പാര്‍ലമെന്‍റ് സ്ട്രീറ്റ്
സുധീര്‍ നാഥ്
2022 ഡിസംബര്‍ 30
മരണാനന്തര ചടങ്ങുകള്‍ മുന്‍കൂറായി ബുക്ക് ചെയ്യാം
ജനിച്ചാല്‍ ഒരിക്കല്‍ മരിക്കണം എന്നത് പരക്കെ പറയപ്പെടുന്ന ഒരു സംസാരം ആണല്ലോ...? മരണാനന്തര ചടങ്ങുകള്‍ ലൈവ് ആയി യൂട്യൂബ് വഴി സമൂഹത്തില്‍ വ്യാപകമായി കാണിക്കുന്ന ഒരു പ്രവണത മധ്യതിരുവതാംകൂറിലാണ് ആദ്യം ആരംഭിച്ചത്. ഇപ്പോളത് കേരളത്തില്‍ വ്യാപകമാണ്. എല്ലാ മതങ്ങളിലുള്ളവരും ഇത് പിന്തുടരുന്നുണ്ട്. വിദേശത്ത് സ്ഥിരതാമസമാക്കുന്ന ചില മക്കള്‍ മാതാപിതാക്കളുടെ മരണാനന്തര ചടങ്ങുകള്‍ ലൈവ് ആയി കാണുന്ന ഒരു രീതി അടുത്തിടെ വ്യാപകമാണ്. ഇപ്പോള്‍ നിങ്ങള്‍ നിങ്ങളുടെ മരണാനന്തരം ചടക്കുകള്‍ മുന്‍കൂട്ടി ബുക്ക് ചെയ്യാനുള്ള സൗകര്യവും വ്യാപകമാവുകയാണ്. ന്യൂഡല്‍ഹി പ്രഗതി മൈതാനിയില്‍ നടന്ന ഇന്ത്യാ അന്താരാഷ്ട്ര വ്യാപാര മേളയില്‍ ഇത്തരം സേവനം ചെയ്യുന്ന ഒരു വിഭാഗം അവിടെ പ്രദര്‍ശനത്തിന് എത്തിയിരുന്നു. അവര്‍ പറയുന്നത് പ്രകൃതി മൈതാനില്‍ നിന്ന് മാത്രം 10000 ത്തില്‍ പരം ബുക്കിങ്ങുകള്‍ അവര്‍ക്ക് ലഭിച്ചു എന്നുള്ളതാണ്. സ്വന്തം മരണാനന്തര ചടങ്ങുകള്‍ ഭംഗിയായി നടത്തണം എന്ന് ആഗ്രഹമുള്ളവരെല്ലാം ഇവിടെ പണമടച്ച് ബുക്ക് ചെയ്തു കഴിഞ്ഞിരിക്കുന്നു. സ്വന്തം മരണാനന്തര ചടങ്ങുകള്‍ മാത്രമല്ല സ്വന്തം മാതാപിതാക്കളുടെ മരണാനന്തര ചടങ്ങുകള്‍ പോലും മുന്‍കൂര്‍ ചെയ്ത് ബുക്ക് ചെയ്ത മക്കള്‍ അവരുടെ ബുക്കിങ്ങ് ലിസ്റ്റില്‍ ഉണ്ട് എന്നുള്ളത് പേര് വെളിപ്പെടുത്താന്‍ വിസമ്മതിച്ച് ഈ സംഘത്തിലെ ഒരു ഉദ്യോഗസ്ഥന്‍ കേരള ശബ്ദത്തോട് പങ്കുവെച്ചിരുന്നു. മരണവിവരം ഇവരെ അറിയിച്ചാല്‍ ഇവര്‍ വീടുകളിലെത്തി മ്യതശരീരം വ്യത്തിയാക്കി പുഷ്പാലങ്ക്രിതമാക്കി വെയ്ക്കും. ആവശ്യപ്പെട്ട മതഗ്രന്ഥം വായിക്കും. കരയുന്ന ജനകൂട്ടത്തെയും വേണമെങ്കില്‍ ആവശ്യപ്പെടാം. ചടങ്ങുകള്‍ ലൈവായി അവര്‍ യുട്യൂബ് വഴി പ്രക്ഷേപണം