പാര്‍ലമെന്‍റ് സ്ട്രീറ്റ്
സുധീര്‍ നാഥ്
2022 ഒക്ടോബര്‍ 01
സെന്‍ട്രല്‍ വിസ്തയുടെ കര്‍ത്തവ്യ പഥ് കൗതുകമാകുന്നു
രാജ്യ തലസ്ഥാനമാകെ നിര്‍മ്മാണ പ്രവര്‍ത്തികള്‍ കൊണ്ട് വളരെ സജീവമായിരിക്കുന്ന കാലത്തിലൂടെയാണ് നമ്മള്‍ സഞ്ചരിക്കുന്നത്. പ്രശസ്തമായ പ്രഗതി മൈതാന്‍ ഇടിച്ച് പൊളിച്ച് പുതിയ വലിയ കെട്ടിടങ്ങള്‍ ഉയര്‍ന്ന് കഴിഞ്ഞു. സെന്‍ട്രല്‍ വിസ്താ പ്രൊജക്റ്റ് എന്നുള്ളത് കേന്ദ്രസര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനപ്പെട്ട ഒന്നാണ്. പാര്‍ലമെന്‍റ് മന്ദിരം പുതുതായി നിര്‍മ്മിച്ച വിപ്ലവം സൃഷ്ടിക്കുവാനാണ് നരേന്ദ്രമോദി ഇപ്പോള്‍ ശ്രമിച്ചിരിക്കുന്നതും അത് വളരെ വേഗതയില്‍ പൂര്‍ത്തീകരിച്ചിരിച്ച് ചരിത്രം സ്യഷ്ടിക്കുന്നതും. ഒട്ടേറെ വിമര്‍ശനങ്ങള്‍ ഈ നിര്‍മ്മാണ പ്രവര്‍ത്തിയുടെ പേരില്‍ സര്‍ക്കാരിന് ഏല്‍ക്കേണ്ടി വന്നിരുന്നു എന്നുള്ളത് ഒരു സത്യമാണ്. രാഷ്ട്രപതി ഭവന്‍ മുതല്‍ ഇന്ത്യ ഗേറ്റ് വരെയുള്ള ഭാഗങ്ങളും ഇരുവശങ്ങളിലുമുള്ള സര്‍ക്കാര്‍ ഓഫീസുകളും സെന്‍ട്രല്‍ വിസ്ത പ്രോജക്റ്റിന്‍റെ പരിധിയില്‍ വരുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങളാണ്. പുതിയ പാര്‍ലമെന്‍റ് മന്ദിരം ഏതാണ്ട് പൂര്‍ത്തിയാക്കി കഴിഞ്ഞിരിക്കുന്നു. രാഷ്ട്രപതി ഭവന്‍ മുതല്‍ ഇന്ത്യ ഗേറ്റ് വരെയുള്ള പുല്‍ത്തകിടി പുനര്‍ നിര്‍മ്മിച്ച് പൊതുജനങ്ങള്‍ക്ക് തുറന്നുകൊടുക്കുകയും ചെയ്തിരിക്കുന്നു. 1911 ലാണ് കല്‍ക്കട്ടയില്‍ നിന്ന് ഈ ന്യൂഡല്‍ഹിയിലേക്ക് രാജ്യ തലസ്ഥാനം മാറ്റുവാന്‍ ബ്രിട്ടീഷ് ഇന്ത്യ കമ്പനിയുടെ തലവനായ ജോര്‍ജ് വീയാണ് തീരുമാനമാകുന്നത്. മൂന്ന് പ്രശസ്ത ആര്‍ക്കിടെക്ടുകളെ രാജ്യ തലസ്ഥാനം നിര്‍മ്മിക്കുന്നതിന് അദ്ദേഹം നിയമിച്ചു. എഡ്വിന്‍ ലാന്‍ഡ്സര്‍, ലൂട്ടിയന്‍സ്, ഹെര്‍ബേര്‍ട്ട് ബേക്കര്‍ എന്നിവരായിരുന്നു അവര്‍. അന്ന് രാഷ്ട്രപതി ഭവന്‍ മുതല്‍ ഇന്ത്യ ഗേറ്റ് വരെയുള്ള വലിയ തുറന്ന പ്രദേശത്തിന് കിങ്ങ്സ്വേ എന്നാണ് പേരിട്ടിരിക്കുന്നത്. സ്വാതന്ത്ര്യാനന്തരം കിംഗ്സ് വേയുടെ പേര് ഹിന്ദിയിലാക്കി രാജ്പഥ് എന്ന പേരില്‍ പുനര്‍നാമകരണം ചെയ്തു. സെന്‍ട്രല്‍ വിസ്തയുടെ ഭാഗമാക്കി വലിയ നവീകരണം നടത്തി 2022 സെപ്റ്റംബര്‍ മാസം നരേന്ദ്രമോദി കര്‍ത്തവ്യ പഥ് എന്ന് പുനര്‍ നാമകരണം നടത്തി ഉദ്ഘാടനം ചെയ്തിരിക്കയാണ്. അവിടെ എന്തു നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആണ് നടത്തിയത് എന്നറിയണമെങ്കില്‍ പുല്‍ത്തകിടിയുടെ അടിയിലേക്ക് പോകണം. ഭൂമിക്കടിയില്‍ അതിവിശാലമായ രണ്ട് കോറിഡോറുകള്‍ ആണ് സര്‍ക്കാര്‍ സെന്‍ട്രല്‍ വിസ്ത പ്രോജക്റ്റിന്‍റെ ഭാഗമായി നിര്‍മ്മിച്ചിരിക്കുന്നത്. അവിടെ പൊതുജനങ്ങള്‍ക്ക് നടക്കുവാനും അത്യാവശ്യ ആഹാര പദാര്‍ത്ഥങ്ങള്‍ വാങ്ങുവാനും സൗകര്യമൊരുക്കിയിരിക്കുന്നു. ഭൂമിയുടെ നിരപ്പിലും മനോഹരമായ നടപ്പാതയുണ്ട്. 16.5 കിലോമീറ്റര്‍ പുതുക്കിയ നടപ്പാത കൗതുക കാഴ്ച്ചയാണ്. മുന്‍പ് പുല്‍ത്തകിടിയില്‍ പപ്പടവും, ഐസ്ക്രീമും, ബേല്‍പ്പൂരിയും, കടലയും മറ്റും വില്‍പ്പന നടക്കുമായിരുന്നു. ഇപ്പോള്‍ ഇത്തരം വില്‍പ്പനയെല്ലാം ഭൂമിക്കടിയില്‍ ഒരുക്കിയ വില്‍പ്പന കേന്ദ്രത്തില്‍ മാത്രം. ഭൂമി പരപ്പില്‍ നിന്ന് താഴെ ആയതുകൊണ്ട് അതൊന്നും പൊതുജനങ്ങള്‍ക്ക് കാണുവാന്‍ പെട്ടെന്ന് സാധിക്കില്ല. ഭൂമിക്കടിയില്‍ വലിയ നിര്‍മ്മാണം നടത്തിയിട്ടും, മുകള്‍ത്തട്ടിലെ പുല്‍തകിടി അതിമനോഹരമാക്കി നില നിര്‍ത്തിയിരിക്കുന്നു എന്നത് അഭിനന്ദനം അര്‍ഹിക്കുന്ന കാര്യമാണ്. മുന്‍ കാലങ്ങളിലെ പോലെ പൊതുജനങ്ങള്‍ക്കായി തുറന്നപ്പോള്‍ ഒട്ടേറെ പുതുമകള്‍ ഉണ്ട്. പുതുതായി പേരിട്ട കര്‍ത്തവ്യ പഥില്‍ ആയിരത്തി ഒരുനൂറ് കാറുകളും, നാല്‍പതോളം ബസുകളും പാര്‍ക്ക് ചെയ്യാം. മുന്‍പില്ലാതിരുന്ന സുരക്ഷ അവിടെ ഇപ്പോള്‍ കാണാം. 300 ല്‍ ഏറെ സി.സി.ടി.വി. ക്യാമറകളും സുരക്ഷാ ഉദ്യോഗസ്ഥരും അവിടെ ഉണ്ട്. 900 തുണുകളില്‍ ഇരുവശത്തും വൈദ്യുത വെളിച്ചം വിതറുന്നത് മനോഹരമായ കാഴ്ചയാണ്. രാജ്യതലസ്ഥാനത്ത് എത്തുന്നവര്‍ക്ക് ഇനി കര്‍ത്തവ്യ പഥും ഒരു കാഴ്ച്ചയാണ്.മരങ്ങളുടെ കൂട്ട കൊലപാതകം
