യാത്രകളും രാഷ്ട്രീയവും ഇന്ത്യയും
വിജയ് ചൗക്ക്
സുധീര്‍ നാഥ്.
ഇപ്പോള്‍ രാജ്യം ആകമാനം സംസാരിച്ചു കൊണ്ടിരിക്കുന്നത് രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത ജോഡോ യാത്രയെ കുറിച്ചാണ്. രാഹുല്‍ ഗാന്ധി കന്യാകുമാരി മുതല്‍ കാശ്മീര്‍ വരെ നടത്തുന്ന ദീര്‍ഘമായ യാത്ര കോണ്‍ഗ്രസിനെ കൂടുതല്‍ ശക്തി പ്രാപിക്കുക എന്ന ലക്ഷ്യത്തോടുകൂടിയാണ് എന്നാണ് പറയപ്പെടുന്നത്. യാത്ര തുടങ്ങിയതിന് ദിവസങ്ങള്‍ക്കുള്ളില്‍ ഗോവയിലെ എട്ട് കോണ്‍ഗ്രസ് എം.എല്‍.എമാര്‍ ബി.ജെ.പിയോടൊപ്പം ചേര്‍ന്നത് വലിയ തിരിച്ചടിയായി എന്നതില്‍ സംശയമില്ല. രാഹുല്‍ ഗാന്ധിയെ സാക്ഷി നിര്‍ത്തി ഇന്ത്യന്‍ ഭരണഘടനയില്‍ തൊട്ട് സത്യം ചെയ്തവരാണ് കാല് മാറിയത്. ദൈവത്തോട് ചോദിച്ചപ്പോള്‍ പൊക്കോളാന്‍ അനുമതി തന്നെന്നാണ് കാല് മാറിയ ഒരു വിദ്ധ്വാന്‍ പറഞ്ഞത്. നിലവില്‍ ഗോവയിലിപ്പോള്‍ കോണ്‍ഗ്രസിന് മൂന്ന് എം.എല്‍.എമാര്‍ മാത്രമാണുള്ളത്. കോണ്‍ഗ്രസ് നേതാവായ രാഹുല്‍ ഗാന്ധി 'ഭാരത് ജോഡോ ' യാത്ര തുടങ്ങി എന്ന് കേട്ടു.... യാത്ര കഴിയുമ്പോള്‍ ജനം 'കോണ്‍ഗ്രസ് ഭാരത് ചോഡോ' എന്ന് വിധി എഴുതുമോ ? എന്ന് ജനങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ ചോദിച്ച് തുടങ്ങിയിട്ടുണ്ട്.
ജാഥ കോണ്‍ഗ്രസിനെ വളര്‍ത്തുവാന്‍ മാത്രമല്ല, ബി.ജെ.പിയെ അധികാരത്തില്‍ നിന്ന് താഴെ ഇറക്കുന്നതിന് വേണ്ടി കൂടിയാണ് എന്നാണ് പറയുന്നത്. ബി.ജെ.പിക്ക് കാര്യമായ വേരോട്ടമില്ലാത്ത കേരളത്തിലൂടെയുള്ള യാത്ര ഇതിന്‍റെ മുഖ്യ ആസൂത്രകനായ കെ. സി. വേണുഗോപാലിന് വേണ്ടിയുള്ളതാണെന്ന ആക്ഷേപവും കോണ്‍ഗ്രസ് പാളയത്തില്‍ നിന്ന് തന്നെ ഉയരുന്നുണ്ട്. ബി.ജെ.പിയുടെ ശക്തി കേന്ദ്രങ്ങളിലൂടെ യാത്ര പോകുന്നില്ല എന്നതും വിമര്‍ശകര്‍ ചൂണ്ടി കാണിക്കുന്നു. കോണ്‍ഗ്രസിന്‍റെ പ്രധാന കേന്ദ്രങ്ങളായിരുന്ന ഉത്തര്‍പ്രദേശും, ഗുജറാത്തും ഇന്ന് ബി.ജെ.പിയുടെ കരങ്ങളിലാണെന്നത് ദയനീയമാണ്. അവിടെ യാത്ര നടത്തി കോണ്‍ഗ്രസിനെ ശക്തിപ്പെടുത്തുക എന്നതായിരുന്നു രാഹുല്‍ ചെയ്യേണ്ടിയിരുന്നത്.
