ഡല്‍ഹി ഗ്യാസ് ചേംബര്‍ ആകുന്നു

ഡല്‍ഹി ഗ്യാസ് ചേംബര്‍ ആകുന്നു

വിജയ് ചൗക്ക്

സുധീര്‍ നാഥ് 


ഓരോ വര്‍ഷം കഴിയുന്തോറും രാജ്യ തലസ്ഥാനമായ ഡല്‍ഹിയിലെ ജനങ്ങള്‍ വായു മലിനീകരണത്തിന്‍റെ ഭീകരതയുടെ കാഠിന്യം വര്‍ദ്ധിക്കുന്നത് അനുഭവിക്കുകയാണ്. രാജ്യതലസ്ഥാനം ഒരു ഗ്യാസ് ചേബറായി മാറിയിരിക്കുന്നു എന്നാണ് പറയുന്ന്. അത് സത്യവുമാണ് എന്ന് വായു മലിനീകരണ തോത് പരിശോധിച്ചാല്‍ മനസിലാകും. രാജ്യതലസ്ഥാനമായ ഡല്‍ഹിയുടെ വായു അപകട നിലയില്‍ നിന്ന് വളരെ കൂടുതലായി ഓരോ ദിവസവും ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്യുകയാണ്. ഇങ്ങനെയുള്ള വാര്‍ത്ത  സാധാരണമായി മാറിയിരിക്കുന്നു. വായു മലിനീകരണത്തിന്‍റെ തോത്  തണുപ്പ് കാലമാവുമ്പോഴേക്കും കൂടുന്നു എന്നുള്ളത് ഇപ്പോള്‍ പതിവായിരിക്കുന്നു. വാഹനങ്ങളില്‍ നിന്നുള്ള പുകയും, വ്യവസായ മേഖലകളില്‍ നിന്നുള്ള പുകയും, നിര്‍മ്മാണ മേഖലയിലെ പൊടിയും ഡല്‍ഹിയെ ശ്വാസം മുട്ടിക്കുകയാണ്. ഡല്‍ഹിക്ക് ചുറ്റുമുള്ള സംസ്ഥാനങ്ങളില്‍ വിശേഷിച്ച് പഞ്ചാബില്‍ നിന്ന് ക്യഷി ഭൂമിയില്‍ നിന്നുള്ള പുക ഡല്‍ഹിയുടെ വായു മലിനമാക്കുന്നുണ്ട്. കര്‍ഷകര്‍ ക്യഷിഭൂമിയില്‍ വൈക്കോലും, മുന്‍ ക്യഷിയുടെ അവശിഷ്ടവും കത്തിക്കുന്നത് വായു മലിനീകരണത്തിന്‍റെ ചെറിയൊരു കാരണം മാത്രമാണ്. ഡല്‍ഹിയിലെ വായുമലിനീകരണത്തിന്‍റെ 38 ശതമാനവും ക്യഷിയിടത്തില്‍ നിന്ന് ഉയരുന്ന പുകമൂലം ഉണ്ടാകുന്ന മാലിന്യമാണ്. 

ഇന്ത്യയില്‍ അതിരൂക്ഷവും അപകടകരവുമായ വായുവാണെന്ന് അന്തര്‍ ദേശീയ മാധ്യമങ്ങള്‍ വരെ കാലങ്ങളായി റിപ്പോര്‍ട്ട് ചെയ്യുന്നത് രാജ്യത്തിന്‍റെ സമ്പത്ത് വ്യവസ്ഥയെ ബാധിക്കും. ടൂറിസം മുഖ്യ വരുമാനമായ ഇന്ത്യയും, വിശേഷിച്ച് കേരളവും ഇതിന്‍റെ ദൂഷ്യ ഫലത്തിന്‍റെ അനുഭവസ്ഥരാകുന്നു. ഡല്‍ഹിയിലും, വടക്കേ ഇന്ത്യയിലെ പട്ടണങ്ങളിലും ഉണ്ടാകുന്ന വായു മലിനീകരണം കടലോര പട്ടണങ്ങളേയും ബാധിക്കും. മലിന വായു ശ്വസിച്ച് ആത്മഹത്യാപരമായ യാത്ര നടത്തുന്നതില്‍ നിന്ന് വിദേശ ടൂറിസ്റ്റുകള്‍ പിന്തിരിയും എന്നത് സ്വാഭാവികം. വിദേശ ടൂറിസ്റ്റുകള്‍ ഇന്ത്യയിലേയ്ക്ക് വരുന്നത് കുറഞ്ഞു തുടങ്ങിയിരിക്കുന്നു എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