ചെയ്യും. ലിങ്കുകള്‍ സാമൂഹ്യ മാധ്യമങ്ങള്‍ വഴി വിതരണം ചെയ്യാന്‍ സാധിക്കും. ആദ്യകാലങ്ങളില്‍ നേത്രദാനം മാത്രമായിരുന്നു വ്യാപകമായി സംസാരത്തില്‍ ഉണ്ടായിരുന്നത്. പിന്നീട് അവയവ ദാനത്തിലേക്ക് അത് വഴിമാറി. അവയവദാനം വളരെ പ്രചാരിച്ചതോടുകൂടി, മനുഷ്യന്‍റെ അവയവ കടത്തിന് തുടക്കമായി. മനുഷ്യനെ കൊല ചെയ്യുന്ന അവസ്ഥയിലേക്ക് വരെ നമ്മുടെ രാജ്യം മാറി എന്നുള്ളത് പുറത്ത് പരസ്യമായ ഒരു രഹസ്യമാണ്. ഡല്‍ഹിയില്‍ ഒരു സ്വകാര്യ ചടങ്ങിന് എത്തിയ കാന്‍സര്‍ രോഗ രംഗത്തെ വിദഗ്ധനായ ഡോക്ടര്‍ ഗംഗാധരന്‍ പറഞ്ഞ ഒരു കാര്യം ഇവിടെ ഓര്‍ക്കേണ്ടതുണ്ട്. ദിവസവും ആയിരക്കണക്കിന് രോഗികളെയും രോഗികളുടെ ബന്ധുക്കളെയും കാണുന്ന അദ്ദേഹം പറഞ്ഞ നഗ്ന സത്യം കേട്ട് മനസാക്ഷിയുള്ളവര്‍ തല കുനിക്കും. താന്‍ രണ്ടു തരത്തിലുള്ള രോഗികളുടെ ബന്ധുക്കളെയാണ് കാണുന്നത്. ബന്ധുക്കളില്‍ മക്കള്‍ വരെ ഉള്‍പ്പെടും. ഒന്നാമത്തേത്, എങ്ങനെയെങ്കിലും ഡോക്ടറെ ഈ ജീവന്‍ രക്ഷിക്കണം എന്നു പറയുന്നവരാണ്. മറ്റൊരു കൂട്ടര്‍ ഏതാണ്ട് എത്ര ദിവസം രോഗി ജീവിക്കും എന്നും, എന്ന് മരണം ഉണ്ടാകും എന്ന് മുന്‍കൂട്ടി പറയുവാന്‍ ആവശ്യപ്പെടുന്നവരാണ്. മക്കള്‍ പോലും പിതാവ് അല്ലെങ്കില്‍ മാതാവ് എന്ന് മരിക്കും എന്ന് ഡോക്ടറോട് ചോദിച്ച മക്കള്‍ കേരളത്തിലുണ്ടെന്ന് ഡോക്ടര്‍ തന്നെയാണ് വെളിപ്പെടുത്തിയത്. അതൊരു സാങ്കല്പിക വിവരണമായി കണക്കാക്കുവാനും സാധിക്കില്ല കാരണം അമേരിക്കയില്‍ നിന്ന് ഒരാഴ്ചയോ രണ്ടാഴ്ചത്തെയോ അവധിയെടുത്ത് റിട്ടേണ്‍ ടിക്കറ്റുമായാണ് ഓരോരുത്തരുമെത്തുന്നത്. അവര്‍ ഡോക്ടറോട് പറയുമെത്രേ ഇനി 10 ദിവസം കൂടിയേ ഉള്ളൂ മരണാനന്തര ചടങ്ങ് കഴിഞ്ഞ് പോകുവാനുള്ള ഒരു അവസരം ലഭിക്കുമോ എന്ന്. കാലം മാറിയിരിക്കുന്നു സ്വന്തം മരണാനന്തര ചടങ്ങുകള്‍ ബുക്ക് ചെയ്യുന്ന സ്ഥാപനങ്ങള്‍ വ്യാപകമാകാന്‍ പോവുകയാണ്.
രാജ്യതലസ്ഥാനത്ത് ആപ്പിന്‍റെ വിളയാട്ടം...!
