മാറുന്ന ഇന്ത്യ, പ്രതീക്ഷകളുടെ 2023
വിജയ് ചൗക്ക്
സുധീര്‍ നാഥ്.
ഡല്‍ഹി വല്ലാതെ മാറിക്കൊണ്ടിരിക്കുന്നു. ഡല്‍ഹി മാത്രമല്ല അതിന്‍റെ പ്രതിഫലനം രാജ്യമാകെ ഉണ്ട്. അത് വികസനത്തിന്‍റെയാണ്. പതിവില്‍ നിന്ന് വിഭിന്നമായി വലിയ മാറ്റങ്ങളാണ് രാജ്യത്ത് സംഭവിക്കുന്നത്. 2022ല്‍ നടന്നതിനേക്കാല്‍ വേഗതയിലാകും 2023ലെ വികസനമെന്നാണ് വിലയിരുത്തുന്നത്. അതുകൊണ്ട് തന്നെ 2023 പ്രതീക്ഷകളുടെയാണെന്ന് പറയാം. ഇന്ത്യ തന്നെ മാറിക്കൊണ്ടിരിക്കുന്നു എന്ന് തന്നെ പറയാം. രാജ്യം പതുക്കെ പതുക്കെ ഡിജിറ്റല്‍ യുഗത്തിലേക്ക് കയറുന്ന കാഴ്ചയാണ് നമ്മള്‍ കോവിഡിന് മുന്‍പ് കണ്ടുകൊണ്ടിരുന്നത്. അപ്പോഴായിരുന്നു കോവിഡിന്‍റെ വരവ്. കോവിഡിന്‍റെ വരവോടുകൂടി നമ്മുടെ ജനങ്ങള്‍ ഡിജിറ്റല്‍ യുഗത്തിലേക്ക് അതിവേഗമാണ് മാറിയത്. ഇന്ന് നമ്മള്‍ ഒരു പൊതു ഗതാഗത സംവിധാനത്തിലൂടെ യാത്ര ചെയ്താല്‍, യാത്രക്കാരിലെ ഭൂരിപക്ഷവും മൊബൈല്‍ ഫോണില്‍ സാമൂഹ്യ മാധ്യമങ്ങളോ മറ്റു ഇന്‍റര്‍നെറ്റ് വഴിയുള്ള പേജുകളിലോ കയറി അഭിരമിക്കുന്നത് കാണാം. സ്വന്തം സ്ഥലം എത്തിയിട്ടും ഇറങ്ങാതെ മറ്റൊരു ലോകത്തിരിക്കുന്നത് എത്രയോ വട്ടം കണ്ടിരിക്കുന്നു. നാട്ടില്‍ വന്ന മാറ്റത്തിന്‍റെ നേര്‍ചിത്രങ്ങളാണ് അത്.
കോവിഡിന്‍റെ സമയത്ത് ഒട്ടേറെ പ്രിയപ്പെട്ടവര്‍ നമുക്ക് നഷ്ടപ്പെട്ടു എന്നുള്ളത് ഒരു സത്യമാണ്. അതേസമയം കോവിഡ് കാലത്ത് നമ്മുടെ ഡിജിറ്റല്‍ യുഗത്തിലേക്കുള്ള ജനത്തിന്‍റെ തള്ളികയഉമാണ് രേഖപ്പെടുത്തേണ്ടത്. ആന്‍ഡ്രോയിഡ് ഫോണിന്‍റെ വ്യാപകമായ ഉപയോഗം രാജ്യത്താകമാനം ഉണ്ടായി. കോവിഡിനെ പ്രതിരോധിക്കാന്‍ വാക്സിനുകള്‍ എന്നത് പോലെ തന്നെ ആന്‍ഡ്രോയ്ഡ് ഫോണിലൂടെ സാമൂഹ്യ മാധ്യമങ്ങളില്‍ വ്യാപിരിക്കാനും നമ്മുടെ ജനങ്ങള്‍ തിരക്ക് കൂട്ടി. എന്തായാലും രാജ്യം ഡിജിറ്റല്‍ യുഗത്തില്‍ എത്തിനില്‍ക്കുന്നു എന്ന് അഭിമാനത്തോടുകൂടി നമുക്കിപ്പോള്‍ പറയുവാന്‍ സാധിക്കും. 2023 ഒരു പുതിയ യുഗം തന്നെയാണ് തുടക്കം കുറിക്കുന്നത്. ഇന്ത്യയെ സംബന്ധിച്ചിടത്തോളം അത് ഒരു ഡിജിറ്റല്‍ യോഗത്തിന്‍റെ തുടക്കമാണ്. ഇന്ത്യ ഒരു സമ്പൂര്‍ണ്ണ ഡിജിറ്റല്‍ ഉപഭോക്ത രാജ്യമായി മാറി കഴിഞ്ഞിരിക്കുന്നു. 2023ല്‍ ഇത് ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെട്ടാല്‍ അതില്‍ അതിശയോക്തിയില്ല.
