കാലാവസ്ഥ വ്യതിയാനവും ഇന്ത്യയും
വിജയ് ചൗക്ക്
സുധീര്‍ നാഥ്.
ഇനി വരുന്നൊരു തലമുറയ്ക്ക്
ഇവിടെ വാസം സാധ്യമോ
മലിനമായ ജലാശയം
അതി മലിനമായൊരു ഭുമിയും
തണലുകിട്ടാന്‍ തപസ്സിലാണി
ന്നിവിടെയെല്ലാ മലകളും
ഇഞ്ചിക്കോട് ഭാസ്കരന്‍ എന്ന ഒരു സാധാരണക്കാരനായ കവി 1992ല്‍ രചിച്ച ഈ കവിത ഏറെ പ്രശസ്തമായിട്ടുണ്ട്. കൊല്ലം ജില്ലയിലെ, കരുനാഗപ്പള്ളി താലൂക്കില്‍ ആലപ്പാട് ഗ്രാമപഞ്ചായത്തിലെ മാലിന്യപ്രശ്നം രൂക്ഷമായപ്പോള്‍ അഴീക്കല്‍ മുതല്‍ പണ്ടാരത്തുരുത്ത് വരെ നടത്തിയ പരിസ്ഥിതി ജലജാഥയ്ക്കായി ഇഞ്ചക്കാട് ബാലചന്ദ്രന്‍ ഒരു സവിശേഷ സാഹചര്യത്തില്‍ അപ്രതീക്ഷിതമായാണ് ഈ ഗാനം രചിക്കാന്‍ ഇടയായത്. ഈ കവിതയിലെ ഓരോ വരികളും മലയാളികളെ ചിന്തിപ്പിച്ചിട്ടുണ്ട്. അത് ഇപ്പോഴും തുടര്‍ന്നുകൊണ്ടിരിക്കുന്നു. കാരണം മുന്നറിയിപ്പുകളെ ഗൗരവമായി ജനങ്ങള്‍ കാണുന്നില്ല. കാലാവസ്ഥ വ്യതിയാനം ഒരു ഭീകരമായ അവസ്ഥയാണെന്ന് കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ആയിരത്തിതൊള്ളായിരത്തി എണ്‍പതുകള്‍ മുതല്‍ പറയുന്നുണ്ട്. ഇത് കേരളത്തിലെ പല സാമൂഹ്യ സംഘടനകളും ഏറ്റു പിടിച്ചു. അതിന് ശേഷം മാത്രമാണ് മറ്റ് സംസ്ഥാനങ്ങളില്‍ വിഷയം ചര്‍ച്ചയായത്.
രണ്ടായിരത്തിന്‍റെ തുടക്കം മുതല്‍ കാലാവസ്ഥ വ്യതിയാനം രാജ്യത്താകമാനം വളരെ ശക്തമായി ചര്‍ച്ച ചെയ്യപ്പെട്ടു തുടങ്ങി. കാലാവസ്ഥ വ്യതിയാനത്തിന്‍റെ ഭീകരതയെ ജനങ്ങളെ അറിയിക്കാന്‍ ഒട്ടേറെ സെമിനാറുകള്‍ തലങ്ങും വിലങ്ങും നടന്നു. മാധ്യമങ്ങളില്‍ ലേഖനങ്ങളും, വാര്‍ത്തകളും നിറഞ്ഞു. മരങ്ങള്‍ നട്ടുപിടിപ്പിക്കുന്ന വലിയ പദ്ധതികള്‍ എല്ലാ സര്‍ക്കാര്‍ സംവിധാനങ്ങളും, സ്വകാര്യ സ്ഥാപനങ്ങളും തുടക്കം കുറിച്ചു. നദികളേയും, പുഴകളേയും സംരക്ഷിക്കണമെന്ന ആവശ്യവുമായി ഒരു വിഭാഗം തെരുവില്‍ വരെ ഇറങ്ങി. നദികളില്‍ നിന്ന് മണല്‍ വാരലും, കുന്നുകള്‍ ഇടിച്ച് നിര്‍മ്മാണവും, കരിങ്കല്ലുകള്‍ പെട്ടിക്കുന്ന ക്വാറികളുടെ പ്രവര്‍ത്തനങ്ങളും ഒരു തടസവുമില്ലാതെ തുടര്‍ന്നു. നമ്മുടെ രാഷ്ട്രീയ നേത്യത്ത്വം ഇതിന് സംരക്ഷണം നല്‍കി. മൂന്നാര്‍ ദൗത്ത്യ സമയത്ത് പുറത്ത് വന്ന ഭീകരത നാം വാര്‍ത്തകളില്‍ കണ്ടു. തിരുവനന്തപുരം പട്ടണം വെള്ളത്തില്‍ മുങ്ങിയപ്പോള്‍ ഓപ്പറേഷന്‍ അനന്ത നമ്മള്‍ കണ്ടതാണ്. ഇതൊക്കെ പൂര്‍ത്തീകരിക്കാന്‍ സാധിക്കാത്തതിന്‍റെ കാരണവും നമ്മള്‍ കണ്ടിട്ട് അധികനാളായില്ല.
