മലയാളികളുടെ സിനിമാ മനസ്
വിജയ് ചൗക്ക്
സുധീര്‍ നാഥ്.
മലയാള സിനിമയുടെ മാമാങ്കമാണ് കേരള ചലചിത്ര അക്കാദമി ഒരുക്കുന്ന രാജ്യാന്തര ചലചിത്രമേള. 2022 ല്‍ ഇത് രണ്ട് തവണ നടന്നു എന്നത് ചരിത്രം. 2021 ഡിസംബറില്‍ നടക്കേണ്ട ചലചിത്ര മേള 2022 മാര്‍ച്ച് മാസം നടന്നു. 2022ലെ ചലചിത്ര മേള പതിവ് പോലെ ഡിസംബര്‍ മാസത്തിലും നടന്നു. രണ്ട് മേളകളും വലിയ ഉത്സവമായി തന്നെ മലയാളികള്‍ സ്വീകരിച്ചു എന്നത് എടുത്ത് പറയേണ്ടിയിരിക്കുന്നു. 27 മത് രാജ്യാന്തര ചലചിത്രമേള ഇക്കഴിഞ്ഞ ആഴ്ചയാണ് സമാപിച്ചത്. മുന്‍ കാലങ്ങളില്‍ നിന്ന് തീര്‍ത്തും വ്യത്യസ്തമായ ഒന്നായിരുന്നു ഇത്തവണ നടന്ന മേള എന്നാണ് സിനിമാ പ്രേമികള്‍ പറയുന്നത്. കോവിഡ് മഹാമാരിയുടെ ഭീകര താണ്ഡവത്തിന് ശേഷമുള്ള സമൂഹത്തിലുണ്ടായ മാറ്റം ലോക സിനിമയില്‍ തന്നെ സംഭവിച്ചിരിക്കുന്നു.
തിരുവനന്തപുരം നടന്ന ചലച്ചിത്രോത്സവത്തില്‍ മുന്‍ കാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി വലിയ ജനപങ്കാളിത്തം ഉണ്ടായി എന്നുള്ളത് സിനിമ പ്രണയം മലയാളി സമൂഹത്തില്‍ കൂടി വരുന്നു എന്നുള്ളതിന് തെളിവാണ്. സിനിമ പ്രദര്‍ശിപ്പിച്ച തീയറ്ററുകള്‍ നിറഞ്ഞിരുന്നു. യുവതലമുറ ധാരാളമായി സിനിമ കാണുവാന്‍ എത്തുന്നു എന്നതും കൂട്ടി ചേര്‍ക്കണം. മികച്ച സിനിമകള്‍ തന്നെയാണ് അവിടെ അവതരിപ്പിക്കപ്പെട്ടത് എന്ന വിലയിരുത്തല്‍ പൊതുവെ ഉണ്ട്. സംഘാടകര്‍ക്ക് അതുകൊണ്ട് തന്നെ അഭിമാനിക്കാം. എല്ലാ സിനിമകളിലും മുഴുവന്‍ സീറ്റുകളിലും സിനിമ പ്രേമികള്‍ ഉണ്ടായിരുന്നു എന്നുള്ളത് എടുത്തു പറയേണ്ട കാര്യമാണ്. നല്ല സിനിമ കാണുവാനായി മലയാളികള്‍ എപ്പോഴും മുന്നില്‍ തന്നെയാണ്. മലയാള സിനിമയുടെ നൂറു വര്‍ഷങ്ങള്‍ പിന്നിട്ടിരിക്കുന്നു. കോവിഡ് മഹാമാരിക്ക് ശേഷം മലയാള സിനിമ രണ്ടുതരത്തിലായി നമുക്ക് കാണുവാന്‍ സാധിക്കും. കോവിഡിന് മുന്‍പുള്ള കാലത്തെ സിനിമയില്‍ നിന്ന് തീര്‍ത്തും വ്യത്യസ്തമായ സിനിമകളിലേക്കാണ് പുതുതലമുറ ഇപ്പോള്‍ അവതരിപ്പിക്കുന്നത്. അതിനൊപ്പം പഴയ തലമുറ എത്താന്‍ ശ്രദ്ധിക്കുന്നത് നമുക്ക് വ്യക്തമായി മനസിലാകും.
