ഡല്‍ഹിയുടെ വായു മലിനമാണ് സര്‍...

ഡല്‍ഹിയുടെ വായു മലിനമാണ് സര്‍...

വിജയ് ചൗക്ക്

സുധീര്‍ നാഥ് 


ശ്വാസകോശം സ്പോഞ്ച് പോലെയാണ്... വായു വലിച്ചെടുക്കാന്‍ രൂപപ്പെടുത്തിയത്... പക്ഷെ ചിലര്‍ സിഗററ്റിന്‍റെ പുക വലിച്ചു കയറ്റാന്‍ ലങ്ങ്സ് ഉപയോഗിക്കുന്നു. ഒരു ശരാശരി പുകവലിക്കാരന്‍റെ ശ്വാസകോശത്തില്‍ ഓരോ വര്‍ഷവും അടിഞ്ഞു കൂടുന്ന കറ പുറത്തെടുത്താല്‍ അത് ഇത്രത്തോളമായിരിക്കും. (ഒരു ഗ്ലാസ് നിറച്ച് കറുത്ത ദ്രാവകം സ്ക്രീനില്‍) നിങ്ങളെ രോഗിയാക്കാന്‍ അതുമതി... വലിയ രോഗി... ദേശീയ ഗ്രാമീണ ആരോഗ്യമിഷന്‍ പുകവലി ആരോഗ്യഗ്മിന് ഹാനികരമാണെന്ന് പ്രചരിപ്പിക്കാന്‍ തയ്യാറാക്കിയ പരസ്യം വളരെ പ്രശസ്തമാണ്. നിലവിലെ സാഹചര്യത്തില്‍ ശ്വാസകോശം സ്പോഞ്ച് പോലെയാണെന്നും ഒരു ശരാശരി ഡല്‍ഹി നിവാസിയുടെ ശ്വാസകോശം പിഴിഞ്ഞാല്‍ എന്നും തിരുത്തി പറഞ്ഞാലും തെറ്റില്ല. കാരണം വടക്കേ ഇന്ത്യയില്‍ വിശേഷിച്ച് ഡല്‍ഹിയില്‍ താമസിക്കുന്ന ജനങ്ങളുടെ ആരോഗ്യസ്ഥിതി വളരെ അപകടകരമാണ്. അന്തരീക്ഷ മലിനീകരണം കൊണ്ട് വളരെ അപകടകരമായ രീതിയിലാണ് ഡല്‍ഹിയിലിപ്പോള്‍. ഒരു പുകവലിക്കാരന്‍റെ ശ്വാസകോശം പോലെയാണ് ഡല്‍ഹി നിവാസികളുടെ ശ്വാസകോശം എന്ന് ആരോഗ്യ രംഗത്തുള്ളവര്‍ തന്നെ പറയുന്നു.

ഡല്‍ഹിയുടെ വായു നിലവാരം വളരെ മോശമായി തുടങ്ങിയിട്ട് വര്‍ഷങ്ങളായി. വായു മാലിന്യത്തിന്‍റെ അപകടനിലയിലായപ്പോള്‍ മുതല്‍ വായുവിന്‍റെ മാലിന്യം നിയന്ത്രിക്കുന്നതിനുവേണ്ടി കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ അതിതീവ്രമായ നടപടികളാണ് എടുത്തുകൊണ്ടിരിക്കുന്നത്. പക്ഷെ ഓരോ വര്‍ഷം തോറും തോത് കൂടുന്നതല്ലാതെ കുറയുന്നില്ല. വാഹനങ്ങള്‍ പുറത്തു വിടുന്ന പുക, ഹരിയാനയിലെയും ഉത്തര്‍പ്രദേശിലെയും പഞ്ചാബിലെയും കര്‍ഷകര്‍ അവരുടെ കൃഷിയിടങ്ങളില്‍ ഉണ്ടാകുന്ന അവശിഷ്ടങ്ങള്‍ കത്തിച്ചുണ്ടാകുന്ന പുകയിലയിലും, ഡല്‍ഹിയിലേയും പരിസരപ്രദേശങ്ങളിലും ഉള്ള വ്യവസായ ശാലകളില്‍ നിന്നുള്ള പുകയുമെല്ലാമാണ് ഡല്‍ഹിയുടെ വായുവിനെ മലിനമാക്കുന്നത്. ഡീസല്‍ വാഹനങ്ങളുടെ ഉപയോഗം പത്ത് വര്‍ഷവും, പെട്രോള്‍ വാഹനങ്ങള്‍ പതിനഞ്ച് വര്‍ഷവുമാക്കി നിജപ്പെടുത്തി. കര്‍ഷകര്‍ ക്യഷിയിടങ്ങളില്‍ കത്തിക്കുന്നത് നിയന്ത്രിക്കാന്‍ കര്‍ശന നിയന്ത്രണങ്ങള്‍ കൊണ്ടു വന്നു. ഡല്‍ഹിയില്‍ നിന്ന് വ്യവസായ ശാലകള്‍ കോടതി ഉത്തരവിനെ തുടര്‍ന്ന് മാറ്റിയിരുന്നു.

