നൂറാണ്ട് കണ്ട ഓംചേരി
സുധീര്‍ നാഥ്
ഓംചേരി എന്‍.എന്‍. പിള്ള. വൈക്കത്ത് ഓംചേരി വീട്ടില്‍ നാരായണപിള്ളയുടെയും പാപ്പിക്കുട്ടി അമ്മയുടെയും മകന്‍. 1924 ഫെബ്രുവരി ഒന്നിനായിരുന്നു ജനനം. 2023 ഫെബ്രുവരി ഒന്നിന് 99 വയസ് പൂര്‍ത്തീകരിച്ച് നൂറാം വയസിലേയ്ക്ക് കടക്കുന്നു. ഡല്‍ഹിയിലേയും പരിസര പ്രദേശങ്ങളിലേയും നൂറോളം സംഘടനകള്‍ ചേര്‍ന്ന് ഫെബ്രുവരി 5 ഞായറാഴ്ച്ച ഓംചേരി അടക്കമുള്ളവര്‍ തുടക്കം കുറിച്ച കാനിങ്ങ് റോഡിലെ (ഇപ്പോള്‍ മാധവറാവു സിന്ധ്യ റോഡ്) കേരള സ്ക്കൂള്‍ അങ്കണത്തില്‍ ഓംചേരി പ്രഭ എന്ന പേരില്‍ ആഘോഷം സംഘടിപ്പിച്ചിട്ടുണ്ട്.
ഓംചേരിയുടെ പഠനമികവ് അറിഞ്ഞിരിക്കേണ്ടത് തന്നെയാണ്. പൊതു ജനങ്ങളുടെ നികുതി പണം കൊണ്ട് നേടിയ നിയമ ബിരുദം ജീവിതത്തില്‍ സമൂഹത്തിനായി സേവിക്കാന്‍ സാധിച്ചില്ല എന്ന ദുഖം അദ്ദേഹത്തിനുണ്ട്. കോടതിയില്‍ പോകാന്‍ കോട്ട് വരെ വാങ്ങി. സന്നത്ത് എടുക്കാന്‍ ഒരുങ്ങിയപ്പോള്‍ കോവിഡ് ലോക്ഡൗണ്‍ വന്നു. ഓംചേരി സ്കൂള്‍ വിദ്യാഭ്യാസത്തിനു ശേഷം കാലടി ശ്രീരാമകൃഷ്ണാശ്രമത്തില്‍ അന്തേവാസിയായി ഒരു വര്‍ഷം പഠിച്ചിരുന്നു. പിന്നീട് കോട്ടയം സി. എം. എസ് കോളേജില്‍ നിന്ന് ഇന്‍റര്‍മീഡിയറ്റ്. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജില്‍ നിന്ന് ഇസ്ലാമിക്ഹിസ്റ്ററി, ആന്‍റ് കള്‍ച്ചറില്‍ ബി.എയും, എറണാകുളം ലാ കോളജില്‍ നിന്ന് ബി.എല്‍ ബിരുദവും നേടി. ഡല്‍ഹിയില്‍ വാര്‍ത്താ പ്രക്ഷേപണ വകുപ്പില്‍ ഉദ്യോഗസ്ഥനായിരിക്കെ അമേരിക്കയില്‍ പോയി. പെന്‍സില്‍വാനിയ യൂണിവേഴ്സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദവും, മിഷിഗണ്‍ സ്റ്റേറ്റ ് യൂണിവേഴ്സിറ്റിയില്‍ നിന്ന ് കമ്യൂണിക്കേഷനില്‍ ഉപരിപരിശീലനവും നേടി. വാര്‍ട്ടന്‍ സ്കൂളില്‍ പ്രമോഷന്‍ മാനേജ്മെന്‍റിലും, കമ്യൂണിക്കേഷനും വികസനവും എന്ന വിഷയത്തിലും പ്രത്യേകപഠനം നടത്തി.
ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട ് ഓഫ ് മാസ ് കമ്യൂണിക്കേഷനില്‍ പ്രൊഫസ്സറും കോഴ്സ് ഡയറക്ടറും ആയി പ്രവര്‍ത്തിച്ചു. കേരളത്തിലെ ഇന്‍ഡ്യാ പോപ്പുലേഷന്‍ പ്രോജക്ടില്‍ വേള്‍ഡ് ബാങ്ക് കണ്‍സള്‍ട്ടന്‍റ്, ഒറീസാ വികസന പ്രോജക്ടില്‍ ബ്രിട്ടീഷ് കൗണ്‍സിലിന്‍റെ കണ്‍സള്‍ട്ടന്‍റ്, ആഫ്രിക്കന്‍-യൂറോപ്യന്‍ രാജ്യങ്ങളില്‍ യുനെസ്കോയുടെ കമ്യൂണിക്കേഷന്‍സ് കണ്‍സള്‍ട്ടന്‍റ് എന്നീ നിലകളിലും പ്രവര്‍ത്തിച്ചുണ്ട്. ഭാരതീയ വിദ്യാഭവന്‍റെ പോസ്റ്റ് ഗ്രാജ്വേറ്റ് കോളേജ് ഓഫ് കമ്യൂണിക്കേഷന്‍ ആന്‍റ് മാനേജ്മെന്‍റ് പ്രിന്‍സിപ്പല്‍, ഭാരതിയ വിദ്യാഭവനിലെ എല്ലാ കമ്യൂണിക്കേഷന്‍ ആന്‍റ് മാനേജ്മെന്‍റ് കോളേജുകളുടെയും ഓണററി ഡയറക്ടര്‍, 2020 ജനുവരി ഒന്നിന് ഭാരതീയ വിദ്യാഭവനില്‍ നിന്ന് ഔദ്യോഗികമായി ജോലിയില്‍ നിന്ന് പിരിഞ്ഞു. കേന്ദ്ര സര്‍ക്കാര്‍ ഉദ്യോഗത്തില്‍ നിന്ന് റിട്ടയറായതിന്‍റെ പിറ്റേന്ന് തന്നെയാണ് ഭാരതിയ വിദ്യാഭവനിലെ ജോലിയില്‍ ഓംചേരി പ്രവേശിച്ചത്. അവിടുന്ന് അദ്ദേഹം പിരിയുന്നത് 97 ാം വയസില്‍...!
ഡല്‍ഹി എക്സ്പെരിമെന്‍റല്‍ തിയേറ്റര്‍ ഡയറക്ടര്‍. ഡല്‍ഹി കേരള ക്ലബിന്‍റെ പ്രസിഡന്‍റ്, ഡല്‍ഹി മലയാള മിഷന്‍റെ ആദ്യ പ്രസിഡന്‍റും അതിന്‍റെ മാത്യ സംഘടനയായ മലയാള ഭാഷാ പഠന കേന്ദ്രങ്ങളുടെ സ്ഥാപകന്‍. കേരള എഡ്യൂക്കേഷന്‍ സൊസൈറ്റിയുടെ സ്ഥാപക ജോയിന്‍റ്സെക്രട്ടറിയായിരുന്ന ഓംചേരി വര്‍ഷങ്ങളോളം അതിന്‍റെ അദ്ധ്യക്ഷ സ്ഥാനത്ത് പ്രവര്‍ത്തിച്ചു. അന്തര്‍ദേശിയ കഥകളി കേന്ദ്രം, സ്വരലയ, ഡി.എം.എ, ജനസംസ്ക്യതി തുടങ്ങി ഡല്‍ഹിയിലേയും, എന്‍.സി.ആര്‍. മേഖലയിലേയും ഒട്ടേറെ സംഘടനകളുടെ നേത്യനിരയില്‍ അദ്ദേഹം തന്‍റെ ഈ പ്രായത്തിലും ഉണ്ട്.
