തിരഞ്ഞെടുപ്പ്, പക്ഷെ നോമിനേഷന്‍ വളഞ്ഞ വഴിക്ക്
(തരൂര്‍, ഗാര്‍ഗെ, കോണ്‍ഗ്രസ്...!)
വിജയ് ചൗക്ക്
സുധീര്‍ നാഥ്
രാഹുല്‍ ഗാന്ധി കോണ്‍ഗ്രസിനെ വളര്‍ത്തുവാന്‍ നടത്തുന്ന യാത്രയും, കോണ്‍ഗ്രസിനെ വളര്‍ത്തുവാന്‍ അധ്യക്ഷനെ കണ്ടെത്താന്‍ നടത്തുന്ന തെരഞ്ഞെടുപ്പുമാണ് രാഷ്ട്രീയ വ്യത്തങ്ങളിലെ സംസാരം. പാര്‍ട്ടിക്കും ഇതുപോലെ ജനാധിപത്യ രീതിയിലുള്ള നടപടി ക്രമമില്ലെന്ന് അഭിമാനത്തോടെ പറയുന്ന കോണ്‍ഗ്രസ് നേതാക്കളുണ്ട്. എന്നാല്‍ സ്വന്ത്രമായ തിരഞ്ഞെടുപ്പാണോ അധ്യക്ഷ സ്ഥാനത്ത് നടക്കുന്നത് എന്ന് ചോദിച്ചാല്‍ അല്ല എന്ന ഉത്തരമാണ് ഭൂരിപക്ഷ രാഷ്ട്രീയ നിരീക്ഷകരും കോണ്‍ഗ്രസിലെ തന്നെ ചിലരും പറയുക. എന്നിരുന്നാലും കോണ്‍ഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പ് സമൂഹത്തില്‍ ചര്‍ച്ചയാണ്. മറ്റ് പാര്‍ട്ടിക്കാര്‍ പോലും അഭിപ്രായവും വിമര്‍ശനവും പിന്തുണയുമായി എത്തുന്നു. കോണ്‍ഗ്രസ് അധ്യക്ഷനെ തിരഞ്ഞെടുക്കുന്നതില്‍ ഒരു പങ്കുമില്ലാത്തവര്‍ പോലും സമൂഹമാധ്യമങ്ങളില്‍ അഭിപ്രായം രേഖപ്പെടുത്തുന്നു.
രണ്ട് സ്ഥാനാര്‍ത്ഥികളാണ് കോണ്‍ഗ്രസിന്‍റെ അധ്യക്ഷ പദവിയിലേക്ക് മത്സരിക്കുന്നത്. അതില്‍ ഒരാള്‍ ലോകം അറിയുന്ന ഡോക്ടര്‍ ശശി തരൂര്‍. മറ്റൊരാള്‍ കോണ്‍ഗ്രസിന്‍റെ പരമ്പരാഗത പ്രവര്‍ത്തകന്‍. കോണ്‍ഗ്രസിന്‍റെ പ്രവര്‍ത്തനങ്ങളില്‍ തരൂരിനെക്കാള്‍ പരിചിതസമ്പന്നന്‍. അതിനേക്കാള്‍ യോഗ്യത നെഹ്റു ഗാന്ധി കുടുംബത്തിന്‍റെ വിശ്വസ്തനും, സ്വീകാര്യനുമാണ് എന്നത്. അതുകൊണ്ട് തന്നെ മല്ലികാര്‍ജുന്‍ ഗാര്‍ഗെ കോണ്‍ഗ്രസിന്‍റെ ഔദ്യോഗിക സ്ഥാനാര്‍ത്ഥിയാണ് എന്ന് പരക്കെ സംസാരവും ഉണ്ട്. അത് സാധൂകരിക്കുന്ന രീതിയിലാണ് രാജ്യത്തിന്‍റെ പല ഭാഗങ്ങളില്‍ ഉള്ള മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ മല്ലികാര്‍ജുന്‍ ഗാര്‍ഗയെ പിന്തുണയ്ക്കുന്നു എന്ന് പരസ്യമായി പ്രഖ്യാപിക്കുന്നത്.
