ഒരു മതില്‍ക്കെട്ടില്‍ ഒരു രാജ്യത്തിന്‍റെ വൈവിധ്യം

ഒരു മതില്‍ക്കെട്ടില്‍ ഒരു രാജ്യത്തിന്‍റെ വൈവിധ്യം

വിജയ് ചൗക്ക്

സുധീര്‍ നാഥ് 

ഇന്ത്യ ഇന്‍റര്‍നാഷണല്‍ ടേഡ്ര് ഫെയര്‍ എന്ന ഇന്ത്യന്‍ അന്താരാഷ്ട്ര വ്യാപാരമേളയുടെ 41 ാം പതിപ്പാണ് ഇപ്പോള്‍ നടക്കുന്നത്. അന്തര്‍ ദേശിയ തലത്തില്‍ ഇപ്പോള്‍ ഇത് ചര്‍ച്ചാവിഷയമാണ്. ലോക വ്യാപാര സമൂഹം ഇപ്പോള്‍ ഇതിനെ സൂക്ഷ്മതയോടെ നോക്കുന്നതിന് പല കാരണങ്ങളുണ്ട്. അത്യാതുനിക സൗകര്യങ്ങളോടെ വ്യാപാര മേളാ കേന്ദ്രം ഒരുങ്ങികൊണ്ടിരിക്കുന്നു. 1980 മുതല്‍ തുടങ്ങിയ വ്യാപാരമേള ഇന്ന് രാജ്യത്തിന്‍റെ അഭിമാനമായി മാറിയിരിക്കുന്നു. ഇപ്പോള്‍ വ്യാപാര മേളയില്‍ 2500 സ്റ്റാളുകളുണ്ട്. പ്രഗതി മൈതാനിയിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ദ്രുതഗതിയില്‍ നടക്കുന്നതേയുള്ളൂ. മുന്‍പ് ഒരോ സംസ്ഥാനങ്ങള്‍ക്കും വ്യത്യസ്തമായ കെട്ടിടങ്ങളില്‍ സ്റ്റാളുകള്‍ ഒരുക്കാമായിരുന്നു. ഇന്ന് അത് അത്യാധുനിക സൗകര്യങ്ങളോടുകൂടിയ കെട്ടിട സമുച്ചയത്തിലേയ്ക്ക് മാറി. സംസ്ഥാനങ്ങള്‍ക്ക് കുറവ് സ്ഥലമേ ലഭിക്കുന്നുള്ളൂ എന്ന പരിഭവം ഉണ്ട്. പക്ഷെ അന്തര്‍ദേശിയ നിലവാരത്തിലുള്ള പ്രദേശമാണ് ഇപ്പോഴെന്നത് ആവേശമാണ്. 2024ല്‍ നിര്‍മ്മാണം പൂര്‍ണ്ണമാകുന്നതേടെ എല്ലാ പരിഭവങ്ങളും അസ്ഥാനത്താകും. 5000 പേര്‍ക്ക് ഇരിക്കാവുന്ന കണ്‍വെന്‍ഷന്‍ സെന്‍റര്‍ മുതല്‍ 25 പേര്‍ക്ക് ഇരിക്കാവുന്ന കോണ്‍ഫറന്‍സ് ഹാള്‍ വരെ നിര്‍മ്മാണത്തിന്‍റെ ഭാഗമാണ്. മൂന്ന് നിലകളിലായി ഭൂമിക്കടിയില്‍ വലിയ പാര്‍ക്കിങ്ങ്  സൗകര്യം ഉണ്ടാകും. ട്രാഫിക്ക് കുരുക്കില്ലാതിരിക്കാന്‍ ഭൂഗര്‍ഭ പാതകള്‍ നിര്‍മ്മിക്കുന്നു. ഇതില്‍ പ്രധാന പാതകള്‍ ഇപ്പോള്‍ തന്നെ ഗതാഗതത്തിന് തുറന്നു കൊടുത്തു കഴിഞ്ഞു. 