കോവിഡിന് ശേഷമുള്ള സിനിമകള്‍ നമുക്ക് അതുകൊണ്ടുതന്നെ വേര്‍തിരിച്ച് അറിയാന്‍ എളുപ്പമാണ്. ചലചിത്രോത്സവത്തില്‍ അവതരിപ്പിക്കപ്പെട്ട സിനിമകള്‍ തന്നെ അതിന് തെളിവുകളും ആണ്. ഒരു വ്യക്തിക്ക് പ്രാധാന്യം കൊടുത്ത് നടക്കുന്ന കഥകളല്ല ഇപ്പോള്‍ കൂടുതലായി ഉള്ളത്. ഒരുപറ്റം നടീനടന്മാര്‍ അണിനിരക്കുന്ന പഴയകാല സിനിമയല്ല ഇപ്പോള്‍ പുറത്തിറങ്ങുന്നത് എന്ന് നമുക്ക് കാണുവാന്‍ സാധിക്കും. ഒരു വ്യക്തിയുടെ അല്ലെങ്കില്‍ ഒരു കുടുംബത്തെ കേന്ദ്രീകരിച്ചായിരുന്നു മുന്‍കാലങ്ങളില്‍ സിനിമകള്‍ ഇറങ്ങിയിരുന്നത്. കുടുംബം, സമൂഹം എല്ലാം സിനിമയില്‍ വേണമായിരുന്നു. അപ്പോള്‍ ഒട്ടേറെ പ്രമുഖര്‍ നിര നിരയായി സിനിമയില്‍ അഭിനേതാക്കളാകുന്നു. ഒരു ഡസന്‍ നടീനടന്‍മാര്‍ എന്ന അപ്രഖ്യാപിത കണക്ക് പോലും ഉണ്ടായിരുന്നു. ഒരു സംഭവം ഒരു സിനിമ എന്ന നിലയില്‍ നമ്മള്‍ എത്തിയിരിക്കുന്നു. അതില്‍ പ്രമുഖ നടനും നടിയും വേണമെന്നില്ല. അഭിനയ സിദ്ധിയുള്ള ആയിരക്കണക്കിന് യുവതീയുവാക്കള്‍ നമുക്ക് ചുറ്റും ഉണ്ട്. അവര്‍ അഭിനയിക്കുന്ന സിനിമകള്‍ മോശമാകുന്നില്ല. സൂപ്പര്‍ സ്റ്റാറുകള്‍ പോലും ഇത് തിരിച്ചറിഞ്ഞിരിക്കുന്നു. അവരും പുതിയ സിനിമാ സംസ്ക്കാരത്തിന്‍റെ വഴിയിലാണ്. മറ്റുള്ളവരും ഈ പാതയില്‍ എത്തിയിരിക്കുന്നു.
