വെള്ളം വെള്ളം സര്‍വ്വത്ര, തുള്ളി കുടിക്കാന്‍ ഇല്ലത്ര...!
വിജയ് ചൗക്ക്
സുധീര്‍ നാഥ്
കേരളം നദികളാല്‍ ചുറ്റപ്പെട്ട വിഭവസമൃദ്ധമായ ഒരു പ്രദേശമാണ് എന്നാണ് അഭിമാനത്തോടെ നമ്മള്‍ പറഞ്ഞിരുന്നത്. എന്നാല്‍ ഇന്ന് വാര്‍ത്താമാദ്ധ്യമങ്ങളില്‍ ശുദ്ധജലത്തിനു വേണ്ടി വിയര്‍പ്പ് മുട്ടുന്ന മലയാളികളുടെ വാര്‍ത്തകള്‍ നിറയുന്നു. കുടിവെള്ളത്തിനായി അലയുന്ന ഗ്രമീണരുടെ, പട്ടണവാസിയുടെ ചിത്രങ്ങള്‍ നമ്മള്‍ക്ക് മാദ്ധ്യമങ്ങള്‍ കാണിച്ചു തരുന്നു. കേരളത്തിലെ ചെറു ഗ്രാമങ്ങളില്‍ പോലും കുപ്പിവെള്ളത്തിന്‍റെ കച്ചവടം നടക്കുന്നു. സുരക്ഷിതത്വത്തിന്‍റെ പേര് പറഞ്ഞ് കുപ്പിവെള്ളം വ്യാപകമായി വിറ്റഴിക്കപ്പെടുന്നു. ജീവന്‍റെ നിലനില്പിന് അത്യന്താപേക്ഷിതമായ ഘടകമാണ് ജലം അഥവാ വെള്ളം എന്ന കാര്യത്തില്‍ തര്‍ക്കമില്ല. ശുദ്ധജലത്തിന് നിറമോ മണമോ രുചിയോ ഇല്ല. കിണറുകള്‍, പുഴകള്‍, തടാകങ്ങള്‍, സമുദ്രങ്ങള്‍ ഇവയില്‍ ജലം നിറഞ്ഞിരിക്കുന്നു. പക്ഷെ മനുഷ്യന് കുടിക്കുന്നതിന് അനുയോജ്യമായ ജലം ഇപ്പോള്‍ കുപ്പിവെള്ളത്തിലാണെന്ന വിശ്വാസമാണുള്ളത്.
ജലം എന്ന വാക്കിന്‍റെ ഉത്പത്തിയെ കുറിച്ച് പറയുന്നത് ഇപ്രകാരമാണ്. ജനവാസമുള്ള എന്നും സമ്പന്നമായ എന്നും അര്‍ത്ഥമുള്ള അബാദ് എന്ന പേര്‍ഷ്യന്‍ വാക്കും, വളര്‍ച്ച പ്രാപിക്കുന്ന എന്നര്‍ത്ഥമുള്ള അബാദി എന്ന പേര്‍ഷ്യന്‍ വാക്കും ജലം എന്നര്‍ത്ഥമുള്ള അബ് എന്ന വാക്കില്‍ നിന്നും ഉടലെടുത്തതാണ് ജലം. ജലതന്മാത്ര ഹൈഡ്രജന്‍റേയും ഓക്സിജന്‍റേയും ആറ്റങ്ങള്‍ അടങ്ങിയ ഒരു സംയുക്തമാണ്. ഓരോ തന്മാത്രയിലും ഹൈഡ്രജന്‍റെ 2 ആറ്റങ്ങളും ഓക്സിജന്‍റെ ഒരു ആറ്റവും അടങ്ങിയിരിക്കുന്നു. ജലത്തിന്‍റെ രാസവാക്യം ഒ2ഛ. മൂന്ന് അവസ്ഥകളിലും പ്രകൃതിയില്‍ കാണപ്പെടുന്ന ഒരേ ഒരു വസ്തു ജലമാണ്.
