പ്രവാസ ഓണമാണോണം...

പ്രവാസ ഓണമാണോണം...

വിജയ് ചൗക്ക്

സുധീര്‍ നാഥ് 


ചിങ്ങമാസത്തിലെ അത്തം  ഒന്ന് മുതല്‍ പത്ത് ദിവസം കേരളത്തില്‍ ജനങ്ങള്‍ ഓണം ആഘോഷിക്കും. നാലാം ഓണത്തിന് തൃശ്ശൂര്‍ റൗണ്‍ഡില്‍ ഇറങ്ങി പുലികള്‍ ചവിട്ടുന്ന ചുവടുകള്‍ കേമവുമാണ്. അതേസമയം രാജ്യ തലസ്ഥാനമായ ഡല്‍ഹി ഉള്‍പ്പെട്ട പ്രവാസ ലോകം ഓണാഘോഷം അവസാനിപ്പിക്കുന്നത് മാസങ്ങള്‍ എടുത്താണ്. പത്ത് ദിവസമല്ല അവരുടെ ഓണമെന്ന് ചുരുക്കം. മഹാബലിയും, പുലിവേഷവും , തിരുവാതിരയും ആര്‍പ്പോ വിളികളും സദ്യയും നിറഞ്ഞ പ്രവാസത്തെ എല്ലാ ഓണാഘോഷവും ആത്മാര്‍ത്ഥതയും കലര്‍പ്പില്ലാത്തതുമാകുന്നു. ഓണത്തെക്കുറിച്ചോര്‍ക്കുമ്പോള്‍ തൃക്കാക്കരപ്പനും പൂക്കളവും തുമ്പിതുള്ളലും ഊഞ്ഞാലാട്ടവും സദ്യയും ഏതൊരു കേരളീയന്‍റെയും മനസ്സില്‍ ഓടിയെത്തുക സ്വാഭാവികമാണ്. കേരളത്തിലെ ആഘോഷങ്ങളില്‍ നിന്ന് ഭിന്നമാകാന്‍ കേരളം വിട്ട് ഓണമാഘോഷിക്കുമ്പോള്‍ മലയാളിയുടെ ഗ്രഹാതുരത്ത്വം പ്രധാന കാരണമാണ്. കേരള സംസ്ക്കാരത്തിന്‍റെ ഓര്‍മ്മപ്പെടുത്തലായി പ്രവാസികള്‍ ഓണാഘോഷത്തെ കാണുന്നു. അവരന്ന് തന്നി പച്ച കേരളീയനാകുന്നു. ആര്‍പ്പോ ... വിളികളും ഓണക്കളികളും സദ്യയും കൊണ്ട് അവര്‍ മലയാളത്തെ ഓര്‍ക്കുന്നു. പുതു തലമുറയിലെ കുട്ടികള്‍ പോലും പരിചിതമല്ലാത്ത കേരള വേഷം ധരിക്കുന്നത് കാണാന്‍ തന്നെ കൗതുകമാണ്.

മലയാളികളെ ഒരു ഏകീകൃത സമൂഹം എന്ന നിലയില്‍ രൂപപ്പെടുത്തുന്ന പ്രക്രിയയില്‍ ഓണവും ഓണാഘോഷവും ഒരു സുപ്രധാന പങ്കാണ്  വഹിക്കുന്നത്. ജാതി മത വ്യത്യാസമില്ലാതെ മലയാളികള്‍ കേരളത്തിലും പ്രവാസ ലോകത്തും ഓണം ആഘോഷിക്കുന്നു എന്നതില്‍ നമുക്ക് അഭിമാനിക്കാം. പള്ളികളിലും അമ്പലങ്ങളിലെ പോലെ തന്നെ ഓണാഘോഷം നടക്കുന്ന കാഴ്ച്ച കേരളത്തില്‍ മാത്രമല്ല മലയാളി ഉള്ളിടത്തെല്ലാം കാണാം. വര്‍ഗ്ഗീയ ചേരിതിരിവിന് കേരളം എപ്പോഴും എതിരാണെന്ന് തെളിയിക്കപ്പെട്ടതിന് ഓണവും ഒരു കാരണമാണ്.

