ഗവര്‍ണറുടെ പ്ലഷറും ഭരണഘടനയുടെ പ്രഷറും...

ഗവര്‍ണറുടെ പ്ലഷറും ഭരണഘടനയുടെ പ്രഷറും...

വിജയ് ചൗക്ക്

സുധീര്‍ നാഥ് 


രാജ്യം ഇപ്പോള്‍ രാഷ്ട്രീയമായി സംസാരിക്കുന്നത് കേരളത്തിലെ ഗവര്‍ണറെ കുറിച്ചാണ്. കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും, കേരള മുഖ്യമന്ത്രി പിണറായി വിജയനും തമ്മില്‍ നടക്കുന്ന കത്തിടപാടുകള്‍ പോലും ദേശിയ മാധ്യമങ്ങളിലെ ചര്‍ച്ചയാണ്. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളുമായി കൊമ്പു കോര്‍ത്ത ലെഫ്റ്റനന്‍റ് ഗവര്‍ണര്‍ അനില്‍ അഗര്‍വാളായിരുന്നു ഇതിന് മുന്‍പ് വാര്‍ത്തകളില്‍ നിറഞ്ഞിരുന്നത്. ബംഗാളിലും വലിയ ബഹളം ഉണ്ടായെങ്കിലും അതത്ര കത്തികയറിയില്ല. രാജ്യത്തെ ബി.ജെ.പി ഇതര സംസ്ഥാനങ്ങള്‍ ഭരിക്കുന്ന പ്രദേശങ്ങളിലൊക്കെ ഗവര്‍ണര്‍മാര്‍ ചെറിയ രീതിയിലെങ്കിലും സര്‍ക്കാരുകളെ വലയ്ക്കുന്നുണ്ട് എന്നത് യാഥാര്‍ത്ഥ്യമാണ്. അതൊക്കെ വാര്‍ത്തകളുടെ ഭാഗമായിട്ടുമുണ്ട്.

1986 നവംബര്‍ 22ന് കേരളത്തിലെ ആദ്യത്തെ ഗവര്‍ണറായി ബി രാമകൃഷ്ണ റാവു അധികാരം ഏറ്റു. കേരളത്തിലെ ആദ്യത്തെ ഗവര്‍ണര്‍ തന്നെ ഐക്യ കേരളത്തിന്‍റെ ചരിത്രത്തില്‍ ഏറ്റുമുട്ടലിന് തുടക്കം കുറിച്ച വ്യക്തിയാണ്. സംസ്ഥാനത്തെ ആദ്യ ഗവര്‍ണറായ രാമകൃഷ്ണറാവുവായിരുന്നു കേരളം രൂപീകരിച്ചതിനു ശേഷം തിരഞ്ഞെടുപ്പിലൂടെ അധികാരത്തിലെത്തിയ ഇ.എം.എസ് സര്‍ക്കാരിനെ പിരിച്ചുവിടുന്നതിനുള്ള റിപ്പോര്‍ട്ട് തയ്യാറാക്കിയത്. സംസ്ഥാന സര്‍ക്കാരും ഗവര്‍ണറും തമ്മിലുള്ള ഏറ്റുമുട്ടലിന്‍റെ തുടക്കം എന്ന് തന്നെ കരുതണം. പിന്നീട് ഏറ്റവും കൂടുതല്‍ ഏറ്റുമുട്ടലുകള്‍ ഉണ്ടായിട്ടുള്ളത് റാം ദുലാരി സിംഹ കേരളത്തിലെ ഗവര്‍ണറായി വന്ന അവസരത്തിലാണ് രാജഭവന്‍ സ്തംഭിപ്പിക്കുന്ന രീതിയില്‍ ഇടതുപക്ഷം തിരുവനന്തപുരത്ത് പ്രക്ഷോഭം നടത്തിയത് സമര ചരിത്രങ്ങളുടെ ഇടയില്‍ വേറിട്ട് നില്‍ക്കുന്ന ഒന്നാണ്. ഗവര്‍ണര്‍ക്കെതിരെ നിയമസഭയില്‍ പ്രമേയം കൊണ്ടുവന്നതും ഗവര്‍ണറെ പുറത്തിറങ്ങാന്‍ സമ്മതിക്കാത്ത രീതിയില്‍ റോഡുകള്‍ തടസപ്പെടുത്തി സമരം ചെയ്തതും എന്നത് എടുത്തു പറയേണ്ട ഒന്നാണ്.

