പാര്‍ലമെന്‍റ് സ്ട്രീറ്റ്

പാര്‍ലമെന്‍റ് സ്ട്രീറ്റ്

സുധീര്‍ നാഥ്

2022 നവംബര്‍ 01 


തിണയും, സര്‍ഗാത്സവവും കലയുടെ മാമാങ്ക നാളുകള്‍

പബ്ലിക് റിലേഷന്‍സ് വകുപ്പിന്‍റെയുംകേരള ഹൗസിന്‍റെയും ആഭിമുഖ്യത്തില്‍ നടത്തുന്ന 'തിണ' കലോത്സവം ഡല്‍ഹി- എന്‍.സി.ആറിലെയും സമീപ സംസ്ഥാനങ്ങളിലെയും  സര്‍വകലാശാലകളില്‍ പഠിക്കുന്ന മലയാളി വിദ്യാര്‍ത്ഥികള്‍ക്കുള്ള കലോത്സവമാണ്. കേരളഹൗസില്‍ നടന്ന ചടങ്ങ് മുന്‍ സാംസ്കാരിക വകുപ്പ് മന്ത്രി എം.എ ബേബിയാണ് ഉദ്ഘാടനം ചെയ്തത്. തിണ ദില്ലി കലോത്സവത്തില്‍ കലാമത്സരങ്ങളില്‍ മാറ്റുരയ്ക്കുന്നത് 527 പേരാണെങ്കിലും, ആയിരത്തിലേറെ മലയാളി വിദ്യര്‍ത്ഥികളാണ് കലോത്സവ വേദിയിലെത്തിയത്. കേരള ഹൗസിലും കാനിങ്ങ് റോഡിലെ കേരള സ്ക്കൂളിലുമായാണ് മത്സരങ്ങള്‍ നടന്നത്. മലയാള കവിതാ ആലാപനത്തിന് 30 പേര്‍, കവിതാ രചനയ്ക്ക് 40 പേര്‍, കഥാ രചനയ്ക്ക് 50 പേര്‍ പങ്കെടുത്തു. മലയാള ഭാഷയ്ക്ക് യുവ തലമുറ ശക്തി പകരുന്നു എന്ന് തന്നെയാണ് ഇത് തെളിയിക്കുന്നത്. മത്സര ഇനങ്ങള്‍ അധികമില്ലെങ്കിലും ആദ്യമായി നടന്ന തിണ കലോത്സവം കുട്ടികള്‍ നെഞ്ചേറ്റി കഴിഞ്ഞു. രാജ്യത്തെ ഏറ്റവും ശക്തമായ മലയാളികളുടെ സാംസ്കാരിക കൂട്ടായ്മ ജനസംസ്ക്യതി പ്രവാസികളായ മലയാളികളുടെ മക്കളുടെ കലാ വികസനത്തിന് വേണ്ടി ഒരുക്കുന്നതാണ് സര്‍ഗോത്സവം. കേരളത്തിന് പുറത്ത് മലയാളികളുടെ ഏറ്റവും വലിയ കലോത്സവമാണ് സര്‍ഗോത്സവം. ജനസംസ്ക്യതിയുടെ മേഖലാ തലത്തില്‍ നടത്തിയ മത്സരത്തില്‍ വിജയിച്ചവരെയാണ് കേന്ദ്ര തലത്തില്‍ നടത്തുന്ന സര്‍ഗോത്സവത്തില്‍ പങ്കെടുപ്പിക്കുന്നത്. തിണയില്‍ കോളേജ് വിദ്യാര്‍ത്ഥി വിഭാഗത്തിന് മാത്രമായിരുന്നു മത്സരം. സര്‍ഗോത്സവത്തില്‍ 31 ഇനങ്ങളില്‍ ആറ് വിഭാഗമായാണ് മത്സരം. സബ് ജൂനിയര്‍, ജൂനിയര്‍, സീനിയര്‍, യൂത്ത്, യൂത്ത് പ്രൈം, യെല്‍ഡേഴ്സ് എന്നിങ്ങനെയാണ് ആറ് വിഭാഗങ്ങള്‍. കേരളത്തില്‍ നടക്കുന്ന വാശിയും വീറും സര്‍ഗോത്സവത്തിലും നിഴലിക്കാറുണ്ട്. 2005 മുതല്‍ തുടര്‍ച്ചയായി നടക്കുന്ന സര്‍ഗോത്സവം പ്രവാസ ലോകത്തെ ചരിത്ര സംഭവമാണ്. 2018ലെ വെള്ളപ്പൊക്കത്തെ തുടര്‍ന്ന് രചനാ മത്സരം മാത്രം നടത്തിയും, കോവിഡ് കാലത്ത് ഓണ്‍ലൈനായി സര്‍ഗോത്സവം നടത്തിയതും എടുത്ത് പറയേണ്ടതാണ്. എന്തായാലും തിണയും സര്‍ഗോത്സവവും, രാജ്യതലസ്ഥാനത്തെ പ്രവാസി മലയാളികളുടെ കലാ മാമാങ്കമാകുകയാണ്.

