മാലിന്യം മാലിന്യം സര്‍വ്വത്ര...
വിജയ് ചൗക്ക് 190 മാര്‍ച്ച് 20
സുധീര്‍ നാഥ്
മാലിന്യ കൂമ്പാരം ഒരു ശാപമായി ഇന്ന് ലോകത്തെമ്പാടുമുള്ള പട്ടണങ്ങളെ അതിഭീകരതയോടെ നോക്കുന്ന ഒന്നായി മാറിയിരിക്കുന്നു. മാലിന്യം കൂടിക്കൂടി ലോകത്തിന്‍റെ എല്ലാ പ്രധാന പട്ടണങ്ങളിലും മാലിന്യ മലകള്‍ തന്നെ ഉണ്ടായിട്ടുണ്ട്. ഇത് ഡല്‍ഹിയിലും ബ്രഹ്മപുരത്തും മാത്രമല്ല എന്ന് ചുരുക്കം. എല്ലാ പട്ടണങ്ങളിലും രൂപം കൊണ്ടിരിക്കുന്ന മാലിന്യ മലകളുടെ വലുപ്പം കൂടുന്നത് അപകടമാണ്. കേരളത്തില്‍ മാലിന്യ മലയുടെ ഉയരം ഓരോ പട്ടണത്തിലും വലുതാകുന്നു. ചെറിയ പട്ടണങ്ങളില്‍ പോലും വലിയ മാലിന്യ മലകള്‍ രൂപം കൊണ്ടു വരുന്നത് നമ്മള്‍ ശ്രദ്ധിക്കുന്നുണ്ടോ...? മാലിന്യ മലകള്‍ വലുതാകുന്നതിന് കാരണക്കാര്‍ നമ്മള്‍ തന്നെയാണ്. നമ്മള്‍ പരിസ്ഥിതി കോട്ടം ഉണ്ടാക്കുന്ന പ്ലാസ്റ്റിക്ക് ഉത്പന്നങ്ങള്‍ വികലമായി ഉപയോഗിക്കുകയും, അത് ആവശ്യശേഷം വികലമായി സംസ്ക്കരിക്കുകയും ചെയ്യുന്നതിലെ അപകടം തിരിച്ചറിയുന്നില്ല. ശാസ്ത്രീയമായി നമ്മുടെ മാലിന്യങ്ങള്‍ സംസ്കരിക്കപ്പെടുക എന്നുള്ളത് സമൂഹത്തിന്‍റെ ആരോഗ്യത്തിന് ഏറെ ആവശ്യമാണ്. മാലിന്യ സംസ്കരണ പ്ലാന്‍റുകള്‍ പല പട്ടണങ്ങളിലും നിര്‍മ്മിക്കപ്പെട്ടിട്ടുണ്ട് എന്നത് സത്യമാണ്. പക്ഷെ അത് പലയിടത്തും അത് വേണ്ട രീതിയില്‍ ഉപയോഗിക്കപ്പെടുന്നില്ല എന്നുള്ളതാണ് യാഥാര്‍ത്ഥ്യം. മാലിന്യ സംസ്കരണ പ്ലാന്‍റുകള്‍ പ്രവര്‍ത്തിപ്പിക്കുന്നതിന്‍റെ ഭാരിച്ച ചിലവാണ് അതിന് കാരണം.