ആകസ്മികം എന്ന ആത്മകഥയ്ക്ക് കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. അനേകം പുരസ്ക്കാരങ്ങളും അവാര്‍ഡുകളും ലഭിച്ച പ്രൊഫ. ഓംചേരിയെ കേരളാ ഗവണ്‍മെന്‍റ് പ്രഥമ കേരളപ്രഭ പുരസ്ക്കരം പ്രഖ്യാപിച്ച് ആദരിക്കുകയുണ്ടായി. നാടകത്തിന് നല്‍കുന്ന പരമോന്നത ബഹുമതിയായ എസ്.എല്‍.പുരം അവാര്‍ഡ് നല്‍കി ഓചേരിയെ കേരള സര്‍ക്കാര്‍ ആദരിച്ചത് 2019-ലാണ്. ഇതിനുമുമ്പ് നാടകത്തിനുള്ള സാഹിത്യ അക്കാദമി അവാര്‍ഡും സമസ്ത കേരള സാഹിത്യപരീഷത്ത് അവാര്‍ഡും സാഹിത്യ അക്കാദമിയുടെ സമഗ്ര സംഭാവനയ്ക്കുള്ള അവാര്‍ഡും സംഗീത നാടക അക്കാദമിയുടെ പ്രവാസി കലാരത്ന അവാര്‍ഡും തുടങ്ങി എത്രയോ പുരസ്കാരങ്ങള്‍ അദ്ദേഹം നേടിയിരിക്കുന്നു.
1950ല്‍ തിരുവനന്തപുരത്ത് വി.ജെ.ടി. ഹാളില്‍ ലോ കോളേജ് വിദ്യാര്‍ത്ഥികളുടെ നേത്യത്വത്തില്‍ നിയമസഭാ സമ്മേളനം വിഷയമാക്കി ആക്ഷേപ ഹാസ്യ നാടകം. നോട്ടീസ് വേണം എന്നതാണ് നാടകത്തിന്‍റെ പേര്. നാടകത്തില്‍ അന്നത്തെ മുഖ്യമന്ത്രി പട്ടം താണുപിള്ളയുടെ റോളില്‍ എത്തിയത് ഹരിപ്പാട്ടുകാരന്‍ ബാലക്യഷ്ണപിള്ളയായിരുന്നു. സ്പീക്കറായിരുന്ന എ കെ ജോണിന്‍റെ വേഷം ആനന്ദകുട്ടന്‍, മന്നത്ത് പത്മനാഭന്‍റെ വേഷം ചെയ്തത് കുമരകം ശങ്കുണ്ണി മേനോന്‍, നാടകമെഴുതിയ ഓംചേരി എന്‍. എന്‍. പിള്ളയ്ക്ക് മുസ്ലീം ലീഗ് നേതാവ് പി എസ് മുഹമദിന്‍റെ വേഷമിട്ടിരുന്നു. മുഖ്യമന്ത്രിയായ പട്ടം അടക്കം നിയമസഭാ അംഗങ്ങളായ പ്രമുഖ ജാതി മത നേതാക്കളെ നഖശിഖാന്തം കളിയാക്കിയും, വിമര്‍ശിച്ചുമുള്ളതാണ് നാടകം. നാടകം തുടങ്ങും മുന്‍പ് വിജെടി ഹാളിലെ കര്‍ട്ടന്‍റെ ഇടയിലൂടെ നാടകരചയിതാവ് ഓംചേരി സദസ് ഒന്ന് നോക്കി. മുന്‍ നിരയില്‍ മന്നത്ത് പത്മനാഭനടക്കം നാടകത്തില്‍ വരുന്ന പല കഥാപാത്രങ്ങളായ നിയമ സഭാ അംഗങ്ങള്‍...
