പാര്‍ലമെന്‍റ് സ്ട്രീറ്റ്

പാര്‍ലമെന്‍റ് സ്ട്രീറ്റ്

സുധീര്‍ നാഥ്

2023 മാര്‍ച്ച് 20 


ഭൂകമ്പത്തെ രാജ്യതലസ്ഥാനം പ്രതിരോധിക്കുമോ...? 

രാജ്യ തലസ്ഥാനമായ ഡല്‍ഹിയില്‍ ജനങ്ങള്‍ പാര്‍ക്കുന്നത് തിങ്ങി നിറഞ്ഞാണ്. അവിടെ ഭൂരിഭാഗം ജനങ്ങള്‍ വസിക്കുന്നത് ആംഗീകാരമില്ലാത്തതും, പിന്നീട് പലവിക്ക് അംഗീകാരം നേടുകയും ചെയ്ത കോളനികളിലാണ്. കെട്ടിട നിര്‍മ്മാണം ഇവിടുങ്ങളില്‍ ശാസ്ത്രീയമായിട്ടല്ല നടന്നിരിക്കുന്നത്. ഒറ്റല്ലിലാണ് പല സ്വകാര്യ കോളനികളിലേയും വീടുകള്‍ നിര്‍മ്മിച്ചിരിക്കുന്നത്. വേണ്ടത്ര അടിത്തറ പണിയാതെ നിലകള്‍ കെട്ടിപ്പൊക്കി ചീട്ടു കൊട്ടാരം പോലെ പണിതത് ആശങ്ക ഉണ്ടാക്കും. ശക്തമായ ഒരു ഭൂകമ്പത്തെ പ്രതിരോധിക്കാന്‍ ഈ കെട്ടിടങ്ങള്‍ക്ക് സാധിക്കില്ല. ഡല്‍ഹി നഗരത്തിലെ ചില സ്കൂളുകള്‍, ആശുപത്രികള്‍, പോലീസ് സ്റ്റേഷനുകള്‍ തുടങ്ങിയവയും പഴക്കം വന്ന് അപകടത്തിന്‍റെ വക്കിലെത്തി നില്‍ക്കുകയാണ്. തകര്‍ച്ചയുടെ വക്കിലെത്തി നില്‍ക്കുന്ന കെട്ടിടങ്ങളുടെയും നവീകരണത്തെക്കുറിച്ച് ചര്‍ച്ചചെയ്യാനായി ചേര്‍ന്ന ഡല്‍ഹി ഡിസാസ്റ്റര്‍ മാനേജ്മെന്‍റ് അതോറിറ്റി(ഡി.ഡി.എം.എ.)യുടെ യോഗത്തില്‍ ഭൂകമ്പത്തെ പ്രതിരോധിക്കുന്ന തരത്തില്‍ കെട്ടിടങ്ങള്‍ പുനര്‍നിര്‍മിക്കാന്‍ ആവശ്യപ്പെട്ടു. ഡല്‍ഹി സെക്രട്ടേറിയറ്റ്, പോലീസ് ആസ്ഥാനം തുടങ്ങിയ സര്‍ക്കാര്‍ ഓഫീസുകള്‍ നവീകരണത്തിലൂടെ ഭൂകമ്പത്തെ ചെറുക്കാനുള്ള ശേഷിയുള്ളതാക്കേണ്ടതിന്‍റെ ആവശ്യകതയുണ്ട്. ഡല്‍ഹി ലെഫ്റ്റനന്‍റ് ഗവര്‍ണര്‍ വി.