ജോഷിമഠ് രാജ്യത്തിന് മുന്നറിയിപ്പാണ്.

ജോഷിമഠ് രാജ്യത്തിന് മുന്നറിയിപ്പാണ്.

വിജയ് ചൗക്ക്

സുധീര്‍ നാഥ് 


മനുഷ്യന്‍ പ്രകൃതിയെ ചൂഷണം ചെയ്യാന്‍ തുടങ്ങിയിട്ട് കാലങ്ങള്‍ ഏറെയായിരിക്കുന്നു. ഇത് തിരിച്ചറിഞ്ഞ കാലം മുതല്‍ പ്രകൃതിസ്നേഹികള്‍ അവരുടെ പ്രതിഷേധം പല രീതിയില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഇപ്പോള്‍ വര്‍ത്തമാനകാലത്തില്‍ എല്ലാവരും വിരല്‍ ചൂണ്ടുന്നത് ജോഷിമഠിലെ  മണ്ണിടിയുന്ന പ്രതിഭാസത്തിന് നേരെയാണ്. അവിടെ അറുന്നൂറിലേറെ വീടുകള്‍ക്ക് വിള്ളല്‍ വീണ് അപകടാവസ്ഥയിലുണ്ട്. അവിടെ താമസിക്കുവാന്‍ സാധിക്കില്ലെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചു കഴിഞ്ഞു. ഈ വീടുകള്‍ സര്‍ക്കാര്‍ പൊളിച്ചു മാറ്റാന്‍ തുടങ്ങിയപ്പോള്‍ തന്നെ പ്രതിഷേധം തുടങ്ങി. കാരണം ഓരോ വീടിനും ഒന്നര ലക്ഷം രൂപയാണ് സര്‍ക്കാര്‍ നല്‍കുന്നത്. ഇത് തീര്‍ത്തും ന്യായമല്ലെന്നാണ് ഒഴിഞ്ഞു പോകേണ്ടവര്‍  പറയുന്നത്. മാന്യമായ പുനരധിവാസ പാക്കേജുകളാണ് അവര്‍ ആവശ്യപ്പെടുന്നത്.

ഹിന്ദു വിശ്വാസ പ്രകാരം ഏറെ പുണ്യമായ കേദാര്‍നാഥ് ബദരീനാഥ് യാത്രകള്‍ക്ക് ജോഷിമഠിലൂടെയാണ് യാത്ര ചെയ്യേണ്ടത്. അതുകൊണ്ടുതന്നെ ഈ പുണ്യ പട്ടണം സന്ദര്‍ശിക്കുന്നവര്‍ക്കൊക്കെ ആദിത്യമരുളന്‍ ജോഷിമഠില്‍ വലിയ സന്നാഹം ഉണ്ട് . ഈ ഗ്രാമത്തിലെ ജനങ്ങള്‍ ടൂറിസ്റ്റുകള്‍ ആയും ഭക്തിയുടെ ഭാഗമായും ബദരീനാഥിലും കേദാര്‍നാഥിലും എത്തുന്ന ജനങ്ങളെ സ്വീകരിക്കുന്നു. അവര്‍ക്ക് വേണ്ട സൗകര്യങ്ങള്‍ ചെയ്യുന്നു. അതുവഴി ലഭിക്കുന്ന വരുമാനമാണ് ഒട്ടുമിക്ക ഗ്രാമവാസികളുടെയും ജീവിതമാര്‍ഗം. 1970 അളകനന്ദ നദി ജോഷിമഠില്‍ വലിയ നാശം വിതച്ച് ഇരച്ച് കയറി പ്രളയം ഉണ്ടാക്കിയപ്പോള്‍ സര്‍ക്കാര്‍ നിയോഗിച്ച കമ്മറ്റിയുടെ റിപ്പോര്‍ട്ടുകള്‍ അവഗണിച്ചത് ഇപ്പോള്‍ വലിയ ദുരന്തത്തിന് വഴിമട്ടിരിക്കുകയാണ് റിപ്പോര്‍ട്ടുകള്‍.

