കാര്‍ട്ടൂണുകളുടെ പ്രതിസന്ധി

കാര്‍ട്ടൂണുകളുടെ പ്രതിസന്ധി

വിജയ് ചൗക്ക്

സുധീര്‍ നാഥ് 


വിമര്‍ശന കലയാണ് കാര്‍ട്ടൂണ്‍ എന്നുള്ള കാര്യത്തില്‍ ആര്‍ക്കും സംശയമില്ല. എന്നാല്‍ വിമര്‍ശന കലയായ കാര്‍ട്ടൂണിനെ പഴയതുപോലെ പുതിയ സമൂഹം അംഗീകരിക്കുന്നുണ്ടോ എന്നുള്ള കാര്യത്തില്‍ സംശയമുണ്ട് ... അതിന്‍റെ ഏറ്റവും വലിയ ഉദാഹരണമാണ് കേരള ലളിത കലാ അക്കാദമി പ്രഖ്യാപിച്ച 2019 ലെയും 2020 തിലേയും കാര്‍ട്ടൂണ്‍ അവാര്‍ഡ് ഇതു വരെയും നല്‍കിയിട്ടില്ല എന്നത്. രണ്ട് വര്‍ഷവും അവാര്‍ഡ് പ്രഖ്യാപിച്ചപ്പോള്‍ രണ്ട് മത വിഭാഗങ്ങള്‍ വിമര്‍ശനവുമായി എത്തി. അവര്‍ക്ക് അംഗീകരിക്കാന്‍ പറ്റാത്ത, അവരെ വിമര്‍ശിക്കുന്ന കാര്‍ട്ടൂണിന് അവാര്‍ഡ് ലഭിച്ചു എന്നതാണ് കാരണം.  ആദ്യം കോവിഡ് കാരണമാണ് അവാര്‍ഡ് വിതരണം വൈകുന്നതെന്ന് പറഞ്ഞു. കാര്‍ട്ടൂണ്‍ ഒഴിച്ച് മറ്റെല്ലാ അവാര്‍ഡുകള്‍ കൊടുത്തു തീര്‍ത്തു. പക്ഷെ അവാര്‍ഡിതരായ കാര്‍ട്ടൂണിസ്റ്റുകള്‍ പ്രതീക്ഷ ക്കൈവിടാതെ കാത്തിരിക്കുന്നു.

ഇന്ത്യന്‍ ഭരണഘടനയുടെ കരട് രൂപം ഉണ്ടാക്കുന്നതിന് ഏല്‍പ്പിച്ച ഡോക്ടര്‍ ബി ആര്‍ അംബേദ്കറുടെ നേതൃത്വത്തിലുള്ള കമ്മിറ്റി വളരെ പതുക്കെയാണ് പ്രവര്‍ത്തനങ്ങള്‍ നീക്കുന്നത് എന്ന ആക്ഷേപം ഉണ്ടായിരുന്നു. ദേശീയ മാധ്യമങ്ങളിലെല്ലാം ഇത് പരാമര്‍ശിക്കുന്ന കാര്‍ട്ടൂണുകള്‍ അക്കാലത്ത് പ്രസിദ്ധീകരിച്ചിരുന്നു. 1949 ആഗസ്റ്റ് 28 ന് ശങ്കേഴ്സ് വീക്കിലിയില്‍ കാര്‍ട്ടൂണിസ്റ്റ് ശങ്കര്‍ വരച്ച ഒരു കാര്‍ട്ടൂണുണ്ട്.  ഈ കാര്‍ട്ടൂണ്‍ 2012 മെയ് 12ന് ഇന്ത്യന്‍ പാര്‍ലമെന്‍റില്‍ വിവാദമുണ്ടായി. സ്വതവേ മെല്ലെ സഞ്ചരിക്കുന്ന ഒച്ചിന്‍റെ പുറത്ത് അംബേദ്കര്‍ സഞ്ചരിക്കുന്നു. ഭരണഘടനയായ ഒച്ചിന്‍റെ വേഗം കൂട്ടാന്‍ അന്നത്തെ പ്രധാനമന്ത്രി നെഹ്റു ചാട്ടയുമായി പിന്നാലെ . ഈ കാര്‍ട്ടൂണ്‍ ശങ്കര്‍ വരച്ച് പ്രസിദ്ധീകരിക്കുന്ന അവസരത്തില്‍ അംബേദ്കറും നെഹ്റുവും ജീവിച്ചിരുന്നു. അന്നൊന്നും ആര്‍ക്കും ഈ കാര്‍ട്ടൂണില്‍ അസ്വാഭാവികത ഒന്നും തോന്നിയിരുന്നില്ല. ദളിതനായ അംബേദ്കറെ അപമാനിക്കുന്നതാണ് കാര്‍ട്ടൂണ്‍ എന്നായിരുന്നു 2012 മെയ് മാസം പാര്‍ലമെന്‍റ് ഉയര്‍ന്ന ആക്ഷേപം. ഈ കാര്‍ട്ടൂണ്‍ എന്‍.സി.ആര്‍.ടിയുട ഒന്‍പതാം തരം സോഷ്യല്‍ സയന്‍സ് ടെസ്റ്റ് ബുക്കില്‍ പ്രസിദ്ധീകരിച്ചിരുന്നു. പാര്‍ലമെന്‍റിലെ ഒച്ചപ്പാടുണ്ടാക്കിയ ചര്‍ച്ചകള്‍ക്ക് ശേഷം ഈ കാര്‍ട്ടൂണ്‍ പുസ്തകത്തില്‍ നിന്ന് നീക്കം ചെയ്യുവാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു. 

ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തെ ആവേശകരമാക്കുവാനായി അക്കാലത്ത് കാര്‍ട്ടൂണുകള്‍ വലിയ പങ്കാണ് വഹിച്ചിരിക്കുന്നത്. അങ്ങിനെയുള്ള കാര്‍ട്ടൂണുകള്‍ വരച്ച കാര്‍ട്ടൂണിസ്റ്റുകളെ സ്വതന്ത്ര സമര സേനാനികളായി പരിഗണിക്കേണ്ടതുണ്ട്. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടിയതിനുശേഷമാണ് ഇന്ത്യന്‍ ഭരണഘടന രൂപം കൊടുത്തത്. ഭരണഘടന രൂപം കൊടുത്ത സമയത്ത് പുറത്തിറങ്ങിയ കാര്‍ട്ടൂണുകള്‍ വലിയ ഒരു അളവില്‍ ഭരണഘടന നിര്‍മ്മാണ സമിതിക്ക് സ്വാധീനം ഉണ്ടായിട്ടുണ്ട് എന്നുള്ള കാര്യത്തില്‍ സംശയമില്ല. ഭരണഘടനയെ വിമര്‍ശിച്ചുകൊണ്ട് ഒട്ടേറെ കാര്‍ട്ടൂണുകള്‍ തന്നെ പുറത്തിറങ്ങിയിട്ടുണ്ട്. വിമര്‍ശനം ശക്തമായപ്പോള്‍ ആ വിമര്‍ശനത്തെ ശക്തി കൂട്ടുന്നതിന് നമ്മുടെ കാര്‍ട്ടൂണിസ്റ്റുകള്‍ കാര്‍ട്ടൂണ്‍ വരച്ച് വലിയ പിന്തുണ നല്‍കുകയുണ്ടായി. അതുപോലെതന്നെ ഹിന്ദു കോഡ് വിവാദമായപ്പോഴും സംസ്കൃതം ഇന്ത്യയുടെ മുഖ്യ ഭാഷ എന്ന തീരുമാനം ചര്‍ച്ച ചെയ്തപ്പോഴും കാര്‍ട്ടൂണിലൂടെ വലിയ വിമര്‍ശനമുണ്ടായി. ഭരണഘടനയില്‍ ചെറിയ മാറ്റങ്ങള്‍ വരുന്നതിന് കാര്‍ട്ടൂണുകള്‍ പങ്കുവഹിച്ചു എന്നുള്ള കാര്യത്തില്‍ സംശയമില്ല.

ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയതിനു ശേഷം ഏറ്റവും കൂടുതല്‍ കാര്‍ട്ടൂണിലൂടെ രാഷ്ട്രീയപരമായ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയത് അടിയന്തരാവസ്ഥ കാലത്താണ് . അടിയന്തരാവസ്ഥ കാലത്ത് ഇന്ദിരാഗാന്ധിയെ വിമര്‍ശിക്കുന്ന കാര്‍ട്ടൂകള്‍ക്ക് വലിയ വിലക്കുകള്‍ ഉണ്ടായത് ചരിത്രത്തിന്‍റെ ഭാഗമായി മാറി. സെന്‍സര്‍ഷിപ്പിലൂടെയാണ് പൊതുസമൂഹത്തിന്‍റെ മുന്നില്‍ പലതും എത്തിച്ചേര്‍ന്നത്. സെന്‍സര്‍ ഇല്ലാതെ പല ആശയങ്ങളും ജനങ്ങളിലേക്ക് കാര്‍ട്ടൂണുകള്‍ വഴി എത്തിക്കുവാന്‍ അടിയന്തരാവസ്ഥയെ എതിര്‍ക്കുന്ന കൂട്ടര്‍ ശ്രമിച്ചിരുന്നു. ആയിരം വാക്കുകള്‍ കൊണ്ട് പറയേണ്ടത് ഒരു കാര്‍ട്ടൂണ്‍ പറയും എന്നാണല്ലോ.  അതുകൊണ്ടുതന്നെ ഒരു ലേഖനം വഴി പറയുവാന്‍ ഉദ്ദേശിച്ച കാര്യങ്ങള്‍ കാര്‍ട്ടൂണിലൂടെ അവര്‍ക്ക് എത്തിക്കുവാന്‍ സാധിച്ചു.

1990 കളുടെ അവസാനം വരെ കാര്‍ട്ടൂണുകള്‍ മാധ്യമ രംഗത്ത് വലിയ സംഭാവനകളാണ് നല്‍കിയത്. അച്ചടിയില്‍ ഏറെ പുരോഗമനം വരാത്ത കാലമായിരുന്നു അത്. കാര്‍ട്ടൂണുകള്‍ ചിത്രങ്ങളെക്കാള്‍ പ്രസിദ്ധീകരണങ്ങളില്‍ തിളങ്ങി നില്‍ക്കുമായിരുന്നു. 1990 കള്‍ക്കു ശേഷം വിപ്ലവകരമായ മാറ്റങ്ങള്‍ അച്ചടി രംഗത്ത് സംഭവിച്ചു. ബ്ലോക്ക് എടുത്ത് കാര്‍ട്ടൂണുകള്‍ അച്ചടിക്കേണ്ട സാഹചര്യത്തില്‍ നിന്നും മാറി ഡിജിറ്റല്‍ യുഗത്തിലേക്ക് ലോകം കടന്നു. ഈ അവസരങ്ങളില്‍ കാര്‍ട്ടൂണിസ്റ്റുകളുടെ ഒരു സുവര്‍ണ കാലഘട്ടം എന്നുതന്നെ നമുക്ക് കരുതാം. 90കളിലും 2000 യും വലിയ രീതിയിലാണ് മാധ്യമങ്ങളില്‍ കാര്‍ട്ടൂണുകളും ഫോട്ടോകളും അച്ചടിച്ചു വന്നത്. അച്ചടി മാധ്യമങ്ങളെക്കാള്‍ വേഗതയില്‍ ദൃശ്യമാധ്യമം വളരുന്ന കാഴ്ചയാണ് പിന്നീട് നമ്മള്‍ കാണുന്നത്.

