പാര്‍ലമെന്‍റ് സ്ട്രീറ്റ്
സുധീര്‍ നാഥ്
2022 ഒക്ടോബര്‍ 15
എയ്മയുടെ ദേശീയ ഹെല്‍പ് ലൈന്‍ നമ്പര്‍ 1800 572 9391
ഓള്‍ ഇന്ത്യ മലയാളി അസ്സോസിയേഷന്‍ (എയ്മ) യുടെ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ദേശീയ ഹെല്‍പ് ലൈന്‍ നമ്പര്‍ നിലവില്‍ വന്നു. എയ്മ ദേശീയ അധ്യക്ഷന്‍ ഗോകുലം ഗോപാലന്‍ ഹെല്‍പ് ലൈന്‍ നമ്പര്‍ നമ്പര്‍ പ്രകാശനം ചെയ്തു. 1800 572 9391 എന്നതാണ് എയ്മ ദേശീയ ഹെല്‍പ് ലൈന്‍ നമ്പര്‍. ഇന്ത്യയിലെവിടെനിന്നും സൗജന്യമായി മലയാളികള്‍ക്ക് തങ്ങളുടെ വിവിധ ആവശ്യങ്ങള്‍ക്കായി ഈ ഹെല്‍പ് ലൈന്‍ നമ്പറില്‍ ഓള്‍ ഇന്ത്യ മലയാളി അസ്സോസിഷനുമായി ബന്ധപ്പെടാം. പ്രധാനമായും എയ്മയുടെ ദ്രുതകര്‍മവിഭാഗം എയ്മ ക്യൂ.ആര്‍.ടിയുടെ പ്രവര്‍ത്തനങ്ങളില്‍ നിന്നുള്‍ക്കൊണ്ട പ്രചോദനമാണ് ഇങ്ങനെ ഒരു ദേശീയ ഹെല്‍പ് ലൈന്‍ ഉണ്ടാക്കാന്‍ കാരണമായത്. എയ്മയുടെ ദേശിയ വൈസ് പ്രസിഡന്‍റും, ദേശിയ ദ്രുതകര്‍മവിഭാഗത്തിന്‍റെ മുഖ്യ കോഡിനേറ്ററുമായ ജയരാജ് നായരാണ് ദേശിയ ഹെല്‍പ്പ് ലൈന്‍ നിയന്ത്രിക്കുന്നത്. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ മലയാളി സംഘടനകളില്‍ അംഗങ്ങളല്ലാത്ത ആയിരക്കണക്കിന് മലയാളികളുണ്ട്. അവര്‍ക്ക് ഏതുസമയത്തും എയ്മയുടെ സഹായം ലഭ്യമാക്കുക എന്നതാണ് ഹെല്‍പ്പ് ലൈന്‍ നമ്പര്‍ കൊണ്ട് ഉദ്ദേശിക്കുന്നതെന്ന് എയ്മ നാഷണല്‍ ജനറല്‍ സെക്രട്ടറി പി എന്‍ ശ്രീകുമാര്‍ പറഞ്ഞു. ദ്രുതകര്‍മവിഭാഗത്തെ കൂടാതെ സംഘടനയുമായി ബന്ധപ്പെട്ട വിവരങ്ങള്‍, യുവജനകാര്യവിഭാഗം, എയ്മ മാര്യേജ് ബ്യുറോ, എയ്മ വനിതാവിഭാഗം, ഓരോ സംസ്ഥാനങ്ങളുടെയും എയ്മയുടെ പ്രവര്‍ത്തനങ്ങള്‍, പ്രതിദിന സംഗീത പരിപാടി തുടങ്ങിയ എട്ടോളം വിഭാഗങ്ങളുടെ സേവനമാണ് ദേശീയ ഹെല്‍പ് ലൈനിലൂടെ ഇപ്പോള്‍ ലഭ്യമാവുക.
