കോണ്‍ഗ്രസിന്‍റെ തിരഞ്ഞെടുപ്പിന്‍റെ രാഷ്ട്രീയം

കോണ്‍ഗ്രസിന്‍റെ തിരഞ്ഞെടുപ്പിന്‍റെ രാഷ്ട്രീയം

വിജയ് ചൗക്ക്

സുധീര്‍നാഥ് 


ഒരു രാഷ്ട്രീയപാര്‍ട്ടിയിലും ഉണ്ടാകാത്ത ഒരു സംസാരമാണ് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ അധ്യക്ഷനെ തെരഞ്ഞെടുക്കുന്നതിനെ തുടര്‍ന്ന് നടക്കുന്ന സംസാരം. എല്ലാ പാര്‍ട്ടികളിലും അവരുടെ അധ്യക്ഷനെ കണ്ടെത്തുവാന്‍ തെരഞ്ഞെടുപ്പ് നടക്കുക സ്വാഭാവികമാണ്. പല പാര്‍ട്ടികളും ഒരു നേതാവിന്‍റെ പേര് നിര്‍ദ്ദേശിക്കുകയും അദ്ദേഹത്തെ അധ്യക്ഷനായി തിരഞ്ഞെടുക്കുകയും ചെയ്യുന്ന പതിവുതന്നെ ഉണ്ട്. പക്ഷേ എന്തുകൊണ്ട് കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ അധ്യക്ഷനെ തെരഞ്ഞെടുക്കുന്ന സമയത്ത് ഇത്രയേറെ വര്‍ത്തമാനങ്ങള്‍ ഉണ്ടാകുന്നു...? രാഷ്ട്രീയപരമായി തന്നെ അത് ഒരു വലിയ ചോദ്യമായി മാറി കഴിഞ്ഞിരിക്കുകയാണ്. കോണ്‍ഗ്രസ് അധ്യക്ഷന്‍ ഒരു കുടുംബത്തില്‍ നിന്നാകുന്നു എന്നുള്ള വ്യാപക ആക്ഷേപവും അതിന്‍റെ ഫലമായി കോണ്‍ഗ്രസ് പാര്‍ട്ടി ക്ഷയിച്ചു വരികയാണ് എന്നുള്ള ആക്ഷേപവും ശക്തമായി നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ഇങ്ങനെ ഒരു വര്‍ത്തമാനങ്ങള്‍ ഉണ്ടാകുന്നത്.

1884ല്‍ രൂപവല്‍കരിക്കപ്പെട്ട ഇന്ത്യന്‍ നാഷണല്‍ യൂണിയന്‍ എന്ന സംഘടന പേരുമാറ്റിയാണ് 1885ല്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസായത്. ഇന്ത്യയിലെ വൈസ്രോയ് ആയിരുന്ന ഡഫറിന്‍ പ്രഭുവിന്‍റെ അനുമതിയോടെയും പിന്തുണയോടെയും സ്കോട്ട്ലന്‍ഡുകാരനായ ഏ.ഓ. ഹ്യൂം കോണ്‍ഗ്രസിന്‍റെ രൂപവത്കരണ സമ്മേളനം വിളിച്ചു ചേര്‍ത്തത്. 1885ല്‍ ഇന്ത്യ ബ്രിട്ടീഷ് ഭരണത്തിന് കീഴിലായിരുന്ന അവസരത്തില്‍ അലന്‍ ഒക്ടേവിയന്‍ ഹ്യൂം, ദാദാഭായി നവറോജി, ഡിന്‍ഷൗ എദുല്‍ജി വച്ച എന്നിവരുടെ നേതൃത്വത്തില്‍ അമ്പതോളം വരുന്ന വ്യത്യസ്ത നാടുകളില്‍ നിന്ന് ഉള്ള പ്രതിനിധികള്‍ ചേര്‍ന്ന് രൂപം കൊടുത്തതാണ് ഇന്ത്യന്‍ നാഷ്ണല്‍ കോണ്‍ഗ്രസ്. ബ്രിട്ടീഷ് ഭരണത്തോട് സമരം ചെയ്യുകയായിരുന്നില്ല കോണ്‍ഗ്രസ് രൂപീകരണത്തിന്‍റെ ലക്ഷ്യം. ഒരു ദേശീയ പ്രസ്ഥാനമായിട്ടായിരുന്നു തുടക്കം. 