റെക്കോര്‍ഡ് ചെയ്ത് നമ്മള്‍ കണ്ടിരുന്ന ടെലിവിഷന്‍ പരിപാടികളില്‍ നിന്ന് മാറിക്കൊണ്ട് തല്‍സമയ പ്രക്ഷേപണത്തിലേക്ക് ലോകം എത്തി. ഇതുവഴി ലോകത്തിന്‍റെ ഏതു ഭാഗങ്ങളില്‍ നടന്ന സംഭവവും നിമിഷ നേരം കൊണ്ട് ലോകത്തിന്‍റെ എല്ലാ ഭാഗങ്ങളിലും എത്തുന്ന സാഹചര്യമുണ്ടായി. ഇത് നിമിത്തം അച്ചടി മാധ്യമങ്ങളെക്കാള്‍ വേഗതയില്‍ ദൃശ്യമാധ്യമങ്ങള്‍ മേല്‍ക്കൈ നേടുന്ന കാഴ്ച നാം കണ്ടു. മൊബൈല്‍ ഫോണിന്‍റെ വരവോടുകൂടി ടെക്നോളജിയില്‍ വലിയ വളര്‍ച്ച ഉണ്ടായി. നിമിഷ നേരം കൊണ്ട് ഒരു സംഭവം ലോകം മുഴുവന്‍ അറിയുവാന്‍ തുടങ്ങി. കയ്യിലുള്ള മൊബൈല്‍ വഴി തത്സമയം വാര്‍ത്തകളും സംഭവങ്ങളും അറിയുന്നു. നിമിഷ നേരം കൊണ്ട് ലോകത്തെ ഏത് മൂലയില്‍ നടന്ന സംഭവവും അറിയാന്‍ സാധിക്കുന്ന കാലത്താണ് നാം ജീവിക്കുന്നത്. ഒരു സംഭവം നടന്നു കഴിഞ്ഞാല്‍ അതിനെ അടിസ്ഥാനപ്പെടുത്തി മീമ്മുകളും ട്രോളുകളും ഇറങ്ങുന്നു. ശക്തമായ വിമര്‍ശന ശരങ്ങളാണ് അതില്‍ നിന്നുണ്ടാക്കുന്നത്. അത് വളരെ വേഗം പ്രചരിക്കുന്നു. സാമൂഹ്യ മാധ്യമങ്ങള്‍ പ്രചരണനത്തിന് വലിയ പങ്ക് വഹിക്കുന്നു. വിമര്‍ശനങ്ങള്‍ വളരെ ശക്തമായി നര്‍മ്മത്തില്‍ പൊതിഞ്ഞ് നല്‍കുന്നു എന്നത് കാര്‍ട്ടൂണിസ്റ്റ് ചെയ്യുന്ന കര്‍മ്മമാണ്. കാര്‍ട്ടൂണുകളുടെ പണി തന്നെയാണ് ഇവിടെ നിര്‍വ്വഹിക്കപ്പെടുന്നത്. ഒരു സ്റ്റോക്ക് ഫോട്ടോയില്‍ നിന്നും, ഡയലോഗില്‍ നിന്നും സന്ദര്‍ഭത്തിനൊത്ത് തയ്യാറാക്കുന്ന ട്രോളുകളും, മിമ്മുകളും രസകരം തന്നെ. കാര്‍ട്ടൂണ്‍ പക്ഷെ ക്രിയാത്മക രചന തന്നെയാണ്. സന്ദര്‍ഭത്തിനൊത്ത് രസകരമായ രംഗം ആവിഷ്ക്കരിച്ച് അവിടെ കഥാപാത്രങ്ങളെ അണിനിരത്തി വിമര്‍ശനപരമായ സമീപനത്തില്‍ നര്‍മ്മം ചാലിച്ച് അവതരിപ്പിക്കുന്നു.

