പാര്‍ലമെന്‍റ് സ്ട്രീറ്റ്

പാര്‍ലമെന്‍റ് സ്ട്രീറ്റ്

സുധീര്‍ നാഥ്

2023 ജനുവരി 15 


ഓംചേരി നൂറാം വയസിലേയ്ക്ക്, ആഘോഷമാക്കി പ്രവാസികള്‍ 

മലയാള നാടക ആചാര്യന്‍ ഓംചേരി എന്‍. എന്‍. പിള്ള നൂറാം വയസ്സിലേക്ക് കടക്കുകയാണ്. അദ്ദേഹത്തോടുള്ള ആദരവായി പിറന്നാള്‍ ഡല്‍ഹിയിലെ പ്രവാസി മലയാളികള്‍ ആഘോഷമാക്കി നടത്തുവാന്‍ ഒരുങ്ങുകയാണ്. ഫെബ്രുവരി ഒന്നാം തീയതിയാണ് പിറന്നാളെങ്കിലും പൊതുജനങ്ങളുടെ പങ്കാളിത്തം ഉറപ്പുവരുത്തുന്നതിന് ഞായറാഴ്ച ഫെബ്രുവരി അഞ്ചാം തീയതിയാണ് ആഘോഷങ്ങള്‍ നടത്തുന്നത്. ഓംചേരി ജോയിന്‍റ് സെക്രട്ടറിയായി തുടക്കം കുറിച്ച കേരള എഡ്യൂക്കേഷന്‍ സൊസൈറ്റി നടത്തുന്ന ഡല്‍ഹി കാനിങ്ങ് റോഡ് കേരള സ്ക്കൂളിലാണ് ചടങ്ങ്. ഡല്‍ഹിയിലെ അന്‍പതിലേറെ സംഘടനകള്‍ ആഘോഷത്തിന്‍റെ ഭാഗമാകാന്‍ തീരുമാനിച്ചിരിക്കുകയാണ്. ഓംചേരി തന്നെ എഴുതിയ രണ്ടു നാടകവും ഓംചേരിയെ കുറിച്ച് എഴുതിയ മറ്റൊരു നാടകവും ആഘോഷത്തിന്‍റെ ഭാഗമായി അവതരിപ്പിക്കും. ഓംചേരി തന്നെ താല്‍പര്യപൂര്‍വ്വം ആവശ്യപ്പെട്ട ഓട്ടന്‍തുള്ളലും കഥകളിയും ജന്മദിന ആഘോഷത്തിന്‍റെ ഭാഗമായി സംഘാടകര്‍ ഒരുക്കുന്നുണ്ട്. ഡല്‍ഹിയിലെ പ്രമുഖരായ മലയാളികള്‍ അടക്കം ഒട്ടേറെ പ്രമുഖര്‍ ചടങ്ങിന് എത്തിച്ചേരുമെന്നാണ് സംഘാടകര്‍ പറയുന്നത്. വൈക്കം സ്വദേശിയായ ഓംചേരി 1924 ബ്രെുവരി 1 ാം തിയതി പി. നാരായണപിള്ളയുടേയും പാപ്പികുട്ടി അമ്മയുടേയും മകനായി ജനിച്ചു. വൈക്കത്തു നിന്ന് ദീപിക ദിനപത്രത്തില്‍ ഒലേ (ഒരു ലേഖകന്‍) എന്ന പേരിലാണ് ആദ്യമായി മാധ്യമ രംഗത്ത് എത്തുന്നത്. മാധ്യമപ്രവര്‍ത്തനം കൂടാതെ ആദ്യകാലങ്ങളില്‍ കവിതയായിരുന്നു ഓംചേരി എഴുതിയിരുന്നത്. തിരുവനന്തപുരത്തെ കോളേജ് പഠന കാലത്ത് നോട്ടീസ് വേണം എന്ന ഒരു ഹാസ്യ നാടകം എഴുതി. പിന്നീട് എ.കെ.ജിയുടെ നിര്‍ബന്ധപ്രകാരമാണ് നാടക രംഗത്തേക്ക് പ്രവേശിക്കുന്നത്. ഓംചേരിയുടെ ആത്മകഥ ആകസ്മികത്തിന് കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. പ്രശസ്ത ഗായകന്‍ കമുകറയുടെ സഹോദരി ലീലാ ഭായാണ് ഓംചേരിയുടെ ഭാര്യ. ഇവര്‍ക്ക് രണ്ടു മക്കള്‍ മോഹിനിയാട്ടത്തില്‍ പ്രശസ്തയായ ദീപ്തി ഓംചേരി ഭല്ലയും, ശ്രീധീപും.