വലിയ വലിയ അപകടങ്ങള്‍ സംഭവിക്കുമ്പോള്‍ മാത്രമാണ് മാലിന്യ പ്ലാന്‍റുകളെ കുറിച്ച് നമ്മുടെ മാധ്യമങ്ങളും ജനങ്ങളും ശക്തമായി വാദിക്കുന്നത്. അടുത്തിടെ എറണാകുളം പട്ടണത്തിന്‍റെ സംഭാവനയായ ബ്രഹ്മപുരം മാലിന്യ കൂമ്പാരത്തിലുണ്ടായ തീപിടുത്തം വലിയ വാര്‍ത്തയായി. ബ്രഹ്മപുരം മാലിന്യ മലയില്‍ തീ പിടിച്ചപ്പോള്‍ അവിടെ നിന്ന് ഉയര്‍ന്ന പുക പത്തു ദിവസത്തിലേറെ പ്രദേശവാസികളെ വല്ലാതെ ഭയപ്പെടുത്തി എന്നുള്ളത് ഒരു സത്യമാണ്. അവര്‍ക്ക് ഉണ്ടായേക്കാവുന്ന ആരോഗ്യപ്രശ്നങ്ങളെക്കുറിച്ച് ആരോഗ്യരംഗത്തുള്ളവര്‍ക്ക് ആശങ്കയുണ്ട്. ഈ ആശങ്ക ഈ പുക ശ്വസിച്ച ജനങ്ങള്‍ക്കും ഇപ്പോള്‍ ഉണ്ട്. ഇതിന്‍റെ പരിണിത ഫലം കാലങ്ങളെടുത്ത് പ്രദേശവാസികള്‍ക്കുണ്ടാകും എന്നാണ് പറയപ്പെടുന്നത്. ബ്രഹ്മപുരത്ത് മാലിന്യ പ്ലാന്‍റുകള്‍ ഉണ്ട് എന്നതും അത് പ്രവര്‍ത്തനരഹിതമാണെന്നത് ഞെട്ടലോടെ ജനം തിരിച്ചറിഞ്ഞത് തീപിടിച്ചതിന് ശേഷമാണ്. മാലിന്യ മലയ്ക്ക് തീയിടുന്നത് അത് സംസ്ക്കരിക്കാന്‍ കോണ്‍ട്രാക്റ്റ് എടുത്തവര്‍ തന്നെയാണെന്ന് മനസിലാക്കാന്‍ പാഴൂര്‍ പടിപ്പുര വരെ പോകേണ്ട കാര്യമില്ല. എല്ലാ മാനിന്യ മലകള്‍ക്കും തീ പിടിക്കാറുണ്ട്. ഇങ്ങനെ തീ പിടിക്കുമ്പോള്‍ സംസ്ക്കരിക്കാന്‍ കോണ്‍ട്രാക്റ്റ് എടുത്തവര്‍ക്ക് ലക്ഷങ്ങള്‍ ലാഭം ഉണ്ടാകുന്നു.
രാജ്യത്തെ എല്ലാ പട്ടണങ്ങളിലേയും മാലിന്യ മലകള്‍ക്ക് എല്ലാ വര്‍ഷവും തീപിടിക്കുക പതിവാണ്. ബ്രഹ്മപുരത്ത് തീപിടിച്ചത് നിയന്ത്രിക്കാന്‍ പറ്റിയില്ല എന്നു മാത്രം. ഇത്തരത്തില്‍ പലയിടത്തും മാലിന്യ മലകളിലെ തീ പടര്‍ന്ന വാര്‍ത്തകള്‍ രാജ്യത്തിന്‍റെ പല ഭാഗത്തും ഉണ്ടായിട്ടുണ്ട്. ഇന്ന് രാജ്യത്ത് മികച്ച രീതിയില്‍ മാലിന്യ സംസ്കരണം നടത്തുന്ന പല പട്ടണങ്ങളും വലിയ മാലിന്യ ദുരന്തം കണ്ടവരാണ്. രാജ്യത്ത് മികച്ച രീതിയില്‍ മാലിന്യ സംസ്ക്കരണം നടത്തുന്നതില്‍ ഇന്‍റോറും, മൈസൂരും മറ്റും മാത്യകാപരമായ പ്രവര്‍ത്തനം നടത്തുന്നുണ്ട്. ഇന്‍റോറിലെ പ്രവര്‍ത്തനങ്ങള്‍ക്ക് തുടര്‍ച്ചയായി ഏഴ് തവണയാണ് അവാര്‍ഡ് ലഭിച്ചത്. സ്വിസര്‍ലാന്‍റാണ് ലോകത്ത് മികച്ച രീതിയില്‍ മാലിന്യ സംസ്ക്കരണം നടത്തുന്നത്. മലയാളികള്‍ മനസ് വിചാരിച്ചാല്‍ മികച്ച രീതിയില്‍ നമുക്കും മാലിന്യ സംസ്ക്കരണം നടത്താം. അതിന് തുടക്കം കുറിക്കേണ്ടത് മാലിന്യം ഉണ്ടാകുന്ന ഇടത്ത് നിന്ന് തന്നെയാകണം. മാലിന്യങ്ങള്‍ വീടുകളില്‍ നിന്ന് തരംതിരിക്കപ്പെടുന്ന പ്രവര്‍ത്തനം തുടങ്ങേണ്ടിയിരിക്കുന്നു. അത് തരം തിരിച്ച് തന്നെ മാലിന്യ പ്ലാന്‍റുകളില്‍ എത്തിക്കേണ്ട ചുമതല തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ ഏറ്റെടുക്കണം. ശാസ്ത്രീയമായി മാലിന്യ പ്ലാന്‍റുകളില്‍ അതാത് ദിവസത്തെ മാലിന്യങ്ങള്‍ സംസ്ക്കരിച്ചാല്‍ പ്രശ്നപരിഹാരമാകും.