മേളയുടെ ഇത്തവണത്തെ ആശയമായ വോക്കല്‍ ഫോര്‍ ലോക്കല്‍, ലോക്കല്‍ ടു ഗ്ലോബല്‍ എന്നതിനെ അന്വര്‍ത്ഥമാക്കുന്ന പവലിയനാണ് കേരളം ഒരുക്കിയത്. ന്യൂഡല്‍ഹി പ്രഗതി മൈതാനിയില്‍ നടന്ന ഇന്ത്യാ അന്താരാഷ്ട്ര വ്യാപാര മേളയില്‍ 6000 ചതുരശ്ര അടിയില്‍ ഒരുക്കിയ കേരള പവലിയന്‍ സന്ദര്‍ശകര്‍ക്ക് വിസ്മയമായി. മലയാളിക്ക് അഭിമാനവും ആയി.  ഉത്തര്‍പ്രദേശിനൊപ്പം കേരളവും ഇത്തവണ ഫോക്കസ് സംസ്ഥാനമാണ്. ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പാണ് ഇതിന്‍റെ സംഘാടനം നിര്‍വഹിച്ചിരിക്കുന്നത്. ആര്‍ട്ടിസ്റ്റ് ജിനനാണ് കേരളത്തിന് വേണ്ടി സ്റ്റാള്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ഉത്തര്‍പ്രദേശിനൊപ്പം കേരളവും ഇത്തവണ ഫോക്കസ് സംസ്ഥാനമായിരുന്നു. പ്രഗതി മൈതാനത്തെ അഞ്ചാം നമ്പര്‍ ഹാളിന്‍റെ ഒന്നാം നിലയിലാണ് കേരള പവലിയന്‍ ഒരുക്കിയിരുന്നത്. കേരളത്തിന്‍റെ സുഗന്ധവ്യഞ്ജനങ്ങളുമായി തിരകള്‍ മുറിച്ചു നീങ്ങുന്ന കൂറ്റന്‍ ഉരുവാണ് പ്രവേശന കവാടത്തിലെ മുഖ്യ ആകര്‍ഷണമായത്. ഇതിനു താഴെയായി തൂണുകളില്‍ കേരളത്തിന്‍റെ ഏലം, കുരുമുളക് എന്നിവ ഒരുക്കിയിരിക്കുന്നു. പണ്ടുകാലം മുതല്‍ക്കേ വിദേശ രാജ്യങ്ങളുമായുള്ള കേരളത്തിന്‍റെ വ്യാപാര ബന്ധത്തെയാണ് ഇതിലൂടെ വ്യക്തമാക്കുന്നത്. ഇന്നും അന്തര്‍ദ്ദേശീയ തലത്തില്‍ കേരളം എന്ന ബ്രാന്‍ഡിനുള്ള പ്രാധാന്യം വിളിച്ചോതുന്ന തരത്തിലാണ് പവലിയന്‍ സജ്ജീകരിച്ചിരിക്കുന്നത്. ഭൗമ സൂചികയിലുള്ള കേരളത്തിന്‍റെ ഉത്പന്നങ്ങളുടെ വിശദാംശം പവലിയനില്‍ ലഭ്യമാണ്. 