ശുദ്ധജലമെന്നാല്‍ രാസപദാര്‍ത്ഥം അഥവാ ലവണാംശം കലരാത്ത ജലമാണ് എന്നാണ് പറയുന്നത്. കേരളത്തിലെ നദികള്‍, കുളങ്ങള്‍, കിണറുകള്‍ തുടങ്ങിയവ പണ്ട്കാലത്ത് ശുദ്ധജലസ്രോതസ്സുകള്‍ ആയിരുന്നു. ഇന്ന് സ്ഥിതി മാറിയിരിക്കുന്നു. വീട്ടിലെ കിണറില്‍ നിന്നുള്ള വെള്ളം പോലും ശുദ്ധജലമാണോ എന്ന് ജനം ഭയക്കുന്നു. അവരത് ശാസ്ത്രീയമായി സംസ്ക്കരിച്ച് കുടിക്കുന്ന കാഴ്ച്ച സര്‍വ്വസാധാരണമാണ്. ജലത്തിന്‍റെ മൂന്ന് അവസ്ഥകള്‍ ഖരം, ദ്രാവകം, വാതകം എന്നിവയാണ്. താപനില അനുസരിച്ച് ജലത്തിന്‍റെ രൂപത്തില്‍ മാറ്റം വരുന്ന ഖരാവസ്ഥയെ മഞ്ഞ് എന്നും വാതകാവസ്ഥയെ നീരാവി എന്നും പറയുന്നു. മണ്ണിലാണ് വെള്ളം ശേഖരിക്കപ്പെടുന്നതും സംരക്ഷിക്കപ്പെടുന്നതും എന്നതിനാല്‍ മണ്ണും മണ്ണിനെ മണ്ണാക്കി നിര്‍ത്തുന്നത് ജൈവവസ്തുക്കളാകയാല്‍ ജൈവവസ്തുക്കളും സംരക്ഷിച്ചുകൊണ്ടേ ജലത്തെ സംരക്ഷിക്കാനാവു. ഇവയെല്ലാം പ്രകൃതിയില്‍ പരസ്പര ബന്ധിതമായി നിലനില്‍ക്കുന്നു. നമ്മുടെ നാട്ടിലെ തെങ്ങിന്‍ തോപ്പുകളും, ഓരോ തെങ്ങിന് ചുവടെയുള്ള തടങ്ങളും വളരെ പ്രധാനമാണ്. ഓരോ തടങ്ങളും മഴവെള്ളത്തിന്‍റെ ചെറു ശേഖരങ്ങളാണ്. അതൊക്കെ അപ്രത്യക്ഷമായിരിക്കുന്നു. പറമ്പുകളിലെ കുളങ്ങളാണ് മഴവെങ്ങത്തിന്‍റെ വലിയ ശേഖരങ്ങള്‍. അതും അപ്രത്യക്ഷമാണ്.
ഒരു മനുഷ്യന്‍റെ ശരീരത്തില്‍ 55% മുതല്‍78%വരെ ജലമാണ് ഉള്ളത്. മനുഷ്യന്‍റെ നിലനില്‍പ്പിന് ജലം എത്രമാത്രം പ്രാധാന്യമുണ്ടെന്നതിന്‍റെ സൂചനയാണ് ഈ കണക്ക്. ഇക്കാരണത്താല്‍ തന്നെ മനുഷ്യശരീരത്തിന്‍റെ നല്ലരീതിയിലുള്ള പ്രവര്‍ത്തനത്തിന് അത്യാവശ്യം വേണ്ടുന്ന ഒന്നാണ് ജലം എന്ന് നാം തിരിച്ചറിയണം. നാം കഴിക്കുന്ന ഭക്ഷണത്തിത്തിലൂടെയോ കുടിക്കുന്ന പാനീയങ്ങളിലൂടെയോ ജലം നമ്മുടെ ശരീരത്തില്‍ എത്തുന്നുണ്ട്. ഒരുദിവസം 7മുതല്‍ 12 ഗ്ലാസ് വരെ വെള്ളം ഒരു മനുഷ്യന് ആവശ്യമാണ്. അങ്ങിനെ ധാരാളമായി ശുദ്ധജലം കുടിച്ചാല്‍ തന്നെ വലിയ അളവില്‍ രോഗങ്ങള്‍ മാറിപോകും എന്ന് പറയുന്നുണ്ട്. അത് ശാസ്ത്രീയമായി തന്നെ തെളിഞ്ഞ കാര്യമാണെന്നും പറയുന്നു.