1970 ല്‍ അതിഭീകരമായ മണ്ണൊലിപ്പ് നടന്ന പ്രദേശമാണ് ജോഷിമഠ്  ഉള്‍പ്പെട്ടത് എന്നത് ഗൗരവത്തോടെ കാണേണ്ടതാണ്. സര്‍ക്കാര്‍ സംഘം പാരിസ്ഥിതി പ്രശ്നങ്ങള്‍ നേരിടുന്ന പ്രദേശമാണെന്ന് അന്നേ കണ്ടെത്തിയിരുന്നു. 1976 ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ അന്ന് ഏര്‍പ്പെടുത്തിയ മഹേഷ് ചന്ദ്ര മിശ്രയുടെ നേതൃത്വത്തിലുള്ള പതിനെട്ടംഗങ്ങളുള്ള ശാസ്ത്രസംഘം ജോഷിമഠ് അടക്കം പരിസ്ഥിതി ലോല പ്രദേശമാണെന്ന് കണ്ടെത്തി അവിടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തരുത് എന്ന് വിലക്കിയിരുന്നു. കാലങ്ങള്‍ കടന്നു പോയപ്പോള്‍ വിലക്കുകള്‍ നിര്‍വീര്യമായി. ജോഷിമഠില്‍ നടക്കുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പരിസ്ഥിതി സന്തുലാവസ്ഥ തകിടം മറിക്കും എന്ന് അന്നത്തെ റിപ്പോര്‍ട്ടില്‍ കാര്യകാരണ സഹിതം സൂചന നല്‍കിയിരുന്നു. ഈ റിപ്പോര്‍ട്ട് മറികടന്നാണ് അവിടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടന്നിരുന്നത്. ഈ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അപകടമാണെന്ന് പറഞ്ഞവരെ വികസന വിരോധികള്‍ എന്നാണ് മുദ്രകുത്തിയിരുന്നത്. അടുത്തകാലത്ത് ഹിന്ദു പുണ്യ പ്രദേശങ്ങളിലേക്ക് വലിയ അളവില്‍ വികസന പ്രവര്‍ത്തനങ്ങള്‍ വന്നത് വലിയ അപകടമായി തീര്‍ന്നിരിക്കുന്നു. ഇത് ജോഷിമഠില്‍ മാത്രം സംഭവിക്കുന്ന ഒരു അപകട സൂചന അല്ല. രാജ്യത്താകമാനം ഇത്തരം അനുഭവങ്ങള്‍ ഉണ്ടാകുവാനുള്ള സൂചനയാണ് ഇപ്പോള്‍ ലഭിച്ചിരിക്കുന്നത്. നമ്മുടെ കേരളത്തിലെ മൂന്നാറില്‍ അടക്കം വലിയ അളവില്‍ നടന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അപകടം വിളിച്ചു വരുത്തുമെന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ കാലങ്ങളായി പറയുന്നുണ്ട്. അത് തള്ളിക്കളയുന്നത് അപക്വമായ നടപടിയാകും എന്നുള്ളതിന്‍റെ തെളിവാണ് ജോഷിമഠില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്.

