എവിടെയെല്ലാം മലയാളി അവിടെയെല്ലാം മലയാളം...
വിജയ് ചൗക്ക്
സുധീര്‍ നാഥ്
മലയാളം സംസാരിക്കുന്നവര്‍ ലോകത്ത് എവിടെ ചെന്നാലും ഉണ്ടാകും എന്നാണ് പറയുന്നത്. അത് സത്യവുമാണ്. ലോകരാജ്യങ്ങളിലെ പല അധികാര കേന്ദ്രങ്ങളില്‍ പോലും മലയാളികളുണ്ട്. തമാശയായിട്ടാണെങ്കിലും പലരും പറയാറുള്ള ഒരു കഥയാണ് ചന്ദ്രനില്‍ നെയില്‍ ആംസ്ട്രോങ്ങ് ഇറങ്ങിയപ്പോള്‍ ഒരു മലയാളി ചായ വേണമോ എന്ന് ചോദിച്ചത്. രാജ്യത്തെ ഏതു സംസ്ഥാനത്തും, സംസ്ഥാനങ്ങളിലെ ഏത് ജില്ലകളിലും നമുക്ക് ഒരു മലയാളിയെ കണ്ടെത്താന്‍ സാധിക്കും. ഇന്ന് ഇന്ത്യാ രാജ്യത്ത് മാത്രമല്ല ലോകത്തിന്‍റെ എല്ലാ കോണുകളിലും മലയാളികള്‍ എത്തപ്പെട്ടിരിക്കുന്നു. മലയാളി ഇല്ലാത്ത ഒരു രാജ്യം ഈ ഭൂമിയില്‍ ഉണ്ടോ എന്ന് സംശയമാണ്. മലയാളികളുണ്ടെങ്കില്‍ മലയാള ഭാഷയുടെ ശബ്ദം ഒരിക്കലെങ്കിലും എവിടേയും കേള്‍ക്കാതിരിക്കില്ലല്ലോ...? ഡല്‍ഹിയില്‍ എത്തപ്പെട്ടപ്പോള്‍ ഒരു മലയാളി ശബ്ദം കേട്ടാല്‍ അത്ഭുതത്തോടെ തിരിഞ്ഞു നോക്കുമായിരുന്നു ഈ ലേഖകന്‍. കേരളം വിട്ടുകഴിഞ്ഞാല്‍ മലയാള ഭാഷ കേള്‍ക്കുന്നത് ഒരു ആനന്ദം ആയിരുന്നു, ഒരു ആവേശമായിരുന്നു. അത് ഏതൊരു മലയാളിയെയും ആനന്ദിപ്പിച്ചിരുന്നു എന്നുള്ള കാര്യത്തില്‍ യാതൊരു സംശയവുമില്ല. കേരളത്തില്‍ എവിടെയാ എന്ന് എത്രയോ തവണ പലരോടായി ചോദിച്ചിരിക്കുന്നു. അതുപോലെ തിരിച്ചും ചോദ്യം കേട്ടിരിക്കുന്നു.
കേരളത്തിന്‍റെ അതിര്‍ത്തി കടന്ന് രാജ്യത്തിനകത്തും, വിദേശ രാജ്യങ്ങളിലും മലയാളി എത്തപ്പെട്ടാല്‍ മറ്റൊരു മലയാളിയെ വളരെ സ്നേഹത്തോടെ, ബഹുമാനത്തോടെ സമീപിക്കുന്ന കാഴ്ച അപൂര്‍വ്വം അല്ലല്ലോ. മലയാളിക്ക് മലയാളിയോട് സ്നേഹം കൂടുന്നു. അവര്‍ പരസ്പരം മലയാളത്തില്‍ സംസാരിക്കുന്നു. മലയാളി മലയാള ഭാഷയെ അത്രമേല്‍ സ്നേഹിക്കുന്നുണ്ട് ആദരിക്കുന്നുണ്ട് ബഹുമാനിക്കുന്നുണ്ട് എന്ന് വേണം ഇതില്‍ നിന്ന് നാം തിരിച്ചറിയേണ്ടത്. പത്തു ലക്ഷത്തിലേറെ മലയാളികള്‍ ഉണ്ടായിരുന്ന ഡല്‍ഹിയിലാണ് മലയാളഭാഷ അറ്റു പോകാതിരിക്കാന്‍ മലയാള പഠനകേന്ദ്രങ്ങള്‍ ആദ്യം ആരംഭിക്കുന്നത്. അതിന് തുടക്കം കുറിച്ചത് മൂന്ന് പേര്‍ ചേര്‍ന്നു പ്രമുഖ മാധ്യമപ്രവര്‍ത്തകനായ വി. കെ. മാധവൻ കുട്ടി, യുക്തിവാദിയും, സാഹിത്യകാരനും, മാധ്യമ പ്രവര്‍ത്തകനായ ജോസഫ് ഇടമുറക്, നാടകാചാര്യനും മാധ്യമ പ്രവര്‍ത്തകനും സാഹിത്യകാരനുമായ പ്രൊഫസര്‍ ഓംചേരി എന്‍. എന്‍. പിള്ള എന്നിവര്‍ ചേര്‍ന്നാണ് പ്രവാസികളായ മലയാളികളുടെ മക്കള്‍ക്ക് മലയാളം പറഞ്ഞു കൊടുക്കുവാനായി മലയാള ഭാഷാ പഠനകേന്ദ്രങ്ങള്‍ തുടങ്ങണമെന്ന് ആശയം ആദ്യം മുന്നോട്ടുവച്ചത്. വിവിധ മലയാളി സംഘടനകളും ഇവര്‍ക്ക് പിന്തുണയേകി.
