പാര്‍ലമെന്‍റ് സ്ട്രീറ്റ്
സുധീര്‍ നാഥ്
2023 ജനുവരി 01
ലോക സിനിമയെ കേരളത്തിലെത്തിച്ച ഐ.ഐ.എഫ്.കെ.
മലയാളി സിനിമാ പ്രേക്ഷകരെ ആവേശം കൊള്ളിക്കുന്ന മേളയാണ് തിരുവനന്തപുരത്ത് എല്ലാ വര്‍ഷവും ഡിസംബറില്‍ നടക്കുന്ന രാജ്യാന്തര ചലചിത്രമേളയായ ഐ.ഐ.എഫ്.കെ. ലോക സിനിമയെ കേരളത്തിലെത്തിക്കുന്നു എന്ന വിശേഷണം കൂടി ഇതിനുണ്ട്. ഇക്കുറി ഏറ്റവും മികച്ച സിനിമാ പാക്കേജായിരുന്നു. ഡല്‍ഹിയില്‍ നിന്നും രാജ്യത്തിന്‍റെ എല്ലാ ഭാഗങ്ങളില്‍ നിന്നും, എന്തിനേറെ വിദേശികളായ സിനിമാ പ്രേമികളടക്കം തിരുവനന്തപുരത്തെ ഐ.ഐ.എഫ്.കെയില്‍ എത്തുന്നു. മറ്റ് ചലചിത്ര മേളകളെക്കാള്‍ മികച്ചത് ഐ.ഐ.എഫ്.കെ. എന്ന് അവര്‍ സാക്ഷ്യം പറയുന്നു. ചലചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്ത്, വൈസ് ചെയര്‍മാന്‍ പ്രേംകുമാര്‍, സെക്രട്ടറി സി. അജോയ്, ആര്‍ട്ടിസ്റ്റിക്ക് ഡയറക്ടര്‍ ദീപിക സുശീലന്‍ എന്നിവര്‍ അഭിനന്ദനം അര്‍ഹിക്കുന്നു. 2022 ല്‍ ഇത് രണ്ട് തവണ നടന്നു എന്നത് ചരിത്രം. 2021 ഡിസംബറില്‍ നടക്കേണ്ട ചലചിത്ര മേള 2022 മാര്‍ച്ച് മാസം നടന്നു. 2022ലെ ചലചിത്ര മേള പതിവ് പോലെ ഡിസംബര്‍ മാസത്തിലും നടന്നു. രണ്ട് മേളകളും വലിയ ഉത്സവമായി തന്നെ മലയാളികള്‍ സ്വീകരിച്ചു എന്നത് എടുത്ത് പറയേണ്ടിയിരിക്കുന്നു. വിദേശ സിനിമകള്‍ മാഃമ്രല്ല, വിദേശത്തെ പ്രശസ്തരായ സിനിമാ പ്രവര്‍ത്തകര്‍ തിരുവനന്തപുരത്തെ മേളയില്‍ എത്തിയിരുന്നു. അവരുമായുള്ള പ്രതിനിധികളുടെ സംവാദം മികച്ച നിലവാരമുള്ളതായിരുന്നു. ഇക്കുറി സിനിമാ വിദ്യാര്‍ത്ഥികളായ യുവജനങ്ങളുടെ തള്ളിക്കയറ്റം തന്നെ ഉണ്ടായി. പ്രമുഖ നടന്‍ മധു ഇങ്ങനെ അഭിപ്രായപ്പെട്ടത് ചലചിത്ര മേളയ്ക്കിടയിലാണ്. സിനിമയെ പഠിക്കണമെന്നുള്ളവര്‍ ചലചിത്ര മേളകളില്‍ എത്തും. ഒന്നോ രണ്ടോ സിനിമ ചെയ്താല്‍ സിനിമ മുഴുവന്‍ പഠിച്ചു കഴിഞ്ഞു എന്ന ധാരണ മാറണം. എത്ര പഠിച്ചാലും തീരാത്ത സിനിമ വളര്‍ന്നു കൊണ്ടിരിക്കുന്നു. അത് എല്ലാ അര്‍ത്ഥത്തിലും സംഭവിക്കുന്നു. സാങ്കേതിക മികവു മുതല്‍ അഭിനയത്തിലും, സംവിധാനത്തിലും, എല്ലാം... മുന്‍കാലങ്ങളില്‍ എഡിറ്റിങ്ങും, മറ്റും പൂര്‍ത്തീകരിക്കാന്‍ സിനിമയുടെ പിന്നിലെ എല്ലാവരും ഒരുമിച്ചിരുന്നിരുന്നു. നടീനടന്‍മാരും, സംവിധായകനും, സംഗീതം, ആര്‍ട്ട്, തുടങ്ങിയ സിനിമയുടെ എല്ലാ മേഖലയില്‍ പ്രവര്‍ത്തിച്ചവരും ഒന്നിച്ചിരുന്നാണ് സിനിമയുടെ അവാസാന മിനുക്ക് പണി നടത്തുന്നത്. സാങ്കതിക വിദ്യ എത്ര വലുതായാലും അന്നത്തെ മിനുക്ക് ഇന്നത്തെ സിനിമകളില്‍ ഉണ്ടാകുന്നില്ല.
