കേരളത്തിലെ സിനിമാ വസന്തം
വിജയ് ചൗക്ക്
സുധീര്‍ നാഥ്.
മലയാള സിനിമയുടെ ചരിത്രം ഇന്ത്യന്‍ സിനിമയുടെ ചരിത്രത്തോളം വരില്ലെങ്കിലും ഒട്ടും മോശമല്ലാത്ത സംഭാവനയാണ് ഇന്ത്യന്‍ സിനിമയ്ക്ക് മലയാള സിനിമ കാലങ്ങളായി നല്‍കി വരുന്നത്. അത് ഇന്നും തുടരുന്നു. കലാ മൂല്യമുള്ള നല്ല സിനിമകള്‍ മലയാളക്കരയില്‍ നിര്‍മ്മിക്കപ്പെടുന്നുണ്ട്. പക്ഷെ നല്ലത് എന്ന വിഭാഗത്തിലെ എല്ലാ സിനിമകളും ഇന്നും തഴയപ്പെടുന്നുണ്ട്. അതിന് ചെറിയ അളവില്‍ തടയിടുന്നത് സിനിമാ സൊസൈറ്റികളാണെന്ന് പറയാതിരിക്കാന്‍ പറ്റില്ല. ഇന്ത്യന്‍ ഫിലിം സൊസൈറ്റി പ്രസ്ഥാനത്തിന്‍റെ തുടക്കം മുംബൈയിലെ ഒരു സംഘം ചലച്ചിത്ര പ്രേമികളുടെ പ്രവര്‍ത്തനത്തിലൂടെ ആയിരുന്നു. ഇല്ലസ്ട്രേറ്റഡ് വീക്ള്‍ലിയുടെ പത്രാധിപരായിരുന്ന സ്റ്റാന്‍ലി ജാപ്സണിന്‍റെ നേതൃത്വത്തില്‍ ആദ്യത്തെ ഫിലിം സൊസൈറ്റി ആരംഭിക്കുന്നത് 1937-ലാണ്. കൃത്യമായ സാങ്കേതികാര്‍ത്ഥത്തില്‍ ഇന്ത്യയിലെ ആദ്യത്തെ ഫിലിം സൊസൈറ്റി 1947-ല്‍ സത്യജിത് റേ സുഹൃത്തുക്കളോടൊത്ത് സംഘടിപ്പിച്ച കല്‍ക്കത്താ ഫിലിം സൊസൈറ്റിയാണ്. കേരളത്തില്‍ 1965ല്‍ രൂപവത്കരിക്കപ്പെട്ട തിരുവന്തപുരത്തെ ചിത്രലേഖയാണ് ആദ്യത്തെ ഫിലിം സൊസൈറ്റി. വിഖ്യാത സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണനും കുളത്തൂര്‍ ഭാസ്കരന്‍ നായരും മറ്റും ചേര്‍ന്ന് തുടക്കം കുറിച്ചതാണ് ചിത്രരേഖ.
ജനകീയമായ ഇന്ത്യയിലെ സിനിമാ കൂട്ടായ്മകള്‍ക്ക് ഒരുപക്ഷേ കേരളം മാതൃകയായി എന്ന് തന്നെ പറയാം. കേരളത്തിലെ സിനിമയെ പ്രേമിക്കുന്ന ഒരു കൂട്ടം ചെറുപ്പക്കാര്‍ ചേര്‍ന്ന് ഗ്രാമങ്ങളില്‍ കേന്ദ്രീകരിച്ചുകൊണ്ട് ആരംഭിച്ച സിനിമ സൊസൈറ്റികളുടെ പ്രവര്‍ത്തനം ഇവിടെ എടുത്തു പറയേണ്ട ഒന്നാണ്. കോഴിക്കോട്ടെ അശ്വിനി ഫിലിം സൊസൈറ്റി, കാസര്‍ഗോട് പ്രവര്‍ത്തന്‍ച്ചിരുന്ന കാസര്‍ഗോഡ് ഫിലിം സൊസൈറ്റി, തൃശ്ശൂര്‍ മാസ്സ് ഫിലിം സൊസൈറ്റി, കോഴിക്കോട് ജില്ലയിലെ ചോമ്പാല ദൃശ്യ ഫിലിം സൊസൈറ്റി, മലപ്പുറത്തെ രശ്മി ഫിലിം സൊസൈറ്റി എന്നിവ ആദ്യകാല ഫിലിം സൊസൈറ്റികളില്‍ ശ്രദ്ധേയമായവയാണ്. അടിയന്തരാവസ്ഥയ്ക്കു തൊട്ട് പിന്നാലെയുണ്ടായ കലാ സാംസ്കാരിക രാഷ്ട്രീയ പ്രതിരോധത്തിന്‍റെ അന്തരീക്ഷം ഫിലിം സൊസൈറ്റികള്‍ക്ക് ഏറെ അനുകൂല സാഹചര്യങ്ങള്‍ ഒരുക്കി. മിക്കവാറും എല്ലാ കേരളീയ ഗ്രാമങ്ങളിലും ഫിലിം സൊസൈറ്റികളുടെ പ്രവര്‍ത്തനം വ്യാപിച്ച കാലഘട്ടം കൂടിയായി ഇത് മാറി. ഇത് സാംസ്കാരിക വിപ്ലവം കേരളത്തിന്‍റെ പല ഭാഗങ്ങളിലും ഉണ്ടായി. അതു മൂലം സമാനമായ രീതിയില്‍ സിനിമകള്‍ പ്രദര്‍ശിപ്പിക്കുന്ന ചെറിയ സൊസൈറ്റികള്‍ക്ക് വ്യാപകമായി രൂപം കൊള്ളുകയുണ്ടായി. അതില്‍ പ്രധാനമാണ് ജോണ്‍ എബ്രഹാമിന്‍റെ നേതൃത്വത്തില്‍ തുടക്കം കുറിച്ച ഒഡേസ. ഒഡേസ ചലചിത്ര സംഘം ജനങ്ങളില്‍ നിന്ന് പണം പിരിച്ച് നിര്‍മിച്ച അമ്മ അറിയാന്‍ എന്ന ചിത്രം ഏറെ പ്രശസ്തമാണ്. തിരുവനന്തപുരത്തെ ഐ.എസ്.ആര്‍.ഒയിലെ ശാസ്ത്രജ്ഞന്മാരായ സൂര്യ കൃഷ്ണമൂര്‍ത്തിയും, വി. കെ ജോസഫും തുടങ്ങിയവരുടെ നേതൃത്വത്തില്‍ ആരംഭിച്ച ചലച്ചിത്ര വിദേശ സിനിമകള്‍ മലയാളികളിലേക്ക് എത്തുവാന്‍ പ്രധാന കാരണമായി.
മലയാള സിനിമാ സൊസൈറ്റിയെ കുറിച്ച് ചര്‍ച്ച ചെയ്യുമ്പാള്‍ മലയാള സിനിമയുടെ തുടക്കവും ചര്‍ച്ചാ വിഷയമാക്കേണ്ടതുണ്ട്. മലയാളത്തിലെ ആദ്യത്തെ നിശ്ശബ്ദ ചിത്രമായ 'വിഗതകുമാരന്‍' പുറത്തുവന്നത് 1928ലാണ്. ഈ ചിത്രത്തിന്‍െറ കാമറാമാനും സംവിധായകനും നിര്‍മാതാവും ജെ.സി. ഡാനിയല്‍ ആയിരുന്നു. ഈ ചിത്രം സാമ്പത്തികമായി പരാജയമായിരുന്നു. 1928 നവംബര്‍ ഏഴിന് തിരുവനന്തപുരത്തെ ദ കാപിറ്റല്‍ തിയറ്ററിലാണ് 'വിഗതകുമാരന്‍' ആദ്യം പ്രദര്‍ശിപ്പിച്ചത്. മലയാളത്തിലെ രണ്ടാമത്തെ നിശ്ശബ്ദ ചിത്രം 1933ല്‍ ഇറങ്ങിയ 'മാര്‍ത്താണ്ഡവര്‍മ'യാണ്. 1938ല്‍ ടി.ആര്‍ സുന്ദര്‍ നിര്‍മ്മിച്ച 'ബാലന്‍' ആണ് മലയാളത്തിലെ ആദ്യത്തെ സംസാര ചിത്രം. പ്രണയവും പ്രവാസവും കോടതി വ്യവഹാരങ്ങളും ഒക്കെ ഇടകലര്‍ന്നതാണ് ബാലന്‍ എന്ന സിനിമ. സിനിമയുടെ വിജയത്തിന് ഇതൊക്കെ വേണമെന്ന് ബാലന്‍ എന്ന സിനിമ പിന്നീട് വന്നവര്‍ക്ക് പാഠമായി.