ആദ്യ സമ്മേളനം പുണെയിലാണ് നിശ്ചയിച്ചിരുന്നതെങ്കലും പ്ലേഗുബാധ വ്യാപകമായതിനെത്തുടര്‍ന്ന് സമ്മേളനം ബോംബെയിലേക്ക് മാറ്റി. 1885 ഡിസംബര്‍ 28 മുതല്‍ 31 വരെ ചേര്‍ന്ന ആദ്യ സമ്മേളനം ഡബ്ല്യു.സി. ബാനര്‍ജിയെ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്‍റെ ആദ്യത്തെ അധ്യക്ഷനായി തിരഞ്ഞെടുത്തു. ആദ്യ യോഗത്തില്‍ 72 പ്രതിനിധികളാണ് പങ്കെടുത്തത്. ഇന്ത്യന്‍ ദേശീയ വാദത്തിന്‍റെ പിതാവായി അറിയപ്പെടുന്ന ദാദാഭായി നവറോജി ആദ്യകാലത്തെ പ്രധാനനേതാക്കളിലൊരാളായിരുന്നു. ഏ.ഓ. ഹ്യൂം കോണ്‍ഗ്രസിന്‍റെ ആദ്യ സെക്രട്ടറിയുടെ ചുമതല വഹിച്ചു. 1897ല്‍ അമരാവതിയില്‍ വെച്ച് നടന്ന കോണ്‍ഗ്രസ് സമ്മേളനത്തില്‍ ചേറ്റൂര്‍ ശങ്കരന്‍ നായര്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്‍റെ അധ്യക്ഷനായി. കോണ്‍ഗ്രസിന്‍റെ അധ്യക്ഷ പദവിയിലെത്തുന്ന ആദ്യ മലയാളി എന്ന വിശേഷണത്തിന് അദ്ദേഹം അര്‍ഹനായി.

ദേശിയ പ്രസ്ഥാനമായി തുടങ്ങിയ കോണ്‍ഗ്രസ് 1907 മുതല്‍ 1916 വരെ രണ്ടു വിഭാഗങ്ങളായി ഭിന്നിച്ചാണ് പ്രവര്‍ത്തിച്ചത്. ബാല ഗംഗാധര തിലകന്‍റെ നേതൃത്വത്തില്‍ തീവ്രവാദികളും ഗോപാലകൃഷ്ണ ഗോഖലെയുടെ നേതൃത്വത്തില്‍ മിതവാദികളുമായി മത്സരിച്ചാണ് പ്രവര്‍ത്തനം നടന്നത്. ഇക്കാലത്ത് സംഘടനയുടെ നിയന്ത്രണം മിതവാദികള്‍ക്കായിരുന്നു. ബാല ഗംഗാധര തിലകന്‍, ബിപിന്‍ ചന്ദ്ര പാല്‍, ലാലാ ലജ്പത് റായ് തുടങ്ങിയവരായിരുന്നു തീവ്രവാദി വിഭാഗത്തെ നയിച്ചത്.