വന്ദേഭാരത് തീവണ്ടികള്‍ പായുന്നു
ഇന്ത്യന്‍ റെയില്‍വെ ഭാരതത്തിന് തലയെടുപ്പോടെ ലോകത്തിന് മുന്‍പില്‍ പറയാവുന്ന ഒന്നാണ്. 1844ല്‍ ഗവര്‍ണര്‍ ജനറല്‍ ഓഫ് ഇന്ത്യ ഹാര്‍ഡിങ്ങ് പ്രഭുവാണ് ഇന്ത്യയിലേയ്ക്ക് തീവണ്ടി ഗതാഗതം കൊണ്ടു വന്നതിന് അനുമതി നല്‍കിയത്. ഡെല്‍ഹൗസി പ്രഭുവാണ് ഇന്ത്യന്‍ റെയില്‍വെയുടെ പിതാവായി അറിയപ്പെടുന്നത്. 1843ല്‍ ലോഡ് ഡെല്‍ഹൗസിയായിരുന്നു ഇന്ത്യന്‍ റെയില്‍വെ എന്ന ആശയം കൊണ്ടു വന്നത്. 1870ല്‍ മുംബൈയില്‍ നിന്ന് കല്‍ക്കത്തയിലേയ്ക്കുള്ള ഇന്ത്യയിലെ ആദ്യ റെയില്‍ പാത കമ്മിഷന്‍ ചെയ്തു. ഇന്ന് രാജ്യത്തിന്‍റെ ഒട്ടുമുക്കാല്‍ പ്രദേശവും റെയില്‍ പാതകള്‍ കൊണ്ട് ബന്ധിപ്പിക്കപ്പെട്ടിരിക്കുന്നു. ഇന്ത്യയില്‍ സിക്കീം മാത്രമാണ് റെയില്‍വെ സ്റ്റേഷനോ റെയില്‍വേ ലൈനുകളോ ഇല്ലാത്ത സംസ്ഥാനം. ഇന്ത്യന്‍ റെയില്‍വെ വലിയ വികസനമാണ് വര്‍ഷാ വര്‍ഷം നേടുന്നത്. മറ്റ് രാജ്യങ്ങളിലെ ബുള്ളറ്റ് തീവണ്ടികള്‍ പോലുള്ള അതിവേഗ തീവണ്ടികള്‍ ഇന്ത്യയിലേയ്ക്കും താമസിയാതെ എത്തും. അതിന് തുടക്കം കുറിച്ചുള്ള വന്ദേഭാരത് തീവണ്ടികള്‍ ഒരു വര്‍ഷത്തിലേറെയായി ഓടുന്നു. വിമാനത്തിന് സമാനമായ സൗകര്യങ്ങളാണ് വന്ദേഭാരത് തീവണ്ടികളില്‍ ഉള്‍കൊള്ളിച്ചിരിക്കുന്നത്. രണ്ടാം ഘട്ടം വന്ദേഭാരത് തീവണ്ടികള്‍ ഗുജറാത്തിലൂടെ ഓടി തുടങ്ങി. പക്ഷെ തുടര്‍ച്ചയായ അപകടങ്ങളാണ് അവിടെ ഉണ്ടായത്. 2024 മാര്‍ച്ച് മാസത്തോടെ മാത്രമേ സുരക്ഷാ വേലികളുടെ പണി പൂര്‍ത്തിയാകൂ. ഒക്ടോബര്‍ 5ന് നാല് എരുമ കൂട്ടങ്ങളെ ഇടിച്ചിട്ടു. തീവണ്ടിയുടെ മുന്‍ഭാഗം തകര്‍ന്നു. നാല് എരുമകള്‍ ചത്തു. ഒക്ടോബര്‍ 6ന് പശുവിനെയാണ് തീവണ്ടി ഇടിച്ചിട്ടത്. വന്ദേഭാരത് പാഞ്ഞുകൊണ്ടിരിക്കുകയാണ്.
