ടെലിഫോണ്‍ ജേണലിസത്തില്‍ നിന്ന് വാട്ട്സപ്പ് ജേണലിസത്തില്‍
വിജയ് ചൗക്ക്
സുധീര്‍ നാഥ്
കാര്‍ട്ടൂണിസ്റ്റ് യേശുദാസൻ അന്തരിച്ചു. ഗുരുതുല്യനായ അദ്ദേഹത്തിന്‍റെ നിര്യാണത്തില്‍ ഏറെ ദുഃഖിച്ച ലേഖകന്‍ അദ്ദേഹത്തിന്‍റെ ജീവിതകഥ ഒരു പുസ്തക രൂപത്തില്‍ ആക്കുവാന്‍ തീരുമാനിച്ചു. കുട്ടിക്കാലം മുതല്‍ അറിയുകയും, കാര്‍ട്ടൂണ്‍ ലോകത്തേയ്ക്ക് ലേഖകനെ ക്കൈപ്പിടിച്ച് ഉയര്‍ത്തുകയും ചെയ്ത വ്യക്തിയാണ്. അദ്ദേഹണ്ഡിന്‍റെ ബഹുമാനാര്‍ത്ഥം പാടാത്ത യേശുദാസശ്ല എന്നപേരിലാണ് മീഡിയാ ഹൗസ് പുസ്തകം പ്രസിദ്ധീകരിച്ചത്. അതിന്‍റെ പ്രകാശന ചടങ്ങ് ഡല്‍ഹിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കാമെന്ന് സമ്മതിച്ചു.
കോവിഡ് കാലമായതിനാല്‍ അദ്ദേഹം താമസിക്കുന്ന ഡല്‍ഹിയിലെ കൊച്ചിന്‍ ഹൗസിലെ സ്വീകരണ മുറിയായിരുന്നു വേദി. ചടങ്ങ് റിപ്പോര്‍ട്ട് ചെയ്യാന്‍ ഡല്‍ഹിയിലെ പ്രമുഖ മാധ്യമങ്ങളൊക്കെ തന്നെ അവിടെ എത്തിയിരുന്നു. അതില്‍ ഒരു പ്രമുഖ ചാനലിന്‍റെ റിപ്പോര്‍ട്ടര്‍ ലേഖകനോട് വന്നു ചോദിച്ച കൗതുകകരമായ ഒരു ചോദ്യമുണ്ട്. യേശുദാസന്‍ ചടങ്ങില്‍ പങ്കെടുക്കാന്‍ എപ്പോള്‍ എത്തും...? ഒരു മാധ്യമപ്രവര്‍ത്തകന്‍ കൂടിയായ എന്നെ ഞെട്ടിച്ച ഒരു ചോദ്യമായിരുന്നു അത്. എന്ത് റിപ്പോര്‍ട്ട് ചെയ്യാനാണെന്ന് എത്തിയതെന്ന് അറിയാതെ, യേശുദാസന്‍ മരിച്ചോ, ജീവിച്ചിരിക്കുന്നോ എന്നുപോലുമറിയാതെ, ജേണലിസത്തിന്‍റെ പ്രാധമിക പാഠം പോലും അറിയാതെ ജോലി ചെയ്യുന്ന ആ ന്യൂജന്‍ മാധ്യമ പ്രവര്‍ത്തകനെ ഓര്‍ത്ത് മാധ്യമ ലോകം തല കുനിക്കണം. ബഹുമാനത്തോടെയല്ല, പക്ഷെ നാണിച്ച്....
അടുത്തകാലത്ത് ഒരു പ്രമുഖ മാധ്യമ സ്ഥാപനത്തിന്‍റെ ഡെപ്യൂട്ടി എഡിറ്ററുമായി സംസാരിക്കുമ്പോള്‍ അദ്ദേഹം പറഞ്ഞ ഒരു കാര്യമുണ്ട്. പുതിയ മാധ്യമപ്രവര്‍ത്തകര്‍ തയാറാക്കുന്ന ചരമ വാര്‍ത്ത നോക്കാതെ പത്രത്തില്‍ അച്ചടിച്ചാല്‍ സമൂഹത്തിന്‍റെ മുന്നില്‍ നാണംകെട്ടു പോകും എന്ന അവസ്ഥയുണ്ട് എന്നാണ്. അതുകൊണ്ട് താന്‍ കസേരയിലിരുന്ന് ചരമ കോളങ്ങള്‍ വരെ വായിക്കേണ്ടതും തിരുത്തേണ്ടതുമായ ഗതികേടിലാണ്. പുതിയ മാധ്യമ പ്രവര്‍ത്തകരില്‍ നല്ലൊരു വിഭാഗവും നിരാശ സമ്മാനിക്കുന്നു എന്നാണ് അദ്ദഹം ചൂണ്ടി കാട്ടിയത്.