മുന്നറിയിപ്പ് അവഗണിക്കുകയും അതുമൂലം ഉണ്ടാകുന്ന അപകടങ്ങള്‍ ആരുടെ ചുമരിലാണ് നമ്മള്‍ കെട്ടി വയ്ക്കേണ്ടത് ...? അതിനു കാരണക്കാരായത് ഒരേപോലെ സര്‍ക്കാരും അവിടുത്തെ ജനങ്ങളും തന്നെയാണ് എന്ന് പറയുന്നതില്‍ തെറ്റുണ്ടെന്ന് തോന്നുന്നില്ല. അറിഞ്ഞുകൊണ്ടുതന്നെ അപകടാവസ്ഥ ക്ഷണിച്ചു വരുത്തുകയായിരുന്നു എന്നതല്ലേ സത്യം. അവിടെ നിന്നുള്ള റിപ്പോര്‍ട്ട് പ്രകാരം എല്ലാവര്‍ഷവും രണ്ടിഞ്ചോളം ഭൂമി താഴുന്നുണ്ട് എന്ന് ഭൗമ ശാസ്ത്രജ്ഞര്‍ കണ്ടെത്തിയിട്ട് വര്‍ഷങ്ങളായി. വീടുകളിലെ വിള്ളലും റോഡിലെ വിള്ളലും കാലങ്ങളായി ഉണ്ടാക്കുന്നു. ഇപ്പോള്‍ അതിന്‍റെ മൂര്‍ധന്യാവസ്ഥയിലെത്തി എന്നു പറയാം. അടിക്കടി ചെറിയ ഭൂചലനങ്ങള്‍ ഉണ്ടാകുന്ന പ്രദേശമാണ് ഹിമാലയന്‍ മലനിരകള്‍. 2009 മുതല്‍ ജോഷിമഠിന് സമീപമായി തപോവന്‍ വിഷ്ണുഗഢ് എന്ന ജലവൈദ്യുത പദ്ധതി നിര്‍മ്മാണം തുടക്കം കുറിച്ചു. വലിയ തുരങ്കങ്ങള്‍ ഇതിനായി അവിടെ മലകള്‍ക്ക് താഴെ നിര്‍മ്മിച്ചു. ചാര്‍ദാം ഹൈവേ  നിര്‍മ്മാണമാണ് മറ്റൊന്ന്. ഗതാഗത വികസനം മുന്നില്‍ കണ്ട് വീതിയുള്ള റോഡുകള്‍ക്കായി മലയിടുക്കുകള്‍ ഇടിച്ചു നിരത്തി. ഇത് കൂടാതെ വികസനത്തിന്‍റെ ഭാഗമായി വലിയ കെട്ടിട്ടങ്ങള്‍ നിര്‍മ്മിക്കപ്പെട്ടു. വികസനം വലിയ രീതിയില്‍ വന്നപ്പോള്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അതിലേറെ വേഗതയില്‍ ഹിമാലയത്തിന്‍റെ താഴ്വാരമായ ജോഷിമഠില്‍ അടക്കം ഉണ്ടായി. സമുദ്രനിരപ്പില്‍ നിന്ന് 2000 അടി ഉയരത്തിലാണ് ജോഷിമഠ് എന്ന മലയോര ഗ്രാമം സ്ഥിതി ചെയ്യുന്നത്. ഈ ഗ്രാമത്തിലെ തൊട്ടടുത്ത തന്നെയാണ് ഏഷ്യയിലെ ഏറ്റവും വലിയ റോക്ക് ഫില്‍ ഡാമായ തെഹറി സ്ഥിതി ചെയ്യുന്നത്.

തെഹരി എന്ന മലയോര ഗ്രാമം പൂര്‍ണമായും ഒഴിപ്പിച്ചതിന് ശേഷം ഗ്രാമവാസികള്‍ക്ക് കോണ്‍ക്രീറ്റ് വീടുകള്‍ സര്‍ക്കാര്‍ നിര്‍മ്മിച്ചു നല്‍കി. കേന്ദ്രസര്‍ക്കാര്‍ ഒരു വലിയ പുനരധിവാസ പാക്കേജ് പ്രഖ്യാപിക്കുകയും നടപ്പിലാക്കുകയും ഉണ്ടായി. പഴയ തെഹറി ഗ്രാമം ഡാം കമ്മീഷന്‍ ചെയ്തതോടുകൂടി വെള്ളത്തില്‍ മുങ്ങി പോകുന്നത് നേരില്‍ കണ്ട വ്യക്തിയാണ് ലേഖകന്‍. തെഹറി ഡാമിന്‍റെ കമ്മിഷന്‍ സമയത്ത് അന്നത്തെ കേന്ദ്ര ഊര്‍ജ്ജ മന്ത്രി പി.എ. സെയ്തിന്‍റെ മാധ്യമ കാര്യ സെക്രട്ടറിയായിരുന്നു. എല്ലാ ആഴ്ചയിലും രണ്ടു ദിവസവും ഇതിനായി ഡല്‍ഹിയില്‍ നിന്ന് തെഹറി മാധ്യമ സംഘത്തെ നയിച്ച് സന്ദര്‍ശിച്ച സന്ദര്‍ഭം ഇപ്പോള്‍ ഓര്‍ത്തു പോവുകയാണ്. സ്വന്തം വീടുകള്‍ മുങ്ങുന്നത് ദുഃഖത്തോടെ മലയുടെ ചരിവുകളില്‍ ഇരുന്നുകൊണ്ട് കണ്ണീര്‍ വാര്‍ത്ത ഗ്രാമീണരെ കാണാമായിരുന്നു. രാവിലെ മുതല്‍ വൈകുന്നേരം വരെ ഗ്രാമം വെള്ളത്തില്‍ മുങ്ങുന്നത് നോക്കിയിരിക്കുന്ന ഗ്രാമീണരെ കാണുവാന്‍ സാധിച്ചിട്ടുണ്ട്. ഇന്ന് അവര്‍ വസിക്കുന്ന കോണ്‍ക്രീറ്റ് വീടുകളിലും

