അന്വേഷണാത്മക മാധ്യമ പ്രവര്‍ത്തനം
വിജയ് ചൗക്ക്
സുധീര്‍ നാഥ്
പോലീസും മറ്റ് സേനകളും പല കേസുകളും അന്വേഷിച്ച് കണ്ടു പിടിക്കാന്‍ മിടുക്കരാണ്. എത്രയോ ഉദാഹരണങ്ങള്‍ നമുക്ക് ചൂണ്ടി കാണിക്കാം. മാധ്യമ ലോകത്തും അത്തരം അന്വേഷണ കുതുകികളായ വ്യക്തികളുണ്ട്. അവരും പല കേസുകളും കണ്ടെത്തി ചരിത്രം സൃഷ്ടിച്ചിട്ടുണ്ട്. പല കേസുകളും വഴി തിരിച്ച് വിടുന്നതിലും മാധ്യമ ലോകം കാരണമായിട്ടുണ്ട്. ചാരക്കേസ് അതിലൊന്നായി നമുക്ക് കാണാം. പല പ്രമുഖ കേസുകളിലും മാധ്യമ വാര്‍ത്തകള്‍ പോലീസിനെ സഹായിച്ചിട്ടുണ്ട്. എത്രയോ ഉദാഹരണങ്ങള്‍ ചൂണ്ടികാണിക്കുവാന്‍ സാധിക്കുമെന്ന് മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ തന്നെ ചൂണ്ടി കാണിക്കുന്നു. പല കേസുകള്‍ക്കും വാര്‍ത്തകള്‍ വഴി കാട്ടിയായിട്ടുണ്ടെന്ന് മുന്‍ ഡി.ജി.പി. ലോക് നാഥ് ബഹ്റ പറഞ്ഞിട്ടുള്ളത് ഇപ്പോള്‍ ഓര്‍ത്തു പോകുന്നു.
ലോകത്തിലെ പല കോണുകളില്‍ കുറ്റക്കാരെ കണ്ടെത്തുന്നതില്‍ മാധ്യമ ലോകത്തിന് വലിയ പങ്ക് വഹിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. ഇത്തരം പത്രപ്രവര്‍ത്തകരെ അന്വേഷണാത്മക പത്രപ്രവര്‍ത്തകര്‍ എന്ന് വിശേഷിപ്പിക്കുന്നു. ലോക മാധ്യമ പ്രവര്‍ത്തന ചരിത്രം പരിശോധിച്ചാല്‍ അന്വേഷണാത്മക പത്രപ്രവര്‍ത്തനം തുടക്കം കുറിച്ചിട്ട് നൂറ്റമ്പത് വര്‍ഷത്തോളമായി. 1872 മുതല്‍ അന്വേഷണാത്മക പത്രപ്രവര്‍ത്തനം ചര്‍ച്ച ചെയ്യപ്പെട്ടിട്ടുണ്ട് എന്നാണ് പറയുന്നത്. ഇത് ലോകം മുഴുവന്‍ വ്യാപിപ്പിച്ചു. സാങ്കേതിക വിദ്യ വളര്‍ന്നതോടെ ഈ മേഖല ശക്തി പ്രാപിച്ചു. ആദ്യകാലങ്ങളിലേക്കാള്‍ എണ്ണം കൊണ്ട് അന്വേഷണാത്മക പത്രപ്രവര്‍ത്തനം കൂടുതലാണ്. പക്ഷെ ഇന്ന് പുറത്ത് വരുന്ന വാര്‍ത്തകളുടെ യാഥാര്‍ത്ഥ്യത്തെ കുറിച്ച് വായനക്കാര്‍ക്ക് സംശയങ്ങളുണ്ട്. ഒരാളുടെ സ്വാഭാവ ഹത്യയ്ക്ക് മാധ്യമങ്ങള്‍ വഴി ഉപയോഗപെടുത്തുന്നതില്‍ അടുത്തിടെ പലരും കൂടുതല്‍ താത്പര്യം കാണിക്കുന്ന പ്രവണത കാണുന്നുണ്ട്.