രാജ്യത്ത് മുന്‍പ് നടന്നിട്ടുള്ള എല്ലാ യാത്രകളും ഓരോ ആശയങ്ങള്‍ ശക്തി പ്രാപിക്കുന്നതിന് വേണ്ടിയാണ് എന്ന് ചരിത്രം സാക്ഷ്യം നില്‍ക്കുന്നു. എല്ലാ യാത്രകളും ഒരു പരിധി വരെ വിജയമായിരുന്നു എന്ന് തന്നെയാണ് പറയേണ്ടി വരിക. പരാജയപ്പെട്ട യാത്രകള്‍ ചരിത്രത്തിന്‍റെ താളുകളില്‍ വ്യക്തമായി കാണുന്നുമില്ല. അതുകൊണ്ടുതന്നെ ഊര്‍ജ്ജസ്വലനായി നടക്കുന്ന ഏതൊരു യാത്രയും ചെറിയ വിജയമെങ്കിലും കാണാതിരിക്കില്ല എന്ന് തന്നെ കണക്കാക്കണം. അതുകൊണ്ടുതന്നെയായിരിക്കും രാഹുല്‍ ഗാന്ധി തകര്‍ന്നു കൊണ്ടിരിക്കുന്ന കോണ്‍ഗ്രസിന്‍റെ ഉയര്‍ച്ചയ്ക്ക് വേണ്ടി അവസാന ശ്രമമെന്ന നിലയില്‍ ഈ ദീര്‍ഘമായ യാത്ര നടത്തുന്നത്.
ഇന്ത്യയില്‍ നടന്ന പല യാത്രകളും ചരിത്രത്തിന്‍റെ ഭാഗമാണ്. യാത്രകളുടെ ചരിത്രം പരിശോധിച്ചാല്‍ ആദി ശങ്കരന്‍റെ ഭാരത യാത്രയില്‍ നിന്ന് തന്നെ തുടങ്ങണം. അദ്ദേഹം മലയാളിയാണ് എന്നതില്‍ നമുക്ക് അഭിമാനിക്കാം. കേരളത്തിലെ കാലടിക്കടുത്ത് ജനിച്ചുവെന്ന് വിശ്വസിക്കപ്പെടുന്ന അദ്ദേഹം തന്‍റെ പിതാവിന്‍റെ മരണശേഷം സന്ന്യാസിയായി. പല വിശ്വാസമുള്ള തത്ത്വചിന്തകരുമായി ചര്‍ച്ചകളിലേര്‍പ്പെട്ടുകൊണ്ട് അദ്ദേഹം ഭാരതം മുഴുവന്‍ സഞ്ചരിച്ചു. ഭാരതത്തിലുടനീളം നടത്തിയ യാത്രകളില്‍ ശങ്കരന്‍ പല തര്‍ക്കങ്ങളും സംവാദങ്ങളും നടത്തുകയും വേദങ്ങള്‍ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. വേദങ്ങള്‍ക്കും ഉപനിഷത്തുകള്‍ക്കും വ്യാഖ്യാനങ്ങള്‍ എഴുതുന്നതിനു പുറമേ തന്‍റെ ഭാരതയാത്രയിലുടനീളം ശങ്കരന്‍, സാംഖ്യ, പൂര്‍വ്വമീമാംസകരോടും, ബുദ്ധഭിക്ഷുക്കളോടും തര്‍ക്കത്തില്‍ ഏര്‍പ്പെടുകയും, തര്‍ക്കത്തില്‍ തോല്പിച്ചു അവരെ തന്‍റെ ശിഷ്യരാക്കുകയും ചെയ്തിരുന്നു. ശങ്കരന്‍ പരസ്പരം ചേരാതെ വേര്‍തിരിഞ്ഞു നിന്നിരുന്ന ദൈവവിശ്വാസങ്ങളെ ക്രോഡീകരിച്ചു ഷണ്മതാരാധന നടപ്പിലാക്കി. വേദങ്ങളെ വ്യാഖാനിച്ചുകൊണ്ടു അദ്ദേഹം എഴുതിയ കൃതികള്‍ വേദോപനിഷത്തുകള്‍ക്കു നഷ്ടപ്പെട്ട പ്രൗഢി വീണ്ടെടുത്തു.
