കാശിയില്‍ നിന്ന് കെയര്‍ ഹോമിലേയ്ക്കുള്ള ദൂരം...!

കാശിയില്‍ നിന്ന് കെയര്‍ ഹോമിലേയ്ക്കുള്ള ദൂരം...!

വിജയ് ചൗക്ക്

സുധീര്‍ നാഥ് 

മലയാളത്തില്‍ പണ്ടുമുതല്‍ ഒരു ചൊല്ലുണ്ട്. കാശിക്ക് പോകുക. എന്നുവച്ചാല്‍ മരണത്തിലേക്ക് പോകുക എന്ന് സാരം. പ്രായമായ ഭക്തര്‍ പണ്ട് പണ്ട് മരണത്തിലേക്ക് തങ്ങള്‍ അടുക്കുകയാണ് എന്ന തോന്നല്‍ വന്നാല്‍ കാശിക്ക് പോകുന്ന ഒരു പതിവുണ്ട്. കാശി ദേവന്‍റെ ദര്‍ശനം കഴിഞ്ഞ് തിരിച്ചെത്തി മരണത്തിലേക്ക് പോയാല്‍ വളരെ പുണ്യമാണ് എന്നാണ് വിശ്വാസം. കാശിക്ക് ഇറങ്ങിയാല്‍ മടങ്ങിവരണമെന്നില്ല. അങ്ങനെ മടങ്ങി വരാത്തവര്‍ മരണപ്പെട്ടു എന്നാണ് വിശ്വാസം. അത്തരത്തില്‍ ഒട്ടേറെ പേര്‍ സന്യാസിമാരായി വാരണാസിയില്‍ കാണാം. ഗംഗയുടെ തീരമായ ഹരിദ്വാരലും ഋഷികേശലും ഇത്തരത്തില്‍ ഒട്ടേറെ സന്യാസിമാര്‍ വസിക്കുന്നുണ്ട്. മലയാളികളായ ഇവരില്‍ പലരും വീട് ഉപേക്ഷിച്ച് വന്നവരാണ്. ക്രൂരകൃത്യങ്ങളില്‍ പ്രതിചേര്‍ക്കപ്പെടുകയും അവിടെ നിന്ന് രക്ഷപ്പെട്ട് ഇത്തരം പുണ്യ നദിയുടെ തീരങ്ങളില്‍ സന്യാസ ജീവിതം നയിക്കുന്ന ഒട്ടേറെ പേര്‍ ഇപ്പോള്‍ ഉണ്ട് എന്നുള്ള കാര്യം ഒരു യാഥാര്‍ത്ഥ്യമാണ്. അത് മറച്ചുവയ്ക്കുവാനും സാധിക്കില്ല. ഇതില്‍ ചെറുപ്പക്കാര്‍ മുതല്‍ പ്രായം ചെന്നവര്‍ വരെയുണ്ട്. വളരെ ചെറുപ്പത്തില്‍ കുറ്റം ചെയ്തു നാടുവിട്ട് സന്യാസിയായി പുണ്യനദിയുടെ തീരങ്ങളില്‍ കഴിയുന്ന പലരെയും പിന്നീട് തിരിച്ചറിയപ്പെട്ടിട്ടുണ്ട്.

മുന്‍പൊക്കെ കാശിയിലേക്ക് പോകുക എന്ന പ്രയോഗം തന്നെയാണ് ഇപ്പോള്‍ കെയര്‍ ഹോമുകളിലേക്ക് പോകുക എന്ന പ്രയോഗത്തിലൂടെ നാം മനസ്സിലാക്കേണ്ടത്. പാലിയേറ്റീവ് കെയര്‍ പ്രായമായവര്‍ക്ക് നല്‍കുന്ന ഒരു ബിസിനസ് സാമ്രാജ്യം തന്നെ കേരളത്തില്‍ വളര്‍ന്നുവന്നിരിക്കുന്നു. വലിയ പ്രതിഫലം വാങ്ങുന്ന ജോലി തേടി വിദേശത്തേക്ക് പോയ മക്കള്‍ തങ്ങളുടെ മാതാപിതാക്കളെ ഇവിടേയ്ക്ക് അയക്കുക എന്നത് ഇപ്പോള്‍ പതിവുള്ള കാഴ്ചയാണ്. മുന്തിയ സൗകര്യങ്ങളും മറ്റുമാണ് പല കെയര്‍ ഹോമുകളും ഉറപ്പ് തരുന്നത്.  അതുകൊണ്ടുതന്നെയാണ് കേരളത്തില്‍ വൃദ്ധസദനങ്ങളുടെ അഥവാ അതിന്‍റെ ഓമന പേരായ കെയര്‍ ഹോമുകളുടെ എണ്ണം പെരുകി വരുന്നതിന്‍റെ കാരണം. കുടുംബ ബദ്ധങ്ങളില്‍ വലിയ വിടവ് വന്ന സമൂഹമാണ് ഇപ്പോള്‍. മാതാപിതാക്കളെ ബഹുമാനിക്കുന്ന പ്രക്യതം തന്നെ പുതിയ തലമുറയിലെ പലരും മറക്കുന്നു. സ്വന്തം സുഖത്തിനും സന്തോഷത്തിനും മാത്രം പലരും പ്രാധാന്യം നല്‍കുന്നു.

