ദീപം ദീപം ദീപാവലി...

ദീപം ദീപം ദീപാവലി...

വിജയ് ചൗക്ക്

സുധീര്‍ നാഥ്  


വെളിച്ചം പരത്തുന്ന ഒരു ഉത്സവമാണ് ദീപാവലി. ദീവാലി ഇന്ത്യയിലുടനീളം, ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലും, നേപ്പാളിന്‍റെ ചില ഭാഗങ്ങളിലും വ്യാപിച്ചു കിടക്കുന്നു. ദീപാവലി എന്ന വാക്കിന്‍റെ അര്‍ത്ഥം വിളക്കുകളുടെ കൂട്ടം എന്നാണ്, അതിനാലാണ് ദീപാവലിയെ വിളക്കുകളുടെ ഉത്സവം എന്ന് വിളിക്കുന്നത്. ഇരുട്ടിനെ അകറ്റി വെളിച്ചം കൊണ്ട് ഒരു പ്രദേശത്തെ ആകെ വര്‍ണപ്രഭയില്‍ മുക്കുന്ന ആഘോഷം തന്നെയാണ് ദീപാവലി. മറ്റൊരു വിവക്ഷ എന്തെന്നാല്‍ തിന്‍മയുടെ മേല്‍ നന്മയുടെ വിജയമായി ദീപാവലി ആഘോഷിക്കുന്നു. ദീപാലങ്കാരങ്ങള്‍ കൊണ്ട് ആഘോഷിക്കുന്ന ഒരു ഉത്സവമാണ് ദീപാവലി എന്ന് പൊതുവായി നമുക്ക് പറയാം. തുലാം മാസത്തിലെ അമാവാസി ദിവസമാണ് ദീപാവലി ആഘോഷിച്ചു വരുന്നത്. ദീപാവലി ഹിന്ദു ജൈന സിഖ് വിശ്വാസികള്‍ വിളക്കുകള്‍ തെളിച്ചും പടക്കം പൊട്ടിച്ചും ആഘോഷിക്കുന്നു.

കാലം ഏറെ കടന്നുപോയപ്പോള്‍ സാഹചര്യങ്ങള്‍ മാറി. ഭൂമി വല്ലാതെ മലാനമായി. വായുവും, ജലവും, ഭൂമി തന്നെയും മലിനമായി. ദീപാവലി ദിവസം വടക്കേ ഇന്ത്യയില്‍ വിശേഷിച്ച് രാജ്യതലസ്ഥാനത്ത് ജനങ്ങള്‍ ഭയപ്പെടുന്ന ഒരു ദിവസമായി മാറിയിരിക്കുന്നു എന്ന് പറയേണ്ടിയിരിക്കുന്നു. വായു മലിനീകരണം അപകടാവസ്ഥയില്‍ സാധാരണ ദിവസങ്ങളില്‍ പോലും ഉണ്ടാകുന്നു. കോവിഡ് കാലത്ത് ലോക് ഡൗണ്‍ കാലത്ത് മാത്രമായിരിക്കും മിക്ക തലസ്ഥാന വാസികളും ശുദ്ധ വായു ശ്വസിച്ചിട്ടുണ്ടാവുക. യമുനയും, ഗംഗയും മലീമസമല്ലാതെ ഒഴുകിയിട്ടുണ്ടാകുക.