കേരളത്തിന്‍റെ സ്റ്റാളിന്‍റെ പ്രവേശന കവാടം കടന്നാലുടന്‍ കാണുക വിവിധ കലാകരന്‍മാരുടെ കരവിരുതാണ്. ഇതിനായി ഒരുക്കിയ പടിപ്പുരയില്‍ ആറന്‍മുള കണ്ണാടി, ഉരുവിന്‍റെ ചെറിയ മാതൃകകള്‍, ചുവര്‍ചിത്രകല, ചെറിയ കഥകളി രൂപങ്ങള്‍, പാവക്കൂത്ത് കോലങ്ങള്‍, കളിമണ്‍ പ്രതിമകള്‍, ചെണ്ട, ഇടയ്ക്ക എന്നിവയുടെ ചെറു രൂപങ്ങള്‍, പായ നെയ്ത്ത് എന്നിവയുടെ നിര്‍മാണം നേരിട്ട് കാണാം. കോവളത്തെ ക്രാഫ്റ്റ് വില്ലേജില്‍ നിന്നുള്ള കലാകാരന്‍മാരാണ് അത് ഒരുക്കിയത്. തനത് കേരള വസ്തുശില്‍പ്പ മാത്യകയുടെ കീഴിലിരുന്ന് കലാകാരന്‍മാര്‍ സന്ദര്‍ശകര്‍ക്ക് കൗതുക കാഴ്ച്ചയാണ് സമ്മാനിക്കുന്നത്. 1970ല്‍ കാര്‍ട്ടൂണിസ്റ്റ് ശങ്കറിന്‍റെ നിര്‍ദേശപ്രകാരം ഇന്ത്യന്‍ തനിമയുള്ള പാവ നിര്‍മ്മാണ രംഗത്ത് എത്തിയ ശിവന്‍ നിര്‍മ്മിച്ച ചെറിയ കഥകളി രൂപങ്ങള്‍ കൗതുക കാഴ്ച്ച തന്നെയാണ്. ആറന്‍മുള സ്വദേശി അരവിന്ദ് തത്സമയം മിനുക്കി എടുത്ത് കാണിക്കുന്ന ആറന്‍മുള കണ്ണാടിയും, മ്യൂറല്‍ ചിത്രം തത്സമയം വരയ്ക്കുന്ന വടകര സ്വദേശി അമ്പിളിയും, കളിമണ്‍ രൂപങ്ങളുണ്ടാക്കുന്ന നിലമ്പൂരുകാരന്‍ ശിവപ്രസാദും, തോല്‍പ്പാവകൂത്ത് രൂപങ്ങള്‍ ഉണ്ടാക്കുന്ന പാലക്കാട് സ്വദേശി രാജീവും, പായ നെയ്യുന്ന തിരുവനന്തപുരത്തെ രമണിയും കേരള പവലിയന്‍റെ ഉമ്മറത്തുണ്ട്. അന്തര്‍ദേശിയ തലത്തില്‍ പോലും പ്രശസ്തമായ ഉരുവിന്‍റെ ചെറു രൂപങ്ങള്‍ ഉണ്ടാക്കുന്നത് ബേക്കല്‍ സ്വദേശിയായ ശശിയാണ്. ഇടയ്ക്കയും, ഉടുക്കും, ചെണ്ടയും നിര്‍മ്മിച്ച് കേരള പറലിയനില്‍ വിസ്മയം തീര്‍ക്കുകയാണ് പാലക്കാട് സ്വദേശി സിമോദ്.  ഇതിനു ചുറ്റിലുമായാണ് കേരളത്തിലെ വ്യത്യസ്ഥ വകുപ്പുകളുടെ സ്റ്റാളുകള്‍.  

എല്ലാ സംസ്ഥാനങ്ങള്‍ക്കും അതാത് സംസ്ഥാനത്തിന്‍റെ സാംസ്കാരിക കലാപ്രകടനം നടത്തുന്നതിനുള്ള അവസരവും പ്രകൃതി മൈതാനിയിലെ മേളയില്‍ ഒരുക്കിയിട്ടുണ്ട്. രണ്ടു വലിയ ഓപ്പണ്‍ എയര്‍ ആംഫി തീയേറ്ററില്‍ ഓരോ സംസ്ഥാനങ്ങളും അവര്‍ക്ക് അനുവദിച്ചിട്ടുള്ള രണ്ടു മണിക്കൂര്‍ സമയം കലാപ്രകടനങ്ങള്‍ നടത്താം. കേരളത്തിന്‍റെ കലാപ്രകടനം നടന്നത് ശനിയാഴ്ചയായിരുന്നു. ഇക്കുറി പ്രശസ്ത പുല്ലാങ്കുഴല്‍ വിദ്ധ്വാന്‍ ചേര്‍ത്തല രാജേഷും സംഘവും അവതരിപ്പിച്ച ഫ്യൂഷനാണ് കേരളം ഒരുക്കിയത്. അത്തരത്തില്‍ ഓരോ സംസ്ഥാനങ്ങളും നവംബര്‍ 27 വരെയുള്ള ദിവസങ്ങളില്‍ വ്യത്യസ്തങ്ങളായ കലാ പ്രകടനങ്ങളും മേളയുടെ ഭാഗമായി ഒരുക്കുന്നു.ഓരോ  സംസ്ഥാനങ്ങളും വ്യത്യസ്ത കലാരൂപങ്ങള്‍ അവതരിപ്പിക്കുന്നത് കാണുവാനുള്ള അപൂര്‍വ്വ അവസരമാണ് ജനങ്ങള്‍ക്ക് പ്രഗതി മൈതാനില്‍ നടക്കുന്ന മേളയില്‍ ലഭിക്കുന്നത്. സാംസ്കാരിക കലാ രംഗത്തുള്ള പരിപാടികള്‍ കൂടാതെ ഓരോ സംസ്ഥാനത്തിന്‍റെ രുചികളറിയുവാന്‍ പ്രഗതി മൈതാനില്‍ നടക്കുന്ന അന്തര്‍ദേശീയ വ്യാപാരമേളയില്‍ അവസരമുണ്ട്. ഓരോ സംസ്ഥാനങ്ങളും അവരുടെ രുചി വിഭവം ജനങ്ങള്‍ക്ക് നല്‍കുന്നതിന് ഫുഡ് കോട്ടില്‍ സ്റ്റോളുകള്‍ തയ്യാറായിരിക്കുന്നു. കേരളത്തിനുവേണ്ടി കുടുംബശ്രീയാണ് ഫുഡ് കോര്‍ട്ടില്‍ സ്റ്റാളുകള്‍ നടത്തുന്നത്. രുചികരമായ കേരള വിഭവങ്ങള്‍ ജനങ്ങള്‍ക്ക് അവിടെ ലഭിക്കും. ഇത്തരത്തില്‍ ഓരോ സംസ്ഥാനത്തിന്‍റെ രുചി അറിയുവാനുള്ള ഒരു അവസരം കൂടിയാണ് മേളയിലെ ഫുഡ് കോട്ടുകള്‍. 