സ്കൂള്‍ നടത്തിപ്പു പോലെ വലിയ ലാഭം ഉണ്ടാകുന്ന ഒരു മേഖലയാണ് വൃദ്ധസദനങ്ങള്‍ നടത്തുക എന്നത്. സ്വന്തം മാതാപിതാക്കളെ വൃദ്ധസദനങ്ങളിലേക്ക് നിവര്‍ത്തികേടുകള്‍ കൊണ്ട് പറഞ്ഞുവിടുന്നവരും, മുതിര്‍ന്ന മാതാപിതാക്കളുടെ ബാധ്യത ഒഴിവാക്കുന്നതിന് വേണ്ടി വൃദ്ധസദനങ്ങളിലേക്ക് വിടുന്നവരും നമ്മുടെ നാട്ടില്‍ ഉണ്ട് എന്നുള്ളത് നാം തിരിച്ചറിയേണ്ടിയിരിക്കുന്നു. മക്കളുടെ സമീപന രീതിയില്‍ മനം മടുത്ത് വ്യദ്ധസദനങ്ങളെ ആശ്രയിക്കുന്നവരും ഉണ്ട്. മാതാപിതാക്കളെ ശുശ്രൂഷിക്കാന്‍ കഴിവും, സൗകര്യവും ഉണ്ടായിട്ടും അവരെ വൃദ്ധസദനങ്ങളില്‍ അയക്കുന്ന മക്കള്‍ നമ്മുടെ നാട്ടില്‍ പെരുകി വരികയാണ്. കേരളത്തിലെ ഒരു പ്രശസ്ത നിര്‍മ്മാണ കമ്പനിയുടെ ഉടമ മരണപ്പെട്ടപ്പോള്‍ അദ്ദേഹത്തിന്‍റെ ഭാര്യയെ പിന്നീട് നിര്‍മ്മാണ കമ്പനിയുടെ ഉടമസ്ഥരായ മക്കള്‍ വൃദ്ധസദനത്തിലാക്കിയ നേരനുഭവം പങ്കുവെയ്ക്കട്ടെ. അവര്‍ വൃദ്ധസദനത്തില്‍ വച്ച് മരണപ്പെട്ടപ്പോള്‍ കേരളത്തിലെ പ്രമുഖ മാധ്യമങ്ങളുടെ ഒന്നാം പേജില്‍ സ്നേഹനിധിയായ അമ്മയ്ക്ക് സ്മരണാഞ്ജലി അര്‍പ്പിച്ച പരസ്യവും നല്‍കിയത് കൗതുകത്തോടെയാണ് ലേഖകന്‍ വായിച്ചത്. ഇത്തരത്തില്‍ വൃദ്ധസദനങ്ങളില്‍ നടതള്ളപ്പെടുന്ന ഒട്ടേറെ മാതാപിതാക്കള്‍ നമ്മുടെ നാട്ടില്‍ ഉണ്ട് എന്നുള്ള സത്യം നമ്മള്‍ തന്നെ തിരിച്ചറിയണം.

അമ്മയുടെയും അച്ഛന്‍റെയും ലാളന ഏറ്റവും അനുഭവിച്ച മക്കള്‍ തന്നെയാണ് ഈ ക്രൂരകൃത്യങ്ങള്‍ക്ക് മുഖ്യ കാര്‍മികത്വം വഹിക്കുന്നത് എന്നുള്ളത് വളരെ ദയനീയമായി നാം കാണേണ്ടിയിരിക്കുന്നു. ഈ വിഷയം ഒട്ടേറെ സാഹിത്യകൃതികളില്‍ നമുക്ക് കാണുവാന്‍ സാധിക്കും. ലച്ചുവമ്മയും മക്കളും എന്ന പേരില്‍ മലയാളികളുടെ പ്രിയ കഥാക്യത്ത് എം മുകുന്ദന്‍ എഴുതിയ ഒരു ചെറുകഥയുണ്ട്. ലച്ചുവമ്മ കാശിയിലേക്ക് പോകുന്നു. അവിടെ അവര്‍ മരണപ്പെടാതെ ഇരിക്കുകയും ചെയ്യുന്നതാണ് കഥ. ടി വി കൊച്ചുബാവ എഴുതിയ വൃദ്ധസദനം എന്ന കഥ വായിക്കേണ്ട ഒന്നാണ്. ഈ കൃതിക്ക് 1996-ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിക്കുകയുണ്ടായി. അത്തരത്തില്‍ എം ടിയുടെ വാനപ്രസ്ഥമടക്കം ഒട്ടേറെ സാഹിത്യകൃതികള്‍ മലയാളത്തില്‍ നമുക്ക് ഉണ്ടായിട്ടുണ്ട്. ഇതെല്ലാം വളരെ പ്രചാരത്തില്‍ ഉള്ളതു തന്നെയാണ്. മലയാള സിനിമയിലും സമാനമായ വിഷയങ്ങള്‍ പലവട്ടം പരാമര്‍ശിക്കപ്പെടുകയും ഉണ്ടായിട്ടുണ്ട് എന്നുള്ളത് നാം കാണേണ്ടതുണ്ട്. പക്ഷേ വൃദ്ധസദനങ്ങളുടെ എണ്ണം വര്‍ധിക്കുന്നു എന്നുള്ളത് ഞെട്ടിക്കുന്ന ഒരു യാഥാര്‍ത്ഥ്യം തന്നെയാണ്. വ്യദ്ധസദനങ്ങളുടെ ബിസിനസ് സാധ്യതകളാണ് അതിന് കാരണമെന്ന് തിരിച്ചറിയാന്‍ സാമാന്യ ബോധം മാത്രം മതി.

കേരളത്തിലെ എല്ലാ പഞ്ചായത്തിലും ഒട്ടേറെ വീടുകള്‍ ഒഴിഞ്ഞു കിടക്കുന്നുണ്ട്. മാതാപിതാക്കളെ വ്യദ്ധസദനങ്ങളില്‍ പാര്‍പ്പിച്ച് വിദേശത്ത് ജോലി ചെയ്യുന്ന മക്കളുടെ എണ്ണം കൂടി വരുന്നതാണ് ഇതിന് കാരണം. ഇക്കഴിഞ്ഞ കേരള ബജറ്റില്‍ ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാല്‍ ദീര്‍ഘകാലമായി ഒഴിഞ്ഞു കിടക്കുന്ന വീടുകള്‍ക്ക് പ്രത്യേക നികുതി ബാധകമാക്കിയിട്ടുണ്ട്. ഇത് രണ്ടുതരത്തില്‍ നമുക്ക് നോക്കി കാണേണ്ടതുണ്ട്. ജില്ലകള്‍തോറും വീടുകള്‍ വാങ്ങിക്കൂട്ടുന്ന ഒരു വിഭാഗം ഉണ്ട്. എന്നാല്‍ പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലെത്തിയാല്‍ സ്വന്തമായി ഒരു വീട് എന്ന സ്വപ്നവുമായി നില്‍ക്കുന്ന പ്രവാസി സമൂഹമുണ്ട്. രണ്ടു വിഭാഗത്തിലുള്ളവരുടെ വീടുകളും അടഞ്ഞു തന്നെയാണ് കിടക്കുന്നത്. നാട്ടില്‍ ഒരു വീട് സ്വന്തമായി വെക്കുകയും അവിടെ പ്രവാസ കാലം അവസാനിപ്പിച്ച് താമസിക്കുകയും ചെയ്യുക എന്നുള്ള ആഗ്രഹത്തോടുകൂടി നിര്‍മ്മിച്ച വീടുകള്‍ക്ക് പ്രത്യേക നികുതിയുടെ പരിധിയില്‍ വരുന്നത് ശരിയാണോ എന്ന് പരിശോധിക്കേണ്ടതുണ്ട്. ഒന്നിലേറെ വീടുകളുള്ള വ്യക്തികള്‍ക്ക് പ്രത്യേക നികുതി അംഗീകരിക്കാവുന്നതുമാണ്. കേരളത്തില്‍ വ്യാപകമായി ഉയര്‍ന്ന ഹ്ലാറ്റ് സമുച്ചയങ്ങളില്‍ പലതും അടഞ്ഞുകിടക്കുന്നു എന്നുള്ളത് ഞെട്ടിക്കുന്ന ഒരു യാഥാര്‍ത്ഥ്യമാണ്. ഇനി മറ്റൊരു വിഭാഗമുണ്ട്. വിദേശത്ത് മക്കളെ പഠിപ്പിക്കുകയും, അവര്‍ വിദേശത്തു തന്നെ ജോലി തേടുകയും ചെയ്യുന്നത് ഇപ്പോള്‍ പതിവായിരിക്കുന്നു. അവര്‍ വലിയ മാളികകള്‍ മാതാപിതാക്കള്‍ക്കായി നാട്ടില്‍ പണിയുന്നു.  വലിയ മാളികകളില്‍ വൃദ്ധരായ മാതാപിതാക്കളെ താമസിപ്പിക്കുകയും സി.സി.ടി.വിയുടെ സഹായത്താല്‍ അവരെ നിയന്ത്രിക്കുകയും ചെയ്യുന്ന ഒരു പ്രവണത നമ്മുടെ നാട്ടില്‍ വ്യാപകമായി ഉണ്ട്.