ഇപ്പോള്‍ ഗവര്‍ണറായ ആരിഫ് മുഹമ്മദ് ഖാന്‍ കേരളത്തിലെ ഇരുപത്തിനാലാമത്തെ ഗവര്‍ണര്‍ ആണ്. 2019 സെപ്റ്റംബര്‍ ആറാം തീയതിയാണ് അദ്ദേഹം ഗവര്‍ണറായി ചുമതല ഏറ്റെടുത്തത്. കേരളത്തിലെ മന്ത്രിമാരുടെ സ്റ്റാഫുകളുടെ എണ്ണം രണ്ട് വര്‍ഷം പൂര്‍ത്തീകരിക്കുന്ന സ്റ്റാഫുകള്‍ക്ക് പെന്‍ഷന്‍ തുടങ്ങിയ കേരളത്തിലെ  നടപടികളെ വിമര്‍ശിച്ച ഗവര്‍ണറുടെ നടപടി രാജ്യം ചര്‍ച്ച ചെയ്തു. അത് നിര്‍ത്തലാക്കാന്‍ താന്‍ വിചാരിച്ചാല്‍ സാധിക്കില്ല എന്ന തിരിച്ചറിവ് അന്ന് അദ്ദേഹം പങ്കുവെച്ചിരുന്നു. മറ്റ്  സംസ്ഥാനങ്ങളിലെ ഗവര്‍ണര്‍മാരില്‍ നിന്ന് വേറിട്ട പ്രവര്‍ത്തന രീതി ശക്തപ്പെട്ടു എന്നത് കാലാകാലങ്ങളിലെ അദ്ദേഹത്തിന്‍റെ വാക്കുകളിലും പ്രവര്‍ത്തിയിലും വേര്‍തിരിച്ചറിയാന്‍ തുടങ്ങി. ഉപരാഷ്ട്രപതി സ്ഥാനത്തേയ്ക്ക് പരിഗണിക്കപ്പെടുവാന്‍ അദ്ദേഹം നടത്തുന്ന നീക്കങ്ങളായി പല രാഷ്ട്രീയ നിരീക്ഷകരും അദ്ദേഹത്തിന്‍റെ പ്രവര്‍ത്തികളെ വിലയിരുത്തുക പോലും ഉണ്ടായി. 

കേന്ദ്രസര്‍ക്കാരിന്‍റെ നിര്‍ദ്ദേശപ്രകാരം രാഷ്ട്രപതിയാണ് ഓരോ സംസ്ഥാനത്തിലേക്കും ഓരോ ഗവര്‍ണര്‍മാരെ നിയമിക്കുന്നത്. ഗവര്‍ണര്‍മാര്‍ സംസ്ഥാനത്തിന്‍റെ മന്ത്രിസഭയുടെ തീരുമാനത്തിന്‍റെ അടിസ്ഥാനത്തിലാണ് പ്രവര്‍ത്തിക്കേണ്ടത്. സംസ്ഥാനത്തിന്‍റെ എക്സിക്യൂട്ടീവ് അധികാരം ഗവര്‍ണറില്‍ നിക്ഷിപ്തമാണ്. ഗവര്‍ണറാണ് ഒരു മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കുന്നത്. നിയമസഭ തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ ഭൂരിപക്ഷമുള്ള കക്ഷിയുടെ നേതാവിനെയാണ് ഗവര്‍ണര്‍ സാധാരണഗതിയില്‍ മുഖ്യമന്ത്രിയായി ക്ഷണിക്കുക. ഇതിന് വിരുദ്ധമായി ഗവര്‍ണര്‍മാര്‍ മുഖ്യമന്ത്രി കസേരയിലേയ്ക്ക് പല അവസരത്തിലും ഭൂരിപക്ഷമില്ലാത്ത വ്യക്തികളെ ക്ഷണിച്ചിട്ടുണ്ട്. അവര്‍ ഭൂരിപക്ഷം നിയമസഭയില്‍ നിശ്ചിത ദിവസങ്ങള്‍ക്കുള്ളില്‍ തെളിയിക്കേണ്ടതുണ്ട്. കേരളത്തില്‍ ഒരവസരത്തില്‍ തിരഞ്ഞെടുപ്പ് തന്നെ റദ്ദാക്കിയ സാഹചര്യം ഉണ്ടായിട്ടുണ്ട്. ഭൂരിപക്ഷം ഇല്ലെന്ന് പറഞ്ഞായിരുന്നു അത്. അന്ന് തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികള്‍ക്ക് സത്യപ്രതിജ്ഞ പോലും ചെയ്യാന്‍ കഴിയാത്തതിനാല്‍ എം.എല്‍.എ പോലും ആകാന്‍ കഴിഞ്ഞില്ല.