15 വര്‍ഷമായി ഡല്‍ഹിയിലെ മുനിസിപ്പല്‍ കോര്‍പ്പറേഷനുകള്‍ അടക്കി ഭരിച്ചിരുന്നത് ബി.ജെ.പിയായിരുന്നു. ഡല്‍ഹിയിലെ എല്ലാ മൂന്നു മുനിസിപ്പല്‍ കോര്‍പ്പറേഷനുകളും വലിയ രീതിയിലുള്ള അഴിമതിയില്‍ കുളിച്ചായിരുന്നു ഉണ്ടായത്. ഇത് പ്രതിപക്ഷമായിരുന്ന ആം ആദ്മി പാര്‍ട്ടിയുടെ പ്രതിഷേധത്തിന് കാരണവും ആയിട്ടുണ്ട്. പ്രതിഷേധങ്ങള്‍ പാര്‍ട്ടിക്ക് ദോഷമായി വരും എന്നുള്ള ഒരു ചര്‍ച്ച ബി.ജെ.പി നേതാക്കള്‍ക്കിടയില്‍ കഴിഞ്ഞ കുറെ കാലങ്ങളായി തന്നെ ഉണ്ട്. ഡല്‍ഹിയിലെ മൂന്ന് കോര്‍പ്പറേഷനുകള്‍ ഒന്നിച്ചാല്‍ ബി.ജെ.പി. ജയിക്കും എന്ന തോന്നലാണ് ആദ്യ കാലത്തെ പോലെ മൂന്നു മുനിസിപ്പാലിറ്റികളും ഒന്നിച്ച് ഒറ്റ മുനിസിപ്പാലിറ്റിയാക്കി മാറ്റിയതിന് പിന്നില്‍. ഷീലാ ദീക്ഷിദായിരുന്നു ഒറ്റ മുനിസിപ്പാലിറ്റിയെ മൂന്നാക്കി മാറ്റിയത്. ബി.ജെ.പിക്ക് ഡല്‍ഹിയില്‍ ഭൂരിപക്ഷമുണ്ടെന്നും, ഡല്‍ഹി മൊത്തമായി നേട്ടം കൊയ്ത് മുനിസിപ്പാലിറ്റി ഭരണം നിലനിര്‍ത്താം എന്ന് അവര്‍ രാഷ്ട്രീയപരമായി ചിന്തിച്ചു. അതിന്‍റെ ഫലമായിട്ടായിരുന്നു മൂന്ന് മുനിസിപ്പാലിറ്റികള്‍ ഒന്നിപ്പിച്ചത്. തിരഞ്ഞെടുപ്പില്‍ പക്ഷെ 134 വാര്‍ഡുകളില്‍ ആം ആദ്മി പാര്‍ട്ടിയും 104 വാര്‍ഡുകളില്‍ ബി.ജെ.പിയും ജയിച്ചു. പക്ഷേ കോണ്‍ഗ്രസിന്‍റെ ശക്തി കേന്ദ്രം ആയിരുന്ന ഡല്‍ഹിയില്‍ അവര്‍ വിരലിലെണ്ണാവുന്ന ഒന്‍പത് വാര്‍ഡുകളില്‍ മാത്രമാണ് ജയിച്ചത്. കോണ്‍ഗ്രസ് പൂര്‍ണ്ണമായും പുറത്താക്കപ്പെട്ടു എന്നുതന്നെ വേണം കരുതാന്‍ 250 വാര്‍ഡുകളില്‍ 238 വാര്‍ഡുകള്‍ ആം ആദ്മി പാര്‍ട്ടിയും ബിജെപിയും ചേര്‍ന്ന് സ്വന്തമാക്കിയതോടെ കോണ്‍ഗ്രസ് മുക്ത ഡല്‍ഹിയായി മാറ്റി എന്നുള്ള ഒരു തമാശ ഇതിനിടയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ബി.ജെ.പിയുടെ ബി ടീമാണ് ആം ആദ്മി പാര്‍ട്ടി എന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കമന്‍റ് കുറേ നാളായി ഡല്‍ഹിയില്‍ പരക്കുന്നു. രാജ്യത്തെ പ്രമുഖരായ പല പാര്‍ട്ടികളും ബി.