ലോകത്തിലെ ശുദ്ധജലത്തിന്‍റെ 71 ശതമാനത്തോളം കാര്‍ഷിക ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നു. കാര്‍ഷിക ഉത്പന്നങ്ങള്‍ മനുഷ്യന്‍റെ പ്രധാന ആവശ്യമാണ്. കാര്‍ഷിക ഉത്പന്നങ്ങളില്ലാതെ മനുഷ്യന് ജീവിക്കുക പ്രയാസമാണ്. ലോകത്തെവിടേയും കര്‍ഷകരും, കാര്‍ഷിക ഉത്പന്നങ്ങളും മനുഷ്യന് ഒിച്ചുകൂടാന്‍ പറ്റാത്തതാണ്. ഗാര്‍ഹികാവശ്യങ്ങള്‍ക്ക് 10 ശതമാനത്തോളമേ നമ്മള്‍ ജലം ഉപയോഗിക്കുന്നുള്ളൂ എന്നാണ് കണക്കുകള്‍ പറയുന്നത്. ശുദ്ധജലത്തിന്‍റെ 45 ശതമാനത്തോളം അമേരിക്കന്‍ ഭൂഖണ്ഡത്തിലാണ്. ഭാരതത്തില്‍ ശുദ്ധജലത്തിന്‍റെ 4 ശതമാനമാണുള്ളത്. കാര്‍ഷികപ്രവര്‍ത്തനങ്ങള്‍ക്കായി ഇവിടെ 71 ശതമാനത്തോളം ജലം ഉപയോഗിച്ചുവരുന്നു എന്നും കണക്കുകള്‍ ചൂണ്ടികാണിക്കുന്നു.
ജലം ഉപയോഗിച്ചുള്ള വൈദ്യുതി നിര്‍മ്മാണം ഏറ്റവും ചെലവ് കുറഞ്ഞതാണ്. ഇതിനോടൊപ്പം തന്നെ ജലം നഷ്ടപ്പെടുന്നില്ല എന്നുള്ള ഒരു പ്രത്യേകത കൂടി അവിടെയുണ്ട്. വൈദ്യുതി ഉണ്ടാക്കാന്‍ ഉപയോഗിക്കുന്ന ജലം മറ്റാവശ്യങ്ങള്‍ക്കും ഉപയോഗിക്കാം. ലോകത്ത് എല്ലായിടത്തും ഡാമുകള്‍ നിര്‍മ്മിക്കപ്പെട്ടിട്ടുള്ളത് വൈദ്യുതി ഉത്പാദിപ്പിക്കാനും, കുടിവെള്ളത്തിനും, ക്യഷിക്കും വേണ്ടിയാണ്. ഡാമുകളില്‍ നിന്നുള്ള വൈദ്യുതി നിര്‍മ്മാണം പൂര്‍ത്തീകരിച്ച് കൃഷിയിടങ്ങളിലേക്ക് ജലം എത്തിക്കുന്നു. കുടിവെള്ള ശുദ്ധീകരണ പ്ലാന്‍റുകളില്‍ ജലം എത്തിക്കുന്നു. ഇത് ആഗോള തലത്തില്‍ പിന്തുടരുന്ന രീതിയാണ്. വടക്കേ ഇന്ത്യയിലെ ഗ്രാമങ്ങളില്‍ ഇത്തരത്തില്‍ ഡാമുകളില്‍ ശേഖരിക്കുന്ന വെള്ളമാണ് കൃഷിയിടങ്ങളിലേക്ക് എത്തിക്കുന്നത്.
