അക്ഷരങ്ങളുടെ സാംസ്കാരിക സംഗമം.

അക്ഷരങ്ങളുടെ സാംസ്കാരിക സംഗമം.

വിജയ് ചൗക്ക്

സുധീര്‍ നാഥ് 


വൈവിധ്യങ്ങളായ ഭാഷകളുടെ ഒരു നാടാണ് ഇന്ത്യ. 2021 കണക്ക് പ്രകാരം ഇന്ത്യയില്‍ 122 പ്രധാന ഭാഷയും, 1599 അപ്രധാന ഭാഷയും ഉണ്ട് എന്ന് പറയുന്നു. ഒരു മില്ല്യന്‍ ജനങ്ങളില്‍ കൂടുതല്‍ രാജ്യത്തെ 30 ഭാഷകള്‍ സംസാരിക്കുന്നുണ്ട്. 122 ഭാഷകള്‍ പതിനായിരത്തിലേറെ പേര്‍ സംസാരിക്കുന്നു എന്നും സെന്‍സസ് ചൂണ്ടി കാണിക്കുന്നു. ആസാമീസ്, ബംഗാളി, ഗുജറാത്തി, ഹിന്ദി, കന്നട, കാശ്മീരി, കൊങ്ങിണി, മലയാളം, മണിപ്പൂരി, മറാത്തി, നേപ്പാളി, ഒറിയ, പഞ്ചാബി, സംസ്ക്യതം, സിദ്ധി, തമിഴ്, തെലുങ്കു, ഉറുദു, ബോഡോ,  സന്താലി, മൈഥിലി, ഗോഗ്രി എന്നീ 22 ഭാഷകളാണ് പ്രധാനമായും നമ്മുടെ രാജ്യത്ത് ഉപയോഗിക്കുന്നത്. ഇന്ത്യന്‍ ഭരണഘടന ഈ 22 ഭാഷകളെയാണ് ഔദ്യോഗികമായി അംഗീകരിച്ചിരിക്കുന്നത്. ഈ ഭാഷകളില്‍ ഒക്കെ തന്നെ ശക്തമായ സാഹിത്യ രചനകള്‍ ഉണ്ടാകുന്നുണ്ട്. വൈവിദ്യങ്ങളായ ആശയങ്ങള്‍ സമ്മാനിക്കുന്ന സാഹിത്യ രചനകള്‍ ഓരോ ഭാഷയിലും ഏറെ വായിക്കപ്പെടുന്നുമുണ്ട്. എന്നിരുന്നാല്‍ തന്നെയും നമ്മുടെ രാജ്യത്ത് ഇതിനേക്കാളേറെ ഭാഷകള്‍ വ്യാപകമായി സംസാരിക്കുന്നുണ്ട്. പക്ഷെ പല ഭാഷകള്‍ക്കും ലിപി ഇല്ല. സംസാര ഭാഷയായി തന്നെ അത് നിലനില്‍ക്കുന്നു. നമ്മുടെ ഇന്ത്യയില്‍ പല ഭാഷകളും അന്യം നിന്ന് പോകുന്നുണ്ട്. 

