പാര്‍ലമെന്‍റ് സ്ട്രീറ്റ്

പാര്‍ലമെന്‍റ് സ്ട്രീറ്റ്

സുധീര്‍ നാഥ്

2022 നവംബര്‍ 15 


കേരള പവലിയന്‍ അന്താരാഷ്ട്ര വ്യാപാര മേളയില്‍ വിസ്മയമായി 


ന്യൂഡല്‍ഹി പ്രഗതി മൈതാനിയില്‍ നടന്ന ഇന്ത്യാ അന്താരാഷ്ട്ര വ്യാപാര മേളയില്‍ 6000 ചതുരശ്ര അടിയില്‍ ഒരുക്കിയ കേരള പവലിയന്‍ സന്ദര്‍ശകര്‍ക്ക് വിസ്മയമായി. മലയാളിക്ക് അഭിമാനവും. മേളയുടെ ഇത്തവണത്തെ ആശയമായ വോക്കല്‍ ഫോര്‍ ലോക്കല്‍, ലോക്കല്‍ ടു ഗ്ലോബല്‍ എന്നതിനെ അന്വര്‍ത്ഥമാക്കുന്ന പവലിയനാണ് കേരളം ഒരുക്കിയത്. ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പാണ് ഇതിന്‍റെ സംഘാടനം നിര്‍വഹിച്ചിരിക്കുന്നത്. നവംബര്‍ 14 മുതല്‍ 27 വരെ നടക്കുന്ന മേളയില്‍  73000 ചതുരശ്ര മീറ്റര്‍ വിസ്തൃതിയിലാണ് പവലിയനുകള്‍ സജ്ജീകരിച്ചിരിക്കുന്നത്. ബീഹാര്‍, ജാര്‍ഖണ്ഡ്, മഹാരാഷ്ട്ര എന്നിവ പാര്‍ട്നര്‍ സംസ്ഥാനങ്ങളായിരുന്നു. ഉത്തര്‍പ്രദേശിനൊപ്പം കേരളവും ഇത്തവണ ഫോക്കസ് സംസ്ഥാനമായിരുന്നു. പ്രഗതി മൈതാനത്തെ അഞ്ചാം നമ്പര്‍ ഹാളിന്‍റെ ഒന്നാം നിലയിലാണ് കേരള പവലിയന്‍ ഒരുക്കിയിരുന്നത്. കേരളത്തിന്‍റെ സുഗന്ധവ്യഞ്ജനങ്ങളുമായി തിരകള്‍ മുറിച്ചു നീങ്ങുന്ന കൂറ്റന്‍ ഉരുവാണ് പ്രവേശന കവാടത്തിലെ മുഖ്യ ആകര്‍ഷണമായത്. ഇതിനു താഴെയായി തൂണുകളില്‍ കേരളത്തിന്‍റെ ഏലം, കുരുമുളക് എന്നിവ ഒരുക്കിയിരിക്കുന്നു. പണ്ടുകാലം മുതല്‍ക്കേ വിദേശ രാജ്യങ്ങളുമായുള്ള കേരളത്തിന്‍റെ വ്യാപാര ബന്ധത്തെയാണ് ഇതിലൂടെ വ്യക്തമാക്കുന്നത്. ഇന്നും അന്തര്‍ദ്ദേശീയ തലത്തില്‍ കേരളം എന്ന ബ്രാന്‍ഡിനുള്ള പ്രാധാന്യം വിളിച്ചോതുന്ന തരത്തിലാണ് പവലിയന്‍ സജ്ജീകരിച്ചിരിക്കുന്നത്. ഭൗമ സൂചികയിലുള്ള കേരളത്തിന്‍റെ ഉത്പന്നങ്ങളുടെ വിശദാംശം പവലിയനില്‍ ലഭ്യമാണ്. കേരളത്തിന്‍റെ തനതു വാസ്തുശില്‍പ മാതൃകയിലാണ് പവലിയന്‍ രൂപകല്‍പന ചെയ്തിരിക്കുന്നത്. തുടര്‍ച്ചയായ ഇരുപത്തഞ്ചാം തവണയും കേരളത്തിന് വേണ്ടി