പാര്‍ലമെന്‍റ് സ്ട്രീറ്റ്

പാര്‍ലമെന്‍റ് സ്ട്രീറ്റ്

സുധീര്‍ നാഥ്

2023 മാര്‍ച്ച് 01 


ഒടുവില്‍ ഡല്‍ഹിക്ക് മേയറായി... പക്ഷെ...

രാജ്യത്തിന്‍റെ സുപ്രീം കോടതി ഡല്‍ഹി കോര്‍പ്പറേഷനിലേക്ക് ലെഫ്. ഗവര്‍ണര്‍ നാമനിര്‍ദേശം ചെയ്ത ബി.ജെ.പി.ക്കാരായ പത്ത് അംഗങ്ങള്‍ക്ക് വോട്ടവകാശം ഇല്ലെന്ന് വിധിച്ചു. മേയര്‍ തിരഞ്ഞെടുപ്പ് ഉടന്‍ പൂര്‍ത്തിയാക്കണമെന്ന് സുപ്രീം കോടതി നിര്‍ദേശിക്കുകയും ചെയ്തതോടെയാണ് മേയര്‍ തിരഞ്ഞെടുപ്പ് നടന്നത്. കോര്‍പ്പറേഷനിലേക്ക് ലെഫ്. ഗവര്‍ണര്‍ നാമനിര്‍ദേശം ചെയ്ത ബി.ജെ.പി.ക്കാരായ പത്ത് അംഗങ്ങള്‍ക്ക് വോട്ടവകാശം നല്‍കാനുള്ള ബി.ജെ.പി. അംഗംകൂടിയായ വരണാധികാരിയുടെ തീരുമാനത്തിന്‍റെ പേരിലുമായിരുന്നു ബഹളം. അതാണ് സുപ്രീം കോടതി വോട്ടവകാശം ഇല്ലെന്ന് വിധിച്ചത്. രണ്ടുമാസത്തിലേറെ നീണ്ട അനശ്ചിതത്വത്തിനുശേഷം ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷനില്‍ മേയര്‍ സ്ഥാനം ആം ആദ്മി പാര്‍ട്ടി കരസ്ഥമാക്കി. ഷെല്ലി ഒബ്രോയ് ആണ് പുതിയ മേയര്‍. ഓരോ വര്‍ഷവും മാറുന്ന തരത്തിലാണ് മേയര്‍ പദവി തിരഞ്ഞെടുപ്പ് ഡല്‍ഹിയില്‍ നടക്കുന്നത്. ഇത്തവണ മേയര്‍ സ്ഥാനത്തേക്ക് വനിതാ സംവരണമാണ്. അടുത്തതവണ ജനറല്‍ വിഭാഗത്തിലും അതിനടുത്ത വര്‍ഷം സംവരണ വിഭാഗത്തിനുമായിരിക്കും മേയര്‍ പദവി. അവസാന രണ്ടുവര്‍ഷം പൊതുവിഭാഗത്തിനാണ്. ആകെ പോള്‍ചെയ്ത 266 വോട്ടില്‍ 150 വോട്ടും ഷെല്ലി ഒബ്രോയ് നേടിയപ്പോള്‍ ബി.ജെ.പി. സ്ഥാനാര്‍ഥിയായ രേഖാ ഗുപ്തയ്ക്ക് 116 വോട്ടേ ലഭിച്ചുള്ളൂ. 31 വോട്ടിന്‍റെ ഭൂരിപക്ഷത്തില്‍ ആം ആദ്മി പാര്‍ട്ടിയുടെ ആലേ മുഹമ്മദ് ഷാ ഡെപ്യൂട്ടി മേയര്‍ സ്ഥാനത്തേക്കും വിജയിച്ചു. ജനുവരിയില്‍ രണ്ടുതവണ സഭ സമ്മേളിച്ചിരുന്നെങ്കിലും തിരഞ്ഞെടുപ്പ് നടത്താനായില്ല. ഫെബ്രുവരി 6ന് മൂന്നാമത് ചേര്‍ന്ന യോഗവും തല്ലി പിരിയുകയായിരുന്നു. 15 വര്‍ഷം തുടര്‍ച്ചയായി ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ ഭരിച്ചത് ബി.ജെ.പിയായിരുന്നു. 2022 ഡിസംബറില്‍ നടന്ന തിരഞ്ഞെടുപ്പില്‍, ഡല്‍ഹിയിലെ കോര്‍പ്പറേഷനുകളില്‍ ബി.ജെ.പി.യെ അട്ടിമറിച്ച് ആം ആദ്മി പാര്‍ട്ടി 250-ല്‍ 134 സീറ്റിലും ജയിച്ചിരുന്നു. ബി.ജെ.പി.ക്ക് 104 സീറ്റും, കോണ്‍ഗ്രസിന് ഒമ്പതു സീറ്റും ലഭിച്ചു. പക്ഷെ സ്റ്റാന്‍ഡിങ് കമ്മിറ്റിയിലേക്കുള്ള ആറ് അംഗങ്ങളുടെ തിരഞ്ഞെടുപ്പിനെച്ചൊല്ലി വീണ്ടും അടി തുടങ്ങി. മാധ്യമങ്ങളുടെ ക്യാമറക്കണ്ണുകള്‍ക്കു മുന്നിലാണ് ഈ രാഷ്ട്രീയ നാടകങ്ങളെല്ലാം അരങ്ങേറുന്നത്. മുമ്പ് മൂന്നായിരുന്ന കോര്‍പ്പറേഷനുകളെ ലയിപ്പിച്ചശേഷം നടന്ന ആദ്യ തിരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടിയാണ് കൂടുതല്‍ സീറ്റുനേടിയത് എന്നത് ബി.ജെ.പിയെ വല്ലാതെ ചൊടിപ്പിച്ചിട്ടുണ്ട്.