ജോഷിമഠ് ഇടിയുന്നു. ജനം ഭീതിയില്‍

മനുഷ്യന്‍ പ്രകൃതിയെ അതിക്രൂരമായി ആണ് പീഡിപ്പിക്കുന്നത്. ഇതിന് ഉത്തമ ഉദാഹരണമായി ഉത്തരാഖണ്ഡില്‍ ഒരു വലിയ ഗ്രാമം തന്നെ ഭീഷണിയുടെ മുനയിലാണ്. പരിസ്ഥിതി വാദികള്‍ എപ്പോഴും ആശങ്കയോടെ പങ്കുവെയ്ക്കുന്ന കാര്യങ്ങളാണ് ഇപ്പോള്‍ സംഭവിക്കുന്നത്. ഉത്തരാഖണ്ഡിലെ തീര്‍ത്ഥാടന നഗരമായ ബദരീനാഥിലേക്കുള്ള വഴിയുടെ തുടക്കമാണ് ജോഷിമഠ് എന്ന പ്രശസ്തമായ മലയോര പട്ടണം. ജോഷിമഠ് പട്ടണത്തിലെ ഭൂമിയില്‍ വ്യാപകമായ വിള്ളല്‍ വീണിരിക്കുന്നു എന്നത് ഞെട്ടലുണ്ടാക്കുന്ന വിവരമാണ്. മണ്ണ് ഇടിയുന്നു എന്നത് കൊണ്ട് നാട്ടുകാര്‍ ഭീതിയിലാണ്. ഈ മലയോര ഗ്രാമത്തിലെ 500ല്‍ പരം വീടുകള്‍ക്ക് ഇതിനോടകം വിള്ളല്‍ വീണു കഴിഞ്ഞു എന്നുള്ള ഭീകരമായ റിപ്പോര്‍ട്ടുകള്‍ ആണ് വന്നുകൊണ്ടിരിക്കുന്നത്. ഭയപ്പെടുത്തുന്ന ഇത്തരം റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ ജോഷിമഠില്‍ നടന്നു വരുന്ന എല്ലാ നിര്‍മ്മാണ പ്രവര്‍ത്തികളും സര്‍ക്കാര്‍ നിര്‍ത്തിവെപ്പിച്ചിരിക്കുകയാണ്. ജോഷിമഠിലൂടെ കടന്നുപോകുന്ന ബദരീനാഥ് ദേശിയ ഹൈവേയിലെ ചാര്‍ദാം റോഡിന്‍റെ വീതികൂട്ടല്‍ പണിയും സര്‍ക്കാര്‍ നിര്‍ത്തിവച്ചിരിക്കുകയാണ്. എന്‍.ടി.പി.സിയുടെ വിഷ്ണുഘഡ് തപോവന്‍ വൈദ്യുതി പ്രൊജക്റ്റ് നിര്‍ത്തിവെയ്ക്കണമെന്ന ആവശ്യം വളരെ നാളുകളായി ഉയരുന്നതാണ്. വ്യാപകമായ മണ്ണിടിച്ചില്‍ ഭയന്ന് ജനങ്ങള്‍ പാലായനം ചെയ്തു തുടങ്ങിയിരിക്കുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. അറുപതോളം കുടുംബങ്ങള്‍ ഇതിനോടകം ജോഷിമഠിലെ വീടുകള്‍ ഉപേക്ഷിച്ചു എന്നാണ് ഔദ്യോഗികമായി ജില്ലാ ഭരണകൂടം നല്‍കുന്ന വിവരം. വീടുകള്‍ക്ക് വിള്ളല്‍ വീണതോടെ പരിഭ്രാന്തരായ ജനങ്ങള്‍ അടിയന്തിരമായി പുനരധിവാസം വേണമെന്നാവശ്യപ്പെട്ട് ദേശിയ പാത ഉപരോധിച്ച് സമരം തുടങ്ങി കഴിഞ്ഞു. 1976 സര്‍ക്കാര്‍ നിയോഗിച്ച ഒരു കമ്മിറ്റി ജോഷിമഠിലെ മണ്ണുകളുടെ ബലക്കുറവ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളതാണ്. ജോഷിമഠിലെ നിര്‍മ്മാണ പ്രവര്‍ത്തികള്‍ നടത്തുന്നത് അപകടമാണെന്ന് അക്കാലത്ത് തന്നെ സര്‍ക്കാര്‍ നിയോഗിച്ച കമ്മറ്റി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അതിന് ശേഷം വ്യാപകമായ നിര്‍മ്മാണ പ്രവര്‍ത്തികള്‍ ഈ മേഘലകളില്‍ നടന്നിട്ടുണ്ട്. ഇതിന്‍റെ പ്രത്യാഘാതമാണ് ഇപ്പോള്‍ ഉണ്ടായ പ്രതിഭാസത്തിന് കാരണമെന്നാണ് വിലയിരുത്തല്‍. 