വിള്ളലുകള്‍ വന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍ . പുതിയ തെഹറി പട്ടണവും സുരക്ഷിതമല്ല എന്നത് ഞ്ഞെട്ടലുണ്ടാക്കുന്നു. ജോഷിമഠിലും തെഹറിയിലും മാത്രമല്ല ഭൂമി താഴുന്ന പ്രതിഭാസം ഉള്ളത്. കര്‍ണ്ണപ്രയാഗിലും, പൗരിയിലും മറ്റ് ഒട്ടേറെ ഹിമാലയന്‍ താഴ്വരയിലെ ഗ്രാമീണര്‍ തങ്ങളുടെ വീടുകളിലും, വഴിയിലും വിള്ളലുകള്‍ ഉണ്ടാക്കുന്നു എന്ന് പരാതി ഉന്നയിച്ചു തുടങ്ങി. ജീവനും കൊണ്ട് ഗ്രാമങ്ങള്‍ വിട്ടു പോകുന്ന ജനങ്ങളുടെ പാലായന കാഴ്ചകള്‍ വ്യാപകമാണ്. വിലപിടിപ്പുള്ള പലതും ഉപേക്ഷിച്ച് കൊണ്ടുപോകാന്‍ സാധിക്കുന്നതൊക്കെ എടുത്താണ് ജനങ്ങള്‍ സ്വന്തം കിടപ്പാടം ഉപേക്ഷിച്ച് പാലായനം ചെയ്യുന്നത്.

ഹിമാലയന്‍ മലയിടുക്കില്‍ മാത്രമല്ല രാജ്യവ്യാപകമായുള്ള മണ്ണിടിച്ചില്‍ തുടങ്ങിയിട്ട് കാലങ്ങള്‍ ഏറെയായി. കേരളത്തിലും സമാനമായ പ്രതിഭാസം നമ്മള്‍ കണ്ടുവരുന്നു. പ്രളയം കേരളത്തെ എത്രയോ തവണയായി ഞെട്ടിച്ചിരിക്കുന്നു. പ്രകൃതിയെ ജനങ്ങള്‍ ചൂഷണം ചെയ്യുന്നത് കൊണ്ടാണ് ഇത്തരത്തിലുള്ള മഴവെള്ള പാച്ചിലും പ്രളയവും മണ്ണിടിച്ചിലും സംഭവിക്കുന്നത്. ഒട്ടേറെ തവണ ഇത് സംഭവിക്കുമ്പോള്‍ നമ്മള്‍ ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്ന് വാതോരാതെ പറയുകയും, ഏതാനും ദിവസങ്ങള്‍ക്ക് ശേഷം അത്തരം പറച്ചിലുകള്‍ അവസാനിപ്പിച്ച് വീണ്ടും പ്രകൃതിയെ ചൂഷണം ചെയ്യുകയും ചെയ്യുന്നു. പ്രകൃതി സ്നേഹികള്‍ ഇതിനെതിരെ എത്രയോ തവണ മുന്നറിയിപ്പുകള്‍ തന്നിരിക്കുന്നു. പക്ഷേ അത് കേള്‍ക്കാതെ പ്രകൃതിയെ ചൂഷണം ചെയ്യുന്നത് അപകടമാണെന്ന് വീണ്ടും ജോഷിമഠിലെ സ്ഥിതിഗതികള്‍ നമ്മളെ ഓര്‍മിപ്പിക്കുന്നു. ഒരു ഗ്രാമം തന്നെ പാലായനം ചെയ്യുന്ന ഒരു കാഴ്ചയാണ് നാം ഇന്ന് കാണുന്നത്. നാളെ ഈ കാഴ്ച രാജ്യത്തെ എല്ലായിടത്തും ഉണ്ടാകുവാനുള്ള സാഹചര്യം ഉണ്ട് താനും. അത് ഇല്ലാതെയാക്കാന്‍ നാം ജാഗരൂപരാകേണ്ടതിന്‍റെ ആവശ്യവും അതിന്‍റെ മുന്നറിയിപ്പുമാണ് ജോഷിമഠില്‍ നിന്നുയരുന്നത്.