മഹാബലിയുടെ രാഷ്ട്രം ക്ഷേമരാഷ്ട്രമായിരുന്നു. ജനങ്ങളെല്ലാം സന്തോഷത്തോടും സാഹോദര്യത്തോടും കഴിഞ്ഞ മഹാബലി ചക്രവര്‍ത്തിയുടെ ആ നല്ല നാടിനെക്കുറിച്ച് നമുക്കെന്നും അഭിമാനമാണല്ലോ. സ്വര്‍ഗ്ഗലോകത്തുപോലും കാണാന്‍ കഴിയാത്ത സമൃദ്ധിയും ഐശ്വര്യവും ആമോദത്തോടെയുള്ള ജനങ്ങളുടെ ജീവിതവും ദേവന്മാര്‍ക്കുപോലും അസൂയ ഉളവാക്കുന്നതായിരുന്നു. മഹാബലിയുടെ സദ്ഭരണത്തെക്കുറിച്ച് ദേവന്മാര്‍ അറിഞ്ഞു. അദ്ദേഹത്തെ അനുഗ്രഹിച്ച്  ഉചിതമായ സ്ഥാനം കൊടുക്കണമെന്ന് ദേവന്മാര്‍ ആഗ്രഹിച്ചു. അതനുസരിച്ച് മഹാവിഷ്ണു വാമനനായി അവതരിച്ച് ചക്രവര്‍ത്തിക്ക് മോക്ഷം കൊടുത്ത് യാത്രയാക്കുകയാണ് ഉണ്ടായത്. എന്നാല്‍ മറ്റൊരു കഥ, മഹാബലിയുടെ ഭരണത്തില്‍ അസൂയപൂണ്ട ദേവന്മാര്‍ മഹാവിഷ്ണുവിനെക്കൊണ്ട് വാമനാവതാരം എടുപ്പിച്ച് മഹാബലിയെ ഭൂമിയിലേക്ക് ചവിട്ടിത്താഴ്ത്തി എന്നാണ്. 

പരശുരാമന്‍ മഴു എറിഞ്ഞ് കേരളമുണ്ടാക്കി അവിടെ ബ്രാഹ്മണന്‍മാരെ കുടിയിരുത്തി. അവര്‍ക്ക് വൈഷ്ണവ പ്രതിഷ്ഠകള്‍ നടത്തുവാനായി തൃക്കാക്കരയില്‍ എത്തിയപ്പോള്‍ അവിടെ പ്രജാക്ഷേമതത്പരനും ശിവഭക്തനുമായ ദ്രാവിഡ രാജാവായ മഹാബലിയെയാണ്. അദ്ദേഹത്തെ സ്ഥാനഭ്യഷ്ടനാക്കി ബ്രാഹ്മണര്‍ തൃക്കാക്കര പിടിച്ചെടുത്തു. ജനരോക്ഷം ഭയന്ന് മഹാബലിക്ക് ഓണത്തിന് പ്രജകളെ കാണുവാന്‍ വരുന്നതിന് അനുമതി നല്‍കുകയായിരുന്നു എന്ന ചരിത്രവുമുണ്ട്. ഈ മിത്ത് സമകാലീന രാഷ്ട്രീയ കാലാവസ്ഥയില്‍ നന്നായി യോജിക്കുന്നു.

പണ്ട് പണ്ട് ഓണം നാളില്‍ തൃക്കാക്കരയില്‍ മാത്രമല്ല 28 ദിവസത്തെ  ഓണാഘോഷം. കേരളത്തില്‍ മൊത്തമായും 28 ദിവസത്തെ ആര്‍ഭാടമായ ആഘോഷം നടത്തിയിരുന്നുവെന്നാണ് ചരിത്രം പറയുന്നത്. ചരിത്രം തിരുത്തി കൊണ്ടുള്ള ഓണാഘോഷമാണ് ഇപ്പോള്‍ പ്രവാസ ലോകത്ത് കാണുന്നത്. ക്രിസ്തുമസ് വരെ ഓണാഘോഷങ്ങള്‍ നീണ്ടു പോകും. ഡല്‍ഹിയില്‍ ഒരിക്കല്‍ ഒരു പ്രമുഖ സംഘട ഓണം ക്രിസ്തുമസ് ആഘോഷത്തിലേയ്ക്ക് ലേഖകനെ ക്ഷണിച്ചത് പങ്കുവെയ്ക്കുന്നു. കുറച്ച് കാലമായി ഓണ സദ്യകള്‍ വൃശ്ചിക പൂജയ്ക്ക് വഴി മാറിയിട്ടുണ്ട്. നവംബര്‍ മാസത്തിലെ വൃശ്ചികം ഒന്ന് മുതല്‍ പ്രവാസികള്‍ വലിയ അയ്യപ്പ ഭക്തരാകുന്ന കാഴ്ച്ചയും കാണുന്നു. വ്യാപകമായി ദിവസവും അയ്യപ്പ പൂജയും, ഭജനയും , അന്നദാനവും നടക്കും.

