അത് അവിടെത്തന്നെ ഉണ്ടാകും, കരുതലാണ് വേണ്ടത്

അത് അവിടെത്തന്നെ ഉണ്ടാകും, കരുതലാണ് വേണ്ടത്

വിജയ് ചൗക്ക്

സുധീര്‍ നാഥ്. 


കോവിഡ് മഹാമാരി ലോകത്തെ മുഴുവനും ഭയപ്പെടുത്തി ഒന്നാം തരംഗവും രണ്ടാം തരംഗവും മൂന്നാം തരംഗവും പൂര്‍ത്തീകരിച്ചപ്പോള്‍ ഒട്ടേറെ മനുഷ്യര്‍ തന്നെ ഈ ഭൂമുഖത്ത് നിന്ന് ഇല്ലാതായി. മൂന്നാം തരംഗം അത്ര ഭീകരത സ്യഷ്ടിച്ചിരുന്നില്ല എന്നത് നമ്മള്‍ കണ്ടതാണ്. മനുഷ്യര്‍ വാക്സിനുകള്‍ കണ്ടുപിടിച്ച് കൊണ്ട് പ്രതിരോധം സൃഷ്ടിക്കപ്പെട്ടു. അതോടെ കൊറോണ വൈറസുകള്‍ ശക്തി ക്ഷയിച്ചത് വഴി ഭീകര അന്തരീക്ഷത്തിന് മാറ്റം സംഭവിച്ചു. ഇപ്പോള്‍ വീണ്ടും കൊറോണ വൈറസിന്‍റെ വരവ് ശാസ്ത്രലോകം പ്രവചിച്ചിരിക്കുന്നു. ചൈനയില്‍ കോവിഡ് ബാധിച്ച ജനങ്ങളുടെ കണക്കുകള്‍ കൂടുന്നു. മറ്റ് രാജ്യങ്ങളിലും കോവിഡ് രോഗികളുടെ എണ്ണം കൂടുന്നുണ്ട്. ഇന്ത്യയില്‍ പക്ഷെ രോഗികളുടെ എണ്ണം കൂടിയിട്ടില്ല. ഇവിടെ കോവിഡിന്‍റെ മൂന്ന് തരംഗങ്ങളും വന്നു പോയി. രാജ്യത്തെ ഭരണകൂടം ജനങ്ങളോട് ജാഗ്രത പുലര്‍ത്താന്‍ ആവശ്യപ്പെട്ടിരിക്കയാണ്. ജാഗ്രത തന്നെയാണ് ഇനിയുള്ള പ്രതിരോധം.

ശാസ്ത്രലോകം കോവിഡിന്‍റെ കാരണക്കാരായ കൊറോണ വൈറസിനെ അമര്‍ച്ച ചെയ്യാന്‍ വാക്സിനുകള്‍ കണ്ടുപിടിച്ചത് വലിയ ആശ്വാസമായിരുന്നു. ശാസ്ത്രലോകം അന്നേ പറഞ്ഞിരുന്നത് വര്‍ഷങ്ങളോളം കൊറോണ വൈറസ് ഈ ഭൂമിയില്‍ തന്നെ നിലനില്‍ക്കും എന്നാണ്. നമുക്ക് കൊറോണ വൈറസിനൊപ്പം ജീവിക്കാന്‍ പഠിക്കേണ്ടതുണ്ടെന്ന ആഹ്വാനവും ഉണ്ടായി. ഈ വൈറസ് ഭൂമിയില്‍ നിന്ന് അടുത്തൊന്നും ഇല്ലാതെ ആകില്ല എന്ന് നമ്മുടെ ശാസ്ത്രലോകം വളരെ മുമ്പുതന്നെ പറഞ്ഞിട്ടുള്ളതാണല്ലോ... വര്‍ത്തമാനകാലത്ത് വീണ്ടും കൊറോണ വൈറസുകള്‍ വരുന്നു എന്ന് പറയുമ്പോള്‍ അത് ഓര്‍ക്കുന്നത് നന്നാകും. കൊറോണ വൈറസ് എല്ലാ വര്‍ഷവും വന്നുകൊണ്ടിരിക്കും. ഒരു നാലാം തരംഗമാണ് രാജ്യത്ത് സംഭവിക്കാന്‍ പോകുന്നത് എന്നാണ് പറയുന്നത്. മൂന്നാം തരംഗം വലിയ ശക്തിയുള്ളതായിരുന്നില്ല എന്ന് നമ്മള്‍ കണ്ടതാണ്. നാലാം തരംഗം അതിനേക്കാള്‍ ശക്തി കുറഞ്ഞിരിക്കും. പക്ഷെ നമ്മള്‍ കരുതല്‍ ഉപേക്ഷിക്കുന്നത് അപകടവുമാണ്.