മുടി മുറിച്ച് നല്‍കി മെഹ്നാസിന്‍റെ സ്വാതന്ത്യ പ്രഖ്യാപനം
തിരുവനന്തപുരത്തെ ഐ.ഐ.എഫ്.കെ. വേദിയില്‍ നിന്ന് സ്പിരിറ്റ് ഓഫ് സിനിമാ അവാര്‍ഡ് സ്വീകരിക്കേണ്ടിയിരുന്ന മെഹ്നാസ് മുഹമ്മദിക്ക് അതിന് സാധിച്ചില്ല. ജന്മദേശമായ ഇറാനിലെ ദുസ്വാതന്ത്യത്തിനെതിരെ മുടിമുറിച്ച് നല്‍കി ഇറാനിയന്‍ സംവിധായിക മെഹ്നാസ് മുഹമ്മദിയുടെ അവകാശ പ്രഖ്യാപനം നടന്നത് ഐ.ഐ.എഫ്.കെ.വേദിയില്‍ ആയിരുന്നു എന്നത് ലോക ശ്രദ്ധ നേടുകയും ചെയ്തു. കാന്‍ ഫിലിം ഫെസ്റ്റിവലില്‍ രാജ്യം നിയന്ത്രണമേര്‍പ്പെടുത്തിയപ്പോള്‍ പ്രതികരിച്ച അതേ മാതൃകയിലാണ് തിരുവനന്തപുത്തെ രാജ്യാന്തര മേളയിലെ സ്പിരിറ്റ് ഓഫ് സിനിമാ അവാര്‍ഡ് ജേത്രി പ്രതികരിച്ചത്. പാസ്പോര്‍ട്ട് പുതുക്കി ലഭിക്കാത്തതിനാല്‍ കേരളത്തിലേക്കു യാത്രാ തടസം നേരിട്ട മെഹനാസ് മുടി മുറിച്ചു നല്കിയതിനൊപ്പം തന്‍റെ കഷ്ടപ്പാടിന്‍റെ പ്രതീകമാണ് മുടിയിഴകളെന്നും തന്‍റെ സാന്നിധ്യമായി അവയെ കണക്കണമെന്നും സന്ദേശത്തില്‍ അറിയിച്ചു. ഇറാനി സംവിധായിക മഹാനാസ് മുഹമ്മദിനാണ് അവകാശ പോരാട്ടം നടത്തുന്ന ചലചിത്ര പ്രവര്‍ത്തകരെ പ്രോത്സാഹിപ്പിക്കുന്നതിന് ചലച്ചിത്രമേള ഏര്‍പ്പെടുത്തിയ സ്പിരിറ്റ് ഓഫ് സിനിമ അവാര്‍ഡ് നിശ്ചയിച്ചത്. എന്നാല്‍ ഇറാനിലെ യുവതികള്‍ക്കൊപ്പം ഹിജാബ് വിരുദ്ധ സമരത്തില്‍ പങ്കെടുത്തതിന് മഹാനാസ് മുഹമ്മദ് ഇറാന്‍ സര്‍ക്കാര്‍ അറസ്റ്റ് ചെയ്തു. ഇടയ്ക്കിടെ അവരെ തടങ്കലില്‍ അടച്ച് ബുദ്ധിമുട്ടിച്ചു. ഒടുവില്‍ രക്ഷയില്ലാതെ ഇംഗ്ലണ്ടിലേക്ക് സ്വാതന്ത്ര്യത്തിനായി കടക്കേണ്ടി വന്നു. മഹാനാസ് മുഹമ്മദിയുടെ പാസ്പോര്‍ട്ടിന്‍റെ കാലാവധി മാര്‍ച്ച് മാസം