കേരളത്തില്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടിക്കും അവരുടെതായ ഒരു മാധ്യമ സ്ഥാപനം ഉണ്ട്. അവിടെ നിന്ന് അതാത് പ്രത്യയശാസ്ത്രത്തെ അനുകൂലിക്കുന്ന വാര്‍ത്തകള്‍ നിറഞ്ഞ പത്രങ്ങള്‍ അച്ചടിക്കുന്നുമുണ്ട്. അങ്ങനെയുള്ള ഒരു പത്രത്തിന്‍റെ പത്രാധിപര്‍ പറഞ്ഞ മറ്റൊരു കാര്യം കൂടി ഇവിടെ ചര്‍ച്ചയ്ക്ക് വയ്ക്കുന്നു. മാധ്യമപ്രവര്‍ത്തകര്‍ വ്യത്യസ്ത പത്രങ്ങളിലാണെങ്കില്‍ പോലും സൗഹൃദപരമായ നിലപാടുകളാണ് സ്വീകരിക്കുന്നത്. അത് നല്ലത് തന്നെ എന്ന് ലേഖകനും സമ്മതിക്കുന്നു. അവര്‍ വാര്‍ത്തകള്‍ പരസ്പരം കൈമാറ്റം ചെയ്യാറുണ്ട്. ഒരു പ്രത്യേയശാസ്ത്രത്തിന്‍റെ പത്രത്തില്‍ വരുന്ന വാര്‍ത്ത മറ്റൊരു പത്രത്തില്‍ വരുന്നത് മറ്റൊരു ശൈലിയില്‍ ആയിരിക്കും. അത് പത്രങ്ങളുടെ രാഷ്ട്രീയത്തെ അടിസ്ഥാനമാക്കി മാറിയിരിക്കും. എന്നാല്‍ വാര്‍ത്തകള്‍ ഷെയര്‍ ചെയ്യപ്പെടുമ്പോള്‍ സ്വന്തം പത്രത്തിന്‍റെ രാഷ്ട്രീയം മനസ്സിലാക്കി എഡിറ്റ് ചെയ്ത് വാര്‍ത്ത ഫയല്‍ ചെയ്യുവാന്‍ പോലും പുതുതലമുറയിലെ പല മാധ്യമപ്രവര്‍ത്തകരും മടിക്കുന്നു. കൊച്ചിയിലെ ഒരു മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ പറഞ്ഞത് എല്ലാ മാധ്യമ ബ്യൂറോകളും ഒരു ദിവസത്തെ വ്യത്യസ്ത പരിപാടികള്‍ കൂടിയാലോചിച്ച് വീതിച്ചെടുത്ത് വാര്‍ത്തകള്‍ തയ്യാറാക്കി പരസ്പരം ക്കൈമാറുന്ന ഏര്‍പ്പാടുണ്ട് എന്നാണ്. തിരക്കേറിയ നഗര ജീവിതവും, സാംസ്കാരിക രാഷ്ട്രീയ പരിപാടികളുടെ ആധിക്യവും പല ബ്യൂറോകളിലെ ആള്‍ ക്ഷാമവും കാരണം അതില്‍ തെറ്റ് പറയാന്‍ സാധിക്കില്ല. പക്ഷെ ലഭിക്കുന്ന വാര്‍ത്തകള്‍ സ്വന്തം പത്രത്തിന്‍റെ നിലപാടുകള്‍ക്കനുസരിച്ച് മാറ്റി എഴുതാന്‍ പലരും മിനക്കെടാറില്ല. ഒരേ വാര്‍ത്ത അക്ഷരതെറ്റോടെ വ്യത്യസ്ത പത്രങ്ങളില്‍ ഒരേ ദിവസം തന്നെ വന്നിട്ടുണ്ട്. തലക്കെട്ടിലെ അക്ഷരതെറ്റ് പോലും അച്ചടിച്ചത് ചൂണ്ടികാട്ടി ഒരു മാധ്യമപ്രവര്‍ത്തകന്‍ സ്വന്തം താടിക്ക് കൈവെയ്ക്കുന്നു.