ബ്രഹ്മപുരത്തെ മാലിന്യ കൂമ്പാരത്തിന് തീപിടിച്ച് പത്ത് ദിവസത്തിനു ശേഷം മാത്രമാണ് അത് അണയ്ക്കുവാന്‍ സാധിച്ചത്. വായു മലിനീകരണ തോത് ഭയാനകമാം തരത്തില്‍ ഉയര്‍ന്നിരുന്നു. തീ അണഞ്ഞതിന് പിന്നാലെ വേനല്‍ മഴ വന്നു. കൊച്ചിയെ സംബന്ധിച്ചിടത്തോളം വേനല്‍മഴ വായു മലിനീകരണം കുറയ്ക്കുവാന്‍ കാരണമായെന്നും അതു വലിയ ആശ്വാസമായിരുന്നു എന്നും മാധ്യമങ്ങളിലൂടെ വാര്‍ത്തകള്‍ വന്നു. എന്നാല്‍ അതിഭീകരമായ മാലിന്യ പ്രശ്നത്തിലേക്കാണ് വേനല്‍മഴ കൊണ്ടുപോകുന്നത് എന്നുള്ളത് ഒരു സത്യമാണ്. അത് തിരിച്ചറിയേണ്ടത് ആവശ്യമാണ്. ബ്രഹ്മപുരത്തെ മാലിന്യ കൂമ്പാരങ്ങള്‍ ഇളക്കിമറിച്ച് വെള്ളം ഒഴിച്ചാണ് തീ അണച്ചത് എന്നുള്ളത് നമുക്കറിയാം. ഇതിനു മുകളിലേക്കാണ് വേനല്‍മഴ പെയ്തിറങ്ങിയത്. കുത്തിമറിക്കപ്പെട്ട മാലിന്യ കൂമ്പാരത്തിലേക്ക് വെള്ളം വരികയും അത് ഒലിച്ചിറങ്ങി നമ്മുടെ പുഴകളിലേക്കും കിണറുകളിലേക്കും എത്തുകയും ചെയ്യുന്നു എന്നുള്ള ശാസ്ത്രീയ വശം നാം മനസ്സിലാക്കണം. അങ്ങനെ മാലിന്യം അതിഭീകരമായി നമ്മുടെ ബ്രഹ്മപുരത്തെയും പരിസരങ്ങളിലെയും ജലാശയങ്ങളെ വലിയ മലിനമാക്കി മാറ്റുവാന്‍ പോകുന്നു എന്നുള്ളത് വലിയ അപകടകരമാണ്. മാലിന്യ കൂമ്പാരം കുത്തി മറിക്കപ്പെട്ടു എന്ന് പരാമര്‍ശിക്കുകയുണ്ടായി. അങ്ങനെ മറയ്ക്കപ്പെടുന്ന മാലിന്യ കൂമ്പാരത്തില്‍ നിന്ന് അതിഭീകരമായ അപകടകരമായ ഗ്യാസ് രൂപപ്പെടുകയും അത് അന്തരീക്ഷത്തില്‍ പരക്കുകയും ചെയ്തുകൊണ്ടിരിക്കുന്നു. അതിനെ ശക്തിപ്പെടുത്തുന്ന രീതിയിലാണ് മഴ വന്നപ്പോള്‍ ഉണ്ടായിരിക്കുന്നത്. വേനല്‍ മഴ മൂലം മാലിന്യങ്ങളില്‍ നിന്ന് ഉണ്ടാകുന്ന ഗ്യാസിന്‍റെ ഉത്പാദനം വര്‍ധിപ്പിക്കുന്നു എന്നുള്ള കാര്യം നമ്മള്‍ തിരിച്ചറിയേണ്ടിയിരിക്കുന്നു. ഗ്യാസ് ചേമ്പര്‍ എന്നെല്ലാം ആലങ്കാരികമായി പുക പരന്നപ്പോള്‍ പറയുന്നുണ്ടെങ്കിലും യഥാര്‍ത്ഥ മഴ പെയ്യുമ്പോള്‍ ഗ്യാസ് ചേമ്പര്‍ ഉണ്ടാകുന്നു. വലിയ ആരോഗ്യ പ്രശ്നങ്ങള്‍ പരിസരങ്ങളിലുള്ളവര്‍ക്ക് ഉണ്ടാകാന്‍ പോകുന്നു എന്ന മുന്നറിയിപ്പാണ് ആരോഗ്യ രംഗത്തുള്ളവര്‍ സൂചിപ്പിക്കുന്നത്.