അവസാനിക്കും. ഇന്ത്യയിലേക്ക് വരണമെങ്കില്‍ പാസ്പോര്‍ട്ടിന് ആറുമാസത്തെ കാലാവധി വേണം. പാസ്പോര്‍ട്ട് പുതുക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. നടത്തിച്ചില്ല എന്ന് പറയുന്നതാകും ശരി. ഇറാന്‍ ഭരണകൂടത്തോടുള്ള പ്രതിഷേധം തന്‍റെ തലമുടി മുറിച്ച് രേഖപ്പെടുത്തി, തന്‍റെ സന്ദേശം ഐ.ഐ.എഫ്.കെ. ജൂറി അംഗം സംഘാരിയുടെ കൈവശം കൊടുത്തയക്കുകയായിരുന്നു. മെഹ്നാസിന്‍റെ അഭാവത്തില്‍ ഗ്രീക്ക് സംവിധായിക അതീന റേച്ചല്‍ സംഗാരിയാണ് മുഖ്യമന്ത്രിയില്‍ നിന്നും സ്പിരിറ്റ് ഓഫ് സിനിമ പുരസ്കാരം സ്വീകരിച്ചത്.
കൊറോണ വൈറസിനൊപ്പം ജീവിക്കാന്‍ പഠിക്കാം
വീണ്ടും കൊറോണ വൈറസ് വരുന്നു എന്ന വാര്‍ത്ത വ്യാപകമാകുന്നു. ഇത് നാലാം തരംഗമാണെന്നാണ് പറയുന്നത്. വരും വര്‍ഷങ്ങളിലും കോവിഡ് രോഗം നമുക്കിടയില്‍ പടരും. ഒന്നും രണ്ടും കോവിഡ് തരംഗം വലിയ വിപത്താണ് സമൂഹത്തിന് ഉണ്ടാക്കിയത്. ഒന്നാം തരംഗവും രണ്ടാം തരംഗവും മൂന്നാം തരംഗവും പൂര്‍ത്തീകരിച്ചപ്പോള്‍ ഒട്ടേറെ മനുഷ്യര്‍ തന്നെ ഈ ഭൂമുഖത്ത് നിന്ന് ഇല്ലാതായി. മൂന്നാം തരംഗം അത്ര ഭീകരത സ്യഷ്ടിച്ചിരുന്നില്ല എന്നത് നമ്മള്‍ കണ്ടതാണ്. മനുഷ്യര്‍ വാക്സിനുകള്‍ കണ്ടുപിടിച്ച് പ്രതിരോധം സൃഷ്ടിച്ചു. അതോടെ കൊറോണ വൈറസുകള്‍ ശക്തി ക്ഷയിച്ചത് വഴി ഭീകര അന്തരീക്ഷത്തിന് മാറ്റം സംഭവിച്ചു. ഇപ്പോള്‍ വീണ്ടും കൊറോണ വൈറസിന്‍റെ വരവ് ശാസ്ത്രലോകം പ്രവചിച്ചിരിക്കുന്നു. ചൈനയില്‍ കോവിഡ് ബാധിച്ച ജനങ്ങളുടെ കണക്കുകള്‍ കൂടുന്നു എന്നാണ് കണക്ക്. മറ്റ് രാജ്യങ്ങളിലും കോവിഡ് രോഗികളുടെ എണ്ണം കൂടുന്നുണ്ട്. ഇന്ത്യയില്‍ പക്ഷെ രോഗികളുടെ എണ്ണം