പാര്‍ലമെന്‍റ് സ്ട്രീറ്റ്
![]() |
സുധീര്‍ നാഥ്
2022 നവംബര്‍ 15
ഫ്ലോറന്‍സ് നൈറ്റിങ്കലായി ഗീത
ഫ്ളോറന്‍സ് നൈറ്റിങ്കലയി കോഴിക്കോട് സ്വദേശിയായ നേഴ്സ് ഗീത മാറി എന്ന വിവരം രാജ്യ തലസ്ഥാനത്ത് മാത്രമല്ല, ലോകം മുഴുവന്‍ ചര്‍ച്ചയാണ്. വളരെ അപൂര്‍വമായി സംഭവിക്കുന്ന ഒരു സംഭവം കണ്ണൂരില്‍ നിന്ന് കോഴിക്കോട് വഴി ഡല്‍ഹിക്ക് നവംബര്‍ 6ന് രാവിലെ 10.45ന് പറന്ന എയര്‍ ഇന്ത്യ വിമാനത്തില്‍ നടന്നു. കോഴിക്കോട് നിന്ന് പറന്നുയര്‍ന്ന ഉടനെ ആയിരുന്നു പട്ടാളക്കാരനായ സുമന്‍ എന്ന വ്യക്തിക്ക് ഹൃദയാഘാതം ഉണ്ടായി. വിമാനത്തില്‍ അയാള്‍ തളര്‍ന്നു വീഴുകയായിരുന്നു. അടിയന്തരമായ സഹായം എത്തിക്കുന്നതിന് വിമാനത്തിലെ ഡോക്ടര്‍മാരുടെ സേവനം എയര്‍ഹോസ്റ്റസ് അനൗണ്‍സ് ചെയ്തു. ലോകാരോഗ്യ സംഘടനയിലെ ഉദ്യോഗസ്ഥനും, ഡോക്ടറുമായ മുന്‍ സാമൂഹ്യ ക്ഷേമ വകുപ്പ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ കൂടിയായ മുഹമ്മദ് ആഷിയിലും മറ്റു കുറെ ഡോക്ടര്‍മാരും സഹായവുമായി ഓടിയെത്തി. വിമാനത്തിലെ സീറ്റുകള്‍ക്കിടയില്‍ ഉള്ള ഭാഗത്ത് അയാളെ കിടത്തി ഡോക്ടര്‍മാര്‍ ചികിത്സിച്ചു. പൂര്‍ണമായും ഏതാണ്ട് മരണാസനനായി കിടന്ന പട്ടാളക്കാരന് സമയോചിതമായി ഇടപെട്ടത് കൊണ്ട് മാത്രം ജീവന്‍ തിരിച്ചു കിട്ടി. ഡോക്ടര്‍മാര്‍ക്ക് സഹായിയായി പി. ഗീത എന്ന നേഴ്സും ഉണ്ടായിരുന്നു. പട്ടാളക്കാരനെ എയര്‍ഹോസ്റ്റസിന്‍റെ സഹായത്താല്‍ വിമാനത്തിലെ പിന്നിലെ ഭാഗത്ത് നിലത്ത് സൗകര്യമൊരുക്കി കിടത്തി. മൂന്നു മണിക്കൂറോളം ഗീത എന്ന നേഴ്സ് സുമന്‍ എന്ന പട്ടാളക്കാരനെ ശുശ്രൂഷിച്ച് അടുത്തുതന്നെ ഉണ്ടായിരുന്നു. എല്ലാവരും വിചാരിച്ചത് ഗീത പട്ടാളക്കാരന്‍റെ ബന്ധുവാണെന്നാണ്. ഡല്‍ഹിയില്‍ വിമാനം ഇറങ്ങുന്ന സമയത്താണ് ഗീത സ്വന്തം സീറ്റില്‍ വന്നിരുന്നത്. ഡല്‍ഹിയില്‍ ഇറങ്ങിയതിനു ശേഷം കൗതുകത്തോടെ ഡോക്ടര്‍ മുഹമ്മദ് ആഷീല്‍ ഗീതയോട് ചോദിച്ചു, നിങ്ങള്‍ അയാളുടെ ബന്ധുവാണോ...? ഗീത പറഞ്ഞു അല്ല ഞാന്‍ 2020 വര്‍ഷത്തെ ഫ്ളോറന്‍സ് നൈറ്റിങ്കില്‍ അവാര്‍ഡ് നേടിയ നേഴ്സ് ആണെന്നും, രാഷ്ട്രപതി ഭവനില്‍ നടക്കുന്ന ചടങ്ങിലേക്ക് ക്ഷണിക്കപ്പെട്ടു പോവുകയാണെന്നും പറഞ്ഞു. ലോകത്തെ ആധുനിക വൈദ്യ ശാസ്ത്രത്തിന് പിന്തുണയുമായി ആധുനിക നേഴ്സിങ്ങ് സംവിധാനം നടപ്പിലാക്കിയ ആദ്യത്തെ നേഴ്സ് എന്ന് വിശേഷിപ്പിക്കുന്നത് ഫ്ളോറന്‍സ് നൈറ്റിങ്കലിനെയാണ്. 1853 ഒക്റ്റോബര്‍ മുതല്‍ 1856 ഫെബ്രുവരി വരെ നീണ്ടു നിന്ന ക്രിമീന്‍ യുദ്ധം ചരിത്രത്തിലെ പ്രധാനപ്പെട്ട ഒന്നാണ്. റഷ്യയും എതിര്‍ ഭാഗത്ത് ബ്രിട്ടനും, ഫ്രാന്‍സും മറ്റുമായിരുന്നു ഉണ്ടായിരുന്നത്. ആയിരകണക്കിന് സൈനികരാണ് ഈ യുദ്ധത്തില്‍ മരണപ്പെടുകയും, ഭീകരമായി പരിക്കേല്‍ക്കുകയും ചെയ്തത്. ഫ്ളോറന്‍സ് നൈറ്റിങ്കലിന്‍റെ നേത്യത്വത്തില്‍ 38 നേഴ്സുമാരാണ് അന്ന് ചിട്ടയോടെ ആധുനിക വൈദ്യ ശാസ്ത്രത്തിന്‍റെ ഗുണങ്ങള്‍ ശാസ്ത്രീയമായി രോഗികളിലേയ്ക്ക് ഡോക്ടര്‍മാരോടൊപ്പം നിര്‍വ്വഹിച്ചത്. ഫ്ളോറന്‍സ് നൈറ്റിങ്കല്‍ രാത്രികാലങ്ങളില്‍ സൈനികരായ രോഗികളെ നോക്കുവാന്‍ ഒരു വിളക്കുമായി സ്ഥിരം വരുമായിരുന്നു. അങ്ങനെ അവര്‍ക്ക് ലേഡി വിത്ത് ദി ലാമ്പ് എന്ന വിളിപ്പേര് തന്നെ വീണു. 