അന്ന് പഠനത്തോടൊപ്പം, തെക്കന്‍ കേരളത്തില്‍ വലിയ പ്രചാരമുണ്ടായിരുന്ന മലയാളരാജ്യത്തിന്‍റെ സിറ്റി എഡിറ്ററാണ് നാടകരചയിതാവും ലോ കോളേജ് വിദ്യാര്‍ത്ഥിയുമായ ഓംചേരി. രാവിലെ പഠനവും വൈകീട്ട് തിരുവനന്തപുരം പുളിമൂട്ടിലുള്ള മലയാളരാജ്യത്തിലെ ജോലിയും. പി.ടി.ഐ. അടിക്കുന്ന വാര്‍ത്തകള്‍ മലയാളത്തിലാക്കി പത്രം അച്ചടിക്കുന്ന കൊല്ലത്തേയ്ക്ക് വെളുക്കുവോളം ഫോണില്‍ വിളിച്ച് പറയണം. മലയാളരാജ്യം മാനേജ്മെന്‍റില്‍ വലിയ സ്വാധീനമുണ്ടായിരുന്ന വ്യക്തിയായിരുന്നു മന്നം. നാടകം കണ്ടുകഴിഞ്ഞാല്‍ മലയാളരാജ്യത്തിലെ ജോലി പോകും എന്ന് ഉറപ്പിച്ചു. രണ്ടും കല്‍പ്പിച്ച് നാടകം തുടങ്ങി. നടന്‍മാര്‍ പലരും നാടക അഭിനയത്തിനിടയില്‍ മന്നത്തേയും മറ്റും ഒളികണ്ണിട്ട് നോക്കി. സദസിനൊപ്പം മന്നവും മറ്റ് നേതാക്കളും നാടകം ആസ്വദിച്ച് ചിരിക്കുന്നു. നാടകം കഴിഞ്ഞ് എല്ലാവരും മടങ്ങി. മലയാളരാജ്യത്തിലെ ജോലിക്കായി ഓംചേരിയും പോയി.
നോട്ടീസ് വേണം എന്ന നാടകമായിരുന്നു പിറ്റേന്ന് കോളേജിലേയും, നിയമസഭയിലേയും, കവലകളിലേയും, ചായപ്പീടികയിലേയും സംസാര വിഷയം. ലോ കോളേജില്‍ നിന്ന് മടങ്ങി മലയാളരാജ്യത്തിന്‍റെ ഓഫീസിലെത്തിയ ഓംചേരി കണ്ടത് മാനേജര്‍ അരവിന്ദാക്ഷന്‍ നായരുടെ മുറിയില്‍ ഇരിക്കുന്ന മന്നത്ത് പത്മനാഭനെയാണ്. ആരും കാണാതെ പുറകിലൂടെ മുറിയിലെത്തിയ ഓംചേരിയെ ഒരു പ്യൂണിനെ വിട്ട് മാനേജര്‍ വിളിപ്പിച്ചു. ڇ ഇന്നലത്തെ തന്‍റെയും കൂട്ടരുടേയും വിജെടി ഹാളിലെ നാടകം ഞാന്‍ കണ്ടു. നന്നായിരുന്നു... ഞാന്‍ ആരാണെന്ന് ആ നാടകം കണ്ടപ്പോള്‍ മനസിലായി... എന്നലെ കുറവുകള്‍ തിരിച്ചറിയാന്‍ എനിക്ക് സാധിച്ചു... നാടകമൊക്കെ കൊള്ളാം... നന്നായി പഠിക്കുകയും വേണം...ڈ മന്നത്ത് പത്മനാഭന്‍ ഓംചേരിയെ ചേര്‍ത്ത് നിര്‍ത്തി പറഞ്ഞു. ڇ അരവിന്ദാക്ഷന്‍ പറഞ്ഞു താന്‍ ഇവിടെ ജോലിചെയ്ത് ഇവിടെ തന്നെയാണ് താമസമെന്ന്. ഒച്ചപ്പാടും ബഹളത്തിലും തനിക്ക് പഠിക്കുവാന്‍ പറ്റുമോ...? എനിക്ക് കേശവദാസപുരത്ത് ഒരു വലിയ വീടുണ്ട്. ഒറ്റയ്ക്കാണ് താമസം. അരിവെപ്പുകാരനും അവിടുണ്ട്. താന്‍ ഇനി അവിടെ വന്ന് താമസിച്ചാല്‍ മതി.ڈ അങ്ങിനെ ഓംചേരി മന്നത്ത് പത്മനാഭന്‍റെ കേശവദാസപുരത്തുള്ള വീട്ടിലായി താമസം. മന്നത്തിന്‍റെ കൂടെ ഒന്നര വര്‍ഷം ഓംചേരി കേശവദാസപുരത്തെ വീട്ടില്‍ താമസിച്ചു. മന്നത്തിലെത്താന്‍ ഓംചേരിയുടെ ആദ്യ നാടകമായ നോട്ടീസ് വേണം എന്ന നാടകം അതിന് നിമിത്തമായി.