ഡോക്ടര്‍ ശശി തരൂരിനെ പിന്തുണച്ചുകൊണ്ട് മുന്നില്‍ വന്നിരിക്കുന്നതില്‍ ഭൂരിപക്ഷവും യുവ നേതാക്കളാണ്. കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ വോട്ടവകാശമില്ലാത്തവരാണ് ഡോക്ടര്‍ തരൂരിനോടൊപ്പം എന്ന സംസാരവും വ്യാപകമായി ഉണ്ട്. കോണ്‍ഗ്രസ് വളരണം എന്ന് ആഗ്രഹമുള്ള ഒട്ടേറെ പേര്‍ കോണ്‍ഗ്രസിന് പുറത്ത് പല പ്രതിപക്ഷ പാര്‍ട്ടികളിലും ഉണ്ട്. കോണ്‍ഗ്രസിന്‍റെ വളര്‍ച്ച ആഗ്രഹിക്കുന്ന പാര്‍ട്ടികള്‍ വരെ ഉണ്ട്. ഡോക്ടര്‍ ശശി തരൂരിനോടൊപ്പം മാനസികമായി ചേര്‍ന്നുനില്‍ക്കുന്നു എന്ന് അവരൊക്കെ പരസ്യമായി പറയുന്നു. അതേസമയം കോണ്‍ഗ്രസിലെ പ്രമുഖരായ നേതാക്കള്‍ ഗാര്‍ഗയെ പിന്തുണയ്ക്കുന്നു.
മല്ലികാര്‍ജ്ജന കാര്‍ഗെ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി അദ്ദേഹം ഗാന്ധി കുടുംബത്തിന്‍റെ അജ്ഞാന വൃത്തിയാണ് എന്നുള്ളതാണ്. ഔദ്യോഗിക സ്ഥാനാര്‍ത്ഥി പരിരക്ഷ ഗാര്‍ഗയ്ക്ക് ഉണ്ടെങ്കിലും മുന്‍കാലങ്ങളില്‍ ഉണ്ടായ ഔദ്യോഗിക സ്ഥാനാര്‍ത്ഥികളുടെ പരാജയം ഒരു ഞെട്ടലോടു കൂടി മാത്രമാണ് വായിക്കപ്പെടുന്നത്. സാക്ഷാല്‍ മഹാത്മാഗാന്ധി അവതരിപ്പിച്ച പട്ടാബി സീതാരമയ്യ എന്ന ഔദ്യോഗിക സ്ഥാനാര്‍ത്ഥിയും, ജവഹര്‍ലാല്‍ നെഹ്റു കൊണ്ടുവന്ന ജെ. ബി. ക്യപാലിനി എന്ന ഔദ്യോഗിക സ്ഥാനാര്‍ത്ഥിയും കോണ്‍ഗ്രസിന്‍റെ ചരിത്രം പരിശോധിച്ചാല്‍ കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്ത് മത്സരിച്ച് തോല്‍ക്കുന്ന സാഹചര്യം ഉണ്ടായിട്ടുണ്ട്. സുഭാഷ് ചന്ദ്ര ബോസും, പുരുഷോത്തമന്‍ ഠണ്ഡനുമാണ് ഔദ്യോഗിക സ്ഥാനാര്‍ത്ഥികളെ പരാജയപ്പെടുത്തിയത്. ഇരുവര്‍ക്കും കോണ്‍ഗ്രസിനെ നേരായ രീതിയില്‍ ഭരിക്കാന്‍ സാധിച്ചില്ല. തടസങ്ങളേറെ ഉണ്ടായി. ഇരുവരും പദവി രാജിവെച്ചതായി ചരിത്രം രേഖപ്പെടുത്തുന്നു. പിന്നീട് സാഹചര്യങ്ങള്‍ മാറി. നെഹ്റു ഗാന്ധി കുടുംബങ്ങളുടെ അനുഗ്രഹത്തില്‍ വന്നവര്‍ക്ക് മാത്രമേ കോണ്‍ഗ്രസ് അധ്യക്ഷനാകാന്‍ സാധിച്ചിട്ടുള്ളൂ. അതില്‍ വേറിട്ട പ്രവര്‍ത്തനം നടത്തിയ നരസിംഹ റാവുവിന്‍റെ കഥ ഒരിക്കലും മറക്കുവാന്‍ കഴിയുന്നതുമല്ല.