പെണ്‍ പെരുമ പ്രകാശനം ചെയ്തു

ഡല്‍ഹി കലാ സാംസ്കാരിക രംഗത്ത് നിറ സാനിധ്യമായ ജോയ് കൊന്നയില്‍ രജിച്ച പെണ്‍ പെരുമ ജസ്റ്റിസ് കുര്യന്‍ ജോസഫ് ഡല്‍ഹി കേരള ഹൗസ് ഹാളില്‍ നടന്ന ചടങ്ങില്‍ മട്ടന്നൂര്‍ ശങ്കരന്‍ കുട്ടി മാരാര്‍ക്ക് നല്‍കി പ്രകാശനം ചെയ്തു. കോവിഡ് മഹാമാരി കാലത്ത് ബൈബിളിലെ 14 സ്ത്രീ കഥാപാത്രങ്ങളെ വിഷയമാക്കി ജോയ് കൊന്നയില്‍ രചിച്ച പുസ്തകമാണ് പെണ്‍ പെരുമ. കോവിഡ് കാലത്ത് ഒട്ടേറെ പേര്‍ അവരുടെ കഴിവുകള്‍ അറിഞ്ഞോ അറിയാതെയോ പുറം ലോകത്ത് എത്തിച്ചു. ചിലര്‍ മനോഹരമായി പാട്ടുകള്‍ പാടി. മുന്‍പ് പാട്ടുകള്‍ മനസില്‍ പാടി നടന്നവരാണ് അവര്‍. പൊതു വേദികളില്‍ ഒരിക്കല്‍ പോലും അവര്‍ പാടിയിരിക്കില്ല. ചിലര്‍ കോവിഡ് കാലത്ത് കാന്‍വാസും ബ്രഷുമായി ചിത്രകലയിലേയ്ക്ക് ഇറങ്ങി. മറ്റു ചിലര്‍ സാഹിത്യ രംഗത്താണ് പരീക്ഷണം നടത്തിയത്. ചിലര്‍ കഥകളെഴുതി, ചിലര്‍ കവിതകളെഴുതി, ചിലര്‍ ലേഖനങ്ങളെഴുതി. മറ്റുചിലര്‍ ഓര്‍മ്മകുറിപ്പുകള്‍ എഴുതി. സാമൂഹ്യ മാധ്യമങ്ങള്‍ സൗജന്യമായി മിക്കവരുടേയും കഴിവുകള്‍ പ്രദര്‍ശിപ്പിച്ചു. അങ്ങനെ കോവിഡ്കാലത്ത് ജോയ് കൊന്നയിലെഴുതിയ രചനകള്‍ പുസ്തകരൂപത്തിലായതാണ് പ്രകാശിതമായത്. ബൈബിളില്‍ മാത്രമല്ല എല്ലാ മതഗ്രന്ഥങ്ങളിലും ശ്രദ്ധിക്കപ്പെടാത്ത ഒട്ടേറെ സ്ത്രീകഥാപാത്രങ്ങളുണ്ട്. രാമായണത്തില്‍ ലക്ഷമണന്‍റെ ഭാര്യയായ ഊര്‍വ്വശിയെ സാധാരണ കാര്യമായി എവിടേയും പരാമര്‍ശിക്കാറില്ല. അതുപോലെ ഒട്ടേറെ സ്ത്രീകഥാപാത്രങ്ങള്‍ ചര്‍ച്ചചെയ്യപ്പെടാതെ പോകുന്നു. ബൈബിളിലെ സ്ത്രീ കഥാപാത്രങ്ങളെ ജോയ് കൊന്നയില്‍ എഴുതി സമൂഹത്തിന്‍റെ ശ്രദ്ധയില്‍ കൊണ്ടു വന്നത് പോലെ ഐതീഹ്യങ്ങളിലെ അറിയപ്പെടാത്ത കഥാപാത്രങ്ങളെ വരും കാലങ്ങളില്‍ സാഹിത്യ ലോകം വെളിച്ചത്ത് കൊണ്ടുവരും.