ഓണം തുടങ്ങിയാല്‍ വടക്കേ ഇന്ത്യ ഒന്നാകെ ഉത്സവങ്ങളുടെ കാലമാണ്. ആഘോഷങ്ങളുടെ കാലമാണ്. ദീപാവലിയും മറ്റും വലിയ ആഘോഷങ്ങളില്‍ ഒന്നാണ്. മുന്‍പത്തേക്കാള്‍ ഇപ്പോള്‍ ഓണം രാജ്യമാകെ ആഘോഷിക്കുന്നു. ഇപ്പോള്‍ മലയാളികള്‍ക്കൊപ്പം മറ്റ് ദേശക്കാരും ഓണം ആഘോഷിക്കുന്ന കാഴ്ച്ച വ്യാപകമാണ്. അവരൊക്കെ അന്ന് മലയാളികളെ പോലെ അണിഞ്ഞൊരുങ്ങുന്നു. ഓണത്തിന്‍റെ പ്രധാന ആകര്‍ഷണം ഓണ സദ്യ ആണ്. ഓണം നാളുകളില്‍ പ്രവാസ ലോകത്ത് വ്യാപക സദ്യ നടക്കാറുണ്ട്. നാട്ടുനടപ്പനുസരിച്ച് വാഴ ഇലയില്‍ ഉണ്ണണം എന്നാണെന്ന് പറയുന്നു. വാഴയിലയ്ക്ക് ലഭ്യത കുറവ് വന്നപ്പോള്‍ കടലാസ് ഇല വരെ ഇറങ്ങി. വടക്കേ മലബാര്‍, മലബാര്‍, കൊച്ചി, മദ്ധ്യ തിരുവിതാംകൂര്‍, തിരുവിതാംകൂര്‍ എന്നവിടങ്ങളിലെ ഓണ സദ്യ വ്യത്യസ്ത രീതികളില്‍ ആണ് ഉണ്ടാക്കുന്നത്. മലബാറില്‍ ഓണത്തിന്‍റെ പ്രധാന വിഭവം മത്സ്യ മാംസാദികളാണ്. എരിവ്, പുളിപ്പ്, ഉപ്പ്, മധുരം, കയ്പ്, ചവര്‍പ്പ് എന്നീ ആറുരസങ്ങളും ചേര്‍ന്ന സദ്യയില്‍ അവിയലും സാമ്പാര്‍, പരിപ്പ്, എരിശ്ശേരി തുടങ്ങിയവയും നാലുകൂട്ടം ഉപ്പിലിട്ടതും, പപ്പടം,

