കുതിക്കുന്ന ഇന്ത്യ ....

കുതിക്കുന്ന ഇന്ത്യ ....

വിജയ് ചൗക്ക്

സുധീര്‍ നാഥ്  


വികസിത രാജ്യങ്ങളുടെ പട്ടികയിലാണ് ഇന്ത്യ കഴിഞ്ഞ കുറെ നാളുകളായി നമ്മള്‍ പറഞ്ഞു വരുന്നത്.  ഇന്ന് ഇന്ത്യ വളരെയേറെ വികസിച്ചിരിക്കുന്നു എന്ന് കാണാന്‍ സാധിക്കും.  ഇന്ത്യയുടെ വികസനം അതിവേഗതയിലാണ് നടക്കുന്നത്. സൈബര്‍ രംഗത്ത് ആയാലും ഡിജിറ്റല്‍ രംഗത്തായാലും റോഡുകളുടെ വികസനത്തിലും റെയില്‍ വായു ഗതാഗത രംഗത്തും വലിയ നേട്ടങ്ങളാണ് ഇന്ത്യ വളരെ കുറച്ചുനാള്‍ കൊണ്ട് സാധിച്ചെടുത്തിരിക്കുന്നത്.

രാജ്യത്തെ റോഡുകളുടെ വികസനം തന്നെ ഞെട്ടിപ്പിക്കുന്ന ഒന്നാണ്. വിമാന വേഗതയില്‍ അല്ലെങ്കില്‍ പോലും വളരെ കുറച്ചു സമയം കൊണ്ട് രാജ്യത്തിന്‍റെ പല ഭാഗങ്ങളിലേക്കും യാത്ര ചെയ്യാവുന്ന വലിയ റോഡുകള്‍ വ്യാപകമായി നിര്‍മ്മിക്കപ്പെടുന്നു എന്നുള്ളത് വികസനത്തിന്‍റെ ഒരു നേര്‍ക്കാഴ്ച തന്നെയാണ്. എത്ര എത്ര എക്സ്പ്രസ് വേകളാണ് രാജ്യം കുറച്ച് നാള്‍ കൊണ്ട് നിര്‍മ്മിച്ചിരിക്കുന്നത്.

രാജ്യത്തെ പല സംസ്ഥാനങ്ങളും സന്ദര്‍ശിക്കാന്‍ ഇടയായ ഒരു വ്യക്തിയാണ് ലേഖകന്‍. രാജ്യത്തെ റോഡുകളുടെ നിര്‍മ്മാണ വേഗത അത്ദുതപ്പെടുത്തി. വളരെ വീതിയേറിയ റോഡുകള്‍ ഗതാഗതം വളരെ വേഗതയില്‍ ആക്കും. കൂടാതെ ചെറുപട്ടണങ്ങളുടെ മുകളിലൂടെ  നിര്‍മ്മിക്കപ്പെട്ട പാലങ്ങളും രാജ്യത്തിന്‍റെ അത്ഭുതങ്ങള്‍ തന്നെയാണ്. ഈ കഴിഞ്ഞ ആഴ്ച്ചയില്‍ ഗോവയില്‍ യാത്ര ചെയ്തപ്പോള്‍ ഒരു തെങ്ങിന്‍റെ ഉയരത്തില്‍ നിര്‍മ്മിച്ച പാലത്തിലൂടെ ബസ്സുകളും കാറുകളും ചീറിപ്പാഞ്ഞു പോകുന്നത് അത്ഭുതത്തോടെയാണ് നോക്കി കണ്ടത്. അത്ര ഉയരത്തിലാണ് പാലങ്ങള്‍ നിര്‍മ്മിക്കപ്പെട്ടത് എന്നുള്ളത് എന്‍ജിനീയറിങ് രംഗത്തെ ഒരു വിപ്ലവായി തന്നെ പരിഗണിക്കപ്പെടുന്നു.