1951ല്‍ ഹാല്‍ബര്‍ട്ട് വില്‍കോക്സ് എന്ന ബ്രിട്ടീഷ് സംവിധായകന്‍ ഫ്ളോറന്‍സ് നൈറ്റിങ്കലിന്‍റെ കഥ ലേഡി വിത്ത് ദി ലാമ്പ് എന്ന പേരില്‍ സിനിമയാക്കിയിട്ടുണ്ട്. ഒട്ടേറെ പ്രമുഖ ചിത്രകാരന്‍മാര്‍ അവരുടെ ഭാവനയില്‍ ലേഡി വിത്ത് ദി ലാമ്പ് എന്ന പേരില്‍ കാന്‍വാസില്‍ ചിത്രമാക്കിയിട്ടുണ്ട്. കോഴിക്കോട് മെഡിക്കല്‍ കോളേജിലെ മുന്‍ നേഴ്സിങ് സൂപ്രണ്ട് ആയിരുന്ന ഗീത റിട്ടയറായതിന് ശേഷം ഇപ്പോള്‍ കോഴിക്കോട് തന്നെയുള്ള സ്വകാര്യ ആശുപത്രിയിലെ നേഴ്സാണ്. സത്യപ്രകാശാണ് ഭര്‍ത്താവ്. മകള്‍ അനുശ്രീ. ഡോക്ടര്‍ മുഹമ്മദ് ആഷി പറയുന്നത് വിമാനത്തില്‍ സുഖമായി യാത്ര ചെയ്യുന്നതിന് പകരം രോഗിയെ ശുശ്രൂഷിച്ച് വിമാനത്തില്‍ കഴിഞ്ഞ ഗീതയാണ് യഥാര്‍ത്ഥത്തില്‍ ഫ്ളോറന്‍സ് നൈറ്റിങ്കല്‍ അവാര്‍ഡിന് ഏറ്റവും യോഗ്യത. അവരുടെ യോഗ്യത നേരില്‍ കാണുവാന്‍ സാധിച്ചതില്‍ അദ്ദേഹം സന്തോഷം രേഖപ്പെടുത്തി. 2019 ലെ കേരള സംസ്ഥാന സര്‍ക്കാരിന്‍റെ മികച്ച നേഴ്സിനുള്ള അവാര്‍ഡും ഗീതയ്ക്ക് തന്നെയാണ് ലഭിച്ചത്. ഏഷ്യാനെറ്റ് ഏര്‍പ്പെടുത്തിയ ആദുരസേവനത്തിനുള്ള അവാര്‍ഡും അവര്‍ സ്വന്തമാക്കിയിട്ടുണ്ട്. വിമാനയാത്രയിലെ സംഭവം മാധ്യമങ്ങളില്‍ നിറഞ്ഞു. നേഴ്സ് ഗീതയെ കേരള ഹൗസില്‍ നടക്കുന്ന കേരളപ്പിറവി ആഘോഷത്തിന്‍റെ സമാപനത്തില്‍ വൈദ്യുതി വകുപ്പ് മന്ത്രി കൃഷ്ണന്‍കുട്ടി ആദരിക്കുകയുണ്ടായി. ജീവിതത്തിലെ അപൂര്‍വ്വ നിമിഷമായിരുന്നു വിമാനത്തില്‍ സംഭവിച്ചത് എന്നുമാത്രം മൈക്കിനു മുന്നില്‍ വന്നു പറഞ്ഞ അവര്‍ക്ക് പിന്നീട് ഒന്നും പറയുവാന്‍ സാധിച്ചില്ല. ഡല്‍ഹി മലയാളികള്‍ എഴുന്നേറ്റ് നിന്ന് അവരെ ആദരിക്കുന്ന ഒരു കാഴ്ചയും കേരള ഹൗസ് അങ്കണത്തില്‍ ഉണ്ടായി.
