണ്ട് തന്നെ സുനീത്ത് ചോപ്രയുടെ കലാസ്വാദന ലേഖനങ്ങള്‍ക്ക് വലിയ സ്വീകാര്യത ഉണ്ടായിരുന്നു. തുടക്കകാരായ ചിത്രകാരന്‍മാരെ അദ്ദേഹം വലിയ അളവില്‍ പ്രോത്സാഹിപ്പിക്കുമായിരുന്നു. ഇന്ന് പ്രശസ്തരായ രാജ്യത്തെ പ്രമുഖ ചിത്രകാരന്‍മാര്‍ക്ക് സുനീത്ത് ചോപ്രയുടെ സഹായം വാക്കുകളില്‍ ലഭിച്ചവരാണ്. ലേഖകനെ കുറി്വ് ആദ്യമായി ദേശിയ മാധ്യമമായ ഹിന്ദുസ്ഥാന്‍ ടൈംസില്‍ ആദ്യമായി എഴുതിയത് സുനീത്ത് ചോപ്രയാണ്. സുനീത്ത് ചോപ്ര ഒരു ധനിക കുടുംബത്തിലെ അംഗമാണ്. സ്ക്കൂളില്‍ വീട്ടിലെ അംബാസിഡര്‍ കാറില്‍ വന്നിരുന്ന കുട്ടി, ജെ.എന്‍.യുവില്‍ പഠിതാവായതോടെ ജീവിത രീതി മാറ്റി. പിന്നീട് കര്‍ഷകരുടെ ഉന്നമനത്തിനായി ജീവിതം മാറ്റിവെച്ച് സാധാരണക്കാരനായി. 1941 ഡിസംബര്‍ 24ന് അവിഭക്ത പഞ്ചാബിലെ ലാഹോറിലാണ് ചോപ്ര ജനിച്ചത്. ഡല്‍ഹിയിലെ മോഡേണ്‍ സ്കൂള്‍, സെന്‍റ് കൊളംബാസ് സ്കൂള്‍, കല്‍ക്കട്ട സെന്‍റ് സേവ്യേഴ്സ് കോളേജ് എന്നിവിടങ്ങളിലെ പഠനത്തിനു ശേഷം ലണ്ടന്‍ സര്‍വകലാശാലയിലെ സ്കൂള്‍ ഓഫ് ഓറിയന്‍റല്‍ ആന്‍ഡ് ആഫ്രിക്കന്‍ സ്റ്റഡീസില്‍  വിദ്യാര്‍ഥിയായിരിക്കെ രാഷ്ട്രീയപ്രവര്‍ത്തനം ആരംഭിച്ചു. പഠനം പൂര്‍ത്തിയാക്കിയശേഷം പലസതീനിലേക്ക് പോയി അവിടെ പലസ്തീന്‍ വിമോചന പ്രസ്ഥാനത്തില്‍ പ്രവര്‍ത്തിച്ചു. പിന്നീട് ന്യൂഡല്‍ഹിയിലെ ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയില്‍ പ്രാദേശിക വികസന പഠനം തുടങ്ങി. സംഘടനാ പ്രവര്‍ത്തനത്തില്‍ സജീവമായി. ജെ.എന്‍.യു. സ്റ്റുഡന്‍റ്സ് യൂണിയന്‍റെ  ഭരണഘടന എഴുതിയുണ്ടാക്കിയതില്‍ ഒരാളാണ്. അടിയന്തരാവസ്ഥയുടെ പേരില്‍ ജെ.എന്‍.യുവില്‍ നിന്നു പുറത്താക്കപ്പെട്ട രണ്ടു വിദ്യാര്‍ഥി നേതാക്കളില്‍ ഒരാളാണ് സുനീത് ചോപ്ര. രണ്ടാമന്‍ പ്രകാശ് കാരാട്ട്. ഇവര്‍ക്ക് വേണ്ടി എ.കെ.ജി. ശക്തമായി ജെ.എന്‍.യു. അധിക്യതരുമായി ഇടപെട്ടത് ചരിത്രമാണ്. അപാരമായ കലാ ആസ്വാദനവും, എഴുത്തും കൊണ്ട് അദ്ദേഹം എഴുത്തുകാര്‍ക്കിടയിലും, രാഷ്ട്രീയ ദിശാബോധം ലളിതമായി അവതരിപ്പിച്ച് കര്‍ഷകര്‍ക്കിടയിലും സുനീത്ത് ചോപ്ര ജനകീയമായിരുന്നു. അദ്ദേഹത്തിന്‍റെ ജീവിതത്തിലെ ലാളിത്യവും അടിമുടി സാധാരണക്കാര്‍ക്കൊപ്പം ലയിച്ചു ചേര്‍ന്നുള്ള സമീപനവും എല്ലാ രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്കും മാത്യകയാണ്. തൊഴിലാളിവര്‍ഗ സാര്‍വദേശീയതയുടെ ഉജ്ജ്വലനായ വക്താവിന്‍റെ ഇടമാണ് അദ്ദേഹത്തിന്‍റെ വിയോഗത്തിലൂടെ ഇടതുപക്ഷത്തിനുള്ള നഷ്ടം.  

