സാംസ്കാരിക ഇടപെടലുകള്‍ ചിത്രം തിരുത്തും
വിജയ് ചൗക്ക്
സുധീര്‍ നാഥ്.
രാജ്യത്ത് കോവിഡ് മഹാമാരിക്ക് ശേഷം ജനമനസ്സുകളില്‍ മ്ലാനതയുടെ വലിയ കറുത്ത കാര്‍മേഘങ്ങള്‍ അടിഞ്ഞു കൂടിയിരിക്കുകയാണ്. കോവിഡ് മനുഷ്യരിലെ ഒട്ടേറെ പേരെ കവര്‍ന്നെടക്കുകയുണ്ടായി ഓരോ വ്യക്തിക്കും ഒരു നഷ്ടമെങ്കിലും കോവിഡ് മൂലം സംഭവിച്ചിട്ടുണ്ട് എന്നു തന്നെ വേണം വിലയിരുത്താന്‍. മനുഷ്യന്‍റെ ശരീരഘടനയിലും സ്വഭാവത്തിലും കോവിഡിന് ശേഷം വലിയ മാറ്റങ്ങള്‍ വന്നിട്ടുണ്ട്. കോവിഡ് പിടിപെട്ട പലരും അതിനുശേഷം ഒട്ടേറെ ബുദ്ധിമുട്ടുകള്‍ ജീവിതത്തില്‍ അനുഭവിക്കുന്നതായി സാക്ഷ്യപ്പെടുത്തിയിരിക്കുന്നു. അവര്‍ അവരുടെ ജീവിത രീതി തന്നെ പല കാരണങ്ങളാല്‍ മാറിയിരിക്കുന്നു, അല്ലെങ്കില്‍ മാറ്റിയിരിക്കുന്നു.
കോവിഡ് മൂലം ഉണ്ടായ മ്ലാനത ഇപ്പോഴും മനുഷ്യ മുഖങ്ങളില്‍ നിന്ന് പൂര്‍ണ്ണമായി മാറിയിട്ടില്ല എന്നു വേണം അനുമാനിക്കാന്‍. മനുഷ്യന്‍റെ മനസ്സിലെ മ്ലാനത മാറ്റുന്നതിന് വേണ്ടി സാംസ്കാരിക രംഗം പൂര്‍വ്വാധികം ശക്തിപ്പെടുത്തേണ്ടതിന്‍റെ ആവശ്യകത വളരെ വലുതാണ്. കലാസാംസ്കാരിക പ്രവര്‍ത്തനങ്ങള്‍ വഴി മഹാമാരി മൂലം ഉണ്ടായ മനുഷ്യന്‍റെ ഉള്ളിലെ വ്യാകുലതകള്‍ നീക്കം ചെയ്യാന്‍ സാധിക്കും എന്നാണ് മനശാസ്ത്രജ്ഞന്മാര്‍ വിലയിരുത്തുന്നത്. അത്തരത്തിലുള്ള വലിയ സാംസ്കാരിക പ്രവര്‍ത്തനങ്ങള്‍ക്ക് നമ്മള്‍ മുന്നിട്ടിറങ്ങണം. സര്‍ക്കാരിനേയും സാംസ്കാരിക സ്ഥാപനങ്ങളേയും നമ്മള്‍ അതിനായി പ്രേരിപ്പിക്കണം. വലിയൊരു സാംസ്കാരിക വിപ്ലവം തന്നെ സമൂഹത്തില്‍ ഉണ്ടാകേണ്ടത് നാം ഓരോരുത്തരുടേയും ആവശ്യമാണ്.
ചിത്രകലയിലൂടെയും സംഗീതത്തിലൂടെയും നാടകത്തിലൂടെയും മറ്റും മനുഷ്യന്‍റെ മ്ലാനതകള്‍ക്ക് മാറ്റം വരുത്താന്‍ സാധിക്കും എന്നത് വര്‍ഷങ്ങള്‍ക്ക് മുന്‍പേ ശാസ്ത്രീയമായി തെളിയിച്ചിട്ടുള്ളതാണ്. നല്ലൊരു പെയിന്‍റിങ്ങ് മനുഷ്യന്‍റെ മനസിലെ സംഘര്‍ഷങ്ങള്‍ കുറയ്ക്കും. സംഗീതം പലരേയും രോഗമുക്തി വരെ വരുത്തിയിട്ടുണ്ട് എന്നത് തെളിവുകളുള്ളതാണ്. ഒരു പരിധിവരെ എങ്കിലും ആശ്വാസം കണ്ടെത്താന്‍ ഗാംസ്കാരിക ഇടപെടലില്‍ സാധിക്കും എന്നാണ് സാധാരണ ജനം പോലും വിലയിരുത്തുന്നത്. കോവിഡിന് ശേഷം ഉണ്ടായ ഉത്സവങ്ങളും മറ്റാഘോഷങ്ങളും ജനങ്ങള്‍ സ്വമേധയാ ഇറങ്ങി വന്ന് ആഘോഷിക്കുന്നത് നമുക്ക് മുന്നില്‍ ഒരു നേര്‍ചിത്രമായി നില്‍ക്കുന്നു. സ്വയം മുക്തി നേടുന്നതിന് വേണ്ടിയാണ് ഇത്തരത്തില്‍ ഇറങ്ങി വരവ് നടത്തിയിരിക്കുന്നത് എന്ന് വേണം മനസ്സിലാക്കേണ്ടത്. മനശാസ്ത്രപരമായ ഒരു നിരീക്ഷണം സാംസ്കാരിക രംഗത്തെ പ്രവര്‍ത്തനങ്ങള്‍ മനുഷ്യനെ സന്തോഷിപ്പിക്കും എന്നുതന്നെയാണ്.