സൂക്ഷിക്കുക... നിങ്ങളേയും അറസ്റ്റ് ചെയ്യും... 

കോണ്‍ഗ്രസ് പ്ലീനറി സമ്മേളനത്തിന് ഛത്തീസ്ഗഢിലെ റായ്പുരിലേക്ക് പുറപ്പെട്ട മുതിര്‍ന്ന നേതാവും വക്താവുമായ പവന്‍ ഖേരയെ വിമാനത്തില്‍നിന്നിറക്കി അറസ്റ്റു ചെയ്തത് ഫെബ്രുവരി 23നാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായ വിവാദ പ്രസ്താവനയെ ചൊല്ലിയുള്ള കേസിലാണ് അസം പോലീസിന്‍റെ അസാധാരണ നടപടി. വ്യവസായി ഗൗതം അദാനിയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ ഉയരുന്നതിനിടെ, പവന്‍ ഖേര പത്രസമ്മേളനത്തില്‍ പ്രധാനമന്ത്രിയെ 'ഗൗതം ദാസ് മോദി'യെന്നുവിളിച്ച് പരിഹസിച്ചതാണ് വിവാദമായത്. മോദിയുടെ പേര് 'ദാമോദര്‍ ദാസ്' എന്നാണെങ്കിലും ജോലി 'ഗൗതം ദാസി'ന്‍റേതാണെന്നും ഖേര കളിയാക്കിയിരുന്നു. മദ്യനയവുമായി ബന്ധപ്പെട്ട കേസില്‍ ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ സി.ബി.ഐ. അറസ്റ്റ് ചെയ്തത് ഫെബ്രുവരി 26നാണ്. സിസോദിയയെ അറസ്റ്റ് ചെയ്യപ്പെട്ടേക്കുമെന്ന ഊഹാപോഹങ്ങള്‍ മുന്‍പേ ഉണ്ടായിരുന്നത് കൊണ്ട് ആം ആദ്മി പാര്‍ട്ടി വലിയ പ്രതിഷേധ പരിപാടികളാണ് അറസ്റ്റിന് മുന്‍പ് തന്നെ രാജ്യതലസ്ഥാനത്ത് സംഘടിപ്പിച്ചിരുന്നത്. മദ്യവില്‍പ്പന പൂര്‍ണമായി സ്വകാര്യവത്കരിക്കുന്ന 2022 നവംബറിലെ ഡല്‍ഹി എക്സൈസ് നയമാണ് വിവാദത്തിനാധാരം. മദ്യ നയം രൂപവത്കരിച്ചതിലും നടപ്പാക്കിയതിലും ക്രമക്കേടുകളുണ്ടെന്ന ചീഫ് സെക്രട്ടറിയുടെ റിപ്പോര്‍ട്ടിന്മേല്‍ ലെഫ്. ഗവര്‍ണര്‍ സി.