കാര്‍ട്ടൂണ്‍ മേഖലയിലൂടെയാണ് ലേഖകന്‍ മുപ്പത് വര്‍ഷം മുന്‍പ് മാധ്യമ ലോകത്ത് എത്തിയത്. ഈ കാലങ്ങളില്‍ ഉണ്ടായ മാറ്റങ്ങള്‍ നേരില്‍ അനുഭവിച്ചിട്ടുണ്ട്. മുപ്പത് വര്‍ഷം കൊണ്ട് മൂന്ന് പ്രധാന മാറ്റങ്ങളാണ് മാധ്യമ ലോകത്ത് ഉണ്ടായത്. ടെലിഫോണ്‍ ജേണലിസം, ഇമെയില്‍ ജേണലിസം, വാട്ട്സ് അപ്പ് ജേണലിസം. പണ്ടൊക്കെ മാധ്യമ പ്രവര്‍ത്തകര്‍ പല പത്രസമ്മേളനങ്ങള്‍ വിഭജിച്ച് റിപ്പോര്‍ട്ട് ചെയ്യുന്ന പതിവുണ്ട്. ദേശീയ രാഷ്ട്രീയ രംഗത്ത് വലിയ സംഭവങ്ങള്‍ ഉണ്ടായ ആയിരത്തി തൊള്ളായിരങ്ങളിലെ പത്രസമ്മേളനങ്ങള്‍ പ്രശസ്തമാണ്. പല പാര്‍ട്ടികള്‍ അവരവരുടെ പാര്‍ട്ടി ഓഫീസുകളില്‍ വിളിച്ചുകൂട്ടുന്ന രാഷ്ട്രീയ പത്രസമ്മേളനം ഒന്നോ രണ്ടോ റിപ്പോര്‍ട്ടര്‍മാര്‍ ഉള്ള ഡല്‍ഹിയിലെ ബ്യൂറോ പ്രവര്‍ത്തകര്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഓരോ പത്രസമ്മേളന കേന്ദ്രങ്ങളിലേക്കും ഓരോ പത്രത്തിന്‍റെ പ്രതിനിധികള്‍ സ്വയം ഏറ്റെടുത്ത് പോകുക വഴിയാണ് അവര്‍ പരസ്പരം ടെലിഫോണിലൂടെ വാര്‍ത്തകള്‍ കൈമാറിയിട്ടുള്ളത്. അങ്ങിനെ ചെയ്യുവാനേ നിവ്യത്തിയുള്ളൂ എന്നത് വാസ്തവമാണ്. ഈ കാലങ്ങളില്‍ കൈമാറ്റം ചെയ്യപ്പെടുന്ന ടെലിഫോണ്‍ ഫാക്സ് വാര്‍ത്തകള്‍ അതാത് പത്രങ്ങളുടെ രാഷ്ട്രീയത്തെ അടിസ്ഥാനമാക്കി മാറ്റി എഴുതിയിരുന്നു. അക്കാലങ്ങളില്‍ പത്രത്തിന്‍റെ നിലപാടുകള്‍ക്ക് അനുസരിച്ച് എല്ലാവരും വാര്‍ത്തകള്‍ മാറ്റി എഴുതിയിരുന്നു എന്നുള്ളത് ആശ്വാസമാണ്. വാര്‍ത്ത നല്‍കിയവര്‍ക്കോ, മാറ്റി എഴുതിയവര്‍ക്കോ ഒരു പ്രശ്നവുമില്ലായിരുന്നു. മാധ്യമപ്രവര്‍ത്തകരുടെയും മാധ്യമ സ്ഥാപനങ്ങളുടേയും ആസ്ഥാന കേന്ദ്രമാണ് ഡല്‍ഹിയിലെ റാഫി മാര്‍ഗ്ഗള്ള ഐ എന്‍ എസ് ബില്‍ഡിംഗ്. ഇവിടെ നൂറോളം പത്രങ്ങളുടെ ഓഫീസുകളാണ് സ്ഥിതി ചെയ്യുന്നത്. മലയാള മനോരമയും, മാതൃഭൂമിയും, കേരളകൗമുദിയും, ദീപികയും, മംഗളവും, മാധ്യമവുമെല്ലാം ഈ കെട്ടിടത്തിലാണ് സ്ഥിതി ചെയ്യുന്നത് എന്നുള്ളത് എടുത്തുപറയണം. മെട്രോ വാര്‍ത്ത, ദേശാഭിമാനി, വീക്ഷണം, ജന്മഭൂമി, ചന്ദ്രിക, സിറാജ്, സുപ്രഭാതം, ജനയുഗം തുടങ്ങിയ മാധ്യമ സ്ഥാപനങ്ങളുടെ ഓഫീസുകള്‍ തൊട്ടടുത്താണെങ്കിലും ഇവിടെ കേന്ദ്രീകരിച്ച് തന്നെയാണ് പ്രവര്‍ത്തിക്കുന്നത്. വാര്‍ത്തകള്‍ പരസ്പരം കൈമാറുന്ന ഒരു പതിവ് പഴയതുപോലെ ഇപ്പോഴും തുടരുന്നുണ്ട്.