കാലാവസ്ഥ വ്യതിയാനത്തെ കുറിച്ച് നമ്മള്‍ വലിയ രീതിയില്‍ സംസാരിക്കുന്ന സമയമാണ്. മരങ്ങള്‍ ഭൂമിയുടെ നിലനില്‍പ്പിന് എത്രമാത്രം ഉപകാരപ്പെടുന്നു എന്ന് നമ്മള്‍ ചര്‍ച്ച ചെയ്യാന്‍ തുടങ്ങിയിരിക്കുന്നു. രാജ്യതലസ്ഥാനത്തിന്‍റെ ഭംഗിയും, മറ്റ് പട്ടണങ്ങളില്‍ നിന്ന് വേറിട്ട് നിര്‍ത്തുന്നതും മരങ്ങളാണ്. ഞാവല്‍ മരങ്ങളും, ആലും, കൊന്നമരങ്ങളും, ആരിവേപ്പും തുടങ്ങി ഒറേെ മരങ്ങള്‍ രാജ്യതലസ്ഥാനത്തിന്‍റെ വഴികളുടെ ഇരുവശത്തും കാണാം. ബ്രിട്ടീഷുകാര്‍ നട്ടു വളര്‍ത്തിയ മരങ്ങളാണ് ഇന്നും ഡല്‍ഹിയുടെ സൗന്ദര്യ രഹസ്യം. രാജ്യതലസ്ഥാനത്തെ പല നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെയും പല വികസന പ്രവര്‍ത്തനങ്ങളുടെയും പേരില്‍ പറിച്ചു നടപ്പെട്ടത് നൂറ് കണക്കിന് മരങ്ങളാണ്. കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടയില്‍ ഡല്‍ഹിയില്‍ 16461 വൃക്ഷങ്ങളാണ് ഇത്തരത്തില്‍ പറിച്ചു നടപ്പെട്ടത്. ഇതില്‍ 5487 മരങ്ങള്‍ക്ക് മാത്രമാണ് ജീവന്‍ നിലനിര്‍ത്താന്‍ സാധിച്ചത്. വനം വകുപ്പിന്‍റെ കണക്കുകള്‍ പ്രകാരമുള്ള മരങ്ങളാണ് നിര്‍മ്മാണ മേഖലയില്‍ നിന്ന് കടയോടെ നീക്കം ചെയ്യുകയും അത് പുതിയ സ്ഥലത്ത് വളരുവാന്‍ ആയി സ്ഥാപിക്കുകയും ചെയ്തത് എന്ന് രേഖകള്‍ പറയുന്നു. മരങ്ങള്‍ പുതിയ സ്ഥലത്ത് കൊണ്ടുവന്നപ്പോള്‍ അതില്‍ ജീവന്‍ നിലനിര്‍ത്തുവാന്‍ സാധിച്ചത് കുറച്ച് എണ്ണത്തിന് മാത്രം. ശേഷിച്ചവയെല്ലാം ഉണങ്ങി വിറക് പുരകളിലേക്ക് പോയതായിട്ടാണ് രേഖകളില്‍ കാണുന്നത്. സെന്‍ട്രല്‍ വിസ്താ പ്രൊജക്ടില്‍ പറിച്ചു നടപ്പെട്ടത് 404 മരങ്ങളാണ്. ഡല്‍ഹി ഹൈകോടതിയില്‍ വനം വകുപ്പ് മെയ് മാസം നല്‍കിയ അഫിഡവിറ്റില്‍ 121 മരങ്ങള്‍ മാത്രമാണ് ജീവന്‍ നില നിര്‍ത്തിയിരിക്കുന്നത് എന്നാണ്. പക്ഷെ സി.പിഡബ്ലിയു നല്‍കിയിരിക്കുന്ന മറുപടിയില്‍ 266 മരങ്ങള്‍ക്ക് ജീവന്‍ നിലനിര്‍ത്താന്‍ സാധിച്ചു എന്നാണ്. കണക്കുകളിലെ അന്തരം വലിയ സംശയങ്ങള്‍ക്ക് ഇടനല്‍കിയിരിക്കയാണ്. പരിസ്ഥിതി പ്രവര്‍ത്തകര്‍ വലിയ പ്രതിഷേധം രേഖപ്പെടുത്തുന്നുണ്ട്.