ആദ്യ പേജില്‍ നിന്ന് ഇപ്പോള്‍ കാര്‍ട്ടൂണുകള്‍ അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നു. തൊണ്ണൂറുകളുടെ തുടക്കം മുതല്‍  രണ്ടായിരത്തിന്‍റെ ആദ്യം വരെ മലയാള മാധ്യമങ്ങളിലും ദേശീയ മാധ്യമങ്ങളിലും കാര്‍ട്ടൂണുകള്‍ ഒന്നാം പേജില്‍ വളരെ പ്രാധാന്യത്തോടെയായിരുന്നു പ്രസിദ്ധീകരിച്ചിരുന്നത്. ഇന്ന് സ്ഥിതി മാറിയിരിക്കുന്നു.  ദേശിയ മാധ്യമങ്ങള്‍ ആയാലും മലയാള മാധ്യമമായാലും കാര്‍ട്ടൂണുകളുടെ സ്ഥാനം അകം പേജിലേക്ക് പോയിരിക്കുന്നു. ചില മാധ്യമങ്ങളില്‍ ഒന്നാം പേജില്‍ ബോക്സ് കാര്‍ട്ടൂണുകള്‍ പ്രസിദ്ധീകരിക്കുന്നുണ്ട് എന്നത് വാസ്തവമാണ്. മുന്‍കാലങ്ങളില്‍ സ്വതന്ത്രമായി കാര്‍ട്ടൂണുകള്‍ വരച്ചിരുന്നെങ്കില്‍ ഇന്ന് മാധ്യമപ്രവര്‍ത്തകര്‍ മാത്രമല്ല കാര്‍ട്ടൂണിസ്റ്റുകളും നിയന്ത്രിക്കപ്പെടുന്നുണ്ട്. സ്വതന്ത്രമായ ശക്തമായ കാര്‍ട്ടൂണുകള്‍ നമ്മുടെ മാധ്യമങ്ങളില്‍ വരാത്തതിന്‍റെ മുഖ്യകാരണം കോര്‍പ്പറേറ്ററുകള്‍ മാധ്യമ ലോകം പിടിച്ചടക്കുന്നു എന്നതാണ്. ഭരണവര്‍ഗ്ഗത്തിന് അനുകൂലമായ സമീപനം മാധ്യമങ്ങളിലൂടെ കോര്‍പ്പറേറ്റുകള്‍ നടപ്പിലാക്കുന്നു. മാധ്യമ ലോകത്ത് പ്രവര്‍ത്തിക്കുന്നവരുടെ സ്വാതന്ത്ര്യം നഷ്ടപ്പെടുന്നു.

സ്വാതന്ത്ര്യം ഇവര്‍ക്കൊക്കെ നഷ്ടപ്പെട്ടത് തന്നെയാണ് അച്ചടി മാധ്യമങ്ങളില്‍ നിന്ന് വിമര്‍ശന കലയായ കാര്‍ട്ടൂണുകള്‍ ഇല്ലാതാകാന്‍ കാരണം. ഇപ്പോള്‍ ഭരണകൂടത്തെ വിമര്‍ശിക്കുന്ന കാര്‍ട്ടൂണുകള്‍ അപ്രത്യക്ഷമായി കൊണ്ടിരിക്കുന്നു എന്നുള്ള ഞെട്ടിക്കുന്ന കാര്യം നാം തിരിച്ചറിയണം. വിമര്‍ശിക്കുന്നത് സഹിക്കുവാന്‍ പുതിയ രാഷ്ട്രീയ നേതൃത്ത്വം തയ്യാറാകുന്നില്ല എന്നിടത്താണ് ഏറ്റവും അപകടം. 

സര്‍ക്കാരിന്‍റെ വിജയവും സര്‍ക്കാരിനെ നയിക്കുന്ന പാര്‍ട്ടികളുടെ വിജയവും മാധ്യമ ലോകത്തെ നിയന്ത്രിക്കുന്നതിലാണ്. ഇവിടെയാണ് മാധ്യമപ്രവര്‍ത്തകരും കാര്‍ട്ടൂണിസ്റ്റുകളും സ്വയം പരാജയം സമ്മതിക്കുന്നത്. ആദര്‍ശങ്ങള്‍ വാക്കുകളില്‍ മാത്രം ഒതുക്കി പ്രവര്‍ത്തിയില്‍ നിയന്ത്രിക്കപ്പെടുന്ന ഒരു സമൂഹമായി മാധ്യമപ്രവര്‍ത്തകര്‍ മാറിയോ എന്ന് ചിന്തിക്കേണ്ട കാലമാണ്.