ഡല്‍ഹിയിലെ ആശുപത്രികളില്‍ ശ്വാസകോശ രോഗമുള്ളവരുടെ വരവ് കൂടുന്നു. ചുമ, മൂക്കൊലിപ്പ്, ശ്വാസ തടസം, കണ്ണെരിച്ചില്‍ തുടങ്ങിയ പ്രശ്നങ്ങളുമായി എത്തുന്നവരുടെ എണ്ണമാണ് കൂടുതല്‍. ശ്വാസ സബന്ധമായ രോഗങ്ങളുമായി ജനങ്ങള്‍ ആശുപത്രിയെ ആശ്രയിക്കുന്ന കാഴ്ച്ച ആശങ്ക ഉണ്ടാക്കുന്നതാണ്. ആരോഗ്യ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ ശ്വാസകോശ രോഗമുള്ളവരോട് ഡല്‍ഹിക്ക്  പുറത്ത് നാലു മാസമെങ്കിലും മാറി താമസിക്കാന്‍ ഉപദേശിക്കുന്നു. ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കുന്ന പ്രകാരം ആയിരക്കണക്കിന് ഡല്‍ഹി നിവാസികളാണ് ഡല്‍ഹി ഉപേക്ഷിച്ച് മറ്റിടങ്ങള്‍ തേടിയത്. ശ്വാസ സംബന്ധമായ പല രോഗങ്ങള്‍ക്കും ഡല്‍ഹി ഉപേക്ഷിക്കുകയാണ് ഏറ്റവും നല്ല മരുന്ന് എന്നുള്ളതാണ് ഡോക്ടര്‍മാരുടെ നിര്‍ദ്ദേശം. ജീവിക്കുവാനുള്ള ആഗ്രഹം കൊണ്ട് ഡല്‍ഹി വിട്ടുപോയ എത്രയോ പേര്‍ ഇന്ന് മറ്റ് സംസ്ഥാനങ്ങളില്‍ ജീവിക്കുന്നു. വിഷപുക കാരണം കണ്ണുകള്‍ എരിയുന്നു എന്ന് ജനങ്ങള്‍ പരസ്പരം പറയുന്നു. പുറമെനിന്ന് ഡല്‍ഹിയില്‍ എത്തുന്നവരാണ് മാലിന്യത്തിന്‍റെ പ്രഹരം ഏറെ അനുഭവിക്കുന്നത്. നവംബര്‍ ഡിസംബര്‍ മാസങ്ങളില്‍ ജനജീവിതം രാജ്യതലസ്ഥാനത്ത് ഭീതിജനകമാക്കിയിരിക്കുന്നു എന്നുള്ള കാര്യം സത്യമാണ്. രാജ്യ തലസ്ഥാനത്തെ ജനങ്ങളില്‍ ബഹുഭൂരിപക്ഷം പേര്‍ക്കും ശ്വാസതടസവും മറ്റ് ശ്വാസ സംബന്ധമായ രോഗങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട് എന്നാണ് ആശുപത്രി വൃത്തങ്ങള്‍ നല്‍കുന്ന സൂചന. 

കൊറോണ വൈറസിനെ പ്രതിരോധിക്കുന്നതിന് വേണ്ടി ജനങ്ങള്‍ മാസ്കുകള്‍ ധരിക്കുകയുണ്ടായി. ഇപ്പോള്‍ ആരോഗ്യ വിദഗ്ധര്‍ പറയുന്നത് വായുമലിനീകരണത്തിന്‍റെ ഭീകരതയില്‍ നിന്ന് ആശ്വാസം ലഭിക്കുവാന്‍ മാസ്ക്കുകള്‍ ധരിക്കണം എന്നാണ് നിര്‍ദ്ദേശിക്കുന്നത്. ഇപ്പോള്‍ ജനങ്ങള്‍ വീടിനുള്ളില്‍ പോലും മാസ്ക്ക് ധരിക്കേണ്ട അവസ്ഥയിലായിരിക്കുന്നു. മുന്‍കാലങ്ങളില്‍ വായു മലിനീകരണം കൂടുന്നതിന്‍റെ കാരണത്താല്‍ സ്കൂളുകള്‍ അടച്ചിടുവാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമാകാറുണ്ട്. തീര്‍ച്ചയായും ഇക്കുറിയും അത് ആവര്‍ത്തിക്കും എന്നുള്ള കാര്യത്തില്‍ ഒരു സംശയവുമില്ല. ഉത്തര്‍പ്രദേശിന്‍റെ ഭാഗമായ നോയിഡ ഡല്‍ഹിയോട് ചേര്‍ന്നാണ് കിടക്കുന്നത്. അവിടെ സ്ക്കൂളുകള്‍ എട്ടാം ക്ലാസ് വരെ ഓണ്‍ലൈനിലേക്ക് മാറണമെന്ന് ഉത്തരവ് ഇറങ്ങിക്കഴിഞ്ഞിരിക്കുന്നു. അതായത് നവംബര്‍ ഡിസംബര്‍ ജനുവരി മാസങ്ങളില്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ മതിയെന്നാണ് നോയിഡ അതോറിറ്റി അവിടങ്ങളിലെ സ്കൂളുകള്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം. അതുപോലെതന്നെ വിദ്യാര്‍ത്ഥികള്‍ മാസ്ക്കുകള്‍ നിര്‍ബന്ധമായും ധരിക്കണം എന്ന് മറ്റു പല സ്കൂളുകളിലും ഉത്തരവിറക്കിയിരിക്കുന്നു. കുട്ടികളുടെ ആരോഗ്യം വളരെ ഗൗരവമായി കണക്കാക്കണമെന്ന് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഇപ്പോള്‍ വളരെ ഉച്ചത്തില്‍ തന്നെ പറയുന്നുണ്ട്. വര്‍ക്ക് അറ്റ് ഹോം എന്ന നടപടി കോവിഡ് കാലത്ത് വ്യാപകമായത് ഇപ്പോള്‍ പ്രയോഗിക്കേണ്ടി വന്നിരിക്കുന്നു. വായു മലിനീകരണം കാരണം പല സ്ഥാപനങ്ങളും വര്‍ക്ക് അറ്റ് ഹോം നടപ്പിലാക്കി കഴിഞ്ഞു. സര്‍ക്കാര്‍ ഓഫീസുകളിലും വര്‍ക്ക് ഫ്രം ഫോം നടപ്പിലാക്കുന്നതിന്‍റെ ചര്‍ച്ചകള്‍ തുടങ്ങി കഴിഞ്ഞു. കോടതികള്‍ കോവിഡ് കാലം പോലെ ഓണ്‍ ലൈന്‍ ആകുമെന്ന് സംസാരം ഉണ്ട്. 