രാജ്യതലസ്ഥാനത്തെ സിനിമാ ഷൂട്ട്
ഒട്ടേറെ ചരിത്ര സ്മാരകങ്ങള്‍ ഉള്ള മനോഹരമായ പ്രദേശമാണ് രാജ്യതലസ്ഥാനമായ ഡല്‍ഹി. 2022 മെയ് മുതല്‍ വലിയ ഇളവുകളാണ് നഗരത്തെ സിനിമയുടെ ഭാഗമാക്കാന്‍ ഡല്‍ഹി സര്‍ക്കാര്‍ നടപ്പിലാക്കിയത്. ഡല്‍ഹി മെട്രോ, ന്യൂ ഡല്‍ഹി, പുരാന ഡല്‍ഹി, ഇന്ത്യ ഗേറ്റ്, രാഷ്ട്രപതി ഭവന്‍, ഹുമയൂണ്‍ ടോംബ് തുടങ്ങി 450 ലൊക്കേഷനുകളില്‍ സിനിമാ ചിത്രീകരണത്തിനാണ് സറക്കാര്‍ ഇളവുകള്‍ നല്‍കി തുടങ്ങിയിരിക്കുന്നത്. ഇതിനോടകം ഒട്ടേറെ സിനിമാ സംവിധായകര്‍ ഈ സൗകര്യം തങ്ങളുടെ സിനിമയില്‍ ഉപയോഗപ്പെടുത്തി കഴിഞ്ഞു. എട്ട് സിനിമകള്‍ക്ക് ഇതിനകം അനുമതി നല്‍കിയതില്‍ ഒന്നു മാത്രമാണ് ഡല്‍ഹി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഗ്രൂപ്പ്. ഒട്ടേറെ അന്വേഷണങ്ങളാണ് സിനിമാ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് ലഭിക്കുന്നതെന്ന സര്‍ക്കാര്‍ വ്യത്തങ്ങള്‍ അറിയിച്ചു. അംഗീകാരത്തിനായി കാത്തു നില്‍ക്കുന്നതില്‍ ഒന്ന് മലയാള സിനിമയാണ് എന്നത് എടുത്ത് പറയേണ്ട ഒന്നാണ്.
ചീറ്റപുലികളും ഇന്ത്യയും
![]() |
ഇന്ത്യന്‍ വനങ്ങളില്‍ ഒരു കാലത്ത് ധാരാളമായി ചീറ്റപ്പുലികള്‍ ഉണ്ടായിരുന്നു. ചീറ്റപ്പുലികള്‍ ഇന്ത്യന്‍ ഭൂഖണ്ഡത്തില്‍ നിന്ന് അപ്രത്യക്ഷമായത് 1947 മുതല്‍ ആണെന്ന് പറയുന്നു. ജാര്‍ഖണ്ഡിലെ കൊറിയ എന്ന ചെറു രാജ്യത്തെ രാജാവായിരുന്ന രാമാനുജ പ്രതാപ് സിംഗ് ദേവ് ആണ് 1947ല്‍ ഇന്ത്യയില്‍ അവശേഷിച്ചിരുന്ന മൂന്ന് ചീറ്റപ്പുളികളെ വേട്ടയാടി കൊല ചെയ്തത്. വലിയ ആഘോഷമാക്കി അതിന്‍റെ ചിത്രം വരെ അന്ന് അദ്ദേഹം എടുത്തിരുന്നു. അതോടുകൂടി ഇന്ത്യന്‍ ഭൂഖണ്ഡത്തില്‍ നിന്ന് ചീറ്റപ്പുലികള്‍ അപ്രത്യക്ഷമായി. ചീറ്റപ്പുലികളുടെ നഷ്ടം വലിയ രീതിയില്‍ ചര്‍ച്ച ചെയ്യപ്പെട്ടു. 1952 ല്‍ സര്‍ക്കാര്‍ ചീറ്റകളുടെ വംശനാശം സംഭവിച്ചിരിക്കുന്നു എന്ന് ഔദ്യോഗികമായി പ്രഖ്യാപിക്കുകയുണ്ടായി. 