ഫോട്ടോഗ്രാഫിയില്‍ മലയാള തിളക്കം 


ന്യൂഡല്‍ഹിയില്‍ സ്ടെയിന്‍ലെസ്സ് ഗാലറിയില്‍ ലോകപ്രശസ്ത ഫോട്ടോഗ്രാഫി, ചിത്രകലാ എക്സിബിഷനായ സഫര്‍നാമ വിഷ്വല്‍ എക്സിബിഷനില്‍ മലയാളികളായ അനീഷ് ഭാസ്ക്കരന്‍, അജിത്ത് ജി മണിയന്‍ എന്നിവരുടെ ഫോട്ടോകള്‍ തിരഞ്ഞെടുക്കുകയും അത്  പ്രദര്‍ശിപ്പിക്കുകയും ഉണ്ടായി. മലയാളി ഫോട്ടോഗ്രാഫര്‍ക്ക് ലഭിക്കുന്ന അപൂര്‍വ്വ നേട്ടമാണിത്. ഡല്‍ഹി പോലീസില്‍ ഉദ്യേഗസ്ഥനാണ് കോട്ടയം സ്വദേശിയായ അനിഷ് ഭാസ്ക്കര്‍. കേന്ദ്ര സര്‍ക്കാരിന്‍റെ സോങ്ങ് ആന്‍റ് ഡ്രാമ ഡിവിഷനിലെ അഭിനേതാവാണ് കണ്ണൂര്‍ സ്വദേശിയായ അജിത്ത് ജി മണിയന്‍. അനീഷ് ഭാസ്ക്കരിന് വന്യജീവി ഫോട്ടോ വിഭാഗത്തില്‍ സ്വര്‍ണ്ണമെഡല്‍ കരസ്ഥമാക്കി. കലാസാംസ്കാരിക വിഭാഗത്തില്‍ അജിത്ത് ജി മണിയനും സമ്മാനം നേടി. രണ്‍തംപൂര്‍ കടുവ സങ്കേതത്തില്‍ നിന്നും, ജലാന വന്യജീവി മേഖലയിലെ പുലിയേയും ഫോട്ടോകളിലാക്കിയതാണ് അനീഷ് ഭാസ്ക്കരുടെ ഫോട്ടോകള്‍. കഥകളിയാണ് അജിത്ത് മണിയന്‍റെ ഫോട്ടായ്ക്ക് ആദാരം. ഇന്ത്യ ആര്‍ട്ട് ഫൗണ്ടേഷനാണ് സഫര്‍നാമ എന്ന പ്രദര്‍ശനം ഒരുക്കിയത്. ആയിരക്കണക്കിന് ജനങ്ങള്‍ പ്രദര്‍ശനം കാണുവാന്‍ എത്തിയിരുന്നു. ഇന്നോവീസ് ഇന്‍റര്‍നാഷ്ണല്‍ ഇവന്‍ന്‍റ്സ് നടത്തിയ വന്യജീവി ഫോട്ടോഗ്രാഫി മത്സരത്തില്‍ വടകര സ്വദേശി മനോജ് നായര്‍ രണ്ടാം സ്ഥാനം കരസ്ഥമാക്കി. ഉത്തര്‍ പ്രദേശിലെ ധനോരി വെറ്റ്ലാന്‍റിലെ ഫോട്ടോകള്‍ക്കാണ് മനോജ് നായര്‍ക്ക് സമ്മാനം നേടികൊടുത്തത്. മൂന്ന് പേരും ഒരുമിച്ചാണ് മിക്കവാറും ഫോട്ടോകള്‍ എടുക്കാന്‍ പോകാറുള്ളത്. ഡല്‍ഹിയില്‍ ശക്തമായ ഫോട്ടോഗ്രാഫിയില്‍ താത്പര്യമുള്ളവരുടെ കൂട്ടായ്മയുണ്ട്. മൂന്ന് പേരും ഫോട്ടോഗ്രാഫി ഹോബിയായി കൊണ്ടു നടക്കുന്നവരാണ് എന്ന വിശേഷണവും ഉണ്ട്. 