പണ്ട് ഒരു ചൊല്ല് തന്നെ ഉണ്ടായിരുന്നു വെള്ളം വെള്ളം സര്‍വത്ര തുള്ളി കുടിക്കാന്‍ ഇല്ലത്ര. ഈ ഒരു അവസ്ഥയിലേക്ക് കേരളമെന്ന നമ്മുടെ നാടിനെ എത്തിച്ചതിനെക്കുറിച്ച് ഗഹനമായ ഒരു പഠനം ആവശ്യമാണ്. ആ പഠനം വഴി നമ്മുടെ പ്രകൃതിയോടുള്ള ചൂഷണം മൂലം സംഭവിച്ച വ്യതിയാനങ്ങള്‍ ആണ് എന്ന് നാം തിരിച്ചറിയും. ഇത് നമ്മുടെ നാടിനു മാത്രം സംഭവിച്ച ഒരു മാറ്റമല്ല. ലോകത്തിന്‍റെ എല്ലാ ഭാഗത്തും എന്തിനേറെ നമ്മുടെ രാജ്യത്തിന്‍റെ എല്ലാ പ്രദേശങ്ങളിലും ഇത്തരത്തിലുള്ള ഒരു മാറ്റം വളരെ പ്രകടമാണ്. മനുഷ്യന്‍ വികസിക്കുന്നതോടൊപ്പം പ്രകൃതിയെ അതിദാരുണമായി ചൂഷണം ചെയ്യുകയും ചെയ്തതാണ് ഇതിന്‍റെ കാരണം. ശുദ്ധജല തടാകങ്ങള്‍ നമ്മുടെ രാജ്യത്ത് ഇപ്പോഴില്ല എന്നത് വേദനാജനകമാണ്. യമുനയും, ഗംഗയും മലിനമായി ഒഴുകുന്നു. ഭാരതപുഴും പെരിയാറും വരളുന്നു. ഇതൊക്കെ നമ്മുടെ നേര്‍കാഴ്ച്ചയാണ്.
കേരളത്തിന്‍റെ സാമൂഹികജീവിതത്തെ നേരിട്ട് ബാധിക്കുന്ന നമ്മുടെ ജലാശയങ്ങള്‍ ഉള്‍ക്കാഴ്ചയില്ലാത്ത വികസനം മൂലം ഇപ്പോള്‍ ശ്വാസംമുട്ടുകയാണ്. നമ്മുടെ കായലുകളും പുഴകളും തോടുകളുമെല്ലാം തിരിച്ചുപിടിക്കാന്‍ പറ്റാത്തവിധം മലിനയായിരിക്കുന്നു. പല തോടുകളും, പുഴകളും നഷ്ടപ്പെടുകയോ, വീതി കുറയുകയോ ചെയ്തിരിക്കുന്നു. കുന്നിടിക്കലും, മണ്ണെടുക്കലും, വയല്‍ നികത്തലും, മണലൂട്ടലും വനനശീകരണവും ജലാശയങ്ങള്‍ നികത്തലും ഗൗരവമായി പരിഗണിക്കപ്പെടുന്നില്ല. ഇതെല്ലാം ജനം നിസ്സംഗതയോടെ കയ്യും കെട്ടി നോക്കി നില്‍ക്കുന്നത് തെറ്റാണെന്ന് തിരിച്ചറിയുന്നില്ല. നല്ല മഴ ലഭിക്കുന്ന നമ്മുടെ നാട്ടില്‍ മഴക്കാലത്ത് പോലും ശുദ്ധജലത്തിന്‍റെ ദൗര്‍ലഭ്യം ഉണ്ട്. മഴവെള്ളം പോലും മലിനമാണ്. അതിന് അന്തരീക്ഷ മലിനീകരണം ഒരു കാരണമാണ്.
