ഇന്ത്യയിലെ ഭാഷകളും, അതിന്‍റെ സൗന്ദര്യവും

ഇന്ത്യയിലെ ഭാഷകളും, അതിന്‍റെ സൗന്ദര്യവും

വിജയ് ചൗക്ക്

സുധീര്‍ നാഥ് 


ഇന്ത്യയില്‍ എത്ര ഭാഷയുണ്ട്...? എല്ലാ ഇന്ത്യക്കാര്‍ക്കും ഒരു ഭാഷയായാല്‍ എന്ത്...? ഇന്ത്യയിലെ ജനങ്ങളില്‍ കൂടുതല്‍ പേര്‍ സംസാരിക്കുന്നത് ഹിന്ദി ഭാഷയാണ്. അത്കൊണ്ട് തന്നെ ഇന്ത്യയുടെ ജനങ്ങള്‍ ഹിന്ദി മാത്രമേ സംസാരിക്കാവൂ എന്ന് കണിശം പറയുവാന്‍ സാധിക്കുമോ...? പക്ഷെ ഹിന്ദി അല്ലാതെ മറ്റ് ഭാഷകളുടെ എണ്ണം ഇന്ത്യയില്‍ ആയിരത്തിലേറെ ഉണ്ടെന്നത് ആരേയും അത്ഭുതപ്പെടുത്തും. ഇന്ത്യയില്‍ വ്യത്യസ്ത ഭാഷകള്‍ കൊണ്ട് സമ്പന്നമാണ്. നാനാത്വത്തില്‍ ഏകത്വം എന്ന് പറഞ്ഞ് നമ്മള്‍ അഭിമാനം കൊണ്ടിരുന്നു. ഇന്ത്യയില്‍ വ്യത്യസ്ഥ മതവും, ഭാഷയും, സംസ്കാരവും ഉണ്ടെങ്കിലും അഒരെല്ലാം ഇന്ത്യക്കാര്‍ എന്ന നിലയില്‍ അഭിമാനം കൊണ്ടത് നാനാത്വത്തില്‍ ഏകത്വം എന്ന് പറഞ്ഞായിരുന്നല്ലോ.  സമാനതകളില്ലാത്ത വ്യക്തികളും ഗ്രൂപ്പുകളും തമ്മിലുള്ള ഐക്യത്തിന്‍റെയും സ്വരുമയുടെയും പ്രതീകമായാണ് നാനാത്വത്തില്‍ ഏകത്വം എന്ന വാക്യം ഉപയോഗിക്കുന്നത്. നാനാത്വത്തില്‍ ഏകത്വം എന്നതിനുള്ള ആശയവും അനുബന്ധ പദപ്രയോഗവും വളരെ പഴക്കമുള്ളതും പാശ്ചാത്യ, കിഴക്കന്‍ പഴയ ലോക സംസ്കാരങ്ങളില്‍ പുരാതന കാലം മുതലുള്ളതുമാണ്. ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്‍റെ നേതാവുമായിരുന്ന ജവഹര്‍ലാല്‍ നെഹ്റു, ദേശീയ ഏകീകരണത്തിനും പുരോഗതിക്കും അത്യന്താപേക്ഷിതമായ തത്വമായി നാനാത്വത്തില്‍ ഏകത്വം പ്രോത്സാഹിപ്പിച്ചു. ഇന്ത്യ പലതാണ് എന്നാല്‍ ഒന്നാണ്. ബഹുസ്വരതയും, നാനത്വത്തില്‍ ഏകത്വം എന്നതും ഒരു സംസ്കാരമാണ്. അതൊരു പാരമ്പര്യമാണ്. ഈ ഒരു സംസ്കൃതി ഇന്ത്യ സംരക്ഷിയ്ക്കുക തന്നെ ചെയ്യും.