മുഖ്യമന്ത്രിയുടെ ഉപദേശപ്രകാരം മാത്രമാണ് മറ്റു മന്ത്രിമാരെ ഗവര്‍ണര്‍ നിയമിക്കുന്നത്. മുഖമന്ത്രി നല്‍കുന്ന ലിസ്റ്റിന്‍റെ അടിസ്ഥാനത്തില്‍ തന്നെയാണ് ഗവര്‍ണര്‍ മന്ത്രിമാര്‍ക്ക് വകുപ്പുകള്‍ നല്‍കുന്നത്. മുഖ്യമന്ത്രിയും മന്ത്രിമാരും ഗവര്‍ണര്‍ക്ക് മുന്നിലാണ് സത്യപ്രതിജ്ഞ ചെയ്യേണ്ടതും. ഒരു സംസ്ഥാനത്തിന്‍റെ മന്ത്രിസഭ തീരുമാനങ്ങള്‍ നടപ്പിലാക്കുക എന്നതാണ് ഗവര്‍ണറുടെ ഉത്തരവാദിത്വം. നിയമസഭയെ സംബന്ധിച്ചിടത്തോളം ഗവര്‍ണര്‍ക്ക് വേണ്ടത്ര അധികാരങ്ങള്‍ ഭരണഘടന തന്നെ നല്‍കിയിട്ടുണ്ട്. സംസ്ഥാന നിയമസഭയ്ക്ക് തുടക്കം കുറിക്കുന്നത് ഗവര്‍ണര്‍ ആണ്. നയപ്രഖ്യാപന പ്രസംഗം സര്‍ക്കാര്‍ ഗവര്‍ണര്‍ക്ക് സമര്‍പ്പിക്കുകയും ഗവര്‍ണര്‍ അത് എന്‍റെ സര്‍ക്കാര്‍ എന്ന പേരില്‍ തന്നെ നിയമസഭയില്‍ അവതരിപ്പിക്കുകയും ചെയ്യുന്നു. 

നിയമസഭ പാസാക്കുന്ന ബില്ലുകള്‍ക്ക് അംഗീകാരം നല്‍കേണ്ടത് ഗവര്‍ണറാണ്. ബില്ലുകള്‍ക്ക് ഗവര്‍ണര്‍ക്ക് വ്യക്തത ആവശ്യപ്പെട്ട് മടക്കി അയക്കുന്നതിന് സാധിക്കും. മന്ത്രിസഭയുടെ വിശദ്ധീകരണവുമായി ബില്ല് വീണ്ടും വരികയാണെങ്കില്‍ അതില്‍ ഒപ്പിടുക മാത്രമാണ് ഗവര്‍ണര്‍ക്ക് ഭരണഘടനാപരമായി ചെയ്യുവാന്‍ കഴിയൂ. ബില്ലില്‍ ഹൈകോടതിയുടെ പദവിയെ ആപത്തിലാക്കുന്ന എന്തെങ്കിലും വ്യവസ്ഥ ഉണ്ടെങ്കില്‍ ഗവര്‍ണര്‍ക്ക് രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് അയക്കാന്‍ വ്യവസ്ഥയുണ്ട്. മുഖ്യമന്ത്രി നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ പ്രകാരം മാത്രമേ ഗവര്‍ണര്‍ക്ക് പ്രവര്‍ത്തിക്കാന്‍ സാധിക്കൂ. എന്നാല്‍ കേന്ദ്ര സര്‍ക്കാരിന്‍റെ താത്പര്യങ്ങള്‍ നിയമാനുസ്യതമായി സംസ്ഥാനങ്ങളില്‍ നടപ്പിലാക്കേണ്ടത് ഗവര്‍ണറുടെ ജോലിയാണ്. ഗവര്‍ണര്‍ കേന്ദ്ര സര്‍ക്കാരിന്‍റെ നോമിനി എന്ന് പറയുന്നതിലും തെറ്റില്ല.  