അവര്‍ രൂപം കൊടുത്ത മലയാള ഭാഷാ പഠനകേന്ദ്രങ്ങള്‍ ഡല്‍ഹിയിലെ പല കോളനികളിലും ആരംഭിച്ചു. അന്ന് ഒരു പാഠ്യപദ്ധതിയും പരിശീലനം ലഭിച്ച അധ്യാപകരും ഇല്ലാതെ മലയാളികളായ കുട്ടികളുടെ മാതാപിതാക്കള്‍ തന്നെയാണ് പഠനകേന്ദ്രങ്ങള്‍ക്കുള്ള സൗകര്യങ്ങള്‍ ഒരുക്കിയത്. പ്രതിഫലം വാങ്ങാതെ സേവന സന്നദ്ധരായ അധ്യാപകരായി ആദ്യമെത്തിയത് ഡല്‍ഹിയിലെ മലയാളി വീട്ടമ്മമാരായിരുന്നു. വളരെ അനൗപചാരിക രീതിയില്‍ ആയിരുന്നു പഠനം. ഒരു മുറി മാത്രമുള്ള ഫ്ളാറ്റുകളിലെ ബാല്‍ക്കണികളില്‍ പോലും ഈ ഭാഷാ സ്നേഹികളായ രക്ഷിതാക്കള്‍ ക്ലാസുകള്‍ എടുത്തിട്ടുണ്ട്. കൂടുതല്‍ കുട്ടികള്‍ വന്നതോടെ തൊട്ടടുത്തുള്ള പാര്‍ക്കില്‍ ആയി പഠനം. പ്രകൃതിയിലേക്ക് നേരിട്ട്ڔ ഇറങ്ങി ചെന്ന്, ചുറ്റുമുള്ള കാഴ്ചകള്‍ രേഖപ്പെടുത്തി അതിലൂടെ ജന്മനാടുമായി താരതമ്യപ്പെടുത്തിക്കൊണ്ടുള്ള പഠനം പാഠപുസ്തകങ്ങള്‍ക്ക് മുമ്പേ കുട്ടികളെ മാതൃഭാഷയിലേക്ക് അടുപ്പിക്കാന്‍ കാരണമായി. പ്രവാസികളായ മലയാളികളുടെ ഏറ്റവും വലിയ മാനസിക സംഘര്‍ഷവും വേദനയും അവരുടെ മക്കള്‍ക്ക് മുത്തച്ഛനോടും മുത്തശ്ശിയോടും ആശയവിനിമയം നടത്താന്‍ ഭാഷയുടെ തടസം ഉണ്ടെന്നതായിരുന്നു. അതിനൊരു പരിഹാര മാര്‍ഗമായി പ്രവാസി മലയാളികള്‍ ഗൗരവത്തോടെ മലയാള ഭാഷാ പഠന കേന്ദ്രങ്ങളെ കണ്ടു. പ്രമുഖരായ പലരും മലയാള ഭാഷ പഠന കേന്ദ്രങ്ങളില്‍ ക്ലാസുകള്‍ എടുക്കാന്‍ എത്തുന്നത് ഒരു പതിവ് കാഴ്ചയായി മാറി.
എല്ലാ ഞായറാഴ്ച്ചകളിലും, അവധി ദിനങ്ങളിലും കടങ്കഥയും, പഴഞ്ചൊല്ലും, നാടന്‍പാട്ടും, ഒക്കെയായി കുട്ടികള്‍ ഒത്തുകൂടും. പഠിച്ച മലയാളം അക്ഷരങ്ങളില്‍ നിന്ന് ചെറിയ കാര്‍ട്ടൂണ്‍ ചിത്രങ്ങള്‍ വരയ്ക്കാനും,ڔകളിക്കാനും, കഥ പറയാനും, പാട്ട് പാടാനുംڔഅവസരം കിട്ടിയപ്പോള്‍ കുട്ടികള്‍ കൂടുതലായി എത്തിത്തുടങ്ങി. മലയാളികളല്ലാത്തവരും മലയാള ഭാഷാ പഠന കേന്ദ്രത്തിലെത്തി. പ്രായമായവരും കുട്ടികളും മലയാളം ക്ലാസുകളില്‍ പഠിതാക്കളായി. ഇതോടെ കേരള സര്‍ക്കാരില്‍ നിന്ന് ചെറിയ സഹായങ്ങള്‍ മലയാള പഠന കേന്ദ്രങ്ങള്‍ക്ക് എത്തി തുടങ്ങി. ഡല്‍ഹി നഗരത്തില്‍ ആരംഭിച്ച മലയാള പഠനം ഇപ്പോള്‍ കാല്‍ നൂറ്റാണ്ട് പിന്നിട്ടിരിക്കുന്നു. ലോകത്തിന്‍റെ ഏതുഭാഗത്ത് താമസിച്ചാലും ജന്മനാടിന്‍റെ ഓര്‍മ്മകളും കേരളത്തിന്‍റെ സാംസ്കാരിക തനിമയും മലയാളി കുട്ടികളില്‍ വേരുറയ്ക്കണം എന്ന ലക്ഷ്യത്തോടെ 1997 ലാണ് ഡല്‍ഹിയില്‍ മലയാള പഠനം അനൗപചാരികമായി ആരംഭിക്കുന്നത്. അതിന് മുന്‍പ് പല സംഘടനകളും വിപുലമല്ലാത്ത ചെറിയ രീതികളില്‍ മലയാള പഠന കേന്ദ്രങ്ങള്‍ നടത്തിയിരുന്നു.
മലയാള ഭാഷാ പഠന കേന്ദ്രങ്ങള്‍ ഡല്‍ഹിയില്‍ ശക്തി പ്രാപിക്കുന്നതില്‍ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനായ ഡി. വിജയമോഹന്‍ വഹിച്ച പങ്ക് ഒരിക്കലും വിസ്മരിക്കാന്‍ പറ്റില്ല. അദ്ദേഹം പ്രതിനിധാനം ചെയ്യുന്ന മലയാള മനോരമയുടെ ഡല്‍ഹി എഡിഷന്‍ പേജുകളില്‍ മലയാള ഭാഷാ പഠന കേന്ദ്രങ്ങളുടെ പരിപാടികള്‍ക്ക് പ്രത്യേക പരിഗണന നല്‍കി. പത്രതാളുകളില്‍ ഫോട്ടോയും വാര്‍ത്തയും വരും എന്ന നിലവന്നപ്പോള്‍ പഠനകേന്ദ്രങ്ങളുടെ പരിപാടികളുടെ എണ്ണം കൂടി. ഒപ്പം മലയാള മനോരമയുടെ സര്‍ക്കുലേഷനും കൂടി. മാത്യഭൂമിയും തൊട്ടു പിന്നാലെ ഡല്‍ഹി എഡിഷനുമായി എത്തിയത് ഭാഷാ പഠന കേന്ദ്രങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ആവേശകരമാക്കി. സമാനമായി മറ്റ് പ്രവാസ മേഖലകളിലും മലയാള മാധ്യമങ്ങള്‍ വലിയ പിന്തുണ മലയാള ഭാഷാ പഠന കേന്ദ്രങ്ങള്‍ക്ക് നല്‍കി.