പതഞ്ഞൊഴുകുന്ന യമുനാ നദി
ന്യൂഡല്‍ഹിയില്‍ അന്തരീക്ഷ മലിനീകരണ തോത് ഭീകരമാആ തലത്തില്‍ ഉയര്‍ന്നിരിക്കുന്നു. അന്തരീക്ഷം മാത്രമല്ല രാജ്യതലസ്ഥാനമായ ഡല്‍ഹിയിലൂടെ ഒഴുകുന്ന പുണ്യനദിയായ യമുന പതഞ്ഞ് പതഞ്ഞാണ് കാണുന്നത്. വ്യവസായ ശാലകളിലെ രാസമാലിന്യങ്ങള്‍ യമുനയിലേയ്ക്ക് ഒഴുക്കുന്നത് കൊണ്ടാണ് പതകള്‍ നിറഞ്ഞ ഒഴുക്ക് കാണുന്നത്. യമുനയിലെ വെള്ളത്തിന്‍റെ നിറം തന്നെ കറുപ്പായിട്ട് വര്‍ഷങ്ങളായി. കോവിഡ് കാലത്ത് വ്യവസായ ശാലകള്‍ അടച്ചിട്ട സമയത്ത് മാത്രമാണ് യമനയിലെ വെള്ളം അല്‍പമെങ്കിലും നന്നായി കണ്ടത്. യമുനയിലെ വെള്ളത്തെ ആശ്രയിച്ച് യമുനയുടെ തീരപ്രദേശത്ത് താമസിക്കുന്ന കര്‍ഷകരും, തൊഴിലാളികളും ഉണ്ട്. അവരാണ് യമുനയുടെ മാലിന്യത്തിന്‍റെ ദൂഷ്യഫലങ്ങള്‍ കൂടുതല്‍ അനുഭവിക്കുന്നത്.
ഡല്‍ഹിയില്‍ കലയുടെ നാളുകള്‍
| ഡല്‍ഹിയിലെ ലോധി ഗാര്‍ഡനില്‍ ജനസംസ്ക്യതി സര്‍ഗോത്സവത്തിന്‍റെ ഭാഗമായി നടന്ന ചിത്രരചന മത്സരം. |
രാജ്യതലസ്ഥാനം ഭീകരമായ അന്തരീക്ഷ മലിനീകരണമാണെങ്കിലും, കലയുടെ വലിയ കലാമാമാങ്കം തന്നെ തുടങ്ങി കഴിഞ്ഞു. രാജ്യ തലസ്ഥാനമായ ഡല്‍ഹിയില്‍ വരുന്ന മൂന്നോ നാലോ മാസം കലയുടെ മാമാങ്കമായി കണക്കാക്കാം. ഡല്‍ഹിയിലേയും പരിസരപ്രദേശങ്ങളിലെയും സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിച്ച് കേരളസര്‍ക്കാര്‍ ഒരുക്കിയ തിണ കലോത്സവം കഴിഞ്ഞയാഴ്ച സമാപിച്ചിരുന്നു. അതിനെ തുടര്‍ന്ന് കേരള സര്‍ക്കാര്‍ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍ വകുപ്പ് നടത്തിയ കേരളപ്പിറവി ആഘോഷം ഒരാഴ്ച നീണ്ടുനിന്നു. ഡല്‍ഹിയിലെ കേരള ഹൗസ് അങ്കണത്തില്‍ താല്‍ക്കാലികമായി ഉയര്‍ത്തിയ സ്റ്റേജില്‍ നൂറിലേറെ പരിപാടികളാണ് നടന്നത്. ആയിരത്തിലേറെ പ്രവാസി കലാകാരന്മാര്‍ വേദിയില്‍ വന്നുപോയി എന്നുള്ളത് എടുത്തു പറയേണ്ട ഒന്നാണ്. ചടങ്ങില്‍ എല്ലാ ദിവസവും ഡല്‍ഹിയിലെ വിവിധ മലയാളി സംഘടനകള്‍ അവതരിപ്പിച്ച കലാപരിപാടികളാണ് ഉണ്ടായിരുന്നത്. എല്ലാ ദിവസവും വിവിധ വിഷയങ്ങളില്‍ ഉള്ള