പാര്‍ലമെന്‍റ് സ്ട്രീറ്റ്
സുധീര്‍ നാഥ്
2023 ഫെബ്രുവരി 15
ഓംചേരി ഡല്‍ഹി മലയാളികളുടെ അംബാസഡര്‍ : മുഖ്യമന്ത്രി.
പ്രവാസി മലയാളികളുടെ അംബാസഡറാണ് പ്രൊഫ. ഓംചേരി എന്‍.എന്‍. പിള്ള, ഡല്‍ഹിയിലെ പ്രവാസി മലയാളികളുടെ എല്ലാ സാംസ്കാരിക പ്രവര്‍ത്തനങ്ങളിലും ഓംചേരി നിര്‍വ്വഹിച്ച പങ്ക് അവിസ്മരണിയമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നൂറിന്‍റെ നിറവില്‍ എത്തിയ മഹാനായ നാടകാചാര്യന്‍ ഓംചേരിയെ ആദരിക്കുന്നതിനായി നല്‍കിയ സന്ദേശത്തിലാണ് അദ്ദേഹം ഇങ്ങനെ അഭിപ്രായപ്പെട്ടത്. ഓംചേരി എന്ന പ്രതിഭാധനന്‍റെ സ്നേഹോഷ്മളത അറിഞ്ഞവര്‍ ഒരേ മനസ്സോടെ ഒത്തുചേര്‍ന്നപ്പോള്‍ ഡല്‍ഹി കണ്ട ഏറ്റവും വലിയ മലയാളി സംഗമമായിമാറി ഓംചേരി പ്രഭ. ഓംചേരിയുടെ കൂടെ പരിശ്രമത്തില്‍ പിറവിയെടുത്ത കാനിങ്ങ് റോഡ് കേരള സ്കൂള്‍ മുറ്റത്ത്, ഓംചേരി ജീവനേകിയ കഥയും കഥാപാത്രങ്ങളും നിറഞ്ഞാടിയ വേദിയില്‍ സ്നേഹത്തിന്‍റെ കെടാവിളക്കുമായി ഒത്തുകൂടിയവര്‍ പങ്കിട്ടത് സ്നേഹാദരവിന്‍റെ അപൂര്‍വ്വ നിമിഷങ്ങളായിരുന്നു. കലാ-സാംസ്കരിക രംഗങ്ങളില്‍ നിന്നെത്തിയവര്‍ക്ക് നീണ്ട ഇടവേളയ്ക്ക് ശേഷം കലയുടെ കാരണവരായ ഓംചേരിയുടെ സാന്നിദ്ധ്യം തന്നെ ഗുരുവരമായി. തൊഴില്‍ തേടി ഡല്‍ഹിയിലെത്തുന്നവര്‍ക്ക് ഇന്നും മാര്‍ഗദര്‍ശിയാണ് ഓംചേരി. ഡല്‍ഹി അശോക് വിഹാറിലുള്ള പ്രൊഫ. ഓംചേരി എന്‍.എന്‍. പിള്ളയുടെ വീട് തലമുറകളുടെ വിടവുകളില്ലാതെ മലയാളികള്‍ക്ക് ചിരപരിചിതരെപോലെ പ്രവാസി മലയാളികളുടെ സുപരിചിത കേന്ദ്രമാണ്. ഡല്‍ഹി കേന്ദ്രികരിച്ച് ആരംഭിച്ച പല കലാ-സാംസ്കാരിക പ്രവര്‍ത്തനങ്ങളുടെയും ബ്ലൂപ്രിന്‍റ് ജനിച്ചതും ഓംചേരിയുടെ വീടിന്‍റെ സ്വീകരണ മുറിയിലായിരുന്നെന്ന് ഡല്‍ഹിയിലെ മലയാളി സംഘടനകളും സാക്ഷ്യപ്പെടുത്തുന്നു. ഓംചേരി ഏറെ ഇഷ്ടപ്പെടുന്ന ബോധേശ്വരന്‍ രചിച്ച കേരള ഗാനം കോട്ടയ്ക്കല്‍ ജയന്‍ ആലപിച്ചതോടെ ചടങ്ങുകള്‍ക്ക് തുടക്കമായി. ഓംചേരി പ്രഭയുടെ ഭാഗമായി ഡല്‍ഹി പഞ്ചവാദ്യം ട്രസ്റ്റിന്‍റെ ഇരട്ട കേളി ഒരുക്കിയത് കുഞ്ഞിരാമ മാരാരും അഭിഷേക് കുഞ്ഞിരാമനും സംഘവും ചേര്‍ന്നാണ്. ഡല്‍ഹി കേരള ക്ലബിന് വേണ്ടി വിഷ്ണുപ്രിയ നാട്യാലയത്തിലെ ബാലക്യഷ്ണമാരാരും സംഘവും കല്ല്യാണസൗഗന്ധികം ഓട്ടന്‍തുള്ളല്‍ അവതരിപ്പിച്ചു. ഇന്‍റര്‍നാഷ്ണല്‍ സെന്‍റര്‍ ഫോര്‍ കഥകളി ഗീതോപദേശം കഥകളിയാണ് അവതരിപ്പിച്ചത്. ഓംചേരി രചിച്ച മൈക്രോ നാടകം പ്രാര്‍ത്ഥന അവതരിപ്പിച്ചത് പ്രശസ്ത നടന്‍ സോമനും സംഘവും കേരള ക്ലബിന് വേണ്ടിയായിരുന്നു. ഡല്‍ഹിയിലെ പ്രശസ്ത സാംസ്കാരിക സംഘടനയായ ജനസാംസ്ക്യതിയിലെ കലാകാരന്‍മാര്‍ നാടകാര്‍ച്ചന നടത്തി. ഓംചേരി രചിച്ച യേശുവും ഞാനും, വരാന്‍ ധൃതി കൂട്ടണ്ടാ, പ്രളയം, എന്നീ നാടകങ്ങളിലെ പ്രധാന ഭാഗങ്ങള്‍ മാത്രം കോര്‍ത്തിണക്കിയ രംഗങ്ങള്‍ ഡല്‍ഹി മലയാളികള്‍ക്ക് പുതിയ വിരുന്നായിരുന്നു. ഓംചേരി എന്‍.എന്‍. പിള്ളയെ കേന്ദ്ര കഥാപാത്രമായി അജിത്ത് ജി മണിയന്‍ രചിച്ച നാടകം വിലാസ ലതിക ബി.എ. ഓണേഷ്സ് ഡല്‍ഹി മലയാളി അസോസിയഷന് വേണ്ടി വ്യക്ഷ് നാടക സംഘത്തിലെ അഭിനേതാക്കളാണ് രംഗത്ത് അവതരിപ്പിച്ചത്. ഓംചേരി എന്ന മഹാപ്രതിഭയുടെ സ്നേഹോഷ്മളത അറിഞ്ഞ ഡല്‍ഹിയിലെ മലയാളി സമൂഹം ഒത്തുചേര്‍ന്ന് നല്‍കിയ സ്നേഹാദരവിന് സ്നേഹാശ്രുക്കളാലാണ് ഓംചേരി കൃതഞ്ജതയര്‍പ്പിച്ചത്. പഞ്ചിമ ബംഗാള്‍ ഗവര്‍ണര്‍ ഡോ: സി. വി. ആനന്ദബോസ്, സുപ്രിം കോടതി ജസ്റ്റിസ് സി. ടി. രവികുമാര്‍, കേരള ചീഫ് സെക്രട്ടറി വി. പി. ജോയ്, ജോണ്‍ ബ്രിട്ടാസ് എം. പി., ബിനോയി വിശ്വം എം.പി, കവി വി. മധുസൂദനന്‍ നായര്‍, മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന്‍റെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ടി.കെ.എ നായര്‍, കേരള സര്‍ക്കാരിന്‍റെ ഓഫീസര്‍ ഓണ്‍ സ്പെഷ്യല്‍ ഡ്യൂട്ടി വേണു രാജാമണി, സുബ്ബു റഹ്മാന്‍, സതീശ് നമ്പൂതിരിപ്പാട് തുടങ്ങി ഒട്ടേറെ പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു. നൂറോളം സംഘടനകളാണ് ആദരവ് നല്‍കാന്‍ എത്തിയത്.