ഇന്ത്യന്‍ ഭാഷയുടെ മാതാവായി സംസ്കൃതത്തെയാണ് അംഗീകരിക്കപ്പെട്ടിരിക്കുന്നത്. സംസ്കൃതം എല്ലാ ഭാഷകളുടെയും മാതാവായി കണക്കാക്കുവാന്‍ പല കാരണങ്ങളും ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. മലയാള ഭാഷയും സംസ്ക്യത ഭാഷയോട് കടപ്പെട്ടിട്ടുണ്ട് എന്ന് ഭാഷാ പണ്ഡിതര്‍ തന്നെ പറഞ്ഞിട്ടുണ്ട്. ഇന്ത്യന്‍ ഭരണഘടന പ്രകാരം ഇന്ത്യയുടെ ഔദ്യോഗിക ഭാഷ ഹിന്ദിയാണ്. രാജ്യത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ സംസാരിക്കുന്ന ഭാഷയും ഹിന്ദിയാണ്. ഹിന്ദിക്ക് ശേഷം രാജ്യത്തെ ഏറ്റവും കൂടുതല്‍ ജനങ്ങള്‍ സംസാരിക്കുന്നത് ബംഗാളിയാണ്. ബംഗാളി ഭാഷ ബംഗാളില്‍ മാത്രമല്ല നോര്‍ത്തീസ്റ്റ് പ്രദേശങ്ങളിലും വളരെ പ്രചാരത്തിലുണ്ട്. തൊട്ടടുത്ത രാജ്യമായ ബംഗ്ലാദേശിലും ബംഗാള്‍ ഭാഷ വളരെ വ്യാപകമായി സംസാരിക്കുന്നു. നമ്മുടെ രാജ്യത്തെ അതിപ്രധാനമായ പല കൃതികളും ബംഗാളി ഭാഷയിലാണ് രചിക്കപ്പെട്ടിട്ടുള്ളത് എന്നുള്ളത് ഈ അവസരത്തില്‍ പറഞ്ഞു പോകുന്നത് നന്നായിരിക്കും. ഒട്ടേറെ ബംഗാളി കൃതികള്‍ നമ്മുടെ സ്വന്തം മലയാളത്തിലേക്ക് തര്‍ജ്ജിമ ചെയ്തിട്ടുണ്ടല്ലോ... രവീന്ദ്രനാഥ ടാഗോര്‍ അടക്കമുള്ള പ്രശസ്തരുടെ രചനകള്‍ മലയാളിക്ക് സുപരിചിതവുമാണ്. 2000 വര്‍ഷത്തില്‍ കൂടുതല്‍  ചരിത്രമുള്ള ഭാഷകള്‍ക്ക് ഇന്ത്യന്‍ ഭരണകൂടം നല്‍കുന്ന പ്രത്യേകാംഗീകാരമാണ് ശ്രേഷ്ഠഭാഷാപദവി. തമിഴ് (2004), സംസ്കൃതം (2005), തെലുങ്ക് (2008), കന്നട (2008), മലയാളം (2013), ഒഡിയ (2014) എന്നീ ഭാഷകള്‍ക്ക്  ശ്രേഷ്ഠഭാഷാ പദവി ഉണ്ട്. ശ്രേഷ്ഠഭാഷാ പദവി ലഭിക്കുന്ന ഇന്ത്യയിലെ അഞ്ചാമത്തെ ഭാഷയാണ് മലയാളം. മലയാളത്തിന് ശേഷമാണ് ഒഡിയയ്ക്ക് ശ്രഷ്ഠഭാഷാ പദവി ലഭിച്ചത്. ഭാഷയുടെ പരിപോഷണത്തിനും ഗവേഷണ-പഠന കേന്ദ്രങ്ങള്‍ തുടങ്ങുന്നതിനും മികവിന്‍റെ പുരസ്കാരങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനും കേന്ദ്രസര്‍ക്കാറിന്‍റെ നൂറുകോടി രൂപ ശ്രേഷ്ഠഭാഷകള്‍ക്ക് ലഭിക്കും. 2013 മേയ് 23-നു ചേര്‍ന്ന കേന്ദ്രമന്ത്രിസഭായോഗമാണ് മലയാളത്തെ ശ്രേഷ്ഠഭാഷയായി അംഗീകരിച്ചത്. ഇതിനു മുന്‍പ് സാഹിത്യ അക്കാദമിയുടെ ഉപസമിതി മലയാളത്തിന് 2000 വര്‍ഷം പഴക്കമില്ല എന്ന കാരണം ചൂണ്ടിക്കാട്ടി ശ്രേഷ്ഠഭാഷാ പദവി നിരസിച്ചിരുന്നു. പിന്നീട് കേരളം 2000 വര്‍ഷത്തെ കാലപ്പഴക്കം തെളിയിക്കുകയായിരുന്നു. 2012 ഡിസംബര്‍ 19-ന് കേന്ദ്രസാഹിത്യ അക്കാദമിയുടെ ഭാഷാവിദഗ്ദ്ധ സമിതി മലയാളത്തിന് ശ്രേഷ്ഠഭാഷാപദവി നല്‍കുന്നത് അംഗീകരിച്ചിരുന്നു.