2023 ഇന്ത്യയെ സംബന്ധിച്ചിടത്തോളം പ്രധാനപ്പെട്ട ഒരു വര്‍ഷമാണ്. ജി 20ന് നമ്മുടെ രാജ്യം ആതിഥേയത്വം വഹിക്കാന്‍ പോകുന്നു. അതിനുള്ള ഒരുക്കങ്ങള്‍ ഡല്‍ഹിയിലും രാജ്യത്തിന്‍റെ മറ്റു മേഖലകളില്‍ എല്ലാം നടന്നുകൊണ്ടിരിക്കുകയാണ്. ഡല്‍ഹിയിലെ തെരുവുകളെല്ലാം അതിവേഗത്തില്‍ സൗന്ദര്യവല്‍ക്കരിക്കുന്നു. ഡല്‍ഹിയിലെ പ്രധാന കേന്ദ്രങ്ങളിലെല്ലാം വലിയ ശില്പങ്ങളും, പൂന്തോട്ടങ്ങളും മറ്റുമായി ആകര്‍ഷണീയമാക്കുന്നു. കര്‍മ്മപഥും (പഴയ രാജ്പഥ്), രാജ്ഘട്ടും മുഖം മിനുക്കി കഴിഞ്ഞു. ചെങ്കോട്ടയും, ചാന്ദിനി ചൗക്കും കൊണാട്ട് പ്ലേസും പഴമ നിലനിര്‍ത്തി മുഖം മിനുക്കി. കോമണ്‍ വെല്‍ത്ത് ഗെയിംസിന് ഡല്‍ഹിയില്‍ ഒട്ടേറെ വികസനങ്ങള്‍ നടന്നിരുന്നു. പുതിയ പാലവും, വീതിയുള്ള റോഡുകളും മറ്റും നിര്‍മ്മാണത്തിന്‍റെ അവസാനത്തിലാണ്. യമുനയ്ക്ക് കുറുകെ രണ്ട് വലിയ പാലങ്ങളുടെ നിര്‍മ്മിതി അവസാനിക്കാറായി. ഇപ്പോള്‍ ഡല്‍ഹിയുടെ തിരക്ക് ഒഴിവാക്കാന്‍ തുരങ്ക പാതകള്‍ കൂടുതലായി നിര്‍മ്മിക്കപ്പെട്ടിരിക്കുന്നു. ഇന്ത്യാ ഗേറ്റില്‍ നിന്ന് മധുരാ റോഡിനും പ്രഗതി മൈതാവിയുടേയും അടിയിലൂടെയുള്ള തുരങ്കപാത യാത്രയുടെ 25 മിനിറ്റാണ് കുറച്ചിരിക്കുന്നത്. വളരെ തിരക്കേറിയ ആശ്രമത്തിലെ ഭൂഗര്‍ഭ പാത തിരക്കില്ലാതാക്കും. വാഹനപെരുപ്പം ജനങ്ങള്‍ക്ക് റോഡുകള്‍ മുറിച്ചു കടക്കാന്‍ ഏറെ ബുദ്ധിമുട്ടാണ്. അതിന് പരിഹാരമെന്നോണം റോഡുകള്‍ക്ക് കുറുകെ നടപ്പാത വ്യാപകമായി നിര്‍മ്മാണം നടന്നു കൊണ്ടിരിക്കുന്നു. വ്യദ്ധ ജനങ്ങളേയും, വികലാംഗരേയും മുന്നില്‍ കണ്ട് പലയിടത്തും ലിഫ്റ്റും സജ്ജീകരിച്ചിട്ടുണ്ട്.