ആദി ശങ്കരന്‍ തന്‍റെ സന്ദേശങ്ങള്‍ ഭാരതത്തിന്‍റെ നാനാദിക്കുകളിലും പ്രചരിപ്പിക്കുന്നതിനായി നാലു മഠങ്ങള്‍ സ്ഥാപിച്ചു. വടക്ക് ഉത്തരാഞ്ചലിലെ ബദരിനാഥില്‍ സ്ഥാപിച്ച ജ്യോതിര്‍മഠം, പടിഞ്ഞാറ് ഗുജറാത്തിലെ ദ്വാരകയില്‍ സ്ഥാപിച്ച ദ്വാരകാപീഠം, കിഴക്ക് ഒറീസ്സയിലെ പുരിയില്‍ സ്ഥാപിച്ച ഗോവര്‍ദ്ധനമഠം, തെക്ക് കര്‍ണാടകയിലെ ശൃംഗേരിയില്‍ സ്ഥാപിച്ച ശാരദാപീഠം എന്നിവയാണവ. ഇദ്ദേഹത്തിന്‍റെ നാലു മുഖ്യ ശിഷ്യന്മാരെ ഈ മഠങ്ങള്‍ നടത്തിപ്പിന് ഏല്‍പ്പിച്ചു എന്ന് ഹൈന്ദവ പുരാണം പറയുന്നു. സുരേശ്വരാചാര്യര്‍, ഹസ്താമലകാചാര്യര്‍, പദ്മപാദാചാര്യര്‍ തോടകാചാര്യര്‍ എന്നിവരാണവര്‍. ശങ്കരാചാര്യന്‍ അഥവാ ആദി ശങ്കരന്‍. അദ്വൈതസിദ്ധാന്തത്തിന് യുക്തിഭദ്രമായ പുനരാവിഷ്കാരം നല്‍കിയ ഇദ്ദേഹം ഭാരതം കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും മഹാനായ ദാര്‍ശനികന്മാരിലൊരാളാണ്.
ശങ്കരാചാര്യര്‍ക്ക് ശേഷം ഒട്ടേറെ സന്യാസിമാര്‍ ഭാരതത്തില്‍ ഒട്ടേറെ ചെറിയ യാത്രകള്‍ നടത്തിയിട്ടുണ്ട്. സ്വാമി വിവേകാനന്ദനും അത്തരത്തില്‍ നടത്തിയ യാത്രയുടെ ഭാഗമായാണ് കന്യാകുമാരിയില്‍ എത്തുന്നത്. കന്യാകുമാരിയിലെ പാറയില്‍ അദ്ദേഹം സമാതിയടയുകയായിരുന്നു. ഭാരത ചരിത്രത്തില്‍ സന്യാസിമാരുടെ യാത്രകള്‍ മതം പ്രചരിപ്പിക്കുന്നതിനായിരുന്നു. ക്രിസ്തുമതവും, മുസ്ലീം മതവും ഇത്തരത്തിലുള്ള യാത്രകള്‍ വഴിയാണ് ഭാരതത്തില്‍ പ്രചരിക്കപ്പെട്ടത് എന്ന് പറയുന്നു.