പവലിയന്‍ രൂപകല്‍പന ചെയ്തിരിക്കുന്നത് തിരുവനന്തപുരം സ്വദേശി ആര്‍ട്ടിസ്റ്റ് ജിനനാണ്. തീം സ്റ്റാളുകളും, കൊമേഷ്യല്‍ സ്റ്റാളുകളും പ്രത്യേകമായി തിരിച്ചിരുന്നു. അകത്തെ സ്റ്റാളുകള്‍ക്കു പുറമെ പുറത്തെ ഇടനാഴികളിലായി കോഴിക്കോട് മിഠായി തെരുവിന്‍റെ മാതൃകയിലാണ് സ്റ്റാളുകള്‍ സജ്ജീകരിച്ചിരുന്നത്. പ്രവേശന കവാടം കടന്നാലുടന്‍ കാണുക വിവിധ കലാകരന്‍മാരുടെ കരവിരുതാണ്. ഇതിനായി ഒരുക്കിയ പടിപ്പുരയില്‍ ആറന്‍മുള കണ്ണാടി, ഉരുവിന്‍റെ ചെറിയ മാതൃകകള്‍, ചുവര്‍ചിത്രകല, ചെറിയ കഥകളി രൂപങ്ങള്‍, പാവക്കൂത്ത് കോലങ്ങള്‍, കളിമണ്‍ പ്രതിമകള്‍, ചെണ്ട, ഇടയ്ക്ക എന്നിവയുടെ ചെറു രൂപങ്ങള്‍, പായ നെയ്ത്ത് എന്നിവയുടെ നിര്‍മാണം നേരിട്ട് കാണാമായിരുന്നു. ഇതിനു ചുറ്റിലുമായാണ് തീം സ്റ്റാളുകള്‍. ടൂറിസം, കൃഷി, സഹകരണം, കയര്‍, തദ്ദേശ സ്വയംഭരണം, ഫിഷറീസ്, വനം, കുടുംബശ്രീ, ഹാന്‍ഡ്ലൂം തുടങ്ങിയ സ്റ്റാളുകള്‍. കേരഫെഡ്, പട്ടികവര്‍ഗ വികസനം, ഔഷധി, ഹാന്‍വീവ്, ഹാന്‍ഡ്ലൂം വിവേഴ്സ് കോഓപ്പറേറ്റീവ് സൊസൈറ്റി, മാര്‍ക്കറ്റ് ഫെഡ്, സഹകരണ വകുപ്പ്, ഗ്രാമവികസന വകുപ്പ്, കൈരളി എന്നിവയുടെ വില്‍പന സ്റ്റാളുകളാണ് പവലിയനിനകത്തുള്ളത്. സംസ്ഥാന ബാംബൂ മിഷന്‍, ആര്‍ട്സ് ആന്‍റ് ക്രാഫ്റ്റ് വില്ലേജ്, ഖാദി ആന്‍റ് വില്ലേജ് ഇന്‍ഡസ്ട്രീസ്, സംസ്ഥാന കയര്‍ കോര്‍പറേഷന്‍, തദ്ദേശ സ്വയംഭരണ വകുപ്പ്, വ്യവസായ വകുപ്പ്, സാഫ്, മത്സ്യഫെഡ്, കെ.എസ്. സി.എ.ഡി.സി, കുടുംബശ്രീ, സാംസ്കാരിക വകുപ്പ് എന്നിവയുടെ വില്‍പനശാലകള്‍ പവലിയന് ചുറ്റിലുമായി സജ്ജീകരിച്ചിരിച്ചിരുന്നു. വ്യത്യസ്ത കേരള രുചികളുമായി കുടുംബശ്രീ, സാഫ് എന്നിവരുടെ ഫുഡ് കോര്‍ട്ടുകളും മേളയിലുണ്ടായിരുന്നു. അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ്, ബഹ്റൈന്‍, ബെലാറസ്, ഇറാന്‍, നേപ്പാള്‍, തുര്‍ക്കി, യു.എ.ഇ ഉള്‍പ്പെടെ പന്ത്രണ്ട് വിദേശരാജ്യങ്ങളുടെ പങ്കാളിത്തവും മേളയിലുണ്ട്. 