ഒന്നാം ലോക മഹായുദ്ധത്തെ തുടര്‍ന്ന് മഹാത്മാ ഗാന്ധി കോണ്‍ഗ്രസിന്‍റെ നേത്യ നിരയിലെത്തി. അഹിംസ, നിസഹകരണം തുടങ്ങിയ സമര രീതികള്‍ ഗാന്ധിജി തുടക്കം കുറിച്ചു. 1920ല്‍  ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിന്‍റെ നേത്യത്ത്വം ഇന്ത്യന്‍ നാഷ്ണല്‍ കോണ്‍ഗ്രസ് ഏറ്റെടുത്തു. ഇന്ത്യയിലെ ബ്രിട്ടീഷ് കോളനി ഭരണത്തിനെതിരെ ഗാന്ധിജിയുടെ നേത്യത്ത്വത്തില്‍ സമരം നയിച്ചു. ഇന്ത്യന്‍ നാഷ്ണല്‍ കോണ്‍ഗ്രസിന്‍റെ അധ്യക്ഷ സ്ഥാനത്ത് പലനേതാക്കളും വന്നെങ്കിലും ഇന്ത്യ സ്വതന്ത്രമാകുന്നതുവരെ മഹാത്മാ ഗാന്ധിയായിരുന്നു കോണ്‍ഗ്രസിന്‍റെ അനിഷേധ്യ നേതാവ്. 1924ല്‍ ഒരു വര്‍ഷം മാത്രമാണ് മഹാത്മാ ഗാന്ധി കോണ്‍ഗ്രസിന്‍റെ അധ്യക്ഷനായത്. സോഷ്യലിസ്റ്റുകളെയും പാരമ്പര്യവാദികളെയും ഹിന്ദു-മുസ്ലീം യാഥാസ്ഥിതികരെയുമൊക്കെ ഉള്‍ക്കൊള്ളുന്ന ബഹുജന പ്രസ്ഥാനമായിരുന്നു ഇക്കാലത്ത് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്. 

1929ല്‍ ജവഹര്‍ലാല്‍ നെഹ്രു ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്‍റെ പ്രസിഡന്‍റായിരിക്കെ ലാഹോറില്‍ ചേര്‍ന്ന സമ്മേളനം കോണ്‍ഗ്രസിന്‍റെ ചരിത്രത്തിലെ സുപ്രധാന നാഴികക്കല്ലാണ്. "പൂര്‍ണ്ണ സ്വരാജ്" (സമ്പൂര്‍ണ്ണ സ്വാതന്ത്ര്യം) ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്‍റെ ലക്ഷ്യമായി പ്രഖ്യാപിച്ചത് ഈ സമ്മേളനത്തിലാണ്. 1930, 1936,1937 വര്‍ഷങ്ങളില്‍ കോണ്‍ഗ്രസിന്‍റെ അധ്യക്ഷ സ്ഥാനത്ത് ജവഹര്‍ലാല്‍ നെഹ്റു പ്രവര്‍ത്തിച്ചു. മഹാത്മാഗാന്ധിജി നേത്യത്ത്വം നല്‍കി ഇന്ത്യന്‍ നാഷ്ണല്‍ കോണ്‍ഗ്രസ് രാജ്യ വ്യാപകമായി പല സമരങ്ങളും നടത്തിയത് ചരിത്രമാണ്. ശക്തമായ ജനകീയ മുന്നേറ്റത്തെ തുടര്‍ന്ന് ബ്രിട്ടീഷ് ഭരണം അവസാനിച്ചു. ഇന്ത്യ സ്വതന്ത്ര്യ രാജ്യമായി പ്രഖ്യാപിക്കപ്പെട്ടു. സ്വാതന്ത്ര്യ ലബ്ധിക്ക് ശേഷം കോണ്‍ഗ്രസ് പ്രസ്ഥാനം അധികാര രാഷ്ട്രീയത്തിന് ഉപയോഗിക്കരുതെന്നും പിരിച്ചുവിടണമെന്നുമുള്ള ഗാന്ധിജിയുടെ ആഹ്വാനം മുഖവിലയ്ക്കെടുക്കാതെ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് രാജ്യത്തെ പ്രധാന രാഷ്ട്രീയ പാര്‍ട്ടിയായി. 