കെ. സക്സേന, മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍, മന്ത്രിമാര്‍, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവരാണ് യോഗത്തില്‍ പങ്കെടുത്തത്. തുര്‍ക്കിയിലും സിറിയയിലും അടുത്തിടെയുണ്ടായ വിനാശകരമായ ഭൂകമ്പങ്ങളുടെ പശ്ചാത്തലത്തില്‍, ഇന്ത്യയുടെ ഭൂകമ്പഭൂപടത്തില്‍ ഉയര്‍ന്ന അപകടസാധ്യതയുടെ നാലാം മേഖലയിലാണ് രാജ്യതലസ്ഥാനമെന്നതിനാലാണ് യോഗം നടത്തിയത്. ഡല്‍ഹിയില്‍ ദുരന്ത നിവാരണ അതോറിറ്റി സ്ഥാപിക്കുന്നതിനുള്ള അനുയോജ്യമായ കെട്ടിടം ഇതുവരെ ലഭ്യമായിട്ടില്ലെന്നത് വലിയ ഞെട്ടലോടെയാണ് യോഗത്തില്‍ അവതരിപ്പിക്കപ്പെട്ടത്. ഏത് ദുരന്തത്തെയും നേരിടാന്‍ ഡല്‍ഹി സജ്ജരായിരിക്കണമെന്നും ഇതിനായുള്ള തയ്യാറെടുപ്പുകള്‍ ആരംഭിക്കുമെന്നും യോഗം തീരുമാനിച്ചു. കെട്ടിടങ്ങളുടെ പുനര്‍നിര്‍മാണം, രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി തുറസ്സായ സ്ഥലങ്ങള്‍ കണ്ടെത്തല്‍, അടിയന്തര ചികിത്സകള്‍ക്കായി ജില്ലകളിലും സബ് ഡിവിഷനുകളിലും ആശുപത്രികള്‍ കണ്ടെത്തല്‍, പാതകളുടെ വീതികൂട്ടല്‍, അടിയന്തര സാഹചര്യങ്ങളില്‍ ആശയവിനിമയത്തിനായി റെയില്‍വേ, ടെലിഫോണ്‍ ശൃംഖലകളുമായി ബന്ധം സ്ഥാപിക്കല്‍ തുടങ്ങിയ മുന്‍കരുതലുകളെടുക്കണമെന്നും തീരുമാനമുണ്ടായി. വലിയൊരു ഭൂകമ്പം രാജ്യതലസ്ഥാനം ആശങ്കകളോടെ പ്രതീക്ഷിക്കുന്നുണ്ടോ എന്ന് ഈ യോഗ തീരുമാനം അറിഞ്ഞ ഡല്‍ഹി നിവാസിക്ക് തോന്നിയാല്‍ കുറ്റം പറയാന്‍ പറ്റില്ല...

മലയാളി കൂട്ടായ്മകളുടെ വാര്‍ഷിക കൂട്ടായ്മ

ലോകത്തിന്‍റെ എല്ലാ ഭാഗങ്ങളിലും മലയാളികളുണ്ട്. ചന്ദ്രനില്‍ പോയപ്പോള്‍ ചായക്കട നടത്തുന്ന മലയാളിയെ കണ്ട കഥ നമ്മള്‍ പലവട്ടം പറഞ്ഞിട്ടുണ്ട്. എല്ലാ പ്രദേശത്തും മലയാളികള്‍ ഉണ്ടെന്ന് പറയാനാണ് അത്കൊണ്ട് ഉദ്ദേശിക്കുന്നത്. അതുകൊണ്ടുതന്നെ ലോകത്തിന്‍റെ എല്ലാ മൂക്കിലും മുലയിലും മലയാളി സംഘടനകളും ഉണ്ട്. ലോകമലയാളി കൂട്ടായ്മ മുതല്‍ പ്രാദേശിക മലയാളികളുടെ കൂട്ടായ്മകള്‍ വരെ നമുക്ക് ചുറ്റും കാണാം. പ്രവാസ ലോകത്ത് വിശേഷിച്ച് ഡല്‍ഹിയില്‍ തന്നെ ഓരോ പഞ്ചായത്ത് കൂട്ടായ്മകള്‍ വരെ ഉണ്ടായിരിക്കുന്നു എന്ന് നാം കാണേണ്ടതുണ്ട്. ഡല്‍ഹിയില്‍ ഓരോ ജില്ലക്കാരുടെ കൂട്ടായ്മയും, ഓരോ കൊച്ചു പ്രദേശങ്ങളുടെ കൂട്ടായ്മയും വളരെ കൗതുകത്തോടെ കൂടിയാണ് കാണേണ്ടത്. അവര്‍ വര്‍ഷത്തില്‍ ഒരുതവണ ഒത്തുകൂടുന്നു. അവര്‍ പണം സ്വരൂപിച്ച് വൈകുന്നേരം ഒരുമിച്ച് ഭക്ഷണം കഴിച്ച് പരസ്പരം പരിചയപ്പെടുകയും അവരുടെ കലാപ്രകടനങ്ങള്‍ അവതരിപ്പിക്കുകയും ചെയ്യുന്നു. ലോകത്തിന്‍റെ പല ഭാഗങ്ങളിലുള്ള വ്യക്തികള്‍ ചേര്‍ന്ന് ലോകമലയാളി കൂട്ടായ്മയും ഉണ്ടാക്കിയിട്ടുണ്ട്. അത് പല ഗ്രൂപ്പുകളായി തിരിഞ്ഞ് ഒന്നിലേറെ സംഘടനകളുണ്ട്. ഇപ്പോള്‍ ഇത്തരം കൂട്ടായ്മകളുടെ വാര്‍ഷിക യോഗങ്ങള്‍ കൊണ്ട് സമ്പന്നമാണ് രാജ്യ തലസ്ഥാനം. കൂട്ടായ്മയുടെ ലോഗോ പ്രകാശനം മുതല്‍ വലിയ ചടങ്ങുകളായിട്ടാണ് ഇത് നടത്തപ്പെടുന്നത്. പ്രമുഖരായ വ്യക്തികളെ ക്ഷണിച്ചു വരുത്തിയും കലാപരിപാടികള്‍ അവതരിപ്പിച്ചും ഓരോ കൂട്ടായ്മയും അവരുടെ ശക്തി തെളിയിക്കുന്നു. ലോക മലയാളി സംഘടനകളുടെ കൂട്ടായ്മകള്‍ പഞ്ചനക്ഷത്ര ഹോട്ടലുകളിലാണ് നടക്കുന്നത് എന്നത് ശ്രദ്ധേയമാണ്. ലക്ഷക്കണക്കിന് രൂപയാണ് ഈ പേരില്‍ മലയാളികള്‍ ചിലവഴിക്കുന്നത് എന്നത് കൗതുകകരം തന്നെ. മലയാള ഭാഷയോടുള്ള സ്നേഹം എല്ലാവരിലും കാണാം. മലയാള സംസ്കാരത്തിലൂടെ ഉള്ള സ്നേഹം ഈ പരിപാടികളില്‍ എത്തിച്ചേരുന്ന വ്യക്തികളുടെ വേഷവിധാനത്തില്‍ നിന്ന് നമുക്ക് തിരിച്ചറിയാം. മലയാളത്തില്‍ അവര്‍ പരസ്പരം സംസാരിക്കുന്നു. കൊഞ്ചികുഴഞ്ഞ ഭാഷയില്‍ ആണെങ്കിലും അതെല്ലാം കേള്‍ക്കുവാന്‍ രസകരമായ ഒരു അനുഭവം തന്നെയാണ്. മലയാളഭാഷയുടെ നിലനില്‍പ്പും സംസ്കാരവും പ്രവാസികളാല്‍ ശക്തിപ്പെട്ടു വരികയാണ് എന്ന് നമുക്ക് വിശ്വസിക്കാം. അത് നിലനിന്നു പോകട്ടെ എന്ന് നമുക്ക് ആശിക്കാം.