പ്രക്യതി സംരക്ഷണ പ്രസ്ഥാനങ്ങള്‍...

സുധീര്‍ നാഥ് 

1485 എ.ഡിയില്‍ ഹിന്ദു മത വിശ്വാസത്തില്‍ അടിസ്ഥാനപ്പെടുത്തി മ്യഗങ്ങളേയും, പ്രക്യതിയേയും സംരക്ഷിക്കുന്നതിനായി ഗുരു ജംബേശ്വര്‍ സ്ഥാപിച്ച വൈഷ്ണവരായ ബിഷ്ണോയ് വിഭാഗം ഇപ്പോഴും ഉണ്ട്. ഒരു വരള്‍ച്ച കാലത്ത് മ്യഗങ്ങള്‍ മരിക്കുന്നത് ശ്രദ്ധയില്‍ പെട്ട ഗുരു ജംബേശ്വര്‍ മരങ്ങളും വനവും സംരക്ഷിക്കുന്നതിന്‍റെ പ്രാധാന്യം തിരിച്ചറിഞ്ഞു. ബിഷ്ണോയ് വിഭാഗക്കാര്‍ മരങ്ങളും വനവും, മ്യഗങ്ങളേയും സംരക്ഷിക്കുന്ന വിഭാഗമായി മാറി. രാജസ്ഥാനിലാണ് ഈ വിഭാഗത്തിലുള്ളവര്‍ കൂടുതലായി കണ്ടു വരുന്നത്. ഗുരു ജംബേശ്വര്‍ അവസാനകാലം താമസിച്ച ബിക്കാനീറിലെ മുക്കത്ത് അദ്ദേഹത്തിന്‍റെ ഓര്‍മ്മയ്ക്കയി വലിയ ഒരു ക്ഷേത്രം തന്നെ ഉണ്ട്. 