കോണ്‍ഗ്രസ് തിരഞ്ഞെടുപ്പിനെ കുറിച്ച് പറയുമ്പോള്‍ സുഭാഷ് ചന്ദ്ര ബോസിനെ പരാമര്‍ശിക്കാതെ പൂര്‍ത്തിയാകില്ല. ഗാന്ധിജിയുടെ രീതിയെ ചോദ്യം ചെയ്തുകൊണ്ട് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്ത് മത്സരിച്ചു. ഗാന്ധിജിയുടെ സമരരീതികള്‍ ഇന്ത്യക്ക് സ്വാതന്ത്ര്യം നേടിത്തരാന്‍ പോന്നതല്ല എന്ന് അദ്ദേഹം വിശ്വസിച്ചിരുന്നു. ഗാന്ധിജിയുടെ പിന്തുണയുള്ള സ്ഥാനാര്‍ത്ഥിയെ ബോസ് തോല്‍പ്പിച്ച് തുടര്‍ച്ചയായി രണ്ടു തവണ അദ്ദേഹം ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്‍റെ പ്രസിഡന്‍റായി. 1938ലും 1939ലുമാണ് അദ്ദേഹം കോണ്‍ഗ്രസ് അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ടത്. 1939ല്‍ കോണ്‍ഗ്രസ് വിട്ട് ഓള്‍ ഇന്ത്യാ ഫോര്‍വേഡ് ബ്ലോക്ക് എന്ന പേരില്‍ ഒരു രാഷ്ട്രീയപ്പാര്‍ട്ടി അദ്ദേഹം രൂപവത്കരിച്ചു.

ജവഹല്‍ലാല്‍ നെഹ്റു വീണ്ടും ഇന്ത്യന്‍ നാഷ്ണല്‍ കോണ്‍ഗ്രസിന്‍റെ അധ്യക്ഷനായത് 1951 മുതല്‍ 1954 വരെയായിരുന്നു. യു. എന്‍. ദിബേര്‍ 1959 വരെ കോണ്‍ഗ്രസ് അധ്യക്ഷനായി. 1959ല്‍ ഡല്‍ഹി സമ്മേളന കാലത്ത് ഇന്ദിരാ ഗാന്ധി കുറച്ച് കാലം അധ്യക്ഷ പദവി വഹിച്ചിരുന്നു. 1960 മുതല്‍ 1963 വരെ നീലം സജീവ് റഡ്ഡിയായിരുന്നു കോണ്‍ഗ്രസ് അധ്യക്ഷന്‍. 1964ല്‍ മദ്രാസ് മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന കെ. കാമരാജിനെ ഇന്ത്യന്‍ നാഷ്ണല്‍ കോണ്‍ഗ്രസിന്‍റെ അധ്യക്ഷനായി തിരഞ്ഞെടുത്തു. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ നല്ല കാലമായിരുന്നു അത് എന്നാണ് വിലയിരുത്തപ്പെടുന്നത്. 1967 വരെ അദ്ദേഹം അധ്യക്ഷ സ്ഥാനത്ത് തുടര്‍ന്നു. പിന്നീട് വന്ന എസ്. നിജലിംഗപ്പയും, ജഗ്ജീവന്‍ റാം, ശങ്കര്‍ദയാല്‍ ശര്‍മ്മ, ബര്‍വ്വ തുടങ്ങിയവര്‍ ഇന്ദിരാ ഗാന്ധിയുടെ വിശ്വസ്ഥരായിരുന്നു. ഇന്ദിരാ ഗാന്ധി പറയുന്നത് വേദവാക്യമായി അവര്‍ കണ്ടു. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ തകര്‍ച്ച തുടങ്ങിയത് അവിടം മുതലാണ്.