കാസര്‍ഗോഡ് മുതല്‍ അതിവേഗതയിലാണ് നാഷണല്‍ ഹൈവേയുടെ നിര്‍മ്മാണം നടക്കുന്നത്. കേരളത്തിലെ റോഡുകള്‍ വളഞ്ഞുപുളഞ്ഞ് പോകുന്നു എന്നുള്ളത് തന്നെ ഗതാഗത വേഗത കുറയ്ക്കുന്നു. അത് നേരെയുള്ള റോഡുകളും വീതിയുള്ള റോഡുകളും ആക്കി മാറ്റുന്ന പ്രക്രിയയാണ് ഇപ്പോള്‍ നടക്കുന്നത്. കേരളത്തില്‍ യാത്ര ചെയ്തിട്ടുള്ളവര്‍ക്ക് ചെറുപട്ടണങ്ങള്‍ കടന്നു പോകുമ്പോള്‍ ഉണ്ടാക്കുന്ന ഈ പ്രദേശത്തെ വാഹന ഗതാഗത കുരുക്ക് അനുഭവപ്പെടും.   ചെറുപട്ടണങ്ങളുടെ മുകളിലൂടെയുള്ള റോഡ് നിര്‍മ്മാണം അത്ഭുതകരമായ വേഗതയിലാണ് കേരളത്തില്‍ പോലും നടക്കുന്നത്. കേരളത്തിലൂടെ ഉള്ള ഭാവിയിലുള്ള യാത്ര തീര്‍ത്തും സുഖകരമാകും.

രാജ്യത്ത് റോഡുകളുടെ വികസനം പോലെ വിമാനതവളങ്ങളും റെയില്‍വേ സ്റ്റേഷനുകളും ബസ് സ്റ്റേഷനുകളും രാജ്യാന്തര നിലവാരത്തിലേയ്ക്ക് വളരുകയാണ്. അത്യാധുനിക സൗകര്യങ്ങള്‍ ഇവിടെയെല്ലാം ഒരുക്കുകയും യാത്രികര്‍ക്ക് മികച്ച സേവനങ്ങള്‍ ഇവിടെ ഉറപ്പ് വരുത്തുന്നു. രാജ്യത്താകമാനം ചെറു വിമാന സര്‍വ്വീസുകളും, വീമാന താവളങ്ങളും എടുത്തു പറയണം. ഉഡാന്‍ പദ്ധതി വഴി ചെറിയ പട്ടണങ്ങള്‍ തമ്മില്‍ ബന്ധിപ്പിച്ച് തുടക്കം കുറിച്ച വിമാന സര്‍വ്വീസുകള്‍ക്ക് ചെറിയ നിരക്കുകള്‍ ഏര്‍പ്പെടുത്തുക വഴി ആര്‍ക്കും അന്യമല്ല ആകാശ യാത്ര എന്ന സന്ദേശമാണ് ഉണ്ടായത്.

ഏതാനും വര്‍ഷങ്ങള്‍ കൊണ്ട് പണിപൂര്‍ത്തിയാക്കിയാല്‍ അതിവേഗം കേരളത്തിലൂടെ യാത്ര ചെയ്യുവാന്‍ സാധിക്കും എന്നുള്ള ഒരു ഉറപ്പ് നമുക്കിപ്പോള്‍ തന്നെ ലഭ്യമായിരിക്കുന്നു. കേരളത്തിലെ സുഗമമായ യാത്രയ്ക്ക് അതിവേഗ തീവണ്ടികളും അത്യാവശ്യം തന്നെയാണ്. ഏറ്റവും കൂടുതല്‍ ജലപാതയുള്ള സംസ്ഥാനം കേരളമാണ്. കേരളത്തിന്‍റെ കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെ കടല്‍ത്തീരമുണ്ട് എന്നുള്ളത് വെള്ളത്തിലൂടെയുള്ള അതിവേഗ ഗതാഗതത്തിന് അനുകൂലമാണ്. കൊച്ചിയിലെ വാട്ടര്‍ മെട്രോ പദ്ധതി ഏതാണ്ട് പൂര്‍ത്തിയായിരിക്കുന്നു. അത് ഉദ്ഘാടനം ചെയ്യാന്‍ ഒരുങ്ങി കഴിഞ്ഞു. കൊച്ചിയിലെ യാത്ര ബുദ്ധിമുട്ടുകള്‍ക്ക് ഒരു പരിധിവരെ കൊച്ചി വാട്ടര്‍ മെട്രോ ഉപകരിക്കും. കൊച്ചിയിലെ വൈറ്റില ഹബ്ബില്‍ നിന്ന് റോഡ് മാര്‍ഗ്ഗം കാക്കനാടുള്ള ടെക്നോപാര്‍ക്കില്‍ എത്തുവാന്‍ ചുരുങ്ങിയത് ഒരു മണിക്കൂറിലേറെ സമയമെടുക്കും. വാട്ടര്‍ മെട്രോ വഴി ഗതാഗതക്കുരുക്കില്ലാതെ വെറും 25 മിനിറ്റ് കൊണ്ട് അവിടെ എത്തിച്ചേരുവാന്‍ സാധിക്കും എന്നുള്ളത് ഗതാഗത രംഗത്തെ ഒരു വിപ്ലവമായി തന്നെ നാം കാണേണ്ടതുണ്ട്. ഇത് ഏറ്റവും കൂടുതല്‍ ജലപാതയുള്ള കേരളത്തിന് ഒരു മാതൃകയാണ്.