1991 ലെ പാര്‍ലമെന്‍റ് തിരഞ്ഞെടുപ്പ് കാലത്താണ് രാജീവ് ഗാന്ധി കൊലചെയ്യപ്പെടുന്നത്. കോണ്‍ഗ്രസ് അധ്യക്ഷന്‍ കൂടിയായിരുന്നു രാജീവ് ഗാന്ധി. തിരഞ്ഞെടുപ്പ് പ്രചരണം നടക്കുന്നതിനിടയില്‍ അധ്യക്ഷന്‍ നഷ്ടപ്പെട്ട കോണ്‍ഗ്രസ് പുതിയ ഒരു അധ്യക്ഷനായി തിരച്ചില്‍ തുടങ്ങി. രാജീവ് ഗാന്ധിയുടെ സഹധര്‍മ്മിണി സോണിയ ഗാന്ധി അധ്യക്ഷ പദവി ഏറ്റെടുക്കണമെന്ന് വലിയ രീതിയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കിടയില്‍ പ്രചരണം ഉണ്ടായിരുന്നു. ഡല്‍ഹിയില്‍ അവര്‍ താമസിച്ചിരുന്ന 10 ജനപഥിന് മുന്നില്‍ പുലര്‍ച്ചെ മുതല്‍ പ്രവര്‍ത്തകര്‍ തടിച്ചു കൂടി കോണ്‍ഗ്രസ് പ്രസിഡന്‍റായി സോണിയ ഗാന്ധി വരണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് മുദ്രാവാക്യം മുഴക്കി കൊണ്ടിരുന്നു. ഇന്നത്തെ പോലെ ക്യാമറകള്‍ക്ക് മുന്നിലെ പ്രകടനമല്ലായിരുന്നു അന്ന്.
പലനേതാക്കളും സോണിയ ഗാന്ധിയോട് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം ഏറ്റെടുക്കണം എന്ന ആവശ്യത്തിന് പിന്തുണ അറിയിച്ച് എത്തി. എല്ലാവരോടും അവര്‍ അന്ന് പറഞ്ഞതും ഇന്ന് പറയുന്നതും ഒന്നു തന്നെയായിരുന്നു. നെഹ്റു കുടുംമ്പത്തില്‍ നിന്നല്ലാത്ത ഒരു വ്യക്തി വരട്ടെ എന്ന്. പല നേതാക്കള്‍ മാറി മാറി ആവശ്യപ്പെട്ടിട്ടും സോണിയ അധ്യക്ഷ പദവി ഏറ്റില്ല. സോണിയ ഗാന്ധിക്ക് അവര്‍ക്ക് മരണ ഭയം ഉണ്ടായിരുന്നു. ഭര്‍ത്താവും ഭര്‍ത്തു മാതാവും കൊല ചെയ്യപ്പെട്ടതിന് സാക്ഷിയായിരുന്നല്ലോ അവര്‍. അടുത്ത ലക്ഷ്യം അവരാകുമെന്ന് ഭയപ്പെട്ടിരിക്കും. സ്വന്തം സുരക്ഷയും മക്കളുടെ സുരക്ഷയും അവര്‍ കണ്ടിരിക്കണം.