തുടര്‍ന്ന് 1978 മുതല്‍ ഇന്ദിരാ ഗാന്ധി പാര്‍ട്ടി അധ്യക്ഷ സ്ഥാനം സ്വന്തമാക്കി. പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പ് രീതി തന്നെ അവര്‍ നിയന്ത്രിച്ചു. ഇന്ദിരാഗാന്ധി മുതല്‍ പിന്നോട്ട് പിന്നീട് ഇങ്ങോട്ട് വന്ന കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ചരിത്രം പരിശോധിക്കുകയാണെങ്കില്‍ നെഹ്റു കുടുംബത്തിന്‍റെ കുത്തകയായി അധ്യക്ഷ പദം മാറി എന്നു തന്നെ വേണം കരുതാന്‍. ഇതിനിടയില്‍ സീതാറാം കേസരിയും നരസിംഹറാവും എല്ലാം കോണ്‍ഗ്രസിന്‍റെ അധ്യക്ഷന്മാരായി എന്നുള്ളത് ഒരു വാസ്തവമായി ഉണ്ട്. സീതാറാം കേസരി എങ്ങനെയാണ് കോണ്‍ഗ്രസിന്‍റെ അധ്യക്ഷ സ്ഥാനത്ത് എത്തിയതെന്ന് എല്ലാവര്‍ക്കും അറിയാം. കേസരി മുതിര്‍ന്ന ഒരു കോണ്‍ഗ്രസ് നേതാവ് ആണെങ്കിലും നെഹ്റു കുടുംബത്തിന്‍റെ ആശ്രിതവത്സലന്‍ ആയിരുന്നു എന്ന് പരസ്യമായ ഒരു രഹസ്യമാണ്. കേസരിയുടെ തലയില്‍ എപ്പോഴും കാണുന്ന തൊപ്പി അദ്ദേഹം സോണിയ ഗാന്ധിയുടെ കാല്‍ക്കീഴില്‍ വെച്ച കഥയും പ്രശസ്തമാണ്.