ഡല്‍ഹിയിലെ മലയാള ഭാഷാ കേന്ദ്രങ്ങള്‍ വലിയ ചര്‍ച്ചയായി. സമാനമായ ക്ലാസുകള്‍ രാജ്യത്തിന്‍റെ പല പട്ടണങ്ങളിലും ആരംഭിക്കണമെന്നുള്ള താല്‍പര്യം പലഭാഗങ്ങളില്‍ നിന്നുയര്‍ന്നു. രാജ്യത്തിന്‍റെ പല പട്ടണങ്ങളിലും, വിദേശങ്ങളിലും പുതുതലമുറയെ മലയാളം പഠിപ്പിക്കുന്ന കേന്ദ്രങ്ങള്‍ ഉണ്ടായിരുന്നു എന്നുള്ളത് ഒരു യാഥാര്‍ത്ഥ്യമാണ്. ശാസ്ത്രീയമായല്ല മലയാള ഭാഷ പഠിപ്പിച്ചിരുന്നത് എന്നുള്ളത് ഭാഷാ പണ്ഡിതര്‍ ചൂണ്ടി കാട്ടി. കേരളത്തിന് പുറത്തുള്ള മലയാളڔ ഭാഷാപഠനം കൂടുതല്‍ ശാസ്ത്രീയമാക്കുന്നതിന്‍റെ ഭാഗമായി 2004 ല്‍ പ്രത്യേക പാഠ്യപദ്ധതിയും പാഠപുസ്തകങ്ങളുംڔതയ്യാറായി. കേരള സംസ്ഥാന സര്‍ക്കാരിന്‍റെ ഭാഷാ വിദഗ്ദന്‍ ഏഴുമറ്റൂര്‍ രാജരാജവര്‍മ്മയാണ് ആദ്യകാല പാഠപുസ്തകങ്ങള്‍ തയ്യാറാക്കുന്നതിന് നേത്യത്ത്വം നല്‍കിയത്. നൂതന പഠന രീതികളിലൂടെ ഭാഷാ പഠനം സാധ്യമാക്കുകയായിരുന്നു ലക്ഷ്യം. രണ്ടായിരത്തിലേറെ വീട്ടമ്മമാര്‍ക്ക് മലയാളം പഠിപ്പിക്കാന്‍ പ്രത്യേക പരിശീലനം നല്‍കി. ആശയാവതരണ രീതിയായിരുന്നു ആദ്യകാലത്ത് അവലംബിച്ചത്. ഡല്‍ഹിയിലെ മലയാള പഠന കേന്ദ്രത്തിന് സര്‍ക്കാരിന്‍റെ പിന്തുണ നല്‍കിയ അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയേയും, ഔദ്യോഗിക ഭാഷാ വകുപ്പ് സെക്രട്ടറി ജിജി തോംസണ്‍ ഐ.എ.എസിനെയും ഓര്‍ക്കേണ്ടതുണ്ട്. ഡല്‍ഹിയില്‍ വിജയിച്ച മലയാള ഭാഷാ പഠന കേന്ദ്രങ്ങളെ മാത്യകയാക്കി ലോകം മുഴുവന്‍ വ്യാപിപ്പിക്കാന്‍ കേരള സര്‍ക്കാര്‍ തീരുമാനിച്ചു. ഡല്‍ഹി മലയാള ഭാഷാ പഠന കേന്ദ്രങ്ങളുടെ പരീക്ഷണ ശാലയായിരുന്നു എന്ന് തന്നെ പറയാം. സമാനമായ കേന്ദ്രങ്ങള്‍ മലയാളി ഉള്ളിടത്തെല്ലാം തുടങ്ങുവാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതിന് വലിയ സ്വീകാര്യത ലഭിച്ചു. അങ്ങിനെ മലയാളം മിഷന് തുടക്കം കുറിച്ചു. മുതിര്‍ന്ന സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥന്‍ സുരേഷ് കുമാര്‍ ഐ.എ.എസ്. ആയിരുന്നു മലയാളം മിഷന്‍റെ ആദ്യ ഡയറക്ടര്‍. പി.ആര്‍ഡി. ഡെപ്യൂട്ടി ഡയറക്ടറും സാഹിത്യകാരനുമായ വി. ആര്‍. അജിത്ത് കുമാറായിരുന്നു ആദ്യ രജിസ്റ്റാര്‍. സാഹിത്യകാരന്മാരും സാംസ്കാരിക പ്രവര്‍ത്തകരും മലയാളി സംഘടനകളും ഉള്‍പ്പെടെ എല്ലാവരും ഒരേ മനസ്സോടെ മിഷന്‍റെ പ്രവര്‍ത്തനങ്ങളില്‍ അണിചേര്‍ന്നു.