കൂടിയിട്ടില്ല. രാജ്യത്തെ ഭരണകൂടം ജനങ്ങളോട് ജാഗ്രത പുലര്‍ത്താന്‍ ആവശ്യപ്പെട്ടിരിക്കയാണ്. ജാഗ്രത തന്നെയാണ് ഇനിയുള്ള പ്രതിരോധം. വൈറസ് ഭൂമിയില്‍ നിന്ന് അടുത്തൊന്നും ഇല്ലാതെ ആകില്ല എന്ന് നമ്മുടെ ശാസ്ത്രലോകം വളരെ മുമ്പുതന്നെ പറഞ്ഞിട്ടുള്ളതാണ്. നമുക്ക് ചുറ്റും ഇപ്പോഴും ചിക്കന്‍പോക്സ് വൈറസുകള്‍ യഥേഷ്ടം ഉണ്ട്. ചിക്കന്‍പോക്സ് പൂര്‍ണമായും ലോകത്ത് നിന്ന് മാറിയില്ല. ചിക്കന്‍പോക്സ് വന്നാല്‍ സ്വന്തമായി ക്വാറന്‍റൈന്‍ പോവുക എന്നത് നമ്മള്‍ ഒരു ശീലമാക്കി മാറ്റിയിട്ടുണ്ട്. ചിക്കന്‍പോക്സ് പിടിപെട്ട ഒരു വ്യക്തിയില്‍ നിന്ന് അകന്നു ജീവിക്കുവാന്‍ നാം എത്രയോ മുമ്പ് പഠിച്ചുകഴിഞ്ഞിരിക്കുന്നു. സമാനമായ ഒരു സാഹചര്യം തന്നെയാണ് കോവിഡ് വീണ്ടും വരുന്നു എന്നുള്ള വര്‍ത്തമാനം ഓര്‍മ്മിപ്പിക്കുന്നത്. രാജ്യതലസ്ഥാനമായ ഡല്‍ഹിയില്‍ ഇതുവരെ കോവിഡിന്‍റെ പുതിയ വകഭേദം സ്ഥിരീകരിച്ചിട്ടില്ല. ഡല്‍ഹി ആരോഗ്യ വകുപ്പ് വലിയ ജാഗ്രത പുലര്‍ത്തുന്നുണ്ട്. ചൂട് വെള്ളത്തില്‍ വീണ പൂച്ച പച്ചവെളം കണ്ടാലും പേടിക്കും എന്ന ചൊല്ലു തന്നെ ഉണ്ട്. അതാണ് ഇന്ത്യയിലെ ആരോഗ്യ പ്രവര്‍ത്തകര്‍ കോവിഡ് നാലാം തരംഗം വരുന്നു എന്ന് കേള്‍ക്കുമ്പോള്‍ തന്നെ ആകുലപ്പെടുന്നത്. അത് ഒരു കണക്കിന് നല്ലതാണ്. ജാഗ്രത ശക്തമാകും. ജനങ്ങളെ സുരക്ഷിതരാക്കുക എന്നതാണല്ലോ അവര്‍ ലക്ഷ്യം വെയ്ക്കുന്നത്. ഇതിനിടയില്‍ വലിയ ഭീതി ജനങ്ങളിലുണ്ടാക്കാന്‍ ചിലര്‍ ശ്രമിക്കുന്നുണ്ട്. ഇതിന് പിന്നില്‍ മരുന്ന് മാഫിയ ആണെന്ന ആരോപണം തന്നെ ഉണ്ട്. കരുതലുകള്‍ എടുത്താല്‍ മതിയെന്ന ആശ്വാസ വാക്കുകളും ആരോഗ്യ പ്രവര്‍ത്തകര്‍ നല്‍കുന്നുണ്ട്.