നരസിംഹറാവു അങ്ങനെ ആയിരുന്നില്ല. കോണ്‍ഗ്രസ് അധ്യക്ഷനായിരുന്ന രാജീവ് ഗാന്ധി തിരഞ്ഞെടുപ്പ് പ്രചരണത്തിനിടയില്‍ തമിഴ് നാടിലെ ശ്രീപെരുംപത്തൂരില്‍ കൊല ചെയ്യപ്പെട്ടു. അന്ന് ഭയം മൂലം അധ്യക്ഷ പദവി ഏഉടെുക്കാതെ മാറി നിന്ന സോണിയ നിര്‍ദ്ദേശിച്ച പേരാണ് നരസിംഹറാവു. പക്ഷെ അദ്ദേഹം നെഹ്റു കുടുംബത്തില്‍ നിന്ന് അകന്ന് കോണ്‍ഗ്രസിനെ നയിക്കാന്‍ ശ്രമിച്ചു. പക്ഷേ സോണിയാ ഗാന്ധിയുടെ നേതൃത്വത്തിലുള്ള ഒരു ഉപജാപ സംഘം നരസിംഹറാവുവിനെ തകര്‍ത്തു കളയുകയാണ് ഉണ്ടായത്. മുന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ കൂടിയായ നരസിംഹറാവുവിന്‍റെ ശവശരീരം കോണ്‍ഗ്രസ് ആസ്ഥാന മന്ദിരത്തിന്‍റെ അകത്ത് കയറ്റുവാന്‍ പോലും സമ്മതിക്കാത്ത ഒരു സാഹചര്യമുണ്ടായി. ഡല്‍ഹിയിലെ 24 ആം നമ്പര്‍ അക്ബര്‍ റോഡിന്‍റെ മുന്നില്‍ റോഡില്‍ നരസിംഹറാവുവിന്‍റെ ശവശരീരം പൊതുദര്‍ശനത്തിന് വെക്കേണ്ട ഒരു സാഹചര്യം ഉണ്ടായത് രാജ്യത്തിന് തന്നെ നാണക്കേടാണ്. കോണ്‍ഗ്രസിന്‍റെ അന്നത്തെ നേതൃത്വത്തിന്‍റെ പിന്നില്‍ നിന്നിരുന്ന സോണിയ ഗാന്ധി കോണ്‍ഗ്രസ് ആസ്ഥാനത്തെ ഗേറ്റ് താക്കോലിട്ട് പൂട്ടി എന്നുള്ള കാര്യം അക്കാലത്ത് വ്യാപകമായി ചര്‍ച്ച ചെയ്യപ്പെടുകയും ചെയ്തതാണ്. കോണ്‍ഗ്രസ് ഒരു വലിയ പതനത്തിന് ശേഷം 2004 ഉയര്‍ത്തെഴുന്നേറ്റ കഥയും നമുക്കറിയാം. അന്ന് മന്‍മോഹന്‍സിംഗിനെ പ്രധാനമന്ത്രിയായി സോണിയ ഗാന്ധി പ്രഖ്യാപിക്കുമ്പോള്‍ സോണിയയുടെ വെറും പാവക്കുട്ടിയായി പ്രവര്‍ത്തിക്കാന്‍ മാത്രമാണ് മന്‍മോഹന്‍സിംഗിന് കഴിഞ്ഞുള്ളൂ എന്നുള്ള കാര്യവും രാഷ്ട്രീയലോകത്ത് വ്യാപക ചര്‍ച്ചയാണ്. സോണിയ ഗാന്ധി നിയന്ത്രിച്ച ഒരു മന്ത്രിസഭയായിരുന്നു മന്‍മോഹന്‍സിംഗിന്‍റെ നേതൃത്വത്തില്‍ ഉണ്ടായിരുന്നത്. കോണ്‍ഗ്രസ് തകര്‍ന്നു തുടങ്ങിയത് വളരെ മുന്‍പാണെങ്കിലും അത് ശക്തി പ്രാപിച്ചത് യു.പി.ഐ. ഭരണകാലത്താണ്. കോണ്‍ഗ്രസിന്‍റെ തളര്‍ച്ചയാണ് ബി.ജെ.പിയുടെ വളര്‍ച്ചയ്ക്ക് കാരണമായത് എല്ലാ മാസവും കോണ്‍ഗ്രസ് നേതാക്കള്‍ പാര്‍ട്ടി വിട്ടു പോകുന്ന വാര്‍ത്ത രാജ്യത്തിന്‍റെ എല്ലാ ഭാഗങ്ങളില്‍ നിന്നും വന്നു. കുടുംബവാഴ്ചയാണ് പ്രധാന പ്രശ്നം എന്ന് വ്യാപക ചര്‍ച്ചയുണ്ടായി. രാജ്യത്ത് വ്യക്തി കേന്ദ്രീകൃത പാര്‍ട്ടികള്‍ വളര്‍ന്നുവന്നിരുന്ന കാലത്ത് അതില്‍നിന്ന് വ്യത്യസ്തമാവേണ്ട കോണ്‍ഗ്രസ് പാര്‍ട്ടിയും അത്തരത്തില്‍ മാറിപ്പോയതില്‍ രാഷ്ട്രീയ അധപതനം എന്നാണ് നിരീക്ഷകര്‍ വിലയിരുത്തുന്നത്.