കേരളത്തില്‍ എന്ന പോലെ പല പ്രദേശങ്ങളിലും ഓണത്തിന് സമാനമായ ആഘോഷങ്ങള്‍ നടക്കുന്നുണ്ട് മാദേവന്‍ തിരുപ്പതി (ആന്ധ്രാ പ്രദേശ്) ത്യക്കാക്കരപ്പന് തുല്യനാണ്. കേരളത്തിലെ തിരുപ്പതിയാണ് ത്യക്കാക്കര എന്നാണ് അറിയുന്നത് തന്നെ. തിരുപ്പതി ക്ഷേത്രത്തിലും ചിങ്ങമാസത്തിലെ ഓണോത്സവം നടത്തി വരുന്നുണ്ട്.   വര്‍ഷങ്ങള്‍ക്ക് മുന്‍പ് ദക്ഷിണേന്ത്യയിലെ ജനങ്ങള്‍ ഓണം ആഘോഷിച്ചിരുന്നതായി രേഖകളുണ്ട്. ഗുജറാത്തില്‍ ദീപാവലി ആഘോഷിക്കുന്നത് മഹാബലി തമ്പുരാന്‍റെ ഓര്‍മ്മയ്ക്കായിട്ടാണ്. നമ്മളെ പോലെ മഹാബലി തമ്പുരാന്‍റെ നല്ല നാളുകളുടെ ഓര്‍മ്മയ്ക്കായിട്ടാണ് ആശ്വിന മാസത്തിലെ മൂന്ന് ദിവസം അവിടെ ദീപാവലി ആഘോഷിക്കുന്നത്. മഹാബലി അസ്സീറിയയിലെ രാജാവോ രാജാക്കന്‍മാരോ ആണെന്നാണ് മറ്റൊരു വിശ്വാസം. അവിടേയും സമാനമായ രീതിയില്‍ ഓണം ആഘോഷിക്കപ്പെടുന്നു. അവിടെ പോയ് പോയ നല്ല നാളുകളുടെ  ഓര്‍മ്മയ്ക്ക് വര്‍ഷത്തില്‍ ഒരിക്കലെത്തുന്ന രാജാവിനെ സ്വീകരിക്കാനാണ് അവരും ആഘേഷമാക്കുന്നത് ഹൈന്ദവപൂരാണത്തില്‍ കാണുന്ന മഹാബലി തമ്പുരാന്‍ കേരളീയനാകാന്‍ സാധ്യത കുറവാണ്. അദ്ദേഹത്തിന്‍റെ മകന്‍ ബാണന്‍ രാജ്യം വാണിരുന്നത് ഇന്നത്തെ അസാമിലാണ്. തിരുനല്‍വേലിയിലെ മണപ്പട എന്നദേശത്ത് 1300 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ശ്രീബലി എന്ന രാജാവ് ഭരിച്ചിരുന്നതായും, കമ്പം കൂടല്ലുര്‍ ദേശത്ത് മാവേലി രാജവംശം പത്താം നൂറ്റാണ്ടില്‍ ഭരിച്ചിരുന്നതായും അവരുടെ ദേശം കോട്ടയം കാഞ്ഞിരപ്പള്ളി വരെ ഉണ്ടായിരുന്നതായും ചരിത്രം സാക്ഷ്യപ്പെടുത്തുന്നു.

കുട്ടിക്കാലത്തെ തൃക്കാക്കര ക്ഷേത്ര ദര്‍ശനവും, ഉത്സവകാലവും ഓര്‍ത്തു പോകുന്നു. വളരെ കുറച്ച് ആളുകള്‍ മാത്രമേ തൃക്കാക്കര ക്ഷേത്രത്തില്‍ വന്നിരുന്നുള്ളൂ. ഇപ്പോള്‍ സ്ഥിതി മാറിയിരിക്കുന്നു. ജനങ്ങള്‍ കൂടുതല്‍ ഭക്തരായി. ഉത്സവനാളുകളില്‍ നൂറും അഞ്ഞൂറും ആളുകള്‍ കൂടിയിരുന്നിടത്ത് പതിനായിരങ്ങളാണ് കൂടുന്നത്. മാറ്റങ്ങള്‍ ദൂരെ ഇരുന്ന് നോക്കുമ്പോള്‍ വളരെ വ്യക്തമാകുന്നു. 

കൊല്ലവര്‍ഷം 1085-ാമാണ്ടില്‍ തിരുവിതാംകൂര്‍ മഹാരാജാവായിരുന്ന ശ്രീമൂലം തിരുന്നാളിന്‍റെ കാലത്താണ് തൃക്കാക്കര ക്ഷേത്രത്തിന്‍റെ ഇപ്പോഴത്തെ രൂപം കൈവന്നത്. ഇപ്പോള്‍ കേരളത്തിലെ ശ്രദ്ധേയമായ ക്ഷേത്രങ്ങളില്‍ ഒന്നാണ് തൃക്കാക്കര. ഇവിടെ ചിങ്ങമാസത്തില്‍ അത്തത്തിന്  ഉത്സവത്തിന് കൊടികേറുന്നതോടെ കേരളമെങ്ങും മാത്രമല്ല മലയാളി ഉള്ളിടത്തെല്ലാം ഓണാഘോഷത്തിന് തുടക്കമാകുകയായി. നാടെങ്ങും മാത്രമല്ല ലോകമെണ്ടും ത്യക്കാക്കരയപ്പനെ വീട്ടുമുറ്റത്ത് സസ്ഥാപിച്ച് പൂക്കളിട്ട്, പുത്തന്‍ ഉടുപ്പിട്ട്, സദ്യ ഒരുക്കി ഓണം ആഘോഷിക്കുന്നു. ആ പഴയ പാട്ട് എല്ലാവരും പാടുന്നത് തുടര്‍ന്നു കൊണ്ടിരിക്കുന്നു.

'മാവേലി നാടു വാണീടും കാലം

മാനുഷരെല്ലാരും ഒന്നുപോലെ.......'