1730ല്‍ രാജസ്ഥാനിലെ ജോദ്പൂര്‍ രാജാവ് അഭയ് സിംഗ് പുതിയൊരു കൊട്ടാരം പണിയുവാന്‍ തീരുമാനിച്ചു. കൊട്ടാരം പണിയുന്നതിന് മരങ്ങള്‍ കൊണ്ടു വരാന്‍ രാജാവ് തന്‍റെ സൈനികരെ കേജര്‍ലി വ്യക്ഷം തഴച്ച് വളരുന്ന കാട്ടിനുള്ളിലെ ഗ്രാമത്തിലേയ്ക്ക് അയച്ചു. ബിഷ്ണോയികളാണ് ഈ ഗ്രാമത്തില്‍ താമസിക്കുന്നത്. അവര്‍ കേജര്‍ലി വ്യക്ഷത്തെ ആരാധിച്ചിരുന്നു. മരങ്ങള്‍ വെട്ടുന്നതില്‍ ഗ്രാമീണര്‍ പ്രതിഷേധം രേഖപ്പെടുത്തി. അമ്യതാ ദേവി എന്ന ബിഷ്ണോയ് വിഭാഗത്തിലെ സ്ത്രീയുടെ നേത്യത്ത്വത്തില്‍ ഗ്രാമത്തിലേയും, അടുത്ത ഗ്രാമത്തിലേയും സ്ത്രീകള്‍ മരം മുറിക്കാതിരിക്കാന്‍ കേജര്‍ലി മരത്തെ കെട്ടിപ്പിടിച്ച് സൈനികര്‍ക്ക് പ്രതിരോധം തീര്‍ത്തു. രാജകല്‍പ്പന ആയതിനാല്‍ സൈനികര്‍ പ്രതിഷേധത്തെ മറികടന്ന് മരങ്ങള്‍ മുറിക്കാന്‍ തീരുമാനിച്ചു. തലപോകുന്നതിലും നാണക്കേടാണ് മരം മുറിഞ്ഞ് വീഴുന്നത് എന്നാണ് അമ്യതാ ദേവി അവസാനമായി പറഞ്ഞത്. സൈനികര്‍ അവരെ വധിച്ചു. അമ്യതാ ദേവിയെ പിന്തുടര്‍ന്ന് സ്ത്രീകള്‍ ഓരോന്നും മരത്തിന്‍റെ സംരക്ഷകയായി എത്തി മരത്തെ കെട്ടിപ്പിടിച്ച് മരണത്തെ വരിച്ചു. 363 സ്ത്രീകള്‍ സൈനികരാല്‍ രക്തസാക്ഷികളായി എന്നാണ് ചരിത്രം. 

ഗ്രാമീണരുടെ സമരവും, രക്തസാക്ഷിത്ത്വ വാര്‍ത്തയും അറിഞ്ഞ ജോദ്പൂര്‍ രാജാവ് ഗ്രാമത്തിലെത്തി സൈനികരെ പിന്തിരിപ്പിച്ചു. ഗ്രാമീണരോട് ജോദ്പൂര്‍ രാജാവ് അഭയ് സിംഗ് മാപ്പ് പറഞ്ഞു. ബിഷ്ണോയ് പ്രദേശം സംരക്ഷിത മേഖലയാക്കി രാജാവ് പ്രഖ്യാപിക്കുകയും, അവിടുങ്ങളില്‍ കേജര്‍ലി വ്യക്ഷങ്ങള്‍ നട്ട് പിടിപ്പിക്കുകയും ചെയ്തു. ഇന്നും രാജസ്ഥാനിലെ ബിഷ്ണോയ് പ്രദേശത്ത് നിറയെ കേജര്‍ലി വ്യക്ഷങ്ങള്‍ സംരക്ഷിക്കപ്പെട്ടുന്നുണ്ട്. അവിടെ മ്യഗങ്ങളും, പക്ഷികളും ഭയമില്ലാതെ വസിക്കുന്നു എന്ന പ്രത്യേകത ഉണ്ട്. പ്രക്യതിയെ സംരക്ഷിക്കുന്നതിനായി ബിഷ്ണോയ് വിഭാഗത്തിലെ സ്ത്രീകളുടെ മരം കെട്ടിപിടിച്ചു കൊണ്ടുള്ള സമര മുറ ഇന്ന് ലോകത്താകമാനം കാണാം.

1962ലാണ് സിനോ ഇന്ത്യ യുദ്ധം അഥവാ ഇന്ത്യേ ചൈനാ യുദ്ധം ഹിമാലയത്തിലെ അതിര്‍ത്തിയെ ചൊല്ലി നടന്നത്. 1963ല്‍ ചൈനയുടെ അതിര്‍ത്തിയില്‍ പുതിയ റോഡുകള്‍ നിര്‍മ്മിച്ച് വലിയ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. ഹിമാലയത്തിലെ അതിര്‍ത്തി ഗ്രാമങ്ങളിലുള്ളവര്‍ക്ക് ഭക്ഷണത്തിനും മറ്റുമായി ആശ്രയിച്ചിരുന്ന വനമേഖലയിലേയ്ക്ക് പ്രവേശനം നിഷേധിച്ചത്  പ്രയാസമായി. 1964ല്‍ ഗാന്ധിയനും, സാമൂഹ്യപ്രവര്‍ത്തകനുമായ ചാന്ദി പ്രസാദ് ഭട്ട് ദാഷോളി ഗ്രാം സ്വരാജ് സംഘ് എന്ന പ്രസ്ഥാനത്തിന് തുടക്കം കുറിച്ചു. പിന്നീട് ഇത് ദാഷോളി ഗ്രാം സ്വരാജ് മണ്ഡല്‍ എന്ന് പുനര്‍ നാമകരണം ചെയ്തു. ഈ പ്രസ്ഥാനം പ്രദേശത്തെ മരങ്ങള്‍ സംരക്ഷിക്കുന്നതിന് പോരാട്ടം നടത്തുകയുണ്ടായി. 