വിവസ്ത്രയായി സ്ത്രീകള്‍ ഇരിക്കുന്ന ഉത്സവം
വിചിത്രമായ ഓരോ ആചാരങ്ങള്‍ ഇപ്പോഴും നമ്മുടെ രാജ്യത്ത് ഉണ്ട്. വ്യത്യസ്തമായ ആയിരക്കണക്കിന് സംസ്കാരങ്ങളുടെ നാടാണ് ഇന്ത്യ. ഇന്ത്യയില്‍ തന്നെ ഓരോ നാട്ടിലും ഓരോ ആളുകള്‍ക്കിടയിലും വ്യത്യസ്തമായ പല സംസ്കാരങ്ങളും ആചാരങ്ങളും ഒക്കെ നിലനില്‍ക്കുന്നുണ്ട്. നമുക്ക് വിശ്വസിക്കാന്‍ സാധിക്കാത്ത തരത്തിലുള്ള പല ആചാരങ്ങള്‍ ഇന്നും നമ്മുടെ രാജ്യത്തിന്‍റെ പല ഭാഗത്തും നിലനില്‍ക്കുന്നു എന്നത് വിചിത്രമാണ്. ഹിമാചല്‍ പ്രദേശിലെ കുലുവില്‍ നിന്ന് 25 കിലോമീറ്റര്‍ അകലെയുള്ള പിനി എന്ന ഗ്രാമത്തില്‍ വിചിത്രമായ ഒരു ആഘോഷമുണ്ട്. വിവാഹിതരായ സ്ത്രീകള്‍ അഞ്ച് ദിവസം വിവസ്ത്രയായി കഴിയണം. പ്രായമായവര്‍ ഇപ്പോഴും പരമ്പരാഗത രീതി പിന്തുടരുന്നുണ്ടെങ്കിലും, പുതു തലമുറയിലെ പെണ്‍കുട്ടികള്‍ കനം കുറഞ്ഞ തുണികള്‍ ഉപയോഗിക്കുന്നു. സ്ത്രീകള്‍ക്ക് വൂളന്‍ വസ്ത്രങ്ങള്‍ പരിമിതമായി ഉപയോഗിക്കാന്‍ അനുമതി ഉണ്ട്. സാവന്‍ മാസത്തിലാണ് ഈ ആഘോഷം നടക്കുന്നത്. ഈ ആഘോഷ സമയത്ത് ചിരിക്കുവാന്‍ പാടില്ല. പുരുഷന്‍മാരെ കാണരുത്. വീടിനകത്ത് തന്നെ ഇരിക്കണം. പിന്നി ഗ്രാമത്തില്‍ അസുരന്‍മാര്‍ ധാരാളമായി ഉണ്ടായിരുന്നു എന്നാണ് വിശ്വാസം. അസുരന്‍മാര്‍ ഗ്രമാത്തിലെ സ്ത്രീകളെ ഉപദ്രവിക്കുമായിരുന്നു. ലാഹുഘണ്ഡ് എന്ന ദേവത പാനി ഗ്രാമത്തിലെത്തി എല്ലാ അസുരന്‍മാരേയും കൊന്ന് സ്ത്രീകള്‍ക്ക് മോചനം നല്‍കി എന്നാണ് വിശ്വാസം. ദേവിയുടെ വിജയമാണ് പാനി ഗ്രാമീണര്‍ ഉത്സവമായി ആഘോഷിക്കുന്നത്. ഭംഗിയുള്ള വസ്ത്രങ്ങള്‍ ധരിച്ചാല്‍ അസുരന്‍മാര്‍ വീണ്ടും വരുമെന്ന് ഗ്രാമീണര്‍ വിശ്വസിക്കുന്നത് കൊണ്ടാണ് ഉത്സവസമയത്ത് സ്ത്രീകള്‍ വിവസ്ത്രയായി കഴിയുന്നത്.
ഡല്‍ഹിക്കെന്താ മേയര്‍ വേണ്ടേ സര്‍...
ഡല്‍ഹി മേയര്‍ തിരഞ്ഞെടുപ്പ് മൂന്നാം തവണയും തല്ലി പിരിഞ്ഞിരിക്കുന്നു. ഇതിനുമുമ്പ് ജനുവരിയില്‍ രണ്ടുതവണ സഭ സമ്മേളിച്ചിരുന്നെങ്കിലും തിരഞ്ഞെടുപ്പ് നടത്താനായില്ല. ഫെബ്രുവരി 6ന് മൂന്നാമത് ചേര്‍ന്ന യോഗവും തല്ലി പിരിയുകയായിരുന്നു. തിരഞ്ഞെടുപ്പ് ഫലം വന്നിട്ട് രണ്ട് മാസമായെങ്കിലും ഡല്‍ഹിക്ക് ഇനിയും മേയറായിട്ടില്ല. നാമനിര്‍ദേശം ചെയ്ത അംഗങ്ങള്‍ക്ക് തിരഞ്ഞെടുപ്പില്‍ വോട്ടവകാശമുണ്ടെന്ന് ബി.ജെ.പി. അംഗമായ വരണാധികാരി സത്യ ശര്‍മ പറഞ്ഞതോടെയാണ് ബഹളം തുടങ്ങിയത്. ലെഫ്. ഗവര്‍ണര്‍ നാമനിര്‍ദേശം ചെയ്ത ബി.ജെ.പി.ക്കാരായ പത്തുപേരെ വോട്ടുചെയ്യാന്‍ അനുവദിക്കുന്നത് ബി.