സൗഹ്യദങ്ങള്‍ക്ക് വിലയില്ലാതാകുന്ന നാട്

സൗഹൃദങ്ങള്‍ക്ക് യഥാര്‍ത്ഥത്തില്‍ മതമോ ജാതിയോ വര്‍ഗ്ഗമോ ലിംഗമോ നിറമോ കാണുവാന്‍ പാടില്ല എന്നുള്ളതാണ് പൊതുവെ വിശ്വസിക്കുന്ന പ്രമാണം. സുഹൃത്തുക്കളില്‍ മോശമായ പ്രവണതയുള്ള ഒരു വ്യക്തിയാണ് എന്ന് ബോധ്യമായാല്‍ അവരില്‍ നിന്ന് അകന്നു നില്‍ക്കാന്‍ ലേഖകന്‍ സ്വയം കാരണം കണ്ടെത്താറുണ്ട്. മുല്ലപ്പൂമ്പൊടിയേറ്റുകിടക്കും കല്ലിനുമുണ്ടാ സൗരഭ്യം എന്നാണല്ലോ ചൊല്ല്. അതുകൊണ്ടുതന്നെ സമൂഹത്തില്‍ മോശം പേരല്ലാത്ത വ്യക്തികളോട് തന്നെയാണ് കൂടുതല്‍ അടുപ്പം കാണിക്കുന്നത്. ഇങ്ങനെ പറയുവാന്‍ കാരണം നിരപരാധിത്ത്വം തെളിയിക്കാന്‍ രണ്ട് വര്‍ഷവും, നാല് മാസവും ജയിലില്‍ കിടക്കുകയും, ശേഷം ആറ് ആഴ്ച്ച ഡല്‍ഹി നിസാമുദ്ദീന്‍ പോലീസ് സ്റ്റേഷന്‍ പരിതിയില്‍ താമസിച്ച് സ്റ്റേഷനില്‍ റിപ്പോര്‍ട്ട് ചെയ്യേണ്ട ഗതികേടുണ്ടായ സിദ്ധീക്ക് കാപ്പന്‍ എന്ന സുഹ്യത്തിനെ കണ്ട ദുരനുഭവം കൊണ്ടാണ്. 2020 സെപ്റ്റംബര്‍ പതിനാലിനാണ് ഹാഥ്റസില്‍ യുവതി കൂട്ടബലാത്സംഗത്തിന് ഇരയായത്. അമ്മയ്ക്കൊപ്പം പുല്ലരിയാന്‍ വയലില്‍ പോയപ്പോള്‍ നാലുപേര്‍ ചേര്‍ന്ന് ക്രൂരമായി ബലാത്സംഗം ചെയ്യുകയായിരുന്നു. അക്രമികള്‍ യുവതിയുടെ നാവ് മുറിച്ചുമാറ്റുകയും ശരീരത്തില്‍ മാരകമായി പരിക്കേല്‍പ്പിക്കുകയും ചെയ്തിരുന്നു. ചികിത്സയിലായിരുന്ന യുവതി 22ന് വൈകുന്നേരത്തോടെ മരിച്ചു. മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കാതെ പോലീസ് ബലമായി സംസ്കരിക്കുകയായിരുന്നെന്നും പ്രതികളെ രക്ഷിക്കാന്‍ പോലീസ് ശ്രമിക്കുന്നതായും ആരോപണം ഉയര്‍ന്നിട്ടുണ്ട്. ബലാത്സംഗം നടന്നതായി തെളിവില്ലെന്നും എഡിജിപി പറഞ്ഞിരുന്നു. സംഘര്‍ഷ മേഖലയായി മാറിയ ഹാഥ്റസില്‍ അന്തര്‍ ദേശിയ, ദേശിയ മാധ്യമ പട തന്നെ എത്തി. 2020 ഒക്ടോബര്‍ 5ന് സിദ്ധീക്ക് കാപ്പന്‍ എന്ന മാധ്യമ പ്രവര്‍ത്തകന്‍ മറ്റ് മാധ്യമ പ്രവര്‍ത്തകരെ പോലെ റിപ്പോട്ടിങ്ങിനായി അവിടേയ്ക്ക് പോകുന്നു. അന്ന് പോലീസ് കസ്റ്റഡിയിലായ സിദ്ധീക്ക് കാപ്പന്‍ 2023 മാര്‍ച്ച് 13ന് നാട്ടിലേയ്ക്ക് മടങ്ങും വരെ തടവില്‍ തന്നെ. രണ്ട് വര്‍ഷവും നാല് മാസവും ജയിലില്‍. ആറ് ആഴ്ച്ച ഡല്‍ഹിയിലെ നിസാമുദ്ദീന്‍ പോലീസ് സ്റ്റേഷന്‍ പരിതിയില്‍. വര്‍ഷങ്ങളോളം ഒരുമിച്ച് ജോലി ചെയ്ത മാധ്യമ രംഗത്ത് പ്രവര്‍ത്തിച്ച സിദ്ദിഖ് കാപ്പനെ കേരളത്തിപോകും