ചര്‍ച്ചയും ഉണ്ടായിരുന്നു ആദ്യദിവസമായ കഥകളി കാണുവാന്‍ നിറഞ്ഞ സദസ്സ് ഉണ്ടായിരുന്നു എന്നത് ആ കലയെ പ്രവാസികള്‍ എത്രമാത്രം മനസില്‍ കൊണ്ടു നടക്കുന്നു എന്നതിന് തെളിവാണ്. രണ്ടാം ദിവസം നടന്ന കാവ്യസന്ധിയില്‍ എം. എ. ബേബി, സതീഷ് നമ്പൂതിരിപ്പാട്, പ്രൊഫസര്‍ ചന്ദ്രശേഖരന്‍, ഗുരുവായൂര്‍ മണികണ്ഠന്‍ തുടങ്ങിയവരോടൊപ്പം ഡല്‍ഹി സര്‍വകലാശാലയിലെ വിവിധ വിദ്യാര്‍ഥികളും പ്രവാസികളായ മലയാളികളും അടക്കം കവിതകള്‍ അവതരിപ്പിച്ചു. മാധ്യമ രംഗത്തെ പ്രതിസന്ധികളെ കുറിച്ചും, പ്രവാസ വിദ്യാര്‍ത്ഥികളുടെ പ്രശ്നങ്ങളെക്കുറിച്ചും, ലിംഗസമത്വവും തൊഴിലിടവും തുടങ്ങിയ വിഷയങ്ങളെക്കുറിച്ചും നടന്ന ചര്‍ച്ചകള്‍ വളരെ ഗൗരവമുള്ളതായിരുന്നു. നവംബര്‍ 14 തീയതി മുതല്‍ നടക്കുന്ന അന്തര്‍ദേശീയ വ്യാപാരമേള മറ്റൊരു കലാമാമാങ്കത്തിലാണ് തുടക്കം കുറിക്കുന്നതാണ്. ഇന്‍റര്‍നാഷണല്‍ കഥകളി കേന്ദ്രത്തില്‍ എല്ലാ ദിവസവും നടക്കുന്ന വാര്‍ഷിക കഥകളി ഡിസംബര്‍ ആദ്യവാരം ആരംഭിക്കും. ഡല്‍ഹിയുടെ സാംസ്കാരിക കേന്ദ്രമായ മണ്ടി ഹൗസില്‍ ഉള്ള വിവിധ ഓഡിറ്റോറിയങ്ങളിലും ഗാലറികളിലും ഇപ്പോള്‍ കലാപരിപാടികളും, ചിത്രപ്രദര്‍ശനങ്ങളും മറ്റു കലാപരിപാടികളും അരങ്ങേറി കൊണ്ടിരിക്കുകയാണ്. നവംബര്‍ 12, 13 തീയതികളില്‍ രാജ്യതലസ്ഥാനത്തെ പ്രമുഖ സാംസ്കാരിക സംഘടനയായ ജനസംസ്ക്യതി സംഘടിപ്പിക്കുന്ന സര്‍ഗോത്സവം പ്രവാസികളായ മലയാളികളുടെ ഒരു കലാ കൂട്ടായ്മയാണ്. നവംബര്‍ ആറാം തീയതി ഞായറാഴ്ച ഡല്‍ഹിയിലെ ലോധി റോഡിലെ ലോധി ഗാര്‍ഡനില്‍ നടന്ന ചിത്രരചന മത്സരത്തില്‍ 200 ഓളം കുട്ടികളെക്കൊണ്ട് സമ്പന്നമായിരുന്നു. മുന്‍പ് സൂചിപ്പിച്ചതെല്ലാം മലയാളികളുടെ മാത്രം പരിപാടികളാണ്. ഇതുപോലെ മറ്റ് സംസ്ഥാനങ്ങളും, ഭാഷയിലും ഡല്‍ഹിയില്‍ ഒട്ടേറെ പരിപാടികള്‍ നടക്കുന്നുണ്ട്. എല്ലായിടത്തും വലിയ ജനപങ്കാളിത്തം ഉണ്ടാകുന്നുണ്ട്. ചുരുക്കിപ്പറഞ്ഞാല്‍ വ്യത്യസ്തങ്ങളായ കലാപരിപാടികളോടെ രാജ്യ തലസ്ഥാനം കലാമാമാങ്കത്തിന് വഴിമരുന്നിട്ടിരിക്കുകയാണ്.