കേരളത്തിലെ കുട്ടികള്‍ക്ക് ഫുട്ബോള്‍ പരിശീലനം നല്‍കാന്‍ തയ്യാറെന്ന് അര്‍ജന്‍റീന
ഇന്ത്യ മുഴുവന്‍ അര്‍ജന്‍റീനയുടെയും ലെയണല്‍ മെസ്സിയുടെയും ആരാധകരുണ്ടെങ്കിലും ഹൃദയം കവരുന്ന ആരാധകര്‍ കേരളത്തിലാണെന്ന് അര്‍ജന്‍റീന എംബസി കൊമേര്‍ഷ്യല്‍ ഹെഡ് ഫ്രാങ്കോ അഗസ്റ്റിന്‍ സെനില്ലിയനി മെല്‍ഷ്യര്‍. ഫിഫ വേള്‍ഡ് കപ്പ് ഫുട്ബോള്‍ മത്സരത്തില്‍ അര്‍ജന്‍റീനയെ പിന്തുണച്ച മലയാളികളെയും മാധ്യമങ്ങളെയും നന്ദി അറിയിക്കുന്നതിനായി ഡല്‍ഹി കേരള ഹൗസിലെത്തിയതായിരുന്നു അദ്ദേഹം. റസിഡന്‍റ് കമ്മീഷണര്‍ സൗരഭ് ജെയിന്‍, കണ്‍ട്രോളര്‍ സി.എ അമീര്‍, ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സിനി.കെ.തോമസ് എന്നിവര്‍ ചേര്‍ന്ന് അദ്ദേഹത്തെ സ്വീകരിച്ചു. കേരളത്തിലെ കുട്ടികള്‍ക്ക് ഫുട്ബോള്‍ പരിശീലനം നല്‍കാന്‍ അര്‍ജന്‍റീനയ്ക്ക് താല്‍പര്യമുണ്ടെന്നും അതിനുള്ള നടപടികളുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു. അടുത്ത് തന്നെ അര്‍ജന്‍റീന അംബാസിഡര്‍ ഹ്യുഗോ ജാവിയര്‍ ഗോബിയും സംഘവും കേരളം സന്ദര്‍ശിക്കും. കേരളവുമായുള്ള സഹകരണത്തിലെ സാധ്യതകള്‍ പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഫുട്ബോളിന് പുറമേ, കൃഷി, മത്സ്യബന്ധനം തുടങ്ങിയ സാദ്ധ്യതകള്‍ പരിശോധിക്കും. കേരളത്തിലെ ആരാധകരെ നേരിട്ട് കാണാന്‍ കാത്തിരിക്കുന്നു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേരള ഹൗസ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന അനുമോദനയോഗത്തില്‍ സംസാരിക്കുകയായിരുന്നു ഫ്രാങ്കോ അഗസ്റ്റിന്‍. കേരളത്തിന്‍റെ വിവിധഭാഗങ്ങളില്‍ നിന്നുള്ള മലയാളി ആരാധകരുടെ ആഹ്ലാദ പ്രകടനവും ഫൈനലിന്‍റെ പ്രസക്ത ഭാഗങ്ങളും ചേര്‍ത്ത് ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് തയ്യാറാക്കിയ വീഡിയോയും അദ്ദേഹം ആഹ്ലാദത്തോടെ കണ്ടു. അര്‍ജന്‍റീന ടീമിന്‍റെയും കേരളത്തിലെ ആരാധകരുടെ ആഹ്ലാദ പ്രകടനത്തിന്‍റെയും ചിത്രങ്ങള്‍ ചേര്‍ത്ത് പ്രത്യേകം തയ്യാറാക്കിയ ക്രിസ്മസ് കേക്ക് മുറിച്ച് അദ്ദേഹം ആഹ്ലാദം പങ്കിട്ടു. തുടര്‍ന്ന് അര്‍ജന്‍റീന ഫാന്‍സിനൊപ്പം പന്ത് തട്ടി. എല്ലാവര്‍ക്കും ഒപ്പം സെല്‍ഫിയിലും ഫോട്ടോ സെഷനിലും പങ്കെടുത്ത ശേഷമാണ് അദ്ദേഹം മടങ്ങിയത്.



