ഹോ എന്തൊരു സ്പീഡ്...!

ഹോ എന്തൊരു സ്പീഡ്...!

വിജയ് ചൗക്ക്

സുധീര്‍ നാഥ് 


കാലം ഒട്ടേറെ മാറിയിരിക്കുന്നു. നൂറ്റാണ്ടുകളെടുത്ത് മാറുന്ന മാറ്റങ്ങള്‍ അതിവേഗം നടക്കുന്നു. ആദ്യകാലങ്ങളില്‍ ട്രന്‍ങ്ക് കോള്‍ ബുക്ക് ചെയ്ത് ഫോണ്‍ വിളിച്ചിരുന്നു. മറ്റു ജില്ലകളിലേയ്ക്കും, സംസ്ഥാനങ്ങളിലേയ്ക്കും, രാജ്യങ്ങളിലേയ്ക്കും ഫോണിലൂടെ സംസാരിക്കുന്നതിന് ഏറെ പങ്കപ്പാടായിരുന്നു. അങ്ങിനെ ഒരു കാലം ഉണ്ടായിരുന്നു എന്നത് വിശ്വസിക്കാന്‍ പുതു തലമുറയ്ക്ക് ബുദ്ധിമുട്ടുണ്ടാകും. നമുക്ക് എസ്.ടി.ഡി, ഐ.എസ്.ഡി. കോഡുകള്‍ ഉപയോഗിച്ച് നേരിട്ട് വിളിക്കാവുന്ന ഒരു സാഹചര്യം വളര്‍ന്നു വന്നു. രാജ്യത്താകമാനം ലോക്കല്‍ എസ്.ടി.ഡി, ഐ.എസ്.ഡി ബൂത്തുകളുടെ ഒരു നിര തന്നെ കാണാമായിരുന്നു. പകല്‍ സമയങ്ങളില്‍ ഒരു നിരക്കും, രാത്രി കാലങ്ങളില്‍ പകുി നിരക്കും ഉണ്ടായിരുന്ന കാലം അത്ര പിന്നിലല്ല. ഇതിനു തൊട്ടു പിന്നാലെയാണ് പേജറുകളും പേജറുകളെ തുടര്‍ന്ന് ചെറിയ മൊബൈല്‍ഫോണുകളും നമ്മുടെ സമൂഹത്തിലേക്ക് കടന്നുവന്നത്. ഫോണ്‍ വിളിക്കുന്നതിന് മാത്രമല്ല, സ്വീകരിക്കുന്നതിനും നിരക്കുണ്ടായിരുന്നു.