മലയാളം മിഷന്‍റെ ഔദ്യോഗിക ഉദ്ഘാടനം 2009 ഒക്ടോബര്‍ 22 ന് രാജ്യതലസ്ഥാനമായ ഡല്‍ഹിയിലാണ് നടന്നത്. ഡല്‍ഹിയിലെ ഫിക്കി ഓഡിറ്റോറിയത്തില്‍ വച്ച് ഡല്‍ഹി മുഖ്യമന്ത്രിയായിരുന്ന ഷീല ദീക്ഷിതിന്‍റെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ കേരള മുഖ്യമന്ത്രിയായിരുന്ന വി. എസ്. അച്യുതാനന്ദനാണ് മലയാളം മിഷന്‍ ഉദ്ഘാടനം ചെയ്തത്. മറുനാടന്‍ മലയാളികളുടെ കുട്ടികള്‍ക്ക് മലയാളം ഭാഷ പഠിക്കുന്നതിനും കേരള സംസ്ക്കാരം പരിചയിക്കുന്നതിനുമായി കേരള സര്‍ക്കാരിന് കീഴില്‍ സ്ഥാപിക്കപ്പെട്ടിട്ടുള്ള ഒരു സ്വയം ഭരണസ്ഥാപനമായി മലയാളം മിഷന്‍ മാറി. 'എവിടെയെല്ലാം മലയാളി അവിടെയെല്ലാം മലയാളം' എന്നതാണ് മലയാളം മിഷന്‍റെ മുദ്രാവാക്യം. മലയാള ഭാഷാ പഠന കേന്ദ്രങ്ങളുടെ തുടക്കകാലം മുതല്‍ തന്നെ കേന്ദ്രങ്ങളോട് ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ സാധിച്ചു എന്നുള്ള അഭിമാനം ലേഖകന് ഇപ്പോള്‍ മനസ്സില്‍ തട്ടി കളിക്കുന്നുണ്ട്. കാരണം, മലയാളം മിഷന് കീഴില്‍ മലയാള പഠന കേന്ദ്രങ്ങള്‍ വളര്‍ന്ന് വലുതായി ലോകം മുഴുവന്‍ പടര്‍ന്ന് പന്തലിച്ചപ്പോള്‍ ലേഖകന്‍ അതിന്‍റെ ഭരണസമിതി അംഗമായതാണ്.
മലയാളം മിഷന്‍ എല്ലാ ഭാഷാ പഠന കേന്ദ്രത്തിലേയ്ക്കും ശാസ്ത്രീയമായി തന്നെ പാഠപുസ്തം തയ്യാറാക്കാന്‍ തീരുമാനിച്ചു. അതിനായി ഒരു വലിയ ശില്‍പ്പശാല തന്നെ തിരുവനന്തപുരത്ത് സംഘടിപ്പിച്ചു. യാതൊരു സമ്മര്‍ദ്ദവുമില്ലാതെ രസകരവും ശാസ്ത്രീയവുമായ ശിശുകേന്ദ്രീകൃത പഠനരീതിക്ക് അനുയോജ്യമായ കണിക്കൊന്ന, സൂര്യകാന്തി, ആമ്പല്‍, നീലക്കുറിഞ്ഞി എന്നീ പാഠപുസ്തകങ്ങള്‍ ശില്‍പ്പശാലയില്‍ രൂപം കൊണ്ടു. ഭാഷാ പഠന കേന്ദ്രങ്ങളിലെ അദ്ധ്യാപകര്‍ക്ക് ക്കൈപ്പുസ്തകവും ഒപ്പം തയ്യാറാക്കി. അതനു റോയ് എന്ന പ്രശസ്ത ചിത്രകാരന്‍റെ നേത്യത്ത്വത്തില്‍ പുസ്തകങ്ങളില്‍ രസകരമായ ചിത്രീകരണം നടത്തി. അദ്ദേഹം തന്നെയാണ് മലയാളം മിഷന്‍റെ ലോഗോ രൂപ കല്‍പ്പന ചെയ്തത്. അതില്‍ ഡല്‍ഹിയിലെ പ്രവാസ ഭാഷാ പഠന കേന്ദ്രത്തില്‍ പ്രവര്‍ത്തിച്ച അദ്ധ്യാപകര്‍ പ്രധാന പങ്കു വഹിച്ചു.