നമുക്ക് ചുറ്റും ഇപ്പോഴും ചിക്കന്‍പോക്സ് വൈറസുകള്‍ യഥേഷ്ടം ഉണ്ട്. ചിക്കന്‍പോക്സ് പൂര്‍ണമായും ലോകത്ത് നിന്ന് മാറിയില്ല. ചിക്കന്‍പോക്സ് വന്നാല്‍ സ്വന്തമായി ക്വാറന്‍റൈന്‍ പോവുക എന്നത് നമ്മള്‍ ഒരു ശീലമാക്കി മാറ്റിയിട്ടുണ്ട്. ചിക്കന്‍പോക്സ് പിടിപെട്ട ഒരു വ്യക്തിയില്‍ നിന്ന് അകന്നു ജീവിക്കുവാന്‍ നാം എത്രയോ മുമ്പ് പഠിച്ചുകഴിഞ്ഞിരിക്കുന്നു. സമാനമായ ഒരു സാഹചര്യം തന്നെയാണ് കോവിഡ് വീണ്ടും വരുന്നു എന്നുള്ള വര്‍ത്തമാനം ഓര്‍മ്മിപ്പിക്കുന്നത്. കൊറോണ വൈറസുകള്‍ വരും വര്‍ഷങ്ങളിലും ഇതുപോലെ വന്നുകൊണ്ടേയിരിക്കും എന്നത് ഒരു യാഥാര്‍ത്ഥ്യമാണ്. നമ്മള്‍ ജാഗ്രത പാലിക്കണം എന്നുള്ളതാണ് ഇതില്‍ ഏറ്റവും പ്രധാനം. ജാഗ്രത എന്നു പറഞ്ഞാല്‍ കൊറോണ വൈറസില്‍ നിന്ന് രക്ഷ നേടുന്നതിന് വേണ്ടി നമ്മള്‍ മുന്‍പ് ചെയ്തിരുന്ന അതേ പ്രക്രിയ തന്നെ തുടര്‍ന്നുകൊണ്ടിരിക്കണം എന്ന് ചുരുക്കം. മാസ്ക്കുകള്‍ ധരിച്ചും കൈകള്‍ വൃത്തിയാക്കുകയും ശരീര ശുദ്ധി വരുത്തിയും നമ്മള്‍ ജീവിക്കണം എന്ന് ചുരുക്കം. 

ഇപ്പോള്‍ വരുന്ന കൊറോണ വൈറസുകള്‍ക്ക് ആദ്യകാലങ്ങളില്‍ ഉണ്ടായ ഡെല്‍റ്റയെക്കാളും ഒമിക്രോണിനേക്കാളും ശക്തിയുണ്ടായിരിക്കില്ല എന്നുള്ളത് ഒരു വസ്തുതയാണ്. കൊറോണ വൈറസുകളെ പ്രതിരോധിക്കുന്നതിനു വേണ്ടിയുള്ള മരുന്നുകള്‍ വാക്സിനുകള്‍ നമ്മുടെ ശരീരങ്ങളില്‍ ഉണ്ട് എന്നുള്ളത് നമുക്ക് ആശ്വസിക്കാം. ഇന്ത്യയിലെ ജനങ്ങള്‍ ബഹുഭൂരിപക്ഷവും വാക്സിനുകള്‍ സ്വീകരിക്കുകയും കോവിഡ് പ്രതിരോധം ശരീരത്തില്‍ സ്വയം ഉണ്ടാക്കുകയും ചെയ്തിട്ടുണ്ട്. ഇന്ത്യയില്‍ 95% ജനങ്ങള്‍ ഒരു ഡോസ്  പ്രതിരോധ വാക്സിനുകള്‍ കുത്തിവെച്ചവരാണ് എന്ന് ഔദ്യോഗികമായി അവകാശപ്പെടുന്നുണ്ട്. 88 % ജനങ്ങള്‍ രണ്ട് ഡോസ് വാക്സിനുകള്‍ പൂര്‍ത്തീകരിച്ചരെന്നും കണക്കുകള്‍ പറയുന്നു. അതുകൊണ്ട് മാത്രം കൊറോണ വൈറസുകള്‍ നമ്മുടെ ശരീരത്തിലേക്ക് കയറില്ല എന്ന് ഉറപ്പിച്ചു പറയുവാനും സാധിക്കില്ല. ഇപ്പോള്‍ വ്യാപിക്കുന്നു എന്നു പറയുന്ന ബി എഫ് 7 എന്ന വക വകഭേദം ഒരിക്കലും അപകടകാരിയല്ല എന്ന് പറഞ്ഞ് നിസാരമായി തള്ളികളാന്‍ പാടില്ല എന്നത് നമ്മള്‍ അറിയണം. ഇന്ത്യ ഇതിനോടകം തന്നെ മൂന്നുതരം കൊറോണ വ്യാപന തരംഗം കണ്ടതാണ്. 