ഇന്ത്യന്‍ രാഷ്ട്രീയ ചരിത്രത്തില്‍ ബ്രിട്ടീഷുകാരോട് ഏറ്റുമുട്ടുന്നതിന്‍റെ ഭാഗമായി മഹാത്മാ ഗാന്ധി നടത്തിയ ദണ്ഡിയാത്ര ചരിത്രത്തിന്‍റെ ഭാഗമാണ്. 240 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ദണ്ഡിയാത്ര മഹാത്മാഗാന്ധി നടത്തിയത് സ്വാതന്ത്ര്യ സമരത്തിന്‍റെ ഭാഗമായാണ്. ഗുജറാത്തിലെ സബര്‍മതി ആശ്രമത്തില്‍ നിന്ന് കടപ്പുറത്തേക്ക് അദ്ദേഹം നടത്തിയ കാല്‍നട യാത്ര ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിലെ ഒരു പ്രത്യേക ഏടാണ്. സമാധാനപരമായി ഗാന്ധി നടത്തിയ യാത്രയുടെ ശക്തമായ അലകള്‍ രാജ്യമെങ്ങും പ്രകമ്പനം സ്യഷ്ടിച്ചു. 1930 മാര്‍ച്ച് 12നാണ് അദ്ദേഹം ദണ്ഡിയാത്രയ്ക്ക് തുടക്കം കുറിച്ചത്. വെറും 24 ദിവസം മാത്രമായിരുന്നു യാത്രയുണ്ടായിരുന്നത്. പക്ഷെ ചരിത്രത്തിന്‍റെ ഭാഗമായി മാറി ദണ്ഡിയാത്ര. ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിന്‍റെ ചരിത്രത്തിന്‍റെ ഏടുകളില്‍ തിളങ്ങി നില്‍ക്കുകയും ചെയ്യുന്നു ദണ്ഡിയാത്ര. മഹാത്മാഗാന്ധി ഇത്തരത്തില്‍ ഒട്ടേറെ ചെറിയ യാത്രകള്‍ സമാധാനത്തിനു വേണ്ടി പല കലാപ പ്രദേശങ്ങളിലും നടത്തിയിട്ടുള്ളതായി ചരിത്രം പറയുന്നുണ്ട്.
മഹാത്മാഗാന്ധി നടത്തിയ ദണ്ഡിയാത്രയ്ക്ക് ശേഷം ഒട്ടേറെ ചെറിയ യാത്രകള്‍ പല ദേശീയ നേതാക്കള്‍ നടത്തിയിട്ടുണ്ടെങ്കിലും അത് ദണ്ഡിയാത്രയോളം ചരിത്രത്തില്‍ ഇടം നേടിയിട്ടില്ല. ഇന്ത്യ വളരെയേറെ കൗതുകത്തോടെ കണ്ട മറ്റൊരു യാത്രയ്ക്ക് 1983 വരെ കാത്തിരിക്കേണ്ടി വന്നു. എന്‍ ടി രാമറാവു ഹൈദരാബാദില്‍ നടത്തിയ ചൈതന്യ രത്നം യാത്ര ചരിത്രത്തിന്‍റെ ഭാഗമായി മാറുകയായിരുന്നു. തെലുങ്ക് ദേശം പാര്‍ട്ടിയുടെ സ്ഥാപകനായ എം ടി രാമറാവു 40,000 കിലോമീറ്റര്‍ ആന്ധ്ര പ്രദേശിന്‍റെ തലങ്ങും വിലങ്ങും നടത്തിയ യാത്രയില്‍ ആ സംസ്ഥാനത്തെ ഇളക്കിമറിച്ചു എന്നുള്ള കാര്യത്തില്‍ സംശയമില്ല. രാഷ്ട്രീയത്തില്‍ അതിശക്തനാകാന്‍ എന്‍.ടി.ആറിന് സാധിച്ചത് ഈ യാത്രയിലാണ്.
ജനതാദള്‍ നേതാവ് ചന്ദ്രശേഖര്‍ 4260 കിലോമീറ്റര്‍ നടത്തിയ യാത്രയും ചരിത്രമാണ്. സോഷ്യലിസ്റ്റ് നേതാവായ ചന്ദ്രശേഖറെ ദേശീയ തലത്തിലേക്ക് ഉയര്‍ത്തുന്നതിന് ഈ യാത്ര കാരണമായി. അദ്ദേഹം നടത്തിയ പദയാത്ര അദ്ദേഹത്തെ ഇന്ത്യന്‍ പ്രധാനമന്ത്രി കസേരയില്‍ വരെ എത്തിച്ചു എന്നുള്ളത് ഒരു യാഥാര്‍ത്ഥ്യമാണ്. എല്‍. കെ അഡ്വാനി നടത്തിയ രഥയാത്ര ബി.ജെ.പിയുടെ രാജ്യത്തെ വളര്‍ച്ചയ്ക്ക് മുഖ്യപങ്ക് വഹിച്ചു എന്നുള്ളതും ഒരു സത്യമാണ്. 1991 കാലത്താണ് എല്‍. കെ. അധ്വാനി യാത്ര നടത്തിയത് രാമക്ഷേത്രം നിര്‍മ്മാണത്തിന് തുടക്കം കുറിക്കുവാന്‍ കാരണമായി.