ചൈനയിലും മറ്റും പ്രശസ്തമായ അതിവേഗ ബോട്ടുകള്‍ കേരളത്തിന്‍റെ തീരങ്ങളിലൂടെ പ്രവര്‍ത്തനം തുടങ്ങേണ്ടതുണ്ട്. കേരളം പോലെ ജനങ്ങള്‍ തിങ്ങി നിറഞ്ഞ പ്രദേശത്ത് സ്ഥലം ഏറ്റെടുത്ത് ഒരു പദ്ധതി നടപ്പാക്കുന്നത് ഏറെ പ്രശ്നങ്ങള്‍ ഉണ്ടാക്കും. കെ. റെയില്‍ പദ്ധതിക്ക് സംഭവിച്ചത് അതു തന്നെയാണ്. കേരളത്തില്‍ അതിവേഗ റോഡുകളും, അതിവേഗ തീവണ്ടി പാതകളും , അതിവേഗ ജലപാതകളും ആവശ്യമാണ്. അത് നടപ്പിലാക്കിയാല്‍ നമ്മുടെ പ്രദേശങ്ങള്‍ വികസിക്കും. വികസനത്തിന് വേണ്ടി ത്യാഗങ്ങള്‍ സഹിക്കേണ്ടതുണ്ട്.

കേരളത്തില്‍ നടക്കുന്ന പ്രധാന വികസന പ്രവര്‍ത്തനങ്ങള്‍ക്കും കേന്ദ്രസര്‍ക്കാരിന്‍റെ ഒരു പിന്തുണ തീര്‍ച്ചയായും ആവശ്യമാണ്. കേന്ദ്രസര്‍ക്കാരുമായി നല്ല വിനിമയം നടത്തിയാല്‍ മാത്രമേ കേരളത്തിലെ വികസനങ്ങള്‍ അതിവേഗം പൂര്‍ത്തീകരിക്കുവാന്‍ സാധിക്കുകയുള്ളൂ. അതിന് കേരള സര്‍ക്കാരിനെ പ്രതിനിധീകരിച്ച് ഡല്‍ഹിയില്‍ ഉദ്യോഗസ്ഥന്മാര്‍ സജീവമായി ഉണ്ടാകേണ്ടതുണ്ട് അവിടെയാണ് അടുത്തിടെ നിയമിക്കപ്പെട്ട കേരള സര്‍ക്കാരിന്‍റെ പ്രതിനിധി  പ്രൊഫ:  കെ വി തോമസിന്‍റെ നിയമനത്തിന്‍റെ പ്രസക്തി. രാഷ്ട്രീയപരമായി അദ്ദേഹം ഡല്‍ഹിയിലെ അധികാര കേന്ദ്രങ്ങളില്‍ വളരെ അടുത്ത ബന്ധമുള്ള ഒരു വ്യക്തിയാണ്. അതുകൊണ്ടുതന്നെ രാഷ്ട്രീയ ഇടപെടലുകള്‍ക്ക് അദ്ദേഹം വളരെ പ്രയോജനം ചെയ്യും എന്നുള്ള കാര്യത്തില്‍ ഒരു സംശയവുമില്ല. രാഷ്ട്രീയപരമായി വ്യത്യസ്ത ആശയങ്ങള്‍ ഉള്ള സംസ്ഥാനമാണ് കേരളമെങ്കിലും വികസനകാര്യത്തില്‍ ഒരേ മനസ്സോടുകൂടിയാണ് കേന്ദ്രവും സംസ്ഥാനവും പോകുന്നത് എന്ന് തിരിച്ചറിയേണ്ടതുണ്ട്. ഇവിടെ ഒരു കൂട്ടിയിണക്കല്‍ അത്യാവശ്യമായി വരുന്നിടത്ത് പുതിയ കേരള സര്‍ക്കാരിന്‍റെ പ്രതിനിധി നിയമനം ഗുണം ചെയ്യും എന്നുള്ള കാര്യത്തില്‍ ഒരു സംശയവും ഇല്ല .

