വേണ്ടേ നമ്മുടെ മാധ്യമ ഭാഷാ ഏകീകരണം...?
വിജയ് ചൗക്ക് 189 മാര്‍ച്ച് 11
സുധീര്‍ നാഥ്
മലയാളം ഭാഷ ലോകത്തിലെ മറ്റേത് ഭാഷകളേക്കാള്‍ ശ്രദ്ധേയമായ ഒന്നാണെന്ന് നമ്മള്‍ മലയാളികള്‍ എപ്പോഴും പറയാറുണ്ട്. ഏറ്റവും കൂടുതല്‍ അക്ഷരങ്ങള്‍ ഉള്ള ഒരു ഭാഷയായി മലയാളം മുന്നില്‍ നില്‍ക്കുന്നു എന്നാണ് അവകാശപ്പെടുന്നത്. അതുകൊണ്ടൊക്കെ ആയിരിക്കും ഭാഷാ പ്രയോഗത്തില്‍ അച്ചടി മാധ്യമങ്ങള്‍ അടക്കം വ്യത്യസ്തമായ രീതിയില്‍ മലയാള ഭാഷയെ സമീപിക്കുന്നത്. ഏറ്റവും കൂടുതല്‍ തര്‍ക്കങ്ങള്‍ വാക്കുകളുടെ കാര്യത്തില്‍ ഉള്ളത് മലയാള ഭാഷയിലാണെന്നാണ് സംസാരം. തമിഴില്‍ അക്ഷരങ്ങളുടെ എണ്ണം കുറവായതിനാല്‍ അവിടെ തര്‍ക്കമില്ല എന്നും പറയുന്നു.
മലയാളത്തിലെ എല്ലാ മാധ്യമ സ്ഥാപനങ്ങളും ഭാഷയെ വ്യത്യസ്തമായ രീതിയില്‍ കാണുന്നു എന്നുള്ളത് ന്യായീകരിക്കാമോ...? ഒരേ വാക്ക്, പേര്, എന്നു വേണ്ട സ്ഥലനാമവും ദേശത്തിന്‍റെ പേര് പോലും വ്യത്യസ്ത രീതിയിലാണ് എഴുതുന്നത്. മാധ്യമം എന്നല്ല മാദ്ധ്യമം എന്നാണ് എന്ന തര്‍ക്കം പോലും തീരുന്നില്ല. ഏത് ശരിയെന്ന് ആര്‍ക്കും തീര്‍പ്പ് കല്‍പ്പിക്കാനും ആകുന്നില്ല.
മാധ്യമ വായനയാണ് ഏത് ഭാഷയെയും വലിയ അളവില്‍ മുന്നോട്ട് നയിക്കുന്നത്. അത് കാലങ്ങളായി കണ്ടുവരുന്നതുമാണ്. നമ്മുടെ മലയാള ഭാഷ നാള്‍ക്കു നാള്‍ മാറിക്കൊണ്ടിരിക്കുന്നു എന്നുള്ളത് തിരിച്ചറിയണമെങ്കില്‍ വര്‍ഷങ്ങള്‍ക്കു മുമ്പുള്ള ഒരു പത്രം നാം മറിച്ചു നോക്കണം. 50 വര്‍ഷം മുമ്പ് ഈ പത്രത്തില്‍ അച്ചടിച്ചു വന്ന ഒരു വാര്‍ത്ത എന്ന പേരില്‍ പല മാധ്യമങ്ങളും സ്വന്തം പത്രത്തിന്‍റെ ഒരു പഴയ വാര്‍ത്ത കൊടുക്കുന്ന രീതി അടുത്ത കാലത്ത് കണ്ടിട്ടുണ്ട്. ഇങ്ങനെ പ്രസിദ്ധീകരിക്കപ്പെടുന്ന പഴയ വാര്‍ത്ത വായിക്കുമ്പോള്‍ നാം തിരിച്ചറയാന്‍ സാധിക്കും, നമ്മുടെ ഭാഷ വളരെ മാറിയിരിക്കുന്നു എന്ന്. അച്ചടിച്ച കാലത്ത് മലയാള ഭാഷയില്‍ ഒരു അസ്വാഭാവികതയും അക്കാലത്ത് ആരും കണ്ടിരുന്നില്ല. പക്ഷേ ഇന്ന് ഭാഷ മാറിയതോടെ അന്നത്തെ ഭാഷാ ശൈലി അസ്വാഭാവികമായ ഒന്നായി തന്നെ മാറിയിരിക്കുന്നു. ഇന്ന് പത്രങ്ങളില്‍ വരുന്ന ഭാഷാ രീതിയായിരിക്കില്ല 50 വര്‍ഷം കഴിഞ്ഞുള്ള പത്രങ്ങളിലെ വാര്‍ത്തകള്‍. അന്ന് ഇന്നത്തെ വാര്‍ത്ത വായിക്കുന്നവര്‍ക്ക് ഭാഷയുടെ പ്രയോഗത്തില്‍ അസ്വഭാവികത തോന്നുമെന്നുറപ്പ്.