എല്‍. കെ. അധ്വാനി നടത്തിയ യാത്രയാണ് ബി.ജെ.പിയുടെ പാര്‍ലമെന്‍റിലെ അംഗസംഘ്യ 85 സീറ്റില്‍ നിന്ന് 120 സീറ്റിലേക്കും, തുടര്‍ന്ന് ഇപ്പോള്‍ ബി.ജെ.പിക്ക് നേടിയിരിക്കുന്ന വലിയ ഭൂരിപക്ഷത്തിനും കാരണമായി എന്നുള്ളത് രാഷ്ട്രീയ നിരീക്ഷകര്‍ സമ്മതിക്കുന്നുണ്ട്. നരേന്ദ്രമോഡിക്ക് വലിയ ഭൂരിപക്ഷം നേടുന്നതിന് അഡ്വാനിയുടെ രഥയാത്ര ഒരു കാരണമായി മാറി എന്നുള്ള കാര്യത്തില്‍ യാതൊരു സംശയവുമില്ല. പ്രധാനമന്ത്രിയാകുന്നതിനു മുന്‍പ് നരേന്ദ്രമോഡി രാജ്യത്താകമാനം നടത്തിയ ഏകതായാത്ര അഡ്വാനിയുടെ ഭാരത രഥയാത്രയുടെ ഒരു തുടര്‍ച്ചയായി തന്നെ വേണം കരുതുവാന്‍. ബി.ജെ.പി രാജ്യത്ത് ശക്തി പ്രാപിക്കുന്നതിന് അഡ്വാനിയുടെ രഥയാത്രയും തുടര്‍ന്ന് മോദി നടത്തിയ ഏകതാ യാത്രയും കൂടാതെ ഗുജറാത്തില്‍ നടന്ന ഗൗരവ് യാത്ര എന്നപേരിലെ മോദിയുടെ യാത്രയും ഒരു കാരണമായി എന്ന് രാഷ്ട്രീയമായി വിലയിരുത്താം.
ഒട്ടേറെ യാത്രകള്‍ ഭാരതം കണ്ടിട്ടുണ്ട് മഹാരാഷ്ട്രയില്‍ നടന്ന കര്‍ഷകരുടെ ലോങ്ങ് മാര്‍ച്ച് അതില്‍ അടുത്തകാലത്ത് നടന്ന ഏറ്റവും ശ്രദ്ധേയമായ ഒന്നാണ്. കര്‍ഷകര്‍ ശക്തി പ്രാപിക്കുന്നതിന് ആ യാത്ര കാരണമായി. കര്‍ഷക ബില്ലിനെതിരെ കര്‍ഷകരെ ഒന്നിപ്പിക്കുന്നതിന് കര്‍ഷകരുടെ ലോങ്ങ് മാര്‍ച്ച് ഒരു കാരണമാവുകയും ചെയ്തു എന്നുള്ളത് ഒരു വസ്തുതയാണ്. യാത്രകള്‍ എപ്പോഴും ജനങ്ങളെ ആശയപരമായി ഒന്നിപ്പിക്കുന്നു എന്നുള്ള ഒരു രാഷ്ട്രീയ ഫലം മുന്നില്‍ കണ്ടുകൊണ്ട് തന്നെയാണ് രാഹുല്‍ഗാന്ധി ഇപ്പോള്‍ ഭാരത് ജോത് നടത്തുന്നത്. ഇത് എത്രമാത്രം വിജയിക്കും എന്ന് കണ്ടുതന്നെ അറിയണം.