വലിയ അന്തര്‍ദേശിയ സമ്മേളനങ്ങള്‍ക്ക് വേദിയൊരുക്കാന്‍ കോണ്‍ഫറന്‍സ് ഹോളുകള്‍ ഡല്‍ഹിയില്‍ ഉയര്‍ന്നു വന്നുകഴിഞ്ഞിരിക്കുന്നു. നിലവിലുണ്ടായിരുന്നവ ആധുനികവത്ക്കരണം നടത്തി കഴിഞ്ഞിരിക്കുന്നു. ഡല്‍ഹിയിലെ ദ്വാരകയില്‍ ഉയര്‍ന്ന ഇന്‍റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്‍ററും, പുതുതായി ഉയര്‍ന്ന പ്രഗതി മൈതാനിയിലെ കണ്‍വെന്‍ഷന്‍ സെന്‍ററുകളും ഇന്ത്യയുടെ അഭിമാനമായി മാറുന്നു. 2023ന് പൂര്‍ത്തീകരിക്കാന്‍ ഒരുങ്ങി ഒട്ടേറെ പുതിയ കെട്ടിടങ്ങള്‍ ഒരുങ്ങുന്നു. 2023 ഇതെല്ലാം ഉപയോഗപ്രദമാകും എന്നുതന്നെയാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നത്. രാജ്യാന്തര നിലവാരമുള്ള കോണ്‍ഫറസ് ഹാളുകളും സൗകര്യങ്ങളും ഒരുക്കുക എന്ന കേന്ദ്ര സര്‍ക്കാരിന്‍റെ ലക്ഷ്യം പൂര്‍ത്തീകരിച്ച് വരുന്നു. കോമണ്‍ വെല്‍ത്ത് ഗെയിംസ് കാലത്ത് തുടങ്ങിയ ഹോട്ടല്‍ നിരകള്‍ വലിയ അളവില്‍ അന്തര്‍ദേശിയ പ്രതിനിധികളെ ഉള്‍ക്കൊള്ളാന്‍ സാധിക്കുന്നതാണ്. അന്ന് പൂര്‍ത്തീകരിക്കാന്‍ സാധിക്കാത്ത ഹോട്ടലുകളും ഇപ്പോള്‍ പ്രവര്‍ത്തനം തുടങ്ങി കഴിഞ്ഞിരിക്കുന്നു.
ഇന്ത്യയുടെ വാര്‍ത്താ വിനിമയ രംഗം വലിയ മാറ്റങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചിരിക്കുന്നു. ഇന്ത്യയില്‍ 5ജിയുടെ ഉപയോഗം തുടങ്ങി കഴിഞ്ഞിരിക്കുന്നു. രാജ്യത്തെ അതിവേഗ ഇന്‍റര്‍നെറ്റ് കണക്റ്റിവിറ്റിയും, അത്യാധുനിക സാങ്കേതിക രംഗങ്ങളിലേക്കും കൈപിടിച്ചുയര്‍ത്തുന്ന വിദ്യയായിരിക്കും 5ജി. വയര്‍ലെസ് വിവരവിനിമയത്തിന്‍റെ അഞ്ചാം തലമുറ സാങ്കേതിക വിദ്യകളെയാണ് 5ജി എന്ന ചുരുക്കപ്പേരില്‍ വിളിക്കുന്നത്. ലോകം ഒരു ആഗോള ഗ്രാമമായി ചുരുങ്ങിയിട്ടുണ്ടെങ്കില്‍ അതിന്‍റെ പ്രധാന കാരണം വാര്‍ത്താ വിനിമയ രംഗത്തുള്ള വിസ്ഫോടനമാണ്. അതിന്‍റെ ഒടുവിലത്തെ നേട്ടമാണ് ഇന്‍റര്‍നെറ്റ്. ഇന്‍റര്‍നെറ്റ് ഉണ്ടായി ഇരുപത് വര്‍ഷം പൂര്‍ത്തിയാകും മുന്‍പ് അത് ലോകം മുഴുവന്‍ പൊതിയുന്ന വാര്‍ത്താ വിനിമയ ശൃംഖലയായി മാറിക്കഴിഞ്ഞു. ഡിജിറ്റല്‍ ടെക്നോളജിയും പാക്കറ്റ് സ്വിച്ചിംഗ് ടെക്നോളജിയും ആണ് വാര്‍ത്ത പരസ്പരം കൈമാറുന്നതില്‍ വിപ്ളവകരമായ പരിവര്‍ത്തനം ഉണ്ടാക്കിയത്. ഡിജിറ്റല്‍ സാങ്കേതിക വിദ്യ ഉപയോഗിക്കുമ്പോള്‍ വാര്‍ത്താ കൈമാറ്റത്തില്‍ ശോഷണം സംഭവിക്കുന്നില്ല.