പ്രസാധക രംഗത്ത് 50 വര്‍ഷം
പുസ്തക പ്രസാധക രംഗത്ത് ദേശിയ തലത്തില്‍ പ്രശസ്തനാണ് കൊണാര്‍ക്ക് പബ്ലിക്കേഷന്‍സിന്‍റെ മാനേജിങ്ങ് ഡയറക്ടറായ കെ.പി.ആര്‍ നായര്‍. അരനൂറ്റാണ്ടിലേറെ കാലം അദ്ദേഹം പുസ്തക പ്രസാധനവുമായി ഡല്‍ഹിയിലുണ്ട്. ഇന്ത്യയിലിപ്പോള്‍ 9000 പ്രസാധകര്‍ സജീവമായുണ്ട് എന്നാണ് കണക്ക്. ഫെഡറേഷന്‍ ഓഫ് ബുക്ക് സെല്ലേസ് ആന്‍റ് പബ്ലിക്കേഷന്‍സ് അദ്ദേഹത്തിന്‍റെ സേവനത്തിന്‍റെ പേരില്‍ ഡല്‍ഹിയില്‍ ആദരിക്കുകയുണ്ടായി. അവരുടെ അറുപത്തി എട്ടാമത് വാര്‍ഷിക ആഘോഷ വേളയിലാണ് കെ.പി.ആര്‍. നായര്‍ക്ക് ഗോള്‍ഡന്‍ അവാര്‍ഡ് നല്‍കി ആദരിച്ചത്. സര്‍ദാര്‍ വല്ലഭായ് പട്ടേലിന്‍റെ രചനകളുടെ സമാഹാരം 15 വോള്യങ്ങളായി പ്രസിദ്ധീകരിച്ചത് കൊണാര്‍ക്കാണ്. കുല്‍ദീപ് നയ്യാറുടെ എമര്‍ജന്‍സി റീടോള്‍ഡ്, എം.ഒ. മത്തായുടെ മൈ ഡെയ്സ് വിത്ത് നെഹ്റു, സുല്‍ഫിക്കര്‍ ബൂട്ടോയുടെ ഈഫ് ഐ ആം അസാസിനേറ്റഡ്, ഖുശ്വന്ത് സിംഗിന്‍റെ മെലീഷ്യസ് ഗോസിപ്പ്, ബി.ജി. വര്‍ഗീസിന്‍റെ റീ ഓര്‍ഗനൈസിങ്ങ് ഇന്ത്യ തുടങ്ങിയ ഒട്ടേറെ പുസ്തകങ്ങള്‍ അദ്ദേഹത്തിന്‍റെ നേത്യത്ത്വത്തിലുള്ള കൊണാര്‍ക്ക് പബ്ലിക്കേഷനാണ് പുറത്തിറക്കിയത്. മാതാ അമ്യതാനന്ദമയി, ഉത്രാടം തിരുന്നാള്‍ മാര്‍ത്താണ്‍ഡ വര്‍മ്മ, അശ്വതി തിരുന്നാള്‍ ഗൗരി ലക്ഷമി ബായ്, കെ. സച്ചിദാനന്ദന്‍, ഉമ്മന്‍ ചാണ്ടി, ബാലചന്ദ്ര മേനോന്‍ തുടങ്ങിയവരുടെ പുസ്തകങ്ങള്‍ കൊണാര്‍ക്ക് പ്രസിദ്ധീകരിച്ചിട്ടുണ്ട്.