കേരളത്തിലെ ഭൂഗര്‍ഭജല ചൂഷണങ്ങളും വനങ്ങളിലെ മരങ്ങള്‍ മുറിച്ചു മാറ്റിയതും പുഴകളിലെ മണ്ണുകള്‍ എടുക്കുന്നതും കാലാവസ്ഥ വ്യതിയാനത്തിന് കാരണമാകും എന്ന് കാലങ്ങളായി പരിസ്ഥിതി പ്രവര്‍ത്തകര്‍ പറയുന്നുണ്ട്. കേരളത്തില്‍ മാത്രം എത്ര സമരങ്ങള്‍ ഉണ്ടായി. രാജ്യത്തിന്‍റെ പല ഭാഗങ്ങളിലും സമാനമായ പ്രതിഷേധങ്ങള്‍ ഉണ്ടായി. 2000 ആണ്ട് മുതല്‍ ഭൂമിയില്‍ വലിയ രീതിയില്‍ കാലാവസ്ഥ വ്യതിയാനത്തിന്‍റെ ഭാഗമായുള്ള മാറ്റങ്ങള്‍ കണ്ടു തുടങ്ങിയിട്ടുണ്ട്. അസാധാരണമായ വെള്ളപ്പാച്ചിലും ഉരുള്‍പൊട്ടലും നാം നേരിട്ട് അനുഭവിച്ചതാണ്. മേഘവിസ്ഫോടനവും വലിയ മലകളുടെ ഇടിച്ചിലും ഇന്ത്യയിലാകമാനം ഭയാനകമായ ഒരു അവസ്ഥ ഉണ്ടാക്കി എന്ന് കാണേണ്ടിയിരിക്കുന്നു. അസാധാരണമായ ഭൂമിയുടെ മാറ്റങ്ങള്‍ ആരും സുരക്ഷിതരല്ല എന്ന സ്ഥിതി വിശേഷം ഉണ്ടാക്കി.