വീടുകളില്‍ വളര്‍ത്തുന്ന മ്യഗങ്ങള്‍ക്കും, പക്ഷികള്‍ക്കും നല്‍കുന്ന സ്നേഹം പോലും പല മാതാപിതാക്കള്‍ക്കും മക്കളില്‍ നിന്ന് നിഷേധിക്കപ്പെടുന്നു. ടെലിവിഷനും മൊബൈലും ജീവിത രീതി വരെ മാറ്റി മറിച്ചിരിക്കുന്നു. സ്വന്തം മാതാപിതാക്കളെ മര്‍ദ്ദിക്കുന്ന മക്കളെ കുറിച്ചുള്ള വാര്‍ത്തകള്‍ നമ്മള്‍ സ്ഥിരമായി കേള്‍ക്കുന്നു. മുന്‍ കാലങ്ങളില്‍ ഇങ്ങനെ ഉണ്ടായിരുന്നില്ല. മനുഷ്യ ബന്ധങ്ങളില്‍ വന്ന വിടവ് വലിയ പ്രത്യാഘാതമാണ് സമൂഹത്തില്‍ ഉണ്ടാക്കിയിരിക്കുന്നത്. കേരളത്തില്‍ വിവാഹ ബന്ധം വേര്‍പ്പെടുത്തുന്ന എണ്ണം മറ്റുള്ള സംസ്ഥാനങ്ങളേക്കാള്‍ ധാരാളമാണെന്നാണ് കണക്കുകള്‍ പറയുന്നത്. 

വാര്‍ദ്ധക്യത്തില്‍ സമാധാനപരമായി ജീവിക്കുക എന്ന സ്വപ്നം പല മാതാപിതാക്കള്‍ക്കും നഷ്ടപ്പെടുന്ന ഒരു സാഹചര്യം ഇന്ന് കേരളത്തില്‍ ഉണ്ട് എന്നുള്ളത് ഒരു വാസ്തവമാണ്. ഇത്തരത്തില്‍ സന്തോഷകരമായ വാര്‍ദ്ധക്യകാലം നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്ന ഒട്ടേറെപ്പേരുടെ നാടായി നമ്മുടെ കേരളം മാറിയിരിക്കുന്നു. കേരളത്തിലെ പല മുന്തിയ കോളനികളിലെ പല വലിയ വീടുകളിലും വൃദ്ധരായ മാതാപിതാക്കളെ മാത്രമേ നമുക്ക് കാണുവാന്‍ സാധിക്കൂ. കേരളത്തില്‍ മരണപ്പെടുന്ന പല വൃദ്ധരും ആഴ്ചകളോളം ആശുപത്രി മോര്‍ച്ചറിയില്‍ കഴിയേണ്ടിവരുന്ന ഒരു ദയനീയ സാഹചര്യവും ഇവിടെ നാം ചൂണ്ടിക്കാണിക്കേണ്ടത് ഉണ്ട്. നിസ്സഹായരായ വൃദ്ധജനങ്ങളുടെ സംരക്ഷണം കര്‍ശനമായ നിയമത്തിലൂടെ സര്‍ക്കാര്‍ തന്നെ ഏറ്റെടുക്കേണ്ടതുണ്ട്. കാശിയില്‍ നിന്ന് കെയര്‍ ഹോമിലേക്കുള്ള മലയാളിയുടെ മാറ്റം അപകടകരമാണ് എന്ന്ചൂണ്ടിക്കാണിക്കാതിരിക്കാന്‍ നിര്‍വാഹമില്ല. ഈ വിഷയം ഗൗരവമായി നമ്മള്‍ മലയാളികള്‍ ചര്‍ച്ച ചെയ്യേണ്ടിയിരിക്കുന്നു.