ദീപാവലി നാള്‍ മുതല്‍ വടക്കേ ഇന്ത്യയില്‍ വിശേഷിച്ച് രാജ്യതലസ്ഥാനമായ ഡല്‍ഹിയില്‍ പുകമഞ്ഞ് നിയുന്നത് പതിവായിട്ട് വര്‍ഷങ്ങളായി. അന്തരീക്ഷം തണുക്കുന്നത് കാരണം പുക തങ്ങി നില്‍ക്കുന്നു. ശൈത്യകാലത്തിന്‍റെ ഭീകരതയായി പുകമഞ്ഞ് മാറുന്നു. നല്ല കാറ്റ് വന്നാല്‍ മാത്രമേ അന്തരീക്ഷത്തില്‍ തങ്ങി നില്‍ക്കുന്ന പുക കുറയുകയുള്ളൂ. മഞ്ഞുവീഴ്ച്ച തുടങ്ങിയാല്‍ മലിനീകരണ തോത് അല്‍പം കുറയുക പതിവാണ്. തണുത്ത കാറ്റും ശൈത്യം കൂടുന്നതും മാലിന്യ തോത് കുറയ്ക്കുമെങ്കിലും മനുഷ്യ ജീവന് അത് അപകടമാണ്. തെരുവില്‍ കഴിയുന്ന എത്രയോപേരാണ് ഓരോ വര്‍ഷവും മരണപ്പെടുന്നത് എന്നത് മറ്റൊരു ഭീകര സാഹചര്യമാണ്. 

മനുഷ്യന് ഏറ്റവും പ്രധാനമായി വേണ്ടത് ശ്വസിക്കാനുള്ള വായു, കുടിക്കാനുള്ള ജലം, കഴിക്കുവാന്‍ ഭക്ഷണം, താമസിക്കുവാന്‍ പാര്‍പ്പിടം എന്നാണ് പരക്കെ പറയപ്പെടുന്നത്. ഇതില്‍ കുടിക്കുന്ന ജലം എത്രമാത്രം ശുദ്ധമാണെന്ന സംശയം വ്യാപകമാണ്. കുടിക്കുന്ന ജലം കുപ്പികളില്‍ വ്യാപകമായി. പണ്ടൊക്കെ കിണറ്റില്‍ നിന്ന് വെള്ളം കോരി കുടിക്കുമായിരുന്നു. ശുദ്ധമായ കുടിവെള്ളമായിരുന്നു കിണറുകളില്‍ നിന്ന് നമുക്ക് ലഭിച്ചിരുന്നത്. ഇന്ന് സ്ഥിതി മാറി. കിണറില്‍ നിന്നുള്ള വെള്ളം പോലും വിഷമയമാണ് എന്ന് പറയുന്നു. ബാക്ടീരിയകളും, രാസവസ്തുക്കളും നമ്മുടെ കിണറുകളെ മലിനമാക്കുകയാണോ...? എങ്ങനെയാണ് നമ്മുടെ കിണറുകള്‍ മലിനമായത്...?  ജലത്തിലൂടെ പകരുന്ന രോഗങ്ങള്‍ വ്യാപകമാണ്. അതുകൊണ്ട് തന്നെ ജലം ശുദ്ധീകരിക്കുന്ന യന്ത്രങ്ങളും വ്യാപകമാണ്.  