രാജ്യത്ത് കൂടിവന്ന താപനില പോലെ തന്നെ കുറഞ്ഞു വന്ന താപനിലയും കാലാവസ്ഥ വ്യതിയാനത്തിന്‍റെ ഭാഗമായി സംഭവിച്ച കാര്യങ്ങളായി ശാസ്ത്രലോകം വിലയിരുത്തുന്നു. കാലാവസ്ഥ വ്യതിയാനത്തിന്‍റെ ഭീകരതയാണ് ഈ സംഭവങ്ങള്‍ വിരല്‍ ചൂണ്ടുന്നത്. നമ്മുടെ ഭൂമിയുടെ ആവാസ വ്യവസ്ഥയ്ക്ക് കോട്ടം തട്ടുന്ന രീതിയിലുള്ള മനുഷ്യരുടെ നീക്കങ്ങള്‍ തന്നെയാണ് കാലാവസ്ഥാ വ്യതിയാനത്തിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. ശ്വസിക്കുവാനുള്ള നല്ല വായു രാജ്യ തലസ്ഥാനത്ത് മാത്രമല്ല ഇന്ത്യയിലെ പല പ്രധാനപ്പെട്ട പട്ടണങ്ങളിലും ലഭിക്കുന്നില്ല എന്നുള്ള അപകടകരമായ ഒരു വസ്തുത നമുക്ക് മുന്നില്‍ ഉണ്ട്. അതും മനുഷ്യനിര്‍മ്മിതമായ പല കാരണങ്ങള്‍ കൊണ്ട് തന്നെയാണെന്ന് നമ്മള്‍ തിരിച്ചറിയുകയും ചെയ്തിട്ടുണ്ട്. കാലാവസ്ഥയ്ക്ക് മാറ്റം വരുത്തുന്ന ഒട്ടേറെ പ്രവര്‍ത്തികളില്‍ മനുഷ്യര്‍ ഇടപെട്ടിട്ടുണ്ട് എന്നുള്ളത് നമ്മുടെ രാജ്യത്തെ മാത്രം കാര്യമല്ല. ലോകത്തെ എല്ലായിടത്തും മനുഷ്യര്‍ ഭൂമിയെ അതിനീചമായി ക്രൂശിക്കുകയുണ്ടായി. നമ്മുടെ വാഹനങ്ങളില്‍ നിന്ന് ഉയരുന്ന മലിനമായ പുകയും, വ്യവസായ ശാലകളില്‍ നിന്നും ഉയരുന്ന പുകയും അതിഭീകരമാവണം രാജ്യ തലസ്ഥാനമായ ഡല്‍ഹി അടക്കമുള്ള പട്ടണങ്ങളെ ഒരു ഭീകര കേന്ദ്രം ആക്കി മാറ്റിയിട്ടുണ്ട്. തണുപ്പുകാലം തുടങ്ങി കഴിഞ്ഞാല്‍ ഡല്‍ഹിയിലെയും മറ്റു പ്രമുഖ പട്ടണങ്ങളിലെയും അന്തരീക്ഷം മനുഷ്യന് ജീവിക്കുവാന്‍ സാധിക്കാത്ത നിലയിലെത്തി എന്ന് പറയാം. കോവിഡ് കാലത്ത് ഇതിന് വലിയ മാറ്റമുണ്ടായത് നമ്മള്‍ കണ്ടതാണല്ലോ. കാലാവസ്ഥയില്‍ വന്ന മാറ്റങ്ങളേയും, അന്തരീക്ഷത്തില്‍ ഉണ്ടായ മാറ്റങ്ങളും താത്കാലിക പ്രതിഭാസമെന്ന് പറഞ്ഞ് എഴുതി തള്ളേണ്ടതല്ല. ഭൂമിയെ പഴയ സ്ഥിതിയില്‍ കൊണ്ടു വരാന്‍ ഏറെ പ്രയാസവുമാണ്. അത് സാധ്യമാകുമോ എന്ന കാര്യം സംശയവുമാണ്. വേനല്‍ കാലത്ത് കേട്ട്കേള്‍വി പോലുമില്ലാതിരുന്ന സൂര്യ താപവും ഉഷ്ണ തരംഗവും നമ്മള്‍ അറിയുന്നു. അതേസമയം ശൈത്യ കാലത്ത് ശീത തരംഗവും കനത്ത മഴയും നാം അറിയുന്നു. മഴയും, വെയ്ലും ഒന്നും പ്രവചിക്കാന്‍ സാധിക്കുന്ന ഒന്നല്ല എന്ന സ്ഥിതിവിശേഷം ഉണ്ടായിരിക്കുന്നു.