ഡല്‍ഹി പൂരം 2023 ഫെബ്രുവരി 26 ന്

2006 മുതല്‍ ഡല്‍ഹി മലയാളികള്‍ക്കിടയില്‍ വര്‍ഷങ്ങളുടെ ഇടവേളകളോടെ നടത്തിവരുന്ന പഞ്ചവാദ്യ ട്രസ്റ്റ് ഒരുക്കുന്ന ഡല്‍ഹി പൂരം 2023 ഫെബ്രുവരി 26 ന് നടക്കും. നാലാം തവണ നടക്കുന്ന ഡല്‍ഹി പൂരം ന്യൂ ഡല്‍ഹിയില്‍ വെച്ചാണ് നടക്കുക. ഡല്‍ഹി പൂരത്തിന്‍റെ ലോഗോ പ്രകാശനവും തിയതി പ്രഖ്യാപനവും ഡല്‍ഹി കേരള ഹൗസില്‍ നടന്നു. ജസ്റ്റിസ് കുര്യന്‍ ജോസഫാണ് ലോഗോ പ്രകാശനവും തിയതി പ്രഖ്യാപനവും നടത്തിയത്. ഡല്‍ഹി പഞ്ചവാദ്യ ട്രസ്റ്റ് ചെയര്‍മാന്‍ മട്ടന്നൂര്‍ ശങ്കരന്‍കുട്ടി മാരാര്‍ ചടങ്ങിന് അദ്ധ്യക്ഷനായിരുന്നു. 2006 ല്‍ കേരള ഹൗസില്‍ ആദ്യ ഡല്‍ഹി പൂരം നടന്നപ്പോള്‍ ജിമ്മി ജോര്‍ജായിരുന്നു ചെയര്‍മാന്‍. പ്രതിരോധ മന്ത്രിയായിരുന്ന എ. കെ. ആന്‍റണി, ഡോക്ടര്‍ കരണ്‍ സിംഗ്, പ്രൊഫ: ഓംചേരി എന്‍. എന്‍. പിള്ള തുടങ്ങിയവര്‍ മുഖ്യാതിഥികളായി പങ്കെടുത്ത ചടങ്ങില്‍ ആയിര കണക്കിന് പ്രവാസി മലയാളികള്‍ പങ്കെടുത്തു. രണ്ടാമത്തെ പൂരം മയൂര്‍ വിഹാര്‍ ഫേസ് ഒന്നിലും, മൂന്നാമത്തെ പൂരം ദില്‍ഷാദ് ഗാര്‍ഡനിലുമാണ് നടന്നത്. മട്ടന്നൂരും നടന്‍ ജയറാമും ചേര്‍ന്ന് ഒരുക്കിയ മേളമായിരുന്നു മൂന്നാം പൂരത്തിന്‍റെ ശ്രദ്ധേയം. ഇക്കുറി പൂരം ചമയ പ്രദര്‍ശനം ഒരുക്കുമെന്ന് ഡല്‍ഹി പൂരം ചീഫ് കോഡിനേറ്റര്‍ ഡോ: ചെറുതാഴം കുഞ്ഞിരാമമാരാര്‍ പറഞ്ഞു. പ്രവാസി മലയാളികള്‍ക്ക് ഗ്രഹാതുരത്വം ഉണ്ടാക്കുന്ന പൂരത്തിന്‍റെ നടത്തിപ്പാനായി കേരളത്തില്‍ നിന്ന് മാത്രം നൂറോളം വാദ്യകലാകാരന്‍മാര്‍ എത്തും. 