വര്‍ഷങ്ങളായി കോണ്‍ഗ്രസില്‍ ജനാധിപത്യപരമായ ഒരു തെരഞ്ഞെടുപ്പ് നടന്നിട്ട്. 1990 കാലത്തോടെ കോണ്‍ഗ്രസിലെ ജനാ്യിപത്യം ഇല്ലാതായി. ബൂത്ത് തലത്തില്‍ തിരഞ്ഞെടുപ്പ് നടത്തി മണ്ഡലം കമ്മറ്റിയും അധ്യക്ഷനും തിരഞ്ഞെടുക്കപെടേണ്ടതുണ്ട്. ജില്ലാ കമ്മിറ്റിയെയും സംസ്ഥാന കമ്മിറ്റിയെയും തെരഞ്ഞെടുത്തതിനു ശേഷം വേണം ദേശിയ അധ്യക്ഷനെ തിരഞ്ഞെടുക്കാന്‍. കോണ്‍ഗ്രസിന്‍റെ നിയമാവലിയില്‍ പോലും അങ്ങനെ തന്നെയാണ് പറയുന്നത്. കോണ്‍ഗ്രസിന്‍റെ വാര്‍ഡ് ജില്ലാ സംസ്ഥാന തലത്തില്‍ പോലും ഒരു തെരഞ്ഞെടുപ്പ് നടത്തിയതായി ചൂണ്ടിക്കാണിക്കുവാന്‍ സാധിക്കില്ല. കോണ്‍ഗ്രസിന്‍റെ അഖിലേന്ത്യ അധ്യക്ഷനെ തെരഞ്ഞെടുക്കുവാന്‍ ആരാണ് യോഗ്യന്‍ എന്ന ചോദ്യം പ്രസക്തമാണ്. വോട്ടോവകാശം ഉള്ളവര്‍ ആരൊക്കെ എന്നും അറിയേണ്ടതുണ്ട്. പക്ഷേ വോട്ടേഴ്സ് ലിസ്റ്റ് പരസ്യമാക്കാന്‍ സാധിക്കില്ല എന്നാണ് കേന്ദ്രനേതൃത്വം ഇപ്പോള്‍ പറയുന്നത്. ആര്‍ക്കുവേണമെങ്കിലും കോണ്‍ഗ്രസ് അധ്യക്ഷനായി മത്സരിക്കാം എന്നും കേന്ദ്ര നേതൃത്വം പറഞ്ഞുവെക്കുന്നു. ഇത് കോണ്‍ഗ്രസ് നേതാക്കളെ തന്നെ വിഡ്ഢികളാക്കുന്ന ഒരു പ്രസ്താവനയാണ്. ഒരാള്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ ആവണമെങ്കില്‍ പത്തോളം വോട്ടര്‍മാരുടെ പിന്തുണയാണ് വേണ്ടത്. ആരാണ് വോട്ടര്‍ എന്ന് വ്യക്തമാക്കാത്തിടത്ത് എങ്ങനെയാണ് ഒരാള്‍ക്ക് മത്സരിക്കുവാന്‍ സാധിക്കുക...? ആരോടാണ് വോട്ട് ചോദിക്കുക...?

രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗലോട്ടോ, ഉത്തരാഖണ്ഡിലെ കോണ്‍ഗ്രസ് നേതാവ് റാവത്തോ കോണ്‍ഗ്രസിന്‍റെ അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുമെന്നാണ് വാര്‍ത്തകള്‍. മത്സരം ഒഴിവാക്കി സമവായ ശ്രമം നടക്കുന്നു എന്നും വാര്‍ത്തയുണ്ട്. സീതാറാം കേസരി കോണ്‍ഗ്രസ് അധ്യക്ഷന്‍ ആയതുപോലെ മന്‍മോഹന്‍ സിംഗ് ഇന്ത്യന്‍ പ്രധാനമന്ത്രി ആയതു പോലെ നെഹ്റു കുടുംബത്തിന് വിധേയമായി പ്രവര്‍ത്തിക്കുന്നവരാണ് ഇവര്‍ രണ്ടുപേരും. ഇവരെ അധ്യക്ഷന്‍ ആക്കുന്നത് എന്നു വച്ചാല്‍, നെഹ്റു കുടുംബത്തെ അധ്യക്ഷനാക്കി പ്രഖ്യാപിച്ചു എന്ന് തന്നെ വേണം വിലയിരുത്താന്‍. കാരണം ഇവര്‍ ഇപ്പോഴും വിധേയരാണ്. കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ രണ്ടുതരം വിധേയരാണ് ഉള്ളത് ഒന്ന് സോണിയ ഗാന്ധിക്ക് വിധേയരായവരും രണ്ട് രാഹുല്‍ ഗാന്ധിക്ക് വിധേയരായവരും. ഇരു കൂട്ടരും നെഹ്റു കുടുംബത്തിന്‍റെ വിധേയരായവരാണ് രണ്ടു തലമുറയില്‍ പെട്ടവര്‍ ആണ് എന്നുള്ള വ്യത്യാസം മാത്രം. ഇവരെല്ലാം ചേര്‍ന്ന് ബി.ജെ.പി. ഉയര്‍ത്തിയ കോണ്‍ഗ്രസ് മുക്ത ഭാരത് ഉണ്ടാക്കും.