സംഭവങ്ങള്‍, പുരാണങ്ങള്‍, പ്രമുഖ രചനകള്‍ എല്ലാം സിനിമയായി നമുക്ക് മുന്നില്‍ എത്തുകയാണ്. അതിന് പുതിയ രീതിയുണ്ട്. രുചിക്കൂട്ടുണ്ട്. ആധുനിക സാങ്കേതിക വിദ്യകളുടെ പിന്തുണയുണ്ട്. അമാനുഷികവും, അപ്രായോഗികവുമായ സംഭവങ്ങള്‍ മലയാളികള്‍ സ്വീകരിക്കുന്നില്ല. പക്ഷെ വിദേശ സിനിമകളില്‍ അവരതിനെ സ്വീകരിക്കുന്നുമുണ്ട്. അവതാര്‍, ബാഹുബലി, ആര്‍ആര്‍ആര്‍, കെജിഎഫ് ഒക്കെ അതിന് ഉദാഹരണമാണ്. എന്തുകൊണ്ട് അങ്ങിനെ സംഭവിക്കുന്നു എന്നത് പഠന വിഷയമാക്കേണ്ടതാണ്. മലയാളിക്ക് മലയാഎത്തിന്‍റെ രുചിക്കൂട്ടിനോടാണ് ഇപ്പോഴും ജനപിയം. ഏറ്റവും വലിയ ഉദാഹരണമാണ് നന്‍പകല്‍ നേരത്ത് മയക്കം എന്ന ജോസ് പല്ലാശ്ശേരിയുടെ മമ്മൂട്ടി ചിത്രം. മലയാളി കൂട്ടായ്മയുടെ വേളാങ്കണ്ണിയാത്രയാണ് ചിത്രം. മമ്മൂട്ടി കാണുന്ന ഒരു സ്വപ്നമാണ് സിനിമയെ പ്രേക്ഷകരിലേക്ക് എത്തിക്കുന്നത്. അതില്‍ മമ്മുട്ടി കേന്ദ്രകഥാപാത്രമായ ജയിംസ്, സുന്ദരം എന്നീ രണ്ട് കഥാപാത്രമായാണ് അവതരിപ്പിച്ചിരിക്കുന്നത്. മമ്മുട്ടി സിനിമയില്‍ മികച്ച അഭിനയം കാഴ്ച്ചവെച്ചിട്ടുണ്ട്. നാടക രംഗത്ത് നിന്ന് സിനിമയില്‍ എത്തിയ രാജേഷ് ശര്‍മ്മ ഈ സിനിമയില്‍ കണ്ണന്‍ എന്ന ബസ് ഡ്രൈവറായി അഭിനയിക്കുകയായിരുന്നില്ല, ജീവിക്കുകയായിരുന്നു. അഭിനയിച്ചവരെല്ലാം നാടക ന്യത്ത രംഗങ്ങളിലുള്ളവരാണെങ്കിലും എല്ലാവരും മികച്ച അഭിനയം കാഴ്ച്ച വെച്ചു. സംവിധാനം ചെയ്ത ലിജോ ജോസ് പെല്ലിശ്ശേരിയെ എത്ര അഭിനന്ദിച്ചാലും മതിവരില്ല. നല്ല ക്യാമറ. നല്ല എഡിറ്റിങ്ങ്. അടുത്ത കാലത്ത് കണ്ട മികച്ച സിനിമ എന്ന് തന്നെ വിലയിരുത്തുന്നു. വ്യത്യസ്തമായ മറ്റൊരു കഥയാണ് അറിയിപ്പ് എന്നുള്ള മഹേഷ് നാരായണന്‍റെ ചിത്രം. ഒരു വടക്കേ ഇന്ത്യന്‍ ഗ്ലൗസ് ഫാക്ടറിയിലെ ഒരു മലയാളി കുടുംബത്തിന്‍റേതാണ് കഥ. അതില്‍ അഭിനയിച്ചിരിക്കുന്നത് കുഞ്ചാക്കോ ബോബനൊപ്പം അതേ കമ്പനിയിലെ യഥാര്‍ത്ഥ ജീവനക്കാരാണ്. അവിടെ അവര്‍ചെയ്യുന്ന ജോലി തന്നെ സിനിമയ്ക്ക് വേണ്ടി ചെയ്തിരിക്കുന്നു. അതുകൊണ്ട് ക്രിത്രിമത്തം അഭിനയത്തിലില്ല. എല്ലാ മനുഷ്യരിലും ഒരു കലാകാരനുണ്ട് എന്ന് മഹേഷ് നാരായണന്‍ തെളിയിക്കയാണ് ഇവിടെ. അതിന്‍റെ വിജയമാണ് പ്രേക്ഷകരുടെ ക്കൈയ്യടി. രണ്ട് സിനിമകളുടേയും വിജയത്തിന് ലൊക്കേഷനുകളും പ്രധാന പങ്ക് വഹിക്കുന്നുണ്ട്. ഐ.എഫ്.എഫ്.കെയില്‍ സ്വര്‍ണ്ണചകോരം നേടിയ സ്പാനിഷ് ചിത്രമായ ഉത്തരയുടെ വിജയത്തിന് അതിന്‍റെ ലൊക്കേഷന് പ്രധാന പങ്കുണ്ടെന്ന് അറിയിപ്പിന്‍റേയും, ജനഗണമനയുടേയും പ്രശസ്ത ലൊക്കേഷന്‍ മാനേജറായ ദേവാനന്ത് നായര്‍ പറഞ്ഞു. ആറ് മാസത്തോളം അറിയിപ്പിന്‍റെ ലൊക്കേഷനായി സംവിധായകനായ മഹേഷ് നാരായണനുമൊത്ത് യാത്ര ചെയ്തത് അദ്ദേഹം ഓര്‍ത്തു. അറിയിപ്പിന്‍റെ വിജയത്തിനും ലൊക്കേഷന്‍ പ്രധാന പങ്ക് വഹിച്ചെന്ന് ദേവാനന്ദ് കൂട്ടിചേര്‍ത്തു.