പാര്‍ലമെന്‍റിന്‍റെ പുതിയ മന്ദിരം 2023ല്‍ മാത്രം
ഇന്ത്യന്‍ പാര്‍ലമെന്‍റിന്‍റെ പുതിയ മന്ദിരം 2022 അവസാനം പൂര്‍ത്തീകരിച്ച് സമ്മേളനം നടത്താന്‍ സാധിക്കുമെന്നാണ് പ്രഖ്യാപിക്കപ്പെട്ടിരുന്നത്. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ 2022 ല്‍ പാര്‍ലമെന്‍റ മന്ദിരത്തിന്‍റെ പണി പൂര്‍ണമായും പൂര്‍ത്തീകരിക്കുവാന്‍ സാധിക്കില്ലെന്നും, ഇപ്പോള്‍ വരുന്ന ശൈത്യകാല സമ്മേളനം പഴയ മന്ദിരത്തില്‍ തന്നെ നടത്തേണ്ടി വരും എന്നാണ് അറിയുന്നത്. 2020 ഡിസംബര്‍ മാസമാണ് പുതിയ മന്ദിരത്തിന് തറക്കല്ലിടുന്നത്. കോടതി കേസും, കോവിഡ് മഹാമാരിയുമാണ് പണി പൂര്‍ത്തീകരിക്കാന്‍ വൈകുന്നതിന്‍റെ കാരണം. കഴിഞ്ഞ സമ്മേളന സമയത്ത് അവസാന സമ്മേളനമാണ് ഈ മന്ദിരത്തില്‍ നടക്കുന്നത് എന്ന പ്രഖ്യാപനം ഉണ്ടായിരുന്നു. 2023 ബഡ്ജറ്റ് സെക്ഷന്‍ ആവുമ്പോഴേക്കും മാത്രമേ പുതിയ പാര്‍ലമെന്‍റ് മന്ദിരം പൂര്‍ത്തീകരിക്കുവാന്‍ സാധിക്കുകയുള്ളൂ എന്ന് ഏതാണ്ട് ഉറപ്പായി കഴിഞ്ഞിരിക്കുന്നു. പുതിയ മന്ദിരത്തിന്‍റെ നിര്‍മ്മാണ പ്രവര്‍ത്തികള്‍ അതിവേഗം നടക്കുന്നുണ്ടെങ്കിലും പൂര്‍ത്തീകരിക്കാന്‍ നിശ്ചയിച്ച സമയത്തേക്കാള്‍ കൂടുതല്‍ സമയം അവസാന മിനുക്ക് പണികള്‍ക്ക് വേണമെന്നാണ് ഇപ്പോള്‍ പറയുന്നത്.പുതിയ പാര്‍ലമെന്‍റ് മന്ദിരത്തില്‍ ലോക്സഭാ ഹാളില്‍ 770 അംഗങ്ങള്‍ക്കും രാജ്യസഭാ ഹാളില്‍ 384 ആംഗങ്ങള്‍ക്കും ഇരിക്കുവാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.
മാസ്ക്ക് രക്ഷകനാണ്
വടക്കേ ഇന്ത്യയില്‍ വ്യാപകമായി മഴ പെയ്യുകയാണ്. കാലാവസ്ഥയില്‍ വലിയ മാറ്റം സംഭവിച്ചിരിക്കുന്നു. ദീപാവലിക്ക് ശേഷം വരേണ്ട തണുപ്പ് ദീപാവലിക്ക് വളരെ മുന്‍പ് തന്നെ എത്തിയിരിക്കുന്നു എന്ന് വേണം കരുതാന്‍. ഈ വര്‍ഷം തണുപ്പ് അതിരൂക്ഷമാകാനുള്ള സാഹചര്യം ഉണ്ട് എന്നാണ് കാലാവസ്ഥാ നിരീക്ഷകര്‍ പറയുന്നത്. കാലാവസ്ഥ വ്യതിയാനത്തിന്‍റെ ഒരു ലക്ഷണമായി ഇതിനെ കാണണമെന്നും അവര്‍ ചൂണ്ടിക്കാണിക്കുന്നു. കോവിഡ് കാലത്ത് മനുഷ്യര്‍ വ്യാപകമായി മാസ്ക് ധരിക്കുന്നത് കുറെയെങ്കിലും ഇപ്പോഴും തുടരുന്നുണ്ട്. കാലാവസ്ഥാ വ്യതിയാനം കൊണ്ട് മാറ്റങ്ങള്‍ സംഭവിക്കുമ്പോള്‍ ശ്വാസതടസ്സങ്ങള്‍ ഉണ്ടാവുക സ്വാഭാവികമാണ്. രോഗം പരത്തുന്ന വൈറസുകളുടെ എണ്ണവും വ്യാപകമാകും. കോവിഡ് കാലത്ത് ശീലമാക്കിയ മാസ്ക്ക് ഉപയോഗം തുടര്‍ന്നാല്‍ വൈറസ് ആക്രമണത്തില്‍ നിന്ന് രക്ഷ നേടാം. ചെറിയ രീതിയിലുള്ള ശ്വാസ തടസ്സം പോലും ഡോക്ടറെ കാണിക്കുന്ന പുതിയ പ്രവണത കോവിഡ് കാലത്തുണ്ടായ ഭയം ജനങ്ങളില്‍ ഇപ്പോഴും നിലനില്‍ക്കുന്നു എന്നുള്ളതിന്‍റെ തെളിവാണ.്
മുഖമാറ്റവുമായി ഡല്‍ഹി തെരുവുകള്‍
രാജ്യ തലസ്ഥാനമായ ഡല്‍ഹിയുടെ മുഖം മാറുകയാണ്. ഡല്‍ഹിയിലെ പ്രധാനപ്പെട്ട 16 കേന്ദ്രങ്ങളിലാണ് നിര്‍മ്മാണത്തിന്‍റെ അവസാന പണികള്‍ നടക്കുകയാണ്. ഡല്‍ഹി റോഡുകളുടെ ഇരുവശങ്ങളിലും യൂറോപ്യന്‍ രീതിയിലുള്ള നവീകരണ പ്രവര്‍ത്തനങ്ങളാണ് ധൃതഗതിയില്‍ നടന്നുകൊണ്ടിരിക്കുന്നത്. ആദ്യഘട്ടം പൂര്‍ത്തീകരിച്ചാല്‍ ഉടന്‍ ഡല്‍ഹിയുടെ എല്ലാ ഭാഗങ്ങളിലും സമാനമായ രീതിയിലുള്ള വികസന പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്നാണ് ഇതിന് നേത്യത്ത്വം കൊടുക്കുന്ന ഡല്‍ഹി സര്‍ക്കാരിന്‍റെ പൊതുമരാമത്ത് വകുപ്പ് വ്യത്തങ്ങള്‍ അറിയിച്ചിരിക്കുന്നത്. യൂറോപ്യന്‍ രീതിയില്‍ വഴിയരികില്‍ വലിയ ശില്പങ്ങളും ഇരിപ്പിടങ്ങള്‍ളും ഒരുക്കിയിട്ടുണ്ട്. പൂക്കള്‍ വിരിയുന്ന ചെടികളും വ്യാപകമായി റോഡരുകില്‍ നട്ടുവളര്‍ത്തുകയാണ്. നടക്കുവാനും, സൈക്ലിംഗ് നടത്തുവാനുള്ള വഴിയും അവര്‍ക്ക് വിശ്രമ കേന്ദ്രവും വഴിയരികില്‍ ഒരുങ്ങുന്നു. ഇതൊക്കെ ടൈലുകള്‍ പാകി വൃത്തിയാക്കി കൊണ്ടിരിക്കുന്നു. ഈ പ്രദേശങ്ങള്‍ എല്‍.ഇ.ഡി ലൈറ്റുകള്‍ പിടിപ്പിച്ച് രാത്രികാലങ്ങളില്‍ പോലും ഉപയോഗിക്കുന്ന രീതിയിലേക്ക് മാറ്റുന്ന പ്രക്രിയ നടക്കുകയാണ്. 2022 ഡിസംബറിന് മുമ്പ് 16 കേന്ദ്രങ്ങളിലെ നിര്‍മ്മാണങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ സാധിക്കും എന്ന പ്രതീക്ഷയിലാണ് പൊതുമരാമത്ത് വകുപ്പ്. അടുത്തവര്‍ഷം കൂടുതല്‍ കേന്ദ്രങ്ങളിലേക്ക് വികസനം കൊണ്ടുവരികയും ഡല്‍ഹിയുടെ മുഖച്ഛായ തന്നെ മാറ്റിയെടുക്കുകയും ആണ് ലക്ഷ്യം. ഉച്ചസമയത്തും വൈകുന്നേരങ്ങളിലും നിര്‍മ്മാണം നടക്കുന്ന ഇടങ്ങളില്‍ പോലും ഇപ്പോള്‍ തന്നെ വലിയ രീതിയില്‍ ജനങ്ങള്‍ എത്തുന്ന കാഴ്ച പദ്ധതിയുടെ വിജയമായി കണക്കാക്കാം. നിര്‍മ്മാണം പൂര്‍ത്തിയാക്കുന്നതോടുകൂടി പുതിയ ഒരു ഡല്‍ഹിയുടെ മുഖം നമുക്ക് കാണുവാന്‍ സാധിക്കും.