ബാലഗോപാല്‍ ഡല്‍ഹിയില്‍ കേരളത്തിന്‍റെ പ്രതിരൂപമായി 

ദില്ലിയിലെ പ്രഗതി മൈതാനിയില്‍ നടക്കുന്ന ഇന്ത്യ ഇന്‍റര്‍നാഷണല്‍ ടേഡ്ര് ഫെയറില്‍ ഫോക്കസ് സ്റ്റേറ്റായ കേരളത്തിന്‍റെ പവലിയന്‍ ഉദ്ഘാടനം ചെയ്യാന്‍ നിയോഗിക്കപ്പെട്ടത് ധനകാര്യ മന്ത്രി കെ.എന്‍. ബാലഗോപാലാണ്. ട്രേഡ് ഫെയറിന്‍റെ പ്രധാന ഉദ്ഘാടന വേദിയില്‍ കേരളത്തെ പ്രതിനിധീകരിച്ച് പങ്കെടുത്തതും ധനകാര്യ മന്ത്രി കെ.എന്‍. ബാലഗോപാല്‍ തന്നെ. ബാലഗോപാലിന്‍റെ ദില്ലി രാജധാനിയിലെ സാന്നിധ്യം അതിശക്തമായ ഒരു രാഷ്ട്രീയ സന്ദേശമാണ് പൊതു സമൂഹത്തിന് നല്‍കുന്നത്. ഗവര്‍ണറുമായി കേരളത്തില്‍ നടക്കുന്ന തര്‍ക്കത്തിലെ പ്രധാന കണ്ണിയാണ് ബാലഗോപാല്‍. ബാലഗോപാല്‍ രാജ്യദ്രോഹ പരാമര്‍ം നടത്തിയെന്ന പരാതി ഗവര്‍ണര്‍ ഉയര്‍ത്തിയിരുന്നു. രാഷ്ട്രീയമായി ഏറെ ചര്‍ച്ച ചെയ്യപ്പെട്ട സംഭവമായിരുന്നു അത്. സര്‍ക്കാരും പാര്‍ട്ടിയും ബാലഗോപാലിന്‍റെ കൂടെ തന്നെ നിന്നു. ഈ ഒരു സാഹചര്യത്തിലായിരുന്നു ഡല്‍ഹിയിലെ ബാലഗോപാലിന്‍റെ കേരളത്തെ പ്രതിനിധീകരിച്ച പരിപാടികള്‍. ഗവര്‍ണറുമായി മുഖാമുഖം നില്‍ക്കുന്ന കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാരിന്‍റെ അടിയുറച്ച നിലപാടിന്‍റെ നിദര്‍ശനം കൂടിയാണ് ബാലഗോപാലിനെ തന്നെ കേരളത്തിന്‍റെ പ്രതിനിധിയായി ഡല്‍ഹിക്ക് അയച്ചത് വഴി ഉണ്ടായത്. ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട ഒരു സര്‍ക്കാരിന് ഗവര്‍ണര്‍ എന്ന കൊളോണിയല്‍ ചാരു കസാലയുടെ പ്രീതി ആവശ്യമില്ലെന്ന ധീരമായ പ്രഖ്യാപനമാണ് കേരള പവലിയനില്‍ ബാലഗോപാല്‍ വിളക്ക് തെളിക്കുമ്പോള്‍ ഉയര്‍ന്നു കേട്ടതെന്നും, ജനാധിപത്യ വിരുദ്ധവും സ്വേച്ഛാധിപത്യപരവുമായ നടപടികള്‍ക്കെതിരെ ലക്ഷം മനുഷ്യര്‍ രാജ്ഭവനെന്ന രാവണന്‍കോട്ടയെ വളഞ്ഞു വയ്ക്കുമ്പോള്‍ പ്രതിരോധത്തിന്‍റെ ഡല്‍ഹിയിലെ പ്രതീകമാണ് ബാലഗോപാലെന്ന് പാര്‍ട്ടി വ്യത്തങ്ങള്‍ പറയുന്നു. ആയാറാം ഗയാറാം രാഷ്ട്രീയത്തിന്‍റെ അറ്റം പറ്റി നില്‍ക്കുന്ന ആരിഫ് മൊഹമ്മദ് ഖാന് കേരളമെന്തെന്ന് ബോധ്യപ്പെടാന്‍ ഇത്തരം പ്രതീകാത്മക ചെറുത്തു നില്‍പ്പുകള്‍ ഇനിയും ഉണ്ടാകുമെന്ന് അവര്‍ പറയുന്നതില്‍ കാര്യമില്ലാതില്ല.