ആനകളില്ലാത്ത പൂരങ്ങള്‍ വ്യാപകമാകുന്നു

ആനകള്‍ ഇല്ലാതെ അംബാരി ഇല്ലാതെ 

ആറാട്ട് നടക്കാറുണ്ട് ഇവിടെ...

പഴയ ഒരു സിനിമാ ഗാനമാണ്. 1979ല്‍ ഇറങ്ങിയ തെരുവ് ഗീതം എന്ന സിനിമയ്ക്ക് ബിച്ചു തിരുമല എഴുതി ജയ വിജയന്‍ സംഗീതം നല്‍കി യേശുദാസ് പാടിയ പാട്ടിലെ വരികളാണ്... പക്ഷെ... ഇപ്പോള്‍ കേരളത്തിലും ക്ഷേത്ര ആറാട്ടിന് ആനകള്‍ ഉണ്ടാകില്ല എന്ന സ്ഥിതി വന്നിരിക്കുന്നു. ഈ പഴയ ഗാനം അന്ന് എഴുതിയവരോ, സംഗീതം നല്‍കിയവരോ, പാടിയവരോ, കേട്ടവരോ ഒരിക്കല്‍ പോലും അത് സംഭവിക്കുമെന്ന് വിശ്വസിച്ചിരുന്നില്ല. പക്ഷേ ഇന്ന് ആറാട്ടിന് ആനകള്‍ ഇല്ലാതെയും നടക്കുന്നു എന്നുള്ളത് ഒരു യാഥാര്‍ത്ഥ്യമാണ.് ആനകളില്ലാത്ത അംബാരി ഇല്ലാത്ത ഒരു ഉത്സവവും നമ്മുടെ നാടുകളില്‍ നടക്കുന്നു എന്നുള്ളത് ഒരു ഞെട്ടലോടു കൂടി തന്നെയാണ് പഴയ തലമുറക്കാര്‍ കാണുന്നത.് മനസില്‍ താളമേളങ്ങള്‍ ഉള്ളത് കൊണ്ടാണ്ടാണ് പ്രവാസികള്‍ പൂരങ്ങളും ഉത്സവങ്ങളും വിജയിപ്പിക്കുന്നത്. വടക്കേ ഇന്ത്യയില്‍ വ്യാപകമായി ക്ഷേത്രങ്ങളിലെ ആറാട്ടുകള്‍ക്ക് ആനകള്‍ ഇപ്പോള്‍ ഉണ്ടാകാറില്ല. രാജ്യതലസ്ഥാനത്ത് പൂര്‍ണ്ണമായും ആനയെ നിരോധിച്ചു. പകരം കുതിരയും, കുതിര വണ്ടിയുമാണ് ഉള്ളത്. ഡല്‍ഹിയിലെ രോഹിണിയിലുള്ള അയ്യപ്പ ക്ഷേത്രത്തില്‍ മുന്‍ വര്‍ഷങ്ങളില്‍ നടന്നിരുന്ന പള്ളിവേട്ടയിലും, ആറാട്ടിലും കുതിര വണ്ടി കണ്ടത് മുതല്‍ മറ്റ് ക്ഷേത്രങ്ങളും ഇതേ ശൈലി പിന്തുടരുകയാണ്. ആനകളെ കിട്ടാനുള്ള പ്രയാസം. സര്‍ക്കാരിന്‍റെ അനുമതി എന്ന കടമ കടക്കുവാനുള്ള പ്രയാസം. എല്ലാം കണക്കിലെടുത്താണ് പള്ളിവേട്ടെയ്ക്കും, ആറാട്ടിനും കുതിര വണ്ടി തയ്യാറാക്കിയതെന്നാണ് രോഹിണി ക്ഷേത്ര ഭാരവാഹികള്‍ പറയുന്നത്. പുതിയ വന്യ മ്യഗ സംരക്ഷണ നിയമ പ്രകാരം ആനകളെ പരിപാലിക്കുന്നതിനും വളര്‍ത്തുന്നതിനും, പൊതുസ്ഥലങ്ങളില്‍ പ്രദര്‍ശിപ്പിക്കുന്നതിലും കര്‍ശന നിയന്ത്രണമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഗോവയിലെ വാസ്ക്കോ അയ്യപ്പ ക്ഷേത്രത്തില്‍ 2019 ജനുവരിയില്‍ ഉത്സവത്തില്‍ കൊണ്ടു വന്ന ആനയെ വനം വകുപ്പ് പിടിച്ചുകൊണ്ടു പോയി കര്‍ണ്ണാടകയിലെ റീഹാബിലേഷന്‍ സെന്‍ററില്‍ പാര്‍പ്പിച്ചിരിക്കുകയാണ്. ഈ കുറിപ്പ് എഴുതുന്നത് വരെ ക്ഷേത്ര ഭാരവാഹികളായ പ്രസാദും സംഘവും, ആന ഉടമയും കോടതികള്‍ കയറി ഇറങ്ങി ആനയുടെ മോചനത്തിനായി സുപ്രീം കോടതിയില്‍ വരെ നടക്കുകയാണ്. ഉത്സവങ്ങള്‍ക്ക് ആനയെ എഴുന്നള്ളിക്കുന്നതിന് അനുകൂല വിധി പുറപ്പെടുവിച്ചിട്ടുണ്ട്. അതി് എതിരായി നാളിതുവരെ ഒരു കോടതിയും ഒരു ഉത്തരവും ഇറക്കിയിട്ടുമില്ല.

മൂത്രം ഒഴിക്കുന്നതും ലൈവ് റിപ്പോര്‍ട്ടിങ്ങ്...കഷ്ടം...!

മാധ്യമ ലോകത്തിന് തന്നെ നാണക്കേട് ഉണ്ടാക്കി കൊണ്ടാണ് കുപ്രസിദ്ധ ഗാങ്സ്റ്റര്‍ ആത്തിക്ക് അഹമ്മദിനെ അറസ്റ്റ് ചെയ്തു കൊണ്ടുപോകുന്നത് നമ്മുടെ വടക്കേ ഇന്ത്യയിലെ പ്രമുഖ ദേശിയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. കൊടും കുറ്റവാളിയായ ആത്തിക്ക് അഹമ്മദിനെ  ഗുജറാത്തിലെ സബര്‍മതിയിയില്‍ നിന്ന് ഉത്തര്‍ പ്രദേശിലെ പ്രയാഗ്രാജിലേയ്ക്ക് 1300 കിലോമീറ്റര്‍ കൊണ്ടുപോയപ്പോള്‍ അയാള്‍ മൂത്രമൊഴിക്കുന്നത് പോലും ഇന്ത്യയിലെ പ്രശസ്തമായ ഹിന്ദി ചാനലുകള്‍ ലൈവ് റിപ്പോര്‍ട്ടിംഗ് നടത്തിയിരിക്കുന്നു. മൂന്ന് തവണയാണ് അയാള്‍ മൂത്രമൊഴിക്കാന്‍ ഇറങ്ങിയതെന്ന കണക്കും ഒരു തവണ സ്ത്രീകളുടെ ടോയ്ലെറ്റിലാണ് മൂത്രം ഒഴിച്ചതെന്നതും റിപ്പോര്‍ട്ട് ചെയ്തു. ആജ്ത്തക്ക്, ന്യസ്18, റിപ്പബ്ലിക്ക്, എ.ബി.പി., ഇന്ത്യ ടി.വി, തുടങ്ങിയ മാധ്യമങ്ങളാണ് ഇങ്ങനെ സാഹസിക റിപ്പോര്‍ട്ടിങ്ങ് നടത്തിയത്. 1300 കിലോമീറ്റര്‍ യാത്രയില്‍ വാഹനങ്ങള്‍ക്ക് ഡീസല്‍ നിറച്ചത് പോലും ദേശിയ മാധ്യമങ്ങള്‍ എന്ന് അവകാശപ്പെടുന്ന ഇവര്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു.  