ജെ.പിക്ക് മുന്നില്‍ പരാജയപ്പെടുമ്പോഴാണ് ആം ആദ്മി പാര്‍ട്ടി വലിയ രീതിയില്‍ ബി.ജെ.പിയെ തകര്‍ത്തെറിയുന്നത് എന്നുള്ള വിശേഷണം ഡല്‍ഹി മുനിസിപ്പല്‍ തെരഞ്ഞെടുപ്പില്‍ നാം കാണേണ്ടതുണ്ട്. കോണ്‍ഗ്രസിന്‍റെ ശക്തികേന്ദ്രമായ പഞ്ചാബില്‍ ആം ആദ്മി പാര്‍ട്ടി വലിയ വിജയം കൈവരിച്ചത് അടുത്തിടെയായിരുന്നു. അതിന്‍റെ തുടര്‍ച്ചയായി തന്നെ വേണം ഡല്‍ഹിയിലെ അവരുടെ മുനിസിപ്പല്‍ തെരഞ്ഞെടുപ്പ് വിജയവും കാണുവാന്‍. രാജ്യ തലസ്ഥാനത്ത് ഇനി ആം ആദ്മി പാര്‍ട്ടിയുടെ മുഖ്യമന്ത്രിയും പാര്‍ട്ടിയുടെ മേയറും ഉണ്ടാകും എന്നിടത്താണ് പ്രതിപക്ഷം ഇപ്പോള്‍ ആശ്വാസം കാണുന്നത്. ചണ്ഡീഗഡില്‍ മുനിസിപ്പാലിറ്റി തെരഞ്ഞെടുപ്പില്‍ 35 സീറ്റില്‍ 14 സീറ്റില്‍ ജയിച്ച് ഏറ്റവും വലിയ ഒറ്റകക്ഷിയായ ആം ആദ്മി പാര്‍ട്ടിക്ക് മേയറെ തിരഞ്ഞെടുക്കാന്‍ അവസരം ലഭിച്ചില്ല. അവിടെ ബി.ജെ.പിയുടെ മെമ്പറാണ് മേയര്‍. ചണ്ഡീഗഡിലെ പോലെ ഡല്‍ഹിയിലും സംഭവിക്കും എന്ന സംസാരമുണ്ട്. ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി ചരിത്ര നേട്ടത്തോടെ ഭൂരിപക്ഷം സ്വന്തമാക്കിയെങ്കിലും അവര്‍ക്ക് മേയറെ തെരഞ്ഞെടുക്കാന്‍ സാധിക്കില്ല എന്നാണ് ബി.ജെ.പി നേതൃത്വം ഇപ്പോള്‍ അവകാശവാദം ഉന്നയിക്കുന്നത്. ബി.ജെ.പിയിലെ ചില നേതാക്കള്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ ഇങ്ങനെ അവകാശവാദം ഉന്നയിച്ചു കഴിഞ്ഞു. ഡല്‍ഹിയില്‍ ബിജെപിയുടെ മേയര്‍ ഉണ്ടാകുമോ എന്ന് വരുന്ന ദിവസങ്ങളില്‍ അറിയാം. അങ്ങിനെ സംഭവിച്ചില്ലെങ്കിലും അതിനുള്ള ശ്രമം നടന്നാല്‍ തന്നെ അത് വലിയ ചര്‍ച്ചയായി മാറും എന്ന കാര്യത്തില്‍ സംശയവുമില്ല. 35 സീറ്റില്‍ കേരളത്തില്‍ ബി.ജെ.പി. സ്ഥാനാര്‍ത്ഥികള്‍ ജയിച്ചാല്‍ കേരളം ബി.ജെ.പി. ഭരിക്കുമെന്ന് പറഞ്ഞത് സംസ്ഥാന അദ്ധ്യക്ഷന്‍ സുരേന്ദ്രനായിരുന്നു.
അമ്മ കുശന്‍ മകള്‍ ലവന്‍ സുഹൃത്ത് സീത.