ചെറിയ കീപാഡ് ഫോണുകളില്‍ നിന്ന് നമ്മള്‍ ആന്‍ഡ്രോയ്ഡ് ഫോണുകളിലേക്കും, ഐഫോണുകളിലേക്കും അതുപോലെതന്നെ ടാബുകളിലേക്കും മാറുകയുണ്ടായി. ഇന്‍റര്‍നെറ്റ് വേഗത 2ജി യും 3ജിയും 4ജിയും കിടന്ന് 5ജിയില്‍ ഇപ്പോള്‍ എത്തിനില്‍ക്കുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി ഡല്‍ഹിയില്‍ പ്രഗതി മൈതാനിയിലെ ഇന്ത്യന്‍ മൊബൈല്‍ കോണ്‍ഗ്രസിന്‍റെ വേദിയില്‍ വെച്ച് 5ജി രാഷ്ട്രത്തിന് സമര്‍പ്പിച്ചപ്പോള്‍ നമ്മുടെ ഇന്‍റര്‍നെറ്റ് വേഗത കൂടി. അറിയുന്നതിന്‍റെ വേഗതയാണ് ഇതുവഴി ജനങ്ങള്‍ ആസ്വദിക്കുന്നത്. വൈദ്യ രംഗത്തും, വിദ്യഭ്യാസ രംഗത്തും, ചരക്ക് നീക്കത്തിലും, ബാങ്കിങ്ങ് ഇടപാടിലും ഇത്മൂലം ഉണ്ടാകുന്ന വളര്‍ച്ച വിപ്ലവകരമാണ്. വളരെ നിമിഷ നേരം കൊണ്ട് ലോകത്തിന്‍റെ ഏത് ഭാഗത്തും നടക്കുന്ന സംഭവങ്ങള്‍ നമ്മുടെ വിരല്‍ത്തുമ്പിലേക്ക് നിമിഷ നേരം കൊണ്ട് വരുന്നു എന്നുള്ള വിശേഷണവും ഇവിടെ നാം ആസ്വദിക്കുന്നു. 4ജി തരംഗങ്ങളുടെ പോലെ ഏറെ ദൂരം സഞ്ചരിക്കാന്‍ 5ജി തരംഗങ്ങള്‍ക്ക് സാധിക്കില്ല. അതുകൊണ്ട് തന്നെ 4ജിയെക്കാള്‍ ഇരട്ടി ടവറുകള്‍ 5ജിക്ക് വേണ്ടി വരും. അള്‍ട്രാ-ഹൈ സ്പീഡ് ഇന്‍റര്‍നെറ്റ് കണക്റ്റിവിറ്റിയാണ് 5ജി വാഗ്ദാനം. റോബോട്ടിക്ക് സര്‍ജറികള്‍ ഏറെ താമസിയാതെ നമ്മുടെ നാട്ടില്‍ വ്യാപകമാകും. 5ജി വരുന്നതോടെ വീട്ടിലിരുന്നും സ്വന്തം വാഹനം നിയന്ത്രിക്കാനാകും. ഡല്‍ഹിയിലെ പ്രഗതിമൈതാനിയിലെ ക്വാല്‍കോമിന്‍റെ പവലിയനിലിരുന്ന് സ്വീഡനിലെ ഒരു കാര്‍ പ്രധാനമന്ത്രി ഓടിച്ചത് അത്ഭുതത്തോടെയാണ് രാജ്യം കണ്ടത്. വിപ്ലവകരമായ കുതിച്ചു ചാട്ടം ഡല്‍ഹി, മുംബൈ, ചെന്നയ്, കല്‍ക്കത്ത എന്നീ മെട്രോ പട്ടണങ്ങളിലാണ് ഇപ്പോള്‍ ലഭ്യമാകുക. ദീപാവലിക്ക് ശേഷം അത് തിരഞ്ഞെടുത്ത 13 നഗരങ്ങളിലേയ്ക്ക് വ്യാപിക്കും. അടുത്ത വര്‍ഷം അവസാനത്തോടെ കേരളത്തിലും രണ്ട് വര്‍ഷം കൊണ്ട് രാജ്യത്തെ എല്ലാ പ്രധാന കേന്ദ്രങ്ങളിലും 5ജി സൗകര്യം ലഭ്യമാകും.

ദൃശ്യമാധ്യമങ്ങളും അച്ചടി മാധ്യമങ്ങളും ഒരു വലിയ വെല്ലുവിളിയെ തന്നെയാണ് ഈ മാറ്റങ്ങള്‍ കൊണ്ട് നേരിടുന്നത് ഒട്ടുമിക്ക ദൃശ്യമാധ്യമങ്ങളും അവരുടെ വാര്‍ത്ത വിതരണം മൊബൈലിലേക്ക് മാറ്റുന്ന കാഴ്ചയും നാം ഇപ്പോള്‍ കാണുന്നു. സമാനമായ രീതിയില്‍ തന്നെയാണ് അച്ചടി മാധ്യമങ്ങളും മാറുന്നത്. വാര്‍ത്തകള്‍ അവര്‍ ജനങ്ങളില്‍ അതിവേഗം എത്തിക്കുന്നു. നാനോയുടെ കാലത്താണ് നാം ജീവിക്കുന്നത് എന്നതുകൊണ്ട് ഒന്നോ രണ്ടോ മിനിറ്റിനുള്ളില്‍ ഒരു വാര്‍ത്തയുടെ രത്ന ചുരുക്കം വിതരണം ചെയ്യുന്ന തന്ത്രപ്പാടിലാണ് മാധ്യമ സ്ഥാപനങ്ങള്‍ എന്ന് നാം കാണുന്നു. 5ജിയുടെ വരവോടെ വാര്‍ത്താ വിതരണ രംഗത്ത് വലിയ മാറ്റങ്ങള്‍ സംഭവിക്കും. ടെലിവിഷന്‍ സെറ്റുകളേക്കാള്‍ ജനങ്ങള്‍ മൊബൈല്‍ വഴിയാകും ദ്യശ്യവാര്‍ത്തകള്‍ പോലും ഇനി കാണുക.