ജലത്തെ പോലെ ഇപ്പോള്‍ വായുവും മലിനമായിരിക്കുന്നു. ഡല്‍ഹിയിലെ ജനങ്ങള്‍ ശുദ്ധ വായുവിനായി പ്രാര്‍ത്ഥിക്കുന്നു. മലിനമായ അന്തരീക്ഷ വായുവാണ് ജനങ്ങള്‍ ശാസിക്കുന്നത്. ശ്വാസകോശ രോഗങ്ങള്‍ വ്യാപകമാകുന്നു. സ്ക്കൂളുകള്‍ അടച്ച് കുട്ടികളെ വീട്ടിനുള്ളില്‍ തന്നെ നിര്‍ത്തണമെന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ പറയുന്നു. രാവിലെയുള്ള നടത്തവും, വ്യായാമവും ഒഴിവാക്കാന്‍ ആരോഗ്യ രംഗത്തുള്ളവര്‍ തന്നെ പറയുന്നു. വീടിനുള്ളില്‍ കഴിയുന്നതാണ് സുരക്ഷിതമെന്ന് പറയുന്നു. പുലര്‍കാലത്ത് പോലും ശുദ്ധവായു ഡല്‍ഹിയില്‍ ലഭ്യമല്ലെന്നാണ് ഇതൊക്കെ സൂചിപ്പിക്കുന്നത്. ഓണ്‍ലൈന്‍ ക്ലാസുകളും, വര്‍ക്ക് ഫ്രം ഹോമും ഉത്തമമാണെന്ന ന്യായീകരണം ഉയരുന്നു. പൊതുവില്‍ ഒരു ഭീകരാന്തരീക്ഷം തന്നെ സമൂഹത്തില്‍ ഉണ്ടായിരിക്കുന്നു. 

ദേശീയ പത്രങ്ങളിലെല്ലാം ഇപ്പോള്‍ പുതിയതരം വാര്‍ത്തകളും പരസ്യങ്ങളും വന്നുകൊണ്ടിരിക്കുന്നു. മുന്‍പൊക്കെ കുടിവെള്ളം ശുദ്ധമായി ലഭിക്കുന്നതിനുവേണ്ടി വിവിധ കമ്പനികള്‍ നടത്തുന്ന പരസ്യങ്ങള്‍ ആയിരുന്നു ഡല്‍ഹി പത്രങ്ങളില്‍ ഉണ്ടായിരുന്നത്. ഡല്‍ഹിയിലെ വീടുശളിലെല്ലാം ജലം ശുദ്ധീകരിക്കുന്ന യന്ത്രങ്ങള്‍ കാണാം. ഇപ്പോള്‍ ശുദ്ധമായ വായുവിനു വേണ്ടി വിവിധ കമ്പനികള്‍ ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിച്ച് വിപണിയില്‍ എത്തിച്ചിരിക്കുന്നു. ഇതിന്‍റെ പരസ്യങ്ങള്‍ കൊണ്ട് വടക്കേ ഇന്ത്യയിലെ പത്രങ്ങളിലെല്ലാം നിറഞ്ഞിരിക്കുന്നു. എത്രതരം യന്ത്രങ്ങളാണ് ഓരോ കമ്പനിക്കാര്‍ ഉണ്ടാക്കുന്നത്. ഏറ്റവും ചുരുങ്ങിയത് പതിനായിരം രൂപ മുതല്‍ മുകളിലേക്കുള്ള മെഷീനുകള്‍ ആണ് ഓരോ കമ്പനിയും നിര്‍മ്മിച്ച് വിപണിയില്‍ എത്തിച്ചിരിക്കുന്നത്. ജീവനില്‍ കൊതിയും, പണവുമുള്ളവര്‍ വായു ശുദ്ധീകരിക്കുന്ന യന്ത്രങ്ങള്‍ വാങ്ങുന്നു. മധ്യവര്‍ഗ്ഗത്തില്‍ പെട്ടവര്‍ക്കും ദാരിദ്ര രേഖയ്ക്ക് താഴെയുള്ളവര്‍ക്കും ഇതൊക്കെ അപ്രാപ്യമാണ്. മനുഷ്യന് ജീവിക്കുന്നതിന് വെള്ളവും വായുവും വേണമെന്നാണ് പറയുന്നത്. വെള്ളവും വായുവും മലിനമായിരിക്കുന്നു എന്ന് തന്നെയാണ് പരസ്യങ്ങളിലൂടെ നാം മനസ്സിലാക്കേണ്ടത്.