മാലിന്യമലകളില്‍ നിന്ന് പുറത്ത് വരുന്ന ഗ്യാസ് വളരെ അപകടകാരിയാണ്. അത് മനുഷ്യ ജീവനും ഇലക്ട്രിക്ക് ഉപകരണങ്ങള്‍ക്കും നാശം വിതയ്ക്കും. ഉദാഹരണമായി ഡല്‍ഹിയിലെ മാലിന്യ തോടുകള്‍ ചൂണ്ടിക്കാണിക്കാവുന്നതാണ്. ഡല്‍ഹി ഏറ്റവും കൂടുതല്‍ ആളുകള്‍ തിങ്ങിപ്പാറക്കുന്ന പ്രദേശമാണ്. ഈ പട്ടണത്തിനിടയിലൂടെ ഒട്ടേറെ മാലിന്യത്തോടുകള്‍ ഒഴുകുന്നുണ്ട്. ഈ തോടിന്‍റെ പരിസരത്തുള്ളവര്‍ക്ക് വലിയ ആരോഗ്യ പ്രശ്നങ്ങള്‍ പ്രത്യേകിച്ച് ശ്വാസകോശ രോഗങ്ങള്‍ ഉണ്ട് എന്നുള്ളത് ഒരു സത്യമാണ്. ഈ തോടുകളുടെ അടുത്ത് താമസിക്കുന്നവരുടെ ജനങ്ങളുടെ ഇലക്ട്രിക് ഉപകരണങ്ങള്‍ അല്‍പ്പായുസുള്ളതാണ്. എസിയും ടിവിയും കമ്പ്യൂട്ടറും ലാപ്ടോപ്പും എല്ലാം വളരെ വേഗം കേടാകുന്ന ഒരു സാഹചര്യം ഡല്‍ഹിയില്‍ സ്ഥിരമായി കണ്ടു വരാറുണ്ട്. ശ്വാസകോശ രോഗങ്ങളെ കൊണ്ട് ഈ പ്രദേശത്ത് വസിക്കുന്നവര്‍ ആശുപത്രിയില്‍ പോകുന്നതും സ്ഥിരമായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. നമ്മുടെ കേരളത്തില്‍ അതിഭീകരമായി ഈ ഒരു അവസ്ഥ വന്നുകൊണ്ടിരിക്കുന്നു.