കേരളത്തിലെ ഗ്രാമങ്ങളില്‍ ശക്തമായ സിനിമാ കൂട്ടായ്മകളുടെ പ്രവര്‍ത്തനങ്ങളാണ് ഔദ്യോഗിക തലത്തില്‍ കേരള സര്‍ക്കാര്‍ ചലചിത്ര വികസന കോര്‍പ്പറേഷന് 1975ല്‍ തുടക്കം കുറിക്കാന്‍ കാരണം. മലയാള സിനിമയുടെ വളര്‍ച്ചയായിരുന്നു ലക്ഷ്യം. 1980ല്‍ തിരുവനന്തപുരത്തെ തിരുവല്ലം എന്ന പ്രദേശത്തെ തിരുവല്ലം കുന്നില്‍ സമ്പൂര്‍ണ്ണ സൗകര്യത്തോടുകൂടി ചലചിത്ര വികസന കോര്‍പ്പറേഷന്‍ ചിത്രാഞ്ജലി സ്റ്റുഡിയോ പ്രവര്‍ത്തനം ആരംഭിച്ചു. 1994ല്‍ കെ. കരുണാകരന്‍ മുഖ്യമന്ത്രിയായിരുന്നപ്പോഴാണ് കേരളത്തിലെ ആദ്യത്തെ ചലചിത്രമേളയ്ക്ക് ചലചിത്ര വികസന കോര്‍പ്പറേഷന്‍ നേത്യത്ത്വം കൊടുക്കുന്നത്. അന്ന് നടന്‍ സുകുമാരനായിരുന്നു ചലചിത്ര വികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍. മാനേജിങ്ങ് ഡയറക്ടര്‍ കവിയും, ഐ.എ.എസുകാരനുമായ പ്രശസ്ത സിനിമാ സംവിധായകന്‍ എം. ക്യഷ്ണന്‍ നായരുടെ മകനുമായ കെ. ജയകുമാറായിരുന്നു. ആദ്യത്തെ ചലചിത്ര മേള കോഴിക്കോടായിരുന്നു. ചിലവ് നാല് ലക്ഷം രൂപ മാത്രം.
1998 ഓഗസ്റ്റിലാണ് അക്കാദമി ആരംഭിക്കുന്നത്. സാംസ്കാരികാവിഷ്കാരമെന്ന നിലയില്‍ ചലച്ചിത്രത്തിന്‍റെ ഉന്നമനത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്ന ഇന്ത്യയിലെ ഒരേയൊരു അക്കാദമിയും ചലച്ചിത്ര അക്കാദമിയാണ്. കേരള ചലച്ചിത്ര അക്കാദമി നിലവില്‍ വന്നതോടെ ചലചിത്രമേള അക്കാദമി എറ്റെടുത്ത് നടത്തുന്നു. തിരുവനന്തപുരമാണ് മേളയുടെ സ്ഥിരം വേദിയി നിശ്ചയിച്ചത്. കോവിഡ് മഹാമാരിയുടെ സമയത്ത് 2020ല്‍ കേരളത്തിന്‍റെ പലഭാഗങ്ങളിലായി ചലചിത്ര മേള നടത്തി. 2021ലെ മേള 2022 മാര്‍ച്ച് മാസവും നടത്തി. എല്ലാ വര്‍ഷവും ഡിസംബര്‍ രണ്ടാമത്തെ വെള്ളിയാഴ്ച്ച തുടങ്ങി ഒരാഴ്ച്ചയാണ് അന്തര്‍ദ്ദേശീയ ചലച്ചിത്രോത്സവം നടക്കുന്നത്. 2022ലെ 27ാമത് രാജ്യാന്തരചലച്ചിത്ര മേളയ്ക്ക് ഡിസംബര്‍ ഒന്‍പതിന് തിരുവനന്തപുരത്ത് തിരി തെളിഞ്ഞപ്പോള്‍ 2022ലെ രണ്ടാമത്തെ ചലചിത്രമേളയായി. അതോടെ മുടക്കം കൂടാതെ വരും വര്‍ഷങ്ങളില്‍ മേള നടക്കുമെന്നായി. ഇത്തവണ 15 തിയേറ്ററുകളിലായി 185 ചിത്രങ്ങളാണ് പ്രദര്‍ശിപ്പിക്കുന്നത്. പതിമൂവായിരത്തോളം പ്രതിനിധികള്‍ക്കാണ് ഇത്തവണ മേളയില്‍ പ്രവേശനം നേടിയത്.