കോവിഡിന് മുന്‍പും പിന്‍പും രണ്ടുതരം ജീവിതമാണ് മനുഷ്യര്‍ നയിക്കുന്നത് എന്ന് നമ്മള്‍ സ്വയം തിരിച്ചറിഞ്ഞതാണ്. സാങ്കേതികമായി ഡിജിറ്റല്‍ ലോകത്തേക്ക് നമ്മള്‍ മെല്ലെ മെല്ലെ കടന്നുവരുന്നു എന്ന കാര്യമാണ് കോവിഡിന് മുമ്പ് കേട്ടിരുന്നത്. പക്ഷേ കോവിഡ് കാലത്ത് നമ്മള്‍ അതിവേഗം ഡിജിറ്റല്‍ യുഗത്തിലേക്ക് പോയി എന്നുള്ളത് ഒരു യാഥാര്‍ത്ഥ്യമാണ്. പത്രങ്ങള്‍, മാസികകള്‍, വാരികകള്‍ ഇതെല്ലാം അതിന്‍റെ ഡിജിറ്റല്‍ പതിപ്പുകള്‍ ഇറക്കി സമൂഹത്തില്‍ വ്യാപകമാക്കിയത് കോവിഡ് കാലത്താണ്. ഡിജിറ്റല്‍ പതിപ്പുകള്‍ ജനങ്ങളെ വായിക്കാന്‍ ശീലിപ്പിച്ചത് കോവിഡ് കാലമാണ്. നമ്മുടെ ജനങ്ങള്‍ ഏതാണ്ട് രണ്ടു വര്‍ഷത്തോളം ഡിജിറ്റല്‍ പ്രസിദ്ധീകരണങ്ങള്‍ വായിച്ച് ശീലിച്ചു. അവരില്‍ പകുതിയിലേറെപ്പേര്‍ ശീലം തുടര്‍ന്നു. അത് അച്ചടി മാധ്യമങ്ങളുടെ നിലനില്‍പ്പിനെ ബാധിച്ചു. എത്രയോ പ്രശസ്തമായ പ്രസിദ്ധീകരണങ്ങള്‍ പോലും അച്ചടി നിര്‍ത്തി. വളരെ വേഗത്തിലാണ് സമൂഹം ഡിജിറ്റല്‍ യുഗത്തിലേക്ക് കയറിയത്. കോവിഡ് കാലത്ത് ഒട്ടേറെ മനുഷ്യജീവനുകള്‍ നഷ്ടപ്പെട്ടെങ്കിലും ഡിജിറ്റല്‍ സാങ്കേതികവിദ്യയിലേക്ക് ലോകം വളരെ വേഗത്തില്‍ കയറുകയായിരുന്നു. കോവിഡിന് മുമ്പ് ഒരു ഡിജിറ്റല്‍ ഓണ്‍ലൈന്‍ പ്രസംഗങ്ങളും ഉദ്ഘാടനവും യോഗവും സങ്കല്‍പ്പിക്കുവാന്‍ വളരെ ബുദ്ധിമുട്ടായിരുന്നു. വളരെ വളരെ അപൂര്‍വമായി മാത്രം നടന്നിട്ടുള്ള ഒന്നായിരുന്നു ഓണ്‍ലൈന്‍ സംവാദവും ചര്‍ച്ചയും ഒക്കെ. ഇപ്പോള്‍ ജനങ്ങള്‍ ഓണ്‍ലൈന്‍ സംവാദവും, ചര്‍ച്ചയും പതിവാക്കി. പല ഉദ്ഘാടനങ്ങള്‍ പോലും ഇപ്പോള്‍ ഓണ്‍ ലൈനായി തന്നെ നടക്കുന്നു. 