ജെ.പി.യെ സഹായിക്കാനാണെന്നും ജനവിധിയെ അട്ടിമറിക്കാനാണെന്നും ആം ആദ്മി പാര്‍ട്ടി കുറ്റപ്പെടുത്തുന്നു. അതേസമയം, തിരഞ്ഞെടുപ്പുചട്ടങ്ങള്‍ നിശ്ചയിക്കാന്‍ വരണാധികാരിക്ക് അധികാരമുണ്ടെന്നും അതംഗീകരിക്കാന്‍ ആം ആദ്മി പാര്‍ട്ടി തയ്യാറാകണമെന്നും ബി.ജെ.പി. ആവശ്യപ്പെട്ടു. 15 വര്‍ഷം തുടര്‍ച്ചയായി ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ ഭരിച്ച ബി.ജെ.പിയെ പരാജയപ്പെടുത്തി ആംആദ്മി പാര്‍ട്ടി വിജയിച്ചതാണ് എല്ലാ പ്രശ്നങ്ങള്‍ക്കും കാരണം. 2022 ഡിസംബറില്‍ നടന്ന തിരഞ്ഞെടുപ്പില്‍, ഡല്‍ഹിയിലെ കോര്‍പ്പറേഷനുകളില്‍ ബി.ജെ.പി.യെ അട്ടിമറിച്ച് ആം ആദ്മി പാര്‍ട്ടി 250-ല്‍ 134 സീറ്റിലും ജയിച്ചിരുന്നു. ബി.ജെ.പി.ക്ക് 104 സീറ്റ് ലഭിച്ചു. കോണ്‍ഗ്രസ് ഒമ്പതുസീറ്റിലും ജയിച്ചു. രാജ്യ തലസ്ഥാനമായ ഡല്‍ഹിയുടെ നിയമസഭയിലും മുനിസിപ്പാലിറ്റിയിലും അധികാരം നഷ്ടപ്പെട്ടു എന്ന യാഥാര്‍ത്ഥ്യം ബി.ജെ.പി. തിരിച്ചറിഞ്ഞിരിക്കുന്നു. ഓരോ വര്‍ഷവും മാറുന്ന തരത്തിലാണ് മേയര്‍ പദവി തിരഞ്ഞെടുപ്പ് ഡല്‍ഹിയില്‍ നടക്കുന്നത്. ഇത്തവണ മേയര്‍ സ്ഥാനത്തേക്ക് വനിതാ സംവരണമാണ്. അടുത്തതവണ ജനറല്‍ വിഭാഗത്തിലും അതിനടുത്ത വര്‍ഷം സംവരണ വിഭാഗത്തിനുമായിരിക്കും മേയര്‍ പദവി. അവസാന രണ്ടുവര്‍ഷം പൊതുവിഭാഗത്തിനാണ്.
ലോക പുസ്തക മേളയ്ക്ക് ഡല്‍ഹി ഒരുങ്ങി
ലോക പുസ്തക മേള ഡല്‍ഹിയില്‍ ഫെബ്രുവരി 25ന് ആരംഭിക്കും. മാര്‍ച്ച് 5 വരെ ഡല്‍ഹിയിലെ പ്രഗതി മൈതാനിയിലാണ് മേള നടക്കുന്നത്. ഫ്രാന്‍സ് ആയിരിക്കും ഫോക്കസിങ്ങ് രാജ്യം. സാഹിത്യത്തില്‍ നോബല്‍ സമ്മാനം നേടിയ ഫ്രഞ്ച് എഴുത്തുകാരി ആനി എര്‍നോക്സ് എത്തുന്നു എന്നത് ഏറെ പ്രാധാന്യമുള്ള ഒന്നാണ്. 1600 സ്റ്റാളുകളിലായി ലക്ഷക്കണക്കിന് പുസ്തകങ്ങള്‍ പ്രദര്‍ശനവും വില്‍പ്പനയും നടക്കുന്നു എന്നത് നിസാരമല്ല. സാഹിത്യത്തിന്‍റെ വസന്തമായിരിക്കും ഡല്‍ഹിയില്‍ നാഷ്ണല്‍ ബുക്ക് ട്രസ്റ്റ് ഒരുക്കുന്ന ലോക പുസ്തകോത്സവം എന്ന കാര്യത്തില്‍ സംശയമില്ല. കുട്ടികള്‍ക്കുള്ള പുസ്തകങ്ങള്‍, കാര്‍ഷിക രംഗം, ശാസ്ത്ര രംഗം, സ്പോര്‍ട്ട്സ്, തുടങ്ങി വ്യത്യസ്തമായ മേഖലകള്‍ക്കായി പ്രത്യേകം പ്രത്യേകം തരം തിരിച്ചാണ് സ്റ്റാളുകള്‍ നല്‍കിയിരിക്കുന്നത്. നൂറ് കണക്കിന് പുസ്തകങ്ങള്‍ ഈ സമയത്ത് പുസ്തകോത്സവത്തില്‍ പ്രകാശനം ചെയ്യപ്പെടും. രസകരമായ ഒട്ടേറെ സെല്‍ഫി പോയിന്‍റുകള്‍ ഇത്തവണയും ആകര്‍ഷകമാകും..