നമ്മുടെ സാഹിത്യ ലോകവും, സിനിമാ ലോകവും കോവിഡ് മഹാമാരിക്ക് ശേഷം വലിയ മാറ്റങ്ങള്‍ക്ക് കാരണമായിട്ടുണ്ട്. കേരളത്തില്‍ തന്നെ സാഹിത്യ ഉത്സവങ്ങള്‍ക്ക് ജനങ്ങള്‍ വലിയ അളവില്‍ എത്തുന്നത് അതിന്‍റെ പ്രതിഫലനമാണ്. തിരുവനന്തപുരത്ത് നടന്ന ഐ.ഐ.എഫ്.കെയില്‍ യുവജന പങ്കാളിത്തം ആരേയും അത്ഭുതപ്പെടുത്തും. നാടകത്തിനും, അഭിനയത്തിനും യുവസമൂഹം താത്പര്യം കാട്ടുന്നു. ഇപ്പോള്‍ ശ്രദ്ധേയമായ പുസ്തകങ്ങളും, സിനിമകളും സമൂഹത്തിന് സംഭാവന ചെയ്യുന്നത് യുവജനങ്ങളാണ്. വായന നശിച്ചു വായന അസ്തമിച്ചു എന്നുള്ള വിലാപങ്ങള്‍ക്കിടയിലാണ് സാഹിത്യ ഉത്സവങ്ങളും സാഹിത്യ ചര്‍ച്ചകളും നമ്മുടെ നാട്ടില്‍ വളരെ ഗംഭീരമായി ആചരിക്കപ്പെടുന്നത്. ഓരോ സാഹിത്യ ചര്‍ച്ചകളിലും സാഹിത്യ ഉത്സവങ്ങളിലും യുവതലമുറയുടെ വലിയ പങ്കാളിത്തം കാണാവുന്നതാണ്. ഇത് നിലവിലെ വര്‍ത്തമാനകാല സാഹിത്യ അഭിരുചിയുടെ നേര്‍ക്കാഴ്ചകള്‍ തന്നെയാണ്. പുതിയ ആശയങ്ങള്‍ എക്കാലത്തും സമൂഹം ഏറ്റെടുക്കുന്നത് നമ്മള്‍ കാലങ്ങളായി കാണുന്നതാണ്. പുസ്തകമായാലും, സിനിമയായാലും നാടകമായാലും ജനങ്ങള്‍ സ്വീകരിക്കണമെങ്കില്‍ പുതുമയും വേറിട്ടതുമായ അനുഭവം സമ്മാനിക്കണം.
ചുറ്റിലും നടക്കുന്ന കാര്യങ്ങളില്‍ യുവാക്കള്‍ ജാഗ്രതയുള്ളവരാണ്. അവര്‍ തത്സമയം വിവരങ്ങള്‍ അറിയുന്നു. അതില്‍ രാഷ്ട്രീയവും, കലയും, സാംസ്കാരികവും, ബിസിനസും, സ്പോര്‍ട്ട്സും എല്ലാം ഉള്‍ക്കൊള്ളും. പ്രതികരിക്കേണ്ടിടത്ത് അവര്‍ ക്യത്ത്യമായി തന്നെ പ്രതികരിക്കുന്നു. നിര്‍ഭയ സംഭവത്തില്‍ രാജ്യ തലസ്ഥാനത്തെ സ്തംഭനാവസ്ഥയിലാക്കിയത് യുവജനങ്ങളായിരുന്നു. കാലങ്ങള്‍ക്കൊത്ത് നമ്മുടെ സമൂഹത്തിന്‍റെ സാംസ്കാരിക കാഴ്ച്ചപ്പാടുകള്‍ മാറുന്നു. അത് ഉള്‍ക്കൊള്ളാന്‍ പഴയ തലമുറ തയ്യാറാകേണ്ടതുണ്ട്. അവര്‍ മാറുന്ന സാംസ്കാരിക ലോകത്തെ കുറിച്ച് തിരിച്ചറിയേണ്ടതുണ്ട്.