കോവിഡ് കാലത്ത് സ്കൂളിലെയും, കോളേജുകളിലേയും ക്ലാസുകള്‍ പോലും ഓണ്‍ലൈന്‍ ആയി മാറി. പ്രാദേശിക വായനശാലയിലെ സാംസ്കാരിക സമ്മേളനങ്ങള്‍ പോലും ഓണ്‍ലൈന്‍ ആയി നടന്നു. പ്രാദേശികമായി രാഷ്ട്രീയപാര്‍ട്ടികളുടെ യോഗം ഓണ്‍ലൈനായി നടന്നു. ചില ഉത്സവങ്ങള്‍ പോലും ഓണ്‍ലൈന്‍ ആയി തന്നെയാണ് സംഘടിപ്പിച്ചത്. ദേവാലയങ്ങളിലെ പൂജയും മറ്റു ചടങ്ങുകളും ഓണ്‍ലൈനായി നടക്കുന്നത് നമ്മള്‍ കണ്ടതാണ്. ചുരുക്കിപ്പറഞ്ഞാല്‍ കോവിഡ് കാലത്ത് സമൂഹം ഓണ്‍ലൈന്‍ എന്ന സാങ്കേതിക നടപടിക്രമങ്ങളോട് വളരെ യോജിക്കുകയാണ് ഉണ്ടായത്. 5ജിയുടെ വരവോടെ വിര്‍ച്ച്വല്‍ റിയാലിറ്റി സര്‍വ്വസാദാരണമാകും. അതോടെ മുന്‍പ് പറഞ്ഞതൊക്കെ സര്‍വ്വസാദാരണമാകും.

സി.സി.ടി.വി. വന്നതോടുകൂടി രാജ്യത്താകമാനം വലിയ ഒരു മാറ്റം തന്നെയാണ് വന്നത്. പലര്‍ക്കും സ്വകാര്യതകള്‍ നഷ്ടപ്പെട്ടു. കണ്ണുകള്‍ ക്യാമറകളായി ചുറ്റിനും ഉണ്ടെന്ന തോന്നല്‍ മനുഷ്യന് ഉണ്ടായി. കുറ്റാന്വേഷണ രംഗത്തും ഇത് വലിയ മാറ്റം ഉണ്ടാക്കി. കുറ്റവാളികളെ തെളിവോടെ നിയമത്തിന് മുന്നില്‍ കൊണ്ടു വരാന്‍ സാധിച്ചു. ട്രാഫിക്ക് നിയമലംഘനങ്ങള്‍ ഇപ്പോള്‍ തെളിവ് സഹിതം ഉന്നയിക്കപ്പെടുന്നു. കളവ് മുതല്‍ അപകടം നടക്കുന്നതുവരെ തുടങ്ങിയ എത്രയെത്ര സി.സി.ടി.വി. ദൃശ്യങ്ങളാണ് ഓരോ കുറ്റകൃത്യത്തിനും തെളിവായി ലഭിക്കുന്നതും അതു മുഖേന കുറ്റവാളികളെ കണ്ടെത്തുന്നതും. കുറ്റം ചെയ്തവന്‍ ധരിച്ചിരുന്ന ഷര്‍ട്ടും ഷൂസും പാന്‍റും അതിന്‍റെ ബ്രാന്‍ഡും സി.സി.ടി.വിയിലൂടെ കുറ്റന്വേഷണ വിദഗ്ധര്‍ കണ്ടുപിടിക്കുന്നു.