രാജ്യതലസ്ഥാനമായ ഡല്‍ഹിയെ പല മാധ്യമങ്ങളും പല രീതിയിലാണ് സമീപിച്ചിരിക്കുന്നത്. ഡല്‍ഹി, ന്യൂഡല്‍ഹി, ദില്ലി എന്നീ രീതികളിലാണ് പല മാധ്യമങ്ങള്‍ അവരുടെ ശൈലി പ്രകാരം എഴുതുന്നത്. അതുപോലെ പ്രധാനമന്ത്രി നരേന്ദ്ര മോഡിയാണോ മോദി ആണോ എന്ന് നമ്മുടെ മാധ്യമങ്ങള്‍ക്ക് ഏകാഭിപ്രായത്തിലെത്താന്‍ ഇപ്പോഴും സാധിച്ചിട്ടില്ല. അഡ്വാനിയെന്നും അദ്വാനി എന്നും അവര്‍ എഴുതാറുണ്ട്. നെഹ്രു എന്നാണോ നെഹ്റു എന്നാണോ...?
കേരളത്തിലെ സ്ഥലനാമങ്ങള്‍ പോലും പലരും പലരീതിയിലാണ് എഴുതുന്നത്. ഉദാഹരണത്തിന് തൃശ്ശൂര്‍ എന്നും, ഒരു ശ കുറച്ച് തൃശൂര്‍ എന്നും മറ്റും എഴുതി കണ്ടിട്ടുണ്ട്. റമദാനെന്നും റംസാനെന്നും എഴുതുന്നവരുണ്ട്. കരോള്‍ എന്നും കാരള്‍ എന്നും രണ്ട് രീതി സമീപിക്കുന്ന മാധ്യമങ്ങളുണ്ട്. ക്രിസ്തുമസ് എന്നും ക്രിസ്മസ് എന്നും ഉപയോഗിക്കു?വരുണ്ട്. തിരഞ്ഞെടുപ്പാണോ തെരഞ്ഞെടുപ്പാണോ ശരി എന്ന കാര്യത്തില്‍ രണ്ട് പക്ഷമുണ്ട്. ചെലവാണോ ചിലവാണോ ശരി...? ഇങ്ങനെ എത്രയോ വാക്കുകള്‍... എല്ലാം ഇവിടെ പരാമര്‍ശിക്കാന്‍ സാധിക്കില്ലല്ലോ..
എന്നാല്‍ കുട്ടികളും അധ്യാപകരുമാണ് വലയുന്നത്. പല പത്രങ്ങള്‍ കാണുമ്പോള്‍ പല രീതിയിലാണ് പ്രയോഗങ്ങള്‍. ഏത് സത്യമെന്ന് കുട്ടികള്‍ക്കും അധ്യാപകര്‍ക്കും സംശയം. പാഠപുസ്തകത്തില്‍ കാണുന്നത് പോലെയല്ല പത്രങ്ങളില്‍. അദ്ധ്യാപകന്‍ എന്ന് പഠിച്ച ശേഷം പത്രം നോക്കുമ്പോള്‍ അധ്യാപകന്‍ മാത്രം...!