ലോകത്താകമാനം രാജ്യങ്ങള്‍ ഇന്ന് ഒരേപോലെ അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പാരിസ്ഥിതിക പ്രശ്നങ്ങളിലോന്ന് കുടിവെള്ള മലിനീകരണമാണെന്ന് ഐക്യരാഷ്ട്ര സംഘടനയുടെ യുണൈറ്റഡ് നാഷന്‍സ് എന്‍വയോണ്‍മെന്‍റ് പ്രോഗ്രാം കണക്കാക്കുന്നു. അതിന്‍റെ ഒരു ഭാഗം മാത്രമാണ് നമുക്ക് ചുറ്റും കാണുന്നത്. ഇതില്‍ നിന്ന് രക്ഷപ്പെടുവാന്‍ നമ്മള്‍ മലയാളികള്‍ മാത്രം വിചാരിച്ചാല്‍ സാധിക്കുന്ന ഒന്നല്ല. ലോകം മുഴുവനും ഉള്ള മനുഷ്യരാശി ഒരുമയോടെ നിന്നാല്‍ മാത്രമേ ഈ വലിയ പ്രതിസന്ധിയില്‍ നിന്ന് നമ്മുടെ ലോകത്തെ രക്ഷിക്കുവാന്‍ സാധിക്കുകയുള്ളൂ. ആഗോലതലത്തിലായാലും ദേശീയതലത്തിലയാലും സംസ്ഥാനതലത്തിലായും ജലലഭ്യതയും സുരക്ഷിതമായ കുടിവെള്ളവും ഗൗരവപ്പെട്ട പ്രശ്നമാണ്.
രാഷ്ട്രങ്ങള്‍ തമ്മിലും, സംസ്ഥാനങ്ങള്‍ തമ്മിലും പ്രദേശങ്ങള്‍ തമ്മിലും വെള്ളം സംബന്ധിച്ച് തര്‍ക്കങ്ങളും ഏറ്റുമുട്ടലുകളും ഉണ്ടാകുന്നു. ഇന്ന് ലോകത്ത് സുരക്ഷിതമായ കുടിവെള്ളം ഭൂമിയില്‍ ലഭ്യമാണോ എന്നുള്ള കാര്യത്തില്‍ സംശയമാണ്. നമ്മുടെ ജലസ്രോതസ്സുകള്‍ നാള്‍ക്കുനാള്‍ നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്നത് തന്നെയാണ് ജലത്തിനെ കുറിച്ചുള്ള തര്‍ക്കങ്ങള്‍ അതിര്‍ത്തികള്‍ കടന്നുപോകുന്നതിന് കാരണം.
നിലവിലെ സാഹചര്യത്തില്‍ ജല മാനേജ്മെന്‍റ് കര്‍ശനമായി നടപ്പിലാക്കേണ്ടതിന്‍റെ ആവശ്യം വിളിച്ചോതുന്നു. ലഭ്യമായ വെള്ളത്തെ ഏറ്റവും മെച്ചപ്പെട്ട രീതിയില്‍ എങ്ങനെ ഉപയോഗിക്കാം എന്നതിനെയാണ് ജല മാനേജ്മെന്‍റ്എന്നുകൊണ്ട് ഉദ്ദേശിക്കുന്നത്. ലഭിക്കുന്ന വെള്ളത്തെ എങ്ങനെ സംരക്ഷിച്ച് ആവശ്യത്തിനു ഉപയോഗിക്കാം എന്ന് സമൂഹം മനസിലാക്കേണ്ടത് അത്യാവശ്യമാണ്. ലഭ്യമാകുന്ന ജലം മലിനപ്പെടാതിരിക്കാന്‍ എന്ത് ചെയ്യണമെന്ന് നമ്മള്‍ അറിഞ്ഞിരിക്കണം. ജലത്തിന്‍റെ ദുരുപയോഗവും, അമിത ഉപയോഗവും എങ്ങനെ തടയാം എന്നത് സമൂഹം അടിയന്തിരമായി മനസിലാക്കേണ്ടതുണ്ട്. വെള്ളത്തിന്‍റെ ഉപയോഗം നിയന്ത്രിക്കുക എന്നതായിരിക്കണം ജല മാനേജ്മെന്‍റിന്‍റെ ലക്ഷ്യം.