ഇന്ത്യന്‍ പാര്‍ലമെന്‍റിന്‍റെ ഔദ്യോഗിക ഭാഷാ സമിതി കേന്ദ്രീയ വിദ്യഭ്യാസ സ്ഥാപനങ്ങളില്‍ ഹിന്ദി നിര്‍ബന്ധമാക്കണമെന്ന് രാഷ്ട്രപതിക്ക് സമര്‍പ്പിച്ച ശുപാര്‍ശയില്‍ പറയുന്നുണ്ട്. കേന്ദ്ര സര്‍ക്കാരിലേയ്ക്ക് ജോലി ലഭിക്കണമെങ്കില്‍ ഹിന്ദി നിര്‍ബന്ധമാക്കണമെന്നും ശുപാര്‍ശയുണ്ട്. സംസ്ഥാനങ്ങള്‍ തമ്മില്‍ നടത്തുന്ന ആശയ വിനിമയം ഹിന്ദിയിലായിരിക്കണം. സര്‍ക്കാര്‍ പരസ്യങ്ങളുടെ 50 ശതമാനം ഹിന്ദിയിലായിരിക്കണം. കേന്ദ്ര സര്‍ക്കാര്‍ സര്‍വ്വീസുകളിലേയ്ക്കുള്ള പേപ്പറുകള്‍ ഹിന്ദിയിലാക്കണമെന്നും ശുപാര്‍ശയുണ്ട്. എന്തായാലും ഇന്ത്യന്‍ പാര്‍ലമെന്‍റിന്‍റെ ഔദ്യോഗിക ഭാഷാ സമിതി രാഷ്ട്രപതിക്ക് സമര്‍പ്പിച്ച ശുപാര്‍ശ രാജ്യമാകെ വലിയ ചര്‍ച്ചയായി കഴിഞ്ഞു. വലിയ പ്രതിഷേധവും വിഷയത്തില്‍ ഉണ്ടായി എന്ന് പറയേണ്ടിയിരിക്കുന്നു. അതുകൊണ്ട് തന്നെ ശുപാര്‍ശ നടപ്പിലാക്കാന്‍ ബുന്ധിമുട്ടുണ്ടാകും എന്ന കാര്യത്തില്‍ സംശയവുമില്ല. 

ലോകത്തിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട ഭാഷാ ഗോത്ര വര്‍ഗ്ഗത്തില്‍ പെട്ടവയാണ്. ലോകത്തിലെ 70 ശതമാനത്തിലേറെ ആളുകള്‍ സംസാരിക്കുന്ന ദ്രാവിഡ ഭാഷയില്‍ 22 ശതമാനം ഇന്ത്യക്കാര്‍ സംസാരിക്കുന്നു എന്നാണ് കണക്ക്. ഇന്ത്യയിലെ മാതൃഭാഷകള്‍ നൂറോളം വരും എന്നാണ് 1961ലെ കാനേഷുമാരി കണക്ക് പറയുന്നത്. 2001ലെ ഇന്ത്യയിലെ കാനേഷുമാരി കണക്ക് പ്രകാരം ഇന്ത്യയിലെ 29 ഭാഷകള്‍ ഒരു ദശലക്ഷത്തില്‍ കൂടുതല്‍ ആളുകള്‍ സംസാരിക്കുന്നുണ്ട് എന്നുള്ളതാണ്. 122 ഭാഷകള്‍ ഇന്ത്യയിലെ പതിനായിരത്തോളം പേര്‍ സംസാരിക്കുന്നു എന്നും കണക്കുകള്‍ പറയുന്നു. അങ്ങനെ വ്യത്യസ്ത ഭാഷകളുടെ ഒരു കൂട്ടമാണ് ഇപ്പോള്‍ ഇന്ത്യയില്‍ ഉള്ളത്. ഈ ഒരു സാഹചര്യത്തിലാണ് ഹിന്ദി കര്‍ക്കശമാക്കും എന്നുള്ള വാര്‍ത്തകള്‍ പരക്കുന്നതും അതേ തുടര്‍ന്നുള്ള ചര്‍ച്ചകള്‍ അതീവ ശക്തമായി പുരോഗമിക്കുന്നതും. അതുകൊണ്ടുതന്നെ ഇന്ത്യന്‍ ഭാഷയെ കുറിച്ചുള്ള ഒരു ചര്‍ച്ച വളരെ അത്യാവശ്യവുമാണ്.