ആദ്യകാലങ്ങളില്‍ ദൃശ്യമാധ്യമപ്രവര്‍ത്തകരെ നിയമസഭ കവാടത്തിലേക്ക് പ്രവേശിപ്പിക്കുന്നതിന് വലിയ നിയന്ത്രണങ്ങള്‍ ഉണ്ടായിരുന്നു. കെട്ടിടത്തിനുള്ളിലേക്ക് ക്യാമറകള്‍ കയറ്റുവാന്‍ അനുമതിയുണ്ടായിരുന്നില്ല. പിന്നീട് അത് ന്യൂസ് റൂമിലേക്കും, ന്യൂസ് റൂമില്‍ നിന്ന് ചോദ്യോത്തര വേളകള്‍ മാത്രം പ്രക്ഷേപണം ചെയ്യുന്ന തലത്തിലേക്കും എത്തുകയുണ്ടായി. നിയമസഭയിലെ ചോദ്യോത്തരങ്ങള്‍ മാത്രമായിരുന്നു ആദ്യകാലത്ത് തല്‍സമയം പ്രക്ഷേപണം ചെയ്തിരുന്നത്. പിന്നീട് നിയമസഭയുടെ പൂര്‍ണ്ണ പ്രക്ഷേപണവും നടക്കുകയുണ്ടായി. കേരള നിയമസഭയ്ക്ക് വേണ്ടി സഭാ ടി.വി നിലവില്‍ വന്നതും ഏറെ നാളായിട്ടില്ല. അതിനുശേഷം ആണ് സഭാ നടപടികള്‍ ആകമാനം സഭാ ടി.വി വഴി എല്ലാ മാധ്യമങ്ങളള്‍ക്കും തല്‍സമയം പ്രക്ഷേപണം ചെയ്യുന്നതിന് അനുമതി ലഭിച്ചത്. 

ലോക്സഭയിലും രാജ്യസഭയിലും സമാനമായ പ്രക്ഷേപണം ഇപ്പോള്‍ നടക്കുന്നുണ്ട്. ഇപ്പോള്‍ ലോക്സഭാ രാജ്യസഭാ ടി.വി തന്നെ നിലവിലുണ്ട്. സഭയിലെ വിശേഷങ്ങള്‍ നമ്മള്‍ക്ക് വീട്ടിലിരുന്നു തന്നെ കാണുവാന്‍ സാധിക്കുന്ന ഒരു സാഹചര്യമാണ് നിലവില്‍ ഉള്ളത്. ഒരു സമാജികന്‍ സഭയില്‍ നടത്തുന്ന പ്രസംഗം അല്ലെങ്കില്‍ നടത്തുന്ന മറ്റ് നടപടിക്രമങ്ങള്‍ അവരെ ജയിപ്പിച്ചു വിട്ടവര്‍ക്ക് കാണുവാന്‍ സാധിക്കുന്നു. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ശമ്പളം നല്‍കുന്ന ഒരു നികുതി ദായകന് അവര്‍ ചെയ്യുന്ന പ്രവര്‍ത്തികള്‍ കാണുവാനുള്ള അവകാശമുണ്ട്. 

ഏറ്റവും ഒടുവിലായി സുപ്രീംകോടതിയിലെ നാലു കോടതി മുറികളിലെ വ്യവഹാരങ്ങള്‍ പൊതുസമൂഹത്തിന് മുന്നില്‍ തുറന്നിട്ടിരിക്കുകയാണ്. മുന്‍പ് സുപ്രീം കോടതി ചീഫ് ജസ്റ്റിസായിരുന്ന കെ.ജി. ബാലക്യഷ്ണന്‍ സുപ്രീം കോടതിക്ക് മാത്രമായി കോടതി നടപടികള്‍ ജനങ്ങള്‍ക്ക് കാണുവാന്‍ സ്വന്തമായി ടെലിവിഷന്‍ സ്റ്റേഷന്‍ ആരംഭിക്കണമെന്ന് നിര്‍ദ്ദേശിച്ചിരുന്നു. പക്ഷെ ഇപ്പോള്‍ തത്സമയ യുട്യൂബ് പ്രക്ഷേപണം തുടങ്ങിയിരിക്കുന്നു. തീര്‍ച്ചയായും വരും ദിവസങ്ങളില്‍ സുപ്രീംകോടതിയുടെ മുഖ്യ കോടതി അടക്കമുള്ളവ പൊതുസമൂഹത്തിന്‍റെ മുന്നില്‍ തുറക്കപ്പെടും എന്നു തന്നെയാണ് കരുതേണ്ടത്.