ഡല്‍ഹിയിലെ സാഹചര്യങ്ങള്‍ കേരളത്തിലും ആവര്‍ത്തിക്കുവാന്‍ പോകുന്നു എന്നത് നമ്മള്‍ ഗൗരവത്തോടെ കാണേണ്ടതുണ്ട്, കൊച്ചിയിലെ ബ്രഹ്മപുരം പ്ലാന്‍റില്‍ മാത്രം സംഭവിക്കുന്ന ഒരു അവസ്ഥയല്ല ഇത്. കേരളത്തിലെ എല്ലാ പട്ടണങ്ങളിലും മാലിന്യ കൂമ്പാരങ്ങള്‍ ഒരു ചോദ്യചിഹ്നമായി മാറിക്കൊണ്ടിരിക്കുന്നു. ഇത് അതാത് പട്ടണങ്ങളിലെ ജനങ്ങളുടെ ആരോഗ്യപ്രശ്നം വര്‍ദ്ധിപ്പിക്കുന്നു. ആരോഗ്യ പ്രശ്നങ്ങള്‍ മാത്രമല്ല ജനങ്ങളുടെ സ്വത്തുക്കള്‍ക്ക് വലിയ നാശങ്ങള്‍ ഉണ്ടാക്കുന്നു. ജനങ്ങളെ ഈ ഒരു അപകടത്തില്‍ നിന്ന് രക്ഷിക്കുന്നതിന് അടിയന്തിര ഇടപെടലുകള്‍ ഉണ്ടാകണം. ശാസ്ത്രീയമായ രീതിയില്‍ എല്ലാ പട്ടണങ്ങളിലും മലിനീകരണ സംസ്കരണം അത്യാവശ്യമാണ്. ശാസ്ത്രീയമായ രീതിയില്‍ മലിനീകരണ സംസ്ക്കരണം നടത്തിയില്ലെങ്കില്‍ വലിയ ഒരു ആപത്തിലേക്ക് നമ്മുടെ നാടിനെ കൊണ്ടെത്തിക്കും എന്നുള്ള കാര്യത്തില്‍ ഒരു സംശയവുമില്ല. ഇപ്പോള്‍ നമുക്ക് അത് നിയന്ത്രണ വിധേയമാക്കാവുന്നതേ ഉള്ളൂ എന്നാണ് ശാസ്ത്ര രംഗത്തുള്ളവര്‍ പറയുന്നത്.
മാലിന്യങ്ങളെ നമുക്ക് പലതായി തന്നെ തരം തിരിക്കേണ്ടതുണ്ട്. കാര്‍ഷിക അവശിഷ്ടങ്ങള്‍ ഒരു മാലിന്യമാണ് ഭക്ഷ്യ അവശിഷ്ടങ്ങള്‍ മാലിന്യമാണ്. ഇലക്ട്രിക് മാലിന്യങ്ങള്‍ മറ്റൊന്നാണ.് ആശുപത്രി മാലിന്യങ്ങള്‍ വ്യവസായ മാലിന്യങ്ങള്‍ നഗരമാലിന്യങ്ങള്‍ ഇങ്ങനെ മാലിന്യങ്ങള്‍ പലതരത്തില്‍ ആയി നാം കണക്കാക്കണം. ഇത് പലതായി തന്നെ നമ്മള്‍ സംസ്കരിക്കേണ്ടതുണ്ട്. നമ്മുടെ നാട്ടില്‍ കാര്‍ഷിക അവശിഷ്ടങ്ങളും അറവുശാലയിലെ അവശിഷ്ടങ്ങളും വീടുകളില്‍ നിന്നുള്ള അവശിഷ്ടങ്ങളും ഹോസ്പിറ്റല്‍ ഇലക്ട്രിക്കല്‍ തുടങ്ങിയ അവശിഷ്ടങ്ങള്‍ എല്ലാം ഒരുമിച്ചാണ് ശേഖരിക്കുന്നത്. ഇത് വേര്‍തിരിക്കുവാന്‍ ഒരു വ്യവസ്ഥയും നമ്മുടെ നാട്ടിലില്ല എന്നുള്ളത് വളരെ അപകടകരമായ കാര്യമാണ്. ചില മുനിസിപ്പാലിറ്റികള്‍ അവശിഷ്ടങ്ങള്‍ വേര്‍തിരിച്ച് നല്‍കണമെന്ന് ആവശ്യപ്പെട്ടിട്ടും നമ്മുടെ ജനങ്ങള്‍ അതത്ര ഗൗരവത്തില്‍ എടുക്കുന്നില്ല. പ്ലാസ്റ്റിക് മാലിന്യങ്ങള്‍ വലിയ പാരിസ്ഥിതിക പ്രശ്നങ്ങളാണ് ഉണ്ടാക്കുന്നത് എന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ എത്രയോ കാലങ്ങളായി പറയുന്നു. അതും നമ്മള്‍ ഗൗരവത്തില്‍ എടുത്തിട്ടില്ല. സര്‍ക്കാര്‍ പ്ലാസ്റ്റിക്കുകളുടെ ഉപയോഗം പരമാവധി കുറയ്ക്കുന്ന നടപടിക്രമങ്ങള്‍ നടത്തുന്നുണ്ട് എന്നുള്ളത് ഒരു യാഥാര്‍ത്ഥ്യവുമാണ്. പക്ഷേ അത് എത്രമാത്രം വിജയം കണ്ടു എന്നുള്ളത് സംശയമാണ്.