നമ്മുടെ രാജ്യത്ത് ഒട്ടേറെ മേഖലകളില്‍ അന്വേഷണാത്മക പത്രപ്രവര്‍ത്തനം രീതിക്ക് ഒരുപാട് വിഷയങ്ങളുണ്ട്. ഈ വിഷയങ്ങള്‍ എല്ലാം വളരെ ഗൗരവമായി സമീപിക്കേണ്ടതുണ്ട്. നിഷ്പക്ഷമായി പത്രപ്രവര്‍ത്തനം നടത്തുന്നവര്‍ക്ക് മാത്രമേ ശക്തമായ അന്വേഷണാത്മക പത്രപ്രവര്‍ത്തനരംഗത്ത് ശോഭിക്കുവാന്‍ കഴിയുകയുള്ളൂ. ഒരു വിഭാഗത്തെ ഒരു ആശയത്തെ ഒരു വ്യക്തിയെ സംരക്ഷിക്കുവാന്‍ ശ്രമിക്കുക എന്ന തീരുമാനത്തില്‍ എത്തിയാല്‍ അന്വേഷണാത്മക പത്രപ്രവര്‍ത്തനത്തിന്‍റെ വിജയത്തിലും പാളിച്ചകള്‍ ഉണ്ടാകുന്നു. അങ്ങനെ പാളിപ്പോയ ഒട്ടേറെ അന്വേഷണ പത്രപ്രവര്‍ത്തനം നമുക്ക് മുന്നില്‍ ഉദാഹരണങ്ങളായി ഉണ്ട്. ചില അവസരങ്ങളില്‍ അന്വേഷണാത്മക പത്രപ്രവര്‍ത്തനം സമൂഹത്തെ തെറ്റിദ്ധരിപ്പിക്കുന്നു എന്ന സ്ഥിതിവിശേഷവും അടുത്തകാലത്ത് കൂടി വരുന്നുണ്ട്. ഒരു സ്ഥാപനം തന്നെ ഇല്ലാതാക്കാനും ഒരു വ്യക്തിയുടെ നല്ല നടപ്പിനെ നശിപ്പിക്കുവാനും സാമൂഹ്യ മാധ്യമങ്ങള്‍ ശക്തമായ ഈ കാലഘട്ടത്തില്‍ ശ്രമിക്കുന്നു എന്നുള്ളത് ലജ്ജാകരമാണ്. ഇവിടെ നിയന്ത്രണങ്ങള്‍ ഒന്നും തന്നെ ഫലവത്തായി കാണുന്നില്ല.
ആര്‍ക്കും ലഭിക്കാന്‍ പ്രയാസമായ വാര്‍ത്തകള്‍ കണ്ടെത്തി വായനക്കാര്‍ക്ക് നല്‍കുന്ന പത്രപ്രവര്‍ത്തനം ധാരാളമായി ഉണ്ടായിരുന്നു. ഇപ്പോള്‍ അത്ര തന്നെ ഇല്ല എന്ന് പറയണം. വര്‍ത്തമാന കാലത്ത് ഒരേ വാര്‍ത്തകള്‍ തന്നെ പല പത്രങ്ങളിലും വരുന്നു. തലക്കെട്ടുകള്‍ വരെ ഒരേ പോലെ വന്നിട്ടുണ്ട്. വാര്‍ത്തകള്‍ തേടി പോകുന്ന മാധ്യമ പ്രവര്‍ത്തകരുടെ എണ്ണം കുറയുന്നു. വാര്‍ത്തകള്‍ പോലും ശേഖരിക്കുവാന്‍ സാധിക്കാത്ത മാധ്യമപ്രവര്‍ത്തകരുടെ ആധിക്യം വര്‍ധിക്കുമ്പോള്‍ അന്വേഷണാത്മക പത്രപ്രവര്‍ത്തനം നമുക്ക് നഷ്ടപ്പെടുന്നു. അങ്ങനെ അപൂര്‍വ്വം മാധ്യമ പ്രവര്‍ത്തകര്‍ മാത്രമാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നുള്ളൂ എന്ന് നമുക്ക് ഉറപ്പിച്ച് പറയാം.
മാധ്യമപ്രവര്‍ത്തകരുടെ അന്വേഷണാത്മകതയെ കുറിച്ച് ഇപ്പോള്‍ പറയുവാന്‍ ഒരു കാരണം കൂടിയുണ്ട്. ലോകം കണ്ട ചടുലതയുള്ള ഒരു അന്വേഷണാത്മക മാധ്യമപ്രവര്‍ത്തകയാണ് പാവിലാ ഹൊള്‍സോവ. അവര്‍ ആദ്യമായി ഇന്ത്യയില്‍ എത്തിയിരിക്കുന്നു. കേരള സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ 2022 ലെ മീഡിയ പേര്‍സണ്‍ ഓഫ് ദി ഇയര്‍ അവാര്‍ഡ് സ്വീകരിക്കാനാണ് അവര്‍ എത്തിയിരിക്കുന്നത്. പനാമ പേപ്പര്‍സ് റഷ്യന്‍ അസര്‍ബൈജാനി ഹവാലാ ഇടപാട് പെഗാസിസ് പ്രൊജക്റ്റ് തുടങ്ങി ഒട്ടേറെ പ്രശസ്ത അന്വേഷണാത്മക പത്രപ്രവര്‍ത്തക റിപ്പോര്‍ട്ട് തയ്യാറാക്കിയതിലെ പ്രധാന വ്യക്തികളില്‍ ഒരാളാണവര്‍.