ഇപ്പോള്‍ വരുന്ന കോവിഡ് കൊറോണ വൈറസിനെ പ്രതിരോധിക്കാന്‍ എന്തുകൊണ്ടും ശക്തരാണ് ഇന്ത്യയിലെ ജനങ്ങള്‍ എന്നാണ് ശാസ്ത്രജ്ഞന്മാര്‍ പറയുന്നത്. ഇപ്പോള്‍ വരുന്ന വകഭേദം അത്ര ഭീകരമല്ല എന്ന് തന്നെയാണ് വിലയിരുത്തല്‍. എന്നിരുന്നാലും അതിനെ പ്രതിരോധിക്കുന്നതിന് വേണ്ടി കോവിഡ് പ്രോട്ടോളുകള്‍ നമ്മള്‍ പാലിക്കുന്നത് നന്നായിരിക്കും എന്ന് അവര്‍ സൂചിപ്പിക്കുന്നു. വിദേശത്തുനിന്ന് വരുന്ന പൗരന്മാരെ എല്ലാ അന്തര്‍ദേശീയ എയര്‍പോര്‍ട്ടുകളിലും നിരീക്ഷിക്കുവാന്‍ കേന്ദ്രസര്‍ക്കാര്‍ ഉത്തരവിറക്കിയിട്ടുണ്ട്. അവരെ കോവിഡ് പരിശോധനയ്ക്ക് വിധേയനാക്കുക എന്നുള്ള പ്രഥമ കര്‍മ്മത്തിലേക്ക് ഇന്ത്യ തുടക്കം കുറിച്ച് കഴിഞ്ഞു. എയര്‍പ്പോര്‍ട്ടുകളില്‍ കര്‍ശന പരിശോധന വൈറസ് വ്യാപനത്തിന് ചെറിയ അളവില്‍ തടസം നില്‍ക്കും. പുതിയ ബി എഫ് 7 കൊറോണ വൈറസ് ബാധിച്ച നാല് കേസുകളാണ് ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. 

രാജ്യതലസ്ഥാനമായ ഡല്‍ഹിയില്‍ ഇതുവരെ കോവിഡിന്‍റെ പുതിയ വകഭേദം സ്ഥിരീകരിച്ചിട്ടില്ല. ഡല്‍ഹി ആരോഗ്യ വകുപ്പ് വലിയ ജാഗ്രത പുലര്‍ത്തുന്നുണ്ട്. ചൂട് വെള്ളത്തില്‍ വീണ പൂച്ച പച്ചവെളം കണ്ടാലും പേടിക്കും എന്ന ചൊല്ല് തന്നെ ഉണ്ട്. അതാണ് ഇന്ത്യയിലെ ആരോഗ്യ പ്രവര്‍ത്തകര്‍ കോവിഡ് നാലാം തരംഗം വരുന്നു എന്ന് കേള്‍ക്കുമ്പോള്‍ തന്നെ ആകുലപ്പെടുന്നത്. അത് ഒരു കണക്കിന് നല്ലതാണ്. ജാഗ്രത ശക്തമാകും. ജനങ്ങളെ സുരക്ഷിതരാക്കുക എന്നതാണല്ലോ അവര്‍ ലക്ഷ്യം വെയ്ക്കുന്നത്. രാജ്യത്ത് ആവശ്യത്തിന് ഓക്സിജനും മറ്റ് ആവശ്യ വസ്തുക്കളും ആരോഗ്യ പ്രവര്‍ത്തകര്‍ കരുതലായി ഒരുക്കി കഴിഞ്ഞു. ഇതിനിടയില്‍ വലിയ ഭീതി ജനങ്ങളിലുണ്ടാക്കാന്‍ ചിലര്‍ ശ്രമിക്കുന്നുണ്ട്. ഇതിന് പിന്നില്‍ മരുന്ന് മാഫിയ ആണെന്ന ആരോപണം തന്നെ ഉണ്ട്. പി.പി.ഇ. കിറ്റുകളും മരുന്നുകളും വാക്സിനുകളും വില്‍ക്കുന്ന മാഫിയ തന്നെ ഉണ്ട്. കോടികളുടെ വില്‍പ്പനയാണ് അവര്‍ ലക്ഷ്യം വെയ്ക്കുന്നത്. 