വളരെ വേഗമാണ് നമ്മുടെ സാംസ്കാരിക രംഗം കോവിഡ് കാലത്തിന് ശേഷം മാറിയത്. കോവിഡ് മഹാമാരി വളരെ വേഗം തന്നെയാണ് നമ്മുടെ ശീലങ്ങള്‍ക്ക് മാറ്റം ഉണ്ടാക്കിയത് എന്നത് തുറന്ന് സമ്മതിക്കേണ്ടിയിരിക്കുന്നു. മനുഷ്യന്‍ മുന്‍കാലങ്ങളില്‍ നിന്ന് വ്യത്യാസമായി കൂടുതല്‍ വൃത്തിയായി ശരീരം സൂക്ഷിക്കുവാന്‍ തുടങ്ങി. മാസ്കുകള്‍ ഇപ്പോഴും സ്ഥിരമായി ധരിച്ച് നടക്കുന്ന വ്യക്തികളെ കാണുവാന്‍ ചുറ്റിനും സാധിക്കും. മുന്‍പ് ജപ്പാനിലെ ജനങ്ങള്‍ മാസ്കുകള്‍ ധരിച്ച് പൊതു ഇടങ്ങളില്‍ വന്നപ്പോള്‍ കൗതുകം പൂണ്ടവരാണ് നമ്മള്‍. കൈകള്‍ നന്നായി കഴുകി വൃത്തിയായി നടക്കുന്ന ജനങ്ങളെ നമുക്ക് കൂടുതലായി കാണാം. അതിവേഗം നമ്മുടെ ഡിജിറ്റല്‍ യുഗം മാറി. രണ്ടു വര്‍ഷത്തോളം സ്കൂളുകളില്‍ പോകാതെ, കോളേജുകളില്‍ പോകാതെ പഠനം നടത്തിയ തലമുറ തന്നെയുണ്ട് നമുക്കിടയില്‍. പതിവില്‍ നിന്ന് വിപരീതമായി യോഗങ്ങള്‍ ഡിജിറ്റലായി. വായന ഡിജിറ്റലായി. അതുകൊണ്ടുതന്നെ അച്ചടി രംഗത്ത് വലിയ കുറവ് സംഭവിച്ചിരിക്കുന്നു. അതൊരു യാഥാര്‍ത്ഥ്യമാണ്. അതു നാം തിരിച്ചറിയേണ്ടതുണ്ട്. അതുകൊണ്ട് വായന കുറഞ്ഞിട്ടില്ല. പുസ്തകങ്ങള്‍ ഡിജിറ്റലായി വായിക്കുന്ന ശീലം നമ്മുടെ സമൂഹത്തിന് വന്നു ചേര്‍ത്തിരിക്കുന്നു. ഡിജിറ്റല്‍ എഡിഷനുകള്‍ക്ക് അടുത്തകാലത്ത് വ്യാപകമായ സ്വീകാര്യത ലഭിച്ചിരിക്കുന്നു എന്നുള്ളത് നാം കാണാതെ പോകരുത്. കോവിഡ് മഹാമാരി ഡിജിറ്റല്‍ ലോകത്തെ വേഗതയില്‍ ആക്കി എന്നുള്ളത് ഒരു സത്യമാണ്.
നമുക്ക് ചുറ്റും ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന സാംസ്കാരിക ഉത്സവങ്ങള്‍ മനുഷ്യ മനസ്സിലെ വ്യാകലതകളെ ഇല്ലായ്മ ചെയ്യും എന്ന് തന്നെയാണ് കരുതേണ്ടത്. മനുഷ്യന്‍ സ്വയം മനസ്സിനുള്ളിലെ വ്യാകുലതകള്‍ പറിച്ചു മാറ്റുവാന്‍ സ്വാഭാവിക ശ്രമം നടത്തും. മുന്നോട്ടുള്ള ജീവിതത്തിന് സന്തോഷകരമായ സാഹചര്യങ്ങള്‍ ഒരുക്കുക എന്നുള്ളത് ഏതൊരു മനുഷ്യന്‍റെയും ആവശ്യമാണ്. അതിനുള്ള വഴി അവന്‍ സ്വയം വെട്ടി തെളിക്കുന്നതിലാണ് വിജയം ഇരിക്കുന്നത്. സാംസ്കാരിക രംഗം ശക്തിപ്പെടുമ്പോള്‍ അതിന്‍റെ വേഗത കൂടുന്നു എന്നുള്ളത് തിരിച്ചറിയപ്പെടണം. കലാസാംസ്കാരിക രംഗങ്ങളിലൂടെ മാത്രമാണ് വലിയ മാറ്റങ്ങള്‍ മനുഷ്യരില്‍ ഉണ്ടാക്കുവാന്‍ സാധിക്കുകയുള്ളൂ മനുഷ്യന്‍റെ വളര്‍ച്ചയ്ക്ക് കലാസാംസ്കാരിക രംഗം നല്‍കിയ സംഭാവനകള്‍ നാം തിരിച്ചറിയേണ്ടതുണ്ട്. ആ തിരിച്ചറിവ് മനുഷ്യനില്‍ ഉണ്ടാകുമ്പോഴാണ് സാംസ്കാരിക രംഗം അംഗീകരിക്കപ്പെടുന്നത്. അങ്ങനെ സാംസ്കാരിക രംഗം അംഗീകരിക്കപ്പെടുമ്പോഴാണ് മനുഷ്യന്‍ വിജയി ആകുന്നത്.