ഇന്ത്യയിലെ വിവിധങ്ങളായ ഭാഷകളില്‍ ആയിരക്കണക്കിന് സാഹിത്യകൃതികളാണ് ഓരോ വര്‍ഷവും പുറത്തിറങ്ങുന്നത്. വ്യത്യസ്തങ്ങളായ ആശയങ്ങള്‍ കൊണ്ട് സമ്പന്നമാണ് ഓരോ ഭാഷയും. അത്ഭുതകരമായ ഭാവനകളാണ് ഓരോ ഭാഷയില്‍ നിന്നും ഉണ്ടാകുന്നത്. വ്യത്യസ്ത കോണുകളില്‍ നിന്നുള്ള വ്യത്യസ്ത ഭാവനകള്‍ കൊണ്ട് സമ്പന്നമാണ് നമ്മുടെ സാഹിത്യ ലോകം. നിരവധി സാഹിത്യ രചയിതാക്കളുടെ പ്രസിദ്ധീകരണങ്ങള്‍ ഇപ്പോള്‍ ഡല്‍ഹിയില്‍ ഒരു കൂരയ്ക്ക് കീഴില്‍ ഒന്നിച്ചെത്തിയിരിക്കുകയാണ്. ലോക പുസ്തകോത്സവത്തിന് ഡല്‍ഹി തുടക്കം കുറിക്കുമ്പോള്‍ അത് ഇന്ത്യയുടെ സംസ്കാരത്തിന്‍റെ കൂട്ടായ്മയായി മാറുന്നു. ഓരോ സംസ്ഥാനത്തിന്‍റെയും സംസ്കാരം ഇവിടെ ഒന്നിച്ചു ചേരുകയാണ്. അക്ഷരങ്ങളിലൂടെ ഒന്നിച്ചു ചേര്‍ന്ന ഈ സംസ്കാരങ്ങള്‍ പരസ്പരം കോര്‍ത്തിണക്കപ്പെട്ടിരിക്കുന്നു വൈവിധ്യങ്ങളായ ആശയങ്ങള്‍ നമ്മുടെ വായനക്കാരുടെ ചിന്തകളുടെ യാത്രകള്‍ തന്നെ മാറ്റിമറിക്കപ്പെട്ടിട്ടുണ്ട്. വ്യത്യസ്തങ്ങളായ ഭാഷകളിലെ സാഹിത്യ രചനകള്‍ ഒരു കുടക്കീഴില്‍ നാഷണല്‍ ബുക്ക് ട്രസ്റ്റിന്‍റെ നേത്യത്ത്വത്തില്‍ ലോക പുസ്തകോത്സവത്തില്‍ ഒരുമിപ്പിക്കുമ്പോള്‍ അത് രാജ്യത്തെ ഭാഷകളുടെ സാംസ്കാരിക സംഗമമായി മാറിയിരിക്കുന്നു. അതുകൊണ്ടുതന്നെ ലോക പുസ്തകോത്സവം വ്യത്യസ്തമായ ഒന്നായി മാറുന്നു.