വടക്കേ ഇന്ത്യ തണുത്ത് വിറയ്ക്കുന്നു

തണുപ്പ് സഹിക്കാം, പക്ഷെ തണുത്ത കാറ്റ് അപകടമാണ്. വടക്കേ ഇന്ത്യയിലെ തണുപ്പ് അതിരൂക്ഷമായി ഉയര്‍ന്ന് കൊണ്ടിരിക്കുകയാണ്. അന്തരീക്ഷ ഊഷ്മാവ് രാജ്യ തലസ്ഥാനത്ത് 2.2 ഡിഗ്രിയില്‍ എത്തിയിരിക്കുന്നു എന്നുള്ളതാണ് ഒടുവില്‍ ലഭിക്കുന്ന വിവരം. ഒപ്പം തണുത്ത കാറ്റും സ്ഥിതി വഷളാക്കുന്നു. രാത്രികാലങ്ങളില്‍ മൈനസ് ഡിഗ്രിയിലേക്ക് താപനില ഉണ്ടാകുന്നു എന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. രണ്ട് വര്‍ഷത്തിനിടയില്‍ ഡല്‍ഹി ദര്‍ശിക്കുന്ന ഏറ്റവും രൂക്ഷമായ തണുപ്പാണ് ഇപ്പോള്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നത് എന്നാണ് പറയുന്നത്. അതിശയ്ത്യം ജനങ്ങളുടെ ജീവന് ഭീഷണിയുമാണ്. തണുത്ത കാറ്റ് മരണം വരെ സംഭവിക്കുന്ന സാഹചര്യങ്ങള്‍ ഉണ്ടാക്കുന്നു. തെരുവോരത്ത് കഴിയുന്നവര്‍ക്ക് ഡല്‍ഹി സര്‍ക്കാര്‍ ഷെല്‍റ്ററുകള്‍ ഒരുക്കിയിട്ടുണ്ട്. രാജ്യ തലസ്ഥാനമായ ഡല്‍ഹിയെ കൂടാതെ ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍, പഞ്ചാബ്, ഹരിയാന, ഛത്തീസ്ഗഡ് എന്നിവിടങ്ങളിലും ശൈത്യം ശക്തി പ്രാപിച്ചിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. അതിശയ്ത്യം മൂലം ഉണ്ടാകുന്ന മഞ്ഞും ഒപ്പം മലിനീകരണം മൂലം ഉണ്ടാകുന്ന പുകമഞ്ഞും യാത്രയെ കാര്യമായി ബാധിക്കുന്നു. തീവണ്ടി സര്‍വീസുകളും വിമാന സര്‍വീസുകളും റോഡ് ഗതാഗതവും താറുമാറാണ്. തീവണ്ടി, വിമാന സര്‍വ്വീസുകള്‍ അതുകൊണ്ടുതന്നെ പലപ്പോഴും റദ്ദാക്കപ്പെടുകയും ചെയ്യുന്നുണ്ട്. ശൈത്യകാല തണുപ്പ് വര്‍ദ്ധിച്ചതോടെ വടക്കേ ഇന്ത്യയിലെ വൈദ്യുതി ഉപയോഗവും കൂടിയിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇലക്ട്രിക് ഹീറ്ററുകള്‍ക്കും, ചൂടുവെള്ളത്തിനും മറ്റും ജനങ്ങള്‍ വൈദ്യുതി ഉപയോഗിക്കുന്നു. തണുപ്പകറ്റാന്‍ രാത്രികാലങ്ങളില്‍ റൂം ഹീറ്ററുകള്‍ ഉപയോഗിക്കുന്നത് പലപ്പോഴും അപകടം വിളിച്ചുവരുത്തും എന്ന് ആരോഗ്യരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ തന്നെ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. അന്തരീക്ഷത്തിലെ ഓക്സിജന്‍റെ അളവ് ഹീറ്ററുകള്‍ പ്രവര്‍ത്തിക്കുന്നത് മൂലം കുറയുന്നു എന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഉറക്കത്തില്‍ ഇത് അറിയാതെ പോകുന്നു. ഇത് മനുഷ്യജീവന് ഭീഷണിയുമാണ്. ഡല്‍ഹിയിലെ തണുപ്പ് അതിരൂക്ഷമായിരിക്കുന്ന സമയത്ത് തന്നെ ഭൂമികുലുക്കം രണ്ടുതവണ രേഖപ്പെടുത്തുകയുണ്ടായി. ഡല്‍ഹിയിലെ ശാസ്ത്രീയമല്ലാത്ത പല നിര്‍മ്മാണ പ്രവര്‍ത്തിയും, അനധിക്യതമായി ഉയര്‍ന്നു വന്നിട്ടുള്ള സ്വകാര്യ കോളനികളും അപകട മുനമ്പിലാണ്. വലിയ ഭൂചലനത്തില്‍ വലിയ അപകടം ഉണ്ടാകും എന്നാണ് ശാസ്ത്രലോകത്തുള്ളവര്‍ ഭയപ്പെടുന്നത്. വലിയ ഭൂചലനത്തിന് പിടിച്ചുനില്‍ക്കാന്‍ സാധിക്കാത്ത തരത്തിലുള്ള കെട്ടിടങ്ങള്‍ ഡല്‍ഹിയില്‍ വ്യാപകമാണ്. 