മലയാളത്തിന്‍റെ പ്രധാന ആവശ്യമാണ് മലയാള മാധ്യമ ഭാഷ ഏകീകരിക്കുക എന്നത്. അതിന് വേണ്ടി കേരള മീഡിയ അക്കാദമിയുടെ നേതൃത്വത്തില്‍ കേരള സംസ്ഥാന തലസ്ഥാനമായ തിരുവനന്തപുരത്ത് എല്ലാ മാധ്യമ സ്ഥാപനങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ പങ്കെടുത്ത ഒരു വട്ടമേശ സമ്മേളനം കഴിഞ്ഞദിവസം കൂടുകയുണ്ടായി. ഇത്തരത്തില്‍ ഒന്ന് കേരള മീഡിയ അക്കാഡമിക്ക് മുന്‍പുണ്ടായിരുന്ന കേരള പ്രസ്സ് അക്കാദമി 1981 ല്‍ നടപ്പിലാക്കിയിരുന്നു. അന്ന് പി.ഗോവിന്ദപിള്ള ചെയര്‍മാനായിരുന്നു. ഇ.എം.എസ്. നമ്പൂതിരിപ്പാട്, എന്‍.വി. കൃഷ്ണവാര്യര്‍, ടി.കെ.ജി. നായര്‍, ടി.വേണുഗോപാല്‍, പി. രാജന്‍ തുടങ്ങിയവര്‍ അതിന് നേതൃപരമായ പങ്കാളിത്തം വഹിച്ചു.
അന്നത്തെ സാഹചര്യമല്ല ഇന്ന് . മലയാള ഭാഷ തന്നെ മാറി. പുതിയ വാക്കുകള്‍ ഉണ്ടായി. പരമ്പരാഗത മാദ്ധ്യമങ്ങള്‍ക്ക് പുറമെ ദൃശ്യ മാദ്ധ്യമങ്ങളും സാമൂഹിക മാദ്ധ്യമങ്ങളും വന്നു. ലിംഗ സമത്വ പദങ്ങള്‍ കണ്ടെത്തുക, ലിംഗ പരമായും വര്‍ണ്ണപരമായും വിവേചനമുള്ള വാക്കുകള്‍ ഏതെന്ന് നിശ്ചയിച്ച് അവയെ ഒഴിവാക്കുക, ന്യൂജെന്‍ വാക്കുകളുടെ പട്ടിക തയ്യാറാക്കുക, പുതുവാക്കുകള്‍ ശേഖരിക്കുക എന്നിവയാണ് ഇപ്പോള്‍ കേരള മീഡിയ അക്കാദമി ലക്ഷ്യം വെയ്ക്കുന്നതെന്ന് നിലവിലെ ചെയര്‍മാന്‍ ആര്‍. എസ്. ബാബു വ്യക്തമാക്കി.
പലതവണ 1981 ന് ശേഷം ഇത്തരമൊരു ശ്രമം കേരള മീഡിയ അക്കാദമിയുടെ ഭാഗത്തുനിന്ന് ഉണ്ടായിരുന്നുവെന്നും അത് പൂര്‍ത്തീകരിക്കാന്‍ സാധിച്ചില്ല എന്നത് കൂടി കണക്കിലെടുത്ത് വളരെ ഗൗരവത്തേടെയാണ് അക്കാദമി ഈ ദൗത്യത്തിന്‍റെ നേതൃത്ത്വം ഏറ്റെടുത്തതെന്ന് സെക്രട്ടറി കെ. ജി. സന്തോഷ് പറഞ്ഞു. എന്തായാലും മലയാള മാധ്യമ ഭാഷയുടെ ഏകീകരണത്തിനായി കേരള മീഡിയ അക്കാദമി ഒരു വലിയ ശ്രമത്തിന് തുടക്കം കുറിച്ചിരിക്കുകയാണ്.