എല്ലാ സംസ്ഥാനങ്ങളും അവരുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാരുമായി നയപരമായ പിന്തുണ നേടേണ്ടതുണ്ട്.  അതിന്  ഓരോ സംസ്ഥാനങ്ങളും തങ്ങളുടെ പ്രതിനിധികളെ ഡല്‍ഹിയില്‍ നിയമിക്കുന്നത് കാലങ്ങളായ നടപടിയാണ്. കേരളം പക്ഷെ അടുത്ത കാലത്താണ് അങ്ങിനെ ഒരു പ്രതിനിധിയെ ഡല്‍ഹിയില്‍ നിയമിക്കാന്‍ തീരുമാനിച്ചത്. ഇതിനെ വിമര്‍ശിച്ച് വരുന്നവര്‍ക്ക് കേന്ദ്ര സഹായം ലഭിക്കുന്നതിന് ഒരു പ്രതിനിധി ഡല്‍ഹിയില്‍ വേണമെന്ന് അഭിപ്രായമുള്ളവര്‍ തന്നെയാണ്. അതിന്‍റെ സാങ്കേതിക പ്രാധാന്യം അറിയാവുന്നവരുമാണ്. നിലവില്‍ ഡല്‍ഹിയില്‍ കേരള സര്‍ക്കാരിന്‍റെ ഒ.എസ്.ഡി. ആയി മുന്‍ നയതന്ത്ര ഉദ്യോഗസ്ഥനായ വേണു രാജാമണിയെ നിയമിച്ചിരുന്നു. അദ്ദേഹത്തിന്‍റെ നിയമനം കേരളത്തിന് രാജ്യാന്തര മേഖലകളില്‍ വലിയ ചലനങ്ങള്‍ ഉണ്ടാക്കാന്‍ സാധിച്ചിട്ടുണ്ട്. ഉക്രയ്ന്‍ റഷ്യ യുദ്ധസമയത്തും വിദേശ രാജ്യങ്ങളില്‍ മലയാളികളുടെ പ്രശ്നങ്ങളിലും കേരള സര്‍ക്കാരിന്‍റെ ഒ.എസ്.ഡിയുടെ ഇടപെടല്‍ മറ്റ് സംസ്ഥാനങ്ങള്‍ക്ക് മാതൃകയായിരുന്നു. ഒട്ടേറെ മറ്റ് സംസ്ഥാനങ്ങളിലെ ജനങ്ങളും കേരളത്തിന്‍റെ ഒ.എസ് ഡി യുടെ സഹായം ലഭിച്ചവരായിരുന്നു എന്നത് മലയാളിക്ക് അഭിമാനമാണ്.

രാജ്യത്ത് വലിയ രീതിയില്‍ നടക്കുന്ന വികസനത്തില്‍ കേരളത്തിന്‍റെ സംഭാവന ചെറുതല്ല എന്ന കാര്യത്തില്‍ നമുക്ക് അഭിമാനിക്കാം. വികസന കാര്യങ്ങളില്‍ കേരളത്തില്‍ രാഷ്ട്രീയ തടസം പഴയത് പോലെ ഉണ്ടാക്കുന്നില്ല എന്നത് എടുത്ത് പറയണം. മറ്റ് സംസ്ഥാനങ്ങളില്‍ രാഷ്ട്രീയ തടസങ്ങള്‍ ഇല്ല എന്ന് തന്നെ പറയണം. രാജ്യത്തെ വികസനത്തിന് സംസ്ഥാനങ്ങള്‍ ചേര്‍ന്ന് നില്‍ക്കുന്നത് ലോക രാജ്യങ്ങള്‍ക്ക് അതിശയമായ ഒന്നു തന്നെയാണ്.