1970ല്‍ നടന്ന മലവെള്ളപ്പാച്ചിലില്‍ 200 പേരുടെ ജീവിതം എടുത്തു. മരം മുറിച്ചതാണ് ഇതിനൊക്കെ കാരണമായതെന്ന പേരില്‍ ദാഷോളി ഗ്രാം സ്വരാജ് മണ്ഡല്‍ പ്രക്ഷോഭം ആളികത്തി. അളക്നന്ദാ താഴ്വരയുടെ മുകളിലെ മണ്ഡലില്‍ 1973 ഏപ്രില്‍ മാസം വലിയൊരു പ്രക്ഷോഭം ഉണ്ടായി. പ്രാദേശിക വാസികള്‍ക്ക് ക്യഷി ആവശ്യങ്ങള്‍ക്കായി മരം മുറിക്കാന്‍ അനുമതി നിഷേധിച്ച അവസരത്തില്‍ ഏക്കറ് കണക്കിന് ഭൂമിയിലെ മരങ്ങള്‍ മുറിക്കുന്നതിന് സര്‍ക്കാര്‍ ഒരു സ്വകാര്യ കമ്പനിക്ക് അനുമതി നല്‍കി. ഇതിനെതിരെ ചാന്ദി പ്രസാദ് ഭട്ടിന്‍റെ ദാഷോളി ഗ്രാം സ്വരാജ് മണ്ഡല്‍ ശക്തമായ പ്രക്ഷോഭം തുടങ്ങി. അമ്യതാ ദേവി എന്ന ബിഷ്ണോയ് വിഭാഗത്തിലെ സ്ത്രീയുടെ നേത്യത്ത്വത്തില്‍ മരങ്ങള്‍ കെട്ടിപിടിച്ചു കൊണ്ടുള്ള മാത്യകയില്‍ മണ്ഡല്‍ ഗ്രാമത്തിലെ സ്ത്രീകള്‍ സമരത്തിനിറങ്ങി. സര്‍ക്കാര്‍ സ്വകാര്യ കമ്പനിക്ക് നല്‍കിയ കരാര്‍ പിന്‍വലിച്ചു. 