ഡല്‍ഹിയില്‍ മാത്രമല്ല രാജ്യത്തെ പ്രമുഖ പട്ടണങ്ങളിലെല്ലാം മെട്രോ തീവണ്ടികള്‍ ഓടി തുടങ്ങി. രാജ്യത്തിന്‍റെ മുഖം മാറ്റുന്ന ഒന്നാണ് മെട്രോ തീവണ്ടി ഗതാഗത സംവിധാനം എന്നതില്‍ സംശയമില്ല. കൊല്‍ക്കത്ത നഗരത്തിലെ ഒരു ഭൂഗര്‍ഭ അതിവേഗ റെയില്‍വേ ഗതാഗതമാണ് കൊല്‍ക്കത്ത മെട്രോ റെയില്‍വേ. മുമ്പ് ഇത് കല്‍ക്കട്ട മെട്രോ റെയില്‍വേ എന്നായിരുന്നു പേര്. ഇതിന്‍റെ നടത്തിപ്പ് ഇന്ത്യന്‍ റെയില്‍വേയുടെ കീഴിലാണ്. ഇന്ത്യയിലെ ആദ്യത്തെ ഭൂഗര്‍ഭ റെയില്‍വേ പാത കല്‍ക്കത്തയില്‍ 1984 ലാണ് തുടങ്ങിയത്. ഇതിനു ശേഷം ഇന്ത്യയില്‍ ഒരു ഭൂഗര്‍ഭ റെയില്‍വേ പാത വന്നത് 2004 ല്‍ ഡല്‍ഹി മെട്രോ ആണ്. ഇപ്പോള്‍ ഡല്‍ഹി മെട്രോയില്‍ 286 സ്റ്റേഷനുകള്‍ ഉണ്ട് ഡല്‍ഹിയുടെ തലങ്ങും വിലങ്ങുമായി 391 കിലോമീറ്ററില്‍ 11 പാതകളുണ്ട്. ഓരോ വര്‍ഷവും മെട്രോ പാതകള്‍ക്ക് നീളം കൂടുന്നു. 2023ല്‍ വിപ്ലവകരമായ മെട്രോ തീവണ്ടി ഗതാഗതം രാജ്യത്തെ എല്ലാ പ്രധാന പട്ടണങ്ങളിലും വ്യാപിക്കാന്‍ പോകുന്നു.
ഇന്ത്യയുടെ വ്യാമഗതാഗത രംഗത്ത് വന്നിട്ടുള്ള വികസനം ഞെട്ടിക്കുന്നതാണ്. ഡല്‍ഹി വിമാനതാവളത്തില്‍ ഇപ്പോഴും വികസന പ്രവര്‍ത്തികള്‍ നടക്കുന്നു. രാജ്യത്ത് നാല് അന്താരാഷ്ട്ര വിമാനതാവളങ്ങള്‍ ഉള്ളത് കേരളത്തിലും, ഉത്തര്‍പ്രദേശിലുമാണ്. പക്ഷെ ഡല്‍ഹി ഇന്ദിരാഗാന്ധി അന്തര്‍ദേശിയ വിമാനതാവളവും, മുംബൈ ഛത്രപതി ശിവാജി അന്താരാഷ്ട്ര വിമാനത്താവളവും വിമാനങ്ങളുടെ എണ്ണം കൊണ്ട് മുന്നിലാണ്. ഡല്‍ഹി ഒരു ദിവസത്തിലെ വിമാനങ്ങളുടെ എണ്ണത്തില്‍ ഇന്ത്യയിലെ ഏറ്റവും തിരക്കേറിയതും, യാത്രക്കാരുടെ ഏണ്ണത്തില്‍ ഇന്ത്യയിലെ രണ്ടാമത്തെ തിരക്കേറിയ വിമാനത്താവളവും ആണ്. ഉത്തര്‍പ്രദേശിലെ ഗ്രേറ്റര്‍ നോയിഡയ്ക്ക് സമീപം ഗൗതം ബുദ്ധ് നഗറിലെ ജീവാര്‍ ഇന്‍റര്‍നാഷ്ണല്‍ വിമാനതാവളത്തിന്‍റെ പണി പൂര്‍ത്തീകരിച്ചു വരുന്നു. ഇന്ത്യയിലെ ഏറ്റവും വലിയ വിമാനതാവളമായി വരും എന്നാണ് പറയുന്നത്. 2023ല്‍ ഇതിന്‍റെ പണി ഏറെ പൂര്‍ത്തിയാകും. 2024ല്‍ വിമാനതാവളം തുറന്ന് പ്രവര്‍ത്തിക്കും.
പുതിയ പാര്‍ലമെന്‍റ് മന്ദിരത്തില്‍ 2023 മാര്‍ച്ച് മാസം സമ്മേളനം നടക്കുമെന്നാണ് പറയുന്നത്. 2023ല്‍ തന്നെ പ്രഗതി മൈതാനിയിലെ അന്തര്‍ദേശിയ വ്യാപാര മേളയുടെ കെട്ടിടം പൂര്‍ണ്ണമായും പ്രവര്‍ത്തന സജ്ജമാകും എന്നും പറയുന്നു. ഗതാഗത രംഗത്തും റോഡുകളുടെ വികസനത്തിനും പ്രാധാന്യം കൊടുത്തുള്ള വികസന പ്രവര്‍ത്തനങ്ങള്‍ ഡല്‍ഹിയുടെ മുഖം മാറ്റും. അത് രാജ്യത്തിന്‍റെ തന്നെ മുഖമാറ്റമാകും. അങ്ങിനെ വികസനത്തിന്‍റെ എല്ലാ മേഖലകളിലും ഇന്ത്യ വളരെ മുന്നിലാണ്. 2023 അതുകൊണ്ട് തന്നെ വലിയ പ്രതീക്ഷകള്‍ സമ്മാനിക്കുന്നുണ്ട്.