ഓംചേരി കോളേജില്‍ പഠിക്കുന്ന അവസരത്തില്‍ നന്നായി കവിത എഴുതുമായിരുന്നു. കവിയായിട്ടാണ് അക്കാലത്ത് ഓംചേരി അറിയപ്പെട്ടത് തന്നെ. ഒരു ഗാനാലാപനം കേട്ട് ഗായികയോട് ആരാധന തോന്നുക. ആരാധന പ്രണയമായി മാറുക, പ്രണയവഴികള്‍ കല്ലും മുള്ളും നിറഞ്ഞതാകുക. ആകസ്മിക സംഭവങ്ങളുടെ കുത്തൊഴുക്കില്‍ പ്രണയം പൂവണിയുക. കമിതാക്കള്‍ വിവാഹിതരാകുക. തുടര്‍ന്ന് എന്നെന്നും പരമാനന്ദത്തോടെ ദാമ്പത്യജീവിതം നയിക്കുക. ഓംചേരിയുടെ കവിതകള്‍ താളമിട്ട് പാടിയിരുന്ന സഹപാഠിയായിരുന്ന ലീല ഭായിയെ പ്രണയിച്ചാണ് ഓംചേരി വിവാഹം കഴിച്ചത്. പ്രശസ്ത പിന്നണി ഗായകന്‍ കമുകറ പുരുഷോത്തമന്‍റെ സഹോദരിയാണ് ലീല ഭായി. ലീലാ ഭായ് വിവാഹശേഷം ലീല ഓംചേരിയായി. അവരുടെ ദാമ്പത്ത്യം എണ്‍പത് വര്‍ഷത്തേയ്ക്ക് അടുക്കുന്നു. ഇവര്‍ക്ക് രണ്ട് മക്കള്‍. ശ്രീദീപ് ഓംചേരിയും, ദീപ്തി ഓംചേരിയും.
ഡല്‍ഹി ആകാശവാണിയില്‍ ജോലി ലഭിച്ചതോടെ താമസം ഇന്ദ്രപ്രസ്ഥത്തിലായി. കേരളത്തില്‍ ആലപ്പുഴയില്‍ സമരം ചെയ്യുന്ന കയര്‍ തൊഴിലാളികള്‍ പട്ടിണിയിലാണെന്ന് മനസിലാക്കി അവരെ സഹായിക്കാന്‍ പ്രതിപക്ഷ നേതാവായിരുന്ന സഖാവ് എകെജി പരിപാടിയിട്ടു. അന്ന് ഡല്‍ഹി മലയാളി അസോസിയഷന്‍റെ പേട്രണായിരുന്ന അദ്ദേഹത്തിന്‍റെ നിര്‍ദ്ദേശപ്രകാരം ഓംചേരി ഒരു നാടകമെഴുതി. വെളിച്ചത്തിലേയ്ക്ക് എന്നായിരുന്നു നാടത്തിന്‍റെ പേര്. ഡല്‍ഹി മലയാളി അസോസിയഷന്‍ നാടകം ഡല്‍ഹി വൈഎംസിഎ ഹാളില്‍ അവതരിപ്പിച്ചു. ഇബിച്ചി ബാവ, കെ സി ജോര്‍ജ്ജ്, ടി ടി പുന്നൂസ്, റോസ്ക്കോട്ട് ക്യഷ്ണപിള്ള, എകെജിയുടെ സെക്രട്ടറിയായിരുന്ന എം ബി ശ്രീനിവാസന്‍ (പില്‍ക്കാലത്ത് പ്രശസ്ത സംഗീത സംവിധായകനയി മാറി) തുടങ്ങിയവരായിരുന്നു അഭിനേതാക്കള്‍. നാടകം കാണുവാന്‍ എകെജിയുടെ ക്ഷണപ്രകാരം കക്ഷി രാഷ്ട്രീയം നോക്കാതെ പ്രമുഖ നേതാക്കളും പാര്‍ലമെന്‍റ് അംഗങ്ങളും വൈ.