തിരുവനന്തപുരത്ത് നടന്ന വട്ടമേശ സമ്മേളനത്തില്‍ ഒരു കാര്യം പലരും ചൂണ്ടിക്കാണിക്കുകയുണ്ടായി മുന്‍കാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഒരു ശൈലി പുസ്തകം അച്ചടിച്ച് പുറത്തിറക്കുന്നതിനു പകരം വിവര സാങ്കേതിക രംഗം വളര്‍ന്ന ഈ കാലഘട്ടത്തില്‍ മലയാള മാധ്യമ ഭാഷയുടെ ഒരു പൊതു ശൈലി ഇന്‍റര്‍നെറ്റിലൂടെ ലഭ്യമാക്കാന്‍ ശ്രമിക്കുന്നതാണ് നല്ലതെന്ന് അഭിപ്രായം ഉയര്‍ന്നുവന്നു. വരുന്ന ഓഗസ്റ്റില്‍ കൊച്ചിയില്‍ നടക്കുന്ന അന്തര്‍ദേശീയ മാധ്യമ സമ്മേളനത്തില്‍ വച്ച് ഇതിന്‍റെ ആദ്യ പതിപ്പ് പുറത്തിറക്കും എന്ന് കേരള മീഡിയ അക്കാഡമി ചെയര്‍മാന്‍ ആര്‍. എസ്. ബാബു പ്രഖ്യാപിക്കുകയും ഉണ്ടായി
നമ്മുടെ മാധ്യമങ്ങള്‍ ഇപ്പോള്‍ പുതിയ കുറെ വാക്കുകള്‍ ഉപയോഗിച്ചു തുടങ്ങിയിരിക്കുന്നു എന്ന് തിരുവനന്തപുരത്ത് നടന്ന വട്ടമേശ സമ്മേളനത്തില്‍ ചര്‍ച്ച ചെയ്യുകയുണ്ടായി. പുതിയ തലമുറയിലെ മലയാളി കുട്ടികള്‍ ഉപയോഗിക്കുന്ന പല പദങ്ങളും അച്ചടി ഭാഷയിലേക്ക് എത്തിയിരിക്കുകയാണ്. ഇത് എത്രമാത്രം സ്വീകാര്യതയുള്ളതാണ് എന്ന് ചര്‍ച്ച ചെയ്യപ്പെടേണ്ടതുണ്ട്. ബ്രോ, തേച്ചൊട്ടിച്ചു, അടിച്ചു പൊളിച്ചു തുടങ്ങിയ ഒട്ടേറെ വാക്കുകളാണ് മലയാള ഭാഷാ പ്രയോഗങ്ങളില്‍ പുതുതായി വന്നത്. കോവിഡിന് ശേഷം ഇരുപതോളം വാക്കുകള്‍ പുതുതായി മലയാളഭാഷയില്‍ ഉണ്ടായി എന്ന് ഡോക്ടര്‍ ബി. ഇഖ്ബാല്‍ പറഞ്ഞു. ഇത് സര്‍ക്കാര്‍ അംഗീകരിച്ച് ഉത്തരവിറക്കിയിട്ടുണ്ട്.
പല ഇംഗ്ലീഷ് വാക്കുകളും മലയാളികരിക്കുന്നതിന്‍റെ അപകടം ചെറുതല്ല. ഇംഗ്ലീഷ് വാക്കുകള്‍ അതേപോലെ നമ്മുടെ മലയാളത്തില്‍ ഉപയോഗിക്കുന്നതാകും നല്ലത്. ഉദാഹരണമായി സെക്സ് റാക്കറ്റ് എന്ന ഇംഗ്ലീഷ് പദത്തെ നമ്മള്‍ മലയാളികള്‍ പെണ്‍വാണിഭം എന്ന് വിവര്‍ത്തനം ചെയ്യുന്നു. സെക്സ് റാക്കറ്റ് എന്ന ഇംഗ്ലീഷ് പദം കൊണ്ട് അര്‍ത്ഥമാക്കുന്നത് പുരുഷനും സ്ത്രീയും അതിന്‍റെ ഭാഗമാണ് എന്നാണ്. എന്നാല്‍ മലയാളികരിക്കുമ്പോള്‍ അത് പെണ്‍വാണിഭമായി മാറുകയും സ്ത്രീകള്‍ മാത്രമാണ് ഇത്തരത്തില്‍ മുദ്ര ചെയ്യപ്പെടുന്നത് എന്നും തെറ്റായി വ്യാഖ്യാനിക്കപ്പെടുന്നു. പുരുഷന്മാരും സെക്സ് റാക്കറ്റിന്‍റെ ഭാഗമാണ് എന്നുള്ളത് മലയാള തര്‍ജ്ജിമ ചെയ്യുമ്പോള്‍ നഷ്ടപ്പെടുന്നു. ഇത് വളരെ അപകടകരമായ ഒന്നാണ്. അതുപോലെ തന്നെയാണ് ഹണി ട്രാപ്പ് എന്ന വാചകം നമ്മള്‍ മലയാളികരിച്ച് പെണ്‍ കെണി എന്നാണ് പല മാധ്യമങ്ങളും ഉപയോഗിക്കുന്നത്. ഇവിടെയും സ്ത്രീ മാത്രം ക്രൂശിക്കപ്പെടുന്നു. യഥാര്‍ത്ഥത്തില്‍ പുരുഷന്മാരും ക്രൂശിക്കപ്പെടുന്നില്ല്ലേ... മലയാള പരിഭാഷ വ്യക്തമായി അതിനുത്തരം തരുന്നില്ല.