ചെക്ക് റിപ്പബ്ലിക് സ്വദേശിയായ പാവ്ല സ്ലോവാക്യയിലെ സുഹൃത്തായ മാധ്യമപ്രവര്‍ത്തകന്‍റെ മരണത്തിന് പിന്നില്‍ അവിടുത്തെ ധനവാന്‍മാരുടെ മാഫിയ സംഘമാണെന്ന് കണ്ടെത്തി. ഇരുപത്തി ഏഴ് വയസു മാത്രം പ്രായമുള്ള സ്ലോവാക്കിയന്‍ വംശജനായ മാധ്യമപ്രവര്‍ത്തകനായ യാന്‍ കന്യാക്കിന്‍റെയും അയാളുടെ പ്രണയനി മാര്‍ട്ടീനയുടേയും അതിക്രൂരമായ കൊലപാതകമാണ് പാവ്ലയെ ഒരു വലിയ അന്വേഷണത്തിന്‍റെ സാധ്യതയിലേക്ക് നയിച്ചത്. ഇരുവരും അതിക്രൂരമായി വെടിയേറ്റ് മരിക്കുകയായിരുന്നു. സര്‍ക്കാരുമായി ചേര്‍ന്ന് അവിടുത്തെ ബിസിനസ് പ്രമാണിമാര്‍ നടത്തിയ അഴിമതി വലിയ ചര്‍ച്ച ജനങ്ങള്‍ക്കിടയില്‍ ഉണ്ടാക്കി. അവിടുത്തെ ബിസിനസ് മാഫിയയുടെ ഗുണ്ടകളാണ് യുവ മാധ്യമ പ്രവര്‍ത്തകരെ വധിച്ചത്. ഇത് തെളിയിക്കാന്‍ സുഹൃത്തായ പാവ്ല നടത്തിയ റിപ്പോര്‍ട്ടിങ്ങുകളുടെ പരമ്പര ചരിത്രമാണ്. പാവ്ല കൊലയാളികളെ സംശയത്തിന് സാഹചര്യം ഒരുക്കുക കൂടി ചെയ്യാതെ പിന്തുടര്‍ന്ന് റിപ്പോര്‍ട്ട് ചെയ്തു. കൊലപാതകത്തിന് പിന്നിലുള്ളത് അവിടുത്തെ ഏറ്റവും ശക്തരായ മാഫിയ ബിസിനസ് സംഘങ്ങള്‍ ആണെന്ന് സമൂഹത്തെ അറിയിക്കുകയും ചെയ്തു. അവരുടെ മാധ്യമപ്രവര്‍ത്തനം ലോകമെങ്ങും ഏറെ ആഘോഷിക്കപ്പെട്ടതാണ്. അവര്‍ തയ്യാറാക്കിയ ശക്തമായ റിപ്പോര്‍ട്ടുകള്‍ സ്ലോവാക്യന്‍ സര്‍ക്കാരിനെ തന്നെ താഴെ ഇറക്കി.നാലു വര്‍ഷത്തിനിടെ അവിടുത്തെ 13 സുപ്രീംകോടതി ജഡ്ജിമാര്‍ ആഴിമതി കേസുകളില്‍ പെട്ട് രാജി വെച്ചു. അഴിമതി പുറത്ത് വന്നപ്പോള്‍ അവിടുത്തെ സിജീപി ആത്മഹത്യ ചെയ്തു.
അങ്ങനെ ഒട്ടേറെ ശ്രദ്ധേയമായ റിപ്പോര്‍ട്ടുകള്‍ നേതൃത്വം കൊടുത്ത പാവ്ല കേരളത്തില്‍ ഏതാനും ദിവസങ്ങളോളം ചെലവഴിക്കാന്‍ എത്തിയിട്ടുണ്ട്. ഇത് കേരളത്തിലെ മാധ്യമപ്രവര്‍ത്തകര്‍ മാത്രമല്ല മാധ്യമ വിദ്യാര്‍ത്ഥികള്‍ക്ക് ഒരു ആവേശമായി മാറേണ്ടതാണ്. അവര്‍ തയ്യാറാക്കിയ കില്ലിംഗ് ഓഫ് ജേര്‍ണലിസ്റ്റ് എന്ന ഡോക്യുമെന്‍ററി ഇതിനോടകം ലോകശ്രദ്ധ നേടിയിട്ടുണ്ട്. അതും ഇവിടെ കേരളത്തില്‍ ആദ്യമായി പ്രദര്‍ശിപ്പിക്കുകയാണ്. മാധ്യമപ്രവര്‍ത്തകരും വിദ്യാര്‍ത്ഥികളും അറിഞ്ഞിരിക്കേണ്ട അവരുടെ അനുഭവം നേരിട്ട് കേട്ട് പ്രചോദനം കൊണ്ട് കേരളത്തിലും ഒട്ടേറെ അന്വേഷണ പത്രപ്രവര്‍ത്തകര്‍ ഉണ്ടാകട്ടെ . അങ്ങനെ നമ്മുടെ ഇടയില്‍ ചീഞ്ഞുനാറുന്ന അഴിമതി ഇല്ലാതായി മാറട്ടെ എന്നു മാത്രം നമുക്ക് ആശിക്കാം.