ലോക പുസ്തകോത്സവം ഡല്‍ഹിയില്‍ ഫെബ്രുവരി 25ന് ആരംഭിച്ചു കഴിഞ്ഞു. മാര്‍ച്ച് 5 വരെയാണ് ഡല്‍ഹിയിലെ പ്രഗതി മൈതാനിയില്‍ പുസ്തക മേള നടക്കുന്നത്. ഫ്രാന്‍സ് ആണ് ഈവര്‍ഷത്തെ ഫോക്കസിങ്ങ് രാജ്യം. സാഹിത്യത്തില്‍ നോബല്‍ സമ്മാനം നേടിയ ഫ്രഞ്ച് എഴുത്തുകാരി ആനി എര്‍നോക്സാണ് ലോക പുസ്തകോത്സവം ഉദ്ഘാടനം ചെയ്തത് എന്നത് ആവേശകരമായിരുന്നു. അവരുടെ വാക്കുകള്‍ നേരിട്ട് കേള്‍ക്കാന്‍ അക്ഷരപ്രേമികള്‍ എത്തി. 'ആസാദി കാ അമൃത് മഹോത്സവ്' എന്ന വിഷയം പ്രമേയമാക്കി എര്‍ണോ ഉള്‍പ്പെടെ 16 ഫ്രഞ്ച് എഴുത്തുകാരും 60-ലധികം പ്രസാധകരും സാഹിത്യ ഏജന്‍റുമാരും സാംസ്കാരിക പ്രതിനിധികളും ഫ്രാന്‍സില്‍ നിന്ന് പങ്കെടുക്കുന്നുണ്ട്. ഫ്രഞ്ച് എഴുത്തുകാര്‍ നൂറ്റാണ്ടുകളായി ഇന്ത്യയുടെ കലാ സമൃദ്ധിയില്‍ ആകൃഷ്ടരാണെന്ന് നൊബേല്‍സമ്മാന ജേതാവ് ആനി എര്‍ണോ പറഞ്ഞു. പതിനെട്ടാം നൂറ്റാണ്ടുമുതല്‍ ഫ്രഞ്ച് എഴുത്തുകാരെ ആകര്‍ഷിച്ച കലാസമ്പത്ത് ഇന്ത്യ കാത്തുസൂക്ഷിക്കുന്നതെന്നും അവര്‍ പറഞ്ഞു. 30 രാജ്യങ്ങളില്‍ നിന്നുള്ള പ്രസാധകര്‍ പുസ്തകോത്സവത്തില്‍ പന്‍റെടുക്കുന്നുണ്ട്. 1600 സ്റ്റാളുകളിലായി ലക്ഷക്കണക്കിന് പുസ്തകങ്ങളുടെ പ്രദര്‍ശനവും വില്‍പ്പനയും നടക്കുന്നു എന്നത് നിസാരമല്ല. സാഹിത്യത്തിന്‍റെ വസന്തമായിരിക്കും ഡല്‍ഹിയില്‍ നാഷ്ണല്‍ ബുക്ക് ട്രസ്റ്റ് ഒരുക്കുന്ന ലോക പുസ്തകോത്സവം എന്ന കാര്യത്തില്‍ സംശയവുമില്ല. കുട്ടികള്‍ക്കുള്ള പുസ്തകങ്ങള്‍, കാര്‍ഷിക രംഗം, ശാസ്ത്ര രംഗം, സ്പോര്‍ട്ട്സ്, തുടങ്ങി വ്യത്യസ്തമായ മേഖലകള്‍ക്കായി പ്രത്യേകം പ്രത്യേകം തരം തിരിച്ചാണ് സ്റ്റാളുകള്‍ നല്‍കിയിരിക്കുന്നത്. നൂറ് കണക്കിന് പുസ്തകങ്ങള്‍ ഈ സമയത്ത് പുസ്തകോത്സവത്തില്‍ പ്രകാശനം ചെയ്യപ്പെടുന്നുണ്ട്. രസകരമായ ഒട്ടേറെ സെല്‍ഫി പോയിന്‍റുകള്‍ ഇത്തവണയും ലോക പുസ്തകോത്സവം ആകര്‍ഷകമായിട്ടുണ്ട്.

ഇത്തവണ ഡല്‍ഹിയില്‍ നടക്കുന്ന ലോക പുസ്തകോത്സവത്തില്‍ മലയാള ഭാഷയുടെ വലിയ സാനിധ്യം കാണാം. മലയാള മനോരമ, ഡി.സി. ബുക്സ് തുടങ്ങി പ്രമുഖ മലയാളം പ്രസാധകര്‍ക്കൊപ്പം കേരള സര്‍ക്കാരിന്‍റെ വിവിധ സ്ഥാപനങ്ങളും പുസ്തകങ്ങളുമായി എത്തിയിട്ടുണ്ട്. കേരള സര്‍ക്കാര്‍ സാംസ്കാരിക വകുപ്പിന്‍റെ കീഴിലുള്ള കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്, കേരള മീഡിയ അക്കാദമി, തുടങ്ങി ഒട്ടേറെ പേര്‍ ലോക പുസ്തകോത്സവത്തില്‍ പങ്കാളികളാണ്. വൈജ്ഞാനിക പുസ്തകങ്ങള്‍, ശാസ്ത്രം, എന്‍ജിനീയറിങ്, ഭാഷ, സാഹിത്യം, കലകള്‍, സാമൂഹികശാസ്ത്രങ്ങള്‍, ചരിത്രം, ഭൂമിശാസ്ത്രം, ഭാഷാശാസ്ത്രം, കൃഷി, കായികം, ഗണിതശാസ്ത്രം, രസതന്ത്രം, ഭൗതികശാസ്ത്രം, ആരോഗ്യശാസ്ത്രം, ജന്തു ശാസ്ത്രം, ഇന്‍ഫര്‍മേഷന്‍ ടെക്നോളജി, ഫോക് ലോര്‍, നാടകം, സംഗീതം, സിനിമ, ചിത്രകല, കേരള ചരിത്രം, ഇന്ത്യ ചരിത്രം, ലോകചരിത്രം, രാഷ്ട്രതന്ത്രം, സാമ്പത്തികശാസ്ത്രം, ടൂറിസം, മാനേജ്മെന്‍റ്, സഹകരണം, വിദ്യാഭ്യാസം, മനഃശാസ്ത്രം, തത്വശാസ്ത്രം, ആധ്യാത്മികം, നിയമം, ജേണലിസം, സ്ത്രീ പഠനങ്ങള്‍, ശബ്ദാവലികള്‍, നിഘണ്ടുക്കള്‍, പദകോശം, ജീവചരിത്രങ്ങള്‍ തുടങ്ങിയ വിഷയങ്ങളില്‍ വൈവിധ്യമാര്‍ന്ന ഗ്രന്ഥങ്ങള്‍ ലഭ്യമാണ് അവിടെ ലഭിക്കുക.