നമ്മുടെ മലയാളത്തില്‍ ഇപ്പോള്‍ ഒട്ടേറെ ഇംഗ്ലീഷ് പദങ്ങള്‍ കടന്നു വന്നിരിക്കുകയാണ്. അത് ശക്തമാക്കുന്നതിന് മലയാള സിനിമകള്‍ പോലും കാരണമായിട്ടുണ്ട്. മുന്‍കാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി മലയാള സിനിമയുടെ പേരുകള്‍ ഇംഗ്ലീഷിലേക്ക് മാറിയിരിക്കുന്നു. മലയാളം സര്‍വ്വകലാശാല വൈസ് ചാന്‍സിലറും മുന്‍ ചീഫ് സെക്രട്ടറിയുമായ കെ ജയകുമാര്‍ ചൂണ്ടിക്കാട്ടിയത് ഇപ്പോഴത്തെ മലയാള സിനിമകളില്‍ 30% ഇംഗ്ലീഷ് വാക്കുകള്‍ ഉപയോഗിക്കുന്നു എന്നതാണ്. മലയാള സിനിമയില്‍ ഇപ്പോള്‍ ഉപയോഗിക്കുന്ന ഇംഗ്ലീഷ് വളരെ നിലവാരം കുറഞ്ഞതാണ് എന്നുള്ളതും അദ്ദേഹം ചൂണ്ടിക്കാണിച്ചു. മലയാള സിനിമാ ഗാനരംഗത്തും മലയാളം നഷ്ടപ്പെടുന്ന ഒരു സാഹചര്യമാണ് ഉള്ളത്. മലയാള ഗാനങ്ങളില്‍ ഇംഗ്ലീഷ് വരികള്‍ മിക്കവാറും കൂട്ടിച്ചേര്‍ക്കപ്പെട്ടിട്ടുള്ളത് അതുകൊണ്ട് തന്നെയാണ്. മലയാള ഭാഷ പല അവസരങ്ങളിലും ഇംഗ്ലീഷ് ഭാഷയോട് ചേര്‍ത്തു പോകുന്നു. സാധാരണയായി നമ്മള്‍ ഉപയോഗിക്കുന്ന ചില വാചകങ്ങളുണ്ട്. ബസ് മിസ്സായി ... ഫാന്‍ ഓഫ് ചെയ്തേക്ക് ... ഡോര്‍ അടച്ചേക്ക് ... തുടങ്ങിയ വാചകങ്ങളില്‍ നമ്മള്‍ അറിയാതെ ഉപയോഗിക്കുന്നത് ഇംഗ്ലീഷ് പദവുമായി ഇടകലര്‍ത്തിയാണ്.
മലയാളം മാധ്യമങ്ങള്‍ ഇപ്പോള്‍ ഉപയോഗിച്ചു വരുന്ന പല വാചകങ്ങളും കാണുമ്പോള്‍ ഏകീകരിക്കേണ്ടതിന്‍റെ ആവശ്യം വളരെ പ്രധാനമാണ്. രാജ്യ തലസ്ഥാനത്തെ കുറിച്ചും പ്രധാനമന്ത്രിയെ കുറിച്ചും ഇവിടെ ആദ്യം സൂചിപ്പിച്ചിരുന്നല്ലോ... ക്രിസ്തുമസ് ക്രിസ്മസും, ദുബായും ദുബൈയും തുടങ്ങിയ വാചകങ്ങള്‍ എത്ര വ്യത്യസ്തമായാണ് പല മാദ്ധ്യമങ്ങളും ഉപയോഗിക്കുന്നത് എന്നത് കൗതുകമാണ്. അതെല്ലാം പരിശോധിക്കേണ്ടതുണ്ട്. ഇംഗ്ലീഷ് വാചകങ്ങളുടെ തര്‍ജ്ജിമ അപകടകരവുമാണ്. ബാച്ചിലര്‍ എന്നത് ഒറ്റയ്ക്ക് താമസിക്കുന്നവര്‍ എന്നര്‍ത്ഥമാണ്. പക്ഷേ നമ്മള്‍ മലയാളികള്‍ ബാച്ചിലര്‍ എന്നുള്ള വാചകത്തിന് മലയാളികരിച്ച് അവിവാഹിതരായ ആളുകള്‍ എന്ന അര്‍ത്ഥം നല്‍കിയിരിക്കുന്നു. ഇങ്ങനെ മലയാളികള്‍ക്കിടയില്‍ വാക്കുകള്‍ക്ക് അര്‍ത്ഥം സ്ഥാപിക്കുന്നതിന് മാദ്ധ്യമങ്ങള്‍ വലിയ പങ്കുവഹിച്ചിട്ടുണ്ട്. ഇത് തിരുത്തപ്പെടേണ്ട ഒന്നാണ്. കന്യക എന്നതിന് സ്ത്രീയെ ഉദ്ദേശിക്കുന്നു. അതിന്‍റെ വിപരീത പദമായി മലയാളത്തില്‍ എന്തുണ്ട് എന്നത് ചോദ്യമാണ്. തേവിടിശി എന്നതും സ്ത്രീയെ ഉദ്ദേശിച്ചു തന്നെ. അതിന്‍റെ പുരുഷ വശത്തിന് എന്തു വിളിക്കണം. ഇത്തരത്തില്‍ ഒട്ടേറെ വാക്കുകള്‍ക്ക് പുല്ലിംഗ പദം ശരിയായില്ല.