ആദ്യകാലത്ത് നടന്ന ടെലിഫോണിക് ജേണലിസത്തിന് തൊട്ടു പിന്നാലെയാണ് ഈമെയില്‍ ജേണലിസത്തിന്‍റെ വരവ്. വാര്‍ത്തകളുടെ ഫയലുകള്‍ തന്നെ പരസ്പരം ഇമെയിലിലൂടെ കൈമാറ്റം ചെയ്യപ്പെടുന്ന കാലമായിരുന്നു രണ്ടായിരം മുതല്‍ കാണാന്‍ സാധിച്ചത്. അത്തരത്തില്‍ കൈമാറ്റം ചെയ്യപ്പെടുന്ന വാര്‍ത്തകള്‍ എഡിറ്റ് ചെയ്യുക എന്നുള്ള ഒരു കര്‍മം മാത്രമാണ് ഓരോ ബ്യൂറോയിലേയും റിപ്പോര്‍ട്ടര്‍മാര്‍ ചെയ്തിരുന്നത്. പത്രപ്രവര്‍ത്തനത്തിന്‍റെ ഗൗരവം തന്നെ ഇന്‍റര്‍നെറ്റ് ജേണലിസം തകര്‍ത്തു. ഇമെയിലിലൂടെ പങ്കിടുന്ന വാര്‍ത്തകള്‍ അതേപടി ഫയല്‍ ചെയ്യുന്ന ദയനീയ അവസ്ത ഉണ്ടായി. ഇതിനെ നമുക്ക് ഇമെയില്‍ ജേണലിസം എന്ന് വേണമെങ്കില്‍ വിശേഷിപ്പിക്കാം. അതിന് ശേഷമാണ് വാട്സ്ആപ്പ് ജേണലിസം വന്നത്. ഇപ്പോള്‍ വ്യാപകമായി നടക്കുന്നതും വാട്സ്ആപ്പ് ജേര്‍ണലിസമാണ്. കോപ്പി പേസ്റ്റ് എന്ന് പറയുന്ന ടെക്നി വാചകമാണ് മാധ്യമ രംഗത്തും ഉപയോഗിക്കുന്നത്. വാര്‍ത്തകള്‍ യൂണികോഡ് വഴി പരസ്പരം കൈമാറുന്ന പ്രവണത രാജ്യ തലസ്ഥാനമായ ഡല്‍ഹിയില്‍ മാത്രമല്ല കേരളത്തിലെ എല്ലാ പട്ടണങ്ങളിലും സര്‍വ്വസാധാരണമായി മാറിയിരിക്കുന്നു. ലഭിക്കുന്ന വാര്‍ത്തയുടെ ആധികാരിത പോലും പലപ്പോഴും വിശകലനം ചെയ്യാറില്ല. യൂണികോഡില്‍ അയക്കുന്ന പല പത്ര കുറിപ്പുകളും പലപ്പോഴും അതേപടി പത്ര താളുകളില്‍ വരുന്നത് ഇപ്പോള്‍ സാധാരണയാണ്. അക്ഷരതെറ്റുകള്‍ പോലും ആവര്‍ത്തിക്കപ്പെടുന്നു.