ഇന്ന് ജനങ്ങള്‍ സംസാരിക്കുന്ന സിനിമ ജയജയജയജയഹേയെ കുറിച്ചാണ്. അവര്‍ സിനിമയെ വിജയിപ്പിച്ചു കഴിഞ്ഞു. സിനിമയില്‍ വലിയ കാര്യങ്ങളൊന്നും പറയുന്നില്ല. ജനങ്ങള്‍ സിനിമയുടെ ഇതിവ്യത്തം അംഗീകരിച്ചു. പക്ഷെ നല്ല പല സിനിമകളും ജനങ്ങള്‍ കാണാതെ പോകുന്നുണ്ട്. സിനിമാ മേളകളില്‍ ഇടം കിട്ടാത്തതാണ് ഇതിന് കാരണം. എ ഡ്രമാറ്റിക്ക് ഡെത്ത് എന്ന നാടക രംഗത്ത് നിന്നുള്ള സീഹീര്‍ അലി ചിത്രം വര്‍ത്തമാന കാല രാഷ്ട്രീയമാണ് പറയുന്നത്. സൗന്ദര്യമല്ല നമ്മളെ പ്രിയപ്പെട്ടവരാക്കുന്നത്, മറിച്ച് സ്നേഹമാണ് നമ്മെ സൗന്ദര്യമുള്ളവരാക്കുന്നത്... ടോള്‍സ്റ്റോയിയുടെ പ്രസിദ്ധമായ ഈ മൊഴിയുടെ അര്‍ത്ഥതലങ്ങളിലേക്കുള്ള സഞ്ചാരമാണ് 'എ ഡ്രമാറ്റിക്ക് ഡെത്ത് ' എന്ന പുതിയ സിനിമ .
നാടിന്നകങ്ങളില്‍ പ്രധാനമായും അരങ്ങേറിയിരുന്ന നാടകവും നാടക കലാകാരന്മാരുടെ ജീവിതവും അതിമനോഹരമായി ചിത്രീകരിച്ചിരിക്കുകയാണ് ഈ സിനിമയില്‍. ജീവിതത്തിനും മരണത്തിനും ഇടയ്ക്കുള്ള യാഥാര്‍ത്ഥ്യങ്ങളിലേയ്ക്കുള്ള അന്വേഷണം കൂടിയാണ് ഈ സിനിമ. ഗോവയിലെ 2021ലെ പനോരമയിലെ ആദ്യ ചിത്രം താഹിറ സംവിധാനം ചെയ്ത സിദ്ധീക്ക് പറവൂരിന്‍റെ പുതിയ ചിത്രം എന്ന് സ്വന്തം ശ്രീധരന്‍. മലപ്പുറത്ത് നിലമ്പൂരില്‍ കാളികാവില്‍ നടന്ന ഒരു സംഭവമാണ് സിനിമയുടെ ഇതിവ്യത്തം. സുബൈദയുടെ വീട്ടു ജോലിക്കാരിയും കൂട്ടുകാരിയുമായിരുന്നു ചക്കി. അവരുടെ അകാലത്തിലെ മരണത്തില്‍ മൂന്ന് കുഞ്ഞുങ്ങളെ സുബൈദയും ഭര്‍ത്താവ് അസീസ് ഹാജിയും എടുത്ത് വളര്‍ത്തി. ചക്കിയുടെ മക്കളായ ശ്രീധരന്‍, ലീല, രമണി എന്നിവര്‍ ഷാനവാസ്, ജാഫര്‍, റോസ്ന എന്നിവരോടൊപ്പം വളര്‍ന്നു. സംഭവ കഥ വര്‍ത്തമാനാലത്ത് പ്രസക്തമാണ്. ഇനിയും തീയറ്ററുകളില്‍ സിനിമ എത്തിയിട്ടില്ല. ഇത്തരം എത്രയോ നല്ല സിനിമകള്‍ പ്രേക്ഷകര്‍ കാണാതെ പോകുന്നു.