ബി.ഐ. അന്വേഷണത്തിന് ശുപാര്‍ശചെയ്തു. മദ്യനയത്തിലെ ക്രമക്കേട് സംബന്ധിച്ച ആരോപണങ്ങളിലാണ് സി.ബി.ഐ. കേസെടുത്തിരിക്കുന്നത്. മദ്യനയത്തിലെ ക്രമക്കേടുകളുടെ പേരില്‍ എക്സൈസ് മന്ത്രിയായ സിസോദിയ അടക്കം 15 പേര്‍ക്കെതിരേയായിരുന്നു കേസെടുത്തിരുന്നത്. ഇ.ഡി.യും കേസന്വേഷിക്കുന്നുണ്ട്. മദ്യനയവുമായി ബന്ധപ്പെട്ട് സിസോദിയ അടക്കം ഇതുവരെ പത്തുപേര്‍ അറസ്റ്റിലായിട്ടുണ്ട്. ഇത് ഒരു തുടക്കം മാത്രമെന്നും, അടുത്തത് കേജരിവാളെന്നും ബി.ജെ.പി. പരസ്യമായി പ്രഖ്യാപിച്ചു കഴിഞ്ഞു. ജനാധിപത്യത്തിന്‍റെ കറുത്ത ദിനമെന്നാണ് ആം ആദ്മി പ്രതികരണം. രാജ്യത്ത് അപ്രഖ്യാപിത അടിയന്തിരാവസ്ഥയാണ് നടക്കുന്നതെന്ന് പ്രതിപക്ഷം പറയുമ്പോള്‍ ജനങ്ങള്‍ അതിനെ അനുകൂലിക്കുന്നു. ജനങ്ങള്‍  ചുറ്റിലും നടക്കുന്നത് കാണുന്നുണ്ട് കേള്‍ക്കുന്നുണ്ട്. മോദിയെ വിമര്‍ശിച്ച ബി.ബി.സി. ഡോക്കുമെന്‍ട്രി വിവാദം ഏറെ പ്രശസ്തമാണ്. ഇന്ത്യന്‍ സര്‍ക്കാര്‍ ലോകത്തിന് മുന്നില്‍ ഇളിഭ്യരായ കാഴ്ച്ച കണ്ടതിന് ശേഷം നടന്നതാണ് മേല്‍ പറഞ്ഞ സംഭവങ്ങള്‍. അദാനയെ കേന്ദ്ര സര്‍ക്കാര്‍ വഴിവിട്ട് സഹായിക്കുന്നത് വിമര്‍ശിക്കുന്നവരെല്ലാം രാജ്യദ്രോഹികളാണ് എന്ന സ്ഥിതിയാണ് രാജ്യത്ത്. രാജാവ് നഗ്നനാണെന്ന് പറഞ്ഞ കുട്ടിയെ ക്രൂശിച്ച കഥ വ്യാപകമായി ഇപ്പോള്‍ പ്രചരിക്കുന്നുണ്ടെങ്കില്‍ കുറ്റം പറയുവാന്‍ പറ്റുമോ...?

മാദ്ധ്യമങ്ങളെ കാവിപൂശുന്നു...