സിദ്ധീക്ക് കാപ്പന് ജാമ്യം ലഭിച്ചു. പക്ഷെ...

മാധ്യമ പ്രവര്‍ത്തകനായ സിദ്ധീക്ക് കാപ്പന് യു.എ.പി.എ. കേസിലും ഇഡി കേസിലും ജാമ്യം  ലഭിച്ചു. പക്ഷേ അദ്ദേഹത്തിന് ഇനിയും ജയില്‍ മോചിതനാകാന്‍ കഴിഞ്ഞിട്ടില്ല. 2020 ഒക്ടോബര്‍ മാസം അഞ്ചാം തീയതി ഉത്തര്‍പ്രദേശിലെ ഹത്രാസില്‍ പീഡനത്തിന് ഇരയായി മരണപ്പെട്ട മുസ്ലീം വിഭാഗത്തിലെ ദളിത് പെണ്‍കുട്ടിയുടെ മരണം റിപ്പോര്‍ട്ട് ചെയ്യാന്‍ ഡല്‍ഹിയില്‍ നിന്ന് പോയ സിദ്ദിഖ് കാപ്പമനെ ഉത്തര്‍പ്രദേശ് പോലീസ് അറസ്റ്റ് ചെയ്തു. പോപ്പുലര്‍ ഫ്രണ്ടിന്‍റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന മനുഷ്യാവകാശ ഗ്രൂപ്പായ പി.എഫ്.ഐയുടെ പ്രവര്‍ത്തകരും സിദ്ദിഖ് കാപ്പനൊപ്പം അറസ്റ്റ് ചെയ്യപ്പെട്ടിരുന്നു. നിരന്തരമായി സിദ്ദീഖ് കാപ്പന്‍റെ ജയില്‍ മോചിതനത്തിനായി മാധ്യമ ലോകം ആവശ്യപ്പെട്ടുകൊണ്ട് പല പരാതികളും നല്‍കുകയുണ്ടായി. വിചാരണ കോടതിയും അലഹബാദ് ഹൈക്കോടതിയും സിദ്ധീക്ക് കാപ്പന് ജാമ്യം നല്‍കാന്‍ വിസമ്മതിച്ചു. പക്ഷേ സുപ്രീംകോടതി സിദ്ധീക്ക് കാപ്പന് 2022 സെപ്തംബര്‍ 9ന് ജാമ്യം കൊടുത്തു. രണ്ട് ആളുകളുടെ ജാമ്യത്തിലാണ് സിദ്ധീക് കാപ്പന് ജാമ്യം സുപ്രീംകോടതി നല്‍കിയത്. രണ്ടുപേരുടെ ജാമ്യ പരിശോധന മാസങ്ങളെടുത്താണ് പൂര്‍ത്തിയാക്കിയത്. ഇങ്ങനെ നീണ്ടു എന്നുള്ള വിചിത്രമായ വിവരമാണ് പങ്കുവെക്കാനുള്ളത് അതേസമയം ഇ.ഡി. കേസില്‍ അലഹബാദ് ഹൈക്കോടതി ഡിസംബര്‍ 23ന് ജാമ്യം അനുവദിച്ചിരിക്കയാണ്. ഇവിടെയും രണ്ടുപേരുടെ ജാമ്യമാണ് നല്‍കേണ്ടത്. സുപ്രീംകോടതി ജാമ്യത്തിന് രണ്ടുപേരുടെ ആള്‍ ജാമ്യം പരിശോധനയ്ക്കായി മാസങ്ങള്‍ എടുത്തത് അലഹബാദ് ഹൈക്കോടതിയില്‍ ചൂണ്ടിക്കാണിക്കുകയും ഉണ്ടായി. 10 ദിവസത്തിനുള്ളില്‍ രണ്ട് ആള്‍ ജാമ്യക്കാരുടെ രേഖകള്‍ പരിശോധിച്ചു പൂര്‍ത്തീകരിക്കണമെന്ന് അലഹബാദ് ഹൈക്കോടതി ജഡ്ജി ജാമ്യം നല്‍കിക്കൊണ്ടുള്ള ഉത്തരവിനോടൊപ്പം പറയുകയുണ്ടായി. രാജ്യത്തെ മാധ്യമ രംഗം സിദ്ധീക് കാപ്പന്‍റെ ജയില്‍മോചനത്തിനായി കാത്തിരിക്കുകയാണ്.