ചലച്ചിത്രോത്സവത്തില്‍ ഏഷ്യന്‍-ആഫ്രിക്കന്‍-ലാറ്റിനമേരിക്കന്‍ രാജ്യങ്ങളില്‍നിന്നുള്ള പുതിയ ചിത്രങ്ങളുടെ മത്സരവും ഉള്‍പ്പെടും. മൂന്നാം ലോകരാഷ്ട്രങ്ങളില്‍നിന്നുള്ള ചിത്രങ്ങള്‍ക്കാണ് മേളയില്‍ പ്രാമുഖ്യം. ലോകചിത്രങ്ങളെയും മറ്റ് ഇന്ത്യന്‍ ഭാഷാ ചിത്രങ്ങളെയും മലയാളിക്ക് പരിചയപ്പെടുത്തുക എന്നതാണ് ചലച്ചിത്രോത്സവത്തിന്‍റെ ലക്ഷ്യം. ദേശത്തും വിദേശത്തുമുള്ള പ്രമുഖരും ചലച്ചിത്രാസ്വാദകരും കേരളത്തിന്‍റെ അന്തര്‍ദ്ദേശീയ ചലച്ചിത്രോത്സവത്തെ വന്‍വിജയമാക്കുന്നു. ലോക സിനിമയില്‍ നിശ്ശബ്ദതയുടെ സൗന്ദര്യം വിളിച്ചോതുന്ന അപൂര്‍വചിത്രങ്ങളും യുദ്ധവും ജീവിതത്തിന്‍റെ അതിജീവനവും പ്രമേയമാക്കിയ സെര്‍ബിയന്‍ ചിത്രങ്ങളുമാണ് മേളയുടെ മുഖ്യ ആകര്‍ഷണം. സെര്‍ബിയയില്‍ നിന്നുള്ള ആറു ചിത്രങ്ങളാണ് മേളയില്‍ പ്രദര്‍ശിപ്പിക്കുക.
അന്താരാഷ്ട്ര മത്സര വിഭാഗം, ലോക പ്രസിദ്ധ സംവിധായകരുടെ ഏറ്റവും പുതിയ ചിത്രങ്ങള്‍ ഉള്‍പ്പെടുന്ന ലോകസിനിമാ വിഭാഗം,ക്ലാസിക്കുകളുടെ വീണ്ടെടുപ്പ് , ഇന്ത്യന്‍ സിനിമ നൗ, മലയാള സിനിമ റ്റുഡേ ,കണ്‍ട്രി ഫോക്കസ് ,ഹോമേജ് തുടങ്ങി 17 വിഭാഗങ്ങളിലായാണ് ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നത്. എഫ് ഡബ്ലിയൂ മുര്‍ണോ,എമിര്‍ കുസ്റ്റുറിക്ക ,ബേലാ താര്‍ ,അലഹാന്ദ്രോ ഹോഡറോവ്സ്കി, പോള്‍ ഷ്രെഡര്‍ എന്നിവരുടെ ചിത്രങ്ങള്‍ അടങ്ങിയ പ്രത്യേക പാക്കേജുകള്‍, സൈലന്‍റ് ഫിലിംസ് വിത്ത് ലൈവ് മ്യൂസിക് എന്നിവയും ഇത്തവണത്തെ മേളയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട് .
സംഘര്‍ഷഭരിതമായ ദേശങ്ങളിലെ ജീവിതം പകര്‍ത്തുന്ന കണ്‍ട്രി ഫോക്കസ് വിഭാഗത്തില്‍ ഇത്തവണ സെര്‍ബിയന്‍ ചിത്രങ്ങളാണ് പ്രദര്‍ശിപ്പിക്കുന്നത്. അന്തരിച്ച ഫ്രഞ്ച് സംവിധായകനായ ഴാങ് ലൂക് ഗൊദാര്‍ദ്, ടി പി രാജീവന്‍ തുടങ്ങിയവര്‍ക്ക് മേളയില്‍ ആദരമര്‍പ്പിക്കും. ലോകപ്രസിദ്ധ സംവിധായകരായ ഹോംഗ് സാങ്സു, ബഹ്മാന്‍ ഗൊബാഡി, ഹിറോഖാസു കൊറീദ, ഇറാനിയന്‍ സംവിധായകനായ ജാഫര്‍ പനാഹി, കൊറിയന്‍ സംവിധായകന്‍ കിം-കി-ഡുക്ക് തുടങ്ങിയവരുടെ ചിത്രങ്ങളും മേളയില്‍ പ്രദര്‍ശിപ്പിക്കും. സിനിമാക്കാഴ്ചകള്‍ക്കൊപ്പം സംഗീത നിശകള്‍ക്കും വേദിയൊരുക്കുന്ന ചലച്ചിത്ര മേള ഡിസംബര്‍ 16 നു സമാപിക്കും. മലയാള സിനിമാ ലോകം വളരുകയാണ്. അതിന് ഇത്തരം മേളകള്‍ കാരണമാകുന്നു. പ്രശസ്ത ചലചിത്ര സംവിധായകന്‍ രഞ്ജിത്താണ് ചലചിത്ര അക്കാദമിയുടെ നിലവിലെ ചെയര്‍മാന്‍. വൈസ് ചെയര്‍മാന്‍ പ്രേംകുമാര്‍, സെക്രട്ടറി സി.അജോയ് എന്നിവരാണ്. 27ാമത് രാജ്യാന്തരചലച്ചിത്ര മേളയുടെ ആര്‍ട്ടിസ്റ്റിക് ഡയറക്ടര്‍ ദീപിക സുശീലനാണ്.