ഏന്‍ എന്ന വാചകം ഞാന്‍ എന്ന് മാറിയത് നമ്മുടെ സാംസ്കാരിക രംഗത്തെ വിപ്ലവകരമായ ഇടപെടലുകള്‍ കാരണമാണ്. ശൈലി പുസ്തകം വഴിയോ മാധ്യമങ്ങളിലെ എഴുത്തുകള്‍ വഴിയോ അത് മാറിയതല്ല. അത്തരത്തില്‍ നമ്മുടെ ഭാഷ നമ്മുടെ സംസ്കാരം വഴി ഓരോ നാളുകള്‍ തോറും മാറിക്കൊണ്ടിരിക്കുകയാണ്. ഭൂമി ഉരുണ്ടതാണെന്നും അതെപ്പോഴും ചലിക്കുന്നതാണെന്നും പറയുന്നതുപോലെ നമ്മുടെ ഭാഷയും നാള്‍ക്ക് നാള്‍ മാറിക്കൊണ്ടിരിക്കുന്നു എന്ന് തിരിച്ചറിയേണ്ട കാലമാണ് ഇപ്പോള്‍. നൂറ്റാണ്ടുകള്‍ക്ക് മുമ്പ് എഴുതപ്പെട്ട ശബ്ദതാരാവലിയിലെ വാക്കുകളേക്കാള്‍ ഇരട്ടിയാണ് ഇന്ന് മലയാളം ഭാഷയ്ക്ക് ഉള്ളത് എന്ന് നാം തിരിച്ചറിയണം.
മലയാള ഭാഷ മാറിക്കൊണ്ടിരിക്കുകയാണ്. മിക്ക മാധ്യമങ്ങളും സ്വന്തമായി ശൈലീ പുസ്തകം തയ്യാറാക്കിയിട്ടുണ്ട്. മാതൃഭൂമിയാണ് ആദ്യമായി ശൈലീ പുസ്തകവുമായി മലയാള മാധ്യമ രംഗത്തുണ്ട്. എല്ലാ മാധ്യമ സ്ഥാപനങ്ങള്‍ക്കും അവരവരുടെ ശൈലീ ഉള്ളത് കൊണ്ട് പൂര്‍ണ്ണമായും മലയാള പദങ്ങള്‍ ഏകീകരിക്കുക പ്രയാസമാണ്. മലയാള മാധ്യമങ്ങളില്‍ കുറെയെങ്കിലും വാക്കുകള്‍ ഏകീകരിക്കപ്പെടും എന്നുള്ള പ്രതീക്ഷ സംഘാടകര്‍ക്ക് ശക്തമാണ്. എല്ലാ മാധ്യമ സ്ഥാപനങ്ങളും ഏകീകരിക്കപ്പെടുന്ന വാക്കുകള്‍ തന്നെ ഉപയോഗിക്കണമെന്ന നിര്‍ബന്ധനയോ വാശിയോ ഇല്ല എന്ന് മീഡിയ അക്കാദമി പറയുന്നു. ഏകീകരിക്കപ്പെടുന്ന കുറേ വാക്കുകള്‍ കേരള മീഡിയ അക്കാദമിയുടെ ശ്രമഫലമായി ഉണ്ടാകട്ടെ എന്ന് നമുക്ക് പ്രതീക്ഷിക്കാം. അതില്‍ കുറേ വാക്കുകള്‍ പൊതുവായി കേരളത്തിലെ മലയാള മാധ്യമങ്ങള്‍ സ്വീകരിക്കട്ടെ എന്നും നമുക്ക് ആശിക്കാം....