ഡാന്‍സും, നാടകവും, പാട്ടും, താളവുമായി ശബ്ദമുഖരിതമായിരിക്കും പ്രഗതി മൈതാനിയിലെ വ്യാപാര മേള. മേളയില്‍ എത്തുന്നവര്‍ക്ക് ഒട്ടും മുഷിവ് തോന്നില്ല എന്ന് തീര്‍ത്ത് പറയാം. ഇന്‍കം ടാക്സ് പവലിയനില്‍ ചെന്നാല്‍ സൗജന്യമായി സന്ദര്‍ശകര്‍ക്ക് കാരിക്കേച്ചര്‍ ലഭിക്കും. അത് വരയ്ക്കുന്നത് ഇന്‍കം ടാക്സ് വകുപ്പിന്‍റെ കൊച്ചിയിലെ ജോയിന്‍റ് കമ്മിഷ്ണര്‍ കൂടിയായ പ്രശസ്ത കാരിക്കേച്ചറിസ്റ്റ്  ബി. സജ്ജീവാണ്. ഒരു ദിവസം 500 സന്ദര്‍ശകരുടെ കാരിക്കേച്ചറുകളാണ് ഇന്ത്യയിലെ ഏറ്റവും വേഗതയേറിയ കാരിക്കേച്ചറിസ്റ്റ് സജ്ജീവ് വരയ്ക്കുന്നത്. മാജിക്കും, ക്വിസും, ചിത്രരചനയും മേളയിലെ പല സ്റ്റാളുകളിലും ഒരുക്കിയിട്ടുണ്ട്. പല തരത്തിലുള്ള മാസ്ക്കോട്ടുകള്‍ മിക്ക സ്റ്റോളുകളുടെ പരിസരത്തും കാണാം.  

പ്രഗതി മൈതാനിയില്‍ നടക്കുന്ന വ്യാപാര മേള നന്നായി കാണുവാന്‍ ഒരു ദിവസം മതിയാകില്ല എന്നണ് സന്ദര്‍ശകര്‍ പറയുന്നത്. എല്ലാ സംസ്ഥാനങ്ങളും അവരുടെ ഉത്പന്നങ്ങള്‍, പുതിയ വിശേഷങ്ങള്‍ എന്നു വേണ്ട ടൂറിസവും, ആരാധനാലയങ്ങളും സമൂഹത്തിലെത്തിക്കാനുള്ള വേദിയായി മേളയെ കാണുന്നു. ഓരോ സംസ്ഥാനവും അവരുടെ നാടിനെ അവതരിപ്പിക്കുന്ന ദേശിയ വേദി കൂടിയായി മേള ഇപ്പോള്‍ മാറിയിട്ടുണ്ട്. കേന്ദ്രസര്‍ക്കാരിന് കീഴിലെ ഓരോ വകുപ്പുകളും അവരുടെ വളര്‍ച്ചയും സമൂഹത്തിന് മുന്നില്‍ അവതരിപ്പിക്കുന്നതിന് മേളയെ വേദിയാക്കുന്നു. ജനങ്ങള്‍ക്ക് എന്തെല്ലാം സേവനങ്ങളാണ് ലഭിക്കുന്നത് എന്നറിയാന്‍ മേള ഉപകരിക്കും. ഇതൊക്കെ മനസ്സിരുത്തി കാണുവാന്‍ എത്രയോ മണിക്കൂറുകള്‍ ചിലവഴിക്കണം എന്നതാണ് സംശയം. പുതിയ അറിവുകള്‍ സമ്മാനിക്കുന്നതാണ് സംസ്ഥാനങ്ങളുടേയും, വിവിധ വകുപ്പുകളുടേയും, ഗ്വകാര്യ സ്ഥാപനങ്ങളുടേയും പവലിയനുകളും. ചുരുക്കി പറഞ്ഞാല്‍ രാജ്യത്തിന്‍റെ വളര്‍ച്ച സന്ദര്‍ശകര്‍ക്ക് അടുത്തറിയാന്‍ സാധിക്കുന്നതിന് വ്യാപാരമേള കാരണമാകുന്നു. ഇന്ത്യയിലെ വ്യത്യസ്ഥ സംസ്ഥാനങ്ങളിലുടെ നടത്തുന്ന യാത്രയ്ക്ക് തുല്ല്യമാണ് പ്രഗതി മൈതാനിയിലെ വ്യാപാര മേള കണ്ടിറങ്ങുന്ന ഓരോ സന്ദര്‍ശകനും അനുഭവപ്പെടുക.  