ചടങ്ങുകളും ചര്‍ച്ചകളും ഒക്കെ തല്‍സമയം സമൂഹം കണ്ടുകൊണ്ടിരിക്കാന്‍ തുടങ്ങിയിട്ട് നാളെയേറെ ആയിട്ടില്ലല്ലോ. സുപ്രീംകോടതിയുടെ പുതിയ ചാനലുകള്‍ വഴി അവിടെ എന്തു നടക്കുന്നു എന്നും അവിടെ വാദിക്കുന്നതും വിധി പറയുന്നതും പൊതുസമൂഹത്തിന് നേരിട്ട് കാണുവാന്‍ സാധിക്കുന്നു എന്നുള്ളതും സുതാര്യതയുടെ ഒരു വലിയ ഉദാഹരണമാണ്. കോവിഡ് കാലത്ത് സുപ്രീം കോടതിയടക്കം ഓണ്‍ ലൈനായിട്ടായിരുന്നു പ്രവര്‍ത്തിച്ചിരുന്നത്. നമ്മുടെ നിയമവ്യവസ്ഥ സുതാര്യമാകുമ്പോള്‍ നീതി നിഷേധിക്കപ്പെടുവാനുള്ള സാധ്യതകള്‍ക്ക് മങ്ങല്‍ ഏല്‍ക്കും. 

മുന്‍കാലങ്ങളിലെ പോലെയല്ല ഇപ്പോഴത്തെ രാജ്യത്തെ സാഹചര്യങ്ങള്‍. പൊതു പരിപാടിയും, നിയമ സഭയും, പാര്‍ലമെന്‍റും കോടതികളും ഇപ്പോള്‍ തത്സമയ പ്രക്ഷേപണമാണ്. അത് റക്കോഡ് ചെയ്യപ്പെടുന്നു. മുന്‍കാലങ്ങളില്‍ ഉണ്ടായിരുന്നത് പോലെ പ്രവര്‍ത്തിക്കാന്‍ ആര്‍ക്കും ഇനി സാധിക്കുമെന്ന് തോന്നുന്നില്ല. കാരണം അവര്‍ അവിടെ ഇരുന്നുകൊണ്ട് കാണിക്കുന്നതെല്ലാം സമൂഹം കാണുകയാണല്ലോ. സമൂഹം കാണം എന്നതിനാല്‍ ആര്‍ക്കും പൊതുസ്ഥലങ്ങളില്‍ നിലവിട്ടും, ജാഗ്രതയില്ലാതെയും, അലസമായും, അമാന്യമായും പെരുമാറാന്‍ കഴിയില്ല. സുതാര്യത പലരുടെയും സ്വകാര്യത നഷ്ടപ്പെടുത്തുന്നു എന്നുള്ള കാര്യത്തില്‍ സംശയമില്ല. സഭയില്‍ പണ്ട് ഉറങ്ങുന്ന അംഗങ്ങളെ കുറിച്ച് വായിച്ചു കേട്ടിട്ടുണ്ട്. പത്രങ്ങളില്‍ ചിത്രങ്ങളും കണ്ടിട്ടുണ്ട്. പക്ഷേ ഇപ്പോള്‍ അതെല്ലാം തല്‍സമയം ആയത് ഇത്തരം നടപടികള്‍ ഇല്ലായ്മ ചെയ്യുന്നതിന് കാരണമായിട്ടുണ്ട്. വേഷവിദാനത്തില്‍ പോലും എല്ലാവരും ശ്രദ്ധ കേന്ദ്രീകരിക്കുന്നു എന്ന് അടുത്തകാലത്ത് ഒരു പഠനം തന്നെയുണ്ടായി. കാരണം എല്ലാം എല്ലാവരും തത്സമയം ഓണ്‍ലൈനായി എയറിലേയ്ക്ക് അയക്കുകയാണല്ലോ...!