ദീപാവലി നാളുകഴില്‍ ജനങ്ങള്‍ പടക്കം പൊട്ടിക്കുമ്പോള്‍ ഇത് അതിഭീകരമായ വായു മലിനീകരണ പ്രദേശമായി രാജ്യതലസ്ഥാനം മാറുന്നു. കഴിഞ്ഞ കുറെ നാളുകളായി രാജ്യ തലസ്ഥാനത്തെ ഡോക്ടര്‍മാര്‍ പല രോഗികള്‍ക്കും മരുന്നിനു പകരം കൊടുക്കുന്ന ഒരു കുറിയുണ്ട്. ഡല്‍ഹിയില്‍ നിന്ന് മാറി താമസിക്കുക, എന്നതാണ് അത്. കുറച്ചുകാലങ്ങളായി ദീപങ്ങള്‍ കത്തിക്കൂ... പക്ഷേ പടക്കം ഉപേക്ഷിക്കൂ... എന്ന് സര്‍ക്കാര്‍ ജനങ്ങളെ ബോധവല്‍ക്കരിക്കുന്നുണ്ട്. ശക്തമായ നിയമനടപടികള്‍ പടക്കം പൊട്ടിക്കുന്നവര്‍ക്ക് നേരെ ഉണ്ടാക്കുന്നു എന്നുള്ളത് എടുത്തു പറയേണ്ട കാര്യമാണ്. എന്നിരുന്നാലും ഡല്‍ഹിയില്‍ എല്ലാ ദീപാവലി കാലത്തും പടക്കങ്ങള്‍ പൊട്ടുന്നുണ്ട്. ലക്ഷക്കണക്കിന് രൂപയുടെ പടക്കങ്ങളാണ് ഓരോ പ്രദേശത്തും ഒരുകാലത്ത് പൊട്ടിയിരുന്നെങ്കില്‍ ഇന്നത് വളരെ കുറഞ്ഞതായി കാണാം.

രാജ്യ തലസ്ഥാനത്തെ ജനങ്ങള്‍ പടക്കത്തിന്‍റെ ഉപയോഗം കൊണ്ട് അന്തരീക്ഷ മലിനീകരണത്തിന്‍റെ വീര്യം കൂടുന്നു എന്ന് ഗൗരവത്തോടെ മനസ്സിലാക്കി കഴിഞ്ഞിരിക്കുന്നു എന്ന് വേണം കരുതാന്‍. വലിയ ഒരു അളവിലാണ് പടക്ക പൊട്ടിക്കുന്നതില്‍ നിന്ന് ജനങ്ങള്‍ പിന്‍വലിഞ്ഞിരിക്കുന്നത്. വീടുകളില്‍ എല്ലാം അതീവ മനോഹരമായി വൈദ്യുതി ദീപങ്ങള്‍ കൊണ്ട് അലംകൃതമായിരിക്കും. എല്‍.ഇ.ഡിയുടെ ലൈറ്റുകളുടെ പ്രകാശം ഓരോ പ്രദേശത്തും വളരെ ഗംഭീരമായി നടത്തിയിരിക്കുന്നു എന്നുവേണം നമുക്ക് കാണാന്‍. ദീപം എന്നാല്‍ വിളക്കാണ്. വലി എന്നാല്‍ നിര എന്നാണ് അര്‍ത്ഥം. വിളക്കുകളുടെ നിര എന്ന അര്‍ത്ഥമാണ് ദീപാവലി എന്ന പദം ഉണ്ടാകുന്നതിന് പിന്നിലുള്ള ഒരു കാരണം.

ദീപാവലി നാളില്‍ പരസ്പരം സമ്മാനങ്ങള്‍ നല്‍കുന്നത് വടക്കേ ഇന്ത്യയില്‍ വിശേഷിച്ചും പ്രധാനമാണ്. തൊഴിലാളികള്‍ക്ക് ഒരു മാസത്തെ ശമ്പളമാണ് പലപ്പോഴും ബോണസായി ലഭിക്കുക.  കേരളത്തില്‍ ഓണം നാളില്‍ തൊഴിലാളിക്ക് ലഭിക്കുന്നതിന് സമാനം. ദീപാവലി നാളില്‍ സമ്മാനങ്ങള്‍ വിതരണം ചെയ്യുന്നതിന് ജനങ്ങള്‍ വാഹനങ്ങള്‍ കൂടുതലായി ഉപയോഗിക്കുന്നു. അന്തരീക്ഷ മലിനീകരണത്തിന്‍റെ തോത് വര്‍ദ്ധിപ്പിക്കുന്നതിന് അത് കാരണമാകുന്നുണ്ട്. ഒപ്പം വന്‍ ഗതാഗത കുരുക്കും രാജ്യമാകെ കാണുന്നു. പടക്കം പൊട്ടിക്കുന്നതില്‍ മാത്രം നിയന്ത്രണം കൊണ്ടു വന്നിട്ട് അന്തരീക്ഷ മലിനീകരണം ദീപാവലി കാലത്ത് കുറയ്ക്കാന്‍ സാധിക്കില്ല എന്ന മലിനീകരണ വകുപ്പിന്‍റെ മുന്നറിയിപ്പ് അവഗണിക്കുവാന്‍ സാധിക്കില്ല. 