വാര്‍ത്താ മാധ്യമങ്ങളെ കാവി പൂശാനുള്ള സംഘപരിവാര്‍ ശ്രമം തുടങ്ങിയിട്ട് വര്‍ഷങ്ങളായി. രാജ്യത്തെ ഒട്ടുമിക്ക സ്വതന്ത്ര മാധ്യമങ്ങളും ഇപ്പോള്‍ അതല്ലാതായി മാറിയിരിക്കുന്നു. അത് അങ്ങേയറ്റം അപലപനീയമാണ് എന്ന കാര്യത്തില്‍ സംശയമില്ല. പുതിയ റിപ്പോര്‍ട്ടകള്‍ പ്രകാരം, പ്രസാര്‍ ഭാരതിയുടെ വാര്‍ത്താ സ്രോതസ്സായി പ്രവര്‍ത്തിച്ചു പോന്നിരുന്ന രാജ്യത്തെ പ്രമുഖ വാര്‍ത്താ ഏജന്‍സികളായ പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യയെയും (പി.ടി.ഐ), യു.എന്‍.ഐയുടെയും സേവനങ്ങളവസാനിപ്പിച്ചാണ് പ്രസാര്‍ ഭാരതി ആര്‍.എസ്.എസ്. വാര്‍ത്താ ഏജന്‍സിയുമായി 7.7 കോടി രൂപയ്ക്ക് രണ്ട് വര്‍ഷത്തെ കരാര്‍ ഒപ്പിട്ടത്. മോദി സര്‍ക്കാര്‍ ഒപ്പിട്ട പുതിയ വാര്‍ത്താ ഏജന്‍സി വിശ്വ ഹിന്ദു പരിഷത് സ്ഥാപകനായ ശിവ്റാം ശങ്കര്‍ ആപ്തെ സ്ഥാപിച്ച ഹിന്ദുസ്ഥാന്‍ സമാചാര്‍ ആണ്. 2023 ഫെബ്രുവരി 14ന് വാലന്‍റയിന്‍സ് ദിനമാണ് പ്രസാര്‍ ഭാരതി ഹിന്ദുസ്ഥാന്‍ സമാചാറുമായി കരാറില്‍ ഒപ്പിട്ടത്. 2017 മുതല്‍ പ്രസാര്‍ ഭാരതിക്ക് ആര്‍.എസ്.എസ്. വാര്‍ത്താ ഏജന്‍സിയായ ഹിന്ദുസ്ഥാന്‍ സമാചാര്‍ സൗജന്യമായി വാര്‍ത്തകള്‍ നല്‍കി വരികയായിരുന്നു. അധികാരത്തില്‍ വന്നത് മുതല്‍ ദൂരര്‍ശനും, ആള്‍ ഇന്ത്യാ റേഡിയോയും നിയന്ത്രിക്കുന്ന പ്രസാര്‍ ഭാരതിയെ സംഘപരിവാറിന്‍റെ മെഗാഫോണായി ഉപയോഗിക്കാന്‍ തുടങ്ങിയത് വലിയ വിമര്‍ശനങ്ങള്‍ വിളിച്ച് വരുത്തിയിരുന്നു. ത്രിപുര മുഖ്യമന്ത്രിയായിരിക്കെ മണിക്ക് സര്‍ക്കാരിന്‍റെ സ്വാതന്ത്ര്യദിന പ്രസംഗം പ്രക്ഷേപണം ചെയ്യാതെ തടഞ്ഞുവെച്ച പ്രസാര്‍ ഭാരതി ആര്‍.എസ്.എസ്. മേധാവി മോഹന്‍ ഭാഗവതിന്‍റെ വിജയദശമി പ്രസംഗം തത്സമയം സംപ്രേഷണം ചെയ്തത് ഏറെ വിവാദമായതാണ്. അങ്ങനെയുള്ള ശ്രമത്തിന് പൂര്‍ണത വരുത്തുന്നതാണ് പുതിയ തീരുമാനം. ഒരുവശത്ത് പ്രമുഖ ഇന്ത്യന്‍ മാധ്യമങ്ങളെ കോര്‍പ്പറേറ്റുകള്‍ സ്വന്തമാക്കുന്നു. മറുവശത്തു ഔദ്യോഗിക മാധ്യമങ്ങളെ സംഘപരിവാര്‍ തന്നെ വരുതിയിലാക്കുന്നു. വിയോജിപ്പിന്‍റെ ഒരു സ്വരവും പുറത്തുവരരുത് എന്ന ഫാസിസ്റ്റ് രീതി അപകടകരമാണെന്നത് മതനിരപേക്ഷ ജനാധിപത്യ സമൂഹം തിരിച്ചറിയണം.