നാഷണല്‍ ബുക്ക് ട്രസ്റ്റ് കഴിഞ്ഞ 50 വര്‍ഷത്തെ പ്രവര്‍ത്തനത്തിനിടയില്‍ മുപ്പത്തി ഒന്നാമത്തെ പുസ്തകോത്സവമാണ് സംഘടിപ്പിക്കുന്നത്. ലക്ഷക്കണക്കിന് പുസ്തകങ്ങളാണ് ഓരോ വര്‍ഷവും ലോക പുസ്തകോത്സവത്തില്‍ നിന്ന് വിറ്റുപോകുന്നത്. അക്ഷരം ഒരു പ്രദേശത്തിന്‍റെ ശക്തിയാണെന്ന് തെളിയിക്കുന്നതാണ് ഓരോ പ്രദേശത്ത് നിന്നും പുറത്തുവരുന്ന രചനകള്‍. ആ രചനകള്‍ വാങ്ങുവാനും ആ രചനകള്‍ വായിക്കുവാനും ജനങ്ങള്‍ ഉണ്ട് എന്നുള്ളത് ചെറിയ കാര്യമല്ല. ഇന്ത്യയെപ്പോലെ ഇത്രയേറെ പുസ്തകങ്ങള്‍ വിറ്റഴിക്കുന്ന രാജ്യം മറ്റെവിടെ കാണും എന്നത് ചിന്തിക്കണം. ലക്ഷക്കണക്കിന് രൂപയുടെ പുസ്തകങ്ങള്‍ ഇവിടെ വിറ്റഴിക്കുമ്പോള്‍ അത് വാങ്ങുന്നത് റിക്ഷാ തൊഴിലാളി മുതല്‍ അക്ഷരങ്ങളെ സ്നേഹിക്കുന്ന കോടിപതികള്‍ വരെയാണ്.

ആദ്യമായി ഡല്‍ഹിയില്‍ ഒരു പുസ്തകോത്സവം നാഷണല്‍ ബുക്ക് ട്രസ്റ്റ് ഒരുക്കുന്നത് 1972 ലാണ്. അന്ന് 200 പ്രസാധകര്‍ മാത്രമാണ് പുസ്തകോത്സവത്തില്‍ പങ്കെടുക്കുവാന്‍ എത്തിയത്. കൊല്‍ക്കത്ത ബുക്ക് ഫെയറാണ് രാജ്യത്തെ ഏറ്റവും മികച്ച പുസ്തകോത്സവവുമായി കണക്കാക്കപ്പെടുന്നത്. ഡല്‍ഹിയിലെ ആദ്യത്തെ പുസ്തകോത്സവം അന്നത്തെ രാഷ്ട്രപതി വി. വി. ഗിരിയായിരുന്നു ഉദ്ഘാടനം ചെയ്തത്. കഴിഞ്ഞ 50 വര്‍ഷം പുസ്തകങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നതിന് വേണ്ടി വലിയ ശ്രമങ്ങള്‍ നടന്നതിന്‍റെ വിജയമായി ഇത്തവണത്തെ പുസ്തകോത്സവം കാണണം. ആദ്യ പുസ്തകോത്സവത്തില്‍ 200 പ്രസാധകരാണ് പങ്കെടുത്തതെങ്കില്‍ ഇത്തവണ 1600 പ്രസാധകര്‍ പങ്കെടുക്കുന്നു എന്നുള്ളത് ചെറിയ കാര്യമല്ല. രാജ്യത്തെ വ്യത്യസ്ത ഭാഷയുടെ സാംസ്കാരിക സംഗമം തന്നെയാണ് ലോക പുസ്തകോത്സവം.