മുതിര്‍ന്ന പല കോണ്‍ഗ്രസ് നേതാക്കളും എ.ഐ.സി.സി. അധ്യക്ഷ പദവിയില്‍ എത്താന്‍ ഇതിനിടയില്‍ ശ്രമം തുടങ്ങിയിരുന്നു. നെഹ്റു കുടുംബത്തിന്‍റെ പിന്‍ നിരയിലിരുന്ന മിക്കവരും അധ്യക്ഷസ്ഥാനത്തേയ്ക്ക് ശ്രമിച്ചിരുന്നു എന്നത് റിപ്പോര്‍ട്ട് ചെയ്തിരുന്നു. സോണിയ ഗാന്ധി പക്ഷെ കോണ്‍ഗസിന്‍റെ മുതിര്‍ന്ന നേതാവും മുന്‍പ് പല പ്രമുഖ മന്ത്രാലയങ്ങളുടെ നേതൃത്വം വഹിച്ച മന്ത്രിയുമായിരുന്ന നരസിംഹ റാവുവിനെയാണ് കണ്ടത്. രാജീവ് ഗാന്ധിക്കെതിരെ വി.പി.സിംഗിന്‍റെ നീക്കം സോണിയ ഗാന്ധിക്ക് അറിയാമായിരുന്നു. വി.പി. സിംഗിന്‍റെ മകനെതിരെ കേസുണ്ടാക്കിയതും, രാജീവ് ഗാന്ധിക്ക് വലിയ പിന്തുണ കൊടുത്തതും നരസിംഹ റാവുവായിരുന്നു. മറ്റ് നേതാക്കള്‍ക്ക് പ്രശ്നമുണ്ടാക്കാതെ റാവുവിന്‍റെ പേര് കൊണ്ടുവരേണ്ട ചുമതല സോണിയ ഗാന്ധി കെ. കരുണാകരനാണ് നല്‍കിയത്.
കെ. കരുണാകരന്‍ കോണ്‍ഗ്രസ് നേതാക്കളെ കാണുവാന്‍ തുടങ്ങി. പുതിയ അധ്യക്ഷനെ കണ്ടെത്തുന്നതിന് നേതാക്കളുടെ അഭിപ്രായം തേടുകയായിരുന്നു കരുണാകരന്‍. കോണ്‍ഗ്രസ് ആസ്ഥാനത്താണ് മുഖാമുഖ ചടങ്ങ് നടന്നത്. അഭിപ്രായം അറിയിക്കാന്‍ നേതാക്കള്‍ കോണ്‍ഗ്രസ് ആസ്ഥാനതെത്തി. ഒടുവില്‍ കെ. കരുണാകരന്‍ സോണിയ ഗാന്ധിയുടെ മനസിലെ പേര് തന്നെ പ്രഖ്യാപിച്ചു. ഭൂരിപക്ഷം നേതാക്കളും നരസിംഹ റാവുവിന്‍റെ പേരാണ് അധ്യക്ഷ സ്ഥാനത്തേയ്ക്ക് നിര്‍ദ്ദേശിച്ചത് എന്നായിരുന്നു കെ. കരുണാകരന്‍റെ പ്രഖ്യാപനം. കിങ്ങ് മേക്കര്‍ എന്ന പരിവേഷം കരുണാകരനില്‍ പലരും ചാര്‍ത്തി. നോമിനേഷന്‍ രീതി കോണ്‍ഗ്രസില്‍ അങ്ങിനെ ശക്തിപ്പെട്ടു.
നരസിംഹ റാവുവിന്‍റെ നേതൃത്ത്വത്തിലാണ് പിന്നീടുള്ള തിരഞ്ഞെടുപ്പുകള്‍ കോണ്‍ഗ്രസ് നേരിട്ടത്. നരസിംഹ റാവു പ്രധാനമന്ത്രിയായാല്‍ കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനം നല്‍കാമെന്ന് കെ. കരുണാകരന്‍ ശരത് പവാറിനോട് പറഞ്ഞു. ഇത് തന്നെ അര്‍ജുന്‍സിംഗിനോടും പറഞ്ഞു. ഇരുവരും മത്സരത്തില്‍ നിന്ന് പിന്‍മാറി. രാജേഷ് പൈലറ്റ്, മാധവ റാവു സിന്ധ്യയും തുടങ്ങി വിമത ശബ്ദം ഉയര്‍ത്തിയ എല്ലാവര്‍ക്കും മന്ത്രിസഭയില്‍ പ്രധാന സ്ഥാനം ഉറപ്പ് നല്‍കി അനുനയിപ്പിച്ചതില്‍ പ്രധാനി കെ. കരുണാകരനായിരുന്നു. കരുണാകരന്‍ അക്കാലത്ത് അത്ര ശക്തനായ കോണ്‍ഗ്രസ് നേതാവായിരുന്നു.