ഡോക്ടര്‍ ആന്‍റണി തോമസ് എന്ന രാരിച്ചന്‍ 

ഡോക്ടര്‍ ആന്‍റണി തോമസ് നിര്യാതനായി. അന്‍പത് വയസ് മാത്രം പ്രായമുള്ള ഡോക്ടറുടെ വേര്‍പാട് രാജ്യ തലസ്ഥാനത്തും ചുറ്റിനുമുള്ള പ്രവാസി മലയാളികള്‍ക്ക് ഏറെ വേദനയുണ്ടാക്കി. അദ്ദേഹത്തെ അറിയുന്ന ഡല്‍ഹി മലയാളികളൊക്കെ ദുഖ:ത്തിലാണ്. അതിന് കാരണമുണ്ട്. പണത്തോട് ആര്‍ത്തിയില്ലാത്ത, വൈദ്യരംഗത്തെ അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ മാന്യനായിരുന്നു ഡോക്ടര്‍. പാവങ്ങളുടെ ഡോക്ടര്‍ എന്ന പേരും അദ്ദേഹത്തിന് ജനങ്ങള്‍ നല്‍കിയിരുന്നു. മലയാളികള്‍ മാത്രമല്ല, മറ്റ് സംസ്ഥാനക്കാരെല്ലാം അദ്ദേഹത്തിന്‍റെ സേവനം സ്വീകരിച്ചവരായിരുന്നു. അതുകൊണ്ട് ഡോക്ടറുടെ വേര്‍പാട് പ്രവാസി മലയാളികള്‍ക്ക് മാത്രമല്ല വേദന ഉണ്ടാക്കിയിട്ടുണ്ടാവുക. കോവിഡ് കാലത്ത് അദ്ദേഹം വടക്കേ ഇന്ത്യയിലെ സമൂഹത്തിന് നല്‍കിയ സേവനം മറക്കുവാന്‍ പറ്റുന്നതായിരുന്നില്ല. പാവങ്ങളുടെ പ്രിയ ഡോക്ടറായിരുന്ന അദ്ദേഹം സ്വയം മറന്ന് ആദുരസേവനത്തിന് ഇറങ്ങുകയായിരുന്നു. വൃക്ക രോഗവുമായി മല്ലിട്ട് ഡയാലിസിസ് നടത്തുന്ന സമയത്ത് പോലും ഹ്യദ്രോഗിയെ രക്ഷിച്ച ഡോക്ടറുടെ സേവനം വേറിട്ട് നില്‍ക്കുന്നു. ആലപ്പുഴ ജില്ലയിലെ നെടുമുടി നാടികത്തിറ സ്വദേശിയാണ് ഡോക്ടര്‍ ആന്‍റണി തോമസ്. ചെമ്പക്കുളം സെന്‍റ് മേരീസ് സെമിത്തേരിയില്‍ സംസ്കാരം നടത്തി.