രാജ്യതലസ്ഥാനത്ത് കലാ സാംസ്കാരിക സംഗമങ്ങള്‍

കോവിഡ് കാലത്തിന് ശേഷം രാജ്യമാകെ കലാ സാംസ്കാരിക രംഗം ഉണര്‍ന്ന് കഴിഞ്ഞു. എല്ലാവര്‍ഷവും ഫെബ്രുവരി മാര്‍ച്ച് മാസം രാജ്യതലസ്ഥാനമായ ഡല്‍ഹിയില്‍ സാംസ്കാരിക കലാ പ്രവര്‍ത്തനങ്ങളുടെ വലിയ വേദികളാകാറുണ്ട്. കോവിഡ് കാലത്ത് മങ്ങിയ കാലമാണ് ഇപ്പോള്‍ തിരിച്ചുവന്നിരിക്കുന്നത്. ഡല്‍ഹിയിലെ മണ്ഡി ഹൗസിനും ചുറ്റിലുമുള്ള പ്രദേശങ്ങളിലും, ഓരോ തിയറ്ററുകളിലും എല്ലാ ദിവസവും വൈകുന്നേരം പ്രശസ്തരും പ്രഗല്‍ഭരമായ കലാകാരന്മാരുടെ അവതരണങ്ങള്‍ ഇപ്പോള്‍ നടക്കുന്നു. വലിയ ജനക്കൂട്ടമാണ് കോവിഡിന് ശേഷം സംഗീത പരിപാടികളിലും നൃത്ത പരിപാടികളിലും മറ്റു കലാപ്രദര്‍ശനങ്ങളിലും മറ്റും ആസ്വദിക്കാന്‍ എത്തിച്ചേരുന്നത്. മുന്‍കാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി ജാഗ്രതയോടെയാണ് എല്ലാ കലാകേന്ദ്രങ്ങളിലും പരിപാടികള്‍ അവതരിപ്പിക്കപ്പെടുന്നത്. കഥകളിയും, നാടകവും, ന്യത്തവും, സംഗീതവും, ചിത്ര പ്രദര്‍ശനങ്ങളും എല്ലാം ഇവിടെ നടക്കുന്നു. സാഹിത്യ ചര്‍ച്ചകളും, സെമിനാറുകളും, പുസ്തകോത്സവങ്ങളും നടക്കുന്നുണ്ട്. കേന്ദ്ര സംഗീത നാടക അക്കാദമി, സാഹിത്യ അക്കാദമി, ലളിത കലാ അക്കാദമി, സ്ക്കൂള്‍ ഓഫ് ഡ്രാമ തുടങ്ങി ഒട്ടേറെ കേന്ദ്ര സര്‍ക്കാരിന് കീഴിലെ സ്ഥാപനങ്ങളും, സ്വകാര്യ കലാ സ്ഥാപനങ്ങളുമാണ് മണ്ഡി ഹൗസിനെ കലാ സാംസ്കാരിക മാമാങ്കമാക്കുന്നത്. രാജ്യത്തിന്‍റെ വിവിധ പ്രദേശങ്ങളിലെ കലാ പ്രകടനങ്ങള്‍ രാജ്യ തലസ്ഥാനത്ത് കാണുവന്‍ സാധിക്കുന്നു എന്നത് കലയുടെ വിപ്ലവമാണ്. കലയിലൂടെ നമ്മുടെ സംസ്ക്കാരം രാജ്യത്തിന്‍റെ ശക്തി വര്‍ദ്ധാപ്പിക്കുന്നു.