ആദ്യ കാലങ്ങളില്‍ നേതാക്കള്‍ നമ്പര്‍ പത്ത് ജന്‍പഥില്‍ എത്തി സോണിയ ഗാന്ധിയെ കണ്ട ശേഷമായിരുന്നു പ്രധാനമന്ത്രി നരസിഹ റാവുവിനെ കണ്ടിരുന്നത്. പിന്നെ പിന്നെ നേതാക്കള്‍ നേരിട്ട് നരസിഹ റാവുവിനെ കാണുവാന്‍ തുടങ്ങി. സോണിയ ഗാന്ധിയെ ചൊടിപ്പിക്കാന്‍ ഇത് പ്രധാന കാരണമായി എന്ന് തന്നെ കരുതുന്നു. നരസിംഹ റാവുവിന് പ്രതിപക്ഷത്തേക്കാള്‍ ശത്രുക്കള്‍ സ്വന്തം പാര്‍ട്ടിയില്‍ നിന്നായിരുന്നു. ഇതിനിടയില്‍ അര്‍ജുന്‍ സിംഗ്, എന്‍. ഡി. തിവാരി തുടങ്ങിയവര്‍ സോണിയ ഗാന്ധിയുമായി അടുത്തു. സോണിയാ ഗാന്ധിയുടെ മൗന സമ്മതത്തില്‍ സമാന്തരമായി 1994ല്‍ ആള്‍ ഇന്ത്യ ഇന്ദിരാ കോണ്‍ഗ്രസ് (തിവാരി) എന്ന പുതിയ പാര്‍ട്ടി ഉണ്ടാക്കി. റാവുവിനെതിരെ ശക്തമായ നീക്കമാണ് പിന്നീട് ഉണ്ടായത്. സോണിയാ ഗാന്ധി കോണ്‍ഗ്രസില്‍ ഇരുന്ന് തന്നെ ഇവര്‍ക്ക് പിന്തുണ നല്‍കി. കോണ്‍ഗ്രസിന്‍റെ വലിയ തകര്‍ച്ചയുടെ തുടക്കമായിരുന്നു അത്.
നരസിംഹറാവു പ്രധാനമന്ത്രിയും കോണ്‍ഗ്രസിന്‍റെ അധ്യക്ഷനും ആയിരുന്നെങ്കിലും അദ്ദേഹത്തിന്‍റെ മരണശേഷം ഉണ്ടായ ദയനീയ സംഭവം നാം ഇവിടെ ഓര്‍ക്കേണ്ടതുണ്ട്. നരസിംഹ റാവുവിന്‍റെ ചേതനയറ്റ ശരീരം കോണ്‍ഗ്രസ് ആസ്ഥാനത്ത് എത്തിച്ചപ്പോള്‍, സോണിയ ഗാന്ധിയുടെ നിര്‍ദ്ദേശപ്രകാരം ഗേറ്റുകള്‍ താക്കോലിട്ട് പൂട്ടി. റാവുവിന്‍റെ ശവമഞ്ചം കോണ്‍ഗ്രസ് ആസ്ഥാനത്തിന്‍റെ പുറത്ത് 24 അക്ബര്‍ റോഡിലായിരുന്നു പൊതു ദര്‍ശനത്തിനായി നിര്‍ത്തിയിട്ടത്. ഡല്‍ഹിയില്‍ മുന്‍ പ്രധാനമന്ത്രികൂടിയായ നരസിംഹ റാവുവിന്‍റെ സംസ്ക്കാരത്തിനു പോലും അന്നത്തെ നേത്യത്ത്വം അനുമതി നല്‍കിയില്ല. മ്യതദേഹം ഹൈദ്രബാദില്ക്ക്േ കൊണ്ടുപോയി.