രാജ്യതലസ്ഥാനത്തെ രൂക്ഷമായ വായു ഗുരുതരാവസ്ഥയില്‍ ആയിരിക്കുന്നു എന്നുള്ള വാര്‍ത്തകള്‍ രാജ്യത്ത് ആകെ ഇപ്പോള്‍ സംസാര വിഷയമാണ്. വായുഗുണനിലവാര സൂചിക 400 കഴിഞ്ഞാല്‍ അത് ആരോഗ്യമുള്ള ഏതൊരു മനുഷ്യനും അപകടകരമാകും എന്നാണ് ആരോഗ്യരംഗത്തുള്ളവര്‍ പറയുന്നത്. നിലവിലെ വായുവിന്‍റെ ഗുണനിലവാരം ഡല്‍ഹിയില്‍ 440 ശരാശരിയില്‍ എത്തി നില്‍ക്കുകയാണ്. ഡല്‍ഹിയിലെ പല പ്രദേശങ്ങളിലും 430 നു മുകളിലാണ് വായുവിന്‍റെ മലിനീകരണ തോത്. ഇത് വ്യാപകമായ ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാക്കും എന്ന മുന്നറിയിപ്പ് ആരോഗ്യ പ്രവര്‍ത്തകര്‍ നല്‍കുന്നുണ്ട്. ഇത് അവഗണിക്കുവാന്‍ സാധിക്കുകയില്ല.

ഡല്‍ഹിയില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തത്ക്കാലം നിരോധിച്ചിരിക്കുകയാണ്. ഇത് സര്‍ക്കാര്‍ മേഖലയില്‍ മാത്രമേ നടപ്പിലാകുന്നുള്ളൂ. സ്വകാര്യ മേഖലകളില്‍ നിര്‍മ്മാണങ്ങള്‍ നടക്കുന്നുണ്ട്. ദീപാവലി നാളില്‍ പടക്കം നിരോധിച്ചു. പക്ഷെ ഡല്‍ഹിയിലെ പല കോളനികളിലും പടക്കം പൊട്ടി. ജനങ്ങള്‍ കൂടി സഹകരിച്ചാല്‍ മാത്രമേ വായു മലിനീകരണം നിയന്ത്രിക്കാന്‍ സാധിക്കൂ. ഡീസല്‍ ജനറേറ്ററുകളുടെ പ്രവര്‍ത്തനവും, ഇഷ്ടിക ചൂളകളുടെ പ്രവര്‍ത്തനവും ഇപ്പോള്‍ നിരോധിച്ചിരിക്കുകയാണ്. ഡീസല്‍ വാഹനങ്ങള്‍ ഡല്‍ഹിയില്‍ പ്രവേശിക്കുന്നതിന് നിയന്ത്രണം കൊണ്ടുവന്നു. ഇവിടെ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കേണ്ടത് അത്യാവശ്യമാണെന്ന് ഡല്‍ഹി മുഖ്യമന്ത്രി കേജരിവാള്‍ ഈ വര്‍ഷവും പറഞ്ഞു കഴിഞ്ഞു.