എം.സി.ഐ. ഹാളില്‍ എത്തിയിരുന്നു. നാടക രചയിതാവ് ഓംചേരി കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരനായതിനാലും, നാടകം കമ്മ്യൂണിസ്റ്റ് സമരത്തിന് പിന്തുണ നല്‍കാനായിരുന്നതിനാലും തൂലികാ നാമത്തിലാണ് പുറം ലോകം നാടകക്യത്തിനെ അറിഞ്ഞത്. വിലാസ ലതിക ബി എ ഓണേഴ്സ് എന്നതായിരുന്നു ഓംചേരിയുടെ തൂലികാ നാമം. പിന്നീട് പല ലേഖനങ്ങളും മറ്റും ഇതേ വിലാസ ലതിക ബി എ ഓണേഴ്സ് എന്ന പേരില്‍ എഴുതി. ഒട്ടേറെ പ്രേമലേഖനങ്ങള്‍ ഓംചേരിക്ക് പ്രതിഫലമായി ലഭിക്കുകയും ചെയ്തു. അതില്‍ പ്രമുഖ എഴുത്തുകാരും ഉണ്ടായിരുന്നു. സാഹിത്യപരിഷത്തിന്‍റെ അവാര്‍ഡും വിലാസലതികയെ തേടി എത്തി. ഈ നാടകം പുസ്തക രൂപത്തില്‍ ഇറക്കിയപ്പോള്‍ മാത്രമാണ് സ്വന്തം പേര് നാടകത്തിന്‍റെ കൂടെ ചേര്‍ത്തത്. ഒപ്പം നാടകത്തിന്‍റെ പേരിലും ഓംചേരി മാറ്റം വരുത്തി. ഈ വെളിച്ചം നിങ്ങള്‍ക്കുള്ളതാകുന്നു എന്നാണ് മാറ്റിയത്. തന്നെ ഒരു നാടക ക്യത്താക്കിയത് എകെജിയാണെന്ന് വിനയത്തോടെ ഓംചേരി ആവര്‍ത്തിച്ച് പറയാറുണ്ട്.
നൂറാം വയസിലും അദ്ദേഹം സമകാലീന രാഷ്ട്രീയ, കലാ, സാംസ്കാരിക വാര്‍ത്തകള്‍ അറിയുന്നു. ദിവസവും ചുരുങ്ങിയത് മൂന്ന് പത്രങ്ങള്‍ വായിക്കും. നടക്കാന്‍ പ്രയാസമുണ്ട്. വീടിന്‍റെ ഒന്നാം നിലയിലുള്ള തന്‍റെ സ്വകാര്യ ലൈബ്രറിയില്‍ നിന്ന് തിരഞ്ഞെടുത്ത പുസ്തകങ്ങള്‍ വായിക്കുന്ന തിരക്കിലാണ്. പുതിയ പലതും പഠിക്കാന്‍ വായനയില്‍ സാധിക്കുന്നു എന്ന് ഓംചേരി പറയുന്നത് നൂറാം വയസിന്‍റെ നിറവില്‍. നൂറാം വയസിലേയ്ക്ക് കടക്കുന്ന നാടകാചാര്യന്‍ ഓംചേരി എന്‍. എന്‍. പിള്ളയ്ക്ക് നൂറ് നൂറ് ആശംസകള്‍....