ആരോഗ്യമേഖലയില്‍ ഏറ്റവും ശക്തമായ നാടാണ് കേരളം. ഇന്ത്യയിലെ ആരോഗ്യ സംരക്ഷണ രംഗത്ത് 27% മാണ് കേരളത്തിന്‍റെ പങ്ക്. ഒട്ടേറെ ആശുപത്രികള്‍ കേരളത്തില്‍ ഉണ്ട് എന്നുള്ളത് നമ്മുടെ ആരോഗ്യരംഗം ശക്തമാണ് എന്ന് തെളിയിക്കുന്നതാണ്. ഈ ആശുപത്രികളില്‍ നിന്നുള്ള മാലിന്യങ്ങള്‍ എവിടെയാണ് സംസ്ക്കരിക്കപ്പെടുന്നത് എന്നത് ചോദ്യമാണ്. എല്ലാ ആശുപത്രികളിലും ആശുപത്രി മാലിന്യങ്ങള്‍ സംസ്ക്കുന്നതിന് പ്ലാന്‍റുകള്‍ ഉണ്ടായിരിക്കണമെന്നാണ് നിയമം. എന്നാല്‍ അതുണ്ടോ...? ഉണ്ടെങ്കില്‍ തന്നെ അത് പ്രവര്‍ത്തിക്കുന്നുണ്ടോ...? വ്യവസായശാലകളിലെ മാലിന്യം അവിടെ തന്നെ സംസ്ക്കരിക്കാന്‍ പ്ലാന്‍റുകള്‍ ഉണ്ടായിരിക്കണമെന്നാണ് നിയമം. എന്നാല്‍ അതുണ്ടോ...? ഉണ്ടെങ്കില്‍ തന്നെ അത് പ്രവര്‍ത്തിക്കുന്നുണ്ടോ...? ഇതൊക്കെ അടിയന്തിരമായി പരിശോധിക്കേണ്ടതുണ്ട്.
വ്യവസായ മേഖലയില്‍ നിന്നുള്ള മാലിന്യങ്ങള്‍ നമ്മുടെ പല നദികളെയും ഇല്ലാതെയാക്കിയിരിക്കുന്നു എന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ എത്രയോ വര്‍ഷങ്ങളായി പറയുന്നു. കേരളത്തിലൂടെ ഒഴുകുന്ന നദികള്‍ മിക്കവാറും മലിനപ്പെട്ടിരിക്കുന്നത് വ്യവസായ മാലിന്യങ്ങള്‍ കൊണ്ടും ജനങ്ങള്‍ നദിയിലേക്ക് ഒഴുകുന്ന വീട്ടിലെ മാലിന്യങ്ങള്‍ കൊണ്ടും മറ്റുമാണ് എന്നുള്ള കാര്യത്തില്‍ സംശയമില്ല. ഇത്തരം പരിസ്ഥിതി മലിനമാക്കുന്ന പ്രവര്‍ത്തികളില്‍ നിന്ന് ജനങ്ങളെ പിന്തിരിപ്പിക്കുന്നതിന് ഒരു സാംസ്കാരിക വിപ്ലവം തന്നെ നമുക്ക് ആവശ്യമായി വന്നിരിക്കുന്നു. കേരളത്തിലെ ഏകദേശം 50% ഖരമാലിന്യങ്ങള്‍ ഉല്‍പാദിക്കുന്നത് വീടുകളില്‍ നിന്നാണെന്ന് വിവിധ പഠനങ്ങള്‍ തന്നെ സൂചിപ്പിക്കുന്നുണ്ട്. കമ്പോസ്റ്റ് ചെയ്യാവുന്ന അഴുകുന്ന തരത്തിലുള്ള മാലിന്യം വളമായി ഉപയോഗിക്കാം. ആശുപത്രിയിലേയും, ഇലക്ട്രിക്ക് മാലിന്യങ്ങള്‍ ശാസ്ത്രീയമായി സംസ്ക്കരിച്ചില്ലെങ്കില്‍ വലിയ പ്രത്യാഘാതം ഉണ്ടാകും. ബ്രഹ്മപുരത്തെ മാലിന്യ മലയുടെ കത്തല്‍ അധികാരികളുടെ കണ്ണുതുറക്കാന്‍ കാരണമാകട്ടെ...