മണ്ഡല്‍ സമരത്തിന്‍റെ വിജയം ഗ്രാമീണരില്‍ ആവേശമായി. ഹിമാചല്‍ ഗ്രാമങ്ങളില്‍ അതിന്‍റെ ആവേശത്തില്‍ ഗ്രാമീണര്‍ മരങ്ങള്‍ കെട്ടിപിടിച്ചുള്ള (ചിപ്ക്കോ) സമരം നടത്തി. 1974ല്‍ മാര്‍ച്ച് 24ന്  2000 മരങ്ങള്‍ റെനി എന്ന ഗ്രാമത്തില്‍ നിന്ന് സര്‍ക്കാര്‍ അനുമതിയോടെ ചിലര്‍ മുറിക്കുവാന്‍ വരുന്നു എന്ന വിവരം ഗ്രാമീണര്‍ക്ക് ലഭിച്ചു. ദാഷോളി ഗ്രാം സ്വരാജ് മണ്ഡലിന്‍റെ നേത്യത്ത്വത്തില്‍ വിദ്യാര്‍ത്ഥികളടക്കമുള്ള ഗ്രാമീണര്‍ പ്രതിഷേധവുമായി ഇറങ്ങി. അവരെ നേരിടാന്‍ പോലീസും പട്ടാളവുമെത്തി. റെനി ഗ്രാമത്തിനടുത്ത് പെന്‍ഗ് മുറേണ്ട വനത്തിലെ മരം മുറിക്കാന്‍ എത്തിയവര്‍ക്ക് മുന്നില്‍ ധീരതയോടെ നിന്ന ഒരു സ്ത്രീയാണ് ഗൗരാ ദേവി. 1730ല്‍ ജോദ്പൂര്‍ രാജാവിന്‍റെ പടയാളികള്‍ക്ക് മുന്നില്‍ അമ്യതാ ദേവി നിന്ന പോലെ മരത്തിനെ കെട്ടിപുണര്‍ന്ന് തോക്കുമായി എത്തിയ പട്ടാളത്തോട് വെടിവെയ്ക്കാന്‍ പറഞ്ഞു. തന്നെ കൊല്ലാതെ മരത്തില്‍ തൊടാന്‍ പറ്റില്ലെന്ന് അവര്‍ ശക്തിയോടെ പറഞ്ഞതോടെ ഗ്രാമത്തിലെ സ്ത്രീകള്‍ ഓരോ മരങ്ങളിലും കെട്ടിപുണര്‍ന്നിരുന്നു. സമരം നാല് ദിവസത്തോളം നീണ്ടതോടെ മരം വെട്ടാന്‍ എത്തിയവരും പോലീസും, പട്ടാളവും പിന്തിരിഞ്ഞു. വനനശീകരണത്തിനെതിരെ നിയമം കൊണ്ടു വരുന്നതിന് റെനിയിലെ സമരമാണ് കാരണമായത്. അളകനന്ദാ താഴ്വരയില്‍ പത്ത് വര്‍ഷത്തേയ്ക്ക് മരം മുറിക്കുന്നത് സര്‍ക്കാര്‍ നിരോധിക്കുകയുമുണ്ടായി.

തെഹറി ജലവൈദ്യുതി പദ്ധതിക്കായി ഭഗീരതി നദിക്ക് കുറുകെ ഡാം നിര്‍മ്മിക്കാമെന്ന തീരുമാനം 1961ല്‍ പൂര്‍ത്തീകരിച്ചിരുന്നു. 1972ല്‍ ഡാമിന് അംഗീകാരം ലഭിച്ചതോടെ തെഹറിയിലെ ജനങ്ങളില്‍ ആശങ്കയായി. 1978ല്‍ ഡാമിന്‍റെ നിര്‍മ്മാണം തുടങ്ങി. ഡാം നിര്‍മ്മാണം പൂര്‍ത്തീകരിച്ചാല്‍ തെഹറി ഗഡ്വാള്‍ എന്ന ഗ്രാമം വെള്ളത്തിനടിയിലാകുമെന്ന ആശങ്കയില്‍ പ്രതിഷേധം തുടങ്ങി. തെഹറിയിലെ ആയിരകണക്കിന് മരങ്ങള്‍ നഷ്ടപ്പെടുമെന്നതിനാല്‍ ദാഷോളി ഗ്രാം സ്വരാജ് മണ്ഡലിന്‍റെ പ്രവര്‍ത്തകനായ സുന്ദര്‍ലാല്‍ ബഹുഗുണയുടെ നേത്യത്ത്വത്തില്‍ ചിപ്ക്കോ ആന്തോളന്‍ (ഹിന്ദിയില്‍ ചിപ്ക്കോ എന്നാല്‍ കെട്ടിപ്പിടിക്കുക) സമരത്തിന് തുടക്കമായി. ബഹുഗുണയ്ക്ക് പിന്തുണയായി ദൂം സിംഗ് നെഗി എന്ന അദ്ധ്യാപകന്‍ ശക്തമായി സമരത്തിന്‍റെ മുന്‍ നിരയിലെത്തി. തെഹറിയില്‍ നിന്ന് തുടക്കം കുറിച്ച ചിപ്ക്കോ മൂവ്മെന്‍റ് പിന്നീട് രാജ്യത്താകമാനം വ്യാപിക്കുകയുണ്ടായി.