ഇവിടെ പരാമര്‍ശിക്കപ്പെട്ട സിനിമകളിലും, ഇപ്പോള്‍ തീയറ്ററുകളിലും, ഒ.ടി.ടിയിലും ഇറങ്ങുന്ന സിനിമകളില്‍ പുതുമുഖങ്ങളെ മാത്രമേ കാണുന്നുള്ളൂ. സംവിധായകരുടെ പേരുകള്‍ പുതിയതാണ്. സാമ്പേതിക രംഗത്ത് പുതുമഖങ്ങള്‍ തന്നെ. ഇവരൊക്കെ പറയുന്ന കഥകള്‍ ജനം സ്വീകരിക്കുന്നു. സിനിമ പുതിയ തലങ്ങളിലെത്തി നില്‍ക്കുന്നു. ഐ.ഐ.എ്.കെ. വേദികളില്‍ സിനിമ കാണുവാന്‍ യുവാക്കളായിരുന്നു കൂടുതല്‍. സിനിമയെ അവര്‍ പഠിക്കുന്നു. പ്രമുഖ നടന്‍ മധു പറഞ്ഞത് പോലെ സിനിമയെ പഠിക്കണമെന്നുള്ളവര്‍ ചലചിത്ര മേളകളില്‍ എത്തും. ഒന്നോ രണ്ടോ സിനിമ ചെയ്താല്‍ സിനിമ മുഴുവന്‍ പഠിച്ചു കഴിഞ്ഞു എന്ന ധാരണ മാറണം. എത്ര പഠിച്ചാലും തീരാത്ത സിനിമ വളര്‍ന്നു കൊണ്ടിരിക്കുന്നു. അത് എല്ലാ അര്‍ത്ഥത്തിലും സംഭവിക്കുന്നു. സാങ്കേതിക മികവു മുതല്‍ അഭിനയത്തിലും, സംവിധാനത്തിലും, എല്ലാം... മുന്‍കാലങ്ങളില്‍ എഡിറ്റിങ്ങും, മറ്റും പൂര്‍ത്തീകരിക്കാന്‍ സിനിമയുടെ പിന്നിലെ എല്ലാവരും ഒരുമിച്ചിരുന്നിരുന്നു. നടീനടന്‍മാരും, സംവിധായകനും, സംഗീതം, ആര്‍ട്ട്, തുടങ്ങിയ സിനിമയുടെ എല്ലാ മേഖലയില്‍ പ്രവര്‍ത്തിച്ചവരും ഒന്നിച്ചിരുന്നാണ് സിനിമയുടെ അവാസാന മിനുക്ക് പണി നടത്തുന്നത്. സാങ്കതിക വിദ്യ എത്ര വലുതായാലും അന്നത്തെ മിനുക്ക് ഇന്നത്തെ സിനിമകളില്‍ ഉണ്ടാകുന്നില്ല. കാരണം എല്ലാവരും പല കേന്ദ്രങ്ങളിലാണ്...