ടാജ്മഹലിലും, രാജ്യത്തെ ചില സ്ഥാപനങ്ങളിലും കോവിഡ് ടെസ്റ്റ് കര്‍ശനമാക്കി. ചിലര്‍ മാസ്ക്കുകള്‍ കര്‍ശനമാക്കി. സാമൂഹ്യ അകലം കര്‍ശനമാക്കിയ കേന്ദ്രങ്ങളും രാജ്യത്തുണ്ട്. വിമാന താവളങ്ങളില്‍ ചെറിയ നിയന്ത്രണങ്ങള്‍ വരുത്തിയത് വിദേശത്ത് നിന്ന് വരുന്നവരില്‍ മാത്രമാണ്. വിദേശത്ത് നിന്നുള്ള വിമാനങ്ങള്‍ക്ക് ഇന്ത്യയില്‍ വിലക്ക് ഏര്‍പ്പെടുത്തിയിട്ടില്ല. നിലവില്‍ ഇന്ത്യയിലെ ജനങ്ങള്‍ ഭയപ്പെടേണ്ടതില്ല എന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം പറയുന്നത്. ജനങ്ങളെ അനാവശ്യമായി ഭയപ്പെടുത്തുന്നത് കുറ്റകരമാണെന്ന് കൂടി കേന്ദ്ര സര്‍ക്കാര്‍ ഓര്‍മ്മിപ്പിക്കുന്നുണ്ട്.

ചൈനയില്‍ കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതിന് കര്‍ശന നിയന്ത്രണങ്ങളാണ് ഉണ്ടായിരുന്നത്. അത് അടുത്ത കാലം വരെ ഉണ്ടായിരുന്നു. നിയന്ത്രണങ്ങളില്‍ അയവ് വരുത്തിയപ്പോള്‍ വൈറസ് വ്യാപനം കൂടി. ഇന്ത്യയിലെ പോലെ മൂന്ന് തരംഗങ്ങള്‍ ചൈനയില്‍ ഉണ്ടായിട്ടില്ല. പക്ഷെ ഇപ്പോള്‍ ചൈനയിലെ വൈറസ് വ്യാപനത്തിന്‍റെ ആഘാതം ഇന്ത്യയില്‍ ഉണ്ടാകും. അത് തടയുവാന്‍ പ്രയാസമാണ്. ശക്തമായ പ്രതിരോധ മാര്‍ഗങ്ങളാണ് കൊറോണ വൈറസിന്‍റെ ആക്രമത്തെ തടുക്കുവാന്‍ ആരോഗ്യ പ്രവര്‍ത്തകര്‍ ഉപദേശിക്കുന്നത്. അതുകൊണ്ടുതന്നെ രാജ്യത്തെ ജനങ്ങള്‍ മാസ്ക്കുകള്‍ പഴയതുപോലെ ഉപയോഗിക്കാന്‍ തുടങ്ങിയിരിക്കുന്നു. ഇന്ത്യന്‍ പാര്‍ലമെന്‍റില്‍ അംഗങ്ങള്‍ മാസ്ക്കുകള്‍ ധരിച്ചുവരുന്ന കാഴ്ച മാധ്യമങ്ങളിലൂടെ നമ്മള്‍ കണ്ടതുമാണ്, ഇത് രാജ്യത്താകമാനം ജനങ്ങള്‍ക്കുള്ള സന്ദേശമാണ്. കോവിഡിന്‍റെ ആദ്യത്തെയും രണ്ടാമത്തേയും തരംഗം പോലെയുള്ള ഒരു നഷ്ടം ഇന്ത്യയ്ക്ക് സംഭവിക്കില്ല എന്ന് തന്നെയാണ് വിലയിരുത്തപ്പെടുന്നത്. ശാസ്ത്രലോകവും അതിനെ അനുകൂലിച്ചു കൊണ്ട് തന്നെയാണ് അഭിപ്രായം രേഖപ്പെടുത്തിയിരിക്കുന്നത്. കരുതല്‍ എപ്പോഴും മനുഷ്യന് നല്ലതാണ് എന്ന് ഓര്‍മ്മപ്പെടുത്തല്‍ കൂടി നാലാം തരംഗം വരുന്നു എന്നുള്ള വാര്‍ത്തകള്‍ ഓര്‍മ്മിപ്പിക്കുന്നത്. വലിയ വിപത്തിനെ തടയുവാന്‍ കരുതല്‍ നടപടികള്‍ ജനങ്ങള്‍ സ്വീകരിക്കുക തന്നെ ചെയ്യും.