മുന്‍പ് മാര്‍ച്ച് 12ന് വൈകുന്നേരം ലേഖകന്‍ കണ്ടു. വ്യക്തിപരമായി സിദ്ദീഖ് കാപ്പനുമായി ഉണ്ടായ അടുപ്പത്തില്‍ ഒരിക്കല്‍ പോലും ഒരു മോശം അനുഭവം എനിക്കുണ്ടായിട്ടില്ല എന്നു മാത്രമല്ല അദ്ദേഹം മറ്റ് ക്രിമിനല്‍ പ്രവര്‍ത്തനങ്ങളില്‍ ഉള്‍പ്പെടുന്നുണ്ട് എന്ന് ഞാന്‍ ഒരിക്കലും വിശ്വസിക്കുന്നില്ല. കാപ്പനെ കുറ്റക്കാരനാക്കാന്‍ ഒരു തെളിവുപോലും ഇല്ലാത്തത് കൊണ്ടാണ് ജാമ്യം പോലും ലഭിച്ചത്. ഒരു കാര്യം ഉറപ്പാണ് ജയിലില്‍ പോകുന്ന സിദ്ദിഖ് കാപ്പനല്ല മോചിതനായി എത്തിയിരിക്കുന്നത് എന്ന് കൃത്യമായി പറയാം. ശരാശരി മാധ്യമ പ്രവര്‍ത്തകനായ സിദ്ധീക്ക് കാപ്പന്‍ പ്രശസ്തനായി. വാക്കുകള്‍ക്ക് മൂച്ച കൂടിയിട്ടുണ്ട്. പക്വത വന്നിട്ടുണ്ട്. ജയില്‍വാസത്തിനിടയില്‍ നഷ്ടപ്പെട്ടുപോയ ഉമ്മയടക്കമുള്ള സുഹൃത്തുക്കളുടെയും ഗുരുക്കന്മാരുടെയും ഓര്‍മ്മകളില്‍ അദ്ദേഹം വിങ്ങി. തന്നെ ജയിലിലേക്ക് അയക്കുന്നു എന്നു പറഞ്ഞപ്പോള്‍ വല്ലാതെ അസ്വസ്ഥനായ കാര്യം സിദ്ദീഖ് പറഞ്ഞു. ചോദ്യം ചെയ്യലിന്‍റെ കാഠിന്യം കൂടിയത് പങ്കുവെച്ചു. ഉപദ്രവിക്കുവാന്‍ ഒരു വിഭാഗം ഉദ്യോഗസ്ഥര്‍ തുനിഞ്ഞതും സിദ്ദീഖ് പങ്കുവെച്ചു. മുട്ടുകാലില്‍ അടിച്ചു മറ്റും അവര്‍ ആനന്ദം കണ്ടെത്തി. ബീഫ് കഴിക്കാറുണ്ടോ, പാക്കിസ്ഥാനില്‍ പോയിട്ടുണ്ടോ, എത്ര തവണ പോയി, ആഫ്രിക്കയില്‍ എന്തിനു പോയി, തുടങ്ങി എത്രയെത്ര ചോദ്യങ്ങള്‍. പറയുന്ന ഉത്തരങ്ങള്‍ക്കൊന്നും അവര്‍ ഉദ്ദേശിക്കുന്ന മറുപടി ലഭിക്കാത്തതുകൊണ്ടുള്ള മര്‍ദ്ദനം അനുഭവിക്കേണ്ടിവന്നത് സിദ്ദീഖ് ചൂണ്ടിക്കാണിക്കുകയുണ്ടായി. അവര്‍ക്ക് അനുകൂലമായ അവര്‍ പ്രതീക്ഷിക്കുന്ന ഉത്തരം നല്‍കിയാല്‍ താന്‍ മര്‍ദ്ദനങ്ങളില്‍ നിന്ന് തനിക്ക് ആശ്വാസം ലഭിക്കുമെന്ന് അറിയാമായിരുന്നു. പക്ഷേ ഒരിക്കല്‍പോലും അവര്‍ ഉദ്ദേശിച്ച ഉത്തരം  പറഞ്ഞില്ല എന്ന് സിദ്ധീക്ക് കാപ്പന്‍ പറയുമ്പോള്‍ മുഖത്തെ നിരപരാധിത്തത്തിന്‍റെ ഉറച്ച നിലപാട് നമുക്ക് വ്യക്തമാകും. ഇത്തരത്തില്‍ നിരപരാധികളായ ആയിരക്കണക്കിന് ആളുകളാണ് രാജ്യത്ത് ജയിലുകളില്‍ ഇപ്പോള്‍ കഴിയുന്നത് സംഘപരിവാറിന്‍റെ ചൊല്‍പ്പടിക്ക് നില്‍ക്കാത്തവരാണ്. സിദ്ദിഖിനെ നേരില്‍ കാണുവാന്‍ ഒരു മുന്‍ സഹപ്രവര്‍ത്തകന്‍ എന്ന നിലയിലാണ് ലേഖകന്‍ പോകുന്നത്. സിദ്ധീക്ക് തീവ്രവാദിയാണെന്ന് തെളിയിക്കാന്‍ സംഘപരിവാര്‍ കൂട്ടായ്മയ്ക്കും അധിക്യതര്‍ക്കും സാധിച്ചില്ല.