ഇന്ത്യന്‍ ഭരണഘടനയുടെ 164 ഒന്നാം വകുപ്പിന്‍റെ അവസാന ഭാഗം ഇങ്ങനെ പറയുന്നു. മന്ത്രിമാരില്‍ ഗവര്‍ണര്‍ക്ക് പ്രീതി നിലനില്‍ക്കുന്ന സമയത്തോളം ഉദ്യോഗ പദവിയില്‍ തുടരാവുന്നതാണ് എന്നാണ് ആ ഭാഗം. എന്നാല്‍ ഗവര്‍ണറുടെ പ്രീതി എന്നത് നിയമസഭയുടെ വിശ്വാസം എന്ന അര്‍ത്ഥത്തിലാണ് ഉപയോഗിക്കപ്പെട്ടിരിക്കുന്നത് എന്ന് അര്‍ത്ഥശങ്കയ്ക്ക് ഇടയില്ലാത്ത വിധം ഡോക്ടര്‍ അംബേദ്കര്‍ വ്യക്തമാക്കിയിട്ടുള്ളതാണ് എന്നുള്ളത് ഇവിടെ പ്രസ്താവ്യമാണ്. മറ്റു പാര്‍ലമെന്‍റ് മാതൃകയിലുള്ള സര്‍ക്കാരുകള്‍ പ്രീതി എന്ന പദം ഉപയോഗിക്കുന്നത് കൊണ്ട് മാത്രമാണ് സഭയുടെ വിശ്വാസം എന്ന പദത്തിന് പകരം പ്രീതി എന്ന പ്രയോഗം ഭരണഘടനയില്‍ ഉപയോഗിച്ചിരിക്കുന്നത്. ഇതുകൊണ്ടാണ് ഗവര്‍ണര്‍ ഇപ്പോള്‍ പ്രീതി എന്നുള്ള വാക്ക് വിവാദപരമായ രീതിയിലേക്ക് വ്യാഖ്യാനിച്ചിരിക്കുന്നത്. നിയമപരമായി ഇത് നിലനില്‍ക്കുന്നതല്ല. മന്ത്രിമാര്‍ ഗവര്‍ണറുടെ പ്രീതി നിലനിര്‍ത്തുന്ന കാലത്തോളം മാത്രമേ ആസ്ഥാനത്ത് തുടരുകയുള്ളൂ എന്ന വ്യാഖ്യാനത്തെ ഇതിനുമുമ്പ് പലതവണ കോടതിയില്‍ ചോദ്യം ചെയ്യപ്പെട്ടിട്ടുണ്ട്. ഗവര്‍ണറുടെ പ്രീതി ഏതെങ്കിലും വിധത്തിലുള്ള നിര്‍ബന്ധനകള്‍ക്കോ നിയന്ത്രണങ്ങള്‍ക്കോ വിധേയമല്ല.

രാഷ്ട്രപതിയെ പാര്‍ലമെന്‍റ് അംഗങ്ങളും, നിയമസഭാ അംഗങ്ങളും വോട്ട് ചെയ്താണ് തിരഞ്ഞെടുക്കുന്നത്. എന്നാല്‍ ഗവര്‍ണറെ രാഷ്ട്രപതി നിയമിക്കുകയാണ്. കേന്ദ്ര സര്‍ക്കാരിന്‍റെ നിര്‍ദ്ദേശപ്രകാരമാണ് ഗവര്‍ണറെ രാഷ്ട്രപതി നിയമിക്കുന്നത്. രാഷ്ട്രപതിയുടെ പ്രീതി എത്രനാള്‍ ഉണ്ടാകും എന്നതിന്‍റെ അടിസ്ഥാനത്തില്‍ ആയിരിക്കും ഒരു ഗവര്‍ണറുടെ നിലനില്‍പ്പ് തന്നെ. ഇവിടെ രാഷ്ട്രപതിയുടെ പ്രീതി എന്നാല്‍ കേന്ദ്ര സര്‍ക്കാരിന്‍റെ പ്രീതി എന്ന് ചുരുക്കം. 