22 വര്‍ഷം മുന്‍പ് സോണിയാ ഗാന്ധിയും ജിതേന്ദര്‍ പ്രസാദും തമ്മില്‍ കോണ്‍ഗ്രസ് അധ്യക്ഷ സസ്ഥാനത്തിനായി മത്സരം നടന്നു. 2000ത്തില്‍ നടന്ന തിരഞ്ഞെടുത്തില്‍ 7542 വോട്ടുകളില്‍ 94 വോട്ടുകള്‍ മാത്രമേ ജിതേന്ദ്രയ്ക്ക് ലഭിച്ചുള്ളൂ. അന്ന് നോമിനേഷന്‍ കൊടുക്കാന്‍ കോണ്‍ഗ്രസ് ആസ്ഥാനത്ത് എത്തിയ ജിതേന്ദ്രയ്ക്ക് ഗോ ബാക്ക് വിളികളും, കൂക്കു വിളികളും നേരിടേണ്ടി വന്നു. തരൂരിനെ ആനയിച്ച് മുദ്രാവാക്യം വിളിക്കാന്‍ കോണ്‍ഗ്രസ് ആസ്ഥാനത്ത് ആയിരങ്ങളുണ്ടായി എന്നത് ചെറിയ കാര്യമല്ല. അതില്‍ വോട്ടവകാശമുള്ളവര്‍ കുറവായിരിക്കും എന്ന കാര്യത്തില്‍ സംശയമില്ല. 9000 വോട്ടില്‍ തരൂര്‍ 1000 വേട്ട് നേടിയാല്‍ അത് വിജയമാണ്. അതിന് തക്കതായ കാരണവുമുണ്ട്. വോട്ടവകാശമുള്ള ആരും തിരഞ്ഞെടുക്കപ്പെട്ടവരല്ല. നോമിനേറ്റ് ചെയ്യപ്പെട്ടവരാണ്.
നോമിനേഷന്‍ എന്ന പ്രതിഭാസം കോണ്‍ഗ്രസിനുള്ളില്‍ വളര്‍ന്നു വന്നതിന് ശേഷമാണ് കോണ്‍ഗ്രസ് എന്ന വളരെ പഴക്കം ചെന്ന പാര്‍ട്ടി തളര്‍ന്നത് എന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു. ഇന്ദിരാഗാന്ധി, രാജീവ് ഗാന്ധി, സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി തുടങ്ങിയവരെയാണ് ഗാന്ധി കുടുംബം എന്ന് വിശേഷിപ്പിക്കുന്നത്. ഈ ഗാന്ധി കുടുംബത്തെ തന്നെയാണ് കോണ്‍ഗ്രസ് ഹൈക്കമാന്‍റ് എന്ന് ഓമനപ്പേരിട്ട് വിളിക്കുന്നത്. ഇവരുടെ പിന്തുണയോടെ മത്സരിക്കുന്നവരാണ് പലപ്പോഴും ജയിച്ചു വരാറുള്ളത്. തിരഞ്ഞെടുപ്പ് എന്നുള്ള പ്രക്രിയ വര്‍ഷങ്ങളായി കോണ്‍ഗ്രസില്‍ നടക്കുന്നില്ല. പകരം നോമിനേഷന്‍ രീതിയാണ് വ്യാപകമായി നടക്കുന്നത്. ഹൈക്കമാന്‍റാണ് എപ്പോഴും നോമിനേഷന്‍ നടത്തുന്നത്. ഇപ്പോള്‍ നടക്കുന്ന കോണ്‍ഗ്രസ് തിരഞ്ഞെടുപ്പിലും നോമിനേറ്റ് ചെയ്യപ്പെട്ടവരാണ് വോട്ടര്‍മാര്‍. അതുകൊണ്ട് തന്നെ അധ്യക്ഷ മത്സരത്തിന്‍റെ വിധി മുന്‍കൂട്ടി പ്രവചിക്കാന്‍ പോലും പ്രാപ്തമായ ഒന്നാണ് വോട്ടേഴ്സ് ലിസ്റ്റ്.