ഇത് താടിക്ക് കൈ വെച്ച അല്ലാതെ, കഷ്ടം എന്ന് പറയാതെ, എന്ത് ദുരന്തം എന്ന് പറയാതെ, മാധ്യമ പ്രവര്‍ത്തകര്‍ക്കോ, കാഴ്ചക്കാര്‍ക്കോ കണ്ടുനില്‍ക്കാന്‍ ആകുമോ...? അല്‍പ്പ വസ്ത്രമണിഞ്ഞ് ഡാന്‍സ് ചെയ്യുന്നതു പോലും വളരെ മോശം എന്നു പറയുന്ന ഈ സമൂഹത്തില്‍ മലമൂത്രവിസര്‍ജനം നടത്തുന്ന ലൈവ് വാര്‍ത്ത വന്നാല്‍ എന്ത് പറയണം എന്നറിയുമോ...?  പ്രമുഖ ചാനലുകള്‍ വാര്‍ത്താവേളയില്‍ സംരക്ഷണം ചെയ്യ്ത ഈ വ്യത്തികേടിനെ അപലപിച്ചേ മതിയാകൂ. ടി.പി.ആറിനു വേണ്ടി കാഴ്ചക്കാരുടെ എണ്ണം വര്‍ദ്ധിപ്പിക്കുന്നതിന് കാണിക്കുന്ന വ്യത്തികേടുകള്‍ക്കും തെമ്മാടിത്തരങ്ങള്‍ക്കും കൂച്ചു വിലങ്ങിടേണ്ട കേന്ദ്ര സര്‍ക്കാരിന്‍റെ വാര്‍ത്താ പ്രക്ഷേപണ മന്ത്രാലയം ഉറക്കത്തിലാണ്. മീഡിയാ വണ്ണിന് മേല്‍ വിലക്ക് കല്‍പ്പിച്ച ആവേശം ഇവിടേയും കാണിക്കേണ്ടതായിരുന്നു. മൂത്രമൊഴിച്ച സ്ഥലവും രണ്ടാമത് മൂത്രമൊഴിക്കാന്‍ കയറിയ മുറിയും മറ്റും നമ്മുടെ വീടുകളിലെ കൊച്ചു ടി.വി. സെറ്റില്‍ വരുന്ന വാര്‍ത്തകളിലൂടെ മലിനമായത് വകുപ്പ് മേധാവികള്‍ കാണാതെ പോകരുത്. മലിനമായിക്കൊണ്ടിരിക്കുന്ന മാധ്യമ രംഗത്തിന്‍റെ ഒരു നേര്‍ക്കാഴ്ചയായി ഇതിനെ കാണണം. തിരുത്തലുകള്‍ ആവശ്യമായ മാധ്യമ ലോകമാണ് നമുക്ക് മുന്നിലുള്ളത് എന്ന് നാം തിരിച്ചറിയണം. രാജ്യത്തെ ശ്രദ്ധേയ ഓണ്‍ലൈന്‍ മാധ്യമമായ ന്യൂസ് ലോഡ്രിയാണ് ഈ വാര്‍ത്ത ലോകത്തെ അറിയിച്ചത്. സ്വതന്ത്ര മാധ്യമങ്ങള്‍ ജനാധിപത്യത്തിന്‍റെ ആരോഗ്യകരമായ നടത്തിപ്പിന് നിര്‍ണായകമാണ്. അധികാരത്തിലുള്ളവരോട് സത്യം പറയുകയും പൗരര്‍ക്കു മുന്നില്‍ കഠിന യാഥാര്‍ഥ്യങ്ങള്‍ അവതരിപ്പിക്കുകയും ചെയ്യേണ്ടത് മാധ്യമങ്ങളുടെ കടമയാണ്. പക്ഷെ യാഥാര്‍ത്ഥ്യങ്ങള്‍ അതേപോലെ ലൈവ് ചെയ്യുന്നത് അപകടകരവുമാണ്.