ഗവര്‍ണറായി നിയമിക്കപ്പെടുവാനുള്ള യോഗ്യതകള്‍ വളരെ ലളിതമാണ്. ഇന്ത്യന്‍ വംശജനായ ഒരാള്‍ക്ക് 35 വയസ്സ് പൂര്‍ത്തിയായാല്‍ രാജ്യത്തെ ഏത് സംസ്ഥാനത്തിന്‍റെയും ഗവര്‍ണറാക്കാം. ഗവര്‍ണറായി ചുമതലയില്‍ നില്‍ക്കുന്ന ആള്‍ക്ക് മറ്റു വരുമാനമോ ജോലിയോ ഉണ്ടാകാന്‍ പാടുള്ളതല്ല. നിയമസഭയിലെ അംഗങ്ങള്‍ക്കും, മറ്റ് ജനപ്രതിനിധികള്‍ക്കും ഗവര്‍ണര്‍ ആകാം. എന്നാല്‍ ഗവര്‍ണറായി തിരഞ്ഞെടുക്കപ്പെട്ട അതിനുശേഷം നിയമസഭ സഭ അംഗത്വമോ രാജിവെക്കേണ്ടതായിട്ടുണ്ട്. നിയമിക്കുന്ന ദിവസം മുതല്‍ അഞ്ചു വര്‍ഷത്തേക്കാണ് ഒരു ഗവര്‍ണര്‍ക്ക് നല്‍കിയിരിക്കുന്ന കാലാവധി. 

ഭരണഘടന രൂപം കൊടുത്തപ്പോള്‍ ഓരോ സംസ്ഥാനത്തിനും ഒരു തെരഞ്ഞെടുക്കപ്പെട്ട ഗവര്‍ണര്‍ ഉണ്ടാകണം എന്നാണ് നിശ്ചയിച്ചിരുന്നത്. രണ്ടു വര്‍ഷം തെരഞ്ഞെടുത്ത ഗവര്‍ണര്‍മാരുമായി ഭരണം നടത്തുകയും ഉണ്ടായി. അമേരിക്കന്‍ ഐക്യനാട്ടിലെ സംസ്ഥാന ഗവര്‍ണര്‍മാരുടെ പദവി ഇക്കാര്യത്തില്‍ ഭരണഘടന നിര്‍മ്മാതാക്കള്‍ക്ക് മാതൃകയായിരിക്കണം എന്നാണ് മനസ്സിലാക്കേണ്ടത്. രണ്ടു വര്‍ഷത്തിനുശേഷം ഈ മാതൃക ഉപേക്ഷിക്കുകയും രാഷ്ട്രപതിയാല്‍ നിയമിക്കപ്പെടുന്ന ഒരു വ്യക്തിയെ ഗവര്‍ണര്‍ ആക്കുകയും ചെയ്തു. ഒരു സംസ്ഥാനത്തെ കക്ഷിരാഷ്ട്രീയത്തിന് അതീതമായി പ്രവര്‍ത്തിക്കേണ്ട വ്യക്തിയാണ് ഗവര്‍ണര്‍. അതുകൊണ്ട് മറ്റ് സംസ്ഥാനത്തുള്ളവരെ ഗവര്‍ണറാക്കുന്ന കീഴ്വഴക്കം തന്നെയുണ്ട്. 