ഇന്ത്യയിലെ വ്യത്യസ്തമായ സംസ്ഥാനങ്ങളില്‍ ഔദ്യോഗിക ഭാഷകള്‍ പലതാണ്. ഹിന്ദി മാത്രം സംസാരിക്കുന്ന ഭാഷ ഒട്ടേറെ സംസ്ഥാനങ്ങളില്‍ ഉണ്ട് എന്നുള്ളത് ശരി തന്നെയുമാണ്. എന്നാല്‍ ഓരോ സംസ്ഥാനങ്ങളിലും ഹിന്ദി പ്രയോഗിക്കുന്നത് വ്യത്യസ്ത രീതിയിലാണ്. ജാര്‍ഖണ്ഡില്‍ ജനങ്ങള്‍ സംസാരിക്കുന്നതും ഉപയോഗിക്കുന്നതുമായ ഹിന്ദിയില്‍ നിന്ന് തീര്‍ത്തും ഭിന്നമായ ഹിന്ദിയാണ് ബീഹാറിലും, ഛത്തീസ്ഗഡിലും, ഹിമാചല്‍ പ്രദേശ് പോലുള്ള ഹിന്ദി ഭാഷ സംസാരിക്കുന്ന സംസ്ഥാനങ്ങളില്‍ ഉപയോഗിക്കുന്നത്. ഹിന്ദി വ്യത്യസ്ത രീതികളിലാണ് ഓരോ പ്രദേശങ്ങളിലും സംസാരിക്കുന്നതും ഉപയോഗിക്കുന്നതും എന്നത് അവിടുങ്ങളില്‍ സഞ്ചരിച്ചാല്‍ മാത്രം മനസിലാകും. നമ്മുടെ മലയാളം തന്നെ വളരെ ചെറിയ പ്രദേശമായ കേരളത്തില്‍ വ്യത്യസ്ത രീതിയില്‍ ഉപയോഗിക്കുന്നത് നമുക്ക് തിരിച്ചറിയുവാന്‍ സാധിക്കുമല്ലോ. അത്തരത്തില്‍ ഹിന്ദിയും സംസ്ഥാന അതിരുകള്‍ കടക്കുമ്പോള്‍ വ്യത്യസ്ത അര്‍ത്ഥങ്ങള്‍ ഉണ്ടാകുന്നു എന്നുള്ളത് ഈ അവസരത്തില്‍ ഓര്‍ക്കേണ്ടതാണ്. 2011 ലെ കനേഷ് മാരി റിപ്പോര്‍ട്ടിന്‍റെ കണക്കനുസരിച്ച് ഇന്ത്യയില്‍ ഹിന്ദി സംസാരിക്കുന്നത് 53കോടി ജനങ്ങള്‍ മാത്രമാണ്. ജനസംഖ്യയുടെ 43 ശതമാനം മാത്രം. ഇതില്‍ തന്നെ 25 കോടി ജനങ്ങള്‍ക്ക് മാത്രമെ ഹിന്ദി മാതൃഭാഷയായുള്ളൂ എന്ന് അനുമാനിക്കുമ്പോള്‍ മാത്രമെ മറ്റു ഇന്ത്യന്‍ ഭാഷകളുടെ മഹത്വം നമ്മുക്ക് മനസ്സിലാവുകയുള്ളൂ.

അതാത് സംസ്ഥാനങ്ങളില്‍ മാതൃഭാഷയെ കേന്ദ്രീകരിച്ച് ഭരണം നിയന്ത്രിക്കുന്നതില്‍ അപാകതയില്ല. വിദ്യാഭ്യാസ രംഗത്ത് മാതൃഭാഷ അതാത് സംസ്ഥാനത്തുള്ളവര്‍ പ്രാഥമികമായി പഠിക്കണം എന്നുള്ളതും സ്വീകാര്യത തന്നെയാണ്. പക്ഷേ ഉന്നത വിദ്യാഭ്യാസ രംഗങ്ങളില്‍ ഹിന്ദി നിര്‍ബന്ധമാക്കുന്നത് അപകടകരവുമാണ്. വൈദ്യരംഗത്തും മറ്റു ശാസ്ത്രരംഗങ്ങളിലും മാതൃഭാഷയില്‍ പഠനം നിര്‍ബന്ധമാക്കുകയാണെങ്കില്‍ പഠിതാക്കളുടെ വളര്‍ച്ച മുരടിക്കുന്നതാകും ഫലം. ഒരു തലമുറയെ തന്നെ തകര്‍ക്കുക എന്നത് ഈ നടപടികൊണ്ട് സാധിക്കും. ഉന്നത പഠനത്തിന്‍റെ ഭാഷയായി ഹിന്ദി അടിച്ചേല്‍പ്പിക്കുമ്പോള്‍ ഭാരതത്തിന്‍റെ അകത്തുതന്നെ അവര്‍ തളയ്ക്കപ്പെടുന്നു. കേന്ദ്ര സര്‍വീസുകളില്‍ പ്രവര്‍ത്തിക്കണമെങ്കില്‍ ഹിന്ദി ഭാഷ നിര്‍ബന്ധമാവുകയും ചോദ്യങ്ങള്‍ ഹിന്ദിയില്‍ തന്നെ ആവുകയും ചെയ്യും എന്നുള്ള ഒരു അഭിപ്രായം ഉയര്‍ന്നുവന്ന സാഹചര്യത്തില്‍ വിഷയം വളരെ ഗൗരവമായി തന്നെ നമ്മള്‍ ചര്‍ച്ച ചെയ്യേണ്ടിയിരിക്കുന്നു. വൈദ്യരംഗത്തും മറ്റും ഹിന്ദി അടിച്ചേല്‍പ്പിക്കുകയാണെങ്കില്‍ ഉന്നത പഠന രംഗത്തേക്ക് പ്രവേശിക്കുന്ന വ്യക്തികള്‍ക്ക് മുന്നോട്ടുള്ള പ്രയാണത്തില്‍ വലിയ തടസ്സങ്ങള്‍ ഉണ്ടാകും എന്നുള്ള കാര്യത്തില്‍ സംശയമില്ല. രാജ്യത്തെ യുവ ജനത തൊഴില്‍ തേടി ലോകത്തിന്‍റെ പല ഭാഗങ്ങളിലും പോകുന്നു. അതാണ് ഇവിടെ തടസപ്പെടുന്നതും, ശുപാര്‍ശ ചെയ്യുന്നവര്‍ ചിന്തിക്കാത്തതും.  അന്തര്‍ദേശീയ സെമിനാറുകളിലും മറ്റും ഹിന്ദിയില്‍ പ്രഭാഷണം നടത്തിയാല്‍ ഉള്ള അവസ്ഥ നാം മനസ്സിലാക്കേണ്ടിയിരിക്കുന്നു. ഇന്ത്യയില്‍ നടക്കുന്ന ഒരു അന്തര്‍ദേശീയ സമ്മേളനത്തില്‍ ചൈനയില്‍ നിന്നു വന്ന ഒരു പ്രതിനിധി ചൈനീസ് ഭാഷയില്‍ ഒരു അവതരണം നടത്തിയാല്‍ എങ്ങനെയിരിക്കും എന്ന് ഊഹിക്കാവുന്നതേയുള്ളൂ. ഇന്ത്യയിലെ ജനങ്ങള്‍ ഹിന്ദി മാത്രമേ സംസാരിക്കാവൂ, ഹിന്ദിയില്‍ മാത്രമേ ക്രയവിക്രിയ നടപടികള്‍ നടത്താവൂ എന്നുള്ള ശുപാര്‍ശ തന്നെ അപകടകരമാണ്. 