സജ്ജീവിന്‍റെ വരകള്‍ക്ക് നികുതിയിളവ്...! 

പ്രഗതി മൈതാനിയില്‍ നടക്കുന്ന ഇന്ത്യ ഇന്‍റര്‍നാഷണല്‍ ടേഡ്ര് ഫെയറില്‍ ഇന്‍കം ടാക്സ് പവലിയനില്‍ സന്ദര്‍ശിക്കുന്നവരില്‍ ഭാഗ്യവാന്‍മാര്‍ക്ക് സ്വന്തം കാരിക്കേച്ചര്‍ സ്വന്തമാക്കാം. ഇന്‍കം ടാക്സ് വകുപ്പിന്‍റെ കൊച്ചിയിലെ ജോയിന്‍റ് കമ്മിഷ്ണര്‍ കൂടിയായ പ്രശസ്ത കാരിക്കേച്ചറിസ്റ്റ്  ബി. സജ്ജീവ് അവിടെ സന്ദര്‍ശകരുടെ കാരിക്കേച്ചര്‍ വരച്ച് സമ്മാനിക്കുന്നത് കാണാം. സ്വന്തം മുഖം കാരിക്കേച്ചറില്‍ കണ്ട് അമ്പട ഞാനേ എന്ന് പറയുന്ന ജനങ്ങളുടെ മുഖം കാണേണ്ടത് തന്നെയാണ്. എല്ലാ വര്‍ഷവും പ്രഗതി മൈതാനിയില്‍ ഇന്‍കം ടാക്സ് പവലിയനില്‍ സജീവ് എത്താറുണ്ട്. ഇത്തവണ ഔദ്യോഗികമായി ജോലിയുടെ ഭാഗമായുള്ള അവസാന സന്ദര്‍ശനമാണെന്ന് അദ്ദേഹം തന്നെ പറയുന്നു. 2023 ഒക്ടോബര്‍ 31ന് അദ്ദേഹം ഇന്‍കം ടാക്സ് വകുപ്പില്‍ നിന്ന് വിരമിക്കുകയാണ്. ഒരു ദിവസം ശരാശരി 500 സന്ദര്‍ശകരുടെ മുഖം അദ്ദേഹം കാരിക്കേച്ചറാക്കുന്നു. ഇന്ത്യയിലെ ഏറ്റവും വേഗത കൂടിയ സജ്ജീവ് വരയ്ക്കുന്നത് കാണുവാന്‍ തന്നെ നൂറ് കണക്കിന് ജനങ്ങള്‍ എത്തുന്നുണ്ട്.

കൃഷ്ണാര്‍ജുനന്‍മാര്‍ക്കൊപ്പം ശിവന്‍ ഡല്‍ഹിയില്‍... 