പാര്‍ലമെന്‍ററി വ്യവസ്ഥ നിലവിലുള്ള രാജ്യമായ ഇന്ത്യയില്‍ തിരഞ്ഞെടുക്കപ്പെടുന്ന ഗവര്‍ണര്‍ എന്നത് പ്രായോഗികമല്ല. ഗവര്‍ണറെ ജനങ്ങള്‍ നേരിട്ട് തിരഞ്ഞെടുക്കുന്നു എന്നിരിക്കട്ടെ. അങ്ങനെ വരുമ്പോള്‍ അദ്ദേഹം ജനങ്ങളുടെ പ്രത്യക്ഷത്തിലുള്ള പ്രതിനിധിയായി പോകും. അപ്പോള്‍ ഒരു സംസ്ഥാനത്തിന്‍റെ ഭരണഘടനയില്‍ അധിഷ്ടിതമായ ഭരണം വ്യതിചലിക്കപ്പെടാനുള്ള സാധ്യതയുണ്ട്. ഇങ്ങനെയുള്ള അവസരങ്ങളില്‍ തീരുമാനങ്ങള്‍ വിട്ടുവീഴ്ച്ചകളുടേതായി മാറുന്നു. ഭരണഘടനാ വ്യവസ്ഥകള്‍ പലപ്പോഴും നടപ്പായികൊള്ളണമെന്നില്ല. ഒരു സംസ്ഥാനത്തിന്‍റെ മുഖ്യമന്ത്രിയും ഗവര്‍ണറും ജനങ്ങളാല്‍ തെരഞ്ഞെടുക്കപ്പെട്ടാല്‍ ഉണ്ടാകാവുന്ന സംഘര്‍ഷം ഭരണഘടന നിര്‍മാതാക്കള്‍ തിരിച്ചറിയുകയുണ്ടായി എന്ന് നമുക്ക് മനസിലാക്കാം. 

രാജ്യത്തെ ഓരോ സംസ്ഥാനത്തും കക്ഷിരാഷ്ട്രീയത്തിന്‍റെ അതിപ്രസരം കാരണം പല അവസരങ്ങളിലും സംസ്ഥാനങ്ങളും ഗവര്‍ണറും തമ്മില്‍ ചേരിപ്പോര് ഉണ്ടായിട്ടുള്ളത് ചരിത്രത്തിന്‍റെ ഭാഗമാണ്. കേന്ദ്രസര്‍ക്കാരിലും സംസ്ഥാന സര്‍ക്കാരിലും ഒരേ രാഷ്ട്രീയപാര്‍ട്ടിയാണ് ഭരിക്കുന്നത് എങ്കില്‍ അവിടെ നിയമിക്കപ്പെടുന്ന ഗവര്‍ണര്‍ ഒരു ആജ്ഞാവര്‍ത്തിയായി പ്രവര്‍ത്തിക്കുന്നു എന്നുള്ളതും ഈ അവസരത്തില്‍ സൂചിപ്പിക്കേണ്ടിയിരിക്കുന്നു. ഈ അവസരത്തില്‍ മുന്‍പ് സൂചിപ്പിച്ചത് പോലെ തീരുമാനങ്ങള്‍ വിട്ടുവീഴ്ച്ചകളുടേതായി മാറുന്നു. ഇത് ജനാധിപത്യത്തില്‍ അപകടകരമായ കാര്യമാണ്.

1989 കേന്ദ്രത്തില്‍ കോണ്‍ഗ്രസ് ഗവണ്‍മെന്‍റ് മാറി പകരം ജനതാ ഗവണ്‍മെന്‍റ്െ വന്ന അവസരത്തില്‍ എല്ലാ ഗവര്‍ണര്‍മാരും തങ്ങളുടെ രാജി രാഷ്ട്രപതിക്ക് സമര്‍പ്പിക്കണമെന്ന് നിര്‍ദ്ദേശമുണ്ടായിരുന്നത് ഏറെ ഒച്ചപ്പാട് ഉണ്ടാക്കിയ സംഭവമാണ്. രാഷ്ട്രീയ പാര്‍ട്ടികളുടെ പരിഗണനകളിലൂടെ മാത്രം സംസ്ഥാനത്തില്‍ പല ഗവര്‍ണര്‍മാരെയും നിയമിച്ചതും അവരില്‍ പലരും രാഷ്ട്രീയ പ്രേരിതമായി പ്രവര്‍ത്തിച്ചതുമാണ് ഇങ്ങനെ ഒരു സംഭവവികാസത്തിന് വഴിതെളിച്ചത്. ചുരുക്കി പറഞ്ഞാല്‍ ഗവര്‍ണറുടെ പ്ലഷറിന് ഭരണഘടനയുടെ പ്രഷര്‍ ഉണ്ടായേ തീരൂ.