കേരളത്തിലെ പുഴകളായാലും നദികളായാലും തോടുകളായാലും അതിന്‍റെ വിസ്തൃതി കാലങ്ങളായി കുറഞ്ഞുവരുന്നു എന്ന് സമൂഹം തിരിച്ചറിഞ്ഞത് 2018 പ്രളയത്തോടു കൂടിയാണ്. എന്തുകൊണ്ടാണ് 2018 ല്‍ കേരളം വലിയ ഒരു പ്രളയത്തിന് സാക്ഷ്യം വഹിച്ചത്...? മനുഷ്യര്‍ ജലത്തിന്‍റെ വഴികള്‍ മുടക്കി നിര്‍മ്മാണ വികസന രംഗത്ത് കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ചു. അതുകൊണ്ടുതന്നെ പുഴകളുടെയും നദികളുടെയും തോടുകളുടെയും വിസ്തീര്‍ണ്ണം കുറഞ്ഞു. ജലത്തിന് പോകുവാന്‍ വഴിയില്ലാതെ വന്നപ്പോള്‍ അത് കരകളിലേക്ക് ഓടിക്കയറുകയാണ് ഉണ്ടായത്. മനുഷ്യ നിര്‍മ്മിതമായ ഒരു ദുരന്തമായി തന്നെ വേണം അതിനെ കണക്കാക്കാന്‍. ഒരു ഡാം തുറന്നത് മാത്രമല്ല പ്രളയത്തിന് കാരണം എന്ന് നാം തിരിച്ചറിയണം. കാലാവസ്ഥ വ്യതിയാനത്തിന്‍റെ ഭാഗമായി അതിശക്തമായ മഴയുണ്ടായി എന്നുള്ളത് ഒരു യാഥാര്‍ത്ഥ്യമാണെന്ന് അംഗീകരിക്കുന്നു. അതോടൊപ്പം തന്നെ ദുരന്തത്തെ മറികടക്കുവാന്‍ സാധിക്കുമായിരുന്ന ഭൂമിയുടെ വ്യവസ്ഥയെ തകിടം മറിച്ചതിനും മനുഷ്യന്‍ തന്നെ എന്ന് നമ്മള്‍ സമ്മതിക്കണം.
നിര്‍ത്താതെ പെയ്യുന്ന മഴ... കുത്തിയൊലിക്കുന്ന പുഴകള്‍... മലകള്‍ ഇടിഞ്ഞ് ഉരുള്‍ പൊട്ടി ഒരു പ്രദേശത്തെ തന്നെ ഒപ്പിയെടുത്തു കൊണ്ടുപോകുന്നത്... മഴ വെള്ളപ്പാച്ചില്‍... ഇടിയുന്ന മലകള്‍... ഇതൊക്കെ ഇന്ന് സ്ഥിരം വാര്‍ത്തയാണ്. ഇതെല്ലാം കാലാവസ്ഥ വ്യതിയാനത്തിന്‍റെ ഒരു ലക്ഷണമായിത്തന്നെ കാണണം. രാജ്യത്താകമാനം നടക്കുന്ന ഇത്തരം പ്രകൃതിയുടെ താണ്ഡവം വരും വര്‍ഷങ്ങളില്‍ ശക്തമായി വരുവാനാണ് സാധ്യത. നമ്മുടെ നാട്ടില്‍ വ്യാപകമായി ജനങ്ങള്‍ വലിച്ചെറിയുന്ന മാലിന്യങ്ങള്‍ എന്തെല്ലാം രോഗങ്ങള്‍ക്കാണ് കാരണമാകുന്നത് എന്നത് ആരോഗ്യ പ്രവര്‍ത്തകര്‍ പറയുന്നു. മാലിന്യ നിക്ഷേപത്തില്‍ വരുത്തേണ്ട മാറ്റങ്ങളെ കുറിച്ച് എത്രയോ കാലങ്ങളായി പറഞ്ഞുകൊണ്ടിരിക്കുന്നു. ഇപ്പോള്‍ നമ്മള്‍ ചര്‍ച്ച ചെയ്യുന്ന തെരുവുനായ്ക്കളുടെ ശല്യം, പേപ്പട്ടി ശല്യം. ഇതിന്‍റെ കാരണങ്ങള്‍ തേടി പോയി കഴിഞ്ഞാല്‍ നമ്മള്‍ മാലിന്യങ്ങളില്‍ ചെന്ന് പെടും.
അപ്പോഴും നമ്മള്‍ ആ പഴയ പാട്ട് പാടിക്കൊണ്ടിരിക്കും.
ഇനി വരുന്നൊരു തലമുറയ്ക്ക്
ഇവിടെ വാസം സാധ്യമോ
മലിനമായ ജലാശയം
അതി മലിനമായൊരു ഭുമിയും
തണലുകിട്ടാന്‍ തപസ്സിലാണി
ന്നിവിടെയെല്ലാ മലകളും...