ഡല്‍ഹിയില്‍ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന വ്യാപാരമേള സന്ദര്‍ശിക്കുന്നത് ടൂറിസം തന്നെയാണെന്ന് പറയുവാന്‍ സാധിക്കും. കാരണം മേളയില്‍ നിന്ന് സാധനങ്ങള്‍ വാങ്ങുന്നതിനും മേള കാണുന്നതിനും ആയി അന്യസംസ്ഥാനങ്ങളില്‍ നിന്ന് പോലും ജനങ്ങള്‍ എത്തുന്നുണ്ട് എന്നുള്ളത് ഒരു യാഥാര്‍ത്ഥ്യമാണ്. പ്രാദേശിക ടൂറിസത്തിന് ഇത്രയേറെ ആകര്‍ഷണമുള്ള ഒരു പരിപാടി രാജ്യത്ത് ഇല്ല എന്നുവേണം കരുത്തുവാന്‍. യാത്ര ചെയ്തു ഡല്‍ഹിയിലെത്തി വ്യത്യസ്തങ്ങളായ ഉല്‍പ്പന്നങ്ങള്‍ വാങ്ങുക എന്നുള്ളത് ഏതൊരു ടൂറിസ്റ്റുകള്‍ക്കും താല്പര്യമുള്ള ഒരു വിഷയമാണല്ലോ. അത്തരത്തില്‍ വ്യത്യസ്ത സംസ്ഥാനങ്ങളില്‍ പോയതുപോലെ, അതാത് സംസ്ഥാനങ്ങളിലെ ഉല്‍പ്പന്നങ്ങള്‍ പ്രകൃതി മൈതാനില്‍ നടക്കുന്ന ട്രേഡ് ഫെയറില്‍ നിന്ന് വാങ്ങുവാന്‍ സാധിക്കും. അതിനായി പ്രസ്തുത സംസ്ഥാനത്തിലേക്ക് പോകേണ്ട ആവശ്യം ഇല്ല എന്നുള്ളതാണ് യാഥാര്‍ത്ഥ്യം. മറ്റൊന്ന് അതാത് സംസ്ഥാനങ്ങളിലെ പവനിയില്‍ നിന്ന് ഒരുല്‍പ്പന്നം വാങ്ങുകയാണെങ്കില്‍ അത് വാങ്ങുന്ന ആള്‍ കബളിപ്പിക്കപെടുന്നില്ല എന്ന് നമുക്ക് ഉറപ്പിച്ച് പറയുവാന്‍ സാധിക്കും. കാരണം അതാത് സംസ്ഥാന സര്‍ക്കാരുകളുടെ നിയന്ത്രണത്തിലാണ് അതാത് സ്റ്റോളുകളില്‍ ഉല്‍പ്പന്നങ്ങള്‍ വില്‍പ്പനയ്ക്ക് വച്ചിരിക്കുന്നത്. ശുദ്ധമായ കേരളത്തിന്‍റെ വെളിച്ചെണ്ണയും മറ്റും വലിയ അളവിലാണ് കേരള പവലിയനില്‍ വിറ്റുപോകുന്നത്. ഇന്ത്യയെ ഒറ്റ മതില്‍ക്കെട്ടില്‍ ഒരുക്കുന്നതാണ് ഇന്ത്യ ഇന്‍റര്‍നാഷണല്‍ ടേഡ്ര് ഫെയര്‍ എന്ന് പറയുന്നതില്‍ തെറ്റില്ല.