ഹിന്ദി ഭാഷ പ്രചരിപ്പിക്കുന്നതിന് വേണ്ടിയാണ് ഹിന്ദി പ്രചാര സഭ 1918ല്‍ മഹാത്മാഗാന്ധി ആരംഭിക്കുന്നത്. മരിക്കുന്നതുവരെ അദ്ദേഹം തന്നെയായിരുന്നു അതിന്‍റെ പ്രസിഡന്‍റ്. ഇതിന്‍റെ മുഖ്യപ്രചാരകന്‍ ആകട്ടെ മകന്‍ ദേവദാസ് ഗാന്ധിയും ആയിരുന്നു. സ്വാതന്ത്ര്യ പ്രസ്ഥാനത്തിന്‍റെ ഭാഗമായി ഹിന്ദി പ്രചാര സഭ പ്രവര്‍ത്തിക്കുകയുണ്ടായി എന്നുള്ളത് എടുത്തു പറയേണ്ട ഒരു കാര്യമാണ്. ദേശീയതയെ ഉത്ബോധിപ്പിക്കുവാനും അതില്‍ കൂടി ഒരു ജനത, ഒറ്റ ഭാഷ എന്ന ബോധം വളര്‍ത്തുവാനും ആണ് ഈ ഒരു പ്രസ്ഥാനം തുടങ്ങിയത് എന്ന് അവകാശപ്പെട്ടിരുന്നു. 1927 ഓടെയാണ് അതൊരു സ്വതന്ത്ര ഹിന്ദി പ്രചാരസഭയായി മാറിയത് എന്നാണ് രേഖകള്‍ പറയുന്നത്. ഗാന്ധിജിക്ക് ശേഷം രാജഗോപാലാചാരി, പട്ടാമ്പി സീതാരാമയ്യ തുടങ്ങിയവരും സഭയുടെ പ്രവര്‍ത്തനങ്ങളില്‍ സജീവമായി പങ്കാളികളായവരാണ്. മഹാത്മാഗാന്ധി രാജ്യം മുഴുവനും ഹിന്ദി പ്രചരിപ്പിക്കുവാന്‍ ശ്രമിച്ചിരുന്നു എന്നതാണ് ഇപ്പോള്‍ ഹിന്ദി പ്രചരിപ്പിക്കണം എന്ന് പറയുന്നവര്‍ പറയുന്നത്. അതായത് മഹാത്മാഗാന്ധിയുടെ ശ്രമങ്ങളെ പിന്തുടരുകയും, അത് നടപ്പിലാക്കാന്‍ ശ്രമിക്കുകയുമാണ് ചെയ്യുന്നതെന്നാണ് അവര്‍ അവകാശപ്പെടുന്നത്.