വായു മലിനീക്കരണ തോത് കുറയ്ക്കാന്‍ ഡല്‍ഹിയില്‍ ആദ്യം പൊതു ഗതാഗത വാഹനങ്ങള്‍ സി.എന്‍.ജി. ആക്കി. പിന്നീട് അത് മറ്റ് സ്വകാര്യ വാഹനങ്ങളിലേയ്ക്ക് വ്യാപിപ്പിച്ചു. സി.എന്‍.ജി. വാഹനങ്ങളിലെ ചിലവ് കുറവെന്ന ആകര്‍ഷണം അതിനൊരു കാരണമായിരുന്നു. ഡല്‍ഹിയില്‍ വ്യാപകമായി സി.എന്‍.ജി. വാഹനങ്ങളാണ് ഇപ്പോള്‍ ഓടുന്നത്. പക്ഷെ കഴിഞ്ഞ കുറച്ച് നാളുകളായി സി.എന്‍.ജി. വില വര്‍ദ്ധിച്ചു കൊണ്ടിരുന്നു. പെട്രോള്‍ വിലയുടെ ഏതാണ്ട് ഒപ്പം സി.എന്‍.ജി. വില വന്നത് വലിയ തിരിച്ചടിയാണ്. ഇപ്പോള്‍ ഇലക്ട്രിക്ക് വാഹനങ്ങള്‍ വ്യാപകമാകുന്നുണ്ട്. പൊതു ഗതാഗത രംഗത്ത് മാത്രമല്ല, സ്വകാര്യ വാഹനങ്ങളും ഇലക്ട്രിക് ആകുന്നു. സര്‍ക്കാര്‍ ഇതിന് വലിയ പ്രോത്സാഹനം കൊടുക്കുന്നുണ്ട്. വലിയ സബ്സിഡിയാണ് ഇലക്ട്രിക്ക് വാഹനങ്ങള്‍ക്ക് നല്‍കുന്നത്. ഇതു കൊണ്ടൊന്നും വായു മലിനീകരണം കുറയുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം.

ജനങ്ങള്‍ക്ക് രാവിലെ പുറത്തിറങ്ങുവാന്‍ സാധിക്കാത്ത അവസ്ഥയാണ് ഇപ്പോള്‍ ഉള്ളത്. കണ്ണുകള്‍ എരിയുന്നതും ശരീരം പൊള്ളുന്നതായി തോന്നുന്നതും അപകടകരമായ ലക്ഷണങ്ങള്‍ തന്നെയാണ്. ഡല്‍ഹിയിലെ വായു മലിനീകരണം രൂക്ഷമായതിനെ തുടര്‍ന്ന് ആരോഥ രംഗം താറുമാറായിരിക്കുന്നു. ശ്വാസകോശ രോഗമുള്ളവരോട് മരുന്ന് എടുക്കുന്നതിന് പകരം ഡല്‍ഹിയില്‍ നിന്ന് മാറി താമസിക്കുവാന്‍ ഉപദേശിക്കുന്ന ഡോക്ടര്‍മാരും ഇപ്പോള്‍ സര്‍വ്വ സാധാരണമായി മാറിയിരിക്കുന്നു. രാജ്യതലസ്ഥാനം മനുഷ്യന് ജീവിക്കാന്‍ സാധിക്കാത്ത തരത്തിലേയ്ക്ക് മാറുന്നു. ഡല്‍ഹിയുടെ വായു മലിനമാണ് സര്‍...