ڔപ്രവാസി മലയാളികളുടെ മാതൃ ഭാഷാ സ്നേഹത്തെ അംഗീകരിച്ചു കൊണ്ടുള്ള ഇടപെടലുകളും സഹകരണവുംڔഈ സദുദ്യമത്തിന്‍റെ ലക്ഷ്യത്തിലേക്ക് എത്താന്‍ വേണ്ട ആര്‍ജ്ജവവും പ്രചോദനവും നല്‍കാന്‍ വളരെയധികം സഹായിച്ചിട്ടുണ്ട്. അങ്ങനെ 2011ڔമെയ് 12 ന് പ്രവാസി മലയാളികള്‍ക്കു വേണ്ടി പ്രവാസി മലയാളികള്‍ തന്നെ തയ്യാറാക്കിയ പുസ്തകങ്ങളില്‍ ആദ്യത്തേതായ കണിക്കൊന്ന പാഠപുസ്തകം അന്നത്തെ കേരള മുഖ്യമന്ത്രിڔവി. എസ്. അച്യുതാനന്ദന്‍ പ്രകാശനം ചെയ്തു. പിന്നീട് പല പരിഷ്ക്കാരങ്ങളും പാഠപുസ്തകത്തില്‍ വരുത്തി. നിലവിലെ പാഠപുസ്തകങ്ങള്‍ മലയാളം മിഷന്‍ വെബ്സൈറ്റില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്ത് ആവശ്യാനുസരണം ഉപയോഗിക്കാന്‍ സാധിക്കും. പുസ്തകങ്ങള്‍ മലയാളം മിഷന്‍ സൗജന്യമായാണ് നല്‍കുന്നത്.
മലയാളം മിഷന്‍ പാഠ്യപദ്ധതി അനുസരിച്ച് ഇപ്പോള്‍ നാല് കോഴ്സുകളാണ് നിലവിലുള്ളത്. സര്‍ട്ടിഫിക്കറ്റ് കോഴ്സ് - കണിക്കൊന്ന, ഡിപ്ലോമ കോഴ്സ് - സൂര്യകാന്തി, ഹയര്‍ ഡിപ്ലോമ കോഴ്സ് - ആമ്പല്‍, സീനിയര്‍ ഹയര്‍ ഡിപ്ലോമ കോഴ്സ് - നീലക്കുറിഞ്ഞി. നാലാമത്തെ കോഴ്സായ നീലക്കുറിഞ്ഞി സര്‍ട്ടിഫിക്കറ്റിന് കേരള സംസ്ഥാന പത്താം ക്ലാസ് മലയാളത്തിന് തുല്യതയുണ്ട്. കാലഗതിക്ക് അനുസരിച്ചു കേരള സര്‍ക്കാരിന്‍റെ, ഔദ്യോഗിക ഭാഷാ വകുപ്പ് നേതൃത്വം വഹിച്ചുകൊണ്ടുള്ള,ڔപാഠപുസ്തക രചനക്കായുള്ള ശില്‍പ്പശാലകള്‍, അദ്ധ്യാപക പരിശീലനങ്ങള്‍ എന്നിവ മലയാളം മിഷന്‍ പ്രവര്‍ത്തനങ്ങളെ ശക്തിപ്പെടുത്തി. ഇന്ത്യയ്ക്കകത്ത് ഒരു സംസ്ഥാനം ഒരു ചാപ്റ്ററായും ഇന്ത്യയ്ക്ക് പുറത്ത് ഒരു രാജ്യം ഒരു ചാപ്റ്ററുമായാണ് പരിഗണിക്കുന്നത്. ചാപ്റ്ററിനകത്ത് വിവിധ മേഖലകളിലായി പഠനകേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നു. ഇന്ന് മലയാളം മിഷന്‍ പ്രവാസ മലയാളികളുടെ മലയാള ഭാഷയുടെ പ്രചരണ വാഹകരാണ്. മലയാള ഭാഷയെ പ്രചരിപ്പിക്കുന്ന മലയാള മിഷന്‍റെ ഇപ്പോഴത്തെ ഡയറക്ടര്‍ കവി മുരുകന്‍ കാട്ടാക്കടയാണ്. രജിസ്റ്റാര്‍ മറ്റൊരു കവി വിനോദ് വൈശാഖിയും.
(പുന:സംഘടിപ്പിച്ച മലയാളം മിഷന്‍ ഭരണസമിതി അംഗമാണ് ലേഖകന്‍)