ദീപാവലി നാളില്‍ വടക്കേ ഇന്ത്യയിലെ വീടുകള്‍ വൃത്തിയാക്കുന്നത് എടുത്ത് പറയേണ്ട ഒന്നാണ്. വീട് മുഴുവന്‍ അടിച്ചു വാരി അനാവശ്യമായ എന്തെല്ലാമുണ്ടോ അതൊക്കെ ഒഴിവാക്കുവാന്‍ ദീപാവലിക്ക് മുന്നോടിയായി ജനങ്ങള്‍ ശ്രദ്ധിക്കുന്നു. പുതിയ പുതിയ എന്തെങ്കിലും ദീപാവലി നാളില്‍ വാങ്ങുക എന്നതും വടക്കേ ഇന്ത്യയിലെ കുടുംബങ്ങള്‍ പതിവാക്കിയിട്ടുണ്ട്. കച്ചവട സ്ഥാപനങ്ങളില്‍ ദീപാവലി നാളുകളില്‍ വന്‍ തിരക്കായിരിക്കും. അതുകൊണ്ട് തന്നെ വന്‍ വിലക്കിഴിവില്‍ ഉത്പന്നങ്ങള്‍ ഈ കാലത്ത് ലഭിക്കുന്നു. ദീപാവലി കാലത്ത് 

ദീപാവലി പല ഐതിഹ്യങ്ങള്‍ക്കും വിശ്വാസങ്ങള്‍ക്കും കാരണമാണ്. പലപല ഇതിഹാസങ്ങള്‍ ദീപാവലിക്ക് പിന്നിലുണ്ട്. ശ്രീരാമന്‍ 14 വര്‍ഷത്തെ വനവാസത്തിനുശേഷം അയോധ്യയില്‍ തിരിച്ചെത്തിയതിനെ വിശേഷിപ്പിക്കുന്നതാണ് ദീപാവലി എന്ന ആഘോഷം എന്ന് ഒരു ഐതിഹ്യം പറയുന്നു. ദക്ഷിണേന്ത്യയില്‍ പ്രധാനപ്പെട്ട ഒരു വിശ്വാസം മറ്റൊന്നാണ്. ശ്രീകൃഷ്ണന്‍ നരകാസുരനെ വധിച്ചതിന്‍റെ ആഘോഷമായാണ് ദീപാവലി എന്നത്രെ. മറ്റൊരു ഐതിഹ്യം പറയുന്നത് ഭഗവതിക്ക് പ്രാധാന്യമുള്ള ദിവസമാണ് ദീപാവലി എന്നാണ.് ദരിദ്ര്യ ശമനത്തിന് വേണ്ടി ജനങ്ങള്‍ മഹാലക്ഷ്മിയെ ആരാധിക്കുന്നു. ധനലക്ഷ്മി പൂജയാണ് പ്രധാനമായി നടക്കുന്നത്. ഭഗവതി ക്ഷേത്രങ്ങളില്‍ ഈ ദിവസം പ്രധാനമാണ്. ജൈനമത വിശ്വാസികളുടെ ഐതിഹ്യം പറയുന്നത് മഹാവീരന്‍ നിര്‍വാണം പ്രാപിച്ചതിനെ അനുസ്മരിക്കുന്നതിനായി ആഘോഷിക്കുന്നതാണ് ദീപാവലി എന്നത്രേ. 