ശ്രീകൃഷ്ണനും ഉറ്റ ചങ്ങാതി അര്‍ജുനനും ഒപ്പം ആര്‍ട്ടിസ്റ്റ് ശിവനും പ്രഗതി മൈതാനിയിലെ കേരള പവിലിയനില്‍ എത്തി. അന്താരാഷ്ട്ര വാണിജ്യ മേളയിലെ കേരള പവിലിയനിലാണ് കൗതുകം പകരുന്ന കരകൗശലത്തില്‍ തെളിഞ്ഞ ഈ സൗഹൃദ സ്യഷ്ടി. കൃഷ്ണന്‍റെയും അര്‍ജുനന്‍റെയും കഥകളി രൂപങ്ങളാണ് തിരുവനന്തപുരം പൂജപ്പുര തമലം ശാരു നിവാസില്‍ ശിവന്‍റെ കരുവിരുതില്‍ കമനീയത പകരുന്നത്. ശിവനെ ഡല്‍ഹി മലയാളികള്‍ക്കും മറ്റ് സുഹൃത്തുക്കള്‍ക്കും പ്രത്യേകം പരിചയപ്പെടുത്തേണ്ടതില്ല. 37 വര്‍ഷം ശങ്കേഴ്സ് മ്യൂസിയത്തിലെ കലാകാരനായിരുന്നു. 1970ല്‍ കാര്‍ട്ടൂണിസ്റ്റ് ശങ്കറിന്‍റെ നിര്‍ദേശപ്രകാരമാണ് ശിവന്‍ ഇന്ത്യന്‍ തനിമയുള്ള പാവ നിര്‍മ്മാണ രംഗത്ത് എത്തുന്നത്. 2005നു ശേഷം നാട്ടിലേക്ക് താമസം മാറ്റുകയായിരുന്നു. ഇപ്പോള്‍ സെക്രട്ടേറിയറ്റിന് സമീപത്തുള്ള എസ്.എം.എസ്.എം ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് കലാസൃഷ്ടികള്‍ തയ്യാറാക്കി നല്‍കുന്നു. കോവളം ക്രാഫ്റ്റ് വില്ലേജിലെ കലാകാരന്‍മാര്‍ക്ക് പരിശീലനവും നല്‍കിയിട്ടുണ്ട്. സംസ്ഥാന സര്‍ക്കാരിന്‍റെ വിദ്യാഭ്യാസ ചാനലായ വിക്ടേഴ്സിന്‍റെ മേക്കപ്പ്മാന്‍ ആയും പ്രവര്‍ത്തിക്കുന്നു. പേപ്പര്‍ ഉപയോഗിച്ചാണ് കഥകളി രൂപങ്ങളുടെ ഘടന തയാറാക്കുന്നത്. സാധാരണ ഗതിയില്‍ അഞ്ചെണ്ണം വരെ ഒന്നിച്ചു നിര്‍മിക്കാറുണ്ട്. ഇതിന് രണ്ടു മാസം വരെ വേണമെന്ന് ശിവന്‍ പറഞ്ഞു. കഥകളി വേഷത്തിലെ മുത്തുമാലകള്‍ വരെ കോര്‍ത്തെടുക്കുന്നു. വേഷങ്ങള്‍ ഇതിനൊപ്പം തയാറാക്കിയെടുക്കുകയും പിന്നീട് പേപ്പര്‍ കുഴമ്പും കമ്പിയും ഉപയോഗിച്ച് രൂപഘടനയും ഉണ്ടാക്കുന്നു. ശേഷം വേഷങ്ങള്‍ അണിയിക്കുന്നതോടെ കഥകളി രൂപം പൂര്‍ണമാകുന്നു. കൃഷ്ണവേഷം ഭക്തിയും അര്‍ജുന വേഷത്തെ കലാരൂപവുമെന്ന നിലയിലാണ് കാഴ്ചക്കാര്‍ സമീപിക്കുന്നതെന്ന് ശിവന്‍ പറഞ്ഞു. 800 രൂപ മുതലാണ് കഥകളി വേഷങ്ങള്‍ക്കു വില. വിദേശികള്‍ക്കും മറ്റ് സംസ്ഥാനക്കാര്‍ക്കും ഏറെ പ്രിയങ്കരമാണ് കേരളത്തിന്‍റെ കഥകളിയും കഥകളി വേഷ രൂപങ്ങളും.