2006ല്‍ കേന്ദ്ര പരിസ്ഥിതി വകുപ്പ് സംഘടിപ്പിച്ച ഒരു ആാഗേത്തിലാണ് ചീറ്റകളുടെ പുനര്‍ വിന്ന്യാസം സാധ്യമാക്കണമെന്ന തീരുമാനം എടുത്തത്. പ്രെജക്റ്റ് ചീറ്റ എന്ന പേരില്‍ അന്ന് മുതല്‍ പ്രവര്‍ത്തനം തുടങ്ങി. ചീറ്റപ്പുലികളെ ഇന്ത്യയിലേക്ക് കൊണ്ടുവരുന്നതിനെ കുറിച്ച് പരിസ്ഥിതി വകുപ്പ് നടപ്പിലാക്കിയ പ്രോജക്ട് ചീറ്റ പ്രാവര്‍ത്തികമായത് 2022ല്‍ മാത്രമാണ്. 90 കോടി രൂപയാണ് ചീറ്റാ പ്രോജക്ടിന് വരുന്ന അഞ്ചുവര്‍ഷത്തേക്ക് ആയി സര്‍ക്കാര്‍ നീക്കി വെച്ചിരിക്കുന്നത് . ആഫ്രിക്കയിലെ നമീബിയയിലെ കാടുകളില്‍ നിന്നാണ് എട്ട് ചീറ്റകളെ പ്രത്യേകം തയ്യാറാക്കിയ കൂടുകളിലാക്കി പ്രത്യേക വിമാനത്തില്‍ മധ്യപ്രദേശില്‍ എത്തിച്ചത്. മധ്യപ്രദേശിലെ കുനോ ദേശീയ ഉദ്യാനത്തില്‍ തുറന്നുവിട്ട എട്ട് ചീറ്റുകള്‍ക്കും റേഡിയോ കോളര്‍ ഘടിപ്പിച്ചിട്ടുണ്ട്. അഞ്ച് ആണ്‍ ചീറ്റകളും, മൂന്ന് പെണ്‍ ചീറ്റകളുമാണ് ആദ്യം എത്തിയിരിക്കുന്നത്. പന്ത്രണ്ട് ചീറ്റകള്‍ കൂടി ഈ വര്‍ഷം എത്തുമെന്ന് അറിയുന്നു. ഇവരെ നിരീക്ഷിക്കുവാന്‍ പ്രത്യേക സംഘത്തെയും സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഏഴ് പതിറ്റാണ്ടിനു ശേഷം ഇന്ത്യയില്‍ ചീറ്റ എത്തുമ്പോള്‍ ഒട്ടേറെ ആശങ്കകള്‍ക്കും കാരണമാകുന്നുണ്ട്. അതിജീവിക്കാന്‍ കൂടുതല്‍ വിശാലമായ വനപ്രദേശം വേണം എന്നുള്ളതാണ് ഒരു കാരണം. മുന്‍പ് ഇന്ത്യയില്‍ ആയിരക്കണക്കിന് ചീറ്റുകള്‍ ഉണ്ടായിരുന്നു. മനുഷ്യരുമായി നന്നായി അടുക്കുന്ന ചീറ്റകളെ മുഗള്‍ രാജാക്കന്മാര്‍ അവരുടെ കൊട്ടാരത്തില്‍ വളര്‍ത്തിയിരുന്നു എന്നാണ് ചരിത്രം പറയുന്നത്. നായാട്ടിനു പോകുമ്പോള്‍ മുഗള്‍ രാജാക്കന്മാര്‍ അവരുടെ പ്രിയപ്പെട്ട ചീറ്റകളേയും കൂടെ കൊണ്ടുപോകുമായിരുന്നു എന്ന് ചരിത്ര രേഖകളില്‍ കാണാവുന്നതാണ്. അക്ബറിന്‍റെ കൊട്ടാരത്തില്‍ ആയിരത്തോളം ചീറ്റകള്‍ ഉണ്ടായിരുന്നു എന്ന് പറയപ്പെടുന്നു. ടിപ്പുസുല്‍ത്താനും സ്വന്തമായി ചീറ്റകളെ വളര്‍ത്തിയിരുന്നു എന്നാണ് പറയുന്നത. നായാട്ടിന് ഉപയോഗിച്ചിരുന്ന ചീറ്റകള്‍ വംശനാശം വന്നതിന് പരിഹാരമായി ഇന്ത്യയുടെ അഥിതികളായി എത്തിയ എട്ട് ചീറ്റകളെ നമുക്ക് സ്വാഗതം ചെയ്യാം.