ദീപാവലിക്ക് വളരെ പ്രചാരം ലഭിച്ച ഐതീഹമാണ് നരകാസുര വധം. ഭൂമീദേവിയുടെ പുത്രനാണ് നരകാസുരന്‍. അതുകൊണ്ട് തന്നെ ഭൂമീ ദേവിയുടെ അഭ്യര്‍ത്ഥനമാനിച്ച് ഭഗവാന്‍ മഹാവിഷ്ണു നരകാസുരന് നാരായണാസ്ത്രം നല്‍കി. നാരായണാസ്ത്രം കയ്യിലുള്ളിടത്തോളം പത്നിയോടൊപ്പം മഹവിഷ്ണുവിനല്ലാതെ മറ്റാര്‍ക്കും അവനെ വധിക്കാനാവില്ലെന്നു വരസിദ്ധിയും കൊടുത്തു. നാരായണ അസ്ത്രം ലഭിച്ചതോടെ നരകാസുരന്‍റെ ഭാവം മാറുകയും ത്രിലോകത്തിനും പുറത്തും ശല്യമായിത്തീരുവാനും തുടങ്ങി. നരകാസുരന്‍റെ രാജ്യത്ത് അസുരന്‍മാര്‍ക്കല്ലാതെ മറ്റാര്‍ക്കും പ്രവേശനവും ഉണ്ടായില്ല. നരകാസുരന്‍റെ ക്രൂരതകള്‍ അതിരുകള്‍ വിട്ടപ്പോള്‍ ഇന്ദ്രന്‍ ഭഗവാന്‍ മഹാവിഷ്ണുവിന്‍റെ അടുത്തെത്തി സങ്കടമുണര്‍ത്തിച്ചു. ഇതുകേട്ട ഭഗവാന്‍ മഹാലക്ഷിയോടൊപ്പം ഗരുഡാരൂഢനായി നരകാസുരന്‍റെ രാജ്യത്തിലെത്തി. നരകാസുരനുമായി യുദ്ധത്തില്‍ ഏര്‍പ്പെട്ട് നരകാസുരനെ വധിച്ചു. നരകാസുര വധത്തില്‍ ആഹ്ളാദം പൂണ്ട ദേവന്മാര്‍ ദീപങ്ങള്‍ കത്തിച്ചും കരഘോഷങ്ങള്‍ മുഴക്കിയും മധുരം നല്‍കിയും സന്തോഷം പങ്കുവെച്ചു. ഇതിന്‍റെ സ്മരണയിലാണ് ഭൂമിയിലും നന്മയുടെ പ്രകാശം തെളിയിക്കുന്ന ആഘോഷമായി ദീപാവലി മാറിയതെന്ന ഐതിഹ്യം ഏറെ പ്രശസ്തമുള്ളതാണ്. 

ബംഗാളില്‍ പിതൃദിനമായാണ് ദീപാവലി ആഘോഷിക്കുന്നത് എന്നാണ് അറിയാന്‍ കഴിഞ്ഞത്. ഈ ദിനത്തില്‍ ഭൂമിയിലെത്തുന്ന പിതൃക്കള്‍ക്ക് വഴികാട്ടാനായി വലിയ ദണ്ഡുകള്‍ ഉയര്‍ത്തിവെച്ച് അതിനു മുകളില്‍ ദീപം കത്തിച്ചുവെച്ചാണ് ഇവരുടെ ആഘോഷം. ഇതിനായി പ്രത്യേക പൂജകളും നടത്താറുണ്ട്. വാത്സ്യായനന്‍റെ കാമസൂത്രത്തില്‍ യക്ഷന്മാരുടെ രാത്രിയാണ് ദീപാവലി. മധുപാന മഹോത്സവമാണ് അന്നത്തെ മുഖ്യ ആഘോഷം. ഉത്തരേന്ത്യയിലെ ബ്രാഹ്മണ കുടുംബങ്ങളില്‍ മഹാബലിയുമായി ബന്ധപ്പെട്ടും ദീപാവലി ആഘോഷം നടത്താറുണ്ട്. ഇങ്ങനെ ദീപാവലിയെ ചുറ്റിപ്പറ്റി ഒട്ടേറെ ഐതീഹ്യങ്ങള്‍ ഉണ്ട്.

ദീപാവലി ആഘോഷം പല സ്ഥലങ്ങളിലും പല രീതിയിലും ആണ് നടക്കുന്നത്. ദീപാവലിയുടെ ഐതിഹ്യത്തിനും പ്രാദേശിക ഭേദമുണ്ട്. ഉത്തരേന്ത്യയില്‍ ദീപാവലി ആഘോഷം അഞ്ച് നാളുകള്‍ നീളുന്നുവെങ്കില്‍ ദക്ഷിണേന്ത്യയില്‍ ദീപാവലി ആഘോഷം പ്രധാനമായും ഒരു ദിവസം മാത്രമേയുള്ളൂ. എല്ലായിടത്തും, ദീപങ്ങളും, മധുരവും മുഖ്യം. മാറിയ സാഹചര്യത്തില്‍ പടക്കം ഒഴിവാക്കി..