ഡല്‍ഹിയിലെ കുത്തമ്പ് ഇന്‍സ്റ്റിറ്റ്യൂഷണല്‍ ഏരിയയിലെ ഇന്‍റര്‍നേഷണല്‍ സെന്‍റര്‍ ഫോര്‍ കഥകളിയുടെ അറുപത്തി രണ്ടാമത് വാര്‍ഷിക ആഘോഷങ്ങളിലെ കഥകളി അവതരണത്തില്‍ ഒട്ടേറെ വിശേഷണങ്ങളുണ്ട്. പ്രവാസ മലയാളികള്‍ ജാതി, മത പ്രായം മറന്ന് കഥകളി പഠിച്ച് അരങ്ങേറ്റം നടത്തി. കഥകളി കേന്ദ്രത്തില്‍ പ്രസിസന്‍റ് ബാബു പണിക്കരുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഇന്ദിര ഗാന്ധി സെന്‍റര്‍ ഫോര്‍ ആര്‍ട്ട്സ് മെബര്‍ സെക്രട്ടറി ഡോ. സച്ചിദാനന്ദ ജോഷിയാണ് ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചത്. ഡല്‍ഹിയിലെ ഇന്‍റര്‍നാഷണല്‍ സെന്‍റര്‍ ഫോര്‍ കഥകളിയുടെ ഒരാഴ്ച്ച നീണ്ടു നിന്ന അറുപത്തി രണ്ടാം വാര്‍ഷിക ആഘോഷത്തില്‍ അമ്മയും മകളും ചുട്ടി കുത്തി അരങ്ങിലെത്തി. ലവണാസുര വധത്തില്‍ ലവനും കുശനുമായാണ് അമ്മയും മകളും എത്തിയത്. ലവനായി മകള്‍ സാന്ദ്രാ ഫ്രാന്‍സിസും, അമ്മയായി രാജലക്ഷ്മി ഫ്രാന്‍സിസും. ഇവരോടൊപ്പം സുഹൃത്തായ ലീനാ സുധീര്‍ സീതയുടെ വേഷവുമായി രംഗത്ത് എത്തി. ലീനാ സുധീറിന്‍റെ മകള്‍ സുരഭി നമ്പീശന്‍ മുന്‍പ് കഥകളി അരങ്ങേറ്റം നടത്തിയതാണ്. അവര്‍ അറിയപ്പെടുന്ന നര്‍ത്തകിയാണ്. മൂന്ന് സ്ത്രീകള്‍ കഥകളി വേഷവുമായി അരങ്ങിലെത്തി കഥകളി പദത്തിനൊത്ത് ചുവട് വെച്ചത് കാണികള്‍ക്കും കൗതുകമായി. രാജലക്ഷ്മി ഡല്‍ഹി സര്‍ക്കാറില്‍ വിദ്യാഭ്യാസ വകുപ്പില്‍ ഉദ്യോഗസ്ഥയാണ്. ലീനാ സുധീര്‍ ഡല്‍ഹി ഹൈകോടതി ഉദ്യോഗസ്ഥയാണ്. സാന്ത്ര ഫ്രാന്‍സിസ് ഗുഡുഗാവില്‍ ഒരു സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്നു. ചുട്ടി കലാകാരി കൂടിയായ ലീനാ സുധീര്‍, ദീപാലി സിന്‍ഹ എന്നിവര്‍ ചേര്‍ന്നാണ് ചുട്ടി കുത്തിയതെന്ന പ്രത്യേകത കൂടി ഉണ്ട്. വാര്‍ഷികാഘോഷത്തിന്‍റെ മൂന്നാം ദിവസം സഹോദരിമാരായ സൂര്യ എസ് നായരും, ചന്ദ്ര എസ് നായരും സുഭദ്രാഹരണം കഥയുമായി കഥകളി വേഷത്തില്‍ അരങ്ങിലെത്തിയിരുന്നു. ഇരുവരും വിദ്യാര്‍ത്ഥിനികളാണ്. 120 പേര്‍ ഇന്‍റര്‍നാഷ്ണല്‍ സെന്‍റര്‍ ഫോര്‍ കഥകളിയില്‍ പരിശീലനം നേടുന്നതില്‍ ഭൂരിപക്ഷവും പെണ്‍കുട്ടികളാണെന്ന് സെക്രട്ടറി ജനറല്‍ അനിതാ കലേഷ് പറയുന്നു.
72%20copy.jpg)