മലയാള ജേണലിസത്തിന്‍റെ ശുദ്ധീകരണത്തിനായി കേരള മീഡിയ അക്കാദമിയും മറ്റു പല പ്രമുഖ മാധ്യമങ്ങളുടെ കമ്മ്യൂണിക്കേഷന്‍ സ്കൂളുകളും അതികഠിനമായി ശ്രമിക്കുന്നുണ്ട് എന്നുള്ളത് ഒരു യാഥാര്‍ത്ഥ്യമാണ്. അപചയം പരിഹരിക്കാന്‍ ഇത്തരത്തില്‍ മാധ്യമ രംഗത്ത് വലിയ ഇടപെടലുകള്‍ നടക്കുന്നുണ്ട്. എന്നാല്‍ അത് അത്രകണ്ട് വിജയിച്ചു എന്ന് പറയുവാന്‍ സാധിക്കുന്നില്ല. അടിസ്ഥാനപരമായ വായനയും, ചരിത്ര പശ്ചാത്തലവും, വ്യക്തികളെ കുറിച്ചുള്ള അറിവും രാഷ്ട്രീയ ബോധവും പുതിയ ജേണലിസ്റ്റുകള്‍ക്ക് വളരെ കുറവാണെന്ന് അടുത്തിടെ നടന്ന സര്‍വേകള്‍ തന്നെ സൂചിപ്പിക്കുന്നുണ്ട്. ചുരുങ്ങിയത് നാല് പത്രങ്ങളെങ്കിലും വായിക്കുന്നവരായിരുന്നു ആദ്യ കാലത്തെ മാധ്യമ പ്രവര്‍ത്തകര്‍. ഇന്നോ, സ്വന്തം പത്രം പോലും, അതില്‍ താന്‍ തൃലന്ന് നല്‍കിയ വാര്‍ത്ത പോലും വായിക്കാത്ത മാധ്യമ പ്രവര്‍ത്തകരാണേറെയും.
മാധ്യമപ്രവര്‍ത്തനം ഫാഷനായി കൊണ്ടുനടക്കുന്ന ആളുകളുണ്ട്. ഇത്തരത്തില്‍ ഫാഷന്‍റെ ഭാഗമായുള്ള മാധ്യമ പ്രവര്‍ത്തനം മാധ്യമരംഗത്തിന് തന്നെ കൊടിയ അപമാനമാണ് എന്ന് പറയേണ്ടിയിരിക്കുന്നു. നിലവിലെ മാധ്യമപ്രവര്‍ത്തകര്‍ക്ക് വേണ്ട രീതിയിലുള്ള പരിശീലനം നല്‍കേണ്ടിയിരിക്കുന്നു. അവരുടെ നിലവിലെ പ്രവര്‍ത്തനരീതികള്‍ മാറ്റിയെടുക്കേണ്ടതും മാധ്യമ രംഗം ശുദ്ധീകരിക്കേണ്ടതും സമൂഹത്തിന്‍റെ നന്‍മയ്ക്ക് ആവശ്യമാണ്. നമ്മുടെ സമൂഹത്തില്‍ ഒരു ചലനങ്ങള്‍ സൃഷ്ടിക്കാന്‍ മാധ്യമ പ്രവര്‍ത്തകരുടെ റിപ്പോര്‍ട്ടുകള്‍ക്ക് സാധിക്കണം. മൊബൈലിലെ സോഷ്യല്‍ മീഡിയകളില്‍ മാത്രം കണ്ണുനട്ടിരിക്കുന്ന യുട്യൂബിലും, ഹെഡ് ഫോണിലും മാത്രം അഭിരമിക്കുന്ന ന്യൂജന്‍ മാധ്യമ പ്രവര്‍ത്തകരെ തിരുത്തുക സുസാധ്യമല്ലെന്നറിയാം. മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകര്‍ പിന്‍മുറക്കാര്‍ക്കായി ശുദ്ധീകരണ പ്രക്രിയകള്‍ക്ക് മുന്നോട്ട് വരണം. പുത്തന്‍ മാറ്റങ്ങള്‍ മാധ്യമ രംഗത്ത് സംഭവിക്കണം.
